"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

പീഡാനുഭവങ്ങളുടെ തീവെളിച്ചം: ദി പിയാനിസ്റ്റ്2002 ലെ വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ പരമോന്നത ബഹുമതിയായ 'പാം ഡി ഓര്‍' (ഗോള്‍ഡന്‍ പാം) പുരസ്‌കാരം നേടിയെടുത്തത് പ്രസിദ്ധ പോളിഷ് സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി രചിച്ച 'ദി പിയാനിസ്റ്റ്' എന്ന സിനിമയാണ്. രണ്ടാലോക മഹായുദ്ധക്കാലത്തെ നാസികള്‍ അധിനിവേശിച്ച പോളണ്ടില്‍ പിയാനോ വായനയിലുള്ള സമാര്‍ത്ഥ്യവുമായി പീഡനകാലത്തെ അതിജീവിച്ച വ്‌ലാഡിസ്ലാവ് സ്പീല്‍മാന്‍ എന്നയാളുടെ ഇതേപേരിലുള്ള ആത്മകഥയെ ആധാരമാക്കിയാണ് ദി പിയാനിസ്റ്റ് രചിച്ചിട്ടുള്ളത്. രണ്ടാലോക മഹായുദ്ധകാലത്തെ സംബന്ധിച്ചുള്ള ക്രൂരരേഖകള്‍ സൂചകങ്ങളായി സ്വീകരിച്ച് നിര്‍മിക്കപ്പെട്ട അനേകം സിനിമകള്‍ വേറെയുണ്ട്. ആ ശൃംഖലയിലേക്ക് ആധുനികകാലത്തിന്റെ ദൃശ്യാവലി ചിഹ്നങ്ങള്‍ പേറുന്ന ഒന്നുകൂടി എന്ന നിലയിലല്ല ഈ സിനിമ ശ്രദ്ധേയമാ കുന്നത്. ഒരു നൂറ്റാണ്ടുകാലത്തെ പിന്‍ചരിതമുള്ള സിനിമാ രൂപകങ്ങള്‍ക്ക് അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി നിലകൊള്ളു ന്നത് ഇപ്പോഴും ക്ലാസിക് രചയിതാക്കളുടെ സൃഷ്ടികള്‍ തന്നെയാണ് എന്നുള്ളതാണ്.

പീഡാനുഭവങ്ങളുടേയും യുദ്ധസംഭവ ക്രൂരതകളുടേയും ശിലൈകരൂപിയായ നിര്‍മിതിയാണ് റൊമാന്‍ പൊളാന്‍സ്‌കി എന്ന ചലച്ചിത്രകാരന്‍. അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും അന്തസാരം ദുരന്തങ്ങളുടെ അനുഭവസഞ്ചികയില്‍ നിന്ന് രൂപാന്തരം കൊള്ളുന്നവയാണ്. സമാന പീഡിതനായ വ്‌ലാഡിസ്ലാവ് സ്പീല്‍മാനേയും റോമാന്‍ പൊളാന്‍സ്‌കിയേയും തമ്മില്‍ വേര്‍തിരിക്കാനാവത്ത വിധം കൂട്ടിപ്പിരിച്ചതാണ് കഥാതന്തു എന്നതിനാല്‍ ദി പിയാനിസ്റ്റ് ഒരേ സമയം ആത്മകഥാപരവും ജീവചരിത്രപരവുമാണെന്നു പറയാം. 

1933 ല്‍ പാരീസിലാണ് പൊളാന്‍സ്‌കി ജനിച്ചത്. മുഴുവന്‍ പേര് റെയ്മണ്ട് പൊളാന്‍സ്‌കി. അച്ഛന്‍ ജൂതനും അമ്മ അര്‍ദ്ധജൂതയു മായിരുന്നു. നന്നേ ചെറുപ്പത്തില്‍ അച്ഛന്റെ നാടായ പോളണ്ടിലെ കാര്‍കോവ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അച്ഛന്‍ പ്ലാസ്റ്റിക് ബിസിനസു കാരനായിരുന്നുവെങ്കിലും സാമ്പത്തികനില അത്ര ഭദ്രമായിരുന്നില്ല. നാസികളുണ്ടാക്കിയ യുദ്ധത്തിന്റെ ഭയകലുഷിത കാലാവസ്ഥയില്‍ ജീവിച്ചു പോവുക പ്രയാസം. പൊളാന്‍സ്‌കി യും കുടുംബവും താമസിച്ചിരുന്ന കാര്‍ക്കോവിലെ വസതി മതിലുകെട്ടി വേര്‍തിരിക്കപ്പെട്ടു. അപ്പോള്‍ മാത്രമാണ് താനൊരു ജൂതനാണെന്ന് പൊളാന്‍സ്‌കി തിരിച്ചറിയുന്നത്. അതിനിടെ മാതാപിതാക്കളെ നാസി ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടു പോയി. അമ്മ പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. 1969 ല്‍ എട്ടുമാസം ഗര്‍ഭിണിയായിരിക്കെ ഭാര്യയും നടിയുമായ കാതറീന്‍ കെയ്റ്റ് ഭീകരപ്രവര്‍ത്തകരായ ചാള്‍സ് മാന്‍സന്‍ പ്രസ്ഥാനക്കാരാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. അതിനുഷേശമെടുത്തതാണ് ഷേക്‌സ്പീരിയന്‍ ട്രാജഡിയായ 'മാക്‌ബെത്ത്'. ആ സിനിമ അതിലെ നിഷ്ഠൂര ദൃശ്യതകൊണ്ട് കുപ്രസിദ്ധമായത് ഈ ദാരുണസംഭവത്തോടുള്ള പ്രതികാര നിര്‍വഹണതത്തിന്റെ ഫലമാണെന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു. പൊളാന്‍സ്‌കി അത് നിഷേധിച്ചിട്ടുണ്ട്. 1977 ല്‍ ലോസാഞ്ചലസില്‍ വെച്ച് ബസാത്സംഗക്കുറ്റം ആരോപിച്ച് പൊളാന്‍സ്‌കി പിടിക്ക പ്പെട്ടു. 42 ദിവസം ജയിലിനുള്ളില്‍ മനോരോഗ നിരീക്ഷണത്തിന് വിധേയനായക്കപ്പെട്ട ശേഷം പൊളാന്‍സ്‌കി അമേരിക്കയില്‍ നിന്ന് പലായനം ചെയ്തു.

ഒരു യുദ്ധ പീഡിതന്റെ അനുഭവതീവ്രത ചായംപകര്‍ന്ന ഛായകള്‍ ചേര്‍ന്ന് എങ്ങനെ ചരിത്രവസ്തുതകളുടെ പുനരവ തരണം നിര്‍വഹിക്കുന്നു എന്നതിന് ഉദാഹരണങ്ങളായ പൊളാന്‍സ്‌കിയുടെ രചനകള്‍ കാഴ്ചക്കാരനെ യുദ്ധാത്മാക്കളുടെ അപമാനവകരങ്ങളായ എല്ലാത്തരം പ്രതിക്രമ പദ്ധതികള്‍ക്കു മെതിരേ മാനവവാദികളുടെ പക്ഷത്ത് അണിചേര്‍ക്കും. അതുകൊണ്ടാണ് ആസ്‌ത്രേലിയക്കാരനായ ചലച്ചിത്ര നിരൂപകന്‍ അഡ്രിയന്‍ മാര്‍ട്ടിന്‍ പൊളാന്‍സ്‌കിയെ ലോകസിനിമയുടെ പൗരപ്രമുഖനായി വിശേഷിപ്പിക്കുന്നത്. വിവിധരാജ്യങ്ങളിലും ഭാഷകളിലുമായി വ്യതിരിക്ത മാനങ്ങളിലുള്ള ശൈലിയിലും ഘടനയിലും കലാകാരനും കഥാകാരനും വിനോദോപാധി നിര്‍മാതാവും സര്‍വോപരി നടനുമായി അരങ്ങുകളിലെ ലോകോത്തര സ്ഥാനങ്ങള്‍ അടക്കിവാണുകൊണ്ട് സങ്കുചിതതയുടെ ദേശ - കാല അതിര്‍ത്തികള്‍ മായ്ച്ചുകളയാന്‍ പര്യാപ്തമായ ശക്തിസാന്ദ്രമായ പ്രതിഭക്കുടമയാണ് അദ്ദേഹം. ആന്ദ്രെ വൈദ, ഴാങ് ലൂ ഗോദാര്‍ദ് തുടങ്ങിയവരുമായി സഹവര്‍ത്തിക്കുകയും ജാക്ക് നിക്കോള്‍സന്‍, ഹാരിസന്‍ ഫോര്‍ഡ്, ബെന്‍ കിങ്സ്ലി തുടങ്ങിയവരെയൊക്കെ സഹകരിപ്പിച്ചുകൊണ്ട് പോളണ്ടില്‍ നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സിനിമാ ലോകത്തെ വ്യാപിപ്പിച്ച റൊമാന്‍ പൊളാന്‍സ്‌കിയെ സംബന്ധിച്ച അതിശയോക്തിയല്ല അഡ്രിയന്‍ മാര്‍ട്ടിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്.

നാസിപീഡിതനായ പൊളാന്‍സ്‌കിയുടെ സര്‍ഗയാത്രയിലെ അനിവാര്യതയായാണ് സമാനപീഡിതനായ വ്‌ലാഡിസ്ലാവ് സ്പീല്‍മാന്റെ ആത്മകഥ ചലച്ചിത്ര തലത്തില്‍ പുനരാഖ്യാനം നടത്തുന്നതിനുള്ള നിയോഗം ഏറ്റെടുക്കേണ്ടി വന്നത്. ഇതേപ്പറ്റി അദ്ദേഹം പിന്നീട് പറഞ്ഞു; 'എനിക്കെപ്പോഴുമറിയാമായിരുന്നു, പോളിഷ് ചരിത്രത്തിലെ ഈ നീറുന്ന അധ്യായം ഞാന്‍ സാക്ഷാത്കരിക്കുമെന്ന്. എന്നാല്‍ അതൊരു വ്യക്തിഗാഥാനു ചിത്രണമായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല.'

ഈ ദുരന്തസ്മൃതിയുടെ യുദ്ധഛായകള്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗി ന്റെ 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്'ല്‍ പകര്‍ന്നു പറ്റിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ സിനിമയാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നിരന്തരം പൊളാന്‍സ്‌കിയുമായി ബന്ധപ്പെട്ടുവെങ്കിലും അസൗകര്യം മാനിച്ച് സ്പീല്‍ബെര്‍ഗ്തന്നെ അതിന്റെ നിര്‍മാണം നിര്‍വഹിക്കുകയായിരുന്നു.

1946 ല്‍ യുദ്ധം അവസാനിച്ച കാലത്താണ് സ്പീല്‍മാന്റെ ആത്മകഥ പോളിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ചരിത്രപരവും മാനവികവുമായ മൂല്യങ്ങളുടെ അടിസ്ഥാന രേഖയായ അതിജീവനത്തിന്റെ ഈ ആത്മകഥാഖ്യാനം പക്ഷെ, അഗാധ വിസ്മൃതിയില്‍ ആണ്ടുപോവുകയാണുണ്ടായത്. 2000 ല്‍ ഇംഗ്ലീഷില്‍ അതിന്റെ പരിഭാഷ ഇറങ്ങിയപ്പോള്‍ അത്ഭുത കരമായ വിസ്തൃതിയില്‍ വിപണി കയ്യടക്കിക്കൊണ്ട് 'ബെസ്റ്റ് സെല്ലര്‍' സരണിയിലേക്ക് ഉയരുകയാണുണ്ടായത്. തന്റെ ഓര്‍മക്കുറിപ്പുകളില്‍ സ്പീല്‍മാന്‍, ഒരു പുരുഷായുസ്സുകൊണ്ട് മറ്റുള്ളവര്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതലായി ആറുവര്‍ഷത്തെ യുദ്ധ കലുഷിതമായ കാലാവസ്ഥയില്‍ കഠിനമായ ത്യാഗങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് അതിജീവനത്തിന്റെ ഉദാത്ത മണ്ഡലം സൃഷ്ടിക്കപ്പെട്ടതെങ്ങനെ എന്ന് വിശദീകരിക്കുന്നു.

ആദ്യം പ്രസിദ്ധീകരിക്കുന്ന കാലത്ത് ഈ കൃതിയുടെ വിതരണം സ്റ്റാലിന്‍ ഭയഭരിത പോളണ്ടില്‍ നിരോധിക്കുകയായിരുന്നു. നാസി അധിനിവേശത്തിന്റെ ക്രൂരഫലം അനുഭവിച്ചിരുന്നത് മുഖ്യമായും റഷ്യന്‍, പോളിഷ്, ഉക്രേനിയന്‍, ലാത്വിയന്‍ വംശജരും ജൂതരു മായിരുന്നൂതാനും. സ്പീല്‍മാന്‍ ഓര്‍ക്കുന്നതിന്‍ പ്രകാരം ജൂതരില്‍ പോലും നല്ലവരും ചീത്തവരുമുണ്ട്. 99 ശതമാനം ക്രൂരന്മാരായ ജര്‍മന്‍കാരുടെ ഇടയില്‍ ഒരു ശതമാനം മനുഷ്യരുണ്ടാകും. ചില ദൃഷ്ടാന്തങ്ങളിലൂടെ സ്പീല്‍മാന്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. തന്നെ ഒളിപ്പിച്ചു കാത്തുകൊണ്ട് ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ (Wilm Hosenfold) അല്പം കരുണ കാണിക്കുകയുണ്ടായി. (സോള്‍ട്ടാന്‍ ഫേബ്രി 'ടു ഹാഫ് ടൈം ഇന്‍ ഹെല്‍' എന്ന സിനിമയില്‍ ഇതുപോലെ മനുഷ്യനായ ഒരു നാസി ഓഫീസറെ അവതരിപ്പി ക്കുന്നുണ്ട്.) ഈ കുറ്റം ജര്‍മന്‍ മേധാവികള്‍ അറിഞ്ഞപ്പോള്‍ ആ പട്ടാളക്കാരനെ കൊല്ലുന്നതിനു പകരമായി ക്യാമ്പില്‍ കഞ്ഞി വിളമ്പുന്ന ജോലിചെയ്യാന്‍ വിധിച്ചുകൊണ്ട് അയാളെ ഇകഴ്ത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഈ പട്ടാളക്കാരന്‍ പിന്നീട് സോവിയറ്റ് സൈനികരാല്‍ പിടിക്കപ്പെട്ടപ്പോള്‍ താനൊരു ജൂതനെ രക്ഷിച്ചവനാണെന്ന് തുറന്നു പറഞ്ഞു. സോവിയറ്റ് പട്ടാളം അതേ കുറ്റത്തിന് അയാളെ വെടിവെച്ചുകൊല്ലുകയാണുണ്ടായത്! ജൂതരോടുള്ള സമീപനത്തില്‍ നാഷനല്‍ സോഷ്യലിസ്റ്റുകളും (നാസി) സോവിയറ്റ് സോഷ്യലിസ്റ്റു കളും പരസ്പരം പോരടിക്കുമ്പോള്‍ പോലും ഒരേ മനോഭാ വക്കാരായിരുന്നു. 

അധിനിവേശത്തിനു മുമ്പ് പോളണ്ടിലെ ഭേദപ്പെട്ടൊരു കഫേയില്‍ പിയാനോ വായിച്ചുകൊണ്ടിരുന്ന സ്പീല്‍മാന്‍ അലക്കുകാര ന്റേയും അഴുക്കു നീക്കുന്നവന്റേയും കള്ളക്കടത്തു കാരന്റേയു മൊക്കെ പ്രവൃത്തികളിലേക്ക് അധക്കരിക്കപ്പെട്ടു. ഓരോ അണുവിലൂടെയും അനുനിമിഷം അതിക്രമിച്ചുകയറി മനോഹത്യ യിലൂടെ ഉന്മൂലനം നടത്തുക എന്നതായിരുന്നു ജര്‍മന്‍ അധിനിവേശത്തിന്റെ പ്രഥമ തന്ത്രം. തട്ടിക്കൂട്ടിയുണ്ടാക്കിയ ചേരിത്തടത്തിലേക്ക് ജൂതന്മാരെല്ലാവരും പ്രത്യേകം മതിലുകെട്ടി വേര്‍തിരിക്കപ്പെട്ടു. ആ ചേരിത്തടത്തേക്കാള്‍ ഭേദം ജയിലായിരു ന്നുവെന്നാണ് സ്പീല്‍മാന്‍ ഓര്‍മിക്കുന്നത്. കാരണം തടവറയില്‍ ആ ഇത്തിരിസ്ഥലത്തെ സ്വാതന്ത്ര്യമെങ്കിലും ലഭിക്കുമായിരുന്നു. ആ ചേരിത്തടത്തില്‍ രണ്ടു രാത്രികള്‍ ഒരു കുടുസുമുറിയില്‍ പത്തുപേരോടൊപ്പം കഴിയേണ്ടി വന്നു. ബാലസഹജമായ കൗതുകം വിട്ടുമാറാത്ത ഒരു കുരുന്നിനെ തൊപ്പിയെടുത്തുമാറ്റി തന്നെ ബഹുമാനിച്ചില്ല എന്ന കുറ്റത്തിന് നാസി പട്ടാളക്കാരന്‍ വെടിവെച്ചു കൊന്നു! കയ്യും കാലും തളര്‍ന്ന് കസേരാവലംബി യായ ഒരു ജൂതനെ 'ചാടിയെഴുന്നേറ്റ്' ബഹുമാനിച്ചില്ലെന്ന കുറ്റത്തിന് നാസി പട്ടാളക്കാരന്‍ കസേരയോടെ പൊക്കിയെടുത്ത് ജനലിലൂടെ താഴേക്കിട്ട് കൊന്നു....!

ബന്ധങ്ങള്‍ വിഛേദിക്കുന്നതിലൂടെ ജൂതരെ കര്‍തൃരഹിതരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന 'പുനരധിവാസം' എന്ന പ്രക്രിയയായിരുന്നു ഉന്മൂലന തന്ത്രത്തില്‍ നാസികള്‍ നടപ്പാക്കിയ അടുത്ത പരിപാടി. വൃദ്ധമാതാപിതാക്കളില്‍ നിന്ന് മക്കള്‍, സഹോദരനില്‍ നിന്ന് സഹോദരി - വേര്‍പെട്ട ബന്ധങ്ങള്‍ നിരവധിയാണ്. യാത്രചോദിച്ചു പോകുന്ന അച്ഛനെ നോക്കി വാവിട്ടു കരയുന്ന ഒരു കുട്ടി ജര്‍മന്‍ പട്ടാള ഓഫീസര്‍ക്കു നേരേ രണ്ടു കയ്യും നീട്ടി യാചിച്ചു, അചഛന്റെ കൂടെ അയക്കണേ..... ജര്‍മന്‍ ഓഫീസര്‍ അലറിച്ചാടി 'എന്തു നരകമാ നിനക്കു വേണ്ടത്... നിന്റെ കാര്യം നോക്കെടാ നായേ...' അങ്ങനെ സ്മരണയുടെ ക്യാന്‍വാസില്‍ അനുഭവങ്ങളുടെ തീവെട്ടത്തില്‍ സ്പീല്‍മാന്‍ രചിക്കുന്ന ഭീതിയുടെ ചിത്രത്തിലെ വാങ്മയരൂ പങ്ങള്‍ നാസി കൊടുംക്രൂരതയുടെ ചരിത്രരേഖകളായി മാറുന്നു. 

2000 ജൂലൈ 6 നാണ് സ്പീല്‍മാന്‍ അന്തരിച്ചത് - തന്റെ ആത്മകഥ ഇംഗ്ലീഷില്‍ ഇറങ്ങുന്ന കാലത്ത്. ആള്‍ മരിച്ച് രണ്ടുവര്‍ഷത്തിനു ശേഷം ചലച്ചിത്രമാക്കപ്പെടുന്ന ആത്മകഥ എന്ന ബഹുമതിവചനത്തിലൂടെ ഈ സിനിമ നിരീക്ഷിക്കപ്പെടാന്‍ പാടില്ലാത്തതാണ്. സ്പീല്‍മാന്റെ അനുഭവങ്ങള്‍ സന്ദേശവത്കരി ക്കുന്നത് അതിഭാവുകത്വത്തേയല്ല അതിജീവനത്തെയാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച അഡ്രിയന്‍ ബ്രോഡി എന്ന നടനാണ് വ്‌ലാഡിസ്ലാവ് സ്പീല്‍മാനെ നിരശീലയില്‍ പുനരുജ്ജീ വിപ്പിക്കുന്നത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ പാത്രാവതരണകല യുടെ അസാധാരണസിദ്ധി സ്വായത്തമാക്കിയിരുന്ന അഡ്രിയന്‍ ബ്രോഡിയെ തിരിച്ചറിഞ്ഞവരില്‍ പ്രമുഖന്‍ സാക്ഷാല്‍ അല്‍ പാഷിനോവാണ്. നടനകലയിലും രംഗകലയിലും ടി വി പ്രോഗ്രാമുകളിലൂടെയുമൊക്കെ ശ്രദ്ധേയനായ അഡ്രിയന്‍ ബ്രോഡിയെ പൊളാന്‍സ്‌കി കണ്ടെത്തുന്നത് പരസ്യ പ്രസാധനത്തി ലൂടെയാണ്. പിയാനിസ്റ്റിന്റെ കയ്യെഴുത്തു പ്രതിയിലൂടെ താന്‍ വിഭാവനം ചെയ്തതു പ്രകാരം സ്പീല്‍മാന്റെ സ്വത്വത്തിലേക്ക് ഊളിയിട്ടു മറയാന്‍ കഴിവുള്ള ഒരാളെയാണ് ഇതിനായി കണ്ടെത്തേണ്ടിയിരുന്നത്. ഇംഗ്ലീഷിലാണ് ഈ സിനിമ നിര്‍മിക്കാനു ദ്ദേശിക്കുന്നത് എന്നതിനാല്‍ ആ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന ഒരാളെ വേണം താനും. ഇംഗ്ലണ്ടില്‍ ഇത്തരമൊരാളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്വേഷണം അമേരിക്കയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. '25 നും 35 നും ഇടക്ക് പ്രായമുള്ള ഇരുണ്ട നിറവും കൃശഗാത്രനുമായ ഒരാളെ സിനിമയിലേക്ക് ആവശ്യമുണ്ട്. അഭിനയകലയില്‍ മുന്‍പരിചയം ആവശ്യമില്ല. എന്നാല്‍ അതിന്റെ മൂല്യബോധം വേണ്ടുപോലെ ഉള്ളവനും ആകര്‍ഷണീയ വ്യക്തിത്വം പുലര്‍ത്തുന്നവനു മായിരിക്കണം' എന്ന പരസ്യവാചകം വായിച്ചാണ് ആയിരക്കണ ക്കായ മറ്റുള്ളവരോടൊപ്പം അഡ്രിയന്‍ ബ്രോഡിയും അപേക്ഷി ക്കുന്നത്. 'അഡ്രിയന്റെ ഏതാനും ചില ഫിലിമുകള്‍ കണ്ടെപ്പോള്‍ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ അയാള്‍ പിയാനിസ്റ്റായി' - പൊളാന്‍സ്‌കി എഴുതി.

ബെര്‍ലിനിലെ ബാബെന്‍സ് ബെര്‍ഗ് സ്റ്റുഡിയോവില്‍ വെച്ചാണ് പിയാനിസ്റ്റിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. അല്പം ചില ഭാഗങ്ങള്‍ പോളണ്ടില്‍ വെച്ചും.

കാനില്‍ പ്രദര്‍ശിപ്പിക്കുന്ന പൊളാന്‍ സ്‌കിയുടെ നാലാമതി സിനിമയാണ് 'ദി പിയാനിസ്റ്റ്'. 1999 ല്‍ അവിടെ ജൂറി ചെയര്‍മാ നായിരുന്നു. 1968 ല്‍ ജൂറി അംഗവും. 1981 ല്‍ ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാനായി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.