"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

എം സി രാജ: 'അംബേഡ്കര്‍ക്ക് തുല്യന്‍'


മൈലൈ ചിന്ന തമ്പി പിള്ളൈ രാജ 1983 ജൂണ്‍ 17 ന് തമിഴ്‌നാട്ടിലെ ഒരു പാവപ്പെട്ട പറയ കുടുംബത്തിലാണ് ജനിച്ചത്. അസ്പൃശ്യര്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ നല്‍കണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചതിനാലും ഈ കാര്യം ഉന്നയിക്കാന്‍, ലണ്ടനില്‍ വെച്ചു നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ അംബേഡ്കറോടും രെട്ടാമലൈ ശ്രീനിവാസനോടുമൊപ്പം പങ്കടുത്തതിനാലും എം സി രാജ 'അംബേഡ്കര്‍ക്ക് തുല്യന്‍' എന്ന വിശേഷണത്തിന് അര്‍ഹനായി.

മദ്രാസിലെ സെന്റ് തോമസ് മൗണ്ടാണ് രാജയുടെ ജന്മസ്ഥലം. അച്ഛന്‍ ചിന്ന തമ്പി പിള്ളൈ ലോറന്‍സ് അസ്ലമിലെ മാനേജരായിരുന്നു. റോയപ്പേട്ടയിലെ വെസ്ലി മിഷന്‍ ഹൈസ്‌കൂളിലും, വെസ്ലി കോളേജിലുമായി വിദ്യാഭ്യാസം ചെയ്തു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കുറച്ചുകാലം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു.

കെ വി റെഡ്ഡി നായിഡു നയിച്ചിരുന്ന അബ്രാഹ്മണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് രാജ പൊതു പ്രവര്‍ത്തകരുടെ നിരയിലേക്ക് എത്തുന്നത്. 1916 ല്‍ അദ്ദേഹം ചിങ്ങല്‍പേട്ട് ജില്ലാ ഭരണസമിതിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന ആദി - ദ്രാവിഡ മഹാജന സഭയുടെ സെക്രട്ടറിയുമായി. സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്റെ രണ്ട് സ്ഥപകരില്‍ ഒരാള്‍ എം സി രാജയാണ്. പിന്നീട് ജസ്റ്റിസ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1920 ല്‍ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞെഞെടുക്കപ്പെടുകയും ചെയ്തു. അതോടെ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദലിതനായി എം സി രാജ. 1922 ല്‍ 'പറയ', 'പഞ്ചമ', എന്നീ പേരുകള്‍ക്ക് പകരം 'ആദി - ദ്രാവിഡ', 'ആദി - ആന്ധ്ര' എന്നീ പേരുകള്‍ നല്‍കണമെന്ന ഒരു ആവശ്യം മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രാജ ഉന്നയിച്ചു.

1921 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ജസ്റ്റിസ് പാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന സര്‍ പനഗന്തി രാമരായനിംഗര്‍ (രാജ ഓഫ് പനഗല്‍) ഗവണ്മെന്റ് സര്‍വീസില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ ദലിത് വിഭാഗത്തിന് യാതൊരുവിധ സംവരണാനുകൂല്യവും നല്കുകയുണ്ടായില്ല! 'ജസ്റ്റിസ്' പാര്‍ട്ടിയുടെ ഈ അനീതിയെ ചെറുക്കുന്നതിനും ദലിത് വിഭാഗത്തിന്റെ സംവരണത്തിനുമായി എം സി രാജ ഒരു സംഘം ദലിത്പ്രതിനിധികളുമായി ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി. പനഗത്തി രാമരായനിംഗര്‍ ഗവണ്മെന്റില്‍ നിന്ന് ഇക്കാര്യത്തില്‍ യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സംവരണാവകാശം നേടിയെടുക്കുന്നതിനായി എം സി രാജയുടെ നേതൃത്വത്തില്‍ ദലിത് പ്രവര്‍ത്തകര്‍ പ്രക്ഷോഭമാരംഭിക്കുകതന്നെ ചെയ്തു. ജസ്റ്റിസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ദലിത് പ്രക്‌ഷോഭത്തോട് അനുകൂലമായ മനോഭാവമുണ്ടായിരുന്നിട്ടും ഗവണ്മെന്റ് വഴങ്ങിയില്ല. എം സി രാജക്ക് ജസ്റ്റിസ് പാര്‍ട്ടി വിടുകയല്ലാതെ മറ്റ് പോംവഴികളൊന്നു മുണ്ടായിരുന്നില്ല. 1923 ല്‍ ജസ്റ്റിസ് പാര്‍ട്ടി വിട്ടുവെങ്കിലും എം സി രാജ 1926 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായി തുടര്‍ന്നു. 1928 ല്‍ രാജയുടെ നേതൃത്വത്തില്‍ ആള്‍ ഇന്ത്യ ഡിപ്രസ്ഡ് കാസ്റ്റ്‌സ് അസോസിയേഷന്‍ രൂപീകൃതമാകുകയും പ്രസിഡന്റിന്റെ സ്ഥാനം നിര്‍വഹിക്കുകയും ചെയ്തു.

1926 മുതല്‍ 1937 വരെ എം സി രാജ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധോസഭയായ സെന്ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമായിരുന്നു. (ഇംപീരിയല്‍ ലെജിസ്ലേറ്റീവ് അംബ്ലി ഇന്ത്യന്‍ ലെജിസ്ലേറ്റീവ് അസംബ്ലി എന്നും അറിയപ്പെടുന്നു. മൊണ്ടേഗു - ചെംസ്‌ഫോഡ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനായി 1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ രൂപീകരിച്ചതാണ് ഈ സഭ). 1937 ഏപ്രില്‍ ജൂലൈ മാസങ്ങളില്‍, മദ്രാസ് പ്രസിഡന്‍സിയിലെ കുമാര വെങ്കട റെഡ്ഡി നായിഡു വിന്റെ ഇടക്കാല ഗവണ്മെന്റില്‍ എം സി രാജ വികസനകാര്യ മന്ത്രിയുമായിരുന്നിട്ടുണ്ട്.

1932 ല്‍ എം സി രാജ, ദലിതരുടെ പ്രത്യേക സംവരണാവകാശം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനായി ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന ഡോ. ബി എസ് മൂഞ്ചേയും ജാഥവ് എന്ന മറ്റൊരു നേതാവുകായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ഒരു ഉടമ്പടി വെച്ചു. പ്രത്യേക നിയോജക മണ്ഡലത്തിന് പകരം എം സി രാജയുടെ മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കണം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം ഡോ. അംബേഡ്കറില്‍ ഉദിക്കുന്നത് എം സി രാജയുടെ ഈ തീരുമാനത്തില്‍ നിന്നുമാണ്. അംബേഡ്കറാകട്ടെ പ്രത്യേക യോജകമണ്ഡലം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

1926 ല്‍ എം സി രാജ സ്ഥാപിച്ച ദേശീയതലത്തിലുള്ള ആദ്യത്തെ ദലിത് സംഘടനയായ ആള്‍ ഇന്ത്യ ഡിപ്രസ്ഡ്ക്ലാസ് അസോസിയേഷന്റെ 1926 ല്‍ നാഗ്പൂരില്‍ വെച്ചു നടന്ന പ്രഥമ സമ്മേളനത്തില്‍ വൈസ് - പ്രസിഡന്റായി നാമനനിര്‍ദ്ദേശം ചെയ്തിരുന്നത് ഡോ. അംബേഡ്കറെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അംബേഡ്കര്‍ക്ക് ആ സമ്മേളനത്തില്‍ പങ്കുകൊള്ളാനായില്ല. 1928 ല്‍ ഡെല്‍ഹിയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ അംബേഡ്കര്‍ക്ക്‌റെയാണ് അസോസിയേഷന്റെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. അംബേഡ്കര്‍ അതിന് തയാറായിരുന്നുവെങ്കിലും ആ സമ്മേളനത്തിലും അംബേഡ്കര്‍ക്ക് പങ്കുകൊള്ളാന്‍ കഴിഞ്ഞില്ല. തന്മൂലം ആ ചുമതല എം സി രാജയില്‍ നിക്ഷിപ്തമായി.


1933 മാര്‍ച്ച് 24 ന് എം സി രാജ് ഡെല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അംബ്ലിയില്‍ രാജ്യത്തെ ദലിതരുടെ ആദ്യത്തെ അവകാശ പ്രഖ്യാപന രേഖയായ 'ദി അണ്‍ടച്ചബിലിറ്റി അബോലിഷന്‍ ബില്‍ ഓഫ് 1933' അവതരിപ്പിച്ചു. ജാതി ഹിന്ദുക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട ബില്‍ പരാജയപ്പെടുകയായിരുന്നു. അതേത്തുടര്‍ന്നാണ് എം സി രാജയും അംബേഡ്കറും യോജിച്ച് പ്രവര്‍ത്തിക്കുന്നത്. വട്ടമേശ സമ്മേളനം നടന്ന രണ്ടു വര്‍ഷക്കാലയളവിലൊഴികെ ഇരുവരുടേയും ബന്ധം ദൃഡമായി തുടര്‍ന്നു. ദലിതുകള്‍ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴ്ഘടകമായി തുടര്‍ന്നു പോരുന്നതില്‍ എം സി രാജക്ക് താത്പര്യമുണ്ടായിരുന്നില്ല. 1938 ല്‍ ദലിതരുടെ ഔരു 'പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി' അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ 1942 ല്‍ ഡോ. അംബേഡ്കര്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ എം സി രാജയുടെ 'Plea for a separate Scheduled Caste Party' അതില്‍ ലയിക്കുകയാണുണ്ടായത് എന്ന വസ്തുത എം സി രാജ വെച്ചു പുലര്‍ത്തിയിരുന്ന വിശാല കാഴ്ചപ്പാടിന് തെളിവാണ്. അംബേഡ്കറുമായി കൈകോര്‍ത്തുകൊണ്ട് ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനിലും സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് മിഷനിലും പ്രവര്‍ത്തിച്ച എം സി രാജ ദലിതരുടെ വിമോചനത്തിനു വേണ്ടി പോരാടി. എം സി രാജ് അന്തരിക്കുന്നതുവരെ അംബേഡ്കറുമായുള്ള നല്ല ബന്ധം തുടര്‍ന്നു.

സര്‍ സ്റ്റാഫോഡ് ക്രിപ്‌സ് മിഷനില്‍ വെച്ച് മറ്റൊരു ദലിത് വിമോചക പ്രവര്‍ത്തകനായിരുന്ന ജഗ്ജീവന്‍ റാമില്‍ നിന്ന് അംബേഡ്കര്‍ക്കും എം സി രാജക്കും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അംബേഡ്കറും എം സി രാജയും അവരവരുടെ സ്വന്തം ജാതിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും എല്ലാ ദലിതരേയും പ്രതിനിധീകരിക്കാന്‍ തയാറല്ലാത്തവരാണെന്നും ജഗ്ജീവന്‍ റാം തുറന്നടിക്കുക പോലുമുണ്ടായി.

ദലിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന അംബേഡ്കറുടെ തീരുമാനത്തോട് എം സി രാജ യോജിച്ചില്ല. അത് ദലിതരുടെ ഉന്നതമായ സദാചാരത്തെ തുരങ്കം വെക്കുമെന്നും ഉയര്‍ന്ന ജാതിക്കാരേയും ബ്രിട്ടീഷ് ഭരണാധികാരികളേയും ഒരേപോലെ ചെറുക്കുന്ന ഉയര്‍ന്ന ജാതിക്കാരിലെ ഉല്പതിഷ്ണുക്കളില്‍ ഈ മതം മാറ്റം വന്‍ പ്രത്യാഘാത മുണ്ടാക്കുമെന്നും എം സി രാജയും കൂട്ടരും ഉറച്ചു വിശ്വസിച്ചു.

ഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് അയിത്തോച്ചാടനത്തിന് മുന്‍കയ്യെടുക്കുന്നുണ്ടെന്നും അതിന് ഹിന്ദു മഹാസഭയുടെ പിന്തുണകൂടി ഉള്ളതുകൊണ്ട് ഈ കാര്യത്തില്‍ അവരെ സഹായിക്കുകയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു എം സി രാജ. ഹിന്ദുമതം നമ്മുടെ മതമാണെന്നും അതിന്റെ തെറ്റുകള്‍ തിരുത്താനും ശരിയായ രീതിയില്‍ പരിപാലിക്കാനും നമുക്ക് ചുമതലയുണ്ടെന്നും ഈ സമയം ഹിന്ദുമതത്തില്‍ നിന്നും വിട്ടുപോകുന്നത് ശരിയല്ലെന്നും ജാതിഹിന്ദുക്കളുമായി തുല്യതയുള്ള ജനതയാണ് നമ്മളെന്നും എം സി രാജ് പ്രഖ്യാപിച്ചിട്ടുള്ളതായി ക്രിസ്റ്റഫ് ജെഫ്‌ലോട്ട് തന്റെ 'ഡോ. അംബേഡ്കര്‍ ആന്റ് അണ്‍ടച്ചബിലിറ്റി: ഫൈറ്റിങ് ഇന്‍ ഇന്ത്യന്‍ കാസ്റ്റ് സിസ്റ്റം' എന്ന കൃതിയില്‍ (പേജ് 128) രേഖപ്പെടുത്തുന്നു. ( ഫ്രഞ്ച് രാഷ്ട്രമീമാംസകന്‍. തെക്കനേഷ്യയിലെ ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രത്യേക താത്പര്യം)

അംബേഡ്കര്‍ക്ക് എം സി രാജയോടുള്ള സമീപനം വസ്തുനിഷ്ഠമായിരുന്നു. 'വാട്ട് കോണ്‍ഗ്രസ് ഹാവ് ഡണ്‍ ടു ദി അണ്‍ടച്ചബിള്‍?' എന്ന ഗ്രന്ഥത്തില്‍ അംബേഡ്കറെഴുതി: 'കോണ്‍ഗ്രസില്‍ അപ്പോള്‍ അസ്പൃശ്യ സമൂഹത്തില്‍ നിന്നും വന്ന ഒരേ ഒരാള്‍ ദിവാന്‍ ബഹാദൂര്‍ എം സി രാജ മാത്രമാണ്. 1927 മുതല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് അസംബ്ലിക്ക് അകത്തുവെച്ചോ പുറത്തുവെച്ചോ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. കോണ്‍ഗ്രസില്‍ അദ്ദേഹം ഒരു വിമര്‍ശകന്‍ മാത്രമായിരുന്നില്ല, ഒരു എതിരാളി കൂടിയായിരുന്നു. അസ്പൃശ്യര്‍ക്ക് പ്രത്യേകം നിയോജകമണ്ഡലത്തിനു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് എം സി രാജയായിരുന്നു. അതിന്റെ ഫലമായി കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.'

1943 ആഗസ്റ്റ് 20 ന് 'സെന്റ് തോമസ് മൗണ്ടില്‍' വെച്ച് എം സി രാജ അന്തരിച്ചു. ആ സ്ഥലം ഇപ്പോള്‍ രാജ സ്ട്രീറ്റ് എന്ന് അറിയപ്പെടുന്നു. 'മോണിങ് സ്റ്റാര്‍ എം സി രാജ' എന്ന് അദ്ദേഹം ബഹുമതിക്കപ്പെടുന്നു.

്‌വലംബം: വിക്കിപ്പീഡിയ.
ambethambedkarblog