"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

കലാഭവന്‍ മണി ചിരിയും കരച്ചിലും പിന്നെ മരണവും


മലയാള ചലച്ചിത്രലോകത്ത് ദലിത് സാന്നിദ്ധ്യമായിരുന്ന കലാഭവന്‍ മണി തന്റെ നാല്‍പത്തിയഞ്ചാം വയസ്സില്‍ അന്തരിച്ചു. മണിക്കു മുന്‍പും ശേഷവും ദലിത് വിഭാഗത്തില്‍പ്പെട്ട ചിലരൊക്കെ സിനിമയുടെ മാസ്മര ലോകത്തില്‍ എത്തിപ്പെട്ടിട്ടുണ്ടാവാം. എന്നിരുന്നാലും മിമിക്രിക്കാരന്‍, നാടന്‍ പാട്ടുകാരന്‍, പിന്നണിഗായകന്‍, നടന്‍ എല്ലാറ്റിനുമുപരിയായി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി എന്നിങ്ങനെ പല തലങ്ങളില്‍ വേറിട്ടു നില്‍കുന്ന വ്യക്തി പ്രഭാവമായിരുന്നു മണിയുടേത്. സിനിമയിലെ അഭിനേതാക്കള്ളാക്കെ താരങ്ങള്‍ക്കായി പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ശ്രദ്ധേയമായ പല സിനിമകളിലും നായകവേഷം കൈകാര്യം ചെയ്യുകയും ദേശീയ പ്രതിഭകള്‍ക്കൊപ്പം നിലനില്‍ക്കുകയും ചെയ്ത മണിയെ മാത്രം അഭിനയത്തിന്റെ കറുപ്പായും ചലക്കുടിയുടെ കറുത്തമുത്തായും ആ അഭിനയവിസ്മയം കറുമ്പന്റെ കുറുമ്പായും സമൂഹമാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു.

ങ്യാ ഹ ഹ ഹ... 90 കളിലെ കൊച്ചു കുട്ടികള്‍ക്കു പോലും സുപരിചിതമായിരുന്നു കലഭവന്‍ മണിയുടെ ഈ ചിരി. കൊച്ചുകുട്ടികള്‍ എന്നാല്‍ പല്ലു മുളച്ചു തുടങ്ങുന്ന സംസാരിച്ചു തുടങ്ങുന്ന പ്രായത്തിലെ കുരുന്നുകള്‍ വരെ കലാഭവന്‍ മണിയുടെ ചിരി അങ്കിളിനെ കാണിച്ചേ'' എന്നഭിമാനത്തോടെ മാതാപിതാക്കള്‍ പറയുമ്പോള്‍ മണിയുടെ ചിരിയുമായി പുലബന്ധം പോലുമായാത്ത ഒരു തരം ചിരി ഈ കുരുന്നുകള്‍ ചിരിക്കും. ''ജീഗിഗിഗി... 'ഭവന്‍' വഴങ്ങാത്ത ഈ കുരുന്നുകള്‍ക്ക് ചിരിക്കുന്ന ആളുടെ പേരുപറയാനും അറിയാം. ''കലാമണി''എന്തിനു വേണ്ടിയാണ് മണി ഇങ്ങനെയൊരു ചിരി തന്റെ ട്രേഡ് മാര്‍ക്കായി രൂപപ്പെടുത്തിയെടുത്തത് എന്നുള്ള ഈലേഖകന്റെ അതാവശ്യ ചിന്തക്ക് തക്കതായി മറുപടി നേരിട്ടു കിട്ടിയ രണ്ടു സന്ദര്‍ഭങ്ങള്‍ പറയാം.

ഒന്നു കോഴിക്കോടു വച്ചും രണ്ടാമത് പത്തനം തിട്ട ജില്ലയിലെ കോന്നിയില്‍ വച്ചുമാണ്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ മലയാള ചലച്ചിത്ര രംഗത്തെ ഒട്ടു മിക്ക നടീനടന്‍മാരും പങ്കെടുക്കുന്ന ഒരു പരിപാടി നടക്കുകയാണ്. പരിപാടിക്കിടയില്‍ അനൗണ്‍സ് ചെയ്യുന്ന പെണ്‍കുട്ടി (ആങ്കര്‍) പറഞ്ഞു. ''ഇനി നമ്മുടെ പ്രിയങ്കരനായ കലാഭവന്‍ മണിച്ചേട്ടന്റെ ഒരു നാടന്‍ പാട്ടു കേള്‍ക്കാം. ഹാളാകെ ഇളകി മറിഞ്ഞു. മണി തന്റെ ചിരിയുമായി രംഗത്തെത്തി. ഹാളാകെ ചിരി ഏറ്റെടുത്തു മണി പറഞ്ഞു തുടങ്ങി. ''സുഹൃത്തുക്കളെ ഞാന്‍ പാടാം അതിനു മുന്‍പായി എന്റെ ജ്യേഷ്ഠസ്ഥാനിയായ ഒരാളെ ഞാനീ വേദിയിലേക്കു ക്ഷണിക്കുകയാണ്'' പിന്നെ ശബ്ദത്തിനു ഘനം കൂട്ടി ആ പേരുപറഞ്ഞു ''നമ്മുടെ പ്രിയങ്കരനായ ശ്രീ. ജയറാം'' കൂടെ ആചിരിയും ചിരി കഴിഞ്ഞ ഉടനെ ശബ്ദം വേറൊരു ടോണിലാക്കി മണി കെഞ്ചി ''ജയറാമേട്ടാ പ്ലീസ്... '' നിറഞ്ഞ ചിരിയുമായി ജയറാം രംഗത്തു വന്നു. ജയറാം വന്ന ഉടനെ മണി മൈക്കിലൂടെ പറഞ്ഞു. ''ജയറാമേട്ടാ നമ്മുടെ ആ ചെവി കേള്‍ക്കാന്‍ വയ്യാത്ത ആ സംഭവമായിക്കോട്ടെ.''

''ഓക്കെ... ഓക്കെ'' ജയറാം സമ്മതിച്ചു. പിന്നെ മൈക്കിലൂടെ മുഴങ്ങിയതു ജയറാമിന്റെ ശബ്ദമാണ്.

''സുഹൃത്തുക്കളെ ഞാനും മണിയും കൂടി പല സ്റ്റേജിലവതരിപ്പിച്ചിട്ടുള്ള ഒരു ഐറ്റം നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. ഇത് ചെവികേള്‍ക്കാന്‍ പാടില്ലാത്ത രണ്ടു പേര്‍ ചേര്‍ന്നുള്ള സംഭാഷണമാണ്. പരിപാടി ആരംഭിച്ചു. ചിരിച്ചു ചിരിച്ച് ഹാളാകെ ശ്വാസംമുട്ടി. 'ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു കേള്‍ക്കുന്ന ഒരു ഐറ്റം ഹാളാകെ നിര്‍ത്താതെയുള്ള കൈയടി അതുകഴിഞ്ഞയുടെനെ മണി പഞ്ഞു ''ജയറാമേട്ടാ ഒന്നൂടെ നമ്മുടെ മറ്റെ....''


പക്ഷേ ജയറാം പ്രേംനസീര്‍ മേഡലില്‍ താണുതൊഴുതിട്ട് രംഗംവിട്ടു. ഒരു കൊച്ചു കുട്ടിയെപ്പോലെ മണികെഞ്ചി ''ജയറാമേട്ടാ പ്ലീസ് ....'' ജയറാം വന്നില്ല. നിശ്ശബ്ദതയുടെ ചില നിമിഷങ്ങള്‍ ഹാളിലും സ്റ്റേജിലും നിശ്ശബ്ദതയ്ക്കു വിരാമമിട്ടു. ഓര്‍ക്കാപ്പുറത്ത് മണിയുടെ ആ ചിരി ടാഗോര്‍ ഹാള്‍ ആചിരി ഏറ്റെടുത്തു. പിന്നെ മണി പാടി പാടിപ്പാടി കരഞ്ഞു ടാഗോര്‍ ഹാള്‍ മൂക്കു ചിറ്റി.

രണ്ടാമത്തേതു പത്തനംതിട്ട ജില്ലയിലെ കോന്നി ആനക്കൂട്ടില്‍ വച്ചാണ്. ഏതോ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഷൂട്ടിംഗ് കാണാന്‍ വന്‍ ജനക്കൂട്ടം തദ്ദേശ വാസിയായ ഒരു മാന്യന്‍ (കാഴ്ചയില്‍) തിക്കിത്തിരക്കി ബദ്ധപ്പെട്ട് ഉള്ളില്‍ കടന്നു. കണ്ടത് കലഭവന്‍ മണിയെ. മാന്യന്റെ ഉറക്കെയുള്ള കമന്റ് ഛെ... (ഒരുജാതിപ്പേരു പറഞ്ഞ്) ഈ കുറഞ്ഞവനെ കാണാനാണോ ഇത്ര തിരക്ക് ഞാന്‍ കരുതി മോഹന്‍ലാലോ മമ്മൂട്ടിയോ ആണെന്ന് അതു കേട്ടു ചിലര്‍ ചിരിച്ചു. ചിലരുടെ നെറ്റി ചുളിഞ്ഞു. മണിയും അതു കേട്ടു വലതു കൈയുടെ വിരലുകള്‍ കൂട്ടിപ്പിടിച്ച് ചുണ്ടിനു നേരെ കാട്ടി ജീവിച്ചു പോട്ടേ ചേട്ടാ. എന്നര്‍ത്ഥത്തില്‍ മണി ആംഗ്യം കാണിച്ചു. മാന്യന്റെ എന്തോ വിലകുറഞ്ഞ കമന്റ് വീണ്ടും. മണി എഴുന്നേറ്റ് അയാളുടെ നേരെ ചെന്ന് തോളില്‍ കൈ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു. ''നമ്മളെല്ലാം മനുഷ്യരല്ലെ ചേട്ടാ പിന്നെ അയാളുടെ താടിയില്‍ പിടിച്ച് മണി തന്റെ സ്വന്തം ചിരിചിരിച്ചു. അയാള്‍ക്കതു ഇഷ്ടപ്പെട്ടില്ലെങ്കിലും ചിരിപോലെ എന്തോ ശബ്ദം അയാളും പുറപ്പെടുവിച്ചു.

ഇളകിമറിയുന്ന വന്‍ ജനക്കൂട്ടത്തെ ഒറ്റ ചിരികൊണ്ടു വരുതിക്കു നിര്‍ത്തുവാന്‍ മണിക്കു കഴിയുമായിരുന്നു. ചിലതൊക്കെ മറയ്ക്കുവാനും ചിലരെ ചിലതൊക്കെ ഓര്‍മ്മിപ്പിക്കുവാനും കൂടുതല്‍ പേരെ രസിപ്പിക്കുവാനും ഉതകുംവിധം ഇത്തരത്തിലൊരു ചിരിയുടെ മുഖാവരണം കലാഭവന്‍ മണി ബോധപൂര്‍വ്വം രൂപപ്പെടുത്തിയെടുത്ത് അണിഞ്ഞതാണ് എന്ന് നാം ചിന്തിക്കേതുണ്ട്. ചിരിയുടെ ഈ മുഖാവരണം മാറ്റി മണിയുടെ ചിത്രത്തിലേയ്ക്കു കണ്ണുനീട്ടുമ്പോള്‍ സനിമാക്കഥയേക്കാള്‍ ഉദ്വേഗജനകമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കോറിയിട്ട ദൈന്യതയുടെ നിഴല്‍ച്ചിത്രങ്ങള്‍ ആ മുഖത്തു നിന്നും നമുക്കു വായിച്ചെടുക്കാന്‍ കഴിയുന്നില്ലേ?

1971-ല്‍ മണി ജനിക്കുമ്പോള്‍ ചാലക്കുടിപ്പുഴയോരത്തെ ചേന്നത്തു നാട്ടിലെ സ്വാമിയുടെ ജാതിത്തോട്ടത്തിലെ പണിക്കാരനായിരുന്നു അച്ഛന്‍ കുന്നിശ്ശേരി രാമന്‍. അമ്മ അമ്മിണി. മണിയെ പ്രസവിക്കുന്നതിനായി ചലക്കുടി ഗവ. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അമ്മിണിയെ കണ്ട് ഡോക്ടര്‍ ഞെട്ടി. കാരണം കഴിഞ്ഞ തവണത്തെ പ്രസവത്തോടെ അമ്മിണിയുടെ പ്രസവം നിര്‍ത്തിയത് ഇതേ ഡോക്ടറായിരുന്നു. ഒരു കലാകാരനു ജന്മം നല്‍കുന്ന എന്ന കാലത്തിന്റെ അനിവാര്യതയ്ക്ക് തടയിടുവാന്‍ ശാസ്ത്രത്തിനു കഴിയാതെ വന്നതു പോലെ മണിക്കു ശേഷം അമ്മിണിയമ്മ ഒന്നുകൂടി പ്രസവിച്ചു. നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. പത്തംഗ കുടുംബത്തെ പോറ്റുവാന്‍ കുന്നിശ്ശേരി രാമന് ജാതിത്തോട്ടത്തിലെ പണി പോരാതെവന്നു. പട്ടിണിയുടെയും പ്രാരാബ്ധങ്ങളുടെയും നാളുകള്‍. മണി അന്നു വെറും മണി. പേരില്‍ മണിയുണ്ടെങ്കിലും ഉപജീവനത്തിന് 'മണി'യില്ലാതെ പെടാപ്പാടുപെട്ടു. കുടുംബത്തിനു താങ്ങാവാന്‍ വേണ്ടി മണി ചുമട്ടു കാരനായി. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൊലീസുകാര്‍ക്ക് യൂണിഫോം തുന്നിക്കൊടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റമടിച്ചു. ചാലക്കുടിപ്പുഴയില്‍ മുങ്ങി മണല്‍ വാരി. ഉത്സവപ്പറമ്പുകളില്‍ ചുക്കുകാപ്പിയും പായസ്സവും വിറ്റുനടന്നു. അധിക വരുമാനത്തിനായി അനുകരണകലയെയും ഒപ്പം കൂട്ടി. ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മേണോ ആക്ടിന് രണ്ടാം സ്ഥാനം നേടി. സമ്മാനമായി ലഭിച്ചത് ഇരുനൂറ്റന്‍പതു രൂപ കലരംഗത്തുനിന്ന് ആദ്യമായി ലഭിച്ച ആ തുക പാരലല്‍ കോളേജ് അദ്ധ്യപകനും ഗുരുതുല്യനുമായ കരീമിന് ഗുരു ദക്ഷിണയായി സമര്‍പ്പിച്ചു. പിന്നീടു കരീം ടീം മനേജരായി ചാലക്കുടി ജോക്കേഴ്‌സ് എന്ന സാംസ്‌കാരിക ക്ലബിന് രൂപം നല്‍കി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

മണി പത്താം ക്ലാസ്സ് പഠിക്കുന്ന സമയത്ത് അയല്‍വാസിയായ അലിച്ചേട്ടന്‍ അയാളുടെ ഓട്ടോറിക്ഷ കഴുകാന്‍ മണിയെ ഏല്‍പ്പിച്ചു. വണ്ടിയുടെ പേര് മുസ്തഫാ സണ്‍സ്. വണ്ടി കഴുക്കിനിടെ ആരും അറിയാതെ മുസ്തഫാ സണ്‍സ് സ്റ്റാര്‍ട്ടാക്കി മണി ഓടിച്ചു പോയി! അതായിരുന്നു തുടക്കം. പിന്നെ ഓട്ടോ ഡ്രൈവറായി. പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം പൊലീസില്‍ ചേരണമെന്നായിരുന്നു മണിയുടെ ആഗ്രഹം. സ്‌കൂളില്‍ നിന്നും ലഭിച്ച എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് അയച്ചു കൊടുത്തപ്പോള്‍ ആദ്യം ലഭിച്ചത് സി.ഐ.എസ്.എഫില്‍ അലക്കുകാരന്റെ പണി. ആദ്യ നിയമനം പഞ്ചാബില്‍. പോയില്ല. പഴയ പണികളുമായി നാട്ടില്‍ മുന്നോട്ട്. ഫോറിന്‍ സാധനങ്ങളുടെ കച്ചവടവും മണിക്കുണ്ടായിരുന്നു. ഫോറിന്‍ സാധനങ്ങളും തൂക്കി ലോഹിതദാസിന്റെ മുന്‍പിലും മണി പോയിട്ടുണ്ട്. അന്ന് ലോഹി ഒരു ലുങ്കിയും സ്‌പ്രേയും വാങ്ങിച്ചു. താനൊരു മിമിക്രിക്കാരനാണെന്ന കാര്യം മണി അന്ന് ലോഹിയോടു പറഞ്ഞില്ല.

കലഭവന്‍ പീറ്റര്‍ എന്നൊരു ഗായകനുണ്ടായിരുന്നു. തൃശൂരിനടുത്ത.് മപ്രാണം എന്ന സ്ഥാലത്തെ ക്ഷേത്രത്തില്‍ മണിയുടെ മിമിക്രി കാണാനിടയായ പീറ്റര്‍ തൊട്ടടുത്ത ദിവസം നേരെ കലാഭവനിലേക്കു വിളിച്ചു കൊണ്ടു പോവുകയായിരുന്നു. കറുത്തു മെലിഞ്ഞ ഒരു കുട്ടിയായിരുന്നതിനാല്‍ കലാഭവനിലെ പലര്‍ക്കും മണിയെ പിടിച്ചില്ല. കാഞ്ഞിരപ്പള്ളിയിലെ ഒരു പരിപാടിയില്‍ മണിയുടെ പ്രകടനം കാണാനിടയായ ശിവാജി ഗണേശനും മകന്‍ പ്രഭുവും കളി കഴിഞ്ഞ്, മണിയെ ഒന്നുകൂടി സ്റ്റേജില്‍ കയറ്റാന്‍ ആവശ്യപ്പെട്ടതോടെ മണിയുടെ നക്ഷത്രം തെളിഞ്ഞു. എന്തിനേറെ കലാഭവനിലെത്തി ആറുമാസം കൊണ്ട് മണി കലാഭവന്റെ ടൂപ്പ് ലീഡറായി.

നാടന്‍പാട്ട്

മിമിക്രി പോലെതന്നെ മണിക്ക് പ്രിയപ്പെട്ടതായിരുന്നു. നാടന്‍ പാട്ടുകളും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെ പാട്ടുകള്‍ കണ്ണീരിന്റെ നനവും ഉപ്പു രസവും കലര്‍ത്തി മണി പുനരാവിഷ്‌കരിച്ചപ്പോള്‍ മലയാളികള്‍ നിറകണ്ണുകളോടെ അതേറ്റുപാടി.

മറവിലാണ്ട ദ്രാവിഡത്തനിമയുള്ള താളത്തെ മണി ജനകീയമാക്കി. ഒരുതലമുറയോടെ അന്യം നിന്നു പോകേണ്ട നാടന്‍ പാട്ടെന്ന കലാരൂപത്തെ എല്ലാ വര്‍ക്കും പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. നാടന്‍ പാട്ടുകളുള്‍ക്കൊള്ളിച്ചു കൊണ്ട് മണിക്കൂറുകളോളം വേദികളില്‍ വിസ്മയം സൃഷ്ടിച്ചു. ആദ്യമായി നാടന്‍പാട്ടുകള്‍ ആല്‍ബമാക്കി അവതരിപ്പിച്ചതും മണിയായിരുന്നു. സ്വന്തം നാടായ ചാലക്കുടിയില്‍ കണ്ടതും താനനുഭവിച്ചതുമായ കാര്യങ്ങളായിരുന്നു മുഖ്യമായും മണി നാടന്‍പാട്ടു കളിലൂടെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അതിലെല്ലാം ചാലക്കുടിയിലെ സാധാരാണക്കാരുടെ ജീവിതം നിഴലിച്ചിരുന്നു. സ്വന്തം പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ സിദ്ധിവൈഭവമായിരുന്നു നാടന്‍ പാട്ട്

'ചാലക്കുടി ആറ്റില്‍ കരയില്‍
ഓലമേഞ്ഞ വള്ളിക്കുടിലില്‍
സ്‌നേഹം വാരി വാരിത്തന്നൊരച്ഛന്‍'
എന്നു തുടങ്ങുന്ന ഗാനം സ്വന്തം അച്ഛനെക്കുറിച്ചുള്ളതായിരുന്നു.

കുട്ടിക്കാലത്തെ പട്ടിണിയുടെ ഓര്‍മ്മകളില്‍ നിന്നു രൂപപ്പെടുത്തിയ
ഉമ്പായിക്കുച്ചാണ്ടു
പ്രാണന്‍ കത്തണമ്മാ...... എന്ന പാട്ട് മണി പാടുമ്പോള്‍ ആരായാലും അതെവിടെയായാലും ഇടനെഞ്ചില്‍ ഒരു വിങ്ങലനുഭവപ്പെടുകയും അറിയാതെ കണ്ണുകള്‍ ഈറനണിയുകയും ചെയ്യും.

ഏതൊരു ദുരിതത്തെയും മനോധൈര്യത്തോടെ നേരിടണമെന്ന് മലയാളിലെ പാടിപ്പിഠിച്ച മണിയുടെ ഒരു പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്.

''ചയ്ച്ചിട്ടു കുത്ത്യാലും
ചരിച്ചിട്ടു കുത്ത്യാലും
ചാലക്കുടിക്കാരന്‍ ചാവൂല്ലടീ''

വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കരുത്, അപ്പരലീപ്പരല് പരല് പൂവാലിപ്പരല്, കണ്ണി മാങ്ങ പ്രായത്തില്‍, ഓടേണ്ട ഓടേണ്ടാ, ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോള്‍, വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ, പാലങ്ങളില്‍ നല്ലൊരു പാലം ചാലക്കുടിപ്പാലം, കുഞ്ഞുനാളില്‍ ചെറുപ്പത്തിലല്ലേടി, ഇങ്ങനെ എത്ര കേട്ടാലും മതി വരാത്ത എത്രയെത്ര പാട്ടുകള്‍ക്കാണ് മണി രൂപ ഭാവങ്ങള്‍ നല്‍കിയത്.

''പിരിയുവാന്‍ നേരത്ത് കാണുവാനാശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടില്ല. പിരിയുവാന്‍ നേരത്ത് വിതുമ്പുവാനാശിച്ച നിറമിഴി മാത്രം ഞാന്‍ കണ്ടില്ല'' എന്ന് വേര്‍പാടിനെ ക്കുറിച്ചും മണിപാടിയിട്ടുണ്ട്. ഇതൊക്കെ കൂടാതെ അയ്യപ്പഭക്തി ഗാനങ്ങളും മണിയുടേതാട്ടുണ്ട്.

കുറച്ചുകാലങ്ങള്‍ക്കു മുന്‍പ് ശബരി മല കയറുമ്പോള്‍ ''നിത്യനിരാമയാ നിന്‍ തിരു മുന്‍പില്‍ ഞാന്‍ സത്യമായെത്തിയേക്കാം എന്ന പാട്ടു കേട്ട് കണ്ണു നിറഞ്ഞതായി മണി പറയുകയുണ്ടായി. സാധാരണ അവിടെ കേള്‍ക്കുന്നത് ദാസേട്ടന്റെ പാട്ടുകളാണ്. സ്വന്തം പാട്ടും ശബരിമലയില്‍ വച്ച് കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണത്രെ കണ്ണു നിറഞ്ഞത്.

സിനിമ

കൊച്ചിന്‍ കലാഭവനില്‍ നിന്ന് സീരിയലില്‍ അഭിനയിക്കാന്‍ പോയതിനാണ് മണിയെ പുറത്താക്കിയത്. വിനോദശാല എന്ന ടി.വി. പരമ്പയിലൂടെയാണ് തുടക്കം. ആദ്യചിത്രം സമുദായം. സമുദായത്തിലൊരു ചെറിയ വേഷം തുടര്‍ന്ന് സിബിമലയില്‍ സംവിധാനം ചെയ്ത അക്ഷരം. ഈ ചിത്രത്തിലെ വേഷം ഒരു ഓട്ടോ റിക്ഷക്കാരന്റേത്. 'അക്ഷര ത്തിലെ സംവിധാന സഹായി സുന്ദര്‍ദാസാണ് മണിയെക്കുറിച്ചു പറയുന്നത്. കാക്കനാട്ടെ നവോദയായിലായിരുന്നു ഷൂട്ടിംഗ് മണി അവിടെ ചെന്നത് ചാലക്കുടിയില്‍ നിന്നും ഓട്ടോറിക്ഷ ഓടിച്ച്. സംവിധായകന്‍ സ്റ്റാര്‍ട്ട് പറഞ്ഞതും മണി കിക്കറില്‍ പിടിച്ച് വലിച്ചതും ഒപ്പമായിരുന്നു. കിക്കര്‍ഓടിഞ്ഞു കയ്യിലിരുന്നു.

ആരാ ഇയാളെ വിളിച്ചത് എന്നു സംവിധായകന്‍ ചൂടായി സുന്ദര്‍ദാസ് എങ്ങോട്ടോ മാറി. സാറ് പേടിക്കണ്ടാ വണ്ടി ഞാന്‍ സ്റ്റാര്‍ട്ട് ചെയ്‌തോളാം എന്ന് മണി. പിന്നെ ഒരാളെക്കൊണ്ട് വണ്ടി പിന്നില്‍ നിന്ന് തള്ളിച്ച് ഗിയറിലിട്ട് സ്റ്റാര്‍ട്ടാക്കി സീന്‍ കഴിഞ്ഞ് പ്രതിഫലവും വാങ്ങി പോന്നു. പ്രതിഫലം നൂറ്റല്‍പതു രൂപ പിന്നീടാണ് ലേഹിതദാസ് - സുന്ദര്‍ദാസ് ടീമിന്റെ സല്ലാപം പിറക്കുന്നത്. സല്ലാപം മണിക്ക് ബ്രെയ്ക്ക് ആയി. സല്ലാപത്തിലെ രാജപ്പന്‍ എന്ന ചെത്തുകാരന്‍, മണിയെ കലാഭവന്‍ മണിയായി മലയാള സിനിമയില്‍ അടയാളപ്പെടുത്തി. ലോഹിതദാസിന്റെ തിരക്കഥയിലുള്ള ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി, സൂത്രധാരന്‍ അങ്ങനെ കുറേ ചിത്രങ്ങള്‍. മുന്‍പ് ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ലോഹിതദാസിന്റെ മുന്നില്‍ ചെന്നപ്പോള്‍ താനൊരു മിമിക്രിക്കാരനാണെന്നു പരിചയപ്പെടുത്തി യിരുന്നെങ്കില്‍ മണിയുടെ സിനിമ പ്രവേശനം കുറച്ചുകൂടെ നേരത്തെയാകു മായിരുന്നോ എന്തോ.

തൊണ്ണൂറുകളുടെ അവസാന മിറങ്ങിയ മിക്ക മലയാള സിനിമകളുടേയും ഭാഗമായിരുന്നു കലാഭവന്‍ മണി. വാല്‍ക്കണ്ണാടി, ലോകനാഥന്‍ ഐ.എ.എസ്, കിസാന്‍, രക്ഷകന്‍, പായും പുലി, സ്വര്‍ണ്ണം, ആയിരത്തിലൊരുവന്‍, ഓറഞ്ച്, പുള്ളിമാന്‍, റെഡ് സലൂട്ട് തുടങ്ങിയ സിനമകളില്‍ നായകനായി. മണിമാത്രം വേഷമിട്ട ''ദ ഗാര്‍ഡ്'' എന്ന ഹക്കീമിന്റെ ചിത്രവും ഇതിനിടെ സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലി ന്റെയും മമ്മൂട്ടിയുടെയും പ്രതിയോഗിയായും മണി തിളങ്ങി. വല്യേട്ടനിലും മായാബസാറിലും സേതുരാമയ്യര്‍ സി.ബി.ഐ.യിലും മമ്മൂട്ടിക്കൊപ്പവും ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിനൊപ്പവും നെഗറ്റീവ് വേഷങ്ങളിലും മണി ഏറെ ശ്രദ്ധേയനായി.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിലിറങ്ങിയ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അന്ധഗായകന്റെ വേഷം മണി അവിസ്മര ണീയമാക്കി ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് മണി അര്‍ഹനാകുമെന്ന് എല്ലാവരും ഏറെ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്തുകൊണ്ടോ മണിക്കു ലഭിച്ചില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ചില്ല എങ്കിലും ദേശീയ ജൂറിയുടെ പ്രത്യേക അവാര്‍ഡ് മണി നേടി. ആകാശഗംഗ, കല്യാണ സൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, പ്രണയനിലാവ് തുടങ്ങിയ സിനിമകളിലെ മണിയുടെ കഴിവ് തിരിച്ചറിഞ്ഞാണ് സംവിധായകന്‍ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ സീരിയസ് ആയ വേഷം നല്‍കിയത്. മണിയെ നായകനായി കണ്ടുകൊണ്ടാണ് ആ ചിത്രം ആലോചിച്ചു തുടങ്ങിയതു തന്നെ. ചിത്രം 150 ദിവസമാണ് ഓടിയത്. തുടര്‍ന്ന് കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലും മണി തകര്‍ത്തഭിനയിച്ചു. മണിയിലെ കലാകാരനെ ഉപയോഗപ്പെടു ത്തിയ നാലോ അഞ്ചോ സിനിമകള്‍ മാത്രമാണുണ്ടായത്. മണിയുടെ പ്രതിഭയെ മലയാള സിനിമ വേണ്ടതു പോലെ ഉപയോഗപ്പെടുത്തി യില്ലയെന്ന് സംവിധായകന്‍ വിനയന്‍ പരിതപിക്കുന്നു.

'മറുമലര്‍ച്ചി' എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചു വരുന്ന സമയം. ഷൂട്ടിംഗ് നടക്കുന്നത് തിരുവണ്ണാമലയില്‍. ഈ ചിത്രത്തിലഭിനയിക്കാം എന്നേറ്റ ഹാസ്യനടന്‍ പെട്ടെന്ന് വരില്ലെന്നറിയിച്ചു. അതോടെ ആളില്ലാതായപ്പോള്‍ മമ്മൂട്ടി കലാഭവന്‍ മണിയുടെ കാര്യം പറഞ്ഞു. വിളിച്ചാല്‍ തിരിച്ചയക്കില്ലെന്ന് ഉറപ്പു നല്‍കണമെന്നു മമ്മൂട്ടി ഒരു നിബന്ധന വച്ചു. അവരതംഗീകരിച്ചു. മണിയെ വിളിച്ചപ്പോള്‍ തമിഴറിയില്ലെന്ന കാരണം പറഞ്ഞ് മണി മുങ്ങി. അവസാനം മമ്മൂട്ടി തന്നെ വിളിച്ച് ഇത് നല്ല അവസരമാണ് ഒഴിവാക്കരുതെന്ന് ദേഷ്യപ്പെട്ടു പറഞ്ഞു. വിക്രം നായകനായ 'ജമിനി' എന്ന സിനിമയിലെ വില്ലന്‍ പൊലീസ്‌കാരന്‍, ഷങ്കറിന്റെ അന്യന്‍, യന്തിരന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ അനേകം തമിഴ് സിനിമകളില്‍ പിന്നീട് മണി അഭിനയിച്ചു. മണിയുടെ അപാരമായ കഴിവുകളെ രജനീകാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ പുകഴ്ത്തി സംസാരിക്കുന്നതിന് നേരിട്ട് സാക്ഷിയായിട്ടുണ്ടെന്ന് നടന്‍ ജയറാം പറയുന്നു, തമിഴ് നടന്‍ കലാഭവന്‍ മണി അന്തരിച്ചു എന്ന തലക്കെട്ടോടെയാണ് ചില തമിഴ് മാദ്ധ്യമങ്ങള്‍ മണിയുടെ വിയോഗം റിപ്പോര്‍ട്ട് ചെയ്തത്. മധുര ഡിണ്ടിഗല്‍, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ, കലഭവന്‍ മണി രസികര്‍ മല്‍റംത്തിന്റെ ഭാരവാഹികള്‍ പുഷ്പചക്രവുമായി ചാലക്കുടിയിലെത്തിയിരുന്നു.

തമിഴില്‍ മാത്രമല്ല കന്നടയിലും തെലുങ്കിലും മണി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. എല്ലാ ഭാഷയിലുമായി ഏതാണ്ടു മുന്നൂറോളം ചിത്രങ്ങള്‍.

സിനിമയുടെ മാസ്മര ലോകത്തില്‍ വിരാജിക്കുമ്പോഴും കടന്നു വന്ന ദുര്‍ഘട പാതകളേയും അന്നും കൂട്ടിനുണ്ടായിരുന്ന തോഴരേയും എല്ലാറ്റിനുമുപരിയായി തന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാരെയും മണി മറന്നില്ല. ഷൂട്ടിംഗിനു പോകുമ്പോള്‍ മിക്കപ്പോഴും ഹോട്ടലില്‍ താമസിക്കാറില്ല. ലൊക്കേഷനടുത്ത് വീട് വാടകക്കെടുത്ത് താമസിക്കും. കിസാന്‍ എന്ന സിനിമയില്‍ ഫുട്‌ബോള്‍ കളിക്കാരന്റെ വേഷമായിരുന്നു മണിക്ക്. അതില്‍ സഹ കളിക്കാരായി അവതരിപ്പിക്കാന്‍ ചാലക്കുടിയിലെ കളിക്കാരെയാണ് മണി കൊണ്ടുവന്നത്. ഫുട്‌ബോള്‍ കളിയും മണിയ്ക്കു ഏറെ ഇഷ്ടമായിരുന്നു. ഐ.എം. വിജയനെ മണി അനിയാ എന്നാണ് വിളിക്കുന്നത്. തിരിച്ച് മണിഭായ് എന്നും. ഞങ്ങളെ തമ്മിലടുപ്പിച്ചത് സിനിമയോ ഫുട്ട്‌ബോളോ അല്ല, നമ്മള്‍ രണ്ടുപേരും ഒന്നു മില്ലാത്തിടത്തുന്നും പട്ടിണികിടന്നും വന്നു അതു കൊണ്ട് നമുക്ക് ഒന്നിച്ചു നില്‍ക്കണമെന്ന മണിയുടെ വാക്കുകളാണ് എന്ന് വിജയന്‍ നൊമ്പരത്തോടെ ഓര്‍മ്മിക്കുന്നു.

കലാഭവന്‍ മണിക്ക് കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നത് തിരുവനന്തപുരത്താണ്. സഹകരണ ബാങ്ക് ജീവനക്കാരായ വിജയകുമാറും അനില്‍കുമാറും ചേര്‍ന്ന്. അല്‍ സബര്‍ ഓര്‍ഫനേജിനും ചെങ്കല്‍ച്ചൂള ക്ഷേത്രത്തിനും പറയാനുള്ളത് ഫാന്‍സ് അസ്സോസിയേഷന്റെ നന്മകളുടെ കഥകള്‍. മണിയെ ക്കുറിച്ച് ചാലക്കുടിക്കാര്‍ക്കും പറയാനുള്ളത് ഇത്തരം കഥകള്‍ തന്നെയാണ്. 7-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുറ്റമടിച്ചു കൊടുത്ത പൊലീസ് സ്റ്റേഷനു രാണ്ടാംനില പണിയിച്ചു കൊടുത്തു മണി. തന്റെ ബാല്യത്തില്‍ അച്ഛന്‍ കൂലിപ്പണിയെടുത്ത സ്വാമിയുടെ ജാതിത്തോട്ടം വിലയ്ക്കുവാങ്ങി അവിടെ ഏറുമാടം പണികഴിപ്പിച്ച് ''പാടി'' എന്ന് അതിനു പേരുമിട്ടു. ആ സമയത്തു അച്ഛന്‍ രാമന്‍ തളര്‍ന്നു കിടപ്പിലായിരുന്നു. എങ്കിലും അയാള്‍ അതറിഞ്ഞു. മകളുടെ പിറന്നാള്‍ ഉള്‍പ്പെടെ മണിയുടെ എല്ലാ ആഘോഷങ്ങളും ഈ പാടിയിലാണ് നടത്താറ്. മരിക്കുന്നതിനു മുന്‍പ് മണിയെ ബോധരഹിതനായി കണ്ടതും ഈ പാടിയിലായിരുന്നു.

ചാലക്കുടിപ്പുഴയിലൂടെ തുഴഞ്ഞു പോകാന്‍ മണിക്കൊരു വള്ളമുണ്ട് കോമഡിയായി ആരോ ആ വള്ളത്തിനു പേരിട്ടു ഒപ്പം നമ്പരും. ''കുന്നശ്ശേരി ചുണ്ടന്‍ - 100'' മണികൂടാരത്തിന്റെ പോര്‍ച്ചില്‍ കിടക്കുന്ന കാറിനും ബൈക്കിനും കാരവാനിലും ഓട്ടോ റിക്ഷയിലും എല്ലാം നമ്പര്‍ 100 തന്നെ 100 മണിക്കൊരു ഹരമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാര്‍ക്കു കുറവായിരുന്നതുകൊണ്ട് പോകുന്നിടത്തോളം 100-ല്‍ പോകട്ടെ എന്ന് മണിയുടെ തമാശ.

അപ്രതീക്ഷിതമായിരുന്നു മണിയുടെ വേര്‍പാട്. പബ്ലീസിറ്റിയുടെ നിറച്ചാര്‍ത്തില്ലാതെ മണി ചെയ്തുകൂട്ടിയ ഉപകാരങ്ങല്‍ ചാലക്കുടിക്കാര്‍ ഒരിക്കലും മറക്കില്ല. സഹായം തേടിയെത്തുന്ന ഒരു നാട്ടുകാരനെയും മണി വെറും കൈയ്യോടെ തിരിച്ചയക്കാറില്ല. എന്നിട്ടുകൂടി വിവാദങ്ങള്‍ ഒരു ശാപം പോലെ മണിയെ പിന്‍ തുടര്‍ന്നിരുന്നു. ജന്മനാടിന് അധികം ദൂരത്തല്ലാത്ത വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണ്ണം പൂശിയ ഇരുമ്പു വള പിടിച്ചെടുത്ത് മണിയെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചതും തന്റെ വീട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്നതും തന്റെ അനുജന്‍ ഡാന്‍സ് പഠിപ്പിക്കുന്ന കുട്ടിയുടെ പിതാവുമായ ഒരു ഫോറസ്റ്റ് ഓഫീസര്‍ അകാരണമായി 'നീ ആരായാലെനിക്കെന്താ' എന്ന ആക്രോശത്തോടെ ലാത്തിവീശി മണിയുടെ തലക്കടിച്ചതും ഒക്കെ! മണിയുടെ ചിരികേട്ട്, കോമഡി കേട്ട,് ഊറിച്ചിരിച്ച്, ലാഘവത്തോടെ തള്ളിക്കളയാനുള്ളതല്ല എന്നുള്ള തിരിച്ചറിവോടെ വേണം കേരളത്തിലെ ദലിത് സമൂഹം മണിയുടെ വേര്‍പാടിനെ ഓര്‍ത്ത് ദു.ഖിക്കേണ്ടതും വിലപിക്കേണ്ടതും അനുശോചിക്കേണ്ടതും.

മണിയുടെ മരണം എത്തരത്തിലുള്ളതായിരുന്നാലും അതുയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്കു കേരളത്തിന്റെ മനസ്സാക്ഷി ഉത്തരം നല്‍കേണ്ടതുണ്ട്.

മനുഷ്യസ്‌നേഹിയായ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിക്ക് സൈന്ധവമൊഴിയുടെ ആദരാഞ്ജലികള്‍.