"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

സംവരണ എം. എല്‍.എ മാരെ എന്തിന് തെരഞ്ഞെടുക്കണം? - കുന്നുകുഴി എസ്. മണി



പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും സംവരണ മണ്ഡലങ്ങളില്‍ നിറുത്തി എന്തിന് നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുത്തയക്കുന്നതെന്ന് സംവരണ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചോദിക്കുന്നു.

സംവരണ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ്, എല്‍.ഡി.എഫ്. എം. എല്‍.എമാര്‍ക്ക് സംവരണ മണ്ഡലത്തിലെ പട്ടികജാതിക്കാരന്റെയോ. പട്ടികവര്‍ഗ്ഗക്കാരന്റെയോ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനോ പരിഹാരമുാക്കാനോ സ്വതന്ത്രമായി കഴിയാറില്ല. തങ്ങള്‍ ഏതു പാര്‍ട്ടിയില്‍ നില്ക്കുന്നോ ആ പാര്‍ട്ടി പറയാതെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാറില്ല. പിന്നെ സംവരണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ട് എന്തു കാര്യമെന്നാണ് അവര്‍ ചോദിക്കുന്നത്.

രാജ്യത്തെ പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാരെ പറ്റിക്കാന്‍ വേണ്ടിയാണ് സംവരണ മണ്ഡലത്തില്‍ പട്ടികജാതിക്കാരേയും, പട്ടികവര്‍ഗ്ഗക്കാരേയും നിറുത്തി മത്സരിപ്പിക്കുന്നതും എം.എല്‍.എ മാരാക്കുന്നതും. എന്നാല്‍ ആ എം.എല്‍.എ മാര്‍ക്ക് സ്വന്തം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി ഇടപെടാന്‍ പാടില്ല. എം.എല്‍.എ നില്ക്കുന്ന പാര്‍ട്ടിയുടെ അനുവാദമില്ലാതെ പട്ടികജാതി - വര്‍ഗ്ഗക്കാരന്റെ പ്രശ്‌നങ്ങളില്‍ നീതിപൂര്‍വ്വം ഇടപെടാനാവില്ല. പിന്നെ ഈ സംവരണ എം.എല്‍.എമാരെക്കൊണ്ട് എന്താണ് ജനതയ്ക്കുള്ള പ്രയോജനം?

പൂനാക്കരാറിന്റെ ഫലമാണ് സംവരണമണ്ഡലങ്ങള്‍ അനുവദിക്കാന്‍ കാരണം. ഇതു സംബന്ധിച്ചുയര്‍ന്ന പ്രശ്‌നത്തെത്തുടര്‍ന്ന് യര്‍വാദ ജയിലില്‍ ഗാന്ധിജി നിരാഹാരം തുടര്‍ന്ന് തീര്‍ത്തും അവശനായ കാലത്ത് ബാഹ്യ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഡോ. അംബേദ്ക്കര്‍ പൂനക്കരാര്‍ ഒപ്പിടാന്‍ തയ്യാറായത്. അങ്ങിനെയാണ് പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാരന് ഒരു പ്രയോജനവും സിദ്ധിക്കാത്ത സംവരണ എം.എല്‍.എ. മാരുണ്ടായത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംവരണ എം.എല്‍.എ മാര്‍ അവരുടെ ആജീവനാന്ത അടിമകളാണ്. ഉദാ: സ്പീക്കറും, മന്ത്രിയുമൊക്കെ യായിരുന്ന രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ ആജന്മ അടിമയാണിന്ന്. പാര്‍ട്ടി എന്തു പറയുന്നോ അത് ശിരസാവഹിക്കുന്നു. അയാള്‍ തന്നെ അത് പാടി നടക്കുന്നുണ്ട്. സ്പീക്കറായിരുന്ന കാലത്ത് നിയമസഭാ കോംപ്ലക്‌സിലെ താല്‍ക്കാലിക നിയമനങ്ങള്‍ പോലും നടത്തുവാനുള്ള അധികാരം സ്പീക്കറായ രാധാകൃഷ്ണന് ഇല്ലായിരുന്നു. പകരം ഏ.കെ.ജി. സെന്ററായിരുന്നു ആ നിയമനങ്ങളുടെ സൂത്രധാരന്‍. ഈ വഴി പട്ടികജാതിക്കാര്‍ക്ക് കമ്മ്യൂണിസ്റ്റായാലും താല്‍ക്കാലിക നിയമനം ലഭ്യമല്ല. പാര്‍ട്ടി ഫണ്ട് കൊടുക്കുന്നവര്‍ക്കായി അത് നിജപ്പെടുത്തപ്പെട്ടിരുന്നു.

ഇനി സംവരണ എം. എല്‍.എ മാരുടെ കാര്യത്തിലേയ്ക്കു വരാം. എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ പോലും നല്ല മുറികള്‍ സംവരണ എം.എല്‍.എ മാര്‍ക്ക് ലഭിക്കുകയില്ല. അവിടെയും ജാതി വിവേചനമാണ്.

ഇത്തരത്തില്‍ സംവരണ മണ്ഡലത്തില്‍ നിന്നും ഒരു അധികാരവുമില്ലാ ത്ത എം.എല്‍.എ മാരെ ലക്ഷങ്ങള്‍ ചെലവഴിച്ച് എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആജന്മ അടിമകളും ചട്ടുകങ്ങളുമായവരെ തെരഞ്ഞെടു ക്കുന്നത്? സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അടിയന്തിരമായി ഇടപെട്ട് സംവരണ എം. എല്‍. എ മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരു അറുതി കണ്ടെത്തണം. അല്ലെങ്കില്‍ സംവരണ എം.എല്‍.എ മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അംഗീകാരം നല്‍കണം. അല്ലെങ്കില്‍ സംവരണമേ വേണ്ടെന്നാണ് ആ ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്.