"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പഞ്ചായത്ത് വ്യവസ്ഥ എന്ത്? എന്തിന്?


ജനകീയ ശാക്തീകരണം (peoples empowerment)എന്ന പേരില്‍ മുലാളിത്ത ജനാധിപത്യവ്യവസ്ഥയെ ഗ്രാമ, നഗര തലംവരെ എത്തിക്കുന്നതിനു നവ അധിനിവേശത്തിന്റെയും നവ ഉദാരസാമ്പത്തിക- രാഷ്ട്രീയ നയങ്ങളുടെയും ഭാഗമായി ഐക്യരാഷ്ട്ര സഭയും അതിന്റെ ഘടക സംഘടനകളും മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 1980കളില്‍ രാജീവ്ഗാന്ധി സര്‍ക്കാരും 90 കളില്‍റാവു സര്‍ക്കാരും ഇന്നു നിലവിലിരിക്കുന്ന ത്രിതല പഞ്ചായത്തു വ്യവസ്ഥക്കു തുടക്കം ഇടുന്നത്. മുതലാളിത്ത വ്യവസ്ഥ അതിന്റെ നിലനില്‍പ്പിനും വികാസത്തിനു മായി ലോകത്തെ മുഴുവന്‍ സ്വന്തം പ്രതിഛായയില്‍ അതിവേഗം മാറ്റാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുപ്രസ്ഥാനം ശക്തിപ്പെടുകയും സോവ്യറ്റുയൂണിയനും പിന്നീട് ചൈനയും ഉള്‍പ്പെടെ സോഷ്യലിസ്റ്റു നാടുകളില്‍ ഒരു ബദല്‍ വികസന - ജനാധിപത്യ പ്രക്രിയക്കു ശ്രമം ആരംഭിക്കുകയും ചെയ്തത് മുലാളിത്ത വ്യവസ്ഥ നേരിട്ട വന്‍ വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളി നേരിടാനാണ് രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലുമെല്ലാം വന്‍ മാറ്റങ്ങള്‍ വരുത്തിയത്. ഏഷ്യന്‍- ആഫ്രിക്കന്‍- ലാറ്റിന്‍ അമേരിക്കന്‍ നാടുകളെ നേരിട്ടു ഭരിക്കുന്ന അധിനിവേശ വ്യവസ്ഥക്കു പകരം അധികാരം ഈ നാടുകളിലെ സാമ്രാജ്യത്വ ഇച്ഛക്കൊത്തു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗങ്ങള്‍ക്കും അവയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറി. മൂലധന - വിപണി- സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയെ നിയന്ത്രിക്കുന്ന നവഅധിനിവേശീകരണത്തിനു തുടക്കമിട്ടു. ഇതിനു സഹായകമായി അമേരിക്കയും നാറ്റോയും ലോകപോലീസായി മാറിക്കൊണ്ട്, ഏറെക്കുറെ എല്ലാ നാടുകളിലും മുതലാളിത്ത- ജനാധിപത്യ വ്യവസ്ഥക്ക് അടിത്തറയിട്ടു. ഇതിന്റെ ഭാഗമായാണ് ഐ എം എഫ്- ലോകബാങ്ക്- ലോക വ്യാപാര സംഘടന ത്രയങ്ങളുടെ ആധിപത്യവും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മുതലാളിത്ത പരിഷ്‌ക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പഞ്ചായത്തു വ്യവസ്ഥയെ പ്പോലുള്ള സമ്പ്രദായങ്ങളും സാര്‍വ്വദേശീയമായി ശക്തിപ്പെടുത്തിയത്.

മുലാളിത്ത വ്യവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മൗലികമായ മാറ്റങ്ങളെ മാര്‍ക്‌സിസ്റ്റു നിലപാടുകളിലൂടെയും വര്‍ത്തമാന സാമ്പത്തിക- സാമൂഹ്യ വ്യവസ്ഥയുടെ സമൂര്‍ത്ത വിശകലനത്തിലൂടെയും വിലയിരുത്താന്‍ കഴിയാതെ ''സാമ്രാജ്യത്വവുമായി സമാധാനപരമായി സഹവര്‍ത്തിച്ചുകൊണ്ടും സമാധാനപരമായി മത്സരിച്ചുകൊണ്ടും സോഷ്യലിസത്തിലേക്ക് സമാധാനപരമായി പരിവര്‍ത്തിക്കാമെന്ന്'' വിശകലനം ചെയ്തുകൊണ്ട് 1956 ലെ ഇരുപതാം കോണ്‍ഗ്രസ് മുതല്‍ സോവ്യറ്റു കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിന്‍തുടര്‍ന്ന തിരുത്തല്‍വാദ നയങ്ങള്‍ സോവ്യറ്റുയൂണിയനെത്തന്നെ മുതലാളിത്ത പാതയിലേക്ക് അധഃപതിപ്പിക്കുകയും 1991 ല്‍ അതിന്റെ തകര്‍ച്ചയിലേക്കും നാമാവശേഷം ആകുന്നതിലേക്കു നയിക്കുകയും ചെയ്തിട്ടും അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് ഇന്നു കമ്മ്യൂണിസ്റ്റുപ്രസ്ഥാനം ലോകമമെങ്ങും കടുത്ത തിരിച്ചടിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനയുള്‍പ്പെടെ മറ്റുസോഷ്യലിസ്റ്റു നാടുകളും മുതലാളിത്ത പാതയിലേക്ക് അധഃപ്പതിച്ചിട്ടും ലോകത്താകമാനം സമസ്ത മേഖലകളിലും സാമ്രാജ്യത്വ വ്യവസ്ഥ പിടിമുറുക്കുകയും ചെയ്തിട്ടും അവക്കെതിരെ നിലപാടെടുത്ത്, തിരിച്ചടികളെ മറികടന്ന് മുന്നേറാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കു കഴിയാത്തത് മാര്‍ക്‌സിസത്തെ ഒരു സാമൂഹ്യ ശാസ്ത്രമായി കാണാനും, വര്‍ത്തമാന സാഹചര്യങ്ങള്‍ക്ക് അനുസരണമായി മാര്‍ക്‌സിസ്റ്റു സിദ്ധാന്തത്തേയും പ്രയോഗത്തെയും വികസിപ്പിക്കാന്‍ അവക്കു കഴിയാത്തതു കൊണ്ടുമാണ്. അതുകൊണ്ട് മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരെ വര്‍ഗ്ഗസമരം നിരന്തരം വികസിപ്പിച്ച്, മുതലാളിത്തത്തിനെതിരെ ബദല്‍ വികസന- ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ ആവിഷ്‌ക്കരിച്ചു പ്രയോഗിക്കാന്‍ കഴിയാതെ, തിരുത്തല്‍വാദത്തിനടിപ്പെട്ട് വ്യവസ്ഥാപിത കമമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ പേരില്‍മാത്രം സോഷ്യലിസ്റ്റും പ്രയോഗത്തില്‍ മുതലാളിത്ത സ്വഭാവമുള്ളവയുമായി മാറി. അതുകൊണ്ടാണ് ലോകബാങ്കു പദ്ധതിയായ ഡി പി ഇ പി യെ ജനകീയ വിദ്യാഭ്യാസ പദ്ധതിയായി അവതരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും അതു നയിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും അധഃപതിച്ചത്. ഫലമോ? വിദ്യാഭ്യാസ സമ്പ്രദായമാകെ കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവസ്ഥ സംജാതമായി. അതേപോലെ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് സംവിധാനം കൊണ്ടുവന്നപ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെ എന്നു പഠിച്ച്, അതിനെ ക്കുറിച്ച് മാര്‍ക്‌സിസ്റ്റ് വിശകലനവും അതിനോടു മാര്‍ക്‌സിസ്റ്റു സമീപനവും വികസിപ്പിക്കാതെ ഇ എം എസ് ന്റെ നേതൃത്വത്തില്‍ 'ജനകീയാസൂത്രണം' എന്നു പേരിട്ട് അതിന്റെ വക്താക്കളാകുന്നതില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മുന്നിട്ടുനിന്നു.


എന്നാല്‍ ത്രിതല പഞ്ചായത്തുവ്യവസ്ഥയിലൂടെ അതിന്റെ ഉപഞ്ജാതാക്കളും നടത്തി പ്പുകാരും പ്രചാരകരും അവകാശപ്പെടുന്നതുപോലെ യഥാര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണവും ജനകീയ ശാക്തീകരണവും നടക്കുന്നുണ്ടോ? ശരിക്കും സംഭവിച്ചത് ഗ്രാമതലംവരെ ഉദ്യോഗസ്ഥ മേധാവിത്വം ശക്തിപ്പെടുത്തലും അഴിമതിയുടെ വികേന്ദ്രീകരണവും ലോകബാങ്കിന്റേയും മറ്റു സാര്‍വ്വദേശീയ ഏജന്‍സികളുടെയും ഫണ്ടുകളുടെ താഴേത്തട്ടിലേക്കുള്ള ഒഴുക്കുമാണ.് സംസ്ഥാനങ്ങളുടെ നിരന്തരം വര്‍ദ്ധിക്കുന്ന കടബാദ്ധ്യതയില്‍ ഗണ്യമായ ഭാഗവും ഈ തദ്ദേശിയ ഭരണസ്ഥാപന ങ്ങളുടെ പേരില്‍ മേടിച്ചുകൂട്ടുന്നതാണ്. കോടിക്കണക്കിനു രൂപയാണ് തദ്ദേശീയ സ്ഥാപനങ്ങളില്‍ എത്തുന്നത്. എം പി ഫണ്ടും എം എല്‍ എ ഫണ്ടും പോലെ ഇതും അഴിമതി താഴെത്തട്ടില്‍വരെ എത്തിക്കുന്നു. ഈ ഫണ്ടുകള്‍ ഉപയോഗിച്ച് വന്‍കിട ഷോപ്പിങ്ങ് സമുച്ചയങ്ങളും മറ്റും പണുതുയര്‍ത്തി ഇവയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും സമ്പത്തു സമാഹരണത്തിനുള്ള വഴി തുറക്കുമ്പോഴും ഗ്രാമ പഞ്ചായത്തുകളിലെയും നഗര സഭകളിലേയും മര്‍ദ്ദിത വിഭാഗങ്ങള്‍ക്കും ഭവനരഹിതര്‍ക്കും മറ്റും ഇവയുടെ പ്രയോജനം കിട്ടാറില്ല. ജിഷ സംഭവം പോലെയുളളതും തോട്ടംതൊഴിലാളികളുടെ ലായങ്ങളും കോളനികളിലെ നനഞ്ഞൊലിക്കുന്ന കൂരകളും വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമവും മഴവരുന്നതോടെ വ്യാപകമാകുന്ന സാംക്രമിക രോഗങ്ങളും മറ്റും തെളിയിക്കുന്നത് ഇതാണ്. ഈ സ്ഥിതിവിശേഷം ഇനിയും മാര്‍ക്‌സിസ്റ്റു നിലപാടുകള്‍ കയ്യൊഴിയാത്ത സംഘടനകള്‍ക്കു മുന്നില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

കോണ്‍ഗ്രസും ബിജെപിയും പോലുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടികളെയും പല സംസ്ഥാന ങ്ങളിലും അധികാരത്തിലിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളേയും സംബന്ധിച്ചിടത്തോളം ത്രിതല പഞ്ചായത്തു സമ്പ്രദായം പ്രാദേശിക തലത്തില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനുള്ള സ്രോതസുകള്‍ മാത്രമാണ്. അവയെ കൈപ്പിടിയിലാക്കുന്നതിന് അവയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ലക്ഷങ്ങളും കോടികളും ചെലവാക്കുന്നതിന് അവര്‍ക്കു മടിയില്ല. 34 വര്‍ഷത്തെ പശ്ചിമ ബംഗാളിലെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ ഭരണാനുഭവങ്ങളും ഇതുതന്നെയാണു തെളിയിക്കുന്നത്. കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല. തദ്ദേശിയ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതിനു മൂമ്പും പിമ്പുമുള്ള അംഗങ്ങളുടെ സാമ്പത്തികസ്ഥിതി പരിശോധിച്ചാല്‍ അവരില്‍ ബഹുഭൂരി പക്ഷവും അഴിമതിഗ്രസ്തരായി എന്നു വ്യക്തമാകും.

ഈ അഴിമതിവല്‍ക്കരണത്തിന്റെ കാര്യത്തില്‍, ത്രിതല പഞ്ചായത്തു വ്യവസ്ഥയി ലുള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട സി പി ഐ(എം എല്‍) ലിബറേഷന്‍ അംഗങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ആസാമിലെ കാര്‍ബി- ആംഗ്‌ലോം ആദിവാസി സ്വയംഭരണ പ്രദേശത്ത് അതു ഭൂരിപക്ഷം നേടി. രണ്ടുതവണ അതു ഭരിച്ചു. ഇക്കാലത്ത് ഇവിടെനിന്ന് ആസാം അസംബ്‌ളിയിലേക്ക് അതിന്റെ അഞ്ച് എം എല്‍ എ മാരും ലോകസഭയിലേക്ക് ഒരംഗവും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അതിന്റെ നേതൃത്വവും തെരഞ്ഞെടുക്കപ്പെട്ടവരും അഴിമതിയില്‍ മുങ്ങിക്കുളിച്ച തിനാല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ ലിബറേഷന് അധികാരസ്ഥാനങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു. നിരവധിപ്പേര്‍ ബി ജെ പി യിലും മറ്റും ചേര്‍ന്നു. അതിന്റെ ഫലമോ? ഇക്കഴിഞ്ഞഅസംബ്ലി തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്തെ മുഴുവന്‍ സീറ്റും ബി ജെ പി തൂത്തുവാരി. ലിബറേഷനു ജനകീയ അടിത്തറയുള്ള ബീഹാറിലും അതിന്റെ നിരവധിപ്പേര്‍ ഗ്രാമാദ്ധ്യക്ഷരായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവരില്‍ പലരും അഴിമതിയിലൂടെ വന്‍തുക സമ്പാദിക്കുകയും ലിബറേഷനില്‍നിന്നും രാജിവയ്ക്കുകയും ചെയ്തു. കേരളത്തില്‍ കൈവിരലില്‍ എണ്ണാവുന്ന സി പി ഐ (എം എല്‍)കാര്‍ പഞ്ചായത്തു വാര്‍ഡു മെമ്പറന്മാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളുവെങ്കിലും ഭരണവ്യവസ്ഥ ആഗ്രഹിക്കുന്നതില്‍നിന്നു വ്യത്യസ്ഥമായി തങ്ങളുടെ പഞ്ചായത്തു മെമ്പര്‍ഷിപ്പിനെ വര്‍ഗ്ഗസമരം ശക്തിപ്പെടുത്തുന്നതിനായി അവര്‍ ഉപയോഗിച്ച തിന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവില്ല. അവരെല്ലാം പാര്‍ട്ടിവിട്ടുപോയി, അല്ലെങ്കില്‍ അവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ എങ്ങനെ പാര്‍ട്ടി കെട്ടിപ്പടുക്കാം, എങ്ങനെ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റുവരെയുള്ള പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗസമരം ശക്തിപ്പെടുത്തുന്നതിള്ള മോഡലുകളായി ഉപയോഗിക്കാം എന്നുള്ളത് വിപ്ലവ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ ജൂണില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം ഈ പ്രശ്‌നം ഗൗരവമായി ചര്‍ച്ചചെയ്ത് രണ്ട് സുപ്രധാനമായ തീരുമാനം എടുക്കുകയുണ്ടായി:

ഒന്ന്, മര്‍ദ്ദിതവിഭാഗങ്ങള്‍ അധിവസിക്കുന്ന കോളനികളിലും ചേരികളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ക്കിടയില്‍നിന്നും മുന്നോട്ടു വരുന്നവരെ ചേര്‍ത്ത് പാര്‍ട്ടി ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും സംഘടിപ്പിക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജാതിഉന്മൂലനപ്രസ്ഥാനവും പാര്‍പ്പിടാവകാശ സമരങ്ങളും മണ്ണില്‍ പണിയെടുക്കുന്ന വര്‍ക്ക് കൃഷിഭൂമി ലഭിക്കുന്നരീതിയിലുള്ള ഭൂസമരങ്ങളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും പ്രാദേശികമായി ശക്തിപ്പെടുത്തുക.

രണ്ട്, പാര്‍ട്ടി ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും രൂപീകരിച്ച് പഞ്ചായത്തുകളെയും നഗരങ്ങളെയും കേന്ദ്രീകരിച്ച് അവിടുത്തെ ഗ്രാമപഞ്ചാത്തുകളിലും നഗര സഭകളിലും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും നിലവിലുള്ള പഞ്ചായത്തു / നഗരസഭാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചു വിലയിരുത്തുകയും അതിന്റെ അടിസ്ഥാന ത്തില്‍ ഒരു ബദല്‍ വികസന- ജനാധിപത്യവല്‍ക്കരണ പരിപാടി ആവിഷ്‌ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ഈ പരിപാടിയോടു യോജിപ്പുള്ള പുരോഗമന, ജനാധിപത്യ ശക്തികളെ അണിനിരത്തി ജനകീയ സമിതികളോ ജനാധിപത്യ സമിതികളോ രൂപീകരിക്കുകയും അവയുടെ ബാനറില്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യുക.

വര്‍ത്തമാന ഭരണവ്യവസ്ഥ പൂര്‍ണ്ണമായും അഴിമതിഗ്രസ്തവും ജനവിരുദ്ധവു മായിരിക്കുന്നതു കൊണ്ട് അതിനെതിരായി നിരന്തര പ്രക്ഷോഭങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ പാര്‍ലമന്ററി പ്രവര്‍ത്തനം ഉള്‍പ്പെടെ ഈ വ്യവസ്ഥക്കത്തു കടന്നു കയറി അതിനെ സ്വാധീനിക്കാനും മാറ്റിത്തീര്‍ക്കാനും ശ്രമിച്ചുകൊണ്ട് വര്‍ഗ്ഗസമരത്തെ വികസിപ്പിക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തിന് ഫലപ്രദമായി തുടക്കം കുറിക്കാന്‍ കഴിയുന്നത് പഞ്ചായത്ത് / നഗരസഭാ സമിതികളില്‍ കടന്നു കയറി ജനകീയമോഡല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടാണ്.

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമെങ്കില്‍, വര്‍ത്തമാന ഊഹ മൂലധനാധിപത്യം സാമ്രാജ്യത്വ ജീര്‍ണതയുടെ പാരമ്യത്തെ വെളിപ്പെടുത്തുന്നു. ഈ ജീര്‍ണ്ണാവസ്ഥ 18-ാം നൂറ്റാണ്ടുകളിലെ മുതലാളിത്ത വിപ്ലവങ്ങളുടെയും അതിലൂടെ രൂപപ്പെട്ട മുലാളിത്ത ജനാധിപത്യത്തിന്റെയും അവയുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളുടെ അപചയത്തിലേക്കു കൂടിയാണ് നയിക്കുന്നത്. സാമ്രാജ്യത്വ വ്യവസ്ഥ നിരന്തരം രൂക്ഷമാകുന്ന ധന -സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കാന്‍ രണ്ടാം ലോകയുദ്ധാനന്തരം മനുഷ്യ ശേഷിയേയും പ്രകൃതി സമ്പത്തുകളേയും കൊള്ളയടിക്കുന്നത് പാരമ്യതയിലേ ക്കെത്തിച്ചു. മനുഷ്യശേഷിയുടെ ചൂഷണം തീക്ഷണമാക്കാന്‍ അദ്ധ്വാനിക്കുന്ന വിഭാഗങ്ങളെ 'റോബോട്ടു'കളാക്കി മാറ്റുന്ന തരത്തില്‍ വിദ്യാഭ്യാസ സമ്പ്രദായവും മറ്റും മാറ്റി. ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ ചൊല്‍പ്പടിക്കു ചലിക്കത്തക്കവിധം മുതലാളിത്ത ജനാധിപത്യത്തെ മാറ്റി. നവഉദാര നയങ്ങള്‍ക്കു കീഴില്‍ പാരമ്യത്തിലേ ക്കെത്തിയ ഈ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ്, ഇന്ത്യന്‍ പാരമ്പര്യത്തിനും വര്‍ത്തമാന സാഹചര്യത്തിനും അനുസൃതമായി ത്രിതല പഞ്ചായത്തു സമ്പ്രദായം ആവിഷ്‌ക്കരിച്ച് 1990 കള്‍ മുതല്‍ നടപ്പാക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ സാമ്രാജ്യത്വ ഏജന്‍സികളില്‍ നിന്നുള്ള കടം വലിയതോതില്‍ പമ്പുചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്തുകളേയും നഗരസഭകളേയും വരെ അവയുടെ അനുബന്ധങ്ങളാക്കി മാറ്റി. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളൊക്കെ നവ ഉദാരനയങ്ങളുടെ നടത്തിപ്പുകാരായി മാറുകയും ഇതിനനുസരിച്ച് താഴെത്തട്ടിലെ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനുള്ള വേദികളാക്കി പഞ്ചായത്തുകളെ മാറ്റിക്കൊണ്ട് അവയെ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തീര്‍ക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്യുകയാണ്.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേരിടുന്ന പുതിയ വെല്ലുവിളിയാണിത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും പാര്‍ട്ടിയുടെ രാഷ്ട്രീയ നേതൃത്വത്തില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും കെട്ടിപ്പടുത്ത് ജനകീയ സമരങ്ങള്‍ വികസിപ്പിക്കുകയും പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രചരണം ശക്തിപ്പെടു ത്തുകയും ചെയ്യുന്നതിനൊപ്പം വര്‍ത്തമാനസാഹചര്യം ശരിയായി വിശകലനം ചെയ്ത് അതിനനുസരണമായി ബ്രാഞ്ചുതലംവരെ പാര്‍ട്ടിസംഘടന കെട്ടിപ്പടുത്ത് പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റുവരെ മുതലാളിത്ത ജനാധിപത്യമേഖലകളില്‍ ഇടപെട്ട് വര്‍ഗ്ഗസമരം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ബൂര്‍ഷ്വാ പാര്‍ലമെന്ററി പ്രവര്‍ത്തനം ഒരു ഇരുതല വാളുപോലെയാണെന്ന ബോധ്യവും ഈ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആവശ്യവുമാണ്. പാര്‍ലമെന്ററി അവസരവാദത്തിലേക്ക് അധഃപതിച്ച് ഭരണവര്‍ഗ്ഗ വ്യവസ്ഥയുടെ ഭാഗമായി തീരാതിരിക്കണമെങ്കില്‍ ഈ പ്രവര്‍ത്തനത്തെ വര്‍ഗ്ഗസമരവുമായി കണ്ണിചേര്‍ക്കണം. പാര്‍ട്ടിയുടെ ജനാധിപത്യ വിപ്ലവ പരിപാടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ ഉപയോഗിക്കണം. നാളിതുവരെ യുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളെ വിപ്ലവ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുന്നതില്‍ പാര്‍ലമെന്ററി അവസരവാദം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. ഈ മേഖലയില്‍ നമ്മുടെ അനുഭവങ്ങള്‍ പരിമിതമെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളെ പാര്‍ട്ടിയുടെ കാഴ്ചപ്പാടിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയ മാണുണ്ടായത്. അതുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവപാതയില്‍ നിന്നു വ്യതിചലിക്കാത്ത വിധവും അതിനു സഹായകമായ വിധവും എങ്ങനെ പഞ്ചായ ത്തുതല പ്രവര്‍ത്തനങ്ങളില്‍ നിന്നു മുകളിലേക്ക് വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും ചര്‍ച്ചകളും ആവശ്യമാണ്. എല്ലാ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളിലും ഈ വിഷയം നിരന്തരം ചര്‍ച്ച ചെയ്ത് ഈ പ്രവര്‍ത്തനം വികസിപ്പിക്കാനായാല്‍ അത് എല്ലാതലങ്ങളിലുമുള്ള പാര്‍ട്ടികളുടെയും വിപ്ലവപ്രയോഗത്തിന്റെയും പുരോഗതിയെ സഹായിക്കും