"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ആദിദ്രാവിഡര്‍ ഒന്നിക്കണം - കുഞ്ഞുകുട്ടി കൊഴുവനാല്‍


സംഭവങ്ങളാണ് ചരിത്രമാവുക. ചരിത്രങ്ങള്‍ സത്യങ്ങളുമായിരിക്കാം. എന്നാല്‍ സംഭവങ്ങളെ വളച്ചൊടിച്ച്, വ്യക്തികള്‍ക്കോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനോ സ്ഥാപനങ്ങള്‍ക്കോ അനുകൂലമായ തരത്തില്‍ ചരിത്രമുണ്ടാക്കി സമൂഹത്തെ തെറ്റിധരിപ്പിക്കുന്ന സ്വാര്‍ത്ഥമതികളായ ചരിത്രകാരന്മാരും ഏറെയുണ്ട്. അങ്ങനെയാണ് ഇവിടെ ചരിത്രം ഏകപക്ഷീയമാവുന്നതും അതിന്റെ തിക്ത ഫലങ്ങള്‍ അജ്ഞരും അടിച്ചമര്‍ത്തപ്പെട്ടവരുമായ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതും. നിഷ്‌കൃഷ്ടവും സത്യസന്ധവുമായ ചരിത്രപഠനം അറിവിന്റെ ഉന്നതതലത്തിലേയ്ക്കുള്ള വഴിയാണ്. അത് വ്യക്തിയുടേയോ, സമൂഹത്തിന്റെയോ, സ്ഥാപനങ്ങളുടെയോ ആകാം, എന്നാല്‍ അത് പഠിച്ച് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും വളരുവാനുള്ള ആയുധവുമാണെന്നറിയണം. 'പഠിച്ചവര്‍ വളരുന്നു, അല്ലാത്തവര്‍ തളരുന്നു, തകരുന്നു. ഈ സത്യം ഇവിടുത്തെ ആദി ദ്രാവിഡ ജനംഉള്‍ക്കൊള്ളണം. വരും തലമുറകളെ പഠിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുകയും വേണം.

ഭാരതം ദ്രാവിഡവര്‍ഗ്ഗത്തിന്റെ മാത്രം രാജ്യമായിരുന്നല്ലോ. ഭരണീയരും ഭരണകര്‍ത്താക്കളും എല്ലാം അവര്‍തന്നെയായിരുന്നുതാനും. പ്രപഞ്ചശക്തികളെയും മണ്‍മറഞ്ഞുപോയ പൂര്‍വ്വപിതാക്കളെയെല്ലാം ദൈവീകത്വം നല്‍കി സ്മരിച്ചാരാധിച്ച്, പൂര്‍വ്വികര്‍ ആചരിച്ച് അനുഷ്ഠിച്ചുപോന്ന 'ഇല്ല'ങ്ങള്‍ എന്ന പ്രമാണങ്ങളെയും അവര്‍ ആദരിച്ച് പോന്നു. ഈ മഹത് സത്യങ്ങളെ അറിയാത്തവരോ അവഗണിക്കുന്നവരോ ആയ സമുദായങ്ങളും സംഘടനകളും പ്രവര്‍ത്തകരുമൊക്കെ ഇപ്പോഴും ഇവിടെ ധാരാളമാണ്. 'വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന' പഴമൊഴിപോലെ, ഈ ജനങ്ങളെ ഭാഗിച്ചെടുത്ത് കൂണുമുളയ്ക്കുന്നതു പോലെ സംഘടനകളുണ്ടാക്കി. സംസഘബലം അറിയാമായിട്ടോ, നയിക്കാന്‍ കഴിവുണ്ടായിട്ടോ അല്ല. മറിച്ച് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടേയോ അല്ലെങ്കില്‍ മതസംഘടനകള്‍ക്ക് അംഗബലം കൂട്ടി രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനോ വേണ്ടി ഇത്തരം സംഘടനകളെ ഉപയോഗിച്ചു. 1905 മുതല്‍ തന്നെ ഇത്തരം സംഘടനകളെ നാം കണ്ടുവരുന്നു.

അക്രമങ്ങളോ അനീതികളോ പരസ്പര വിദ്വേഷമോ വിവേചനമോ കൂടാതെ തികച്ചും സന്തുഷ്ടരായി ജീവിച്ചുവന്ന ദ്രാവിഡരുടെ ഇടയിലേയ്ക്ക് വിദേശികളുടെ കടന്നു വരവ് ചരിത്രത്തെ തലകീഴ് മറിച്ചു. വിവിധരാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച് അവിടങ്ങളിലെ ചരിത്രങ്ങളും സംസ്‌കാരങ്ങളും മനസ്സിലാക്കിയ വിദേശികള്‍ ഭാരതത്തിലെത്തി ഇവിടുത്തെ മഹത്തായചരിത്രം പഠിച്ചുതുടങ്ങി. അക്കാലത്ത് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, നിലവിലുണ്ടായിരുന്ന രാജാക്കന്മാരെയും നാടുവാഴികളെയും ഇടപ്രഭൂക്കന്മാരെയും സ്വാധീനിച്ച്, ഇവിടുത്തെ ഭരണസംവിധാനത്തെയും ഭൂമിശാസ്ത്രത്തെയുമൊക്കെ പഠിച്ച്, അവരെപ്രീണിപ്പിച്ച്, അധികാരങ്ങളും അംഗീകാരങ്ങളും നേടിയെടുക്കുകയായിരുന്നു. കേരളദേശമായിരുന്നു വിദേശികള്‍ക്ക് ഏറെ ഇഷ്ടം. ഇവിടുത്തെ അമൂല്യവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും കൈവശമാക്കി സ്വന്തം നാട്ടിലേയ്ക്ക് കടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. വിദേശമിഷനറിമാരായി വന്നവരാകട്ടെ, ഈ രാജ്യത്തിന്റെ പുരാതന വംശജരായ സ്ത്രീകളുമായി അവിഹിതബന്ധങ്ങള്‍ നടത്തുകയും അവരിലുണ്ടായ സന്താനങ്ങളെ പിന്നീട് ഇവിടുത്തെ ആദിമക്രിസ്ത്യാനികളായി അവരോധിക്കുകയും ചെയ്തു. ഇവര്‍ക്കാകട്ടെ ഒറു ശുദ്ധപാരമ്പര്യം അവകാശപ്പെടാനുമില്ല.


സംസ്‌കാരത്തിന്റെ ഉത്തുംഗതയില്‍ വ്യാപരിയ്ക്കുന്നവരെന്ന് അവകാശപ്പെടുന്ന ആര്യന്മാരാകട്ടെ, തനതുവംശജരായ ദ്രാവിഡജനതയെ കീഴടക്കി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അതിനുപോരുന്ന മെയ്യഴകും, വിദ്യാഭ്യാസവും, ആകാര സൗഷ്ടവവുമൊക്കെ ഉപോത്ബലകങ്ങളുമായി. നിയമവ്യവസ്ഥയിലൂടെ ഈ ആധിപത്യം ഉറപ്പിക്കേണ്ടത് അനിവാര്യമായപ്പോള്‍ ഒരു വര്‍ണ്ണ വ്യവസ്ഥ സൃഷ്ടിക്കപ്പെടുകയായിരുന്നു. ജനങ്ങളെ തൊഴില്‍ രീതിയനുസരിച്ചും ജീവിതശൈലി യനുസരിച്ചും നാലുഘടകങ്ങളായി തിരിച്ചു. അങ്ങനെ ചാതുര്‍വര്‍ണ്യവ്യവസ്ഥ നൈയാമികമായി അംഗീകരിക്കപ്പെട്ടു. ആര്യന്മാര്‍, (ബ്രാഹ്മണര്‍), ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയാണല്ലോ ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ വര്‍ണ്ണക്കാര്‍. ഇതിനുപുറത്തുള്ളവര്‍ വിജാതിയരും. അവരെ പഞ്ചമര്‍ എന്നു വളിച്ചുപോന്നു.

ബ്രാഹ്മണര്‍ ജ്ഞാനികളാണെന്നും, പ്രപഞ്ചദൈവീക ശക്തികളുടെ അവകാശം ഇവര്‍ ക്കുമാത്രമാണെന്നും, പൂജാദികര്‍മ്മങ്ങള്‍ ഇവര്‍ക്കുമാത്രമേ ചെയ്യാവൂ എന്നും നിജപ്പെടുത്തിയിരുന്നു. ഇവരാണ് സമുഹത്തിലെ ഒന്നാം നിരക്കാര്‍ അല്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍. രണ്ടാമത്തെ വിഭാഗമാണ്, ക്ഷത്രിയര്‍. ഇക്കൂട്ടര്‍ യൂദ്ധം ചെയ്യാനുള്ള വരാണ്. രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവരെ (ബ്രാഹ്മണര്‍ ഒഴികെ) അടിച്ചമര്‍ത്താനും നിയമപരമായി നിയോഗിക്കപ്പെട്ട ഇവര്‍ ഭരണകാര്യങ്ങള്‍ നടത്തുന്ന ഭരണാധികാരികളായി. മൂന്നാമത്തെ വിഭാഗമാണ് വൈശ്യര്‍. കച്ചവടം മുഖ്യതൊഴില്‍. രാജ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സ്വന്തം സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ ഈ വണിക വൈശ്യജാതിയ്ക്ക് അധികാരം നല്‍കി. വര്‍ണ്ണ വ്യവസ്ഥയിലെ അവസാനവിഭാഗമാണ് ശൂദ്രര്‍. മേല്‍പറയപ്പെട്ട മൂന്ന് വിഭാഗക്കാര്‍ക്കും ദാസ്യവേലചെയ്യുന്നതിനും മേലാളരുടെ ഇഷ്ടനിഷ്ടങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും, ക്രമസമാധാനം, കാവല്‍ തുടങ്ങിയവ പാലിയ്ക്കുന്നതിനും ഇവര്‍ നിയോഗിക്കപ്പെട്ടു. ഇന്നു നായര്‍ സമുദായമായി അറിയപ്പെടുന്നവരായിരുന്നു ഇവര്‍. ചാതുര്‍വര്‍ണ്യത്തിനുപുറത്തുള്ള ആദിമജനതയെ ഹിനീന്മാരായി തരംതാഴ്ത്തി. യഥാര്‍ത്ഥ രാജ്യോടമകളായ ഇവരെ, ആദിമ ദ്രാവിഡരെ, ഹീന ജനതയായി മാറ്റി നീചപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചു. ഇവിരെ പഞ്ചമ ജാതി എന്നു പേരുവിളിച്ചു. ബ്രഹ്മ ക്ഷത്രിയ വൈശ്യ ശൂദ്രരുടെ അടിമകളായി ഇവര്‍ മാറ്റപ്പെട്ടു. ആര്യാധിപത്യം വര്‍ഗ്ഗാധിപത്യമായതോടെ ഇവിടുത്തെ സാമൂഹിക ഘടന മാത്രമല്ല, സമ്പദ്ഘടനയും മാറ്റി മറിക്കപ്പെട്ടു. രാജ്യത്തിന്റെ വസ്തുവകകളും ശ്രേഷ്ഠന്മാരുടെ കൈകളിലേയ്ക്ക് എത്തിപ്പെട്ടത് ചരിത്രത്തിന്റെ മറ്റൊരുവശം. നിയമപരമായി ചില വ്യവസ്ഥകള്‍ ഇതിനായി സൃഷ്ടിക്കപ്പെട്ടു. ദേവസ്വം തുടങ്ങിയ വ്യവസ്ഥകള്‍ അതിനുദാഹരണമാണ്.

ആദിശങ്കരനാണ് ബ്രാഹ്മണര്‍ക്ക് ഉന്നതസ്ഥാനം കല്‍പിച്ചുകൊടുത്തത്. തത്ഫലമായി ആരാധനാ കാര്യങ്ങളും ആരാധനാലയങ്ങളും അവരുടെ കീഴിലായി. ബ്രാഹ്മണര്‍ക്ക് പ്രത്യേകമായി സ്വത്തുക്കള്‍ കരമൊഴിവാക്കി കല്‍പിച്ചുകൊടുത്തതിനുപുറമേ, ഏതുസമയത്തും അപ്പോഴും എവിടെയും കയറിചെല്ലാന്‍ അധികാരമുള്ളതിനാല്‍ ബ്രാഹ്മണനെ ഊട്ടാനും മറ്റുമായി രാജാക്കന്മാരും പ്രഭൂക്കന്മാരും കുടുംബങ്ങളുമെല്ലാം അവര്‍ക്കായി ധനധാന്യാദികള്‍ പ്രത്യേകമായി മാറ്റിവച്ചിരുന്നു. ദേവസ്വം അഥവാ രാജസ്വം മറ്റൊരു വ്യവസ്ഥയായിരുന്നു. 15-ാം നൂറ്റാണ്ട് മുതല്‍ ബ്രാഹ്മണര്‍ കൈയ്യാളിയായിരുന്ന ദേവസ്വത്തിന്റെ ചുമതല രാജാക്കന്മാരിലേക്കെത്തിയതു മുതല്‍ അതു രാജസ്വമായിമാറി. രാജാക്കന്മാരും ഫ്യൂഡല്‍ പ്രഭൂക്കന്മാരും ക്ഷേത്രത്തിന്റെ ഉടമസ്ഥരാവുകയും, ബ്രാഹ്മണാധിപത്യം ക്ഷയിച്ച് അവര്‍പുരോഹിത ശുശ്രൂഷയിലേയ്ക്ക് തിരിയുകയും ചെയ്തു. രാജാക്കന്മാരും പ്രഭൂക്കന്മാരും അവരുടെ സമ്പത്ത് ക്ഷേത്രസ്വത്താക്കിമാറ്റി. 16, 17 നൂറ്റാണ്ടുകളില്‍ രാജ്യശക്തി രാഷ്ട്രശക്തിയായി മാറി. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരും സാമൂതിരിമാരും തങ്ങളുടെ ഭരണവും സ്വത്തും ഉറപ്പിക്കുന്നതിന് ക്ഷേത്രഭരണത്തിന് ട്രസ്റ്റിമാരെ നിയോഗിച്ചു. അതില്‍ നമ്പൂതിരിമാരാ യിരുന്നവരെ യോഗാതിരിമാര്‍ എന്നും നായന്മാരെ ഊരാളര്‍ എന്നും സ്ഥാനപ്പേരു നല്‍കി. 1762 നു ശേഷമാണ് ഈ പരിഷ്‌കാരം മുഖേന രാജാക്കന്മാര്‍ അവരുടെ സ്വത്ത് സംരക്ഷിച്ചത്. തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ തന്റെ അധീനതയിലുള്ള രാജ്യവും സ്വത്തുക്കളും ശ്രീപത്മാഭന് സമര്‍പ്പിച്ച് പത്മനാഭക്ഷേത്ര ത്തിനു കീഴിലാക്കി. അതിനെതിരെ ശബ്ദമുയര്‍ത്തിയ എട്ടുവീട്ടില്‍ പിള്ളമാരെ കുടുംബസഹിതം അതിക്രൂരമായി വധിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. രാജഭരണം മാറി ജനകീയ ഭരണത്തിലായപ്പോള്‍ ദേവസ്വങ്ങളെ ഒരു ബോര്‍ഡ് രൂപീകരിച്ച് ജനാധിപത്യ സംവിധാനത്തിലാക്കി.

ഏതാണ്ട്, എ.ഡി. 8-ാം നൂറ്റാണ്ടു മുതല്‍ സ്വദേശികളും വിദേശികളും (ജാതി മേല്‍ക്കോയ്മക്കാര്‍) തമ്മിലുള്ള ആശയ സംഘട്ടനങ്ങള്‍, ഇവിടെത്തെ ജനതയെ അടിച്ചമര്‍ത്തി അടിമകളാക്കുകയാണുണ്ടായത്. വര്‍ത്തന്മാരില്‍ പ്രഗത്ഭരായവര്‍ ആദിമ ജനതയെ (അടിമകളാക്കപ്പെട്ടവര്‍) കൂട്ടംകൂട്ടമായി സ്വായത്തമാക്കുകയും ക്രമയവിക്രയത്തിനുപയോഗിക്കുകയും ചെയ്തു. ഇക്കാലം മുതല്‍ പ്രതികരണശേഷി നഷ്ടപ്പെട്ട ദ്രാവിഡവര്‍ഗ്ഗത്തിന്റെ ശനിദശ ആരംഭിക്കുകയായിരുന്നു.

പഞ്ചമരെന്ന് വേര്‍തിരിക്കപ്പെട്ട ആദി ദ്രാവിഡരെ മിണ്ടാപ്രാണികളായ മൃഗങ്ങളോട് പെരുമാറുന്നതിനെക്കാള്‍ ക്രൂരവും നിഷ്ഠുരവുമായ രീതിയിലാണ് മേലാളര്‍ പെരുമാറിയിരുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ മറവില്‍ നേടിയെടുത്ത ഭൂപ്രദേശങ്ങള്‍ കൃഷിക്കുപയുക്തമാക്കുന്നതിനും, കൃഷിചെയ്തുപരിപാലിക്കാനും, വിളവെടുത്ത് അറപ്പുരകളില്‍ ശേഖരിച്ച് കൊടുക്കാനും അടിമകള്‍ നിര്‍ബന്ധിതരായി. നിലം ഉഴുതുന്നതിന് അടിമകളെ നുകത്തില്‍ ബന്ധിച്ച്, മറ്റൊരടിമയെക്കൊണ്ട് നുകം തെളിയിക്കുകയും, നുകം വലിച്ച് തളര്‍ന്ന് വീഴുകയോ രോഗപീഡയാല്‍ വീഴുകയോചെയ്താല്‍ നുകം തെളിയിക്കുന്ന അടിമയെക്കൊണ്ടുതന്നെ നുകത്തില്‍ തലയ്ക്കടിച്ച് വയലിലെ ചെറില്‍ ചവിട്ടിതാഴ്ത്തികൊല്ലുമായിരുന്നു. മേലാളരെ അനുസരിക്കാതിരിക്കുകയോ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടതാണെങ്കില്‍ പോലും ഏതെങ്കിലും സ്ത്രീയുമായി പ്രണയബന്ധത്തിലേര്‍പ്പെടുകയോ ചെയ്താല്‍ അവരെ ഉടമയുടെ ദ്രാവിഡകിങ്കരന്മാരെക്കൊണ്ടുതന്നെ ബലമായി പിടിച്ചുകൊണ്ടുപോയി വനാന്തരത്തിലുള്ള ഏതെങ്കിലും വന്‍മരത്തില്‍ കൈകള്‍ പിറകിലേയ്ക്ക് ചേര്‍ത്ത് വച്ച് ചങ്ങല (തുടല്‍) കൊണ്ട് ബന്ധിച്ച് താഴിട്ട് പൂട്ടുകയും ദിവസങ്ങളോളം അങ്ങനെ തൂങ്ങിക്കിടന്ന് കാകന്റെയും കഴുകന്റെയും ഇതര ഹിംസ്രജന്തുക്കളുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്താരാജ്യത്തുടനീളം, പ്രത്യേകിച്ചു കേരളത്തില്‍, അതിക്രൂരമായ മറ്റൊരു കൊലപാതക രീതികൂടി പ്രാബല്യത്തിലുണ്ടാ യിരുന്നു. മണ്ണില്‍ കുഴിയെടുത്ത് ശിക്ഷാര്‍ഹനായ അടിമയുടെ കഴുത്ത് വരെ കുഴിയിലിറക്കി മണ്ണും കല്ലും കൊണ്ട് കുഴിനിറച്ച്, തലമാത്രം വെളിയിലുള്ള കുറ്റവാളിയുടെ നിറുകയില്‍ സ്വന്തം ആള്‍ക്കാരെകൊണ്ട് തന്നെ കട്ടിനെയ്യ് പൊത്തിവപ്പിയ്ക്കും. വെയിലില്‍ നെയ്യ് ഉരുകി കണ്ണിലേയ്ക്കും മറ്റും ഒഴുകി ഒലിയ്ക്കുമ്പോഴേയ്ക്കും മേല്‍പ്പറഞ്ഞ തുപോലെ കഴുകനും കാകനും കൊത്തിപ്പറിച്ച് കൊല്ലുമായിരുന്നു. ഏറ്റവും വലിയ ക്രൂരത, അപ്പനെകൊല്ലാന്‍ മകനെയും മകനെകൊല്ലാന്‍ അപ്പനെയും സഹോദരനെ കൊല്ലാന്‍ സഹോദരനെയും ആയിരുന്നു നിയോഗിച്ചിരുന്നത്. ഇത്തരം പൈശാചിക സംഭവങ്ങളെ ഏത് ചരിത്രകാരന്‍മറന്നാലും അനുഭവിച്ചതലമുറയുടെ അനന്തരഗാമി കള്‍ ഇന്നും പഠിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. ഇന്നും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അയിത്തമാരോപിച്ച്, പ്രത്യക്ഷവും പരോക്ഷവുമായി ഇതൊക്കെ നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത.

ഒരു വ്യക്തിക്കോ സമൂഹത്തിനോ പ്രസ്ഥാത്തിനോ വളരണമെങ്കില്‍ അടിസ്ഥാനപര മായി വേണ്ടുന്നത് വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക സ്വാതന്ത്ര്യ മാണ്. അടിമവര്‍ഗ്ഗങ്ങള്‍ക്ക് ഇവ ഇന്നും പൂര്‍ണ്ണമായി നിക്ഷേധിക്കപ്പെട്ടിരി ക്കുകയാണ്. മറ്റുസമുദായങ്ങള്‍ സംഘടിച്ചുനേടിയ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടു ന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഈ വര്‍ഗ്ഗത്തിനു തന്നെയാണ് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ലഭ്യമാകാത്ത അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള സംഘടിത ശക്തിയും ബോധവും ഉണ്ടായാല്‍ മാത്രമേ ഈ അടിമ വര്‍ഗ്ഗത്തിനു പുരോഗതിഉണ്ടാ വുകയുള്ളൂ.

വൈദേശികാധിപത്യം-ആര്യാധിപത്യം-ഈ രാജ്യത്തുകൊടികുത്തി വാണപ്പോള്‍ കാലാനുഗതങ്ങളായി ഇന്ത്യയിലേയ്ക്ക്, പ്രത്യേകിച്ച് കേരളത്തിലേയ്ക്ക് കടന്നുവന്ന മതവക്താക്കള്‍ അവരവരുടെ മതപ്രബോധനങ്ങളുടെ മറവില്‍ അടിമകളെ സംഘടിപ്പിച്ച് സമൂഹശക്തിയാര്‍ജ്ജിക്കാനുള്ള വ്യഗ്രതയാണ് കാഴിയത്. കേരളത്തിലെ ബുദ്ധമത പ്രചാരകരും ഈ അടിമവര്‍ഗ്ഗത്തെയാണവലംബിച്ചത്. സ്വയം രക്ഷയ്‌ക്കെന്നോണം പലരും ബുദ്ധ-ജൈനമതങ്ങള്‍ സ്വീകരിച്ച് ആ സംസ്‌കാര ങ്ങളില്‍ ലയിക്കുകയുമുണ്ടായി. അനേകം ജാതി-മത സമൂഹങ്ങളിലായി ആദിമസമുദായം വിഭജിക്കപ്പെട്ടു. എ.ഡി. 700 നോട് കൂടി, ജാതി വ്യവസ്ഥയ്ക്കു കീഴടങ്ങുകയായിരുന്നു. കേരളത്തിലെത്തിയ എല്ലാ മതപ്രചാരകരും അടിമകുട്ടങ്ങളെ തങ്ങളുടെ മേച്ചില്‍പ്പുറങ്ങളായിക്കണ്ട്, അവരവരുടെ മതസംഘടനയ്ക്ക് ജനസംഘ്യ വര്‍ദ്ധിപ്പിക്കാനാണു ശ്രമിച്ചത്. ജാതിമേലാളന്മാരുടെയും മതനേതാക്കളുടെയും മര്‍ദ്ദനവും ക്രൂരതയും ഭയന്ന്, വനാന്തരങ്ങളിലേയ്ക്ക് പാലായനം ചെയ്ത ആദിവാസികള്‍ കേരളത്തില്‍ ആലപ്പുഴജില്ലയൊഴികെ, മറ്റെല്ലായിടങ്ങളിലും പല സമുദായ പേരുകളിലായി അറിയപ്പെട്ടു ജീവിച്ചുവരുന്നു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥ രുടേയും ഭൂജന്മികളുടെയും അതിക്രൂമായ നീയമ ലംഘനങ്ങളും പെരുമാറ്റങ്ങളും സഹിച്ച്, ജീവിതത്തിലൊരിക്കലും രക്ഷപ്പെടാതെ കഴിയുന്നു. ഒരു കൂരമാത്രമുള്ള ആ സമൂഹത്തിലെ ഒരംഗം മരിച്ചാല്‍ ആ കൂരയ്ക്കുള്ളില്‍ തന്നെ സംസ്‌കരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കൂരയ്ക്കുപുറത്ത് ഒരു സെന്റ് സ്ഥലമോ ഒരു പൊതു ശ്മശാനമോ ഇവര്‍ക്കില്ല. ആ പാവങ്ങളെ ഉദ്ധരിക്കാന്‍ വന്‍തുകകള്‍ ബഡ്ജറ്റിലുള്‍പ്പെടുത്താ റുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഇടപെടല്‍ നിമിത്തം ഈ തുകയുടെ 10 ശതമാനമെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനുപുറമേ, ആദിമജനതയുടെ പെണ്‍കുട്ടികള്‍ അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നു. അവിവാഹിതരായ അമ്മമാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ചോദിക്കാനും പറയാനും ആരുമില്ലയെന്ന ധൈര്യത്തില്‍, സംരക്ഷകരാകേണ്ടവര്‍ത്തന്നെ സംഹാരകരാവുന്നു. വിദ്യാഭ്യാസത്തിനവകാശമില്ലാതെ, അടിസ്ഥാനസൗകര്യങ്ങളൊ ന്നുമില്ലാതെ ശുദ്ധജലം പോലും നിക്ഷേധിക്കപ്പെട്ട് മൃഗതുല്യരായി കഴിയേണ്ടിവരുന്ന ഇക്കൂട്ടരുടെ ഉയര്‍ച്ചയ്ക്കും ഉയിര്‍ത്തെഴുന്നേല്‍പിനും ഒരു മതവും രാഷ്ട്രീയവും മിനക്കെടുന്നില്ല. അവരുടെ വസ്തുവകകള്‍ ബലമായി കൈയ്യടക്കി വാഴുന്ന 'മാഫിയ' കളാണ് ഇന്നുള്ളത്. ഇതിനൊരറുതിവരുത്തേണ്ടത് മനസ്സാക്ഷിയുള്ളവരുടെ ഉത്തരവാദിത്വവും കടമയുമാണ്. മാധ്യമങ്ങള്‍പോലും ഈക്രൂരതകണ്ട് ആസ്വദിക്കുകയാണ് ചെയ്യുന്നത്. പൂജാരിയും പുരോഹിതനും ഭരണാധികാരിയും ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമെല്ലാം ഒരേ വാക്കിന്റെ പര്യായങ്ങള്‍ മാത്രമായിരിക്കുന്നു. നീതിബോധമുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുന്നുമില്ല. നീതിക്കുവേണ്ടി കേഴുന്നവന്റെ തലയറക്കാന്‍ ശ്രമിക്കാതെ ലിഖിതമായ നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ ആത്മീയഭൗതീക മേഖലകളിലെ അധികാരികളും പ്രചാരകരും തയ്യാറാവണം. അതിനുവേണ്ടി, അലസതയും അലംഭാവവും മാറ്റിവച്ച് ആദിദ്രാവിഡ സമൂഹങ്ങളും സമുദായങ്ങളും ഒന്നിക്കണം. എങ്കില്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാനും ജീവിതത്തിന്റെ മുഖ്യധാരയിലെത്താനും കഴിയുകയുള്ളു. 


കുഞ്ഞുകുട്ടി കൊഴുവനാല്‍  9605375816