"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ബി.ഡി.ജെ.എസ്. രൂപീകരണം കെ.പി.എം.എസ്. എന്തുകൊണ്ട് പങ്കാളികളായി? - എസ്. രാജപ്പന്‍
ച്ചിയിലും തിരുവിതാംകൂറിലും പ്രവര്‍ത്തിച്ചുവന്നിരുന്ന പുലയര്‍ മഹാസഭകളെ ലയിച്ച് ഒറ്റ സംഘടനയായി മാറണമെന്ന ഉദ്ദേശത്തോടെ 1968 ല്‍ പുലയ ഏകോപന സമിതി രൂപംകൊണ്ടു. ഈ ഏകോപന സമിതിയുടെ ശ്രമഫലമായി പുലയ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് 1970 ല്‍ കെ.പി.എം.എസ്. രൂപംകൊണ്ടു. 1970 നുശേഷം സമുദായം നേരിട്ട അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുലയരെ പട്ടികജാതി ലിസ്റ്റില്‍ നിന്നും മാറ്റി പിന്നോക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശക്കെതിരെ വിജയകരമായി പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കെ.പി.എം.എസ്സിന് കഴിഞ്ഞിട്ടുണ്ട്. കമ്പിത്തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട് പുലയന്‍ - പുലയവിവാദം ഉയര്‍ന്നുവരികയും പുലയ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രക്ഷോഭസമരത്തിലൂടെ വിജയകരമായി ഇടപെടാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2008 നുശേഷം കെ.പി.എം.എസ്സിന്റെ അജണ്ടയില്‍ മാറ്റം വരുകയും വിഭവാധികാരങ്ങളില്‍ പങ്കാളിത്തമില്ലായ്മ മുഖ്യവിഷയമായി മാറുകയും ചെയ്തു. ഭൂമി, ഉന്നതവിദ്യാഭ്യാസം, തൊഴില്‍, സമ്പത്ത്, സ്ഥാപനങ്ങള്‍ എന്നീ രംഗങ്ങളില്‍ പിന്‍തള്ളപ്പെട്ട അവസ്ഥയില്‍ നിന്നും മുന്നേറാന്‍ ആധുനിക യുഗത്തിലും പട്ടികവിഭാഗത്തിനു കഴിഞ്ഞിട്ടില്ല.

ഭൂമിയുടെ രാഷ്ട്രീയവും ദളിതരും

1955 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച പ്രമേയത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമി എന്ന മുദ്രാവാക്യം അംഗീകരിച്ചിരുന്നതായി ഡോ.എം.കുഞ്ഞാമന്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന കമ്മ്യൂണിസ്റ്റ് വിളംബരം പട്ടികവിഭാഗങ്ങളെ പ്രത്യേകിച്ച് പുലയരെ ആവേശംകൊള്ളിച്ചു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നതും, സി.പി.ഐ. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയതുമായ ഭൂപരിഷ്‌കരണ നിയമം പുലയരാദി പിന്നണി ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നിരാശാജനകവും വഞ്ചനാപരവും സാമൂഹ്യനീതി നിഷേധവുമായിരുന്നു. സവര്‍ണ്ണ- മദ്ധ്യമജാതി വിഭാഗത്തില്‍പ്പെട്ട ഇടനിലക്കാരായ പാട്ടക്കാര്‍ക്കും വാരക്കാര്‍ക്കും കൃഷിഭൂമി ലഭ്യമായപ്പോള്‍ മണ്ണില്‍ പണിയെടുത്തിരുന്ന പുലയരാദി വിഭാഗങ്ങളെ മുന്നൂസെന്റിലും അഞ്ചുസെന്റിലും 10 സെന്റിലും ഒതുക്കുകയും മിച്ചം വന്നവരെ കോളനികളിലും ലക്ഷം വീടുകളിലും പുറംപോക്കുകളിലും കൂടിയിരുത്തുകയും ചെയ്തു. ഈ നീതി നിഷേധത്തിന്റെ സംസാരിക്കുന്ന തെളിവുകളാണ് ആദിവാസി ഭൂസമരവും ചെങ്ങറസമരവും അരിപ്പ ഭൂസമരവും രണ്ടാം ഭൂപരിഷ്‌കരണത്തിലൂടെ പട്ടികവിഭാഗങ്ങള്‍ക്കും മറ്റിതര ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കെ.പി.എം.എസ്. ഭൂപരിഷ്‌കരണ ജാഥ സംഘടിപ്പിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചത്, തമിഴ്‌നാടും കര്‍ണാടകയും കേരളത്തോടു കൂട്ടിചേര്‍ത്താല്‍ മാത്രമേ വിതരണത്തിന് ഭൂമി ഉണ്ടാകൂ എന്നാണ് പട്ടിക വിഭാഗങ്ങള്‍ ഭൂമി ആവശ്യപ്പെടുമ്പോള്‍ ഭൂമി ഇല്ലെന്നു പറയുന്ന സര്‍ക്കാരുകള്‍ അവസാനമില്ലാത്ത പട്ടയ വിതരണ മാമാങ്കത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പട്ടയം വിതരണം തുടരുകയാണ്. ഭൂമാഫിയായ്ക്ക് അടിമപ്പെട്ട് അടുത്തകാലത്ത് സര്‍ക്കാര്‍ നടത്തിയ ഭൂമി കച്ചവട കുംഭകോണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും കഴിയാറായതുമായ ലക്ഷക്കണക്കിനേക്കര്‍ തോട്ടം ഭൂമി പിടിച്ചെടുത്ത് പട്ടികവിഭാഗങ്ങള്‍ക്കും മറ്റ് അര്‍ഹരായവര്‍ക്കും വിതരണം ചെയ്യുവാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇടത് - വലത് സര്‍ക്കാരുകള്‍ 60 വര്‍ഷം മാറിമാറി ഭരിച്ചുകഴിഞ്ഞപ്പോള്‍ പട്ടികജാതി വിഭാഗത്തിന്റെ ശരാശരി ഭൂവുടമസ്ഥത 5 സെന്റില്‍ താഴെയാണെന്ന് കില പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏതായാലും പട്ടികവിഭാഗങ്ങള്‍ക്ക് മൂന്നുസെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാന്‍ പാടില്ലെന്ന കാര്യത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ധാരണയില്‍ എത്തിയിട്ടുണ്ട്.

സമ്പത്തും സ്ഥാപനങ്ങളും

സമ്പത്തും സ്ഥാപനങ്ങളും ഉയര്‍ന്ന സാമൂഹ്യവിഭാഗങ്ങളിലും വ്യക്തികളിലും കേന്ദ്രീകരിക്കപ്പെടുന്നതിനാലാണ് പട്ടികവിഭാഗങ്ങള്‍ക്കും മറ്റിതര ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും സ്വത്തുടമസ്ഥതയും സ്ഥാപനങ്ങളും നിഷേധിക്കപ്പെടുന്നത്. ഈ സാമുദായിക നീതി നിഷേധത്തിന്റെ കാരണം ജാതിയുടെ ശക്തമായ സ്വാധീനവും രാഷ്ട്രീയാധികാരമില്ലായ്മയുമാണ്. ശ്രീ.കെ.ആര്‍.നാരായണനും ശ്രീ.കെ.ജി.ബാലകൃഷ്ണനും ഇന്ത്യന്‍ പ്രസിഡന്റായും, സുപ്രീംകോടതി ചീഫ് ജസ്റ്റിസായും ഉയര്‍ന്നെങ്കിലും ദളിത് സമുദായത്തില്‍ നിന്ന് എന്തുകൊണ്ട് ഒരു ടാറ്റായോ ബിര്‍ളായോ ഉയര്‍ന്നുവന്നില്ല എന്ന ചോദ്യം സമ്പത്തിന്റെ സാമുദായിക അടിത്തറയിലേക്ക് വെളിച്ചം വീശുന്നു. സമ്പത്തിന്റെ ന്യായപൂര്‍വ്വമായ വിതരണം ഉറപ്പാക്കാന്‍ ഭരണവര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നില്ല.


കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രധാനമായും മതന്യൂനപക്ഷങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി കാണാം. ലഭ്യമായ കണക്കനുസരിച്ച്

സ്‌കൂളുകള്‍ കോളേജുകള്‍
സവര്‍ണ്ണ ക്രിസ്ത്യാനികള്‍ 4198 78
മുസ്ലീം 1595 39
നായര്‍ 748 20
ഈഴവര്‍ 368 18
മറ്റുള്ളവര്‍ 1064 14

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യായപൂര്‍വ്വമായ വിതരണം ഉറപ്പാക്കാനും സമുദായ നീതിയുടെ അടിസ്ഥാനത്തില്‍ മാനദണ്ഢങ്ങള്‍ ആവിഷ്‌കരിക്കാനും യു.ഡി.എഫ്.-എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഇക്കാര്യത്തിലും ന്യൂനപക്ഷ പ്രീണന നയം തുടരുന്നതായി കാണാം.

എയ്ഡഡ് വിദ്യാഭ്യാസ മേഖല

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ രണ്ടുലക്ഷത്തോളം അദ്ധ്യാപക - അനദ്ധ്യാപകര്‍ പണിയെടുക്കുന്നു. ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. പ്രതിവര്‍ഷം ഏകദേശം ആറായിരം കോടി രൂപ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി പ്രസിദ്ധീകരിച്ച എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദളിതരും എന്ന വസ്തുതാ പഠനത്തില്‍ '79.14 ശതമാനം കോളേജുകളും 78.33 ശതമാനം അദ്ധ്യാപകരും ഉള്‍ക്കൊള്ളുന്ന എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷ സ്ഥാപനങ്ങളും 11.25 ശതമാനം വരുന്ന മുന്നോക്ക ക്രിസ്ത്യാനികളാണ് നിയന്ത്രിക്കുന്നത്. 68 ശതമാനം ഹയര്‍ സെക്കന്ററി അദ്ധ്യാപകരും ഈ മേഖലയില്‍ നിന്നുള്ളവരാണ്. നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളുടെ ലഭ്യമല്ലാത്ത കണക്കുകള്‍ കൂടിയാകുമ്പോള്‍ സാമൂഹ്യാധിപത്യത്തിന്റെ ആഴവും പരപ്പും അതിവിസ്തൃതമാണെന്നുകാണാം'. യു.ജി.സി. യുടെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായിട്ടും ഈ മേഖലയില്‍ സംവരണം നടപ്പാക്കുന്നില്ല. ആയതിനാല്‍ എസ്.സി./എസ്.റ്റി. പ്രാതിനിധ്യം നാമമാത്രം. എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സി.യ്ക്കുവിടാനോ സംവരണ തത്വം പാലിക്കാനോ സംഘടിത സമുദായങ്ങള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന യു.ഡി.എഫ്. - എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.

എയ്ഡഡ് മേഖലയിലെ ദളിത് സാന്നിദ്ധ്യം

അദ്ധ്യാപകര്‍ എസ്.സി. എസ്.റ്റി.
കോളേജുകള്‍ 7199 10 01
എച്ച്.എസ്.എസ്. 687 10212 ലഭ്യമല്ല ലഭ്യമല്ല ഹൈസ്‌കൂള്‍ 1429 35584 84 2
യു.പി.സ്‌കൂള്‍ 1869 33057 91 32
എല്‍.പി.സ്‌കൂള്‍ 3981 36287 176 62

സാമൂഹ്യ സാമുദായിക നീതി ലംഘിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചയാണ് എയ്ഡഡ് മേഖല

വിദ്യാഭ്യാസരംഗം

മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക സ്തംഭന സമരം ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ അവകാശം മുകളിലേക്കു പോകുംതോറും കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നു. എസ്.സി., എസ്.റ്റി. വിഭാഗങ്ങള്‍ക്ക് എഞ്ചിനിയറിംഗ് പ്രവേശനം നാലുശതമാനമായും മെഡിക്കല്‍ പ്രവേശനം ഒന്നര ശതമാനമായും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിമിതിപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ത കാരണങ്ങളാല്‍ ആനുകൂല്യം നിഷേധിക്കുന്നു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മീഷണറേറ്റിലൂടെ പ്രവേശനം ലഭിച്ച എല്ലാ എസ്.സി., എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല, വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ നടപടി യു.ഡി.എഫ്. സര്‍ക്കാരിന്റെ ദളിത് വിരുദ്ധ മനോഭാവത്തേയാണ് പ്രകടമാക്കുന്നത്. ഒരു കേന്ദ്രസര്‍വ്വകലാശാല ഉള്‍പ്പെടെ 14 സര്‍വ്വകലാശാലകളില്‍ വി.സി., പി.വി.സി. രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ 52 സ്റ്റാറ്റിയൂട്ടറി പോസ്റ്റുകളില്‍ ഒരെണ്ണംപോലും എസ്.സി., എസ്.റ്റി. വിഭാഗത്തിന് ഇല്ലായെന്നത് യാദൃശ്ചികമല്ല. എല്ലാ രംഗത്തും അവഗണനയും തിരസ്‌കരണവും നേരിടുകയാണ് പട്ടികവിഭാഗങ്ങള്‍.

 ശ്രീ.അയ്യന്‍കാളി സ്മാരകസ്‌കൂള്‍

മഹാത്മാ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച വെങ്ങാനൂരിലെ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് മാറിമാറി വരുന്ന എല്‍.ഡി.എഫ്. - യു.ഡി.എഫ്. സര്‍ക്കാരുകളെ സമീപിച്ചെങ്കിലും ഒരു സര്‍ക്കാരും സഹായിക്കാന്‍ തയ്യാറായില്ല. ഇടതുപക്ഷ വിരുദ്ധ നിലപാടു സ്വീകരിച്ച പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്‌കൂള്‍ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ച കാര്യം വിസ്മരിക്കുന്നില്ല. ആ തുകയും പൂര്‍ണ്ണമായും ലഭ്യമാക്കിയിട്ടില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. നവോത്ഥാന നായകനും സമുദായ ഗുരുവുമായ മഹാത്മാ അയ്യന്‍കാളിയുടെ സ്മൃതിമണ്ഡപവും സ്‌കൂളും കോടതിയും ദേശീയപൈതൃകമാക്കാനുള്ള അഭ്യര്‍ത്ഥനകള്‍ കേരളത്തില്‍ തിരസ്‌കരിക്കപ്പെട്ടു. എന്നാല്‍ സ്മൃതിമണ്ഡപവും, കോടതിയും, സ്‌കൂളും ദേശീയ ചരിത്ര സ്മാരകമാക്കാനും ആധുനിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം, ഹോസ്റ്റല്‍, ലൈബ്രറി, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവയോടെ ഉലലാലറ യൂണിവേഴ്‌സിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുംവിധം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ച പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും 40 കോടി 55 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. നാളിതുവരെ ഒരു സര്‍ക്കാരും സഹായിക്കാന്‍ തയ്യാറാകാതിരുന്ന പശ്ചാത്തലത്തില്‍ ശ്രീ. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഈ സഹായം നിസ്സാരമായി കാണുന്നില്ല. മാത്രമല്ല പഞ്ചമി കെട്ടിട സമുച്ചയത്തിനായി സമര്‍പ്പിച്ച പത്തുകോടിയുടെ പ്രോജക്ടും വിവിധ പഞ്ചമി പ്രോജക്ടര്‍ക്കായി സമര്‍പ്പിച്ച 190 കോടിയുടെ പ്രൊപ്പോസലും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനേയോ, ബി.ജെ.പി..യേയോ ശത്രുപക്ഷത്തുനിര്‍ത്താന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കെ.പി.എം.എസ്. ആഗ്രഹിക്കുന്നില്ല. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്ന പൊതുരാഷ്ട്രീയ നിലപാട് ഇവിടെ പ്രസക്തമാണ്.

എന്തുകൊണ്ട് ബി.ഡി.ജെ.എസ്.?

ഭൂമി ലഭ്യമാക്കാനോ, സമ്പത്ത്, സ്ഥാപനങ്ങള്‍, മറ്റിതര വിഭവങ്ങള്‍ എന്നിവയുടെ കേന്ദ്രീകരണത്തെ തടയുന്നതിനോ, ന്യായപൂര്‍വ്വമായ വിതരണം ഉറപ്പാക്കുന്നതിനോ, സാമുദായിക അസന്തുലിതാവസ്ഥ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാനോ യു.ഡി.എഫ്., എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാന്‍ സംഘടിത സമുദായ രാഷ്ട്രീയ ശക്തിയിലൂടെ കെ.പി.എം.എസ്സിനും കഴിഞ്ഞിട്ടില്ല. ഇടതുപക്ഷ വിരുദ്ധ നിലപാടോ, യു.ഡി.എഫ്., എല്‍.ഡി.എഫ്. അനുകൂല നിലപാടോ ഒന്നുംതന്നെ സമുദായത്തിന് ഗുണകരമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. സമുദായ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നതിലൂടെ മാത്രമേ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയൂ എന്ന വിചാരമാണ് കെ.പി.എം.എസ്. നേതൃത്വത്തെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രക്രിയയില്‍ പങ്കാളിയാകാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യ വ്യക്തികളുടെ രാജ്യമല്ലെന്നും സമുദായങ്ങളുടെ രാജ്യമാണെന്നുമുള്ള ഡോ.അംബേദ്കറുടെ നിരീക്ഷണവും സമുദായസമത്വമെന്ന ജനാധിപത്യവീക്ഷണവും ഈ നീക്കത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. എസ്.എന്‍.ഡി.പി.യുമായുള്ള കെ.പി.എം.എസ്സിന്റെ നിരന്തരബന്ധം ഈ ആലോചനകള്‍ക്ക് ആക്കംകൂട്ടി. ശ്രീ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ വിവിധ സമുദായ സംഘടനാ നേതാക്കളുമായി നടത്തിയ അനേകം ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവന്ന തീരുമാനങ്ങളാണ് സമത്വമുന്നേറ്റ യാത്രയിലേക്കും ബി.ഡി.ജെ.എസ്. രൂപീകരണത്തിലേക്കും നയിച്ചത്.

രണ്ടുദിവസം നീണ്ടുനിന്ന കെ.പി.എം.എസ്. സംസ്ഥാന കമ്മറ്റിയില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും സമത്വമുന്നേറ്റ യാത്രയിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലും പങ്കാളിയാകാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളത്തുവിളിച്ചുചേര്‍ത്ത ജില്ലാ യൂണിയന്‍ നേതാക്കള്‍ അടങ്ങിയ സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന കമ്മറ്റി തീരുമാനത്തിന് അംഗീകാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് ശ്രീ. എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ശ്രീ. റ്റി.വി.ബാബു, ഖജാന്‍ജി ശ്രീ. തുറവൂര്‍ സുരേഷ് എന്നിവരെ സമത്വമുന്നേറ്റ യാത്രയില്‍ സ്ഥിരാംഗങ്ങളായി പങ്കെടുക്കാനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ പ്രക്രിയയില്‍ നേതൃത്വപരമായ പങ്കുവഹിക്കാനും ചുമതലപ്പെടുത്തി. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ നിലപാട് തുടരാവുന്നതാണെന്നും വ്യക്തമാക്കപ്പെട്ടു. ബി.ഡി.ജെ.എസ്. എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ താല്പര്യമുള്ള അംഗങ്ങള്‍ക്ക് അംഗത്വം എടുക്കാവുന്നതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാം ഭൂപരിഷ്‌കരണവും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ ന്യായപൂര്‍വ്വമായ വിതരണവും കോണ്‍സ്റ്റിറ്റിയൂഷണല്‍ ഗ്യാരന്റി എന്ന നിലയില്‍ സംവരണ സംരക്ഷണവും പുതിയ പാര്‍ട്ടിയുടെ അജണ്ടയായി മാറണമെന്നും പാര്‍ട്ടിയില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാധിനിധ്യം ഉറപ്പാക്കണമെന്നും കെ.പി.എം.എസ്സിന്റെ ആവശ്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കെ.പി.എം.എസ്സിന്റെ ജനറല്‍ സെക്രട്ടറി ശ്രീ. റ്റി.വി.ബാബുവിനെ ബി.ഡി.ജെ.എസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയാധികാരത്തിന്റെ താക്കോല്‍കൂട്ടം കൈയ്യിലെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സമുദായങ്ങളുടെ സഹകരണത്തോടെ എസ്.എന്‍.ഡി.പി.യുടെ മുഖ്യനേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ മുന്നേറ്റത്തില്‍ പങ്കാളിയാകാനുള്ള കെ.പി.എം.എസ്. തീരുമാനം ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ബി.ഡി.ജെ.എസ്. ദേശീയ ജനാധിപത്യ മുന്നണിയില്‍


ബി.ജെ.പി. നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ മുന്നണിയില്‍ ബി.ഡി.ജെ.എസ്.അംഗമായതോടെ ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന മൂന്നാംബദല്‍ കേരള ത്തില്‍ രൂപപ്പെട്ടുകഴിഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി അധികാരത്തിലേറുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അവസാനിച്ചിരിക്കുന്നു. ബി.ജെ.പി.യും, ബി.ഡി.ജെ.എസ്.ഉം മറ്റു പാര്‍ട്ടികളും ഉള്‍പ്പെട്ട ദേശീയ ജനാധിപത്യ മുന്നണിക്ക് അധികാരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ ചില ആശങ്കകള്‍, സംശയങ്ങള്‍, തെറ്റിദ്ധാരണകള്‍ പരത്തി അനുകൂല സാഹചര്യത്തില്‍ അല്‍പ്പമെങ്കിലും പോറലേല്‍പ്പിക്കാന്‍ കഴിയുമോ എന്ന പരീക്ഷണവും നടന്നുവരുന്നു. സംവരണനയം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സംവരണത്തിനുവേണ്ടി നിലകൊള്ളുന്ന എസ്.എന്‍.ഡി.പി.യും കെ.പി.എം.എസ്സും ബി.ഡി.ജെ.എസ്സിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. മുന്നണിയില്‍ അംഗമാകുന്നത് വഞ്ചനയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. 500 കോടി രൂപാ മുതല്‍ മുടക്കുള്ള ഡല്‍ഹിയിലെ അംബേദ്കര്‍ സമുച്ചയം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സംവരണനയത്തില്‍ യാതൊരു മാറ്റവും വരുത്താതെ തല്‍സ്ഥിതി തുടരുമെന്നും ഡോ.ബി.ആര്‍. അംബേദ്കര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് തുല്യനാണെന്നും പ്രഖ്യാപിച്ചതോടെ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു. ജാതിയും ജാതിവിവേചനവും ആരംഭിച്ച കാലം മുതല്‍ നടന്നുവരുന്ന ദളിത് പീഢനങ്ങളും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ഇന്നും തുടരുകയാണ്. എന്നാല്‍ ചില സമീപകാല പീഢനങ്ങള്‍ ബി.ജെ.പി.ക്കും കേന്ദ്രസര്‍ക്കാരിനും എതിരായ ആയുധമാക്കാനുള്ള ശ്രമങ്ങള്‍ നീതീകരിക്കാനാകില്ല. മാത്രമല്ല, ഇക്കൂട്ടര്‍ കേരളത്തില്‍ നടക്കുന്ന ദളിത് പീഢനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.

മഹാത്മാ അയ്യന്‍കാളിക്കുശേഷം എസ്.സി.- എസ്.റ്റി. പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ആരും തയ്യാറായിട്ടില്ല. എന്തുകൊണ്ടെന്നാല്‍ സംവരണ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാണെന്നതാണ്. പാര്‍ട്ടി വിപ്പിനു വിധേയമായി മാത്രമേ അവര്‍ക്ക് സംസാരിക്കാനാകൂ. മാത്രമല്ല, പാര്‍ട്ടികളുടെ നേതൃത്വം സവര്‍ണ്ണ - ദളിത് വിരുദ്ധ ലോബികളുടെ കൈകളിലുമാണ്. എസ്.സി.- എസ്.റ്റി. വിഭാഗങ്ങളുടെ ദയനീയ ചിത്രം വ്യക്തമാക്കുന്ന കില പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പട്ടികജാതി വിഭാഗം 55 ശതമാനം കോളനി നിവാസികളാണെന്നും ഇവരുടെ ഭൂവുടമസ്ഥത ശരാശരി 5 സെന്റില്‍ താഴെയാണെന്നും ദാരിദ്ര്യ രേഖയ്ക്കുതാഴെ 66 ശതമാനമാണെന്നും കില പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.തുല്യതയും സാമൂഹ്യനീതിയും അപ്രത്യക്ഷമാകുന്ന ഈ പൊതു സമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളീയ സമൂഹം പൊതുവിലും പട്ടികവിഭാഗങ്ങള്‍ പ്രത്യേകിച്ചും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്

മെയ് 16-ാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംസ്ഥാന പ്രസിഡന്റ് എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍ക്കും ജനറല്‍ സെക്രട്ടറി റ്റി.വി.ബാബുവിനും ഖജാന്‍ജി തുറവൂര്‍ സുരേഷിനും ചേര്‍ത്തലയില്‍ കൂടിയ സംസ്ഥാന കമ്മറ്റി യോഗം അനുവാദം നല്‍കി. ശ്രീ. എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ വൈക്കത്തും നാട്ടികയില്‍ ശ്രീ.റ്റി.വി. ബാബുവും കുന്നത്തുനാട്ടില്‍ ശ്രീ.തുറവൂര്‍ സുരേഷും ജനവിധി തേടുകയാണ്. ഈ മൂന്നുനേതാക്കളേയും വിജയിപ്പിക്കേണ്ട പ്രത്യേക ഉത്തരവാദിത്വം ഏറ്റെടുക്കണം. അതോടൊപ്പം ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തി ലേറ്റാനും കഴിയണം. നിയമസഭയ്ക്ക് അകത്തും പുറത്തും എസ്.സി., എസ്.റ്റി വിഷയങ്ങള്‍ ഉന്നയിക്കാനും സാമൂഹ്യ സാമുദായിക നീതിയുടെ രാഷ്ട്രീയം ഉയര്‍ത്താനും പിന്നണി ജനവിഭാഗങ്ങളേയും പിന്നണി പ്രദേശങ്ങളേയും കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന നയം നടപ്പാക്കാനും ലഭിക്കുന്ന ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. വോട്ടുരേഖപ്പെടുത്തിയും സുഹൃത്തുക്കളേയും ബന്ധുക്കളേയും പരമാവധി അനുകൂലമായി ചിന്തിപ്പിച്ചും ഈ ചരിത്രദൗത്യം നാം ഏറ്റെടുക്കണം. ആര്‍ക്കുംവേണ്ടി കാത്തുനില്‍ക്കാതെ, നമ്മുടെ ഭാവി നമുക്കുതന്നെ രൂപപ്പെടുത്താം.


എസ്. രാജപ്പന്‍ 9497665195