"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

മിത്രസ്യ ചക്ഷുഷ സമീക്ഷ മാഹെ - ജോണി ജോര്‍ജ് മയിലഞ്ചിപ്പാറ


ജീവിതത്തോണി മറുകരക്കെത്താന്‍
ആഞ്ഞുതുഴഞ്ഞു തളര്‍ന്നിടും നേരം
നമ്മെയുഴിയും മിഴികളിലുണ്ടൊ
മിത്രഭാവത്തിന്‍ നുറുങ്ങുവെളിച്ചം
ആഴക്കടലില്‍ നീ മുങ്ങി മരിച്ചാല്‍
നിന്‍വരവും കാത്ത് കൂട്ടിലിരിക്കും
നിന്‍കുഞ്ഞിന്‍ മാംസം കൊത്തിപ്പറിക്കാന്‍
കഴുകന്‍മാര്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ചിരിപ്പൂ
ദൈവത്തിന്‍കോട്ടയില്‍ കാവല്‍ഭടന്‍മാര്‍
വചന വാളോങ്ങുന്നു നിന്‍ ദൈവമാര്
കച്ചിത്തുരുമ്പിലും പ്രത്യാശവെച്ച്
ചൊല്ലിയെന്നാലും വരില്ല ദൈവങ്ങള്‍
ജാതിതന്‍ തേരാളി ധര്‍മ്മയുദ്ധത്തില്‍
പകലോന്റെ മറവില്‍ താളംപിടിക്കും
ആര്യ-അധര്‍മ്മത്തിന്‍ കിങ്കരന്‍മാരി
വിശ്വത്തെ ഹിന്ദുത്വ ചന്ദനം ചാര്‍ത്തി
മിത്തുകള്‍ സത്യങ്ങളാക്കി ചമച്ച്
മര്‍ത്യരെ ജാതികളായ് തിരിക്കുന്നു
സിംഹാസനത്തിലിരിക്കുന്ന മന്നന്‍
തലപ്പാവില്‍ മുത്തുകള്‍ക്കെണ്ണം വളര്‍ത്തും
അത്താഴപട്ടിണിക്കാരന്റെ മുന്നില്‍
തത്വശാസ്തരത്തിന്റെ സദ്യവിളമ്പും
തന്റെ ദൈവങ്ങള്‍ക്ക് ഇഷ്ടപാനീയമായ്
അന്യന്റെ രക്തമൊഴുക്കുന്നു മണ്ണില്‍
വര്‍ണ്ണസംരക്ഷണ കാപാലികര്‍ നിന്‍
ഉന്‍മൂല നാശം കാത്തിരിക്കുന്നു
കഷ്ടകാല കടല്‍ നീന്തിയോര്‍ നമ്മള്‍
പൊള്ളുന്ന സത്യങ്ങള്‍ തൊട്ടറിയുന്നു
ചിന്തയിലഗ്നി പടര്‍ന്നിറങ്ങുമ്പോള്‍
മിത്രങ്ങളായ് നമ്മള്‍ ഒത്തുചേരുന്നു
ചേര്‍ന്നുചിന്തിക്കാന്‍ മനസുവരുമ്പോള്‍
മിത്രഭാവങ്ങള്‍ തിരിച്ചറിഞ്ഞീടും
ക്രിസ്തു പറഞ്ഞു നിന്നെപ്പോലെ തന്നെ
നിന്‍ അയല്‍ക്കാരനെ കാണുക നീയും
നിന്നിലാണ് നിന്റെ ദൈവമുമെന്ന്
ശ്രീബുദ്ധനും പണ്ടെ ഓര്‍മ്മപ്പെടുത്തി
കണ്ണാടി മുന്നില്‍ പ്രതിഷ്ഠിച്ചുനിന്നെ
തന്നെയതില്‍ കാണാന്‍ ഗുരുവും പറഞ്ഞു
മിത്രസ്യ ചക്ഷുഷ സമീക്ഷ മാഹെ
അഥര്‍വ്വ വേദപ്പൊരുളുമതല്ലൊ
അന്യന്റെ മുന്നില്‍ കാരുണ്യവാനായ്
വര്‍ത്തിക്കുവാന്‍ തിരുക്കുറല്‍ മൊഴിയുന്നു
അപരനില്‍ മിത്രഭാവം പകര്‍ന്നീടില്‍
മിത്രങ്ങളില്‍ ദൈവഭാവം വസിക്കും
ഹൃദയങ്ങളിലേക്കുമിത്രത്വമേകി
ലക്ഷ്യത്തിലേക്കുള്ള പാതയൊരുക്കാം
മിത്രഭാവത്തിന്റെ ദീപം കൊളുത്തി
വര്‍ണ്ണാന്ധകാരത്തെ ദൂരെയകറ്റാം
ആദി സത്യത്തിന്‍ പ്രകാശം പരത്തി
ഭൂമിയില്‍ വീണ്ടും സ്വര്‍ഗ്ഗം പണിയാം