"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

'കല്ലുമാല' സമരത്തിലൂടെ ചരിത്രത്തിലെത്തിയ കൊല്ലം പെരിനാട് കലാപം - കുന്നുകുഴി എസ മണി


'അയ്യനവര്‍' എം.എന്‍.ചോലയില്‍ ലഘുചരിത്രം പേജ് 59-66, 1984.


'കല്ലുമാല' സമരത്തിലൂടെ ചരിത്രത്തിലെത്തിയ കൊല്ലം പെരിനാട് കലാപം

നൂറ്റാണ്ടുകളായി സമൂഹത്തിലെ സമ്പന്ന - സവര്‍ണവിഭാഗങ്ങള്‍ രാജ്യത്തെ അയിത്ത ജനങ്ങളുടെ മേല്‍ പല ദുരാചാരങ്ങളും അടിച്ചേല്‍പ്പിച്ചിരുന്നു. ഇത്തരം ദുരാചാരങ്ങള്‍ അനുസരിക്ക യല്ലാതെ എതിര്‍ക്കാന്‍ പാടില്ലയെന്നായിരുന്നു അലിഖിതനിയമം. ഈ അലിഖിത നിയമത്തെ സാധൂകരിക്കുന്നതായിരുന്നു ഭരണകൂടത്തിന്റെ ഇടപെടലുകളും. ഇത്തരമൊരു ദുരാചാര മായിരുന്നു അവര്‍ണസ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല എന്നത്. പകരം കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല ധരിക്കാമെന്നതും. ഈ ദുരാചാരത്തില്‍ പൊറുതിമുട്ടി എതിര്‍ക്കാന്‍ മുതിര്‍ന്നവരെ രാജകിങ്കരന്‍മാരുടെ ഒത്താശയോടെ അടിച്ചൊതുക്കാനും സവര്‍ണമാടമ്പിമാര്‍ തയ്യാറായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ സവര്‍ണരുടെ കുത്തകയായിരുന്നു. സ്വര്‍ണവും, വെള്ളിയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന നാഗപടത്താലി, ഉള്‍ക്കെട്ട്, കണ്ഠസാരം, നാലുപന്തി എന്നീ കണ്ഠാഭരണങ്ങളും കാതിലിടുന്ന ഓലയും, തക്കയും കാലില്‍ ധരിക്കുന്ന പാദസ്വരവും, വിഞ്ചിയും എളിയില്‍ ധരിക്കുന്ന അരഞ്ഞാണവുമെല്ലാം സവര്‍ണസ്ത്രീ കള്‍ക്കേ പാടുണ്ടായിരുന്നുള്ളൂ. അവര്‍ണസ്ത്രീകള്‍ക്ക് ഇതൊക്കെ നിഷിദ്ധ വസ്തുക്കളായിരുന്നു. പകരം മിനുസമാര്‍ന്ന കുപ്പിച്ചില്ലും, പളുങ്കു കോര്‍ത്തുണ്ടാക്കിയ ഒരു തരം കല്ലമാലയായിരുന്നു അവര്‍ണസ്ത്രീകള്‍ കഴുത്ത് നിറയെ ചുറ്റിയിരുന്നത്. അവര്‍ മാറിടത്തിലെ നഗ്നത മറച്ചിരുന്നതും ഇത്തരം നിരവധി കല്ലമാലകള്‍ ഇട്ടിട്ടാണ്. കല്ലമാലകള്‍ കൂടാതെ കാതില്‍ ഇരുമ്പ് വളച്ചുണ്ടാക്കിയ കുണുക്കുകളും, കൈയ്യില്‍ ഇരുമ്പ് വളകളുമാണ് ധരിച്ചിരുന്നത്. അരയില്‍ നിന്നും മുട്ടുവരെ കഷ്ടിച്ചെത്തുന്ന ഒരു തോര്‍ത്തുപോലത്തെ മുണ്ടായിരുന്നു സ്ത്രീകളും പുരുഷന്‍മാരും ധരിച്ചിരുന്ന വസ്ത്രം. അടിവസ്ത്ര ങ്ങള്‍ പോലും ധരിക്കാന്‍ പാടില്ലെന്നായിരുന്നു ചട്ടം. പണ്ടുകാലത്ത് കീഴാളന്‍ ഒരു പുത്തന്‍മുണ്ടുവാങ്ങിയാല്‍ പോലും അത് ചെളിയില്‍ പുരട്ടിയേ ഉടുക്കാവൂ. സവര്‍ണനെന്ന ഹൈന്ദവന്റെ നീതിശാസ്ത്രമായിരുന്നു ഇതൊക്കെയെങ്കിലും ഹിന്ദുവിന്റെ ഏത് നീതിശാസ്ത്രത്തിലാണ് ഈ ദുരാചാരങ്ങളെ കുറിച്ച് പറയുന്നത്?

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ഒരു നീതിശാസ്ത്ര വുമില്ലാതെയാണ് ആര്യബ്രാഹ്മണകൂട്ടങ്ങള്‍ ഹിന്ദു എന്ന മതത്തെ പൊക്കികൊണ്ടുവന്നത്. ഹിന്ദുമതം ഇന്ത്യാമഹാരാജ്യത്ത് ആരും സ്ഥാപിച്ചതായി ഒരു ചരിത്രരേഖയുമില്ല. ഇന്ത്യക്കാരെ പൊതുവില്‍ ഹിന്ദുക്കള്‍ എന്നാണ് വിദേശീയര്‍ വിളിച്ചുപോ ന്നിരുന്നത്. ആ വിളിയില്‍ നിന്നാണ് ഹിന്ദു ഒരു മതമായി മേലാള വൈതാളികന്മാര്‍ ചിട്ടപ്പെടുത്തിതട്ടികൂട്ടിയത്. കാലാന്തര ത്തില്‍ ഇന്ത്യയിലെ ദ്രാവിഡ വൈജ്ഞാനികന്മാര്‍ രചിച്ച വേദങ്ങളും സൂത്രങ്ങളും, ആഗമങ്ങളും എല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി ആര്യബ്രാഹ്മണര്‍ വിളക്കിച്ചേര്‍ക്കപ്പെട്ടു. കാലിമേച്ചും ആഹാരം തേടിയും മദ്ധേഷ്യയില്‍ നിന്നെത്തിയ ആര്യന്മാര്‍ക്ക് വേദങ്ങളും ഇതിഹാസങ്ങളും രചിക്കാനുള്ള വിജ്ഞാനവും സംസ്‌കൃതഭാഷക്കും എവിടെനിന്ന് ഏത് സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ജ്ജിതമായി എന്ന് ചിന്തിക്കാനുള്ള സാമാന്യവിചാരം പോലും ഇവിടത്തെ ആദിമജനതയ്ക്ക് ഇല്ലാതെപോയി. ആര്യബ്രാഹ്മണര്‍ ഇന്ത്യയിലെത്തുമ്പോള്‍ സ്വയാര്‍ജ്ജിതമായ ഒരു മഹാസംസ്‌കാരം ദ്രാവിഡര്‍ ഹാരപ്പയിലും മോഹന്‍ജൊദാരോ യിലും കെട്ടിപ്പടുത്തു കഴിഞ്ഞിരുന്നു. ഈ സംസ്‌കാര പൈതൃകത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് വൈതാളികന്മാര്‍ ഒരു ജനപഥത്തെ മുഴുവന്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ചവിട്ടി അരച്ച് താഴ്ത്തി കളഞ്ഞത്. ആ താഴ്ചയുടെ പ്രതിഫലനമാ യിരുന്നു മലയാളക്കരയിലും സംഭവിച്ച സാമൂഹ്യ അസന്തുലിതാ വസ്ഥയും അരാജകത്വവും. ഇത്രയും അപരിഷ്‌കൃതമായ വേഷഭൂഷാധികള്‍ ഒരു ജനതയുടെ മേല്‍ മറ്റൊരു ജനത അടിച്ചേല്‍പ്പിച്ച സമ്പ്രദായം ഭൂമിയില്‍ മറ്റെവിടെയെങ്കിലും കാണാന്‍ ഇടയില്ല. ബ്രാഹ്മണന്‍ അവന്റെ എല്ലാ പ്രഭാവങ്ങ ളോടും ഉറഞ്ഞാടിയ മണ്ണായിരുന്നു മലയാളക്കരയെന്ന കേരളം. താണ ജാതിക്കാരായ പുലയര്‍, പറയന്‍, കുറവന്‍ തുടങ്ങിയവര്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും ആഭരണങ്ങള്‍ അണിയാന്‍ പാടില്ലെന്ന് വിലക്കിക്കൊണ്ട് നൂറ്റിതൊണ്ണൂറ്റി ഒന്ന് വര്‍ഷം മുന്‍പ് 1818- ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഒരു രാജകീയവിളംബരം തന്നെ പുറപ്പെടുവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാറുമറ യ്ക്കാന്‍ പാടില്ലെന്നും കല്ലമാലയേ ധരിക്കാന്‍ പാടുള്ളൂവെന്നും സവര്‍ണര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ അവരുടെ ലൈംഗീകാസ്വാദന തൃഷ്ണകൂടി പ്രകടമാണ്. ലൈംഗീകചൂഷണം കൂടി ലക്ഷ്യംവെച്ചാണ് ഇത്തരം ദുരാചാരങ്ങള്‍ക്ക് സവര്‍ണര്‍ തയ്യാറായത്. സ്വന്തം അമ്മപെങ്ങന്മാര്‍ക്കു പോലും ഇത്തരം വേഷപ്പകര്‍ച്ചകള്‍ നടപ്പാക്കിയിരുന്നു ഇവറ്റകള്‍. പണ്ട് നായര്‍ സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ പാടുണ്ടായിരുന്നില്ല.

തൊണ്ണൂറാംമാണ്ട് ലഹളബാധിതകാലത്ത് നെയ്യാറ്റിന്‍കര താലൂക്കിലാകമാനം ലഹള രൂക്ഷമായിരുന്നു. നായന്‍മാരായിരുന്നു ഈ ലഹളകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് ഇതേ കാലത്താണ് കല്ലമാല അണിയാത്തതിന്റെ പേരില്‍ കൊല്ലം താലൂക്കില്‍ പെരിനാട്ടും പരിസരത്തും ലഹളകള്‍ നടന്നത്. പെരിനാട്ട് ലഹളയുടെ പിന്നിലും സവര്‍ണരായ നായര്‍ തേര്‍വാഴ്ചയായിരുന്നു. അവര്‍ നാടെങ്ങുമുള്ള പുലയരെ മര്‍ദ്ദിച്ചു. അവരെ പറ്റെ ലൈംഗീകവേഴ്ചയ്ക്ക് വിധേയരാക്കി. ആയിരക്കണക്കിന് കുടിലുകള്‍ കത്തിച്ചു. അയിത്തജാതിക്കാരുടെ ജീവനും സ്വത്തിനും നിലനില്‍പ്പില്ലാതെയായി. പക്ഷേ ഭരണകൂടം അനങ്ങിയില്ല. കൊല്ലം പെരിനാട്കലാപത്തിന് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ തെക്കന്‍തിരുവിതാംകൂറില്‍ മറ്റൊരു സമരം നടന്നിരുന്നു. പ്രസിദ്ധമായ ചാന്നാര്‍ലഹളയായിരുന്നു അത്. ചാന്നാര്‍ ( നാടാര്‍) സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു. ഇതിനെതിരെ നീണ്ട മുപ്പത്തായാറു വര്‍ഷം സവര്‍ണരുമായി നടന്ന കലാപമാണ് തെക്കന്‍തിരുവിതാം കൂറിലെ മാറുമറയ്ക്കല്‍സമരം. ഈ സമരത്തെക്കുറിച്ച് പറയാതെ കൊല്ലം പെരിനാട് ലഹള വിവരിക്കാന്‍ കഴിയില്ല. 

തിരുവിതാംകൂറില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് തങ്ങളുടെ കൈവശമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന എല്ലാ ജാതികളില്‍ പെട്ട സ്ത്രീകള്‍ മാറുമറച്ചുകൊള്ളണമെന്ന് ടിപ്പു കര്‍ശനമായി ആവശ്യപ്പെട്ടു. 1788-ല്‍ ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വെച്ച് മാറുമറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിളംബരം പുറപ്പെടുവിച്ചതായി ടിപ്പുവിന്റെ പടയോട്ടക്കാലത്തെ രേഖകള്‍ വ്യക്തമാക്കുന്നു. ടിപ്പുസുല്‍ത്താന്റെ അത്രപോലും സദാചാര ബോധം തിരുവിതാംകൂര്‍ ഭരിച്ച നാരീമണികളായ റാണിമാര്‍ക്കുണ്ടായിരുന്നില്ല. 1800 കാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരുവിതാംകൂറില്‍ തിരിച്ചെത്തിയ ഒരു നായര്‍ യുവതി മാറുമറച്ചുകൊണ്ട് ആറ്റിങ്ങല്‍ തമ്പുരാട്ടിയെ മുഖം കാണിച്ച കുറ്റത്തിന് വിവരക്കേടിന്റെ പര്യായമായ റാണിയുടെ മുമ്പില്‍വെച്ചുതന്നെ ആ യുവതിയുടെ രണ്ട് മുലകളും രാജഭടന്മാര്‍ ഛേദിച്ചെറിഞ്ഞതായി വിദേശസഞ്ചാ രിയായ ഗ്രേസ് തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരുന്നു. പുലയര്‍ക്കും, നാടാര്‍ക്കും, ഈഴവര്‍ക്കും മാത്രമല്ല നായര്‍ സ്ത്രീകള്‍ക്കും ഒരു കാലത്ത് തിരുവിതാംകൂര്‍ രാജ്യത്ത് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ആറ്റിങ്ങല്‍ തമ്പുരാട്ടിയെ മുഖം കാണിച്ച യുവതി നായര്‍ സ്ത്രീയായിരുന്നു. മുലമാറാപ്പ് പാടില്ലെങ്കിലും സര്‍ക്കാര്‍ മുലക്കരം പിരിച്ചിരുന്നു. കൊല്ലം പെരിനാട്, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ 'ജന്മിക്കട്ടില്‍' എന്നൊരേര്‍പ്പാട് നിലനിന്നിരുന്നു. സാധുപണിയാ ളരുടെ കൂരകളില്‍ ജന്മിക്ക് വിശ്രമിക്കുന്നതിനായി ഒരു കട്ടില്‍ സ്ഥിരമായി ഇട്ടിരുന്നു. ചാന്നാര്‍ സ്ത്രീകളുടെ ' പ്രഥമരാത്രി ' സവര്‍ണര്‍ക്കുള്ളതായിരുന്നു. അന്നതൊരു നാട്ടാചാരമായി കരുതിയിരുന്നു. ബ്രാഹ്മണരെ മാറു കാണിക്കാത്ത സ്ത്രീ ഏത് ജാതിയില്‍ പെട്ടതായിരുന്നാലും ' അസന്മാര്‍ഗ്ഗി ' എന്നാണ് അലിഖിതനിയമം തന്നെ.

സവര്‍ണര്‍ അവര്‍ണരോട് പ്രത്യേകിച്ചും തെക്കന്‍ തിരുവിതാം കൂറിലെ നാടാര്‍ സ്ത്രീകളോട് കാട്ടികൊണ്ടിരുന്ന സാമൂഹ്യ അനീതികളില്‍ പ്രതിഷേധിച്ചുകൊണ്ട് അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, നെയ്യാറ്റിന്‍കര എന്നീ താലൂക്കുകളിലെ ചാന്നാറില്‍ ആ നല്ല വിഭാഗം ക്രിസ്തുമതം സ്വീകരിച്ചു. ലണ്ടന്‍മിഷന്‍ സൊസൈറ്റി ഒരു കാലത്ത് സ്ഥാപിച്ച സ്‌കൂളുകളില്‍ ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍ കുട്ടികള്‍ ധാരാളമായി ചേര്‍ന്നു. മിഷിനറി പ്രവര്‍ത്തകരായ സ്ത്രീകളുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസം സിദ്ധിച്ച ചാന്നാര്‍ പെണ്‍കുട്ടികള്‍ മാറുമറയ്ക്കാന്‍ ആരംഭിച്ചു. അയഞ്ഞ കുപ്പായം പോലുള്ള ജാക്കറ്റാണ് ചാന്നാട്ടികള്‍ ധരിക്കാന്‍ ആരംഭിച്ചത്. ഈ നടപടി സവര്‍ണരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാ യിരുന്നു. അവര്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ചു. സ്ത്രീകള്‍ക്ക് മാന്യമായ രീതിയില്‍ മാറുമറയ്ക്കാന്‍ പാടില്ലെന്ന അലിഖിത നിയമത്തിനെതിരെ അന്നത്തെ തിരുവിതാംകൂര്‍ റസിഡന്റും ദിവാനുമായിരുന്ന കേണല്‍ മണ്‍ട്രോ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ആ ഉത്തരവ് ഇങ്ങനെയാണ്: 'I have heard that the women of Ezhavas and such like castes who have embraeed christanity have been prevented from covering their bosoms but us I have granted may permission to the women comverted to christianity to cover their bosoms as ontains among in other countries.'' 1. സ്ത്രീകള്‍ക്ക് യഥേഷ്ടം മാറുമറച്ചുനടക്കുന്നതിനുള്ള ദിവാന്റെ ഉത്തരവ് സവര്‍ണഉദ്യോഗസ്ഥര്‍ ചുവപ്പുനാടയില്‍ കുരുക്കുയിടു കയും അവ പ്രാബല്യത്തില്‍ കൊണ്ടുവരാതിരിക്കുകയും ദിവാന്‍ ക്രൈസ്തവ മതക്കാരായതിനാല്‍ ഹൈന്ദവ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരെ തിരിയുന്നുവെന്നും കുപ്രചരണം നടത്തി. ഈ കുപ്രചരണം മനസ്സിലാക്കിയ ദിവാന്‍ മണ്‍ട്രോസാ യിപ്പ് 1813-ല്‍ ഇതു സംബന്ധമായി മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു. ഈ ഉത്തരവില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കുപ്പായം ധരിച്ച് മാറുമറയ്ക്കാമെന്നും അതിനാല്‍ അവരെ തടയാന്‍ പാടില്ലെന്നും, അതെസമയം ഹിന്ദുസ്ത്രീകളുടേതു പോലെ മാറുമറയ്ക്കരുതെന്നും പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല മാറുമറയ്ക്കല്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ സവര്‍ണര്‍ ഇതൊന്നും പാലിച്ചില്ലെന്നു മാത്രമല്ല ക്രൈസ്തവ മതം സ്വീകരിച്ച ചാന്നാരെ ക്രിസ്താനിയായി അംഗീകരിക്കാനും തയ്യാറായില്ല. 1822-ല്‍ കല്‍ക്കുളത്തുവെച്ചാണ് ചാന്നാര്‍ലഹള ആദ്യമായി പൊട്ടിപുറപ്പെട്ടത്. അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് റാണി ഗൗരിപാര്‍വ്വതീഭായി തമ്പുരാട്ടിയാണ്. ക്രൈസ്തവമതാവലംബികളായ ചാന്നാര്‍ സ്ത്രീകള്‍ ജാക്കറ്റ് ധരിച്ച് കല്‍ക്കുളം ചന്തയില്‍ എത്തിയപ്പോള്‍ നായന്മാര്‍ സംഘം ചേര്‍ന്ന് ചാന്നാര്‍ സ്ത്രീകളെ ബലാല്‍ക്കരേണ പിടുച്ചുനിറുത്തി ജാക്കറ്റുകള്‍ വലിച്ചുകീറി മാറിടങ്ങളില്‍ പിടിച്ച് പരസ്യമായി അപമാനിച്ചു. ഇന്നലെവരെ മാറുമറയ്ക്കാതെ നടന്നിരുന്ന ചാന്നാട്ടികള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ഉടനെ മാറുമറയ്ക്കാന്‍ ആരംഭിച്ചത് ധിക്കാരമാണെന്ന് പറഞ്ഞ് നായന്മാര്‍ ചാന്നാട്ടികള്‍ ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. സവര്‍ണ ഉദ്യോഗസ്ഥരും ദിവാന്‍ വെങ്കിട്ടറാവുവും സവര്‍ണ നടപടികളെ അനുകൂലിക്കാന്‍ മുതിര്‍ന്നത് ലഹളകള്‍ക്ക് ആക്കം കൂട്ടി. ചാന്നാര്‍ സ്ത്രീകള്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ കൂട്ടമായി ചെന്ന് വിദേശമിഷനറി റവാ. ഫാദര്‍. മീഡിനെകണ്ട് സങ്കടമറിയിച്ചു. 

സവര്‍ണരുടെ ഈ കൊടിയ അനീതിക്കെതിരെ റവ:മീഡ് തന്റെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം പത്മനാഭപുരം കോടതിയില്‍ ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാന്‍ വേണ്ടി ധരിച്ച ജാക്കറ്റ് വലിച്ചുകീറിയ സംഭവത്തെ ചോദ്യംചെയ്തുകൊണ്ടും അവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു കേസ് ഫയല്‍ ചെയ്തു. കേസ് വിചാരണ നടത്തിയ കോടതി 1823(998 ഇടവം 7ന്) വിധി പ്രസ്താവിച്ചു. വിധി തീര്‍പ്പിന്റെ പ്രശസ്തഭാഗം സി.എം.അഗര്‍ എഴുതിയ 'ദ ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിരുന്നു. ''A complaint was lodged against some christians under their heathen names as shannars for not playing the arreass of the toddy renland for their women wearing appear cloth when it was decreed that they were to befimed in consequence of their women wearing an upper cloth.An appeal beeing made to this as their was a proclomation allowing the christians to were an upper cloth the coart-wrote to the Rev:charls mead to enquire of these people were christians and if their religion required them to wear the upper cloth. Rev:Mead replied that the shannars and such other caste women as have embraaeed christianity ought to were an upper cloth for the sake of decemay when they go to the church, the fairs, markets, and similar places and that they were instructed to do so and if that it ought to be so ordered agreeably to christianity. It is accordingly decreed that shannoo Neelankutty, and others were not to befined for allowing their women to wear upper cloth that only for other complaints against them'' 2

ചാന്നാന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അനുകൂലമായ കോടതിവിധി വന്നതോടെ ചാന്നാര്‍ സ്ത്രീകള്‍ വീണ്ടും മാറുമറയ്ക്കാന്‍ തുടങ്ങിയിരുന്നു. ചില ക്രൈസ്തവ ചാന്നാട്ടികള്‍ വളരെ നേര്‍മ്മയേറിയ തുണികൊണ്ടുള്ള ജാക്കറ്റുകള്‍ ധരിച്ചു. 1828-ല്‍ യേശു അടിയാള്‍, തീതി അടിയാള്‍ എന്നീ രണ്ടു ചാന്നാര്‍ സ്ത്രീകളെ കല്‍ക്കുളത്തുവെച്ച് സവര്‍ണര്‍ ബലമായി പിടിച്ചുനിറുത്തി ജാക്കറ്റുകള്‍ വലിച്ചുകീറി അസഭ്യങ്ങള്‍ പറഞ്ഞു. മിഷനറി സ്‌കൂളുകളില്‍ സവര്‍ണര്‍ കടന്നുകയറി കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സവര്‍ണര്‍ ചാന്നാര്‍കുട്ടികളുടെ പുസ്തകങ്ങള്‍ വലിച്ചു കീറിയെറിഞ്ഞു. ജാക്കറ്റുകള്‍ വലിച്ചുകീറി ഭീഷണിപ്പെടുത്തി. 1828 ഡിസംബര്‍ 28ന് ഞായറാഴ്ച ദിവസം ക്രിസ്താനികളായ ചാന്നാരെ വിളിച്ച് നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു. പത്മനാഭപുരം കൊട്ടാരത്തിലെ ആനകള്‍ക്ക് തിന്നാനുള്ള ഓലമടലുകള്‍ ചുമക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. അരൂരില്‍ നിന്നും ഓലമടലുകളും ചുമന്നുകൊണ്ടുവന്ന ക്രിസ്ത്യന്‍ ചാന്നാര്‍മാരെ മറ്റൊരു വിഭാഗം ക്രിസ്താനിചാന്നാന്മാര്‍ വഴിക്കുവെച്ചു തടയുകയും ആ ഓലമടലുകള്‍ സവര്‍ണ (നായര്‍) യുവാക്കളെകൊണ്ട് തിരികെ അരൂരിലേക്ക് ചുമപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ അഞ്ഞൂറോളം വരുന്ന സവര്‍ണര്‍ മാരകായുധങ്ങളുമായി കണ്ണില്‍കണ്ട ചാന്നാര്‍ ക്രിസ്താനികളെ മര്‍ദ്ദിക്കുകയും അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തു. ഇതറിഞ്ഞ മിഷനറി റവ.മീഡ് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. 1829 ജനുവരി 3ന് രാത്രിയില്‍ റവ.ചാള്‍സ് മീഡിന്റെ മണ്ടയ്ക്കാട്ടെ ബംഗ്ലാവ് സവര്‍ണര്‍ വളഞ്ഞുവെയ്ക്കുകയും മീഡിനെ വധിക്കാന്‍ പരിപാടിയിടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ മണ്ടയ്ക്കാട്ടെ തീരദേശത്തുള്ള മുക്കുവര്‍ കൂട്ടമായട്ടെത്തി റവ.മീഡിന്റെ ബംഗ്ലാവ് വളഞ്ഞു കാവല്‍ കിടന്നു. മുക്കുവരുടെ സാന്നിധ്യം മണത്തറിഞ്ഞ സവര്‍ണര്‍ വധോദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞു പോയി. ഇതിനകം റവ.മീഡിന്റെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്ത് ലഭിച്ച ഉദയഗിരി കോട്ടയിലെ ബ്രിട്ടീഷ് പട്ടാള ക്യാപ്റ്റന്‍ ഒരു സംഘം പട്ടാളക്കാരുമായി മണ്ടയ്ക്കാട്ടെ ബംഗ്ലാവിലെത്തി. അതോടെ തലക്കുളം, അരുമന, കണ്ണമംഗലം, കിള്ളിയൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ സവര്‍ണ മാടമ്പിമാര്‍ ഒന്നൊഴിയാതെ സ്ഥലം കാലിയാക്കി. ഒടുവില്‍ തിരുവിതാംകൂര്‍ റാണി ഗൗരിപാര്‍വ്വതിഭായി തമ്പുരാട്ടി 1829-ല്‍ ഒരു വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബരത്തില്‍ ചാന്നാന്മാരില്‍ ക്രിസ്തുമതം സ്വീകരിച്ച ചാന്നാട്ടികള്‍ മേലില്‍ ശീല ഇട്ടുകൂടെന്നും അതിനു പകരമായി കുപ്പായം ധരിച്ചു കൊള്ളാ മെന്നുമായിരുന്നു കല്പന. പക്ഷെ ലഹളകള്‍ക്ക് ചെറിയ ശമനമുണ്ടായെങ്കിലും ചില പ്രദേശങ്ങള്‍ സംഘര്‍ഷ ബാധിതമായി തന്നെ നില കൊണ്ടു.

1858-ല്‍ ബ്രിട്ടീഷ് രാജ്ഞി പ്രസിദ്ധം ചെയ്ത ഒരു വിളംബരത്തില്‍ ഇങ്ങനെ പറയുന്നു. ''ഒരു സമുദായക്കാരോ, സര്‍ക്കാരോ ഇതര സമുദായങ്ങളുടെ മതപരവും സാമൂഹ്യവുമായ ആചാരങ്ങളില്‍ ഇടപെടരുത്. നിയമത്തിനുമുമ്പില്‍ എല്ലാ ജനങ്ങളും തുല്യരാണ്. പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ആരും അര്‍ഹരല്ല.'' ഈ വിളംബരം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍പ്പെടുന്ന തിരുവിതാംകൂറിനും ബാധകമായിരുന്നു. ഈ വിളംബരത്തോടെ റവുക്കയും രണ്ടാം മുണ്ടും ധരിക്കുവാനുള്ള അവകാശം ക്രൈസ്തവരുടെ അവകാശമാക്കി കണക്കാക്കി. ഈ അവകാശ ത്തിന്‍മേല്‍ സവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നായര്‍ക്ക് താഴെയുള്ള ഈഴവര്‍, നാടാര്‍ പുലയര്‍, പറയര്‍, പള്ളര്‍, കുറവര്‍ തുടങ്ങിയവര്‍ക്ക് മാറു മറയ്ക്കാതെ നടക്കണമെന്നത് ഹൈന്ദവാചാരമാണെന്നും അത് ധിക്കരിക്കാന്‍ അവര്‍ണര്‍ക്ക് അവകാശമില്ലെന്നും പറഞ്ഞാണ് പിന്നീട് സവര്‍ണ ജന്മിമാര്‍ ഉറഞ്ഞു തുള്ളിയത്. പക്ഷെ വ്യക്തമായ അടിസ്ഥാന തത്വങ്ങളോ രൂപരേഖയോഇന്നോളമില്ലാത്ത ഹിന്ദുമതത്തില്‍ ഈ ഹൈന്ദവാചാരം എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്? ഏത് വേദത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്? മുഷ്‌ക് കൊണ്ട് അവര്‍ണ ജാതികളെ തങ്ങളുടെ വരുതിയിലാക്കാന്‍ സവര്‍ണര്‍ നടത്തിയ കുതന്ത്രങ്ങളായിരുന്നു ഇത്തരം ദുരാചാ രങ്ങള്‍ക്ക് കാരണം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.ടി.മാധവരായര്‍ തെക്കന്‍ തിരുവിതാംകൂറിലെ ലഹള ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. ക്രിസ്ത്യാനികളായ ചാന്നാര്‍ നേതാക്കള്‍ ദിവാനെ സന്ദര്‍ശിച്ച് ചാന്നാര്‍ ജനങ്ങളുടെ മാറുമറയ്ക്കാന്‍ കഴിയാത്തതിനെകുറിച്ചുള്ള പ്രയാസങ്ങള്‍ വിവരിക്കുന്ന ഒരു നിവേദനം സമര്‍പ്പിച്ചു. നിവേദനം കൊടുത്ത് പുറത്തെത്തിയ ചാന്നാര്‍ നേതാക്കളെ കാത്തുനിന്ന ദിവാന്റെ ഉദ്യോഗസ്ഥന്മാരും സവര്‍ണമാടമ്പിമാരും ചേര്‍ന്ന് ഭീകരമായി മര്‍ദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ ദിവാനെ കാണുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പില്‍ക്കാലത്ത് കീഴാള സ്ത്രീകള്‍ക്ക് മുലക്കരവും തലക്കരവും മറ്റും ഏര്‍പ്പെടുത്തി സാധുജനങ്ങളെയാകെ ദ്രോഹിച്ച ദിവാന്‍ മാധവരായര്‍ ഇതിനകം മറ്റൊരു വിളംബരം കൂടി അവര്‍ണര്‍ക്കെതിരെ പുറപ്പെടുവിച്ചു. ആ വിളംബരം ഇങ്ങനെയാണ്. ''1829- ലെ വിളംബരം പ്രാബല്യത്തിലിരിക്കുമ്പോള്‍ ക്രിസ്ത്യാനിയും ഹിന്ദുവുമായ ചാന്നാര്‍ സ്ത്രീകള്‍ അതിലെ ചട്ടങ്ങള്‍ക്കൊപ്പിച്ചു നടക്കണമെന്നു ള്ളതു വളരെ സ്പഷ്ടമാണ്. ഇനി അഥവാ ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് ഏതെങ്കിലും വ്യത്യാസം വേണമെന്നാഗ്ര ഹവുമുണ്ടെങ്കില്‍ത്തന്നെ ആ വക കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് നിവേദനം ചെയ്ത് തീരുമാനമെന്തെന്ന് കാത്തിരിക്കേണ്ടതാകുന്നു. അതല്ലാതെ പൊതുസമാധാനലംഘനത്തിന് ഇടവരുത്തരുത്. ''തിരുവിതാംകൂറിലെ കീഴാള ജനങ്ങളെ എങ്ങനെയെല്ലാം ദ്രോഹിക്കാമോ അങ്ങനെയെല്ലാം ദ്രോഹിച്ച ഒരേ ഒരു ദിവാന്‍ സര്‍.ടി. മാധവരായരാണ്. ആ അവര്‍ണ ദ്രോഹിയുടെ പ്രതിമയാണ് മാവിന്‍മൂടെന്ന് പഴമക്കാര്‍ വിളിച്ചിരുന്ന സ്ഥലത്ത് സ്ഥാപിച്ച് സ്റ്റാച്യുവെന്ന് പേരുമാറ്റിയത്. ഇന്നും സെക്രട്ടറിയേറ്റി നുമുന്നില്‍ സ്റ്റാച്യുജംഗ്ഷനില്‍ സര്‍.ടി. മാധവരായരുടെ പ്രതിമ നില്പുണ്ട്. ദിവാന്‍ മാധവരായരുടെ ഈ വിളംബര പ്രഖ്യാപനം വിദേശ മിഷനറിമാര്‍ക്ക് ഇഷ്ടമായില്ല. ദിവാന്‍ പക്ഷപാതപര മായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ്രോയിക്കും,മദ്രാസ് ഗവര്‍ണര്‍ക്കും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചു. ഇതിനിടെ തിരുവിതാംകൂറിന്റെ തലസ്ഥാനനഗരമായ പത്മനാഭപുരത്ത് ചാന്നാര്‍ സ്ത്രീകളുടെ റൗക്ക വലിച്ചുകീറല്‍ തുടങ്ങിയിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ചാന്നാട്ടികളുടെ മുലമാറാപ്പായ റൗക്ക കീറല്‍ നടന്നത്. ഉദ്യോഗസ്ഥനെ പിന്‍തുണച്ച് സവര്‍ണര്‍ രംഗത്തു വന്നതോടെ നാടാന്മാരും വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. വന്‍പിച്ച ലഹള നടന്നു. കളിയിക്കവിളയിലും മുലമാറാപ്പ് പിച്ചിച്ചിന്തുകയും സംഘട്ടനം നടക്കുകയും ചെയ്തു. പാറശാലയില്‍ ആറ് ക്രൈസ്തവ പള്ളികളും നെയ്യൂരില്‍ മൂന്ന് ക്രൈസ്തവ പള്ളികളും സവര്‍ണ മാടമ്പികൂട്ടം തീവച്ചു. കോട്ടാറിലും നാഗര്‍ കോവിലിലും കലാപമായി. 1859 ജനുവരി 4ന് നാഗര്‍ കോവിലില്‍ ഇരുന്നൂറോളം വരുന്ന സവര്‍ണര്‍ കലാപം അഴിച്ചുവിട്ടു. കലാപം ഒതുക്കാന്‍ പുത്തന്‍പട്ടാളത്തെ സര്‍ക്കാര്‍ നിയോഗിച്ചു. പട്ടാളക്കാര്‍ ക്രൂരമര്‍ദ്ദനം കൊണ്ട് ലഹളക്കാരെ നേരിട്ടു. ആണ്ടിത്തോപ്പ്, തിട്ടിപിള, മൈലാടി, വടക്കന്‍കര, കുഴിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ലഹളകള്‍ പടര്‍ന്നു പിടിച്ചു. മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് ഹാരീസ് തിരുവിതാംകൂര്‍ റസിഡന്റ് ജനറല്‍ കല്ലനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മദ്രാസ് ഗവര്‍ണര്‍ ശക്തമായ ഭാഷയില്‍ ജനറല്‍ കല്ലന്ന് എഴുതി. രാജാവിന്റെ പദവിക്ക് ചേര്‍ന്നതല്ല അപരിഷ്‌കൃതമായ ഇത്തരം ആചാരങ്ങളെന്ന് തിരുവിതാംകൂര്‍ രാജാവിനെ അറിയിക്കണമെന്ന്. 1959-ജൂലൈ 26ന് ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കിക്കൊണ്ട് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വിളംബരം പ്രഖ്യാപിച്ചു. പക്ഷെ കലാപങ്ങള്‍ക്ക് അപ്പോഴും ശമനം കണ്ടില്ല. ചാന്നാര്‍ കലാപത്തില്‍ ഒറ്റയാന്‍ സമരം നയിച്ച വൈകുണ്ഠ സ്വാമി കളുടെ പങ്കും കുറച്ചു കാണാനാവില്ല. തെക്കന്‍ തിരുവിതാംകൂറില്‍ മാറുമറയ്ക്കല്‍ സമരം ഒന്ന് കെട്ടടങ്ങിയ പ്പോഴാണ് കായംകുളം രാജ്യത്ത് മേല്‍മുണ്ട് സമരം പൊട്ടിപ്പുറ പ്പെട്ടത്. ശീലവഴക്കെന്നും ഇതിന് പേരുണ്ട്.

1859-ല്‍ കായംകുളത്ത് ഇത് ഏത്താപ്പു (മേല്‍മുണ്ട്) സമരമെന്ന പേരിലാണ് അരങ്ങു തകര്‍ത്തത്. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതിന് 35 വര്‍ഷം മുന്‍പ് സ്വന്തമായി താന്ത്രികവിദ്യ അഭ്യസിച്ച് ഇടയ്‌ക്കോട് ജ്ഞാനേശ്വരം ക്ഷേത്രം നിര്‍മ്മിച്ച് അവിടെ ഈഴവ ശിവനെ പ്രതിഷ്ഠിച്ച ആറാട്ടുപുഴ വേലായുധപണിക്കരാണ് ഏത്താപ്പു സമരത്തിന്റെ നടുനായകന്‍. കായംകുളത്തും പരിസരപ്രദേശങ്ങളിലും ഈഴവരാദി കീഴാള സ്ത്രീകള്‍ക്കന്ന് സവര്‍ണസ്ത്രീകളെ കൂട്ട് മേല്‍മുണ്ട് ധരിച്ചു നടക്കാന്‍ പാടില്ലെന്നായിരുന്നു സവര്‍ണരീതി. ഒരിക്കല്‍ ഒരു സാധുസ്ത്രീ നാണം മറയ്ക്കാന്‍ മാറിടത്തില്‍ ഏത്താപ്പു ഇട്ടു പൊതുനിര ത്തില്‍ നടന്നത് അവിടത്തെ നാട്ടു പ്രമാണിമാരായ അങ്ങത്ത മാര്‍ക്ക് പിടിച്ചില്ല. സവര്‍ണരോട് ധിക്കാരം കാട്ടിയ ആ സ്ത്രീയെ അവര്‍ തടഞ്ഞു നിറുത്തുകയും അവരുടെ മേല്‍മുണ്ട് വലിച്ചുകീറി ദൂരെത്ത് എറിയുകയും മുലകളില്‍ മച്ചിങ്ങത്തൊ ണ്ടു പിടിപ്പിച്ച് കൂകി ഓടിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ മാത്രയില്‍ തന്നെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആവശ്യമുള്ളത്ര മേല്‍മുണ്ടും വാങ്ങി തണ്ടുവള്ളത്തില്‍ കായംകുളത്തെത്തി. അവിടെ കണ്ട എല്ലാ അവര്‍ണ ജാതികള്‍ക്കും മേല്‍മുണ്ടു വിതരണം നടത്തി. അവരെക്കൊണ്ട് മേല്‍മുണ്ട് ധരിപ്പിച്ച് പൊതുനിരത്തിലൂടെ സഞ്ചരിപ്പിച്ചു. പണിക്കര്‍ കുതിരപ്പുറത്തുകയറി നിരീക്ഷണവും നടത്തി നോക്കി. ഒരു സവര്‍ണ പ്രമാണിയും അവരെ തടയാനോ കമാന്നൊരക്ഷരം ഉരിയാടാനോ തയ്യാറായില്ല. ഒടുവില്‍ 1859-ലെ വിളംബരത്തോടെ മാറുമറയ്ക്കാന്‍ എല്ലാ കീഴാള സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു.

ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ക്കും ചാന്നാന്‍ (ഈഴവ) സ്ത്രീകള്‍ ക്കും മാറുമറച്ചു നടക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രസിദ്ധമായ വിളംബര പ്രഖ്യാപനത്തിന് അരനൂറ്റാണ്ടിന് ശേഷമാണ് കൊല്ലം പെരിനാട്ടില്‍ പുലയ സ്ത്രീകളുടെ 'കല്ലമാല' സമരം ആരംഭിച്ചത്. 1914-ല്‍ ആരംഭിച്ച് 1915-ല്‍ ഭീകര രൂപം പൂണ്ട് സായുധകലാ പമായി അവസാനിപ്പിക്കുകയായിരുന്നു. പെരിനാട് കലാപത്തിന് തിരികൊളുത്തിയത് ജന്മിമാരുടെ ക്രൂരവും നിന്ദ്യവുമായ ഇടപെടലുകള്‍ മനുഷ്യാവകാശ ലംഘനങ്ങളായി രൂപപ്പെട്ടതാണ് കലാപത്തിലെത്തിയത്. പെരിനാട്, ചെന്നിത്തല, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ അരങ്ങേറിയ തൊഴില്‍ തര്‍ക്കങ്ങളാണ് ജന്മിമാരും അടിയാളന്മാരും തമ്മില്‍ ലഹളകള്‍ പൊട്ടിപ്പുറ പ്പെടാന്‍ കാരണം. ഇതിനിടെയാണ് തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി കമ്മലും മാലയും പോലുള്ള പ്രാകൃത വേഷങ്ങള്‍ ഉപേക്ഷിക്കുവാന്‍ ആഹ്വാനം നടത്തിയത്. തിരുവിതാംകൂറില്‍ ഏതാണ്ട് പരിഷ്‌കൃതമായെങ്കിലും കൊല്ലം പോലുള്ള ജില്ലകളില്‍ അത്തരം പ്രാകൃത വേഷാചാരങ്ങള്‍ മാറ്റുവാന്‍ സവര്‍ണര്‍ അയിത്ത ജാതിക്കാരെ അനുവദിച്ചിരുന്നില്ല. ഈ കാലത്ത് പുലയ സമുദായത്തില്‍പ്പെട്ട ഗോപാലദാസന്‍ അവര്‍ണജാതിക്കാരുടെ ഇടയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സവര്‍ണനീതിശാസ്ത്രങ്ങളോട് ചെറുപ്പകാലം തൊട്ടേ എതിര്‍പ്പു ണ്ടായിരുന്ന ഗോപാലദാസന്‍ സ്വന്തം ജനതയുടെ കഷ്ടപ്പാടുകളില്‍ മനംനൊന്ത് അവയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുതിര്‍ന്നിരുന്നു. അങ്ങനെ ഗോപാലദാസന്‍ പെരിനാട്ടും പരിസരത്തും പുലയരുടെ നേതാവായി തീര്‍ന്നിരുന്നു. സ്വസമുദായത്തിന്റെ വിമോചനത്തില്‍ ജീവന്‍പോലും തൃണവല്‍ക്കണിക്കാന്‍ ഗോപാലദാസന്‍ തയ്യാറായിരുന്നു. ഗോപാലദാസന്റെ ശ്രമഫലമായി അയിത്ത ജാതിക്കാരുടെ വീടുകള്‍ കയറിയിറങ്ങി കല്ലുമാലക്കെതിരെ പ്രചാരണം നടത്തുകയും ചെറുതും വലുതുമായ പുലയ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇത്തരം അനാചാരങ്ങള്‍ ക്കെതിരെ പൊരുതാന്‍ സാധുജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിരുന്നു. പ്രാക്കുളം, തഴവ, അഞ്ചാലുംമൂട്, കുറുവ, പനയം മുതലായ പ്രദേശങ്ങളില്‍ വന്‍പിച്ച പുലയ യോഗങ്ങള്‍ തന്നെ ഗോപാലദാസന്‍ സംഘടിപ്പിച്ചു. ഈ യോഗങ്ങള്‍ വളരെ സാഹസപ്പെട്ടാണ് സംഘടിപ്പിച്ചിരുന്നത്. കാരണം പുലയ യോഗങ്ങള്‍ നടത്താന്‍ പോകുന്നുവെന്നറിഞ്ഞാല്‍ സവര്‍ണര്‍ ശക്തിയുക്തം തടയുകയും മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേരോട്ടം നടന്നതും ഇത്തരത്തിലായിരുന്നു. ഇത്തരം യോഗങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഗോപാലദാസന് സവര്‍ണ മാടമ്പിമാരില്‍ നിന്നും പലപ്പോഴും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേ ണ്ടിവന്നിരുന്നു. അവര്‍ണര്‍ യോഗം നടത്താന്‍ പോകുന്നുവെന്ന് അറിഞ്ഞാല്‍ അവര്‍ ലഹളയ്ക്ക് കോപ്പൊരുക്കുന്നതായി സവര്‍ണര്‍ പറഞ്ഞു പരത്തും. പിന്നീട് സംഘട്ടനമാകും സംഭവിക്കുന്നത്. പക്ഷെ ഗോപാലദാസിന്റെ അക്ഷീണമായ പ്രവര്‍ത്തനം കൊണ്ട് നിരവധി യോഗങ്ങള്‍ സംഘടിപ്പിക്കാനും ആയിരക്കണക്കിന് അവര്‍ണരെ പങ്കെടുപ്പിക്കുന്നതിനും സാധിച്ചു. ഇതിലൂടെ അധഃസ്ഥിത ജനതയ്ക്ക് ഒരു നവോന്മേഷം പകര്‍ന്നു കിട്ടി.

ഇത്തരമൊരു അവസ്ഥയിലാണ് ഗംഭീരമായ ഒരു യോഗം പെരിനാട് ചെമ്മക്കാട്ട് ചെറുമുക്കിലെ പുതുവലില്‍ ചേരാന്‍ തീരുമാനിച്ചത്. മറ്റു പലസ്ഥലങ്ങളിലുമെന്ന പോലെ വൈഷമ്യങ്ങള്‍ ഇവിടെയുമുണ്ടായി. എന്തുവില കൊടുത്തും യോഗം നടത്തുമെന്ന് ഗോപാലദാസ് പ്രഖ്യാപിച്ചു. എന്നാലിതിനെ ചെറുക്കാന്‍ തന്നെ സവര്‍ണരും തയ്യാറെടുത്തു. അതോടെ ഒരു സായുധ സമരത്തിന്റെ രണഭൂമിയായി പെരിനാട് മാറിയെന്ന താവും ശരി. സവര്‍ണര്‍ കൂലിച്ചട്ടമ്പിമാരെ സംഘടിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ അവര്‍ണരിലെ ചെറുപ്പക്കാരും അവരെ നേരിടാനുള്ള കോപ്പുകള്‍ കൂട്ടുന്ന സന്ദര്‍ഭത്തിലാണ് ചെറുമൂട്ടിലെ സാധുജനങ്ങളുടെ യോഗം കലക്കാനും യോഗത്തിനിടെ സംഘാട കനും നേതാവുമായ ഗോപാലദാസിനെവകവരുത്താനും സവര്‍ണ പ്രമാണിമാര്‍ ഗൂഢാലോചന നടത്തി സ്ഥലത്തെ മാടമ്പിപ്രധാനി യായ 'നല്ലേരികുരിനായരെ' കണ്ടെത്തിയത്. ഗോപാലദാസിനെ കൊന്നു കഴിഞ്ഞാല്‍ നല്ലേരി കുരിനായര്‍ അകത്തായാല്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ പത്തു പറ കണ്ടവും രണ്ടേക്കര്‍ പുരയിടവും 1000 പണവുമായിരുന്നു സവര്‍ണ പ്രമാണിമാര്‍ അയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. സവര്‍ണപ്രമാണിമാര്‍ പച്ചക്കൊടി കിട്ടിയതോടെ ആ കവലചട്ടമ്പി നാട്ടിലെങ്ങും ഇറങ്ങി നടന്ന് കണ്ണില്‍ക്കണ്ട സാധുജനങ്ങളെ ഒരു കാരണവും കൂടാതെ തല്ലിച്ചതച്ചു. അവര്‍ണ സ്ത്രീകളെ മാനഭംഗം ചെയ്തു. പിന്നെ പെരിനാട്ടിലെങ്ങും നല്ലേരി കുരിനായരുടെ തേര്‍വാഴ്ചയായിരുന്നു. പക്ഷെ കറുത്തവരിലെ ചുണക്കുട്ടന്മാര്‍ അതോടെ രംഗത്തിറങ്ങി. അവരും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

കൊല്ലവര്‍ഷം 1091 തുലാം 8-ാം തീയതി (1915 ഒക്‌ടോബര്‍ 24ന്) ഒരു ഞായറാഴ്ച ദിവസമായിരുന്നു പെരിനാട് ചെറുമൂട്ടില്‍ യോഗം ചേര്‍ന്നത്. ആയിരക്കണക്കിന് പുലയ സ്ത്രീകളും പുരുഷന്മാരും യോഗത്തില്‍ സംബന്ധിക്കാന്‍ പെരിനാട്ടിലും പരിസരത്തുനിന്നും എത്തിച്ചേര്‍ന്നിരുന്നു. ഗോപാലദാസായിരുന്നു യോഗാദ്ധ്യക്ഷന്‍. യോഗനടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെന്നിത്തലയിലെ സമരനേതാവ് വിശാഖം തേവന്‍ (3) ഗാനമാലപിക്കാന്‍ സ്റ്റേജില്‍ എഴുന്നേറ്റുനിന്നു. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞെത്തിയ ഒരു സവര്‍ണ ചട്ടമ്പി നീണ്ട ഒരു ഇരുമ്പുകമ്പികൊണ്ട് തേവനെ ഓങ്ങിയടിച്ചു. വടിയുടെ നിഴല്‍ കണ്ടു തേവന്‍ നിന്ന നില്പില്‍ നിന്നും കുതിച്ചു പൊങ്ങി. അടിയേറ്റത് അദ്ദേഹത്തിന്റെ തുടയ്ക്കായിരുന്നു. അടിയേറ്റ് നിലത്തുവീണ തേവന് ബോധമറ്റിരുന്നു. ബോധം വന്നപ്പോള്‍ അദ്ദേഹം കണ്ടത് തന്നെ കമ്പിവടികൊണ്ട് അടിച്ച സവര്‍ണ ചട്ടമ്പിയെ സ്റ്റേജില്‍ കാവല്‍ നിന്ന യുവാക്കളും കല്ലമാല ധരിച്ച യുവതികളും ചേര്‍ന്ന് അടിച്ചു ചതയ്ക്കുന്നതാണ്. തുടര്‍ന്ന് നടന്നത് ഒരു യുദ്ധമായിരുന്നു. സംഘടിച്ചെത്തിയ സവര്‍ണരും അവര്‍ണരും തമ്മില്‍ പൊരിഞ്ഞ അടിയും വെട്ടും കുത്തുമെല്ലാം നടന്നു. വെട്ടേറ്റ് നിലംപതിച്ചവരുണ്ട്. ഓടുന്നവരുണ്ട്. സ്ത്രീകള്‍ കൂട്ടത്തോടെ നിലവിളിച്ചു കരയുന്നു. എങ്ങും ഭീതിതമായ രംഗമായിരുന്നു. അടികൊണ്ട് കാല്‍മുടന്തിപ്പോയ തേവന്‍ ഒരു പറങ്കിമാവില്‍ വലിഞ്ഞിഴഞ്ഞു കയറിയിരുന്ന് ആ അടികലശല്‍ കണ്ടതായി പില്‍ക്കാലത്ത് അദ്ദേഹം കുന്നുകുഴി മണിയോട് കുന്നുകുഴി മുടുമ്പില്‍ വീട്ടില്‍ വച്ച് ഒരിക്കല്‍ പെരിനാട് കലാപത്തെക്കുറിച്ച് ഇരുമ്പുവടികൊണ്ടുള്ള അടിയുടെ പാട് കാട്ടി പറയുകയുണ്ടായി. പുലയസ്ത്രീകള്‍ അന്ന് നെല്ലരിവാളുമായിട്ടാ യിരുന്നു സവര്‍ണരെ നേരിട്ടത്. കൊള്ളയും കൊലയും പെരിനാട്ടിനെ വിറകൊള്ളിച്ചു. നായന്മാര്‍ പുലയരുടെ കുടിലുകള്‍ തീയിട്ടു. 600 ഓളം വീടുകള്‍ കത്തിയമര്‍ന്നു. യോഗം കലക്കാന്‍ കൊണ്ടുവന്ന നല്ലേരികുരിനായരുടെ വീട് അവര്‍ണര്‍ തീവച്ചു. ഇതിനിടെ നല്ലേരി കുരിനായര്‍ കടന്നു കളഞ്ഞിരുന്നു. മറ്റൊരു നായര്‍ പ്രമാണിയായ കാക്കോലില്‍ ഉണ്ണിത്താനും പ്രാണനും കൊണ്ട് ഓടിപ്പോയി. അയാളുടെ ഓലകെട്ടിയ വീടും പുലയ യുവാക്കള്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ആ വീട്ടിനുള്ളില്‍ ഉണ്ണിത്താന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്ന കാര്യം പിന്നീടാണ് തീവയ്പുകാര്‍ ഓര്‍ത്തത്. പൊടുന്നനെ തീവച്ചവരില്‍പ്പെട്ട ഒരു യുവാവിന് മനസ്സലിയുകയും രഹസ്യമായി സാഹസപ്പെട്ട് വീട്ടിനുള്ളില്‍ കടന്ന് അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി. പക്ഷെ സ്ത്രീക്ക് ചെറിയ പൊള്ളലേറ്റിരുന്നു. കുഞ്ഞിന് അപകടമൊന്നുമുണ്ടായില്ല. ഏഴുദിവസത്തോളം പെരിനാട്ടില്‍ കലാപം രൂക്ഷമായി നിലനിന്നു. ഇതിനകം കൊള്ളയും കൊള്ളിവയ്പും കൂടാതെ പലരും കൊലചെയ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും അതൊന്നും പുറത്തുവന്നിരുന്നില്ല. വന്‍പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായത്. പുലയര്‍ക്ക് തങ്ങളുടെ വീടുകള്‍ മുഴുവന്‍ കത്തിച്ചാമ്പലായിരുന്നു. പക്ഷെ സവര്‍ണ മുഷ്‌കിന് കനത്ത തിരിച്ചടി നല്‍കാന്‍ കഴിഞ്ഞുവെന്ന ആശ്വാസവും. ഏതാണ്ട് കലാപം അവസാനിച്ച ഘട്ടത്തില്‍ പോലീസ് രംഗത്തെത്തി. അവരും സവര്‍ണരും ചേര്‍ന്ന് വീണ്ടും സാധുജനങ്ങളെ വേട്ടയാടാന്‍ ആരംഭിച്ചതോടെ നില്ക്കകളിയില്ലാ തെ സാധുജനങ്ങള്‍ നാടുംവീടും വിട്ട് പലായനം ചെയ്യേണ്ടിവന്നു. വേട്ടയാടലില്‍ കുടുങ്ങിപ്പോയ സാധുജനങ്ങളെ രക്ഷിക്കാന്‍ ഒരു ദൈവദൂതനെപ്പോലെ വിദേശ മിഷനറി പ്രവര്‍ത്തകനായ എഡ്മണ്ട് സായ്പ് രംഗത്തെത്തി. സാധുജനങ്ങള്‍ക്ക് അദ്ദേഹം ഭക്ഷണവും വസ്ത്രവും നല്‍കുകയും മിഷന്‍ സ്‌കൂളില്‍ താല്‍ക്കാലിക താമസത്തിന് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കൂടാതെ കലാപത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട ഏര്‍പ്പാടും എഡ്മണ്ട് സായ്പ് ചെയ്തു. പക്ഷെ മിഷനറി സായ്പിന്റെ ഉന്നം മറ്റൊരുലക്ഷ്യമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സായ്പ് സഹായിച്ച സാധുജനങ്ങളെ മുഴുവന്‍ മതപരിവര്‍ത്തനം നടത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഒടുവില്‍ സ്വന്തം മതക്കെട്ടില്‍ നിന്നു തന്നെ സാധുജനങ്ങള്‍ക്ക് അന്യമതത്തിന്റെ സ്വാധീന വലയത്തില്‍ മനസ്സില്ലാമനസ്സോടെ അകപ്പെടേണ്ടിവന്നു. ഹൈന്ദവ സവര്‍ണര്‍ കാട്ടി കൂട്ടിയ നെറികേടില്‍ വെന്തു വെണ്ണീറായത് ഒരു ജനപഥത്തിന്റെ സാംസ്‌കാരിക പൈതൃകമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുത്താണ് അധഃസ്ഥിതരെ ക്രിസ്ത്യന്‍ ലോബികള്‍ മതപരിവര്‍ത്തനവലയത്തില്‍പ്പെടുത്തുന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണ് കൊല്ലം പെരിനാട് കലാപത്തിലൂടെ ഉരുത്തിരിഞ്ഞത്. (4) ഗോപാലദാസിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം ലഹളയായി ഒരാഴ്ചയോളം നീണ്ടുനിന്നു. ഒരാഴ്ചയ്ക്കുശേഷം 1915 നവംബര്‍ ആദ്യം പുറത്തുവന്ന 'മലയാളി' പത്രത്തില്‍ പെരിനാട് കലാപത്തെക്കുറിച്ച് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു. 'കഴിഞ്ഞ ഞായറാഴ്ച തിരുവിതാംകൂറില്‍ പെരിനാട്ടുവച്ച് സാധുജനപരിപാലന സംഘം സെക്രട്ടറി ഗോപാദാസിന്റെ അദ്ധ്യക്ഷതയില്‍ പുലയരുടെ ഒരു മഹായോഗം കൂടുകയുണ്ടായി. ആ അവസരത്തില്‍ നാനാദിക്കുകളില്‍ നിന്നുമായി ഏകദേശം രണ്ടായിരത്തിനു മേല്‍ പുലയര്‍ ഹാജരായിരുന്നു. കൂടാതെ ആ സ്ഥലത്തുള്ള ഏതാനും നായന്മാരും സന്നിഹിതരായിരുന്നു. യോഗമദ്ധ്യേ രണ്ടു നായര്‍ യുവാക്കള്‍ പുലയരുടെ ഇടയില്‍ കടന്നു ഏതോ ആവശ്യപ്പെടുകയും ചെയ്തുവെന്ന കാരണത്തിന്മേല്‍ ഒരു ലഹളയുണ്ടാവുകയും അതില്‍ വച്ച് പുലയര്‍ക്ക് മുറിവുകള്‍ പറ്റുകയും ചെയ്യുകയുണ്ടായി. അനന്തരം പുലയര്‍ സംഘമായി പുറപ്പെട്ടു. ഒരു നായരുടെ വീടിനു തീവെയ്ക്കുകയും വഴിമദ്ധ്യേവച്ച് തടുത്ത ചിലരെ കല്ലുകൊണ്ടെറിയുകയും മറ്റും ചെയ്യുകയുണ്ടായി. പെരിനാട്, മങ്ങാട്, കിളികൊല്ലൂര്‍ മുതലായ സ്ഥലങ്ങളില്‍ പുലയരുടെ ചില പുരകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടെയുള്ള പുലയരില്‍ മിക്കവരും പേര്‍ ആ സ്ഥലം വിട്ടുപോയിരിക്കുന്നതായി അറിയുന്നു. ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് ഇന്നലെ രാവിലെ കൃത്യസ്ഥലത്തു പോയിരുന്നു. (5) നസ്രാണിദീപികയിലും ഏതാണ്ട് ഇതേ കാലത്തുതന്നെ കൊല്ലം പെരിനാട് കലാപത്തെക്കുറിച്ച് വാര്‍ത്ത വന്നത് ചുവടെ ചേര്‍ക്കുന്നു: 'തുലാം എട്ടാം തീയതി ഞായറാഴ്ച പകല്‍ പത്തുമണിയോടു കൂടി പെരിനാട്ടു ചെറുമൂടെന്ന സ്ഥലത്ത് പുലയരുടെ ഒരു യോഗമാരംഭിച്ചു. യോഗത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം രണ്ടായിരത്തില്‍പ്പരം പുലയര്‍ സന്നിഹിതരായിരുന്നു. യോഗം ആരംഭിച്ച ഉടന്‍ രണ്ടു ചട്ടമ്പിമാര്‍ (പോക്കിരികള്‍) ചില ആയുധങ്ങളോടു കൂടി യോഗത്തില്‍ കടന്ന് നിര്‍ഭയം ഗോപാലദാസന്റെ അടുത്തെത്തി. ഇവരുടെ ഉദ്ദേശത്തെ മുന്‍കൂട്ടി അറിഞ്ഞിരുന്ന പുലയര്‍ അടുത്തുകൂടി ചട്ടമ്പിമാരെ കണക്കിനു പ്രഹരിച്ചു. അനന്തരം പുലയര്‍ അവരുടെ നായകനായ ഗോപാലദാസനെ കൊല്ലത്തേയ്ക്കു കടത്തിവിട്ടു. രോഷാകുലരായ പുലയര്‍ ചട്ടമ്പിമാരില്‍ ഒരുവന്റെ ഭവനത്തില്‍ കേറി സാമാനങ്ങള്‍ അപഹരിക്കുകയും വീടിനു തീ കൊളുത്തി അരിശം തീര്‍ക്കുകയും ചെയ്തു. അവിടെനിന്നും ആയുധപാണികളായ പുലയര്‍ രണ്ടാമത്തെ ചട്ടമ്പിയുടെ ഭവനം തകര്‍ക്കാന്‍ തുടങ്ങി. അവിടെ ഓലമേഞ്ഞിരുന്നതിനാല്‍ തീവച്ചില്ല. എങ്കിലും അവിടെ നിന്നും പടിഞ്ഞാറോട്ടു വരുന്നവഴി പ്രസിദ്ധ ഗൃഹസ്ഥനായ ഒരുനായര്‍ ആള്‍ ശേഖരത്തോടുകൂടി അവരെ എതിര്‍ത്തു. അവിടെവച്ച് അതിഭയങ്കരമായ ഒരു കല്ലേറുണ്ടായി. രണ്ടുകൂട്ടര്‍ക്കും ധാരാളം പരിക്കുകള്‍ പറ്റി. ഒടുവില്‍ ചിന്നഭിന്നമായി പലഭാഗത്തേയ്ക്കും ഓടിരക്ഷപ്പെട്ടു. അനന്തരം നായന്മാര്‍ അവിടങ്ങളിലുള്ള പുലയമാടങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങി. മുന്നൂറില്‍പ്പരം മാടങ്ങള്‍ തീവച്ചും ഇടിച്ചുതകര്‍ത്തും ഇന്നുവരെ നശിപ്പിച്ചിട്ടുണ്ട്. പുലയര്‍ പല ദേശങ്ങളിലായി അഭയം പ്രാപിച്ചിരിക്കുന്നു. പോലീസ് അന്വേഷണം മുറയ്ക്ക് നടന്നുവരുന്നുണ്ട്. 6

കൊല്ലം പെരിനാട് കലാപത്തെക്കുറിച്ച് സവര്‍ണര്‍ പ്രസിദ്ധീക രിക്കുന്ന മലയാളിയും, ക്രിസ്ത്യാനികള്‍ പ്രസിദ്ധീകരിച്ച നസ്രാണി ദീപികയും വ്യത്യസ്ഥങ്ങളായ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചത്. മലയാളി റിപ്പോര്‍ട്ട് സത്യത്തെ വളച്ചൊടിക്കുന്നതും യാഥാര്‍ത്ഥ്യ ങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതുമായപ്പോള്‍ നസ്രാണി ദീപിക വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് എഴുതിയെങ്കിലും വിശാഖന്‍ തേവനെ കമ്പിവടിക്ക് അടിച്ചവാര്‍ത്ത ചേര്‍ത്തിട്ടില്ല. മാത്രമല്ല ആ കാലത്തെ റിപ്പോര്‍ട്ടിംഗ് രീതിയും വ്യക്തമാണ്. ഈ പത്രറി പ്പോര്‍ട്ടുകള്‍ കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന മിതവാദിയെന്ന മാസിക എടുത്തു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പുലയ കലാപങ്ങളെ അന്നത്തെ പത്രങ്ങള്‍ക്ക് തിരഷ്‌കരിക്കാന്‍ കഴിയില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.

പെരിനാട് നടന്ന സായുധ കലാപത്തിന് അറുതിവരുത്താനായി സാധുജനപരിപാലന സംഘം കൊല്ലം ജില്ലാ ശാഖയിലെഇരു പത്തൊന്നു പേര്‍ തങ്ങളുടെ നേതാവ് അയ്യന്‍കാളിയെ കാണുവാന്‍ വെങ്ങാനൂര്‍ക്കു തിരിച്ചു. ഈ സന്ദര്‍ഭത്തില്‍ പെരിനാട്ടു സംഭവിച്ച മാതിരി കലാപങ്ങള്‍ വെങ്ങാനൂരിലും, ഊരൂട്ടമ്പലത്തും, നെയ്യാറ്റിന്‍കരയിലും മറ്റും നടന്നിരുന്നു. ഇതുകാരണം കൊല്ലം പെരിനാട്ടെ കലാപങ്ങള്‍ വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ ചെവിയിലെത്തിയില്ല. വിവിധ സമുദായങ്ങള്‍ തമ്മില്‍ ജാതിയുടെ പേരില്‍ നടത്തുന്ന ഇത്തരം കലാപങ്ങള്‍ ഒഴിവാക്കണമെന്നും പരസ്പരം സഹകരണത്തിലും സൗഹാര്‍ദ്ദ ത്തിലും ജീവിക്കണമെന്നും അയ്യന്‍കാളി ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷെ സംഭവിക്കുന്നത് നേരെ മറിച്ചും. നിവേദക സംഘം അയ്യന്‍കാളിയെ തെക്കേവിള പ്ലാവറത്തല വീട്ടില്‍ എത്തികണ്ട് പെരിനാട് കലാപത്തിന്റെ രൂക്ഷത വിവരിച്ചു കേള്‍പ്പിച്ചു. കലാപത്തിന്റെ രൂക്ഷതയറിഞ്ഞ അയ്യന്‍കാളി രോഷാകുലനായി പൊട്ടിത്തെറിക്കുകയായിരുന്നു. ''നമ്മെ സഹായിക്കുവാന്‍ ഒരു ഒടയതമ്പുരാനുമില്ല. മാളോരുമില്ല. വിടരുത് ജീവിക്കാന്‍ സമ്മതിക്കാത്തവരെ നേരാംവണ്ണം കൈകാര്യം ചെയ്തുവിടണം'' അടുത്ത ദിവസം തന്നെ താന്‍ പെരിനാട്ട് എത്തിക്കൊള്ളാമെന്ന് പറഞ്ഞ് നിവേദക സംഘത്തെ കൊല്ലത്തേയ്ക്ക് തിരിച്ചയച്ചു. അയ്യന്‍ കാളി തെക്കേവിളയിലെ നാലര ഏക്കറോളം വരുന്ന ഭൂമിയില്‍ നിന്നും കുറെ ഭൂമി ആ ഭാഗത്തെ സമ്പന്നനായ മുക്കം കുഴിയില്‍ നാടാര്‍ക്ക് 500 രൂപയ്ക്ക് ഒറ്റിവച്ച് പിറ്റേന്ന് തന്നെ ആ പണവും വേണ്ടത്ര സന്നാഹങ്ങളുമായി കൊല്ലം പെരിനാ ട്ടിലേയ്ക്ക് പുറപ്പെട്ടു. പെരിനാട്ടിലെത്തിയ അയ്യന്‍കാളി സാധു ജനങ്ങളുടെ കുടിലുകള്‍ ഒന്നില്ലാതെ വെന്തുവെണ്ണീറായി കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ സന്ദര്‍ഭത്തില്‍ പെരിനാട്ടില്‍ ക്രമസമാധാന നില സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദിവാനും കൊല്ലത്ത് ക്യാമ്പു ചെയ്യുന്നുണ്ടായിരുന്നു. അയ്യന്‍കാളി ദിവാനെ നേരില്‍ പോയി കണ്ടു. കലാപം അവസാനിപ്പിക്കാനും തന്റെ ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാനും അനുവദിക്കണമെന്നും, ലഹളക്കേസില്‍ പ്രതികളാക്കപ്പെട്ട സാധുജനങ്ങളെ ഉപദ്രവിക്കാ തിരിക്കാന്‍ അവിടെനിന്നും പോലീസിനെ പിന്‍വലിക്കണമെന്നും, പ്രതികളെകോടതിയില്‍ ഹാജരാക്കുന്നതിന് അവരുടെ ലിസ്റ്റ് തനിക്ക് നല്‍കണമെന്നും അയ്യന്‍കാളി പ്രജാസഭ മെമ്പറെന്ന നിലയില്‍ ദിവാന്‍ കൃഷ്ണന്‍ നായരോട് ആവശ്യപ്പെട്ടു. അപ്രകാരം കോടതിയില്‍ ഹാജരാക്കേണ്ടുന്ന പ്രതികളുടെ ലിസ്റ്റ് അയ്യന്‍കാളിയെ ഏല്പിക്കുകയും പോലീസിനെ സംഭവസ്ഥല ത്തുനിന്നും പിന്‍വലിക്കുവാനുംദിവാന്‍ തയ്യാറായി.

കലാപത്തെത്തുടര്‍ന്ന് ജീവനും കൊണ്ട് ഒളിച്ചോടിയ സാധുജന ങ്ങളെ തിരിച്ചു കൊണ്ടുവരാനും, പെരിനാട്ടില്‍ ശാന്തമായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും അയ്യന്‍കാളി തീരുമാനിച്ചു. അയ്യന്‍കാളിക്കൊപ്പം വിശാഖം തേവനും ഉണ്ടായിരുന്നു. പെരിനാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഏകമാര്‍ഗ്ഗം ഒരു അനുരഞ്ജന സമാധാന സമ്മേളനം ഇരുകൂട്ടരുടേതുമായി വിളിച്ചുചേര്‍ത്തേ പറ്റു. അയ്യന്‍കാളി അതിനുവേണ്ടുന്ന ഒരുക്കങ്ങള്‍ക്കായി യത്‌നിച്ചു. എന്നാല്‍ വീണ്ടുമൊരു സമ്മേളനം ചേര്‍ന്നാല്‍ അത് ക്രമസമാധാന നിലയെ കൂടുതല്‍ വഷളാക്കുകയേ ഉള്ളുവെന്ന് ഭയന്ന ദിവാന്‍ കൃഷ്ണന്‍നായര്‍ സമ്മേളനം ചേരുന്നതിന് അനുവാദം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ കൊല്ലം ജില്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപാലസ്വാമി ക്രമസമാധാന നിലയ്ക്ക് ഭംഗം സംഭവിക്കുകയില്ലെന്ന് ദിവാന് രേഖാമൂലം ഉറപ്പുകൊടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപാലസ്വാമി തമിഴ്‌നാട്ടുകാരനും അധഃസ്ഥിത വിഭാഗ ത്തില്‍പ്പെട്ട യാളും അയ്യന്‍കാളിയുടെ ആരാധകനുമായതിനാലാണ് ദിവാന് രേഖാമൂലം ഉറപ്പുനല്‍കിയത്. അതോടുകൂടി സമ്മേളനം നടത്താന്‍ ദിവാന്‍ കൃഷ്ണന്‍നായര്‍ അനുമതി നല്‍കി. ഇനി സമ്മേളനം എവിടെവച്ചുനടത്തും എന്നതായി ചിന്ത. സമ്മേളനത്തിന് സ്ഥലം ലഭിക്കാതെ വിഷമാവസ്ഥയിലിരി ക്കുമ്പോഴാണ് കൊല്ലം റെയില്‍വേസ്റ്റേഷന്‍ മൈതാനത്ത് സര്‍ക്കസ് നടത്തിക്കൊണ്ടിരുന്ന തലശ്ശേരിക്കാരി ചെറുമര്‍ സമുദായ ത്തില്‍പ്പെട്ട രത്‌നാഭായി തന്റെ സര്‍ക്കസ് കൂടാരം സമ്മേളന ത്തിനായി വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. രത്‌നാഭാ യിയും അയ്യന്‍കാളിയുടെ ആരാധകയായതിനാലാണ് സമ്മേളന സ്ഥലം നല്‍കാന്‍ തയ്യാറായത്. അതോടുകൂടി അയ്യന്‍കാളിയും സാധുജനപരിപാലന സംഘത്തിന്റെ നേതാക്കളും ചേര്‍ന്ന് സമ്മേളനം ഗംഭീരമായി നടത്തുന്നതിന് ശ്രമമാരംഭിച്ചു. അയ്യന്‍കാളിയോടൊപ്പം വിശാഖം തേവനും ഒപ്പം ഉണ്ടായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും. ഒടുവില്‍ 1915 ഡിസംബര്‍ 19ന് ഞായറാഴ്ച കൊല്ലം റെയില്‍വേസ്റ്റേഷന്‍ മൈതാനത്ത് നിശ്ചയിച്ച പ്രകാരം അനുരഞ്ജന സമ്മേളനം ആരംഭിച്ചു. സാധുജനങ്ങളും നായന്മാരുമുള്‍പ്പെടെ നാലായിരത്തോളം പേര്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. സ്റ്റേജിനുമുന്നില്‍ നെടുകെ ഒരു കയര്‍ വലിച്ചുകെട്ടി ഒരു ഭാഗത്ത് സ്ത്രീകളെയും കുട്ടികളെയും മറുഭാഗത്ത് പുരുഷന്മാരെയും വയസന്മാരേയും ഇരുത്തി. സാധുജനങ്ങള്‍നല്ല വൃത്തിയായി വസ്ത്രധാരണം ചെയ്താണ് എത്തിയത്. മുന്‍ നിശ്ചയ പ്രകാരം സ്ഥലം പേഷ്‌ക്കാര്‍ രാജാരാമറാവു, ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോവിന്ദപ്പിള്ള രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളന നടപടികള്‍ വീക്ഷിക്കാനും സമാധാന ഭംഗമുണ്ടാകാതിരിക്കാനും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. യോഗത്തില്‍ അയ്യന്‍കാളി, ചങ്ങനാശ്ശേരി കെ.പരമേശ്വരന്‍പിള്ള, ഗവ.സെക്രട്ടറി വിയറാസായ്പ്, രാമന്‍ തമ്പി, വെള്ളിക്കര ചോതി, കുറുമ്പന്‍ ദൈവത്താന്‍, പെരിനാട് വിപ്ലവനായകന്‍ ഗോപാലദാസന്‍ എന്നിവരും സന്നിഹിതരാ യിരുന്നു. സവര്‍ണരെ പ്രതിനിധികരിച്ചെത്തിയ സാമൂഹ്യ പ്രവര്‍ത്ത കനും, അഭിഭാഷകനുമായ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള യോഗാദ്ധ്യക്ഷനായിരുന്നു. യോഗനടപടികള്‍ ആരംഭിച്ചു. സമുദായ മൈത്രിയെക്കുറിച്ചും പരസ്പര സഹകരണത്തെ ക്കുറിച്ചും അദ്ധ്യക്ഷനായ പരമേശ്വരന്‍പിള്ള സുദീര്‍ഘമായി സംസാരിച്ചു.

''നായന്മാരും പുലയരും തമ്മില്‍ സാമുദായികമായി യാതൊരു വിരോധമോ, മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായും അന്യോന്യം സ്‌നേഹ ബഹുമാനാദികളോടു കൂടിയും കഴിഞ്ഞു പോരുകയാണെന്നും തുടര്‍ന്ന് പ്രസംഗിച്ച രാമന്‍ തമ്പി അഭിപ്രായപ്പെട്ടു....തന്റെ സമുദായംഗങ്ങളോട് ഈശ്വര വിശ്വാസം, പരിഷ്‌കൃത രീതിയിലുള്ള ദേഹാഛാദനം, നായന്മാരോട് സഹകരണം എന്നിവ കാട്ടണമെന്ന് അയ്യന്‍കാളി തന്റെ പ്രസംഗത്തില്‍ ഉപദേശിച്ചു. ആചാരനടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായന്മാര്‍ക്ക് ചിലപ്പോള്‍ രസമുണ്ടാവില്ലെന്ന് വരാമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയോടുകൂടിയിരിക്കണമെന്നും അയ്യന്‍കാളി പറഞ്ഞു. പുലയസ്ത്രീകള്‍ കല്ലയും മാലയുമാണല്ലോ പണ്ടു പണ്ടേ ധരിച്ചു വന്നിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജനപരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞു വരുന്നില്ലെന്നും അവര്‍ റൗക്ക ധരിച്ച് അര്‍ദ്ധ നഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ട് വച്ച് അങ്ങിനെ ചെയ്യുന്നതിലുള്ള വിരോധം കൊണ്ടാണ് നായന്മാര്‍ വഴക്കുണ്ടാക്കിതീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസദസ്സില്‍ വച്ചുതന്നെ ആ കാര്യം നടത്തുന്നതിന്- കല്ലയും മാലയും അറുത്തു കളയുന്നതിന് നായര്‍ മഹാത്മാരോട് ഞാന്‍ അനുവാദം ചോദിക്കുന്നുവെന്നും മിസ്റ്റര്‍ അയ്യന്‍കാളി പ്രസ്താവിച്ചു.....മിസ്റ്റര്‍ അയ്യന്‍കാളി ആവശ്യപ്പെടുന്നതുപോലെ ഈ സദസ്സില്‍വച്ചു തന്നെപുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തു കളഞ്ഞു കൊള്ളുന്നതിന് ഈ യോഗത്തിലുള്ള വര്‍ക്കെല്ലാം പൂര്‍ണ്ണമായി സമ്മതമുണ്ടെന്ന് അദ്ധ്യക്ഷന്‍ കെ.പരമേശ്വരന്‍പിള്ള ബി.എ, ബില്‍ അവര്‍കള്‍ ഹസ്തതാഡന മദ്ധ്യേ വാഗ്ദ്ധാടിയോടു കൂടി പറഞ്ഞവസാനിപ്പിച്ചു......മിസ്റ്റര്‍ അയ്യന്‍കാളി പുലയ സ്ത്രീകളുടെ ഇടയില്‍ നിന്നും രണ്ടു പുലയ യുവതികളെ വിളിച്ചു സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അവര്‍ അങ്ങനെ ചെയ്തു കൊള്ളാമെന്നു പറയുകയും ഉടനെ അവര്‍ പിശ്ശാങ്കത്തിക്കൊണ്ട് മാലയെ അറുത്തു കളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു.'' 7 തുടര്‍ന്ന് നീണ്ടുനിന്ന കരഘോഷങ്ങള്‍ക്കിടയില്‍ അയ്യന്‍കാളിയുടെ ആഹ്വാനപ്രകാരം യോഗത്തിനെത്തിയ പുലയ യുവതികള്‍ മുഴുവന്‍ കല്ലാലകള്‍ അറുത്ത് സ്റ്റേജിനു സമീപം കൊണ്ടെറിഞ്ഞു. ആ കല്ലമാലകള്‍ നാലഞ്ചടി പൊക്കമുള്ള ഒരു ചെറുകുന്നിന്റെ പൊക്കമുണ്ടായി രുന്നതായി അടുത്തദിവസമിറങ്ങിയ മലയാളി റിപ്പോര്‍ട്ടു ചെയ്തിരുന്നതായി പില്‍ക്കാലത്ത് വിശാഖം തേവന്‍ തന്നെ പറഞ്ഞിരുന്നു. അതോടെ പുലയര്‍ തുടങ്ങിയ സാധുജനസ്ത്രീ കള്‍ക്ക് റൗക്ക ധരിച്ച് മാറുമറച്ചു നടക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ പെരിനാട്ടില്‍ പിന്നെയും ചില ചില്ലറ സംഭവങ്ങള്‍ ഇതിന്റെ ഭാഗമായി തലപൊക്കിയിരുന്നു. മാത്രമല്ല കല്ലമാല പ്രക്ഷോഭത്തിന്റെ ജനയിതാവായ ഗോപാലദാസിനെ മൃഗീയമായി മര്‍ദ്ദിക്കാനും നായര്‍ മാടമ്പിമാര്‍ മറന്നില്ല. സാധുജനപരിപാലന സംഘത്തിന്റെ മാനേജരായിരുന്ന ഗോപാലദാസിന്റെ ശിഷ്ടജീവിതത്തെക്കുറിച്ച് ഈ ഗ്രന്ഥരചനാ കാലത്തു പോലും പെരിനാട്ടിലെ ചില സുഹൃത്തുക്കളെക്കൊണ്ട് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. സ്വ സമുദായത്തോട് ആത്മാര്‍ത്ഥമായി കൂറു പുലര്‍ത്തിയിരുന്ന അവര്‍ക്കുവേണ്ടി ജീവിതം തുലച്ച ഗോപാലദാസ് ചരിത്രത്തിലെ വിടെയോ വിസ്മൃത കയത്തില്‍ അവസാനിക്കുകയായിരുന്നു. കല്ലമാല കലാപത്തെത്തുടര്‍ന്ന് നടന്ന അനുരഞ്ജന സമ്മേളനം വിജയകരമായിരുന്നുവെങ്കിലും പലരുടേയും പേരില്‍ പോലീസ് കള്ളക്കേസെടുത്ത് കോടതിയില്‍ കൊടുത്തിരുന്നു. ആ കേസുകള്‍ നടത്താന്‍ തക്ക ശേഷി പട്ടിണിപ്പാവങ്ങളായ പുലയര്‍ക്കില്ലാ യിരുന്നു. അതുകാരണം വക്കാലത്ത് ഏറ്റെടുക്കാന്‍ ഒരു വക്കീലും തയ്യാറായതുമില്ല. ഒടുവില്‍ സാധുക്കളോട് സഹാനുഭൂതി തോന്നിയ ഇലഞ്ഞിക്കല്‍ ജോണ്‍വക്കീല്‍കേസ്സേറ്റെടുക്കാന്‍ തയ്യാറായി. പകരം ഒരു വ്യവസ്ഥ അദ്ദേഹം മുന്നോട്ടു വച്ചു. കുമ്മന്‍കുളം വെട്ടിക്കൊടുക്കണം. അതിന് വേണ്ടിവരുന്ന അധ്വാനഫലം വക്കീല്‍ ഫീസായി വകവച്ചുകൊള്ളാം. അങ്ങിനെ കേസിലെ പ്രതികളെല്ലാം ചേര്‍ന്ന് വെട്ടിയതാണ് ഇന്നു കാണുന്ന കുമ്മന്‍കുളം. കേസിന്റെ വിധിവന്നപ്പോള്‍ പ്രതികളെയെല്ലാം കേസില്‍ നിന്നും വെറുതെവിടുകയും പന്ത്രണ്ട് നായന്മാരെ കോടതി ശിക്ഷിക്കുകയും ചെയ്തു.

അയ്യന്‍കാളിയുടെ മരണശേഷം ആറുമാസം പിന്നിട്ടപ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് പ്രമുഖ എഴുത്തുകാരുമായ സി.നാരായണപിള്ള എഴുതി പ്രമുഖ ഗാന്ധിശിഷ്യനായ നെയ്യാറ്റിന്‍കര ജി.രാമചന്ദ്രന്‍ പ്രസിദ്ധീകരിച്ച 'ചങ്ങനാശ്ശേരി' എന്ന ഗ്രന്ഥത്തില്‍ പെരിനാട് ലഹളയെക്കുറിച്ച് പറയുന്ന പേജ് 82, 83-ല്‍ ഇങ്ങനെ കാണുന്നു.'.....ഈ സംഭവം കേട്ടറിഞ്ഞു പുലയരുടെ നേതാവായ അയ്യന്‍കാളി അതിശീഘ്രത യില്‍ കൊല്ലത്തെത്തി. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായ പിന്തുണ യോടുകൂടിയാണ് അയ്യന്‍കാളി കൊല്ലത്തു ചെന്നതെങ്കിലും അന്നത്തെ പരിതസ്ഥിതിയില്‍ അദ്ദേഹത്തിന് വളരെയൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തില്‍ ചങ്ങനാശ്ശേരിയാണ് പുലയരുടെ രക്ഷിതാവെന്ന നിലയില്‍ മുന്നോട്ടു വന്ന് ജനതാ മദ്ധ്യത്തില്‍ സമാധാനവും നീതിബോധവുമുണ്ടാക്കാന്‍ അളവറ്റ ശ്രമങ്ങള്‍ ചെയ്തത്.......അന്ന് ഗവണ്‍മെന്റ് സെക്രട്ടറി വിയറാസായിപ്പും ആ യോഗത്തില്‍ സന്നിഹിതനായിരുന്നു. ചങ്ങനാശ്ശേരിയാണ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചത്. കല്ലമാലകള്‍ ധരിക്കുന്നത് അപരിഷ്‌കൃതമാണെന്നും, അവയുപേക്ഷിക്കുവാന്‍ പുലയസ്ത്രീകള്‍ക്കവകാശമുണ്ടെന്നും, ഉള്ള മുഖവുരയോടുകൂടിയാണ് ചങ്ങനാശ്ശേരി പ്രസംഗം ആരംഭിച്ചത്. ബഹു സഹസ്രം സവര്‍ണ്ണ സമുദായക്കാര്‍ സന്നിഹിതരായിരുന്ന ആ യോഗത്തില്‍ അവരുടെ മുന്‍പില്‍ വച്ചുതന്നെ കല്ലമാലകള്‍ കഴുത്തില്‍ നിന്നു പറിച്ചെടുത്തു ദൂരെ എറിയുവാന്‍ ചങ്ങനാശ്ശേരി പുലയസ്ത്രീകളെ ആഹ്വാനം ചെയ്തു. അതു തടയുവാന്‍ ഒരൊറ്റ ആള്‍ക്കും അവകാശമില്ലെന്നു വ്യക്തമാക്കുവാന്‍ അദ്ദേഹം അവരോടാവശ്യപ്പെട്ടു. ചങ്ങനാശ്ശേരിയുടെ ആഹ്വാനം സ്വീകരിച്ചു പുലയസ്ത്രീകള്‍ ഒന്നൊന്നായി അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരായി കല്ലമാലകള്‍ ഉപേക്ഷിച്ചുതുടങ്ങി....'8 പ്രസിദ്ധമായ പെരിനാട് കലാപം പോലും സവര്‍ണരീകരിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കുന്നതിനിടെ പെരിനാട് കലാപത്തിന്റെ നടുനായക സ്ഥാനം ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയ്ക്ക് ചാര്‍ത്തിക്കൊടുക്കാനും അദ്ദേഹത്തി ന്റെ ആഹ്വാനം സ്വീകരിച്ച് കല്ലമാലകള്‍ അറുത്തെറിഞ്ഞു വെന്നുമുള്ള സി.നാരായണപിള്ളയുടെ ചരിത്രത്തെ വളച്ചൊടിക്കാ നുള്ള ഈ ഹീനശ്രമം വെറും പാഴ്ശ്രമമാണ്. മഹാനായ അയ്യന്‍കാളിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും സി.നാരായണപിള്ള ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത് ചരിത്ര നിന്ദയാണ്. ആ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത വിശാഖന്‍ തേവന്‍ തന്നെ പറഞ്ഞത് അയ്യന്‍കാളിയുടെ ആഹ്വാനപ്രകാരമാണ് പുലയസ്ത്രീ കള്‍ കല്ലമാലകള്‍ അറുത്തെറിഞ്ഞതെന്നാണ്. സത്യത്തെ വളച്ചൊ ടിക്കുന്ന ഇത്തരം എഴുത്തുകാരെ പുതിയ തലമുറയെങ്കിലും അംഗീകരിക്കാതിരിക്കുക.

കല്ലമാല സമരമെന്നത് വെറും സമരമായിരുന്നില്ല. സ്വാതന്ത്ര്യ ത്തിനു ദാഹിച്ച ഒരു ജനതയുടെ ക്രോധത്തില്‍ നിന്നും ചിതറിവീണ തീപ്പൊരികളായിരുന്നു. സവര്‍ണമൂല്യങ്ങളുടെ കൊളോണി വല്‍ക്കരണത്തോടും സ്ത്രീശരീരത്തിന്റെ കൊളോണിവല്‍ക്കരണത്തോടും എതിരായ സാധുജനങ്ങളുടെ ശക്തമായ ചെറുത്തുനില്പായിരുന്നു പെരിനാട് കലാപം. മഹാത്മാവിന്റെ ഇടപെടലിനെക്കാള്‍ ആ പ്രദേശത്തുള്ളവരുടെ ഇടപെടലായിരുന്നു ആ കലാപത്തില്‍ അന്തര്‍ലീനമായിരുന്നത്. ഗോപാലദാസിന്റെയും, കുറുമ്പന്‍ ദൈവത്താന്റെയും നേതത്വത്തിലുള്ള സാധാരണക്കാരുടെ ഇടപെടലിലൂടെ സംഭവിച്ച പോരാട്ടമാണിത്. നൂറ്റാണ്ടുകളായി മനസ്സില്‍ ഒതുക്കിവച്ച പകയുടെയും വിദ്വേഷത്തിന്റെയും അടിമത്വത്തിന്റെയും പൊട്ടിത്തെറിയാണ് 1915-ല്‍ പെരിനാട് കലാപത്തിലൂടെ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ-സാംസ്‌കാരിക വിപ്ലവമായിരുന്നു പെരിനാട്ടില്‍ സംഭവിച്ചത്. ഇത് തുടര്‍ന്ന് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ട ആര്‍ജ്ജവവും ധ്രുവീകരണവും ആധുനിക കീഴാള ജനങ്ങള്‍ക്കുണ്ടാകണം. അതാണ് കൊല്ലം പെരിനാട് കലാപം നല്‍കുന്ന പാഠം.

സഹായഗ്രന്ഥങ്ങള്‍/റിപ്പോര്‍ട്ടുകള്‍/സൂചനകള്‍/അന്വേഷണങ്ങള്‍

1. റസിഡന്റും ദിവാനുമായ കേണല്‍ മണ്‍ട്രോ പുറപ്പെടുവിച്ച ഉത്തരവ്
2. ഇ.ങഅഏഡഞ 'ഠവല ഇവൗൃരവ ഒശേെീൃ്യ ീള ഠൃമ്മിരീൃല' ജ. 780,1823.
3.വിശാഖം തേവനുമായി കുന്നുകുഴി എസ്. മണി തന്റെ ഗൃഹമായമണക്കുന്നില്‍ വീട്ടില്‍വച്ച് 1966-ല്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും
4. വിശാഖം തേവനു (റ്റി.വി.തേവന്‍സ്വാമി) യുമായി 1965-ല്‍ കുന്നുകുഴിയില്‍ വച്ചു നടത്തിയ സംഭാഷണങ്ങള്‍.
5. 1915 നവംബറില്‍ 'മലയാളി' പത്രം പ്രസിദ്ധീകരിച്ച പെരിനാട് കലാപ വാര്‍ത്ത
6. 1915 നവംബറില്‍ 'നസ്രാണി ദീപിക' പത്രം പ്രസിദ്ധീകരിച്ച പെരിനാട് ലഹളയെ സംബന്ധിച്ച വാര്‍ത്ത.
7. വെങ്ങാനൂര്‍ സുരേന്ദ്രന്‍ 'ശ്രീ അയ്യന്‍കാളി സ്മാരക ഗ്രന്ഥം' പേജ് 16-1974
8. പി.നാരായണപിള്ള 'ചങ്ങനാശ്ശേരി പേജ് 82, 83- 1942.