"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ പടുത്തുയര്‍ത്തിയ പുത്തന്‍ ജീവിതക്രമം - കുന്നുകുഴി എസ് മണിവിദ്യകൊണ്ട് പ്രബുദ്ധരായെങ്കില്‍ മാത്രമേ അയിത്ത ജാതിശ്രേണിയില്‍ പെട്ടുഴലുന്ന തന്റെ സമുദായത്തിന് എന്തെങ്കിലും ഉന്നതി ജീവിതത്തില്‍ സംഭവിക്കുകയുള്ളൂവെന്ന് ധീഷണാശാലിയായ അയ്യന്‍കാളി അന്തര്‍ നേത്രങ്ങള്‍ കൊണ്ട് കണ്ടിരുന്നു. സാമൂഹ്യ പരിവര്‍ത്തനം സുസാദ്ധ്യമാക്കിത്തീര്‍ക്ക ണമെങ്കില്‍ വിദ്യാഭ്യാസം ഒന്നു കൊണ്ടേ സാദ്ധ്യമാകൂ. നിരക്ഷരനായ അയ്യന്‍കാളിയില്‍ ഇത്തരമൊരു ആശയ സന്നിവേഷത്തിനു കാരണമായതും സ്വന്തം ജീവിതം തന്നെയായി രുന്നു. തനിക്കു ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ അടുത്ത തലമുറ സ്വായത്തമാക്കുന്നത് കാണുവാനുള്ള അധമ്യമായ അഭിവാഞ്ഛ അയ്യന്‍കാളിയില്‍ ആ കാലത്ത് ദര്‍ശ്യമായിരു ന്നതായി സന്തതസഹചാരികളായിരുന്ന തോമസ് വാദ്യാരും ,കേശവന്‍ റൈട്ടറും പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തുടക്കം മുതല്‍ക്കു തന്നെ നിരക്ഷരനായ അയ്യന്‍കാളി വിദ്യാ ഭ്യാസ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. പ്രജാസഭയിലെ തന്റെ 22 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വാദിച്ചതും ആവശ്യപ്പെട്ടതും തന്റെ ജനതയ്ക്ക് വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം സൃഷ്ടിക്കു ന്നതിനെ സംബന്ധിച്ചായിരുന്നു. അതൊരു പോരാട്ട ചരിത്രമായി രുന്നു. ആ ചരിത്രത്തില്‍ നിന്നാണ് കീഴാള വിദ്യാഭ്യാസം ഇന്നത്തെ നിലയിലെത്തിയത്. നൂറ്റാണ്ടുകളായി തന്റെ ജനതയ്ക്ക് നിഷേധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസം നേടുവാന്‍ എന്തും ചെയ്യുവാന്‍ അയ്യന്‍കാളി തയ്യാറായിരുന്നു. അയ്യന്‍കാളി പ്രജാസഭയില്‍ അവസാനമായി ചെയ്ത പ്രസംഗത്തില്‍ പോലും ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ആ പ്രജാസഭ പ്രസംഗം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അയ്യന്‍കാളിയും സംഘവും തിരുവനന്തപുരത്തെത്തിയാല്‍ കുന്നുകുഴി തമ്പുരാന്‍ മുക്കിനു സമീപത്തെ മുടുമ്പില്‍ അയ്യന്‍ മാനേജരുടെ വീട്ടിലാവും തങ്ങുന്നത്. അയ്യന്‍കാളി മുടുമ്പില്‍ വീട്ടിലുണ്ടെന്നു കേട്ടാല്‍ അവിടെ ഒരു ഉല്‍സവപ്രതീതിയാണ്. കാര്യങ്ങള്‍ പറയാനും അയ്യന്‍കാളിയെ കാണാനും വന്‍ജനത്തിര ക്കായിരുന്നുവെന്നാണ് മുടുമ്പില്‍ അയ്യന്‍ മാനേജരുടെ അനന്തിരവനായ കുന്നുകുഴി മണിയുടെ പിതാവ് ജി.ശങ്കു ആശാന്‍ പറഞ്ഞിട്ടുള്ളത്. കുന്നുകുഴിയിലെ പൗരപ്രമാണിയും സാമ്പത്തികമായി മെച്ചപ്പെട്ടവനുമായിരുന്നു അയ്യന്‍മാനേജര്‍. അയ്യന്‍മാനേജരുമായി നേരത്തെ അയ്യന്‍കാളി പരിചയക്കാരാ യിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ കുന്നുകുഴി ശാഖ മാനേജരായിരുന്നു ആദ്യകാലത്ത് അയ്യന്‍. പിന്നീടാണ് അയ്യന്‍ പരമു ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. സാധുജനപരിപാലന സംഘത്തിന്റെ അവസാനകാലം വരേയ്ക്കും എ.പരമു തന്നെ മാനേജരായിരുന്നത്. അയ്യന്‍കാളിയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത് അയ്യന്‍ മാനേജരായിരുന്നു. അമ്മാവനായ അയ്യന്‍ മാനേജരുടെ മകള്‍ പാച്ചിയെയാണ് മണിയുടെ പിതാവ് ആദ്യം വിവാഹം കഴിച്ചത്. പക്ഷെ വളരെക്കാലം ആ ബന്ധം നീണ്ടു നിന്നില്ല. ഒടുവില്‍ വിവാഹബന്ധം വിടര്‍ത്തുകയും വട്ടിയൂര്‍ക്കാവ് കൈപ്പരിക്കോണത്തു നിന്നും മണിയുടെ പിതാവ് രണ്ടാമതൊരു വിവാഹം കഴിച്ചു. അവരുടെ പേരും പാച്ചിയെന്നു തന്നെ. ആ ബന്ധത്തില്‍ ജനിച്ചതാണ് മണി. 'അയ്യന്‍ മാനേജരുമായുള്ള അയ്യന്‍കാളിയുടെ ബന്ധം മൂലമാണ് മുടുമ്പില്‍ വീടിനു തൊട്ടടുത്തായി അയ്യന്‍കാളിയുടെ ഇളയ മകന്‍ ശിവതാണു വന്ന് താമസിക്കാന്‍ കാരണമായതെന്നാണ് കേശവന്‍ റൈട്ടറില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.' 1

പ്രജാസഭ പ്രവര്‍ത്തനത്തോടൊപ്പം തന്നെ നാട്ടിലെ സാമൂഹ്യകാര്യ ങ്ങളിലും അയ്യന്‍കാളി ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. ആ കാലത്ത് പുലയര്‍ തുടങ്ങിയ ജനങ്ങളുടെ സ്ഥിതി ഏറെ ശോചനീയമാ യിരുന്നു. ജന്മിമാരുടെ പാടത്തും പറമ്പിലും രാപകല്‍ ഭേദമന്യേ ജോലി ചെയ്താല്‍ പോലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യത്തെ കൃഷി കഴിഞ്ഞാല്‍ പിന്നെ ജീവിക്കണമെങ്കില്‍ ജന്മിമാരുടെ പറമ്പിലെ ജോലിയാണ്. അതും എല്ലാദിവസവും കാണുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മീന്‍ പിടിക്കാനോ മറ്റോ പോയിട്ടു വേണംസ്വന്തം കുടിയിലെ അടുപ്പു പുകയാന്‍ അങ്ങിനെ വിശപ്പും ദാഹവും കൊണ്ട് ജന്മിയുടെ രണ്ട് തേങ്ങയോ ഒരു കമ്പ് മരച്ചീനിയോ എടുത്താല്‍ അവനെ കള്ളനായി മുദ്ര കുത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്പിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം ആ കാലത്തുണ്ടായി. 'വലിയറത്തല പുത്തന്‍വീട്ടിലെ ജന്മിയുടെ പുരയിടത്തില്‍ നിന്നും ചക്രിയെന്ന പുലയന്‍ ഒരു മൂടു മരച്ചീനി എടുത്തു. ചക്രിയെ നേരില്‍ എതിര്‍ക്കാന്‍ ജന്മിക്ക് പേടിയായി രുന്നു. മറ്റൊരു ദിവസം ചക്രി ജന്മിയുടെ ഒരു കോഴിയെ കട്ടെടുത്ത് കറിവെച്ച് മരച്ചീനിയും വേവിച്ച് തിന്നാന്‍ സമയമായപ്പോള്‍ ജന്മി നേമം പോലീസിന് പരാതി നല്‍കി. രണ്ടു പോലീസുകാരെ ചക്രിയുടെ വീടായ വെങ്ങാന്നൂരിലേക്ക് അയച്ചു. പോലീസുകാരെത്തി ചക്രിയെ പിടികൂടുകയും കോഴിക്കറി വെച്ച മണ്‍ചട്ടി ചൂടോടെ ചക്രിയുടെ തലയില്‍ വച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിക്കൊണ്ടുപോയി. 

സ്‌ക്കൂളിനു സമീപത്തായി നിന്നിരുന്ന അയ്യന്‍കാളിയെ കണ്ടയുടനെ ചക്രി 'ഏമാനെ എന്നെ രക്ഷിക്കണേ' യെന്ന് കേണുനിലവിളിച്ചു. ചൂടുള്ള കോഴിയിറച്ചി പാത്രം തലയില്‍ വച്ചിരുന്നതിനാല്‍ ചക്രിയുടെ തല പഴുക്കുകയായിരുന്നു. അയ്യന്‍കാളി പൊടുന്നനെ റോഡിലേയ്ക്ക് ഇറങ്ങിവന്നുകൊണ്ട് 'താഴെ ഇറക്കി വെയ്ക്കടാ' എന്ന് ആജ്ഞ സ്വരത്തില്‍ പറഞ്ഞു. ചക്രി പെട്ടെന്ന് കോഴിയിറച്ചി പാത്രം അയ്യന്‍കാളി എജമാന്റെ മുന്നില്‍ ഇറക്കി വെച്ചതും അയ്യന്‍കാളി തന്റെ പ്രസിദ്ധമായ കാലുമടക്കി ഇറച്ചിച്ചട്ടിയില്‍ ഒറ്റയടി കൊടുത്തു. കറിച്ചട്ടി പൊട്ടിച്ചിതറി. ദേഷ്യഭാവത്തോടെ ചക്രിയുടെ നേരെ നോക്കി ' പോടാ കഴുവേറി മോനേ' ചക്രി ജീവനും കൊണ്ട് ഒറ്റഓട്ടം ഓടി. പോലീസുകാരുടെ നേരെനോക്കി അയ്യന്‍കാളി ആക്രോശിച്ചു. ആരെടാ നീയൊക്കെ? എന്റെ ആള്‍ക്കാരെ പിടിച്ചുകൊണ്ടു പോകാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു. എന്റെ ആള്‍ക്കാരെ കാര്യങ്ങള്‍ നോക്കാന്‍ എനിക്കറിയാം. ഒരു കോടതിയും ഒരു പോലീസും വേണ്ട. കേട്ടോട, കഴുവേറി മക്കളേ. ഓടടാ, തിരിഞ്ഞോടടാ അല്ലെങ്കില്‍ നിന്റെയൊക്കെ നെഞ്ചിന്‍കൂട് ചവിട്ടിപ്പൊട്ടിക്കും...... പോലീസുകാരും നെട്ടോട്ടമോടി. അപ്പോഴേയ്ക്കും പോലീസുകാരെ കൊണ്ടുവന്ന ജന്മി വന്നു. 'എന്റെ ആള്‍ക്കാരെ പോലീസിന് പിടിച്ചുകൊടുക്കാറായോ? എന്ന് ചോദിച്ച് അയ്യന്‍കാളി ജന്മിയുടെ നെഞ്ചിനൊരു ചവിട്ടുകൊടുത്തു. അതോടെ മൂന്നു കര്‍ണ്ണം മറിഞ്ഞ് തെറിച്ചുവീണ അയാള്‍ എഴുന്നേറ്റോടി. ഈസംഭവം നേരില്‍ കണ്ടവര്‍ അടുത്ത തലമുറയ്ക്ക് കൈമാറി.അങ്ങിനെ കേട്ടറിഞ്ഞതാണ് ഈ സംഭവം'. 2

ഈ സന്ദര്‍ഭത്തിലാണ് ശ്രീമൂലം പ്രജാസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിക്കുന്ന വിവരം പ്രജാസഭയില്‍ നിന്നും അയ്യന്‍കാളിക്കു ലഭിച്ചത്. ഉടന്‍ തന്നെ ടി.വി.തേവനെ വിളിപ്പിച്ച് പതിനൊന്നാം സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങ ളെക്കുറിച്ച് സംസാരിച്ചു. സാധുജനപരിപാലന സംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും തിരുവനന്തപുരം മുതല്‍ വൈക്കം വരെ വ്യാപിച്ചുകിടന്നിരുന്ന സംഘത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും ചെന്നിത്തലക്കാരനായ ടി.വി.തേവനാ യിരുന്നു. 1912-ല്‍ അയ്യന്‍കാളി പ്രജാസഭ മെമ്പറായ കാലം മുതല്‍ അയ്യന്‍കാളിക്ക് എഴുത്തും വായനയും അറിയാത്തതുകൊണ്ട് അയ്യന്‍കാളിയുടെ അംഗീകാരത്തോടെ പ്രസംഗങ്ങള്‍ തയ്യാറാക്കി വായിക്കുന്നതും നിവേദനങ്ങള്‍ തയ്യാറാക്കുന്നതും ടി.വി.തേവ നായിരുന്നു. മറ്റു ചിലപ്പോള്‍ പ്രസംഗിക്കുന്നതും തേവനായിരുന്നു. 12 വര്‍ഷത്തോളം അയ്യന്‍കാളിക്കു വേണ്ടി അയ്യന്‍കാളിയോ ടൊപ്പം ടി.വി.തേവന് പ്രജാസഭയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യമുണ്ടായി. 1915 ഫെബ്രുവരി 22ന് അയ്യന്‍കാളി വിദ്യാലയപ്രവേശന കാര്യത്തെക്കുറിച്ചുതന്നെ ഇങ്ങനെ പ്രസംഗിച്ചു:

'സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇപ്പോഴും പുലയകുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നില്ല. അയിത്തമാണ് പ്രധാന പ്രശ്‌നം. പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളേയും ബന്ധുക്കളെയും ഉയര്‍ന്ന ജാതിക്കാര്‍ ഉപദ്രവിക്കുന്നു. അദ്ധ്യാപകരാണ് ഏറ്റവും കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഇപ്രകാരമുള്ള കാര്യങ്ങളെക്കു റിച്ച് അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും വിദ്യാലയ അധികൃതര്‍ പരിഗണിക്കുന്നില്ല'.3

പ്രജാസഭയുടെ പന്ത്രണ്ടാമതു സമ്മേളനം 1916 ഫെബ്രുവരിയില്‍ ചേര്‍ന്നു. സമ്മേളനത്തില്‍ അയ്യന്‍കാളിയും,കണ്ടന്‍ കുമാരനും മെമ്പര്‍മാരായി നോമിനേറ്റ് ചെയ്തിരുന്നു. കണ്ടന്‍ കുമാരന്‍ പറയ സമുദായത്തെ പ്രതിനിധികരിച്ചാണ് പ്രജാസഭയില്‍ എത്തിയത്. 1914-ല്‍ അയ്യന്‍കാളി, വെള്ളിക്കര ചോതി, ചരതന്‍ സോളമന്‍ എന്നീ മൂന്നുപേര്‍ പുലയരെ പ്രതിനിധികരിച്ചുണ്ടാ യിരുന്നുവെങ്കിലും 1915,1916 എന്നീ വര്‍ഷങ്ങളില്‍ അയ്യന്‍കാളി മാത്രമാണ് പുലയരെ പ്രതിനിധികരിച്ച് പ്രജാസഭയില്‍ നോമിനേറ്റ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ 1916 ഫെബ്രുവരി 28ന് പ്രജാസഭയില്‍ അയ്യന്‍കാളി അതെക്കുറിച്ച് പ്രസംഗത്തിന്റെ ആമുഖത്തില്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു:

'എന്റെ സമുദായത്തില്‍നിന്നും ആണ്ടുതോറും മൂന്നു മെമ്പര്‍മാരെ നിയമിച്ചു വന്നിരിക്കെ ഈ വര്‍ഷം ഒരു മെമ്പറെ മാത്രമേ നിയമിച്ചുള്ളൂവെന്ന കാര്യം ആദ്യമായി പ്രസ്താവിച്ചു കൊള്ളുന്നു. സര്‍ ക്കാരിന്റെ സഹായത്തോടും അനുവാദത്തോടും പുലയരുടെ വിദ്യാ ഭ്യാസ കാര്യത്തില്‍ ഇനിയും അഭിവൃദ്ധിയു ണ്ടാക്കാന്‍ കഴിയുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം പുലയസമുദായ ത്തിനുണ്ടായിട്ടുള്ള വിദ്യാഭ്യാസ അഭിവൃദ്ധിയില്‍ നിന്നും കാണാവുന്നതാണ്. എല്ലാ പബ്ലിക്ക് സ്ഥലങ്ങളും മിക്ക ഡിപ്പാര്‍ട്ടുമെന്റുകളും പാഠശാലകളും അവര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരുപത്തിയഞ്ചില്‍ കവിയാത്ത പാഠശാലകളില്‍ മാത്രമേ അവരെ ചേര്‍ക്കുന്നുള്ളൂ. പുലയരുടെ ഉന്നതിക്കുള്ള ഏക പ്രതിബന്ധം ഇതരസമുദായ ങ്ങളില്‍ വിദ്യാഭ്യാസമില്ലാത്തവരായ ആളുകളില്‍ നിന്നും ഉണ്ടാകുന്നതാണ്. പഠിപ്പുള്ള ആളുകളും ഗവണ്‍മെന്റും പുലയരുടെ നേര്‍ക്ക് അനുഭാവം കാണിക്കുകയാണെങ്കില്‍ ഈ പ്രതിബന്ധം വേഗത്തില്‍ മാറി പോകുന്നതാണ്.'

പള്ളിക്കൂടത്തില്‍ ഇരിക്കുമ്പോള്‍ ഒരു പുലയകുട്ടി ഒരിക്കലും മലിനമായിരിക്കുന്നില്ല. അതുകൊണ്ട് പുലയക്കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാതിരിക്കാനുള്ള ഒരു കാരണം അവരുടെ മലിന ശരീരങ്ങളാണെന്ന് പറയുന്നത് ശരിയല്ല. അപരിഷ്‌കൃത നിലയില്‍ ഇരിക്കുന്നു എന്നുള്ള കാരണത്തിന്‍മേല്‍ അവരെ പുറന്തള്ളുന്നത് അന്യമതത്തില്‍ ചേരുന്നതിന് അവരെ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അപ്രകാരം ചെയ്ത ഉടന്‍ സ്‌കൂള്‍ പ്രവേശനം ലഘുവായി ഭവിക്കുന്നു. പുലയര്‍ക്ക് പഠിപ്പുണ്ടായാല്‍ നിലങ്ങളില്‍ വേല ചെയ്യത്തക്ക വേലക്കാരുടെ എണ്ണം കുറഞ്ഞു പോകുമെന്നുള്ള ആശങ്ക അടിസ്ഥാനരഹി തമാകുന്നു. എന്തുകൊണ്ടെന്നാല്‍ അടിമക്കച്ചവടം നിറുത്തിയ പ്പോള്‍ വ്യവസായികാഭിവൃത്തിയും കൃഷിസംബന്ധമായ അഭിവൃദ്ധിയുമുണ്ടായി. രാജ്യമൊട്ടുക്ക് അവര്‍ക്കായി പ്രത്യേകപാഠശാലകള്‍ ഏര്‍പ്പെടുത്തുന്നത് ശല്യമോ യുക്തമോ അല്ല. എന്നു മാത്രമല്ല അപ്രകാരം ചെയ്യുന്നത് കൊണ്ട് പബ്ലിക് പാഠശാലകളില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. പകുതി ഫീസ് കുറവു ചെയ്തു കൊടുത്തിരിക്കുന്ന ആനുകൂല്യം വാസ്തവത്തില്‍ പുലയര്‍ക്ക് ഗുണകരമായിരിക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ ആ ആനുകൂല്യം അനുഭവിക്കു ന്നവരായിട്ട് മുപ്പത് ഹിന്ദു പുലയ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും മാത്രമേയുള്ളൂ.വിദ്യാര്‍ത്ഥി വേതനങ്ങള്‍ പുലയരെ വളരെ സഹായിക്കും. ധനസമൃദ്ധിയുള്ള മുസ്ലീം സമുദായത്തിന് പകുതിഫീസ് മുതലായ ആനുകൂല്യങ്ങളും നല്‍കിയിരിക്കുമ്പോള്‍ പുലയരെ സംബന്ധിച്ചിടത്തോളം മുഴുവന്‍ ഫീസും കുറച്ച് കൊടുക്കണമെന്നുള്ള പ്രാര്‍ത്ഥന ക്രമത്തില്‍ കൂടുതലല്ല. പെണ്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ഇതിലധികം വൈഷമ്യമുണ്ട്. സാമാന്യ വിദ്യഭ്യാസത്തോടുകൂടി പുലകുട്ടികളെ വല്ല തൊഴിലോ കൈത്തൊഴിലോ പരിശീലിപ്പിക്കണം. 4

ഈ പ്രസംഗത്തില്‍ പുലയമെമ്പര്‍മാരുടെ സംഖ്യ 1915, 1916 എന്നീ വര്‍ഷങ്ങളില്‍ ഒരാള്‍ മാത്രമാണുള്ളതെന്നും മുന്‍ വര്‍ഷങ്ങളില്‍ മൂന്നു മെമ്പര്‍മാര്‍വരെ ഉണ്ടായിരുന്നുവെന്നും അയ്യന്‍കാളി പരാതിപ്പെടുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ വിഷയത്തിലേയ്ക്കു കടക്കുന്ന അയ്യന്‍കാളി തന്റെ ജനങ്ങള്‍ വിദ്യാഭ്യാസ കാര്യത്തില്‍ മുന്നേറി വരുന്ന കാര്യം സഭയെ ഓര്‍മ്മിപ്പിച്ചു. അതെസമയം വിദ്യാഭ്യാസം ലഭിച്ചാല്‍ തന്റെ ജനങ്ങള്‍ നിലംകൃഷി ചെയ്യുകയില്ലെന്ന ആശങ്കയേയും അദ്ദേഹം പ്രസംഗത്തില്‍ ഖണ്ഡിക്കുന്നുണ്ട്. രാജ്യത്താകമാനം പുലയര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പാഠശാലകള്‍ സ്ഥാപിക്കുന്ന നടപടിയേയും അയ്യന്‍കാളി പ്രസംഗത്തില്‍ ശക്തമായി ചെറുക്കുന്നു. കാരണം അങ്ങിനെ പ്രത്യേകം പാഠശാലകള്‍ സ്ഥാപിക്കുമ്പോള്‍ സര്‍ക്കാര്‍ പാഠശാലകളില്‍ നിന്നും അധഃസ്ഥിത കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടു മെന്നായിരുന്നു വാദിച്ചത്. അതുപോലെ ധനസ്ഥിതിയുള്ള മുസ്ലിം സമുദായത്തിന് പകുതി ഫീസിളവു നല്‍കുമ്പോള്‍ പുലയര്‍ക്ക് മുഴുവന്‍ ഫീസിളവും നല്‍കണമെന്നാണ് അയ്യന്‍കാളിയുടെ ആവശ്യം. തൊണ്ണൂറ്റിനാല് വര്‍ഷം മുന്‍പ് അയ്യന്‍കാളി പ്രജാസഭയില്‍ ധനസ്ഥിതി ഉണ്ടെന്ന് പറഞ്ഞ മുസ്ലിം സമുദായത്തിന് ഇപ്പോള്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും, പാലൊളി മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാന ത്തില്‍ കേരള സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ഇപ്പോള്‍ നല്‍കിപ്പോരുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഭരണ ഘടന നിലവില്‍ വന്നിട്ട് 57 വര്‍ഷമായിട്ടും ഭരണഘടനാദത്തമായ ആനുകൂല്യങ്ങളേ ഇന്നും പട്ടിക ജാതികള്‍ക്ക് നല്‍കിപ്പോരു ന്നുള്ളൂ. അതെ സമയം ഇന്ത്യാഗവണ്‍മെന്റ് നിയമിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആനുകൂല്യം പോരാത്തതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം പ്രീണന നയം സ്വീകരിച്ച് മന്ത്രി പാലൊളിമുഹമ്മദ് കുട്ടിയെ ഒരു ബദല്‍ കമ്മീഷനായി നിയമിച്ച് റിപ്പോര്‍ട്ട് വാങ്ങി മുസ്ലീം ജനതയ്ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളാണ് വാരിയും കോരിയും കൊടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയണം. ഒരു നൂറ്റാണ്ടിനു മുന്‍പാണ് ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി ധനസ്ഥിതിയുള്ള മുസ്ലീം സമുദായത്തിന് പകുതി ഫീസ് ഇളവു കൊടുക്കുന്നതെന്ന് പ്രസംഗിച്ചത്. 104 വര്‍ഷം കടന്നപ്പോള്‍ സച്ചാര്‍ കമ്മീഷനും, പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനും എന്തിന് റിപ്പോര്‍ട്ടെഴുതി ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുക്കുന്നുവെന്ന് ചോദിക്കുവാന്‍ ഈ രാജ്യത്ത് മറ്റൊരു അയ്യന്‍കാളിയില്ലാതെ പോയി. മുസ്ലീം സമുദായത്തെക്കാള്‍ സാമ്പത്തികമായും, സാമൂഹ്യപരമായും ഏറെ പിന്നിലാണ് ഇന്ത്യയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍. അവരെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടെഴുതുവാന്‍ ഒരു കമ്മീഷനേയും ഇന്ത്യാഗവണ്‍മെന്റ് നിയമിച്ചിട്ടില്ല. കാരണം സംവരണം കൊണ്ട് ഇന്ത്യയിലെ പട്ടികജാതി-വര്‍ഗ്ഗങ്ങള്‍ സമ്പന്നരായെന്നാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുന്ന ഭാഷ-മത-ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രങ്കനാഥ മിശ്ര കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയാന്‍ രങ്കനാഥമിശ്രക്ക് യാതൊരു അധികാരവുമില്ല. ആവശ്യമെന്നു കണ്ടാല്‍ ഭരണഘടനയുടെ 340 (9) വകുപ്പു പ്രകാരം അതിനുള്ള അധികാരം ദേശീയ പട്ടികജാതി കമ്മീഷനും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനും മാത്രം നിക്ഷിപ്തമായത് ജസ്റ്റിസ് രങ്കനാഥമിശ്ര കമ്മീഷനില്ല. ഇയാള്‍ മനഃപൂര്‍വ്വം ഭരണഘടനാപരമായ പട്ടികജാതി സംവരണത്തെ തുരങ്കം വയ്ക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ ലംഘനവും കുറ്റകരവും ദ്രോഹകരവുമാണ്.

നിരക്ഷരനായ അയ്യന്‍കാളി പുലയര്‍ തുടങ്ങിയ അടിസ്ഥാന ജാതികുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പ്രജാസഭ വഴി നിരന്തരം പോരാടിയതിന്റെ ഫലമായി 1914-ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് വിദ്യാഭ്യാസം നടത്തുന്ന പുലയ വിദ്യാര്‍ത്ഥികളുടെ സംഖ്യ 2017 ആയും, 1915-ല്‍ 4256 ആയും, 1916-ല്‍ 8494 ആയും, 1917-ല്‍ സംഖ്യ 10913 ആയും ഉയര്‍ന്നിരുന്നു. അതെ സമയം പുലയര്‍ക്ക് തൊട്ടുള്ള പറയ സമുദായത്തിലെകുട്ടികളുടെ സംഖ്യയും ക്രമാനുഗതമായി വര്‍ദ്ധിച്ചു വന്നിരുന്നതായി കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിച്ചു പോന്നിരുന്ന മിതവാദി മാസിക ആ കാലത്തു നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പുലയരെക്കുറിച്ചും മറ്റും മിതവാദി ഒട്ടേറെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. അതെസമയം അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചു പോന്നിരുന്ന സാധുജന പരിപാലിനിയില്‍ പോലും അന്നത്തെ പ്രധാന സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. മിതവാദിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയ കുട്ടികളുടെ സംഖ്യ 1914-ല്‍ 1097 ആയും, 1915-ല്‍ അത് 1816 ആയും, 1916-ല്‍ 2652 ആയും, 1917-ല്‍ 4855 ആയും ഉയര്‍ന്നു കണ്ടിരുന്നു. 1917-ല്‍ തന്നെ ഈ രണ്ട് ജനസമുദായങ്ങളിലെയും വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ എണ്ണം 15768 ആയിരുന്നു. അയ്യന്‍കാളിയുടെ പ്രജാസഭ പ്രവര്‍ത്തനഫലമായി തീണ്ടലും തൊടിലും കല്പിച്ച് സര്‍ക്കാര്‍ സ്‌കൂളുകളുടെ ഏഴയലത്തുപോലും പ്രവേശിപ്പിക്കാ തിരുന്ന പുലയ-പറയ കുട്ടികള്‍ വ്യാപകമായി സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ആരംഭിച്ചിരുന്നു. അതേസമയം ക്രൈസ്തവ മതം സ്വീകരിച്ച് ക്രൈസ്തവമാനേജ്‌മെന്റ് സ്‌കൂളുകളിലും ഈ കാലത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിരുന്നു. അതിന്റെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. വ്യാപകമായി അയിത്ത ജാതി കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നതില്‍ അയ്യന്‍കാളിയിലെ നിരക്ഷരനെ ഏറെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും തന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടര്‍ന്നു കൊണ്ടു തന്നെയിരുന്നു. ഇതെ കാലത്തു തന്നെ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടുവാന്‍ കഴിയാത്ത അയ്യന്‍കാളിയും എഴുതാനും, വായിക്കാനും പഠിച്ചു. ദീര്‍ഘ വീക്ഷണവും അതിബുദ്ധിമാനുമായിരുന്ന അയ്യന്‍കാളിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് ഈ കാലത്ത് കേശവന്‍ റൈട്ടര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സഹായവും എഴുത്തും വായനയും പഠിക്കാന്‍ അയ്യന്‍കാളിക്കുണ്ടായിരുന്നു. ഭരണാധി കാരികള്‍ക്ക് കൊടുക്കാനുള്ള മെമ്മോറാണ്ടങ്ങള്‍ തയ്യാറാക്കുന്നതും പ്രജാസഭയില്‍ അയ്യന്‍കാളിയുടെ യുക്തിക്കനു സരണമായി പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതും പ്രൈവറ്റ് സെക്രട്ടറി കേശവന്‍ റൈട്ടറായിരുന്നു. മറ്റൊരു സന്തത സഹചാരിയായിരുന്ന വി.ജെ.തോമസ് വാദ്യാര്‍. ഇദ്ദേഹം ഒരു മിഷന്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകവൃത്തി രാജിവെച്ചിട്ടാണ് അയ്യന്‍കാളിയോടൊപ്പം സമുദായസേവനത്തിന് തയ്യാറായത്. സാധാരണ ഗതിയില്‍ ക്രിസ്ത്യാനിയ ഒരു കീഴാള വിഭാഗക്കാരന്‍ ചെയ്യാത്ത കാര്യമാണ് തോമസ് വാദ്യാര്‍ ചെയ്തത്. ക്രിസ്തുമതത്തില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ സമുദായ സേവനത്തിന് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ തയ്യാറാകില്ല. 

കീഴാള വിഭാഗക്കാരില്‍ നിന്നുള്ള മെമ്പര്‍മാര്‍ പ്രജാസഭയില്‍ കുറഞ്ഞു പോയതിനെക്കുറിച്ച് അയ്യന്‍കാളി പ്രജാസഭയില്‍ പരാതിപ്പെട്ടു. അതെത്തുടര്‍ന്ന് 1917-ല്‍ കണ്ടന്‍കുമാരന്‍, നാട്ടകത്തുനിന്നും പാറടി എബ്രഹാം ഐസക് എന്നിവരെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തു. വിദ്യാഭ്യാസ കാര്യത്തില്‍ സ്വയം പര്യാപ്ത കൈവരിക്കുന്നതിന്റെ ഭാഗായി അയ്യന്‍കാളി തിരുവിതാംകൂറിലുടെ നീളം സ്ഥാപിച്ചിരുന്ന സാധുജനപരിപാലന സംഘത്തിന്റെ ശാഖകളില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന വേദികളാക്കി മാറ്റിയിരുന്നു. 1914-ല്‍ സര്‍ക്കാര്‍ അംഗീകാര ത്തോടെ വെങ്ങാനൂര്‍ പുതുവല്‍വിളാകത്ത് 1904-ല്‍ ആരംഭിച്ച നിലത്തെഴുത്തു പള്ളിക്കൂടം ഇന്നു കാണുന്ന തരത്തില്‍ പ്രൈമറി സ്‌കൂളായി പുതുക്കി പണികഴിപ്പിച്ചിരുന്നു. ഇതു കൂടാതെ അക്ഷരാഭ്യാസം ലഭിച്ചവരെക്കൊണ്ട് നിശാപഠന കളരികള്‍ തുടങ്ങുവാന്‍ യുവജനങ്ങളോടും അയ്യന്‍കാളി ആഹ്വാനം നടത്തി. എല്ലാത്തരം ജീവിതത്തിന്റെയും അടിസ്ഥാനം വിദ്യാഭ്യാസമാ ണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞിരുന്നു.

1920 മാര്‍ച്ച് 2-ന് പ്രജാസഭയില്‍ അയ്യന്‍കാളി വിദ്യാഭ്യാസ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

'വിദ്യാഭ്യാസ സൗകര്യത്തിനും മറ്റുമായി സര്‍ക്കാര്‍ ചെയ്തു തരുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും എന്റെ ആളുകളുടെ നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും ഈ കരുണ കാണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ സ്‌കൂളില്‍ ഫീസ് ഒന്നിച്ചാണ് അടയ്‌ക്കേണ്ടത്. എന്റെ സമുദായത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യവും കഴിവില്ലായ്മയും കാരണം അവര്‍ക്ക് അതിന് കഴിയാത്ത ഒരവസ്ഥയാണുള്ളത്.അതുകൊണ്ട് അവരുടെ വിദ്യാഭ്യാസ രീതിയില്‍ ഏതെങ്കിലും വ്യവസായ സ്ഥാപനത്തില്‍ കഠിനാധ്വാനം ചെയ്യുക എന്നതുകൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അവര്‍ക്ക് ഒരു ജീവിത മാര്‍ഗ്ഗം കൂടിയാകുമായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനോട് നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം നാലാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം പുലയരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധിതമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. പുലയരെ വിദ്യാഭ്യാസ മുള്ളവരാക്കാന്‍ ഈ ഒരു വഴിയേ കാണുന്നുള്ളൂ.' 5

അതു കഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം 1922 ഫെബ്രുവരി 27ന് ചേര്‍ന്ന പ്രജാസഭയുടെ സമ്മേളനത്തില്‍ പുലയവിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ഫീസ് സൗജന്യവും, ഉച്ചക്കഞ്ഞിയും നല്‍കണമെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടു കൊണ്ട് പ്രസംഗിച്ചു;
'മൂന്നുലക്ഷ ത്തോളം വരുന്ന പുലയരില്‍ 12381 പേര്‍ മാത്രമാണ് സ്‌കൂളുകളില്‍ പോകുന്നത്. അതില്‍ അഞ്ചാം ക്ലാസിനുമേല്‍ പഠിക്കുന്നവര്‍ വെറും 136 പേര്‍. ഇവരില്‍ ആറോ ഏഴോ പേരാണ് പബ്ലിക്ക് പരീക്ഷയില്‍ ജയിച്ചത്. ഇതിനു പ്രധാനകാരണം ഫീസു കൊടുക്കാനും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും നിവൃത്തിയില്ലാത്തതു കൊണ്ടുതന്നെ. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസ് സൗജന്യവും ഉച്ചയ്ക്ക് കഞ്ഞിയും നല്കണമെന്ന് അപേക്ഷിക്കുന്നു'. 6

സാധുജന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിനടപ്പാ ക്കുന്നതിനെ സംബന്ധിച്ചും അയ്യന്‍കാളി പ്രജാസഭയില്‍ ശക്തമായി തന്നെ വാദിച്ചുപോന്നിരുന്നു. വിദ്യാഭ്യാസം ഫലവത്താകണ മെങ്കില്‍ ദരിദ്രരായ പുലയ, പറയ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ഭക്ഷണവും നല്‍കണമെന്നാണ് അദ്ദേഹം വാദിച്ചത്. 1924 മാര്‍ച്ച് 10ന് അയ്യന്‍കാളി തന്റെ വാദഗതികളും ആവശ്യങ്ങളും ഇങ്ങനെ ഉന്നയിച്ചു.

'പുലയരുടേയും പറയരുടേയും കുട്ടികള്‍ പലപ്പോഴും രാവിലെ ഒന്നും കഴിക്കാതെയാണ് സ്‌കൂളില്‍ പോകുന്നത്. ഉച്ചയ്ക്ക് ഭക്ഷണമില്ലാതെ പഠിത്തം തുടരാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട് അവര്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ഏര്‍പ്പാടാക്കുന്നത് വളരെ നന്നായിരിക്കും. ഒരു കുട്ടിക്ക് ഒരു നേരത്തെ ആഹാരത്തിന് ഒരുചക്രമോ അരനാഴി അരിയോ മതിയാകു ന്നതാണ്. ഈ ആനുകൂല്യം ചെയ്തുകൊടുത്തില്ലെങ്കില്‍ വിദ്യാഭ്യാസകാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്ന സൗജന്യങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്താന്‍ പാവപ്പെട്ടസമുദാ യത്തിലെ കുട്ടികള്‍ക്ക് കഴിയാതെ വരുന്നതാണ്'.

അയ്യന്‍കാളിയുടെ ശ്രമംമൂലം പ്രജാസഭയിലെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പിന്നീട് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം നടത്താന്‍ വേണ്ടി വഞ്ചിപൂവര്‍ ഫണ്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ സ്‌കൂളുകളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി സൗജന്യമായി നല്‍കുന്നതിന് കാരണക്കാരന്‍ അയ്യന്‍കാളി ആയിരുന്നുവെന്ന കാര്യം ഇന്ന് പലര്‍ക്കും അറിയില്ല. അതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസത്തിനായി സാധുജനവിദ്യാര്‍ത്ഥികളെ വിദേശത്ത് അയച്ച് പഠിപ്പിക്കണമെന്നും അയ്യന്‍കാളി ആവശ്യപ്പെടുകയുണ്ടായി. 1928 മാര്‍ച്ച് 7ന് അയ്യന്‍കാളി പ്രജാസഭയില്‍ ചെയ്ത പ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. ആ പ്രസംഗം ഇങ്ങനെ:

'സാധുജന ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കണമെന്ന ആവശ്യം ഇപ്പോഴും സര്‍ക്കാര്‍ പരിഗണനയില്‍ മാത്രമാണത്. അതിന് അനുകൂലമായ ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിന് സാമ്പത്തിക ദുരിതം കാരണമായവര്‍ക്ക് കഴിയാത്തതിനാല്‍ പൂര്‍ണ്ണമായ ഫീസിളവ് അനുവദിക്കണം. യോഗ്യതയുള്ള കുറെ ഏറെ അപേക്ഷകള്‍ ഇപ്പോള്‍ ഉണ്ടായിട്ടും അവര്‍ ആവര്‍ത്തിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും നാളിതുവരെ അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയമനം കൊടുത്തിട്ടില്ല. എഴുത്തും വായനയും അറിയാവുന്നവരെല്ലാം ശിപായിമാരായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കണം. യോഗ്യതയുള്ള കുറെ വിദ്യാര്‍ത്ഥികളെ വിദേശരാജ്യത്ത് വിദ്യാഭ്യാസത്തിനയയ്ക്കണമെന്നും അപേക്ഷിക്കുന്നു'.8

തുടര്‍ന്നുവന്ന മൂന്നുവര്‍ഷങ്ങളില്‍ പുലയര്‍ തുടങ്ങിയ സാധുജന വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സൗജന്യങ്ങള്‍ അയ്യന്‍കാളിയുടെ പ്രജാസഭ പ്രവര്‍ത്തനം വഴി ലഭിക്കുകയുണ്ടായി. എന്നാല്‍ ഇതുകൊണ്ടൊന്നും സാധുജനവിദ്യാര്‍ത്ഥികളുടെ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവുകയില്ലെന്നാണ് 1932 മാര്‍ച്ച് 18ന് കൂടിയ പ്രജാസഭയില്‍ അയ്യന്‍കാളി തന്റെ അവസാന പ്രസംഗത്തിന്‍ പറഞ്ഞത്. 1912 മുതല്‍ 1933 ഫെബ്രുവരി വരെ അയ്യന്‍കാളി പ്രജാസഭയില്‍ 22 വര്‍ഷം മെമ്പറായി പ്രവര്‍ത്തിക്കുകയുണ്ടായി. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസകാര്യങ്ങള്‍ ക്കായിട്ടാണ് അയ്യന്‍കാളി പ്രജാസഭ പ്രസംഗങ്ങളില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. അവയില്‍ പലതും സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 1932 മാര്‍ച്ച് 18ന് അയ്യന്‍കാളി പ്രജാസഭയില്‍ നടത്തിയ അവസാന പ്രസംഗം താഴെ ചേര്‍ക്കുന്നു. ഏറ്റവും ശ്രദ്ധേയമായ പ്രസംഗമായിരുന്നു അതെന്ന് വായിക്കുമ്പോള്‍ മനസ്സിലാകും. ഈ പ്രസംഗത്തില്‍ പുലയസമുദായത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായ റോസ ഹെന്റി എന്ന പുലയവിദ്യാര്‍ത്ഥി നിയുടെ കാര്യം പ്രത്രേകം എടുത്തുപറയാന്‍ അയ്യന്‍കാളിക്ക് ഒരു മടിയുണ്ടായില്ല. ആ പ്രസംഗം ഇങ്ങനെ 'വിദ്യാഭ്യാസം, സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം എന്നീ കാര്യങ്ങളില്‍ പുലയസമുദായ ത്തിന് ഇപ്പോള്‍ നല്‍കിയിട്ടുള്ള നിരവധി ഇളവുകള്‍ക്ക് നന്ദി പറയാതെ വയ്യെങ്കിലുംസമുദായത്തിന്റെ ഇന്നത്തെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഇവ മതിയാവുന്നതല്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കേ ണ്ടതുണ്ട്. സ്‌കൂള്‍ഫീസ്, പരീക്ഷാഫീസ് എന്നിവയില്‍ പുലയ സമുദായത്തിന് ഇളവ് വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ വിഷയത്തില്‍ സമുദായം ഇന്നും വളരെ പിന്നിലാണ്. ഒരു ബിരുദ ധാരിപോലും സമുദായത്തിലില്ലെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിനായിചുരുങ്ങിയത് അഞ്ച് പുലയ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും വര്‍ഷാവര്‍ഷം ആനുകൂല്യം ലഭ്യമാക്കണം. കോളേജ് വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പലരും സമുദായത്തിലുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം തുടരാന്‍ സാധിക്കുന്നില്ല. റോസ ഹെന്റി എന്ന പുലയ വിദ്യാര്‍ത്ഥിനിയുടെ കാര്യം ഇവിടെ ശ്രദ്ധേയമാണ്. മാതാപിതാക്കള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ തിനാല്‍ വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിയിലാണ് റോസ ഹെന്റി. ഈ കുട്ടിക്ക് പഠനം തുടരുന്നതിനുള്ള സഹായം സര്‍ക്കാരില്‍ നിന്നും ചെയ്തു കൊടുക്കണം. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ പുലയ സമുദായംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകളിലും ഇളവ് നല്‍കേണ്ടതാണ്. ഈ പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകളിലും ഇളവ് അനുവദിക്കേണ്ടതുണ്ട്. ഈ ഇളവുകള്‍ വരുന്ന 15 വര്‍ഷത്തേയ്ക്ക് തുടരണമെന്നും എനിക്ക് അഭിപ്രായമുണ്ട്. മാതൃഭാഷാ സ്‌കൂളുകളില്‍ പഠിച്ച് ആറും ഏഴും ക്ലാസുകളില്‍ എത്തിയ പുലയ സമുദായംഗങ്ങളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ 'പ്യൂണ്‍' നിയമനത്തിന് പരിഗണിക്കണം. മലയാളം സ്‌കൂളുകളില്‍ ആറാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ഇംഗ്ലീഷ് സ്‌കൂളുകളില്‍ രണ്ടാം ഫോറം കഴിഞ്ഞവരുമായ പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കണം. സര്‍വ്വേ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപരി ശീലനം നല്‍കണം. സമുദായത്തിന്റെആഭിമുഖ്യത്തില്‍ നടക്കുന്നു നെയ്ത്തു പരിശീലന കേന്ദ്രത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക ധനസഹായം ലഭ്യമാക്കണം. നെയ്ത്ത്, കരകൗശല പരിശീലനം എന്നി വയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുലയ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ധനസഹായം ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം.' 9

പുലയര്‍ തുടങ്ങിയ സാധുജനവിഭാഗത്തിലെ കുട്ടികള്‍ക്കും ആവശ്യമായ എല്ലാ സൗജന്യങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നും വാങ്ങിക്കൊടുക്കുന്ന കാര്യത്തില്‍ അയ്യന്‍കാളി അവസാന കാലത്തു പോലും പ്രജാസഭ വേദിയെ ഉപയോഗിച്ചിരുന്നു. ഇത്രയും കണിശമായി കാര്യങ്ങള്‍ സാധുജന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിപ്പിച്ചു കൊടുക്കുന്ന കാര്യത്തില്‍ അയ്യന്‍കാളിയോളം മറ്റൊരു നേതാവിനെ താന്‍ കണ്ടിട്ടില്ലെന്നാണ് അയ്യന്‍കാളിയോടൊപ്പം പ്രജാസഭ മെമ്പറായിരുന്ന മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ പില്‍ക്കാലത്ത് പറഞ്ഞിരുന്നത്. വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ പുലയര്‍ തുടങ്ങിയ ജാതികള്‍ക്ക് അയ്യന്‍കാളി പടുത്തുയര്‍ത്തിയ പുത്തന്‍ ജീവിത ക്രമമാണ് ഇതിലൂടെ പുത്തന്‍തലമുറക്ക് സംഭാവനയായി ലഭിച്ചത് എന്ന കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാത്ത ഒന്നാണ്. യഥാര്‍ത്ഥത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ് ഈ രംഗത്ത് അയ്യന്‍കാളി ലക്ഷ്യമിട്ടിരുന്നത്. സഹായ ഗ്രന്ഥങ്ങള്‍/റിപ്പോര്‍ട്ടുകള്‍/സൂചനകള്‍:

1. അയ്യന്‍കാളിയുടെ പ്രൈവറ്റ് സെക്രട്ടറിയും സന്തത സഹചാരിയുമായിരുന്ന കേശവന്‍ റൈട്ടറുമായി 1968 കാലത്ത് കുന്നുകുഴി മണി നടത്തിയ സംഭാഷണങ്ങളില്‍ നിന്നും
2. വില്ലുവണ്ടി ഓടിച്ചിരുന്ന ചണ്ടി കൊച്ചപ്പിയുടെ മകളുടെ (ചെല്ലമ്മ) മകന്‍ പ്രഭാകരനുമായി 2009-ല്‍ ആര്‍ട്ടിസ്റ്റ് എസ്.പി.വിജയന്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ നിന്നും. 3. 1915 ഫെബ്രുവരി 22ന് ശ്രീമൂലം പ്രജാസഭയില്‍ വിദ്യാഭ്യാസ സംബന്ധമായി അയ്യന്‍കാളി നടത്തിയ പ്രസംഗം.4. 1916 ഫെബ്രുവരി 28ന് ശ്രീമൂലം പ്രജാസഭയില്‍ വിദ്യാഭ്യാസ കാര്യത്തിനായി അയ്യന്‍കാളി നടത്തിയ പ്രസംഗം.
5. 1920 മാര്‍ച്ച് 2ന് വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അയ്യന്‍കാളി നടത്തിയ പ്രസംഗം.
6. 1922 ഫെബ്രുവരി 27ന് പുലയ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ഫീസും ഇളവു ചെയ്യാനും ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തണമെന്നുംആവശ്യപ്പെട്ട് പ്രജാസഭയില്‍ അയ്യന്‍കാളി നടത്തിയ പ്രസംഗം.
7. 1924 മാര്‍ച്ച് 10ന് പ്രജാസഭയില്‍ അയ്യന്‍കാളി നടത്തിയ പ്രസംഗം.
8. 1928 മാര്‍ച്ച് 7ന് അയ്യന്‍കാളി സാധുവിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് പ്രജാസഭയില്‍ നടത്തിയപ്രസംഗം.
9. പ്രജാസഭ മെമ്പര്‍ സ്ഥാനം ഒഴിയുന്നതിന് തലേ വര്‍ഷം 1932 മാര്‍ച്ച്18ന് അയ്യന്‍കാളി അവസാനമായി പ്രജാസഭയില്‍ നടത്തിയ പ്രസംഗം. ഈ പ്രസംഗത്തിലും നിരക്ഷരനായ അയ്യന്‍കാളി വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചാണ് പറയുന്നത്.