"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വര്‍ണം: ഉല്‍പാദകര്‍ അടിമകളായതെങ്ങനെ ? - ശശിക്കുട്ടന്‍ വാകത്താനം


മനുഷ്യന്റെ സാമൂഹിക ബന്ധങ്ങള്‍ ഉല്‍പാദന ബന്ധങ്ങളില്‍ കെട്ടിയിടപ്പെട്ട ഒന്നായിരുന്നു. വേട്ടയാടി ജീവിച്ച മനുഷ്യന്റെ സാമൂഹിക ബന്ധത്തിന്റെ പരിമിതികളെയായിരുന്നു അതു ലംഘിച്ചത്. പ്രകൃതിയില്‍ നിന്നും യഥേഷ്ടം സ്വീകരിക്കുന്നതിനു പകരം പ്രകൃതിയില്‍ അദ്ധ്വാനിച്ച് ഉല്‍പാദിപ്പിച്ചതിന്റെ കൂട്ടുത്തരവാദിത്വത്തില്‍ നിന്നാണ് സാംസ്‌ക്കാരികവും സാമൂഹികവുമായ ബന്ധങ്ങളും വളര്‍ത്തിയെടുത്തത്. കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടതിന്റെ ആവശ്യത്തിലൂടെ കൃഷിക്കായി കൂടുതല്‍ ഭൂമി കണ്ടെത്തുക മാത്രമായിരുന്നില്ല ഉള്ള ഭൂമിയില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്താനും ശ്രമിച്ചിരുന്നു. കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടുകൊണ്ട് രൂപപ്പെട്ട തൊഴില്‍ വിഭജനം കൂടുതലായി വികസിക്കുന്നത് കച്ചവടവുമായി ബന്ധപ്പെടുന്നതോടെയാണ്. ഒരു രാഷ്ട്രത്തിന്റെ ഉല്‍പാദന ശക്തികള്‍ എത്രത്തോളം വികസിച്ചിട്ടുണ്ടെന്ന് ഏറ്റവും പ്രകടമായി കാണാവുന്നത് അത് തൊഴില്‍ വിഭജനം നടപ്പാക്കിയിട്ടുള്ള തോതിലാണ്. തൊഴില്‍ വിഭജനത്തിന്റെ വിവിധ വികാസ ഘട്ടങ്ങള്‍ അതേ സമയം തന്നെ സ്വത്തുടമസ്ഥതയുടെ വിവിധ രൂപങ്ങള്‍ ക്കൂടിയാണ്. (മര്‍ക്‌സ്, എംഗല്‍സ് തിരഞ്ഞെടുത്ത കൃതികള്‍ വാല്യം1:21) വിദേശ കച്ചവടക്കാരിലൂടെ വികസിച്ച നാട്ടു കച്ചവടക്കാരുടെ ഉടമസ്ഥതയിലായിരുന്നു സ്വര്‍ണം, വെള്ളി, ഈയം, കര്‍പ്പൂരം, തുടങ്ങിയ വസ്തുക്കള്‍ കേരളത്തില്‍ വിപണനം നടത്തിയിരുന്നത്. ഈ അസംസ്‌കൃത വിഭവങ്ങളുടെ വരവാണ് കേരളത്തില്‍ പുതിയ തൊഴില്‍ വിഭാഗങ്ങളെ രൂപപ്പെടു ത്തിയത്. ഇത്തരത്തില്‍ രൂപപ്പെട്ട പ്രധാന തൊഴിലുകളായിരുന്നു സ്വര്‍ണപ്പണിയും വാര്‍ക്കപ്പണിയും (മൂശാരിപ്പണി). മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഈ മേഖലയില്‍ ആവശ്യമായിരുന്നതിനാല്‍ പാരമ്പര്യത്തിനു കൂടുതല്‍ പ്രാധാന്യമുണ്ടായി. പാരമ്പര്യ ത്തിലൂടെ വളര്‍ന്നുവന്ന സാങ്കേതിക വിദ്യയിലൂടെ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. മറ്റേതു രാജ്യത്തെ സ്വര്‍ണാഭരണങ്ങളെക്കാളും വിദേശിയര്‍ ഇഷ്ടപ്പെട്ടിരുന്നത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്വര്‍ണാഭരണങ്ങളെ യായിരുന്നു. എന്നാല്‍ ഈ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അസംസ്‌കൃത വിഭവങ്ങളിലൂടെയും ഇടനിലക്കാരിലൂടെ നടക്കുന്ന കൊള്ളയായിരുന്നു പ്രധാന കാരണം. ഉല്‍പാദന ശക്തികളുടെ വികാസത്തിലൂടെ സ്വത്തുടമസ്ഥതയിലെത്താന്‍ ഇവര്‍ക്കു കഴിഞ്ഞിരു ന്നില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥ അതിനനുകൂലമായിരുന്നില്ല. അതുകൊണ്ട് അദ്ധ്വാനം ഉപജീവനത്തിനുപോലും തികയാത്തതായി.

ഇന്ത്യന്‍സാമൂഹിക വ്യവസ്ഥ, കേരളത്തിന്റെയും

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ രൂപംകൊണ്ടത് വര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നിവരെ മാത്രമേ മനുഷ്യരായി കണക്കാക്കിയിരുന്നുള്ളു. ത്രൈവര്‍ണികര്‍ എന്നു പറയുന്ന ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ ഇവര്‍ക്കുവേണ്ടി പണിയെടുക്കുന്നതിനുവേണ്ടിയാണ് ശൂദ്രരെ സൃഷ്ടിച്ചിരി ക്കുന്നത്. (മനുസ്മൃതി) ഭൂരിഭാഗം വരുന്ന ബാക്കി ജനവിഭാഗത്തെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല. പഞ്ചമരെന്നും അസ്പൃശ്യരെന്നും ഗ്രാമത്തിനു പുറത്തു താമസിക്കേണ്ടവരെന്നും കല്‍പ്പിച്ച് മറ്റുള്ളവരെ മാറ്റിനിര്‍ത്തിയിരുന്നു. കര്‍ഷക തൊഴിലാളികളും കൈത്തൊഴിലാളികളും സവര്‍ണനു ഭക്ഷണം ഉല്‍പാദിപ്പിക്കാനും അവന്റെ സുഖസൗകര്യം വര്‍ദ്ധിപ്പിക്കാനും വേണ്ടി സൃഷ്ടിച്ചവരാണ്. ഇവര്‍ക്ക് പൊതുസമൂഹത്തില്‍ ഇടമുണ്ടായിരുന്നില്ല.

കേരളത്തില്‍ വര്‍ണത്തിനു പകരം ജാതിയാണുണ്ടായിരുന്നത്. വര്‍ണവ്യവസ്ഥയിലെ അസ്പൃശ്യത കൂടാതെ, ജാതി ശ്രേണീപരമായിരുന്നതിനാല്‍ ഉപരിഘടനയിലെന്നതു പോലെതന്നെ ജാതിയുടെ താഴെ വിഭാഗങ്ങള്‍ക്കിടയിലും ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും നിലനിന്നിരുന്നു. ബ്രാഹ്മണനു ക്ഷവരം ചെയ്യുന്നവന്‍ വിളക്കിത്തലനായരും തുണി അലക്കുന്നവന്‍ വെളുത്തേടത്തു നായരും എണ്ണ ആട്ടുന്നവര്‍ ചക്കാലനായരും എന്നറിയപ്പെട്ടിരുന്നു. നായര്‍ക്കു ക്ഷവരംചെയ്യുന്നവന്‍ വിളക്കിത്തല നായരും തുണി അലക്കുന്നത് വേലന്മാരും എണ്ണ ആട്ടുന്നത് വാണിയന്മാരും ആയിരുന്നു. നായന്മാരും ഈഴവരില്‍ ഒരു വിഭാഗവും പടയാളികളായിരുന്നു. ഈഴവര്‍ പൊതുവേ തെങ്ങുകയറ്റ ക്കാരും ഭരതവര്‍ (പരവന്മാര്‍) മീന്‍പിടുത്തക്കാരുമായിരുന്നു. ഇവര്‍ക്കിടയില്‍ നാങ്കുടിപ്പരിഷ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍) ഐക്കുടി കമ്മാളന്‍ (കല്ലന്‍, ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍) എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നവര്‍ തൊഴില്‍ കൂട്ടായ്മകള്‍ എന്ന നിലയില്‍ അടിമകളായിരുന്നു. പുതിയ ഗ്രാമങ്ങള്‍ രൂപംകൊള്ളുമ്പോള്‍ ഈ തൊഴില്‍ കൂട്ടായ്മകളെ അവിടങ്ങളിലേക്ക് പറിച്ചുനട്ടു കൊണ്ടിരുന്നതായും തരിസാപ്പള്ളിചേപ്പേടില്‍ പരാമര്‍ശിച്ചിരിക്കൂന്നു.

ഈ തൊഴില്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ വേതനം ഉണ്ടായയിരുന്നില്ല. കുടിപാര്‍പ്പു കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴിലുകള്‍ ജാതിബാദ്ധ്യതയായിരുന്നു. ഇതിനെ നിലനിര്‍ത്തത്തക്കവിധം പാരമ്പര്യം ഒരു പ്രധാന ഘടകമായി. കൃഷി, കൈത്തൊഴില്‍ ഇവയുടെ വൈജ്ഞാനിക മേഖലയുടെ വികാസത്തിന് പാരമ്പര്യം പ്രധാന ഘടകമായി നിലനിന്നിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ പ്രധാനമായിരു ന്നതിനാല്‍ ഓരോ ജാതിക്കും പ്രത്യേകമാന്യത കല്‍പ്പിച്ചിരുന്നു. ഇത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു. വിലപ്പെട്ട വസ്തു എന്ന നിലയില്‍ സ്വര്‍ണം പണിയുന്നതിന് തട്ടാനെ വീട്ടില്‍ വിളിച്ചുവരുത്തിയിരുന്നു. ആശാരിയുടെ തൊഴിലും മറ്റുതരത്തില്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ ആശാരിക്കും അത്തരത്തില്‍ ഒരു മാന്യത കല്‍പ്പിച്ചിരുന്നു. സവര്‍ണന്റെ വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് ഇതുമൂലം അനുവാദം ഉണ്ടായിരുന്നു.