"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

മതേതര ജനാധിപത്യ മുന്നണി അധികാര ബഹിഷ്‌കൃതര്‍ ആഗ്രഹിക്കുന്ന ബദല്‍ രാഷ്ട്രീയ മുന്നണി - വി. ഐ. ബോസ് വാകത്താനം


കേരളത്തില്‍ ഇപ്പോള്‍ പ്രബലമായ മൂന്ന് രാഷ്ട്രീയ മുന്നണികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവരം എല്ലാവര്‍ക്കും അറിയാം. അതിനിടയില്‍ മറ്റൊരു രാഷ്ട്രീയ മുന്നണി കൂടിയോ എന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് നിക്ഷിപ്ത താല്പര്യം ഉള്ള ചില പത്ര - ദൃശ്യമാധ്യമങ്ങള്‍ മതേതര ജനാധിപത്യ മുന്നണിയുടെ വാര്‍ത്തകള്‍ ബോധപൂര്‍വ്വം നമസ്‌കരിക്കും എന്നത് സ്വാഭാവികമാണ്. കേരളമല്ലേ, അതും അതിലപ്പുറവും നമ്മള്‍ മൂന്‍കൂട്ടി കാണേണ്ടതാണ്.

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സ്റ്റ്) യുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്, ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. എന്നീ മൂന്ന് രാഷ്ട്രീയ മുന്നണികളാണ് നിലവിലുള്ളത്. എന്നാല്‍ പ്രസ്തുത രാഷ്ട്രീയ മുന്നണികളില്‍ ഇതുവരെ ഉള്‍പ്പെടാത്തവരും യഥാര്‍ത്ഥ മതേതര ജനാധിപത്യവാദികളുമായ ആറ് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് ചില പൊതു മിനിമം പരിപാടികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഒരു രാഷ്ട്രീയ മുന്നണിയാണ് മതേതര ജനാധിപത്യ മുന്നണി (Secular Democratic Front - SDF), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (R.P.I), കേരള ജനതാ പാര്‍ട്ടി (K.J.P) സമാജ് വാദി പരിഷത്ത് (S.J.P) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (S.R.P) കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (K.S.P) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (P.S.P) എ്രന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ മതേതര ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കക്ഷികളും എസ്.ഡി.എഫില്‍ ഘടക കക്ഷികളായി വരാന്‍ സാദ്ധ്യതയുണ്ട്. അവരില്‍ ചിലരെല്ലാം മതേതര ജനാധിപത്യ മുന്നണി നടത്തിയ സമര പരിപാടികളില്‍ പങ്കെടുക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മതേതര ജനാധിപത്യ മുന്നണിയുടെ കാലിക പ്രസക്തി എന്താണ് ? പ്രസക്തി ഉണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന വര്‍ ധാരാളം. അവര്‍ക്കുള്ള ഉചിതമായ ഉത്തരം ഭാവി കാലം നല്‍കും. എല്ലാക്കാലത്തും അധികാരത്തില്‍ നിന്നും ബോധപൂര്‍വ്വം അകറ്റി നിര്‍ത്തപ്പെട്ട ദലിത് - പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവര്‍ക്ക് രാഷ്ട്രീയ അവബോധം ഉണ്ടാകുകയും തങ്ങളുടെ കൈകളില്‍ തന്നെ അധികാര പങ്കാളിത്തം ഉണ്ടാകണമെന്ന ആത്മാഭിമാനവും ദിശാബോധവും ഉണ്ടാകുകയും ചെയ്യുമ്പോള്‍ മതേതര ജനാധിപത്യ മുന്നണിയുടെ പ്രസക്തി നിസംശയം വ്യക്തമാകും.

കേരളത്തിലെന്ന പോലെ ഇന്ത്യാ രാജ്യത്തും രണ്ടാം യു.പി.എ സര്‍ക്കാര്‍ വരെ (1984 - ലെ ശ്രീ. രാജീവ് ഗാന്ധി യുടെ സര്‍ക്കാരിന് ശേഷം) മുന്നണി സര്‍ക്കാരുകളാണ് രാജ്യം ഭരിച്ചിരുന്നത്. തെരഞ്ഞെടുപ്പികളില്‍ ഭൂരിപക്ഷം കരസ്ഥമാകുന്ന രാഷ്ട്രീയ മുന്നണികളാണ് മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രാഷ്ട്രീയ മുന്നണികളിലെ ഘടക കക്ഷികള്‍ക്ക് നയങ്ങളിലും പരിപാടികളിലും സമാനതകള്‍ ഉണ്ടായിരിക്കണമെന്നില്ല. തത്വധിഷ്ഠിത രാഷ്ട്രീയ നിലപാടുകള്‍ വേണമെന്നില്ല. മാര്‍ഗ്ഗം എന്തായിരുന്നാലും ലക്ഷ്യത്തില്‍ എത്തുക. ഭരണത്തില്‍ പങ്കാളിത്തം നേടുക എന്നതു മാത്രമാണ് മുന്നണി രാഷ്ട്രീയത്തിന്റെ ഏക ലക്ഷ്യം. രാഷ്ട്രീയ മുന്നണിയുടെ ഭാഗമായാല്‍ ഒരു എം.എല്‍.എ യോ, ഒരു എം.പി.യോ മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിക്കും. അതാണ് മുന്നണി രാഷ്ട്രീയത്തിന്റെ ഹിഡണ്‍ അജണ്ട.

നമ്മുടെ സംസ്ഥാനത്ത് യു.ഡി.എഫും എല്‍.ഡി.എഫും ഭരണത്തില്‍ വന്നു. മുന്നണികള്‍ ഏതുമാകട്ടെ ഭരണം നഷ്ടപ്പെട്ട് വെളിയില്‍ വരുമ്പോള്‍ അവര്‍ക്ക് ഒരു നയം. അവര്‍ വീണ്ടും ഭരണത്തില്‍ കയറുമ്പോള്‍ മറ്റൊരു നയം. ഇങ്ങനെ മാറി വരുന്ന മുന്നണി സര്‍ക്കാരുകളുടെ ഭരണം മൂലം ഏറെ നഷ്ടം ഉണ്ടായത് ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ജനങ്ങള്‍ക്കാണ്. അര്‍ഹമായ ഭരണ പങ്കാളിത്തം ഇല്ലാത്തതു കൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്.

ഉദാഹരണത്തിന് , എല്ലാവര്‍ക്കും ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ തുടങ്ങിയ ഒരു സാധാരണ പൗരന്റെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും രാജ്യം സ്വതന്ത്ര്യം നേടി 68 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികാരത്തില്‍ കയറിയ ഒരു സര്‍ക്കാരും ആത്മാര്‍ത്ഥമായ നടപടികള്‍ സ്വീകരിച്ചില്ലായെന്ന പരാതി നിലനില്ക്കുന്നു.


1957 ലെ സഖാ . ഇം.എം.എസ്സ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ആരംഭിച്ച ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി നല്‍കി കേരളത്തെ ഭൂരഹിത സംസ്ഥാനമാക്കി മാറ്റുമെന്ന 2013 മെയ് 27 - ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം അവര്‍ തന്നെ അട്ടിമറിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് നിയമ വിരുദ്ധമായി സര്‍ക്കാര്‍ ഭൂമി 1000 - ത്തോളം ഏക്കറുകള്‍ പതിച്ചു നല്‍കുന്ന ദുരുഹ സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുമ്പ് കോണ്‍ഗ്രസ് മുന്നണിക്ക് സാധാരണക്കാരില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ യു.ഡി.എഫ് എന്റെ ഇത്തരം വഞ്ചന നടപടികള്‍ വിള്ളല്‍ ഉണ്ടാക്കും തീര്‍ച്ച.

'അധികാര സ്ഥിരത സവര്‍ണ്ണര്‍ക്ക്'എന്ന അലിഖിത വ്യവസ്ഥയെ അതിജീവിക്കാന്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവര്‍ക്ക് ഇനി ഒരേയൊരു മാര്‍ഗമേ ഉള്ളു. അങ്ങനെ ഇക്കാ ല മാത്രയും വഞ്ചിച്ച രാഷ്ട്രീയ പാര്‍ട്ടികളെയും, മുന്നണി സര്‍ക്കാരുകളെയും തള്ളിക്കളയുക. രാഷ്ട്രീയമായി മാറി ചിന്തിക്കുക. അതാണ് 'മതേതര ജനാധിപത്യ മുന്നണി്'. സംവരണ മണ്ഡലങ്ങള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ 16 ദലിതരെങ്കിലും ഇന്നും നിയമസഭയില്‍ എത്തുന്നത്. സംവരണം ഇനി എത്ര കാലം കാണുമെന്ന ആശങ്ക രാജ്യത്താകെ വ്യാപിച്ചിരിക്കുന്നു. ആയതിനാല്‍ സംവരണത്തിന്റെ ഇടുക്ക് വാതലിലൂടെ കടക്കാതെ സ്വന്തം ശക്തിയില്‍ ആശ്രയിച്ച് ഭരണ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവര്‍ പരിശ്രമിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാലില്‍ ഉറച്ച് നിന്ന് കൊണ്ട് പോരാട്ടം നടത്തി നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് ചെറുതാണെങ്കില്‍ പോലും ആ ജനതക്ക് അഭിമാനിക്കാം. കൂടാതെ മറ്റുള്ളവരുടെ സൗജന്യത്തിലാണ് ( സംവരണം) കീഴാള ജനത ജീവിക്കുന്നതെന്ന ദുഷ്‌പ്പേരും ഇല്ലാതാക്കാന്‍ കഴിയും. ഇത്തരം ചിന്തകള്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ജനതയില്‍ കടുന്നു കൂടിയിട്ട് ഒട്ടേറെക്കാലമായി. ഈ ജനത വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയ ചേരിയാണ് 'മതേതര ജനാധിപത്യ മുന്നണി്' (എസ്.ഡി.എഫ്)

പൊതുമിനിമം പരിപാടികള്‍
1. ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക.
2. എല്ലാ എയ്ഡഡ് - സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തുക.
3. ഇറക്കുമതി നിരോധിച്ച് റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില നിശ്ചയിച്ച് കര്‍ഷകരെ സംരക്ഷിക്കുക.
4. അന:ധികൃത കയ്യേറ്റ ഭൂമികളും മിച്ച ഭൂമിയും പിടിച്ചെടുത്ത് എല്ലാ ഭൂരഹിതര്‍ക്കും ഒരേക്കര്‍ കൃഷി ഭൂമി വിത രണം ചെയ്യുക.
5. നിത്യോപയോഗ സാധനങ്ങളുടെയും ജീവന്‍ രക്ഷാ മരുന്നുകളുടേയും വിലക്കയറ്റം നിയന്ത്രിക്കാന്‍ ജൂഡീഷ്യല്‍ അധികാരമുള്ള ഒരു കമ്മീഷനെ അദ്ധ്യക്ഷനായിട്ടുള്ള ഒരു സംസ്ഥാന ബോര്‍ഡ് രൂപീകരിക്കുക.
6. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനങ്ങളില്‍ സംവരണം കര്‍ശനമായി നടപ്പാക്കുക.
7. മതത്തിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും അനുവദിക്കുന്നതും അവസാനിപ്പിക്കുക.
8. സാമുദായിക ക്വോട്ടോ ഉറപ്പു വരുത്തി നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം അനുവദിക്കുക.
9. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ വിഭാഗങ്ങളുടേയും നിയമനങ്ങളിലെ ഒഴിവ് ( ബാക്‌ലോഗ്) നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപ്പാക്കുക.
10. സംസ്ഥാനത്തെ മുഴുവന്‍ കോളനികളുടെയും അടിസ്ഥാന വികസനത്തിന് പ്രത്യേക പാക്കേജ് അംഗീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക.
11. എല്ലാ ഭവന നിര്‍മ്മാണ - വിദ്യാഭ്യാസ സര്‍ക്കാര്‍ വായ്പാ കുടിശ്ശികകളും എഴുതി തള്ളുക.
12. വിദ്യാഭ്യാസ വാണിജ്യ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍, നിയമങ്ങള്‍ റദ്ദാക്കുക. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക.

തെരഞ്ഞെടുപ്പുകളില്‍ ഇടപെടുക എന്നത് തന്നെയാണ് മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യം . എന്നാല്‍ മുന്നണിതത്വത്തില്‍ അംഗീകരിച്ച പൊതുമിനിമം പരിപാടികള്‍ വിശദീകരിച്ച് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമ്മേളനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനുശേഷം എസ്.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ രൂപീകരണവും അടിയന്തരമായി നടത്തും. ഇതിനെല്ലാം സമയം ആവശ്യമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തുടരുന്നതാണ്, എങ്കിലും കഴിയുന്നത്ര മണ്ഡലങ്ങളില്‍ S.D.F സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതാണ്. ഒരു കാര്യം ഉറപ്പാണ്. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, കുമ്മനം രാജശേഖരന്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മതേതര ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതായത് പാര്‍ശ്വവത്കൃതജനതയെ മുന്‍നിര്‍ത്തി വരേണ്യവര്‍ഗ്ഗ താത്പര്യം സംരക്ഷിക്കുന്ന വ്യവസ്ഥാപിത അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ഇടതു വലതു, ബി.ജെ.പി. മുന്നണികള്‍ക്കു എതിരെയുള്ള ശക്തമായ ബദല്‍ രാഷ്ട്രീയ മുന്നണിയായി ജനതാല്പര്യത്തെ മുന്‍നിര്‍ത്തിയുള്ള നയപരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷപ്രസ്ഥാനം എന്ന നിലയിലായിരിക്കും മതേതര ജനാധപത്യമുന്നണിയുടെ വരുംകാല രാഷ്ട്രീയം ഉരുത്തിരിയുന്നത്.
(തുടരും.....)


വി. ഐ. ബോസ് വാകത്താനം   9447977685