"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ശ്രീമൂലം പ്രജാസഭയില്‍ ചരിത്രത്തില്‍ ആദ്യത്തെ അവര്‍ണ പ്രതിനിധി - കുന്നുകുഴി എസ് മണി


ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ് ചരിത്രത്തില്‍ ആദ്യമായി ഒരു അയിത്ത ജാതിക്കാരന്‍ നിയമനിര്‍മ്മാണ സഭയില്‍ എത്തിച്ചേരുന്നത്. ആ ചരിത്ര നിയോഗത്തിന് കാരണക്കാരനായത് കേരളത്തിലെ അയിത്ത ജനവിഭാഗ ങ്ങളുടെ പടത്തലവനും ആംഗ്യഭാഷയില്‍ ചട്ടമ്പിയുമായ അയ്യന്‍കാളിയായിരുന്നു. അതുവരെ പുലയര്‍ തുടങ്ങിയ പതിത ജനതയുടെ ദുഃസ്ഥിതികളെക്കുറിച്ച് ഭരണതലത്തില്‍ പറയുവാന്‍ ആ വിഭാഗത്തില്‍ നിന്നും ഒരാള്‍ ഉണ്ടായിരുന്നില്ല. പകരം ആ ജനവിഭാഗങ്ങളുടെ കാര്യങ്ങള്‍ ഉണര്‍ത്തിക്കുവാന്‍ നിയമിച്ചിരുന്നത് സവര്‍ണജാതിക്കാരനും സുഭാഷിണി പത്രത്തിന്റെ പത്രാധിപരുമായിരുന്ന പി.കെ.ഗോവിന്ദപ്പിള്ളയായിരുന്നു.

തിരുവിതാംകൂറില്‍ ജനാധിപത്യത്തിന്റെ പ്രാകൃത പതിപ്പിന് രൂപം നല്‍കിയത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നു. അദ്ദേഹം തന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് 1888-ല്‍ 'ലെജിസ്ലേറ്റീവ് കൗണ്‍സില്‍' സ്ഥാപിക്കാന്‍ മുതിര്‍ന്നത്. മൂന്ന് അനൗദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. കൗണ്‍സിലിന്റെ അദ്ധ്യക്ഷന്‍ ദിവാനായിരുന്നു. 1898-ല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ കൂട്ടി. ഏറ്റവും കുറഞ്ഞത് എട്ടും ഏറ്റവും കൂടിയത് പതിനഞ്ചുമാക്കി. 1904-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലനിറുത്തിക്കൊണ്ടു തന്നെ 'ശ്രീമൂലം പ്രജാസഭ'അല്ലെങ്കില്‍ 'പോപ്പുലര്‍ അസംബ്ലിയും പ്രവര്‍ത്തന നിരതമാക്കി. അറുനൂറില്‍ ഏറെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ തിരുവിതാംകൂറിലാണ് ആദ്യമായി ജനാധിപത്യത്തിന്റെ ആദ്യരൂപമായ നിയമിര്‍മ്മാണ സഭരൂപം കൊണ്ടതെന്നത് ശ്രദ്ധേയമാണ്. ശ്രീമൂലംതിരുനാളാണ്‌വിപ്ലവകരമായ ഈ ഭരണ പരിഷ്‌കാരത്തിന് തുടക്കമേകിയത്.

തിരുവിതാംകൂര്‍ രാജ്യത്തെ ഭരണ കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനു വേണ്ടിയാണ് കൂടുതല്‍ ജനകീയ സ്വഭാവമുള്‍ക്കൊള്ളുന്ന ശ്രീമൂലം പ്രജാസഭയുടെ രൂപീകരണത്തിന് തുടക്കം കുറിച്ചത്. പ്രജാസഭയിലേക്ക് ജനപ്രതിനിധികളെ നോമിനേറ്റ് ചെയ്തിരുന്നത് രാജഭരണകൂടമായിരുന്നു. ലജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് ഒരു നിശ്ചിത ശതമാനം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശവും പ്രജാസഭയിലെ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. 1920-ല്‍ ഉണ്ടാക്കിയ ആക്ട് പ്രകാരം ലജിസ്ലേറ്റീവ് കൗണ്‍സിന്റെ അംഗസംഖ്യ 15-ല്‍ നിന്നും 25 ആക്കി ഉയര്‍ത്തി. എന്നാല്‍ 1922-ല്‍ പുറപ്പെടുവിച്ച മറ്റൊരു ആക്ടില്‍ കൗണ്‍സിലിന്റെ അംഗസംഖ്യ 25-ല്‍ നിന്നും 50 ആക്കി ഉയര്‍ത്തി. അതെസമയം അനൗദ്യോഗിക അംഗങ്ങളുടെ സംഖ്യ 35 ആയി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ 28 പേരെ പൊതു നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രത്യേകനിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള വ്യവസ്ഥയും നിലവിലുണ്ടാക്കി. 5 രൂപ കരം തീരുവയുണ്ടായിരുന്നവര്‍ക്കും സ്ത്രീകള്‍ക്കും സമ്മതിദാനാവകാശവും വ്യവസ്ഥപ്പെടു ത്തിയിരുന്നു. എന്നാല്‍ ഭരണപരമായ രംഗങ്ങളിലോ സര്‍ക്കാര്‍ ഉദ്യോഗനിയമ ങ്ങളിലോ പുലയര്‍ തുടങ്ങിയ അയിത്ത ജാതിവിഭാഗങ്ങള്‍ക്ക് യാതൊരു അവകാശവും നിലവിലില്ലായിരുന്നു. അതെസമയം ഈഴവര്‍ക്ക് ഉദ്യോഗത്തില്‍ നിയമനം ലഭിച്ചിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരമെന്നോണം അതാത് വിഭാഗത്തിന്റെ പ്രതിനിധികളെ ശ്രീമൂലം പ്രജാസഭയില്‍ നോമിനേറ്റ് ചെയ്തിരുന്നത് പോലെതന്നെ അവര്‍ണ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ പ്രതിനിധിയെ കൂടി നിയോഗിക്കാനും സര്‍ക്കാര്‍ തയ്യാറായി. 1911 ഫെബ്രുവരിയില്‍ പുലയരുടെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനും പരിഹാരം തേടുന്നതിനും, ശ്രീമൂലം പ്രജാസഭയിലേയ്ക്ക് പുലയരുടെ ആദ്യ പ്രതിനിധിയായി 'സുഭാഷിണി' മാസിക പത്രാധിപരായ പി.കെ.ഗോവിന്ദപ്പിള്ളയെ നോമിനേറ്റ് ചെയ്തു.

ഗോവിന്ദപ്പിള്ള പ്രജാസഭയില്‍ പുലയരുടെ പ്രതിനിധി ആയതോടെ അയിത്തവിഭാഗ ക്കാരുടെ അവശതകളെക്കുറിച്ചും അവരുടെ അന്നത്തെ സ്ഥിതിവിവരക്കണക്കും മറ്റും അന്വേഷിച്ചു കണ്ടെത്തുകയും, പുലയര്‍ തുടങ്ങിയവരുടെ കഷ്ടസ്ഥിതികളെ സംബന്ധിച്ച് ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. 1911 ഫെബ്രുവരി 13 തിങ്കളാഴ്ച പ്രജാസഭയുടെ ഏഴാമത്തെ സമ്മേളനത്തില്‍ പി.കെ.ഗോവിന്ദപ്പിള്ള ഇങ്ങനെ അവതരിപ്പിച്ചു:


''സംസ്ഥാനത്തുള്ള പുലയരുടെ ജനസംഖ്യ അഞ്ചു ലക്ഷത്തിലേറെയുണ്ട്. അതില്‍ മൂന്നിലൊരു ഭാഗം വടക്കന്‍ തിരുവിതാംകൂറിലാണ്. അവരെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ പ്രധാനം പാര്‍പ്പിടം ഇല്ലാത്തതാണ്. അവര്‍ക്ക് കൃഷിചെയ്യുന്നതിനും കുടിലുകള്‍ കെട്ടി താമസിക്കുന്നതിനുമായി കുറച്ചുഭൂമി അവരുടെ പേരില്‍പതിച്ചു കൊടുക്കേണ്ടതാണ്. ഈ പുലയരുടെ സഹായമില്ലാതെ ഇവിടത്തെ സമ്പന്നന്മാരായ ഭൂവുടമകള്‍ക്ക് കൃഷി ചെയ്യുവാന്‍ സാദ്ധ്യമല്ല. അപേക്ഷ നല്‍കുന്ന പുലയര്‍ക്ക് പുറം പോക്കുഭൂമി പതിച്ചു കൊടുക്കണം. ഇപ്പോള്‍ റവന്യു അധികാരികള്‍ പുലയരുടെ അപേക്ഷകള്‍ക്ക് യാതൊരു പരിഗണനയും നല്കിപോരുന്നില്ല. അവര്‍ പതിച്ചുകിട്ടാന്‍ അപേക്ഷിക്കുന്ന ഭൂമിയെല്ലാം സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഇതരജാതിക്കാര്‍ ക്കാണ് കിട്ടുന്നത്. ഭൂമി പതിച്ചുകിട്ടാന്‍ അപേക്ഷ അയയ്ക്കുന്ന പുലയര്‍ക്ക് പ്രത്യേക പരിഗണന നല്കിയേ തീരൂ. തന്റെ യജമാനനുവേണ്ടി കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തുള്ള പുറമ്പോക്കു ഭൂമി കൃഷി ചെയ്യുന്ന പുലയനു പതിച്ചു നല്‍കണം. അങ്ങിനെ തന്റെ പുലയര്‍ക്ക് ഭൂമി ലഭിക്കുന്നതിന് യാതൊരു എതിര്‍പ്പും ഇല്ലെന്നാണ് പല കൃഷിക്കാരോടും ഭൂവുടമകളോടും അന്വേഷിച്ചതില്‍ നിന്നും എനിക്കു മനസ്സിലായത്.'' ''ഗോവിന്ദപ്പിള്ളയുടെ ഈ വാദങ്ങള്‍ക്ക മറുപടിയായി ദിവാന്‍ പി.രാജഗോപാലാചാരി പുലയര്‍ക്ക് പതിച്ചുകൊടുക്കണമെന്നുദ്ദേശിക്കുന്ന ഭൂമിയുടെ ഒരു പട്ടിക മെമ്പര്‍ തന്നെ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.'' 1911 ഫെബ്രുവരി 17ന് പുലയര്‍ക്കുവേണ്ടിയുള്ള വാദം ശ്രീമൂലം പ്രജാസഭയില്‍ മെമ്പര്‍ ഗോവിന്ദ തുടര്‍ന്നു. ''സര്‍ക്കാര്‍ അനുവാദം ഉണ്ടായിട്ടും പുലയര്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കാതിരുന്ന തിനെ വിമര്‍ശിച്ചുകൊണ്ട് പുലയര്‍ക്ക് വിശേഷാല്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കേണ്ട തിന്റെ പ്രാധാന്യം അദ്ദേഹം എടു ത്തു പറഞ്ഞു. നിശാപാഠ ശാലകള്‍ സ്ഥാപിച്ചും സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയും പുലയരുടെയിടയില്‍ വിദ്യാഭ്യാസം നടത്തണമെന്ന് അദ്ദേഹം വാദിച്ചു. എക്‌സൈസ് തുടങ്ങിയ വകുപ്പുകളില്‍ പുലയര്‍ക്ക് ജോലി ചെയ്യുവാന്‍ അവകാശം നല്‍കിയിരുന്നുവെങ്കിലും നാമമാത്രമായേ അത് നടപ്പാക്കുന്നുള്ളു. മേലുദ്യോഗസ്ഥന്മാരില്‍ നിന്നുള്ള പീഡനവും ഏല്‍ക്കേണ്ടിവരുന്നു. പുലയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നും ഗോവിന്ദപ്പിള്ള അപേക്ഷിച്ചു. ആശുപത്രികളിലെ പുലയവാര്‍ഡുകളില്‍ ശിപായിമാരായിട്ടെങ്കിലും പുലയരെ നിയമിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.'' സുഭാഷിണി പത്രാധിപരും പുലയമെമ്പറുമായ ഗോവിന്ദപ്പിള്ളയുടെ ഈ പ്രസംഗത്തിന് മറുപടിയായി ദിവാന്‍ പി.രാജഗോപാലാചാരി സഭയെ ഇങ്ങനെ അറിയിച്ചു. ''മെമ്പര്‍ ബോധിപ്പിച്ച നിവേദനങ്ങളെ നോട്ടു ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പുലയര്‍ക്കുള്ള വാര്‍ഡുകളുടെ എണ്ണത്തെ കൂട്ടണമെന്നുള്ള വിഷയത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതാണ്. പുലയന്മാരില്‍ പരീക്ഷകള്‍ ജയിച്ചിട്ടുള്ളവരുടെ ഒരു ലിസ്റ്റ് മെമ്പര്‍ ചീഫ്‌സെക്രട്ടറിക്ക് അയയ്ക്കണം. അവരെ ഗുണപ്പെടുത്താന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് നോക്കുന്നതാകുന്നു.'' 2 പിന്നീട് ഗോവിന്ദപ്പിള്ള അതിപ്രധാനമായ മറ്റൊരു വിഷയംപ്രജാസഭയില്‍ അവതരിപ്പിച്ചു. ''സഭാ യോഗത്തില്‍ ആദ്യത്തെ തവണയായി പുലയന്മാരുടെ കാര്യങ്ങളെ പ്രതിപാദിക്കുന്നതിന് അനുവദിച്ചതിലേയ്ക്ക് ഞാന്‍ ഗവണ്‍മെന്റിന്റെ നേര്‍ക്ക് കൃതജ്ഞനായിരിക്കുന്നു. ജനങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഈ അപേക്ഷയെ അനുവദിക്കുന്നതിന് ഗവണ്‍മെന്റ് മനസ്സുണ്ടെന്നുവരികിലും അടുത്ത യോഗത്തില്‍ അവരില്‍ ഒരാള്‍ തന്നെ യോഗത്തില്‍ ഹാജരായിരിക്കുന്നതിനും അവരുടെ ആവശ്യങ്ങളെ യോഗത്തില്‍ ബോധിപ്പിക്കുന്നതിനും അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.'' 3 പുലയമെമ്പര്‍ ഗോവിന്ദപ്പിള്ള പ്രജാസഭയില്‍ അവതരിപ്പിച്ച അപേക്ഷയിന്മേല്‍ മെമ്പര്‍മാരുടെ അഭിപ്രായം ദിവാന്‍ സഭയില്‍ ആരാഞ്ഞു. മെമ്പര്‍മാരില്‍ ആരും തന്നെ എതിരഭിപ്രായം പറഞ്ഞില്ല. ഗോവിന്ദപ്പിള്ളയുടെ അപേക്ഷ സഭ അംഗീകരിക്കുകയും ശ്രീമൂലം പ്രജാസഭയുടെ അടുത്ത യോഗത്തില്‍ പുലയരുടെ സങ്കടങ്ങള്‍ നേരിട്ട് ബോധിപ്പിക്കുന്നതിന് ഒരു പുലയമെമ്പറെത്തന്നെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്നും ദിവാന്‍ രാജഗോപാലാചാരിപ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഒരു പുലയ പ്രതിനിധി ശ്രീമൂലം പ്രജാസഭയില്‍ എടുക്കുന്ന വിവരം പുറത്തു വന്നതോടെ പുലയരിലും മറ്റ് അയിത്ത വിഭാഗക്കാരിലും അത്യധികമായ സന്തോഷമുണ്ടാക്കി.

പക്ഷെ ആ പുലയപ്രതിനിധി ആരായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം പറഞ്ഞിരുന്നില്ല. ആ കാലത്ത് പുലയരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവന്നിരുന്ന നേതാവ് അയ്യന്‍കാളിയായിരുന്നു. വില്ലുവണ്ടിയിലേറി സഞ്ചാര സ്വാതന്ത്ര്യസമരം, വിദ്യാലയ പ്രവേശന സമരം, വിദ്യാലയ പ്രവേശനത്തിനായുള്ള കര്‍ഷകത്തൊഴിലാളി സമരം, അവര്‍ണരെ സംഘടിപ്പിച്ച് സാധുജനപരിപാലന സംഘമുണ്ടാക്കിയ നേതാവ് എന്നീ നിലകളില്‍ അയ്യന്‍കാളി സ്വന്തമായി വ്യക്തിത്വം ആര്‍ജ്ജിക്കുകയും നാടെങ്ങും അറിയപ്പെടുന്ന പുലയ നേതാവായി ഉയരുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലാണ് പ്രജാസഭയില്‍ പുലയരുടെ പ്രതിനിധിയെ എടുക്കുന്ന വിവരം പുറത്തുവന്നത്. പുലയരുടെ പ്രജാസഭയിലെ പ്രതിനിധിയാകാന്‍ എല്ലാ യോഗ്യതയും അയ്യന്‍കാളിക്കു ണ്ടായിരുന്നുവെങ്കിലും അക്ഷരജ്ഞാനമെന്ന ഒന്ന് പ്രതിനിധിയാകാന്‍ തടസ്സമായി നിന്നു.

അത് അദ്ദേഹത്തിന്റെ തെറ്റായിരുന്നില്ല. അന്നത്തെ സവര്‍ണ നീതിശാസ്ത്രമാണ് അയ്യന്‍കാളിയെ നിരക്ഷരനാക്കാന്‍ പ്രധാനകാരണം. അയ്യന്‍കാളിയുടെ അനുചര സംഘത്തില്‍പ്പെട്ടവരില്‍ വിദ്യാഭ്യാസം സിദ്ധിച്ച ചിലരെങ്കിലുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ അയ്യന്‍കാളിയെ ദിവാന്‍ പി.രാജഗോപാലാചാരിയെ ചെന്നു കാണാന്‍ നിര്‍ദ്ദേശിച്ചു.

ഒടുവില്‍ ദിവാനെ കാണാന്‍ തന്നെ അയ്യന്‍കാളി ഉറച്ചു. ഒരുദിവസം നേരം പുലര്‍ന്ന ശേഷം അയ്യന്‍കാളി ദിവാന്റെ വസതിയായ വഴുതക്കാട് ഭക്തിവിലാസത്തില്‍ എത്തി. പക്ഷെ പാറാവു നിന്ന പോലീസുകാര്‍ അയ്യന്‍കാളി അയിത്തജാതിക്കാരനായതിനാല്‍ കടത്തിവിട്ടില്ല. അയ്യന്‍കാളിമടങ്ങിയെത്തിയത് കമ്പി ആഫീസിലായിരുന്നു. കൂടെ ഉണ്ടായിരുന്ന തോമസ് വാദ്യാരെക്കൊണ്ട് തന്റെ അനുഭവം കാട്ടി ദിവാന് കമ്പിസന്ദേശമയച്ചു. കമ്പിസന്ദേശം ലഭിച്ച ദിവാന്‍ രാജഗോപാലാചാരി ഉടന്‍തന്നെ അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവരാന്‍ കുതിരവണ്ടിയില്‍ ഉദ്യോഗസ്ഥന്മാരെ അയച്ചു. അവര്‍ അയ്യന്‍കാളിയെ കണ്ടെത്തി കുതിരവണ്ടിയില്‍ കയറ്റി ഭക്തിവിലാസത്തില്‍ എത്തിച്ചു. ദിവാന്‍ അയ്യന്‍കാളിയെ നേരിട്ടുചെന്ന് സ്വീകരിച്ചുകൊണ്ടുവരുകയും പാറാവു നിന്ന പോലീസുകാരനെ വിളിപ്പിച്ച് ക്ഷമാപണം നടത്തിക്കുകയും ചെയ്തു. അയ്യന്‍കാളിയുടെ സംഭാഷണത്തില്‍ നിന്നും ദിവാന് ഇഷ്ടപ്പെടുകയും പ്രജാസഭയില്‍ പുലയരുടെ പ്രതിനിധിയാകാന്‍ പറ്റിയ ആളാണ് അയ്യന്‍കാളിയെന്ന് ബോധ്യപ്പെടു കയും ചെയ്തു. തുടര്‍ന്ന് 'ദിവാന്‍ പി.രാജഗോപാലാചാരി അയ്യന്‍കാളിയെ ക്ഷണിച്ചിരുത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നതായി ചെറുമകന്‍ പ്രതാപചന്ദ്രന്‍ പറഞ്ഞു.തഹസില്‍ദാറായിരുന്ന പ്രാക്കുളം പത്മനാഭപിള്ള അയ്യന്‍കാളിയെ തന്നെ പുലയരുടെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയില്‍ എടുക്കണമെന്ന് ദിവാന്‍ പി.രാജഗോപാലാചാരിയോട് ശുപാര്‍ശയും ചെയ്തു. ഒടുവില്‍ തന്റെ ഉറ്റമിത്രമായ പ്രാക്കുളം പത്മനാഭപിള്ളയുടെ ശുപാര്‍ശ ദിവാന്‍ അംഗീകരിക്കുകയും ആ വിവരം നാടുവാണിരുന്ന ശ്രീമൂലം

* ആദ്യകാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പുലയര്‍ക്ക് പ്രത്യേകം വാര്‍ഡുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പുലവാര്‍ഡാണ് ഇപ്പോഴത്തെ ഒന്‍പതാം വാര്‍ഡ്.

തിരുനാള്‍ മഹാരാജാവിനെ മുഖം കാണിച്ച് ഉണര്‍ത്തിക്കുകയും ചെയ്തു. മഹാരാജാവിനും ദിവാന്റെ ആ നിര്‍ദ്ദേശം സര്‍വ്വാത്മന സമ്മതമായി ഭവിച്ചു. അങ്ങിനെ 1911 ഡിസംബര്‍ 4ന് അയ്യന്‍കാളിയെയും മറ്റുള്ളവരേയും നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ അണ്ടര്‍ സെക്രട്ടറി എം.രാജരാജവര്‍മ്മ പുറപ്പെടുവിച്ചു.

1911 ഡിസംബര്‍ 5 ന്റെ തിരുവിതാംകൊട്ട് (കോട്) സര്‍ക്കാര്‍ ഗസറ്റില്‍ മഹാത്മാ രാജരാജശ്രീ അയ്യന്‍കാളി അവര്‍കളെ സാധുജനപരിപാലന സംഘം (പുലയാസ്) എന്ന് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഗസെറ്റില്‍ 1673-ാം പേജില്‍ 9-ാം പേരുകാരനായി പ്രസിദ്ധീകരിച്ചു. (Mr.RY.Aiyankali avergal venganoor, for the sadhujana paripalana sangam (pulayas) മൊത്തം 16 പേരാണ് ഗസെറ്റില്‍ ഉള്ളത്. ഒന്നാം പേരുകാരന്‍ മഹാത്മാ രാജരാജശ്രീ കെ.പി.നാരായണപിള്ള അവര്‍കള്‍. 16-ാം പേരുകാരന്‍ കോട്ടയം പുതുപ്പള്ളി മി.കെ.കെ.കുരുവിള, ബി.സി.സിയുമാണ്. 1911 ഡിസംബര്‍ 5-ാം തീയതിയിലെ ഗസെറ്റ് ഇതോടൊപ്പം ചേര്‍ക്കുന്നു. ഉത്തരവുലഭിച്ച യുടന്‍ അയ്യന്‍കാളിയെ ആദ്യം വിവരം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് തഹസീല്‍ദാര്‍ പ്രാക്കുളം പത്മനാഭപിള്ളയാണ്. പിന്നീട് പിള്ളയും അയ്യന്‍കാളിയും ഒരുമിച്ച് ദിവാന്‍ രാജഗോപാലാചാരിക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വീട്ടിലെത്തി. ദിവാന്‍ രാജഗോപാലാചാരി അയ്യന്‍കാളിയെ ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്.

അന്ന് ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത് വി.ജെ.ടി ഹാളില്‍ (വിക്‌ടോറിയ ജൂബിലി ടൗണ്‍ ഹാള്‍) വച്ചായിരുന്നു. 1912 ഫെബ്രുവരി 26ന് തിങ്കളാഴ്ച പ്രജാസഭയുടെ എട്ടാമത് സമ്മേളനം ചേര്‍ന്നു. രാവിലെ 10 മണിയോടെ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആറടിക്കു മേല്‍ പൊക്കവും ഇരുനിറവുമാര്‍ന്ന അയിത്ത ജാതിക്കാരനായ അയ്യന്‍കാളി പ്രജാസഭയില്‍ തന്റെ വില്ലുവണ്ടിയിലെത്തി. ഫെബ്രുവരി 27-ാം തീയതി അയ്യന്‍കാളി തന്റെ കന്നിപ്രസംഗം ശ്രീമൂലം പ്രജാസഭാ തലത്തില്‍ നടത്തുകയുണ്ടായി. അയിത്ത ജാതിക്കാരുടെ ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ സഭാതലത്തില്‍ അവതരിപ്പിച്ചു കൊണ്ടുള്ള പ്രസംഗം ഇങ്ങനെ ആരംഭിച്ചു.

''പുലയ ജാതിക്കാരുടെ പ്രതിനിധിയായി എന്നെ നിയമിച്ചതിലേക്ക് ഗവണ്‍മെന്റിനോടും ഇത്തവണ പുലയ ജാതിക്കാരുടെ പ്രതിനിധിയായി ഒരു പുലയനെത്തന്നെ നിയമിക്കണമെന്ന അപേക്ഷയെ ഏകാഭിപ്രായമായി സ്വീകരിച്ചതിനായി കഴിഞ്ഞ സഭായോഗത്തിലെ സാമാജികന്മാരോടും എനിക്കുള്ള കൃതജ്ഞത ഞാന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചുകൊള്ളുന്നു. പുതുവല്‍ ഭൂമികളെ പുലയന്മാരുടെ പേരില്‍ പതിക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞയോഗത്തില്‍ ചെയ്ത നിവേദനത്തിന് കിട്ടിയ മറുടപടിയനു സരിച്ച് നെയ്യാറ്റിന്‍കര, വിളവംകോട് (ഇപ്പോള്‍ കന്യാകുമാരി ജില്ല), തിരുവനന്ത പുരം, നെടുമങ്ങാട് ഈ താലൂക്കുകളില്‍ ചില പുതുവല്‍ ഭൂമികളെ ഞങ്ങളുടെ പേരില്‍ പതിഞ്ഞു കിട്ടാനായി അനേകം ഹര്‍ജികള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഈ പ്രദേശങ്ങളിലെ നിവാസികള്‍ ഞങ്ങളുടെ പ്രയത്‌നത്തിന് അനേകം തടസ്സങ്ങള്‍ വരുത്തി. അതില്‍ അവര്‍ക്ക് റവന്യു ജീവനക്കാരുടെ സഹായവും ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി ഇതിനു മുമ്പില്‍ ജനങ്ങള്‍ അറിഞ്ഞിട്ടില്ലാ തിരുന്നതും എന്നാല്‍പുലയന്മാര്‍ അന്വേഷിച്ചറിഞ്ഞതുമായ പുതുവല്‍ ഭൂമികള്‍ ധനികന്മാരായ ഉയര്‍ന്നജാതിക്കാര്‍ക്ക് ലഭിച്ചു. പുലയരെ ഹിംസിക്കയും അവരെ പാര്‍പ്പിടങ്ങളില്‍ നിന്നും വെളിയിലാഴയും ചെയ്തു. എന്നു തന്നെയുമല്ല മുമ്പുണ്ടായിരുന്നതു കൂടി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇല്ലാതെയായിത്തീര്‍ന്നു. പിതൃതുല്യമായ ഗവണ്‍മെന്റിന്റെ കരുണയ്ക്കായി അപേക്ഷിക്കുകയല്ലാതെ ഞങ്ങള്‍ക്ക് ഗത്യന്തരമില്ല. എന്റെ ജാതിക്കാര്‍ക്ക് കുറെയെങ്കിലും പുതുവല്‍ പതിക്കപ്പെട്ട തരിശു ഭൂമികളില്‍ ഉപയോഗമില്ലാതെ കിടക്കുന്നവയില്‍ ചിലതിനെ പരീക്ഷണാര്‍ത്ഥം ഞങ്ങളുടെ സൗഖ്യത്തിനും സൗകര്യത്തിനുമായി തരണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. ധനികരായ വസ്തു ഉടമസ്ഥന്മാരുടെ പക്കല്‍നിന്നും ഞങ്ങള്‍ സങ്കടം അനുഭവിച്ചുവ രുന്നുണ്ട്. എന്തുകൊണ്ടെ ന്നാല്‍ ഇതുവരെ ഞങ്ങള്‍ വാക്കാല്‍സമ്മതിച്ചിരുന്നതും ഞങ്ങളുടെ സ്വന്തം പ്രയത്‌നത്താല്‍ വാസ സ്ഥലമാക്കിയതും ഉല്പാദന ക്ഷമമാക്കിയ തുമായ ഭൂമികളില്‍ നിന്നും ഞങ്ങളെ അവര്‍ പുറത്താക്കിയിരിക്കുന്നു. ഇതു മാത്രമല്ല വനം ഡിപ്പാര്‍ട്ടുമെന്റിലെ ചില ഉദ്യോഗസ്ഥന്മാര്‍ ആ പ്രദേശത്തിലെ ഏതാനും ധനികന്മാരോട് യോജിച്ചു കൊണ്ട് ഒഴിച്ചിടപ്പെട്ട വനങ്ങളാണെന്ന വാദത്തെ പുറപ്പെടുവിച്ച് വനങ്ങളിലുള്ള ഞങ്ങളുടെ കുടിലുകളില്‍ നിന്നും പോകാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചുവരികയും അതേ സമയത്തുതന്നെ മറ്റുള്ളവരെ ആ പ്രദേശങ്ങളെ കൈവശപ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യുന്നു. ഈ മാതിരിയുള്ളഅതിക്രമങ്ങള്‍ പ്രധാനമായും ചെങ്ങന്നൂര്‍ താലൂക്കില്‍ റാന്നി

പ്രവൃത്തിയില്‍ വല്യകാവുങ്കലിലും ചങ്ങനാശ്ശേരി താലൂക്കില്‍
വെരുമ്പാത്തു മുറിയിലുമാണ് നടന്നു വരുന്നത്. ഇപ്രകാരമുള്ള
സങ്കടങ്ങളെ നിവൃത്തിക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. 4

നിരക്ഷരനായ അയ്യന്‍കാളി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പുലയര്‍ തുടങ്ങിയ അവശ ജനത്തിന്റെ അവശതകളും സങ്കടങ്ങളും ശക്തമായി തന്നെ ആദ്യ ദിവസം സഭാതലത്തില്‍ അവതരിപ്പിച്ചത് ദിവാനും മെമ്പര്‍മാര്‍ക്കും പുതിയൊരു അനുഭവമായിരുന്നു. സശ്രദ്ധം അവരത് കേട്ടിരുന്നു. പക്വതയാര്‍ന്ന ഇരുത്തം വന്ന ഒരു സാമാജികനെപ്പോലെയായിരുന്നു അയ്യന്‍കാളിയുടെ കന്നിപ്രകടനം. തിരുവിതാംകൂര്‍ കാണാനെത്തിയ ജോണ്‍ ഹെന്‍ട്രിയെന്ന യൂറോപ്യന്‍ സായ്പ് സമ്മാനിച്ച കറുത്ത കോട്ടും ധരിച്ചാണ് അയ്യന്‍കാളി പ്രജാസഭയില്‍ ആദ്യമായിട്ടെത്തിയത്. ജോണ്‍ ഹെന്‍ട്രി ഒരു കറുത്ത കോട്ടും ഒരു വിദേശ നിര്‍മ്മിത കുടയും അയ്യന്‍കാളിക്ക് സമ്മാനിച്ചിരുന്നു. പകരം വില്ലുവണ്ടിയില്‍ വരുന്ന അയ്യന്‍കാളിയുടെ ഒരു ഫോട്ടോ സായ്പ് തന്റെ ക്യാമറയില്‍ എടുത്തിരുന്നു. അയ്യന്‍കാളിയുടെ വില്ലുവണ്ടിയിലേറിയുള്ള സഞ്ചാര സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അറിഞ്ഞാണ് ആ വിദേശ സായ്പ് സന്തോഷപൂര്‍വ്വം ഈ സമ്മാനങ്ങള്‍ അയ്യന്‍കാളിക്കു സമ്മാനിച്ചത്.

പ്രസംഗാനന്തരം അയ്യന്‍കാളി തന്റെ ഇരിപ്പടത്തില്‍ ഇരുന്നപ്പോള്‍ ദിവാന്‍ രാജഗോപാലാചാരി എഴുന്നേറ്റ് മറുപടിയായി ഇങ്ങനെ പറഞ്ഞു.''പുലയരെ സഹായിക്കുന്നതിനു കഴിവുള്ളതെല്ലാം ഗവണ്‍മെന്റ് ചെയ്യുന്നുണ്ട്. പുതുവല്‍ വസ്തുക്കളെന്നപേരില്‍ പതിക്കാനായി പുലയര്‍ക്കു വേണ്ടി കൊടുത്തിട്ടുള്ള 779 ഹര്‍ജികളില്‍ 769 എണ്ണത്തോളവും

പേരില്‍ പതിച്ചു കൊടുക്കാന്‍ പാടില്ലാത്ത പുറമ്പോ
ക്കു ഭൂമികളെ സംബന്ധിച്ചതാകുന്നു. പേരില്‍ പതിച്ചു

കൊടുക്കുന്നവയായി വിളപ്പില്‍ പകുതിയില്‍ 500 ഏക്കറിനു മേല്‍വിസ്താരമുള്ള തരിശുഭൂമികള്‍ കിടപ്പുണ്ട്.
അവിടെ പോകുന്നതിന് പുലയന്മാര്‍ക്ക് മനസ്സാണെ
ങ്കില്‍ പേഷ്‌ക്കാരോട് അപേക്ഷിക്കാവുന്നതാണ്. '' 5

പ്രജാസഭയുടെ അടുത്ത യോഗം മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു. അതിനുമുന്നോടി യായി ചില തയ്യാറെടുപ്പുകള്‍ അയ്യന്‍കാളി ചെയ്തു. സെക്രട്ടറിയായി തോമസ് വാദ്ധ്യാരോടും തന്റെ അനുചര സംഘത്തോടും ആലോചിച്ച് വേണ്ട മുന്‍ ഒരുക്കങ്ങള്‍ ചെയ്തു. പ്രജാസഭയില്‍ പോകുന്നതിന് കോട്ടും തലപ്പാവുമൊക്കെ വേണം.സായ്പ് കൊടുത്ത കോട്ടു പോരാത്തതുകൊണ്ട് മറ്റ് രണ്ടെണ്ണം കൂടി തയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തു. ആ കാലത്ത് കോട്ടു തയ്ക്കുന്ന തയ്യല്‍ക്കടകള്‍ തിരുവനന്തപുര ത്തില്ലായിരുന്നു. അങ്ങിനെ കോട്ടു തയ്ക്കാന്‍ കോട്ടയത്തെ ഒരുതയ്യല്‍ കടയില്‍ ഏര്‍പ്പാടു ചെയ്തു. കറുത്ത രണ്ട് കോട്ടുകളും തലപ്പാവും തയ്യാറാക്കി. വാഹനസൗകര്യങ്ങള്‍ ഏറെ ഇല്ലാതിരുന്ന അന്ന് കോട്ടുകളും തലപ്പാവും കാളവണ്ടിയിലാണ് തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവന്നത്. ഒരാഴ്ച എടുത്താണ് കാളവണ്ടി തിരുവനന്തപുരത്തെത്തിയത്. സവര്‍ണറുടെ ആക്രമണം ഭയന്ന് കാളവണ്ടി പകല്‍മാത്രം സഞ്ചരിച്ചാണ് ഒരാഴ്ച കൊണ്ട് കോട്ടെത്തിച്ചത്. 1912 മാര്‍ച്ച് 4ന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ അയ്യന്‍കാളിയും സംഘവും തിരുവനന്തപുരത്തെത്തി. ഊറ്റു കുഴിയിലുള്ള ഒരു അയിത്ത ജാതിക്കാരന്റെ വീട്ടില്‍ വച്ച് കുളിയും മറ്റും കഴിഞ്ഞ് കറുത്ത കോട്ടും മുണ്ടും തലപ്പാവും ധരിച്ച് അയ്യന്‍കാളി അനുചരന്മാരോടൊപ്പം കണ്‍ന്റോണ്‍മെന്റ്, പുന്നന്‍ റോഡുവഴി വി.ജെ.റ്റി ഹാളിലെത്തി. അയ്യന്‍കാളി പ്രജാസഭയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയില്‍ പ്രധാന സ്ഥാനങ്ങളില്‍ രണ്ടുപേരെ വീതം സെക്യൂരിറ്റി പോലെ നിറുത്തിയിരുന്നു. കാരണം അയ്യന്‍കാളി കോട്ടു ധരിച്ചുവരുന്നതു കൊണ്ട് സവര്‍ണര്‍ ചീമുട്ടയെറിഞ്ഞ് ആക്രമിക്കാന്‍ മുതിരുമെന്ന സംശയം കൊണ്ടായിരുന്നു. അയ്യന്‍കാളി പ്രജാസഭയുടെ പടിക്കെട്ടുകള്‍ കയറി ഹാളില്‍ പ്രവേശിച്ചപ്പോള്‍ ദിവാനാണ് എഴുന്നെള്ളുന്നതെന്ന് ധരിച്ചുപോയ പ്രജാസഭ മെമ്പര്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യന്‍ എഴുന്നേറ്റു നിന്നു തൊഴുതുവെന്നാണ് പഴയ തലമുറയില്‍പ്പെട്ടവര്‍ പറഞ്ഞിരുന്നത്.

മാര്‍ച്ച് 4ന്റെ ശ്രീമൂലം പ്രജസഭ സമ്മേളനത്തില്‍ പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ സംബന്ധിച്ചാണ് അയ്യന്‍കാളി ബോധിപ്പിച്ചത്.

''വെങ്ങാനൂര്‍ എലിമന്ററി പള്ളിക്കൂടത്തില്‍ പുലയ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന കാര്യത്തില്‍എന്റെ വര്‍ഗ്ഗക്കാരുടെ നേര്‍ക്ക് ദയവായി ചെയ്തിട്ടുള്ള സഹായത്തിനായി പുലയന്മാരുടെ പ്രതിനിധിയായി ഞാന്‍ ഗവണ്‍മെന്റിന്റെ നേര്‍ക്കുള്ള കൃതജ്ഞതയെ ബോധിപ്പിച്ചു കൊള്ളുന്നു. തെക്കന്‍ തിരുവിതാംകോട്ടില്‍ ഏഴ് പള്ളിക്കൂടങ്ങളില്‍ മാത്രമേ ഇപ്പോള്‍ പുലയര്‍ക്ക് പ്രവേശനം നല്‍കുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും അവര്‍ക്ക് പ്രവേശനം കൊടുക്കുന്നത് അഭിലാഷണീയമാണെന്ന് ഞാന്‍ ബോധിപ്പിക്കുന്നു''ദിവാന്‍: ഈഴവര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ട എല്ലാ പള്ളിക്കൂടങ്ങളിലും ഇപ്പോള്‍ പുലയര്‍ക്ക് ചേരാവുന്നതാണ്.

അയ്യന്‍കാളി:പുലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും ഫീസില്‍ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടതാകുന്നു. ഞങ്ങളേക്കാള്‍ തുലോം മുന്നിട്ടു നില്‍ക്കുന്ന മുഹമ്മദന്മാര്‍ക്കു കൊടുത്തിട്ടുള്ള ഫീസിലെ ആനുകൂല്യങ്ങള്‍പോലും ഞങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.

ദിവാന്‍ :മുഹമ്മദന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്കും തരുന്നില്ലയോ? അതു ചെയ്യാവുന്നതാണെന്ന് ഞാന്‍ വിചാരിക്കുന്നു.

അയ്യന്‍കാളി:വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, മെഡിക്കല്‍ ഈഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരായി പുലയന്മാരെ നിയമിക്കാവുന്നതാകുന്നു. വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള ആളുകള്‍ ഉണ്ട്.


ദിവാന്‍: ഏതായാലും അവരുടെ സ്വന്തം കുഞ്ഞുങ്ങളെത്തന്നെ പഠിപ്പിക്കാന്‍ അവരെ ഉപയോഗിപ്പെടുത്താവുന്നതാണ്. പഠിപ്പില്‍ ശേഷിയുള്ള പുലയര്‍ വല്ലവരും നിങ്ങളുടെ ഇടയില്‍ ഉണ്ടോ?

അയ്യന്‍കാളി: ഉണ്ട്.

ദിവാന്‍: അപ്രകാരമുള്ള ആളുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ ഡയറക്ടറുടെ പക്കല്‍ കൊടുക്കണം. രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും പബ്ലിക് റോഡുകളെ ഉപയോഗിക്കുന്നതിലും പബ്ലിക് കച്ചേരികളില്‍ ഹാജരാകുന്നതിലും പുലയര്‍ അനുഭവിച്ചുവരുന്നു എന്നും ഇവയെ നിവൃത്തിയാക്കാന്‍ നടപടി നടത്തേണ്ടതാകുന്നു എന്നും അയ്യന്‍കാളി വാദിച്ചു.''6

1912 മാര്‍ച്ചിലെ പ്രജാസഭ യോഗം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു നെടുമങ്ങാട് ചന്തയില്‍ പുലയര്‍, പറയര്‍ തുടങ്ങിയ ജാതിക്കാര്‍ക്ക് അയിത്തം കല്പിച്ച് മേലാളന്മാര്‍ ചന്തയില്‍ പ്രതിരോധം സൃഷ്ടിച്ചത്. അവര്‍ണ വിഭാഗങ്ങളുടെ സാമ്പത്തിക സ്രോതസിനെ തകര്‍ക്കുന്ന നടപടിയാണ് ഈ ചന്തസമരത്തിലൂടെ അരങ്ങു തകര്‍ത്തത്. തേങ്ങ, മരച്ചീനി, പാക്ക് (അടയ്ക്ക), മുളക്, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നാല്‍ അയിത്തം കാരണം ഇത്തരക്കാര്‍ക്ക് ചന്തയില്‍ പ്രവേശനമില്ല. ആരെങ്കിലും അറിയാതെ കയറിപ്പോയാല്‍ സവര്‍ണ മാടമ്പിമാര്‍ കണക്കിന് മര്‍ദ്ദിച്ചു വിടുമായിരുന്നു. ആ കാലത്ത് സവര്‍ണ മാടമ്പിമാരായിരുന്നു ഓരോ സ്ഥലത്തേയും ചന്തകള്‍ അടക്കി ഭരിച്ചിരുന്നത്. അയിത്ത ജാതിക്കാര്‍ വില്ക്കാന്‍ കൊണ്ടുവരുന്ന ഉല്പന്നങ്ങള്‍ ചന്തയ്ക്കു പുറത്തു കൊണ്ടുവച്ചിട്ട് ദൂരെ മാറി നില്‍ക്കണം. ആവശ്യക്കാര്‍ സാധം നോക്കി ബോധിച്ചാല്‍ എടുത്തു കൊണ്ട് തുച്ഛമായ സംഖ്യ ഉടമസ്ഥന് ദൂരെ നിന്നും എറിഞ്ഞു കൊടുത്തിരുന്നു. വില ചോദിച്ചാല്‍ പൊതിരെ തല്ലായിരുന്നു. ഈ വിവരം അറിഞ്ഞ് അനുചര സംഘവുമായി അയ്യന്‍കാളി 1912 മാര്‍ച്ച് മദ്ധ്യത്തോടെ ഒരു ചന്ത ദിവസം ഇതിനെ ചോദ്യം ചെയ്യാനായി നെടുമങ്ങാട് ചന്തയിലെത്തി. വിവരം മണത്തറിഞ്ഞ നായന്മാരും കൂറെ മുസ്ലീം മാടമ്പിമാരും പാഞ്ഞെത്തി അയ്യന്‍കാളിയേയും സംഘത്തേയും ആക്രമിക്കാന്‍ മുതിര്‍ന്നു.

ഒടുവില്‍ പൊരിഞ്ഞ സംഘട്ടനം ചന്തയില്‍ നടന്നു. വളരെ ആവേശപൂര്‍വം അയ്യന്‍കാളിപ്പട അടിച്ചു മുന്നേറി. ഇരുഭാഗത്തും വെട്ടും, കുത്തുമേറ്റ് ആളുകള്‍ താഴെ വീണു. പലരും ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. ഒടുവില്‍ അയ്യന്‍കാളി ഒറ്റയ്ക്കായി. ഒറ്റയ്ക്ക് അയ്യന്‍കാളി അവരോട് ഏറ്റുമുട്ടി ഓരോരുത്തരെ അടിച്ച് താഴെയിട്ടു. ശേഷിച്ച മുസ്ലീം മാടമ്പിമാര്‍ അയ്യന്‍കാളിയെ നേരിടാനാവാതെ ജീവനും കൊണ്ട് കടന്നു. അതോടെ നെടുമങ്ങാട് ചന്ത ലഹള അവസാനിക്കുകയും സാധനങ്ങള്‍ അയിത്തജാതിക്കാര്‍ക്ക് ചന്തയ്ക്കുള്ളിലെത്തിച്ച് വിലപേശിവില്ക്കാമെന്നായി. പിന്നീടാരും അയിത്ത ജാതിക്കാരെ ആക്രമിക്കാന്‍ മുതിര്‍ന്നിട്ടില്ല.

ഈ സംഭവത്തിനുശേഷമായിരുന്നു കഴക്കൂട്ടം ലഹളയുണ്ടായത്. കഴക്കൂട്ടത്തു വിളിച്ചു ചേര്‍ത്ത സാധുജനപരിപാലന സംഘത്തിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പ്രജാസഭ മെമ്പറായ അയ്യന്‍കാളിയും സംഘവും അവിടെയെത്തി. യോഗം നടക്കുന്നതിനിടെ ചില സവര്‍ണ്ണര്‍മാര്‍ യോഗം കലക്കാന്‍ ഒരു വിഫല ശ്രമം നടത്തി. സവര്‍ണ മാടമ്പിമാരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ചില ലോക്കല്‍ മുസ്ലീം ഗുണ്ടകളും രംഗത്തെത്തിയതോടെ അയ്യന്‍കാളിയും സംഘവുമായി അവര്‍ ഏറ്റുമുട്ടി. രംഗം വഷളാകുമെന്ന് മനസ്സിലാക്കിയ സ്ഥലം പോലീസ് സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തുകയും വലിയ സംഘട്ടനം ഒഴിവാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ചില സമാന സംഘട്ടനങ്ങള്‍ ആറാലുംമൂട്, ബാലരാമപുരം ചാലിയത്തെരുവ്, നെയ്യാറ്റിന്‍കര, ഉദിയന്‍കുളങ്ങര, ധനുവച്ചപുരം, മാരായമുട്ടം, കാരക്കോണം എന്നീ പ്രദേശങ്ങളിലുണ്ടായി. കാരക്കോണത്ത് തൊണ്ണൂറാം മാണ്ട് ലഹള ബാധിത കാലത്ത് നായന്മാര്‍ ചേര്‍ന്ന് ഒരു പുലയനെക്കൊണ്ട് ഒരു കുലയുടെ പഴത്തൊലി മുഴുവന്‍ തീറ്റിച്ച സംഭവമുണ്ടായി. ഇതറിഞ്ഞ സ്ഥലത്തെ അവര്‍ണ ചട്ടമ്പിയായ അരുമനായകം രംഗത്തുവരുകയും നായന്മാരെ മുഴുവന്‍ വീടുകയറി അടിച്ചു വീഴ്ത്തുകയും ചില സവര്‍ണരെ അടിച്ച് തൂറിപ്പിക്കുകയും ചെയ്തിരുന്നതായി ചില പഴമക്കാര്‍ അടുത്ത കാലത്ത് ഈ ഗ്രന്ഥകാരനോട് പറയുകയുണ്ടായി.

ഈ സംഘട്ടനങ്ങളില്‍ എല്ലാം തന്നെ അയിത്ത ജാതിക്കാരെ മര്‍ദ്ദിച്ചൊതുക്കാന്‍ സവര്‍ണന്മാരോടൊപ്പം മുസ്ലീങ്ങളും സംഘട്ടകരായിട്ടെത്തിയത് എന്തിനെന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. പിന്നോക്കക്കാരായ മുസ്ലീങ്ങള്‍ അയിത്ത ജാതിക്കാരെ സഹായിക്കാതെ സവര്‍ണരോടൊപ്പം അവരുടെ ആസനം താങ്ങികളായി എത്തിയതിന്റെ പൊരുളെന്താണ്? ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

1912 ല്‍ പ്രജാസഭയില്‍ ദിവാന്‍ സമ്മതിച്ചിരുന്ന പ്രകാരം ഒരു പുലയ പ്രതിനിധിയെക്കൂടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കാവാലം സ്വദേശി ചരതന്‍ സോളമനായിരുന്നു രണ്ടാമത്തെ പുലയപ്രതിനിധി. ഇദ്ദേഹം കൊല്ലം ജില്ലയിലെ പ്രതിനിധീകരിച്ചാണ് പ്രജാസഭ മെമ്പറായത്. അയ്യന്‍കാളിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സാധുജന പരിപാലന സംഘത്തിന്റെ അസി.സെക്രട്ടറിയായ ചരതന്‍ സോളമനെ നിയമിച്ചത്. ആ വര്‍ഷം തന്നെ പറയരെ പ്രതിനിധീകരിച്ച് നാഗര്‍ കോവിലില്‍ നിന്നും ജീ.യേശുദാസിനേയും ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്തു. അവര്‍ണരില്‍പ്പെട്ട ഓരോ വിഭാഗത്തിനും ഓരോ പ്രതിനിധിയെ നിയമിക്കണമെന്ന അയ്യന്‍കാളിയുടെ നിവേദനം സര്‍ക്കാര്‍ അംഗീകരിച്ചു തുടങ്ങിയതിന്റെ തെളിവാണ് യേശുദാസിന്റെ നിയമനം. 1913 ലാണ് ചരതന്‍ സോളമന്റെയും യേശുദാസിന്റെയും നിയമനം നടന്നത്. 1913 ഫെബ്രുവരി 13ന് അയ്യന്‍കാളി ശ്രീമൂലം പ്രഭാസഭയുടെ ഒന്‍പതാമത് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഇങ്ങനെ പ്രസംഗിച്ചു.

''എന്നെ മെമ്പറായി നിയമിച്ചതിലേക്ക് സാമുദായിക സ്വാതന്ത്ര്യങ്ങള്‍ വിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍ മറ്റു വര്‍ഗ്ഗക്കാരോടു കൂടി എന്റെ വര്‍ഗ്ഗക്കാര്‍ ഈയിടെ അനുഭവിച്ചുവരുന്ന അസംഖ്യം നന്മകള്‍ക്കും ആയി എന്റെ വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി അവരുടെ കൃതജ്ഞതയെ ബോധിപ്പിക്കുകയും ഈ നയത്തെത്തന്നെ ഭാവികാലത്തും അനുവര്‍ത്തിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊള്ളുന്നു. പുലയര്‍ക്ക് കെട്ടിടം വച്ചുകൊടുക്കുന്നതിനായി നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ തറവില കൂടാതെ അഞ്ഞൂറ് ഏക്കര്‍ തരിശുഭൂമി കൊടുത്ത്, കഴിഞ്ഞസഭാ യോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ഞാന്‍ ബോധിപ്പിച്ച നിവേദനത്തെആദരിച്ചതിലേയ്ക്കും ഗവണ്‍മെന്റിനോടുള്ള എന്റെ കൃതജ്ഞതയെ സമര്‍പ്പിച്ചു കൊള്ളുന്നു. പള്ളിപ്പുറം പകുതിയിലും കഴക്കൂട്ടം പകുതിയിലും ആയിരത്തില്‍പ്പരം പുലയര്‍ക്ക് പാര്‍പ്പിടങ്ങള്‍ ഇല്ലാതിരിക്കുന്നു. കിടപ്പുള്ള തരിശു ഭൂമികളെ അവരുടെ പേരില്‍ പതിച്ചുകിട്ടുന്നതിന് അവരില്‍ ചിലര്‍ റവന്യു ഡിപ്പാര്‍ട്ടുമെന്റില്‍ അപേക്ഷകള്‍ കൊടുത്തിട്ടുണ്ട്. പേരില്‍ പതിവ് സംബന്ധിച്ച് നടപടികളെ വേഗം പൂര്‍ത്തിയാക്കുന്നതിനും ആ ഭൂമികളെ അവര്‍ക്ക് കൊടുക്കുന്നതിനും വേണ്ട ഉത്തരവുകള്‍ ബന്ധപ്പെട്ട റവന്യു ഡിപ്പാര്‍ട്ടുമെന്റില്‍ അയച്ച് സംസ്ഥാനത്തില്‍ ആ ഭാഗത്തുള്ള എന്റെ വര്‍ഗ്ഗക്കാരുടെ സങ്കടങ്ങളെ തീര്‍ക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാര്‍പ്പിടത്തിനായി സംസ്ഥാനത്തെ പലഭാഗങ്ങളിലും ഇതുപോലുള്ള ഭൂമികളെ എന്റെ വര്‍ഗ്ഗക്കാര്‍ക്ക് പതിച്ചുകൊടുക്കുന്നതിന് വ്യവസ്ഥ ചെയ്യണമെന്ന് പൊതുവായി ഞാന്‍ അപേക്ഷിച്ചു കൊള്ളുന്നു. അവസാനമായി എനിക്ക് ഇത്രമാത്രമേ പറയാനുള്ളൂ. കോട്ടയം ഡിവിഷനിലെ പുലയ വര്‍ഗ്ഗക്കാരുടെ കാര്യങ്ങളെപ്പറ്റി ബോധിപ്പിക്കാന്‍ ഈ സഭയില്‍ ആരും ഇല്ല. അതുകൊണ്ട് ആ ഡിവിഷനിലെ വര്‍ഗ്ഗക്കാരില്‍ നിന്നും ഒരാളെ അടുത്താണ്ടു മുതല്‍ പ്രജാസഭയില്‍ നിയമിക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു.'' 7

1913 ഫെബ്രുവരി 22ന് ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി സര്‍ക്കാര്‍ ജീവനത്തിലെ കീഴ് ജീവനങ്ങളില്‍ പുലയരെ നിയമിക്കേണ്ടതിനെപ്പറ്റി ചില നിര്‍ദ്ദേശങ്ങള്‍ പ്രജാസഭ തലത്തില്‍ അവതരിപ്പിച്ചു.

''ഒന്ന്: സര്‍ക്കാര്‍ അച്ചുകൂടങ്ങളില്‍ ഏതാനും പുലയര്‍ പീസ് വൊര്‍ക്‌സ് ചെയ്തു വരുന്നുണ്ട്. അവരെയും അക്ഷരം ചേര്‍ക്കാന്‍ നല്ലതുപോലെ അറിയാവുന്ന മറ്റുള്ളവരെയും അവിടെ സ്ഥിരം ലാവണങ്ങളില്‍ നിയമിക്കണം.

രണ്ട്: പബ്ലിക് വൊര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ കൂലി വേലക്കാരായി പുലയരെ ധാരാളം നിയമിച്ചു വരുന്നു. മതിയാം വണ്ണം വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതാനും പേര്‍ക്ക് മേസ്തിരി മുതലായ ചില്ലറ ജീവനങ്ങള്‍ കൊടുക്കാവുന്നതാണ്. (ജീവനങ്ങള്‍=ജോലികള്‍)

മൂന്ന്: പുലയരെ വാര്‍ഡന്‍മാരായി നിയമിക്കുന്നതിലേയ്ക്കായി പുലയ വാര്‍ഡുകളുള്ള ആശുപത്രികളുടെ ഒരു ലിസ്റ്റ് ഗവണ്‍മെന്റ് ആജ്ഞാപിച്ചതില്‍ പടി അയച്ചിരുന്നു. ഇവയിലൊക്കെ പുലയരെ വാര്‍ഡന്‍മാരായി നിയമിക്കുന്നതിനു വേഗത്തില്‍ ആജ്ഞകള്‍ അയയ്ക്കണം.

നാല്: പുലയരെ വനം ഡിപ്പാര്‍ട്ടുമെന്റില്‍ കാവല്‍ക്കാരായും ഗാര്‍ഡുമാരായുംനിയമിക്കുന്നതു ഗുണകരമായിരിക്കും. അവരെ അപ്രകാരം നിയമിക്കണം.

അഞ്ച്:'പുലയര്‍ക്ക് ആദായകരമായ രീതിയില്‍ ജോലിക്ക് നിര്‍ത്താവുന്നതായി അനേകം തസ്തികകള്‍ കരകൗശല വിദ്യാശാലയിലുമുണ്ട്.''

''മേല്‍പറഞ്ഞ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പുലയരെ നിയമിക്കണമെന്നും പ്രത്യേകം വിദ്യാഭ്യാസ യോഗ്യതയോ ശാസ്ത്രീയജ്ഞാനമോ ആവശ്യമില്ലാത്ത ജോലികള്‍ക്ക് പുലയരെ നിയമിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പ്രസ്തുത സംഗതികളെക്കുറിച്ചന്വേഷിക്കണമെന്നും വനംവകുപ്പില്‍ വളരെ അധികമെണ്ണം പുലയരെ നിയമിക്കണമെന്നുമുള്ളനിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും ദിവാന്‍ മറുപടി പറഞ്ഞു.'' 8

പ്രജാസഭയില്‍ അയ്യന്‍കാളി ചെയ്ത പ്രസംഗങ്ങള്‍ അക്ഷരാഭ്യാസമില്ലാത്ത ഒരാളിന്റേതായിട്ടല്ല അനുഭവപ്പെട്ടത്. മറിച്ച് നല്ല ഇരുത്തം വന്ന ഒരു സാമാജികന്റേതുപോലെ ആയിരുന്നുവെന്നാണ് കുമാരനാശാനെപ്പോലുള്ള പ്രജാസഭ മെമ്പര്‍മാരുടെ വിലയിരുത്തല്‍.തീഷ്ണ വൈഭവമുള്ള ഒരു അക്ഷരാഭ്യാസി യെപ്പോലെ കാര്യമാത്ര പ്രശക്തമായതു മാത്രമെടുത്ത് പ്രയോഗിക്കുകയായിരുന്നു അയ്യന്‍കാളിയുടെ ലക്ഷ്യമായിരുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്ത് മെമ്പറായ ഒരാള്‍ ശ്രമിച്ചു ചരതന്‍ സോളമന്‍. സാധുജനപരിപാലനസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ചരതന്‍ സോളമനെ പുലയ പ്രതിനിധിയായിട്ടാണ് പ്രജാസഭമെമ്പറാക്കിയതെങ്കിലും 1913-ല്‍ പ്രജാസഭയില്‍ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിച്ചത് അയ്യന്‍കാളിക്കു രസിച്ചില്ല. കാരണം സഞ്ചാരസ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനം, സാമൂഹ്യ അവശതകള്‍ ഇവയെല്ലാം ഒറ്റയടിക്കു നേടിയെടുക്കാന്‍ വേണ്ടിയാണ് അയിത്ത ജാതിക്കാരില്‍ പലരും ക്രിസ്തുമതം സ്വീകരിച്ചത്. അവരുടെ അവശതകള്‍ പരിഹരിക്കാനുള്ളതല്ല പ്രജാസഭയെന്ന ചിന്തയാണ് അയ്യന്‍കാളിയെ പ്രകോപിപ്പിച്ചത്. അവശതകള്‍ പരിഹരിക്കാന്‍ മതം മാറിയവര്‍ക്ക് പിന്നെന്ത് അവശത? ചരതന്‍ സോളമന്റെ പുതുക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിച്ചതിനെച്ചൊല്ലി അയ്യന്‍കാളി സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. സാധുജനപരിപാലനസംഘത്തിന്റെ അംഗമെന്ന നിലയിലല്ല ചരതന്‍ സോളമന്റെ പ്രസംഗമെന്ന് അയ്യന്‍കാളി തുറന്നടിച്ചു. 1914-ല്‍ പ്രജാസഭയുടെ 10-ാമത് സമ്മേളനത്തില്‍ ചരതന്‍ സോളമനെ കൂടാതെ പുലയ പ്രതിനിധിയായി അയ്യന്‍കാളിയുടെ ശിഷ്യനായ വെള്ളിക്കര ചോതിയേയും പ്രജാസഭയില്‍ എടുത്തു. അതോടെ വടക്കന്‍ തിരുവിതാംകൂറിലെ അയിത്ത ജാതിക്കാരുടെ പ്രശ്‌നങ്ങളും സഭാതലത്തില്‍ കൂടി അധികാരികളുടെ മുന്നിലെത്തുകയും അവയ്ക്ക് പരിഹാരങ്ങള്‍ ഉണ്ടാക്കുവാനും സാധിച്ചു. പക്ഷെ അപ്പോഴും വിദ്യാലയ പ്രശ്‌നത്തില്‍ ശക്തമായ ഒരു തീരുമാനത്തിലെത്താന്‍ സവര്‍ണര്‍ ഒരുക്കമല്ലായിരുന്നു. അതിശക്തമായി നേരിട്ടെങ്കില്‍ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുവെന്ന് അയ്യന്‍കാളിക്കു ബോധ്യമായി. അവിടെനിന്നും അയ്യന്‍കാളി പുതിയ സമരതന്ത്രങ്ങളും സമരമുറകളും മെനഞ്ഞെടുക്കാന്‍ ആരംഭിച്ചു. കീഴാളരുടെ ജീവിതത്തില്‍ പുതിയ മാനങ്ങള്‍ക്ക് തുടക്കം കുറിക്കലായിരുന്നു ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശനവും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും.

സഹായഗ്രന്ഥങ്ങള്‍/കുറിപ്പുകള്‍
1. പി.കെ.ഗോവിന്ദപ്പിള്ളയുടെ പ്രജാസഭ പ്രസംഗവും ദിവാന്‍രാജഗോപാലാചാരിയുടെ മറുപടിയും: പ്രജാസഭ രേഖകളില്‍ നിന്നും.
2. പി.കെ.ഗോവിന്ദപ്പിള്ളയുടെ പ്രസംഗം: പ്രജാസഭരേഖകളില്‍ നിന്നും
3. ദിവാന്‍ രാജഗോപാലാചാരിയുടെ മറുപടി- രോഖകളില്‍ നിന്നും
4. അയ്യന്‍കാളി 1912 ഫെബ്രുവരി 27ന് ശ്രീമൂലം പ്രജാസഭയില്‍ ആദ്യമായി ചെയ്ത പ്രസംഗം-പ്രജാസഭ രേഖകളില്‍ നിന്നും.
5. ദിവാന്‍ രാജഗോപാലാചാരിയുടെ മറുപടി: സഭാ രേഖകളില്‍ നിന്നും
6. 1912 മാര്‍ച്ച് 4ന് ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി അവതരിപ്പിച്ച ആവശ്യങ്ങളും ദിവാന്‍ നല്‍കിയ മറുപടിയും: കല്ലട ശശി ശേഖരിച്ച് എഡിറ്റുചെയ്ത പ്രജാസഭ പ്രസംഗങ്ങളില്‍ നിന്നും.
7. 1913 ഫെബ്രുവരി 13ന് അയ്യന്‍കാളി പ്രജാസഭയില്‍ ചെയ്ത തരിശുഭൂമികളെ സംബന്ധിച്ചും പുലയര്‍ തുടങ്ങിയവര്‍ക്ക് വീടുകള്‍ വച്ചുകൊടുക്കുന്നതിനെക്കുറിച്ച് ചെയ്ത പ്രസംഗം: പ്രജാസഭ രേഖകളില്‍ നിന്നും
8. 1913 ഫെബ്രുവരി 22ന് പ്രജാസഭയില്‍ അയ്യന്‍കാളി ഉന്നയിച്ച 5 നിര്‍ദ്ദേശങ്ങളും ദിവാന്റെ മറുപടിയും: പ്രജാസഭ രേഖകള്‍ ശേഖരിച്ച കല്ലട ശശി യുടെ അയ്യന്‍കാളിയുടെ പ്രസംഗങ്ങളില്‍ നിന്നും.