"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ശുഭാനന്ദസ്വാമികള്‍: ആത്മീയ നവോത്ഥാന രംഗത്തെ അഗ്നിജ്വാല - കുന്നുകുഴി എസ് മണി


ആത്മീയ നവോത്ഥാന രംഗത്ത് കേരളത്തില്‍ നിരവധി സന്യാസി ശ്രേഷ്ഠന്മാരെ കണ്ടെത്താനാകും. പക്ഷെ അവരില്‍ നിന്നൊക്കെ വ്യത്യസ്ഥത പുലര്‍ത്തിയ ആളാണ് ദലിത് സമുദായത്തില്‍ പെട്ട ശുഭാനന്ദസ്വാമികള്‍. ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണ ഗുരുവിന്റേയുമെല്ലാം സമകാലികനായിത്തന്നെയാണ് ശുഭാനന്ദസ്വാമികളും ജന്മമെടുത്തത്. ജാതിയില്‍ അധിഷ്ഠിതമായ അനാചാരങ്ങളും ഉച്ചനീചത്വങ്ങളും കൊണ്ട് കലാപ കലുഷിതമായ കാലത്തുതന്നെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ കത്തിജ്വലിച്ചിരുന്ന എക്കാലത്തേയും ആത്മീയജ്യോതി സ്സായിരുന്നു ശുഭാനന്ദസ്വാമികള്‍ എന്നാണ് ആ കാലത്തെ ജനങ്ങള്‍ നല്കുന്ന മൊഴികള്‍. പക്ഷെ കാലത്തിന്റെ അനശ്വരതയിലേക്ക് പറന്നുയരും മുമ്പേതന്നെ സ്വാമികള്‍ തന്റെ ജനതയുടെ ക്ഷേമത്തിനും മോചനത്തിനും ആവശ്യമായ ആത്മീയജ്ഞാനം പകര്‍ന്നിരുന്നു. 

സവര്‍ണര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വശംവദരാക്കിയ അവര്‍ണരോട് സ്വാമികള്‍ ഇങ്ങനെ പറഞ്ഞു; 'നിങ്ങള്‍ ഈശ്വരനെ തേടി എവിടേയും അലയേണ്ടതില്ല, ഈശ്വരന്‍ നിങ്ങളില്‍ത്തന്നെ നിലകൊള്ളുന്നു. എന്നും ആ പരമമായ സത്യത്തെ നിങ്ങളുടെ മനസില്‍ കണ്ടെത്തുകയാണ് വേണ്ടത്'. അതിനു വേണ്ടിയാണ് സ്വാമികള്‍ 'ആത്മോപദേശസംഘം' രൂപീകരിക്കാന്‍ ഒരിക്കല്‍ തയാറായത്. സവര്‍ണന്റെ വേദാന്തത്തേക്കാള്‍ മഹത്തരമായിരുന്നു ശുഭാനന്ദസ്വാമികളുടെ പ്രബോധനങ്ങള്‍.

പറയ (സാംബവ) സമുദായത്തില്‍ പെട്ട ഇട്ട്യാതിയുടേയും കൊച്ചുനീലിയുടേയും മകനായി 1882 ഏപ്രില്‍ 28 ന് തിരുവല്ലയില്‍ ബുധനൂര്‍ വില്ലേജിലെ കുലാക്കല്‍ കുടുംബത്തിലാണ് ശുഭാനന്ദന്‍ ജനിച്ചത്. ശുഭാനന്ദന് 12 വയസായകാലത്താണ് പ്രിയമാതാവ് കൊച്ചുനീലി ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. പ്രിയമാതാവിന്റെ വേര്‍പാട് സഹിക്കാനാവാതെ ശുഭാനന്ദന്‍ സ്വന്തം വീടുപേക്ഷിച്ച് പോവുകയായിരുന്നു. വീട്ടില്‍ നിന്നും പോയ അദ്ദേഹം പിന്നീട് ആത്മീയ അന്വേഷണ തത്പരനായി ഏതാണ്ട് ഏഴു വര്‍ഷത്തോളം അലഞ്ഞുനടന്നു. പിന്നീട് നാം കാണുന്നത് മാര്‍ത്തോമാ സഭയില്‍ ഉപദേശിയായി പ്രവര്‍ത്തിക്കുന്നതാണ്. ക്രിസ്തുമതത്തില്‍ ചേര്‍ന്നിരുന്ന അദ്ദേഹത്തിന് അടിമ ജനതയുടെ വിമോചനം ക്രിസ്തുമതം കൊണ്ട് സാധ്യമാകില്ലെന്ന് മനസിലാക്കിയ ശുഭാനന്ദന്‍ സഭ വിട്ടിറങ്ങുകയും സന്യാസ ജീവിതം നയിക്കുകയും ചെയ്തു.

സംഘടിത മതപരിവര്‍ത്തനം കൊണ്ട് കീഴാള വിഭാഗങ്ങള്‍ സമാരംഭിച്ച സാമൂഹ്യ വിപ്ലവത്തിന് കാര്യമായ യാതൊന്നും ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. സവര്‍ണ ലോബികള്‍ ക്രൈസ്തവ ദേവാലയങ്ങളിലും കീഴാളര്‍ക്കെതിരെ സംഘടിതമായി ചരടു വലിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരവിപേരൂര്‍ പൊയ്കയില്‍ യോഹന്നാന്‍ ബൈബിള്‍ കത്തിക്കാനും ജ്ഞാനസ്‌നാനം കഴുകിയിറക്കാനും ശ്രമിച്ചതെന്ന കാര്യം വിസ്മരിക്കേണ്ട ഒന്നല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവമതം കീഴാളന്റെ ക്ഷേമത്തിനോ പരിവര്‍ത്തനത്തിനോ ചേര്‍ന്നതല്ലെന്ന കാരണത്താലാണ് ശുഭാനന്ദന്‍ സഭയോട് വിടചൊല്ലാന്‍ കാരണമായത്.


1915 ല്‍ ശുഭാനന്ദന്‍ ഇടുക്കി ജില്ലയിലെ പീരുമേടിനടുത്തുള്ള ചീന്തലാര്‍ വനമേഖലയില്‍ എത്തി. അവിടെ രണ്ടുവര്‍ഷത്തോളം കഠിനമായ ധ്യാനത്തിലും തപസിലും മുഴുകിയിരുന്നു. ഈ സ്ഥലം ഇപ്പോള്‍ തപോഗിരിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെവെച്ച് ശുഭാനന്ദന് സിദ്ധി കൈവന്നുവെന്നാണ് വിശ്വസിക്കുന്നത്. 1918 ല്‍ നാട്ടില്‍ തിരിച്ചെത്തി മാവേലിക്കരയിലെ കൊറ്റാര്‍കാവില്‍ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചുകൊണ്ട് ആത്മീയ പ്രവര്‍ത്തനത്തിലും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഈ കാലത്തുതന്നെ ചെറുകോലിലും കല്ലിമേലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. കേരളത്തിലെ ജാതിഭ്രാന്തന്മാരുടെ സംഘടിതമായ ജാതിവിരുദ്ധ നിലപാടുകള്‍ക്കെതിരെ സ്വാമി തന്റെ ആത്മീയ പ്രവര്‍ത്തന തലങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു.

പറയ സമുദായക്കാരനായ ശുഭാനന്ദസ്വാമികള്‍ക്ക് വേദാന്തം പറയാന്‍ എന്ത് അവകാശമെന്നു ചോദിച്ച ജാതിശക്തികള്‍ക്കെതരിരേ ശുഭാനന്ദസ്വാമികള്‍ 1919 ല്‍ ഓച്ചിറ പടനിലത്ത് നടത്തിയ ആത്മീയ പ്രഭാഷണം സവര്‍ണ ഹിന്ദുത്വത്തെ തച്ചുതകര്‍ക്കുന്നതായിരുന്നു. ഇന്ത്യയിലെ വേദേതിഹാസങ്ങള്‍ ഒന്നുംതന്നെ സവര്‍ണ ഹിന്ദുവിന്റേതായിരുന്നില്ല. ആ വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു എന്ന വാക്കുപോലും ഉച്ചരിക്കുന്നില്ല. അതില്‍ നിന്നും വേദങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാണ്. ആ വേദങ്ങള്‍ രചിച്ചത് ഇന്ത്യയിലെ പൂര്‍വനിവാസികളായ ദ്രാവിഡഗോത്ര പണ്ഡിതന്മാരായിരുന്നു എന്ന വസ്തുതയും ഊറ്റം പിടിച്ച സവര്‍ണ ഹിന്ദുക്കള്‍ക്കറിയില്ലല്ലോ. അതായിരിക്കണം സ്വാമിയുടെ ആത്മീയ പ്രഭാഷണം കേട്ട ജാതിവെറിയന്മാര്‍ വിറലി പിടിച്ചതും ഓടിയതും മറ്റും.

ഓച്ചിറ പടനിലത്തെ ആത്മീയ പ്രഭാഷണത്തോടെ സവര്‍ണ ഹിന്ദുക്കള്‍ ശുഭാനന്ദസ്വാമികള്‍ക്കെതിരെ തിരിഞ്ഞു. ധാരാളം ശത്രുക്കള്‍ സ്വാമികള്‍ക്കുണ്ടായി. ഹിന്ദുത്വത്തിന്റെ അംഹംഭാവം തിരിച്ചറിഞ്ഞ സ്വാമികള്‍ നിരന്തരം പോരാട്ടത്തിനുതന്നെ ഉറച്ചു. അനാചാരങ്ങള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരേ സന്ധിയില്ലാ പോരാട്ടമല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് സ്വാമികള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനുവേണ്ടി ഒരുപുതിയ ആത്മീയ ധാരതന്നെ സ്വാമികള്‍ ഉയര്‍ത്തിക്കാട്ടി. കാരായ്മ ചന്തയില്‍ വെച്ച് കുക്കു സായ്പിന്റെ മതപ്രസംഗത്തിനതിരെ അതേ വേദിയില്‍ വെച്ചുതന്നെ ആദര്‍ശപ്രസംഗത്തിന് സ്വാമികള്‍ മുതിര്‍ന്നത് അപരിഷ്‌കൃതരും അടിമകളുമായിരുന്ന ഒരു ജനസഞ്ചയത്തെ മുന്നോട്ടു തെളിക്കാനായിരുന്നു. ഇത് സ്വാമികളുടെ പോരാട്ട ചരിത്രത്തിലെ പ്രോജ്വലിക്കുന്ന മറ്റൊരു അധ്യായമാണ്.

ശുഭാനന്ദസ്വാമികള്‍ 1926 ല്‍ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ മുഖം കാണിച്ചു. കാണുകമാത്രമല്ല ആശയവിനിമയം നടത്തുകയും ഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തു. ശുഭാനന്ദന്റെ ആത്മബോധോദയ സംഘത്തിലെ ഒരു പ്രധാന അംഗമാണ് താനെന്ന് ശ്രീനാരായണഗുരു അവിടെവെച്ച് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവുമായുള്ള ശുഭാനന്ദസ്വാമികളുടെ ബന്ധം തുടര്‍ന്നും ഉണ്ടായിരുന്നു. നാരായണഗുരു നിര്യാതനായ ശേഷവും ശിവഗിരിയു മായുള്ള ബന്ധം ശുഭാനന്ദസ്വാമികള്‍ തുടര്‍ന്നിരുന്നു.

1930 ഫെബ്രുവരി മാസത്തില്‍ കൊല്ലം ആലുംമൂട്ടില്‍ വെച്ച് എ കെ ഗോവിന്ദന്റെ രക്ഷാധികാരിത്വത്തില്‍ ഒരു മത മഹാസമ്മേളനം നടത്തി. ആര്‍ട്ടിസ്റ്റ് രാമവര്‍മത്തമ്പുരാന്‍, ധര്‍മതീര്‍ത്ഥര്‍സ്വാമി, ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവരോടൊപ്പം ശുഭാനന്ദസ്വാമികളും പങ്കെടുത്തിരുന്നു. എ കെ ഗോവിന്ദന്റെ ക്ഷണപ്രകാരമാണ് ദലിതാനായ ശുഭാനന്ദസ്വാമികളും എത്തിച്ചേര്‍ന്നത്. 1932 ല്‍ സ്വാമികള്‍ ശുഭാനന്ദ മോട്ടോര്‍ കമ്പനിയും നെയ്ത്തുശാലയും സ്ഥാപിച്ചു. തന്റെ ജനതയുടെക്ഷേമം ഉറപ്പാക്കാന്‍ വേണ്ടിയാണ് ആത്മീയ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് മോട്ടോര്‍ കമ്പനിയും നെയ്ത്തുശാലയും മറ്റും സ്ഥാപിക്കാന്‍ സ്വാമി തയാറായത്.

ഈ താത്പര്യം മുന്‍നിര്‍ത്തി ആത്മീയ നവോത്ഥാന പ്രവര്‍ത്തികള്‍ക്കൊപ്പം തന്നെ 1934 ല്‍ തിരുവിതാംകൂറിലെത്തിയ ഗാന്ധിജിയെ മാവേലിക്കരവെച്ച് രാജകുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ശുഭാനന്ദസ്വാമികള്‍ സ്വീകരിച്ചു. സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയ ഗാന്ധിജി ആത്മീയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്കുകയും, ശുഭാനന്ദസ്വാമി കളുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യചരിത്രത്തില്‍ ഒളിമങ്ങാത്തതാണെന്നും അഭിപ്രായപ്പെട്ടു. അതേവര്‍ഷം തന്നെ ശുഭാനന്ദസ്വാമികള്‍ തന്റെ ശിഷ്യന്മാരോടൊപ്പം കവടിയാര്‍കുന്ന് കൊട്ടാരത്തിലെത്തി രാജപ്രമുഖനായ ചിത്തിരതിരുനാള്‍ രാമവര്‍മ മഹാരാജാവിനെ മുഖംകാണിച്ച് ദലിതര്‍ അനുഭവിക്കുന്ന പാരതന്ത്ര്യത്തെക്കുറിച്ചും ജീവിതദുരുതങ്ങളെ കുറിച്ചുമെല്ലാം തിരുമുമ്പില്‍ ബോധിപ്പി ക്കുകയുണ്ടായി. ഇത്തരം കാര്യങ്ങളുടെ തീവ്രത തനിക്ക് അറിയില്ലായിരുന്നുവെന്നും എല്ലാ ആവലാതികള്‍ക്കും സങ്കടങ്ങള്‍ക്കും അറുതിവരുത്താന്‍ ശ്രമിക്കുമെന്നും മഹാരാജാവ് അറിയിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് തിരുമനസുകൊണ്ട് പുറപ്പെടുവിക്കു കയുണ്ടായി. ശുഭാനന്ദസ്വാമികളുടെ കൂടി സംഭാഷണ ഫലമാണ് ഈ ക്ഷേത്രപ്വേശന വിളബംരം എന്ന കാര്യം ഇന്നും അജ്ഞാതമാണ്. ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെത്തി മുഖം കാണിച്ച ഏക ദലിതന്‍ ശുഭാനന്ദഗുരുസ്വാമികള്‍ മാത്രമാണ്. പിന്നീട് മറ്റൊരു ദലിതനും രാജകൊട്ടാരത്തി ലെത്താന്‍ കഴിഞ്ഞില്ല. മഹാരാജാവിന്റെ ജീവചരിത്രമെഴുതിയ ദലിതനായ എഴുത്തുകാരനെ പോലും മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി നിഷ്‌കരുണം കാണാന്‍ അനുവദിക്കാത്ത ചരിത്രമാണുള്ളത്.

സമാധാനത്തിന്റേയും ഒരുമയുടേയും സന്ദേശം പ്രചരിപ്പിക്കാനായിട്ടാണ് ആത്മബോധോദയസംഘമുണ്ടാക്കിയത്. മായാന്ധകാരത്തില്‍ മറവായിരിക്കുന്ന സത്യധര്‍മത്തെ തെളിയിക്കുകയും, സത്യവും ധര്‍മവും പാലിക്കുകയും ചെയ്യണമെന്നും സ്വാമികള്‍ വിശ്വസിച്ചു. പഞ്ചമഹാപാപങ്ങളായ വ്യഭിചാരം, മദ്യപാനം, പരോപദ്രവം, ഹിംസ, വിഗ്രഹാരാധന മുതലായവയില്‍ നിന്നു വിട്ടുനില്ക്കാനും ്അവനവന്റെ ഉള്ളില്‍ വാഴുന്ന പരമാത്മസ്വരൂപനെ കണ്ടെത്തുവാനും സ്വാമികള്‍ പറഞ്ഞു. അദ്ദേഹത്തി ന്റെ അരുളപ്പാടുകളായിട്ടാണ് പുറത്തുവന്നതെങ്കിലും ലളിതവും മഹത്തരവുമായ ആത്മീയ ആ ചിന്ത ഇന്ത്യയില്‍ നൂതനവും വിപ്ലവകരമവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ദലിത് ജനതയുടെ ഉണര്‍വിനും ഉയിര്‍ത്തെഴു നേല്പ്പിനും കാരണമായിത്തീര്‍ന്നിരുന്നു. ആറു പതിറ്റാണ്ടിലേറെ ആത്മീയ നവോത്ഥാന രംഗത്തെ അതികായനായി പ്രശോഭിച്ചിരുന്ന ശുഭാനന്ദസ്വാമികള്‍ 1950 ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തുവെച്ച് അന്തരിച്ചു. ആത്മീയ നവോത്ഥാന ത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്തി ആ നാമം നമ്മെ പരിരംഭണം ചെയ്യുന്നു.