"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പ്രണയ സ്മരണകളുടെ സമരവീഥികള്‍ചൈനീസ് ചലച്ചിത്രകാരന്‍ ഷാങ് യി മൂവിനേയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ദി റോഡ് ഹോമി'നേയും (1999) ആസ്വാദനക്കുറിപ്പെന്ന നിലയില്‍ പകര്‍ത്തിയെഴുതിമ്പോള്‍, ചലച്ചിത്രകലയുടെ ദാര്‍ശനിക ഭൂമികയില്‍ വെച്ച് വിശേഷണങ്ങളുടെ വാങ്മയരൂപം നല്കുന്നതിനുള്ള ശക്തിസാന്ദ്രമായ പദപ്രയോഗങ്ങളുടെ ദൗര്‍ലഭ്യം നിമിത്തം അതിന്റെ പുരോഗതി തടസപ്പെടും. യുക്തിഭദ്രമായ വാക്കുകള്‍ കൊണ്ട് ഒരു ചലച്ചിത്രത്തിന് ഉണ്ടെന്നു പറയുന്ന മേന്മയെ പുറത്തെടുത്തു കാണിക്കാതെ, അതിശയോക്തികള്‍ കൊണ്ട് അലങ്കരിച്ച് അതിനെ കൂടുതല്‍ മറച്ചിടുകയാണ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും, പീഢനങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചുകൊണ്ട് ചലച്ചിത്രകലയുടെ മാനിവക പക്ഷത്തു നിന്ന് കാഴ്ചയുടെ ചിത്രകാവ്യം ലോകത്തിനു സമ്മാനിച്ച കാലപചിന്തയെ ആദരിക്കുന്നതിന് ഭാഷയുടെ ദാരിദ്ര്യം അനുഭവിക്കാതെ മറ്റു പോംവഴികളില്ല. ദി റോഡ് ഹോമിനെ സംബന്ധിച്ചാകട്ടെ അക്ഷരങ്ങള്‍ക്ക് അതിക്രമിച്ചു പിളര്‍ക്കാനോ സ്തുതിവചസ്സുകള്‍ കൊണ്ട് മൂടുപടമണിയിക്കാനോ കഴിയാത്തവിധം ഉയരത്തില്‍ ചലച്ചിത്രകലയുടെ ദാര്‍ശനിക ഭൂമികയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതാണ് അതിന്റെ സൗന്ദര്യശാസ്ത്ര അടിത്തറ.

ഒരു കഥയായി വിസ്തരിക്കുന്നതിനുള്ള സാധ്യതകള്‍ തുറന്നു തരുന്ന സങ്കേതങ്ങളില്‍ വെച്ചല്ല ഷാങ് യി മൂ ദി റോഡ് ഹോം സാക്ഷാത്കരിച്ചതെന്നതാണ് അദ്ദേഹത്തിന്റെ രചനയെ സമ്പ്രദയങ്ങളുടെ തടവുമൂലകളില്‍ നിന്നും വേര്‍പെടുത്തി ചലച്ചിത്ര രചിതങ്ങളുടെ കൂട്ടത്തിലെ ഉത്തമ സൃഷ്ടിയായി കണ്ടെടുക്കുന്നതിന് പ്രേരണ നല്കുന്ന ഘടകം. അനധികമായ പ്രമേയവസ്തുവിന്റെ സവിസ്തൃത സാക്ഷാത്കാരത്തിലൂടെ ഷാങ് യി മൂ അടിവരയിട്ടു പറയുന്നത്, ചലച്ചിത്ര രൂപകങ്ങളുടെ നര്‍മിതിക്ക് ഇതരകലകളുടെ അതിക്രമത്തെ നിഷേധിച്ചുകൊണ്ട് അതിന്റെ തനതായ രീതിശാസ്തമണ്ഡലത്തില്‍ വെച്ച് കരുത്തു നേടാമെന്നാണ്.

വ്യാവസായികോത്പന്നങ്ങള്‍ ഉപഭോക്താവിനെ തിരയുന്ന വിപണിയുടെ വഴിയില്‍ നിന്നുമാറി, വിനിമയവസ്തുക്കളിലൂടെ സാധിക്കുന്ന വ്യവഹാരപരിവര്‍ത്തനമാണ് ലക്ഷ്യമെന്നതിനാല്‍, ഷാങ്ങിന്റെ ഇതര ചിത്രങ്ങളുടെ തുടര്‍ച്ചയായിത്തന്നെ ദി റോഡ് ഹോം ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നു. അധികാരത്തോട്, ആചാരവത്കരിക്കപ്പെട്ട രാഷ്ട്രീയ നിലപാടുകളോട്, ചരിത്രത്തോട് കലഹിക്കുന്നതിന് കലയെ ആയുധമാക്കു ന്നവരെല്ലാം പൊതുവില്‍ സ്വീകരിക്കുന്ന മാര്‍ഗരേഖയാണ് വിദ്യാഭ്യാസ / വിപ്ലവം എന്നറിയുമ്പോള്‍ ഷാങ്ങിനെ കലാപകാരിയായി അടയാളപ്പെടുത്തുന്നതിന് ചിത്രവീഥികളില്‍ ഒരുപാട് തുറവുകളുണ്ട്. ചരിത്രപുസ്തകം വായിക്കുന്നവന്‍ അതിലെ നിഗമനങ്ങളുടെ ഋജുലേഖയെ അവധരിച്ചിട്ട്, അതില്‍ ആചിത്രണം ചെയ്തിട്ടുള്ള ചരിത്രകാരന്റെ ഛായാപടത്തിലേക്ക് ഇടക്കിടെ ആദരപുരസ്സരം കണ്ണോടിക്കു ന്നതിന് പ്രാപ്തിനല്കുന്ന പാരായണാനുഭൂതിയുടെ ഔദ്ധത്യം കണക്ക്, ദി റോഡ്‌ഹോമി ന്റെ ഓരോ ശകലിതവും കണ്ടുകടന്നേറുമ്പോള്‍ ആസ്വാദനത്വരയെ അതിലംഘി ച്ചുകൊണ്ട് തിരശ്ശീലയിലില്ലാത്ത ഷാങ്ങിന്റെ ചിത്രം അകക്കണ്ണില്‍ സദാ നിറച്ചു നിര്‍ത്തുന്നതിന് ശക്തിനല്കുന്ന രാസഘടനയാണ് ചിത്രസന്ധികളെ ബലപ്പെടു ത്തുന്നത്.

സാംസ്‌കാരിക വിപ്ലവത്തില്‍ പങ്കെടുത്തതിനാല്‍ പ്രായം കടന്നു പോയത് - അന്ന് 27 വയസ് - ചലച്ചിത്ര പഠന കേന്ദ്രത്തില്‍ ചേര്‍ന്ന് പഠിക്കുന്നത് തടസമായപ്പോള്‍ നിയമയുദ്ധത്തിനൊടുവില്‍ പ്രവേശനം നേടിയെടുത്തത് പാഴ് വേല ചെയ്യാനായിരു ന്നില്ലെന്ന് അറിയുന്നത് ചിത്രശകലിതങ്ങളുടെ കൂട്ടുകാഴ്ചയില്‍ നിന്നാണ്. പ്രതിഭയും പ്രയത്‌നവും ഒരുമിച്ച് മേളിക്കുന്നിടത്ത് സംഭവിക്കുന്ന സമൃദ്ധിയാണ് പുരസ്‌കാര ബാഹുല്യമെന്നതാണ് ഷാങ്ങിനെ സംബന്ധിച്ച മറ്റൊരു പഠനീയ വസ്തുത. നടന്‍, ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭയെ വിനിമയം ചെയ്തപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ കലാപ വിജയത്തിന്റെ കീര്‍ത്തി മുദ്രകളായാണ് പ്രശോഭിച്ചത്. ഒരാളുടെ എല്ലാ ചിത്രങ്ങളും വിശ്വോത്തര മേളയായ കാനില്‍ പ്രദര്‍ശിപ്പിക്കുക എന്നതുതന്നെ ഒരംഗീകാരമാണെന്ന നമ്മുടെ ചില വ്യാമോഹങ്ങളാണ് ഒരു ചലച്ചിത്രകാരനെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി കാണേണ്ടതെങ്കില്‍, പ്രതിഭയുടെ കരസ്പര്‍ശനമേല്പിച്ച എല്ലാ ചിത്രങ്ങളും സമ്മാനിതമാക്കപ്പെട്ട ഷാങ് യി മൂവിന് ഏത് നിലക്കുള്ള അംഗീകാര മുദ്രയാണ് ചാര്‍ത്തിക്കിട്ടേണ്ടത്? ഛായാഗ്രഹണം നിര്‍വഹിച്ചുകൊണ്ടു തന്നെ പ്രമുഖ റോളില്‍ അഭിനയിക്കുക! അതിനുതന്നെ ഏറ്റവും മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുക - ഷാങ് യി മൂവിന്റെ മാത്രം അസാധാരണ സിദ്ധിയാണത്! ( വൂ ടിയാന്‍ മിങ് സംവിധാനം ചെയ്ത 'ഓള്‍ഡ് വെല്‍' - 1987) ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാങ് യി മൂവായിരുന്നു. അതിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഷാങ് യി മൂവിന് ലഭിക്കുകയുണ്ടായി. ആദ്യം സംവിധാനം ചെയ്ത ചിത്രമായ 'റെഡ് സോര്‍ഗം' (1988) ബെര്‍ലിന്‍ ഫിലിം ഫസ്റ്റിവെലില്‍ സമ്മാനം നേടുകയും തുടര്‍ന്നുള്ള ചിത്രങ്ങള്‍ 'റെയ്‌സ് ദി റെഡ് ലാന്റണ്‍' (സില്‍വര്‍ ലയണ്‍ണ്‍ - വെനീസ് 1991) 'ദി സ്റ്റോറി ഓഫ് ക്യുയ് ജു' (ഗോള്‍ഡന്‍ ലയണ്‍ - 1992) 'ടു ലിവ്' (ഗ്രാന്റ് പ്രീ സഹസമ്മാനം - കാന്‍ 1994) തുടങ്ങിയവ നേടിയെടുത്തത് നേട്ടങ്ങളില്‍ ചിലത് മാത്രം. സാക്ഷാല്‍ ചെന്‍ കയ്ഗിന്റെ രണ്ടു ചിത്രങ്ങളുടെ ഛായാഗ്രഹണം ഷാങ്ങിന്റേതായിരുന്നു. തന്റെ തന്നെ ചിത്രമായ 'ദി സ്റ്റോറി ഓഫ് ക്യുയ് ജു' വില്‍ ക്യാമറ പ്രഛന്നമായി സ്ഥാപിച്ച് ഗ്രാമീണ കര്‍ഷകരുടെ ചമത്കാരലേശമില്ലാത്ത ജീവിത വ്യവഹാരങ്ങള്‍ ഒപ്പിയെടുത്ത് ചേര്‍ത്തത് കേവലം തമാശക്കളിയായിരുന്നില്ല. സ്വന്തം ചോരവിറ്റ് തന്റെ ആദ്യ ക്യാമറ വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയ ഷാങ്ങിന് മനുഷ്യരെ കൃത്രിമമായി പകര്‍ത്തിയെടുക്കുന്നതിനുള്ള വെറും ഉപകരണം മാത്രമല്ല ക്യാമറ, അത് ആത്മവത്തയുടെ അനന്യഭാഗം തന്നെയാണ്. മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും വേറിടുന്ന ക്യാമറ അതുകൊണ്ടുതന്നെ ഷാങ്ങിന്റെ ചലച്ചിത്ര ജീവിതത്തില്‍ കൊണ്ടുനടക്കലുണ്ടാവില്ല. അതിന്റെ ആത്മപ്പകര്‍ച്ച നേടിയിട്ടുണ്ട് ദി റോഡ് ഹോമിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച ഹോതു യോങ്ങിന്റെ ക്യാമറ.
ചൈനയുടെ വടക്കുഭാഗത്തുള്ള സാഹ്നേതുന്‍ എന്ന ഗ്രാമത്തിലെ പെണ്‍കൊടിയായ ഷാവോ ദി യാണ് അവിടെ ആദ്യമായി സ്വന്തം ഇഷ്ടപ്രകാരം വരനെ തെരഞ്ഞെ ടുക്കുന്ന ആദ്യ വ്യക്തി. നഗരത്തില്‍ നിന്നും കുടിപ്പള്ളിക്കൂടത്തില്‍ അധ്യാപകനാ യെത്തിയ ചാങ് യൂവുമായി അവള്‍ പ്രണയത്തിലായി. ഒരിക്കല്‍ ഔദ്യോഗികാ വശ്യത്തിനായി ഗ്രാമം വിട്ട ചാങ് യുവിനെ ദീര്‍ഘനാളുകളായി കാണാതിരുന്നപ്പോള്‍, ആ പെണ്‍കൊടിയിലെ ഗ്രാമ്യ നൈര്‍മല്യങ്ങളുടെ ഏകീഭാവമായ ഷാവോ ദി കടുത്ത കാലാവസ്ഥയുടെ പ്രാതികൂല്യം വകവെക്കാതെ ഗ്രാമത്തിന് പുറത്തേക്കു നീളുന്ന വഴിയിലൂടെ സ്വശരീരം അത്യധികം പീഢിപ്പിച്ചു കൊണ്ട് അയാളെ അന്വേഷിക്കുന്ന തിനായി പലവുരു പുറപ്പെട്ടു. അപ്പോഴെല്ലാം വഴിയില്‍ അവശയായി വീണ അവള്‍ രോഗിണിയുടെ അവസ്ഥയില്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരപ്പെട്ടു. മകളുടെ ഇംഗിതം മനസറിഞ്ഞ അന്ധയായ മാതാവും ഗ്രാമമുഖ്യനും ഗ്രാമീണരും ചേര്‍ന്ന് ചാങ് യൂവിനെ തിരികെ വരുത്തി നാട്ടുനടപ്പനുസരിച്ചു തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു. 40 വര്‍ഷങ്ങള്‍ക്കു ശേഷം ചാങ് യു മരിക്കുന്നതു വരെ അവരുടെ പ്രണയ ബന്ധം അഭംഗുരം തുടര്‍ന്നു - ഈ കഥ അരുടെ മകന്‍, നഗരത്തില്‍ താമസിക്കുന്ന യുവ ബിസിനസുകാരന്‍ ലുവോ യുഷെങ്, പിതാവിന്റെ മരണാനന്തര ക്രിയകള്‍ക്കായി നാട്ടിലേക്കുള്ള വഴിയിലൂടെ കാറില്‍ സഞ്ചരിക്കവേ സഹയാത്രി കരോട് - പ്രേക്ഷകരോട് - വിവരിക്കുന്ന രൂപത്തിലാണ് ഇതള്‍ വിരിയുന്നത്.

കഥയില്ലായ്മയുടെ കഥനീയവഴികളാണ് ദി റോഡ് ഹോമിനെ ഇതര കലാരൂപങ്ങളുടെ സഹവാസ കൂടാരത്തില്‍ നിന്നും ചലച്ചിത്രത്തിന്റെ സ്വന്തം ഭവനത്തില്‍ കൊണ്ടിരു ത്തുന്നത്. പ്രണയ വസ്തു മുന്‍പും - ആരംഭ കാലം മുതല്‍ക്കും - ചലച്ചിത്രത്തിന്റെ ജീവല്‍ധാരയായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് വ്യത്യസ്ഥമായി റോഡ് ഹോം അഭ്രപാളികളിലെഴുതിയ കാഴ്ചയുടെ പ്രണയകാവ്യമാകുന്നത് ഛായാഗ്രഹണവും സംഗീതവും പാത്രാവതരണനും പ്രകൃതിഭാവങ്ങളുടെ വൈവിധ്യവും മേളിക്കുന്ന സമ്മിശ്രഭാഷയുടെ സവിശേഷ പ്രയോഗം ഒന്നുകൊണ്ടു മാത്രമാണ്. പ്രണയം പൂവിടുന്ന വഴികളില്‍ നിന്നെല്ലാം ഗ്രാമീണ ലാവണ്യം വാരിനിറച്ചുകൊണ്ട് മന്ദമായി ഒഴുകുന്ന ഹോതു യോങ്ങിന്റെ ഛായാ ഗ്രാഹികക്ക് സാന്‍ ബോവോയുടെ പുല്ലാങ്കുഴല്‍ പൊഴിക്കുന്ന മൃദുല വീചികള്‍ ഊര്‍ജം പകരുന്നുണ്ട്. പുല്ലാങ്കുഴല്‍ സംഗീതം ചൈനീസ് ചലച്ചിത്രങ്ങളുടെയെല്ലാം ഒരു സാത്വിക ചിഹ്നമാണ്. പ്രണയത്തെ സംഗീതത്തില്‍ നിന്നും സംഗീതത്തെ ഛായകളില്‍ നിന്നും വേര്‍പെടുത്താനാവാത്ത വിധം വരിഞ്ഞു മുറുക്കിയതാണ് റോഡ് ഹോമിന്റെ ശില്പഘടന. അതില്‍ നിന്ന് അയഞ്ഞു പോന്ന ഒന്നല്ല പാത്രാവതരണം. ഷാവോ ദിയെ അവതരിപ്പിക്കുന്ന ഷാങ് സി യിക്ക് ഗ്രാമീണ കന്യകയുടെ കളങ്കരാഹിത്യം എഴുതിയറിയിക്കുന്ന നൈസര്‍ഗികതയാര്‍ന്ന ശരീരഭാഷയുടെ വിപുലമായ പദസമ്പത്തുണ്ട്. ക്ലാസിക് കവികള്‍ അക്കമിട്ടു നിരത്തുന്ന എല്ലാത്തരം വര്‍ണനാഗുണങ്ങളും ആ ശരീരഭാഷക്ക് വഴങ്ങും. നിഷ്‌കളങ്കരായ ഗ്രാമീണരുടെ ഇടയില്‍ വന്നുപെട്ട ഒരുവന്റെ അമ്പരപ്പ് എഴുതിയിട്ട മുഖവുമായാണ് ലുവോ ചാങ്ങിനെ അവതരിപ്പിക്കുന്ന ഷെങ് ഹാവോ തന്റെ സംഭാവനകളുമായി ചലച്ചിത്ര ഭാഷയെ സമ്പന്നമാക്കുന്നത്.

ചിത്രത്തിലെ സംഭവ വികാസങ്ങളുടെ സുരക്ഷിത കേന്ദ്രമായാണ് 'വഴി' സിനിമയി ലേക്ക് കടന്നു കയറിപ്പോകുന്നത്. ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രണയ പരിസരത്തിന്റെ ഇണക്ക - ഇടര്‍ച്ചകളുടെ ചിത്രസ്ഥലികള്‍ എപ്പോഴും വഴികളുമായി കൂട്ടിയണക്ക പ്പെടുന്നു. യാത്രാമധ്യേയാണ് ലുവോ യുഷെങ് പ്രണയകഥ പറഞ്ഞുകൊണ്ട് ചലച്ചിത്ര വഴികളിലൂടെ സഞ്ചരിക്കുന്നത്. ആഖ്യാതാവ് അപ്പോള്‍ ആ വഴികളിലൂടെ കാഴ്ചക്കാരെ ചിത്രസ്ഥലങ്ങളിലേക്ക് ആനയിക്കുകയാണ്. അങ്ങനെ പേരും പൊരുളും തമ്മിലുള്ള പാരസ്പര്യം കെട്ടിമുറുക്കിയ ചരിത്ര സന്ധികളില്‍ നിന്ന് കണ്ണെടുത്തു പോരാന്‍ വൈമനസ്യമുള്ള ഉന്നത തലങ്ങളിലേക്ക് പ്രേക്ഷകര്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ദി റോഡ് ഹോം കാഴ്ചയുടെ സാഫല്യമാകുന്നു.

(സമീക്ഷ. 2002 ജൂലൈ)