"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഭഗവാന്‍ ദാസ് : തികഞ്ഞ അംബേഡ്കറൈറ്റും ബുദ്ധോപാസകനും


ഹിമാചല്‍ പ്രദേശിലെ സിംലയില്‍ ജുട്ടോ കന്റോണ്‍മെന്റില്‍ 1927 എപ്രില്‍ 23 നാണ് ഭഗവാന്‍ ദാസ് ജനിച്ചത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ എം എ നേടിയതിനു ശേഷം ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍ബി പാസായി. 'ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്ഡ്യനൈസേഷന്‍ 1840 - 1915 കാലഘട്ടത്തില്‍' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ ഭഗവാന്‍ ദാസ് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തു. യുദ്ധാനന്തരം ഷാരണ്‍പൂരിലും സിംലയിലും ഡെല്‍ഹിയിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സേവനമനുഷ്ഠിച്ചു.

പത്രപാരായണത്തില്‍ അതീവ തത്പരനായിരുന്ന അച്ഛന്‍ രാം ദിത്ത ഡോ. അംബേഡ്കറില്‍ വെച്ചു പുലര്‍ത്തിയിരുന്ന അകമഴിഞ്ഞ മതിപ്പില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ് ഭഗവാന്‍ ദാസിന് ആവിഷയത്തിലുള്ള പ്രചോദനം. സിംല കുന്നിന്‍ പ്രദേശങ്ങളില്‍ ദലിത് വിമോചന പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ടി ആര്‍ ബൈദ്വാനോട് കൂടെ ചേര്‍ന്ന് ഭഗവാന്‍ ദാസ് തന്റെ കുട്ടിക്കാലത്തു തന്നെ ദലിത് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. 16 വയസുള്ളപ്പോള്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ (SCF) ചേര്‍ന്നു. അന്നു തൊട്ട് മരണം വരെ അംബേഡ്കര്‍ സന്ദേശങ്ങള്‍, ഇന്ത്യയിലെയെന്നല്ല മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഭഗവാന്‍ ദാസ് ബദ്ധശ്രദ്ധനായിരുന്നു.

നിരവധിയായ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഭഗവാന്‍ ദാസ് തന്റെ ദലിത് വിമോചന രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ചത്. ന്യൂ ഡെല്‍ഹിയിലെ ബൗദ്ധ് ഉപാസക് സംഘിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ സുപ്രീം കോടതിയിലെ യുനൈറ്റഡ് ലോയേഴ്‌സ് അസോസിയേഷന്റേയും സെക്രട്ടറിയായിരുന്നു. അതോടൊപ്പം ഇന്ത്യാ ബുദ്ധിസ്റ്റ് കൗണ്‍സിലിന്റെ റീജിയനല്‍ (നോര്‍ത്ത്) സെക്രട്ടറിയുമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ശാഖോപശാഖകളുള്ള അംബേഡ്കര്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപക അധ്യക്ഷനും ഭഗവാന്‍ ദാസായിരുന്നു. 1926 - 27 ല്‍ ഡോ. അംബേഡ്കര്‍ സ്ഥാപിച്ച 'സാമന്ത് സൈനിക് ദള്‍' ന്റെ (Vounteers for Equality) രക്ഷാധികാരിത്വവും ഭഗവാന്‍ ദാസ് നിര്‍വഹിച്ചിരുന്നു. ആയിടെ തന്നെ പുകവലിക്കാത്തവരുടെ കൂട്ടായ്മ രപീകരിക്കുകയും അതിന്റെ രക്ഷാധികാരിയായി വര്‍ത്തിക്കുകയും ചെയ്തു.

ബുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സൊസൈറ്റി രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് പ്രസിദ്ധീകരണമായ 'സാമന്ത സൈനിക് സന്ദേശ് (ഇംഗ്ലിഷ്)' ന്റെ പത്രാധിപരുടെ ചുമതല നിര്‍വഹിക്കുകയും ചെയ്തു. 1980 - 1990 കാലഘട്ടത്തില്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഹിന്ദിയിലും ഉറുദുവിലുമായി പുറത്തിറക്കിയിരുന്ന 'ഭീം പത്രിക' എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യ ചുമതലയും ഭഗവാന്‍ ദാസാണ് നിര്‍വഹിച്ചിരുന്നത്.

ഭഗവാന്‍ ദാസിന്റെ മാതൃഭാഷ ഉറുദുവാണ്. ഏഴാം ക്ലാസ് മുതല്‍ക്കാണ് ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അതിവേഗം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ ഭഗവാന്‍ ദാസ് സമര്‍ത്ഥനായി. ഈ കഴിവ് പരിഗണിച്ച് ആളുകള്‍ ഭഗവാന്‍ ദാസിനെ 'കറുത്ത ഇംഗ്ലീഷുകാരന്‍' എന്ന് വിശേഷിപ്പിക്കുമായിരുന്നു. പേര്‍ഷ്യയിലെ ആദിബ് ഫസല്‍ എന്നും അറിയപ്പെട്ടു. ഹിന്ദിയിലും പഞ്ചാബിയിലും എഴുതുവാനും സംസാരിക്കുവാനുമുള്ള കഴിവ് വളരെ ചെറു പ്രായത്തിലേ തന്നെ ഭഗവാന്‍ദാസ് സ്വായത്തമാക്കി. എന്നാല്‍ അംബേഡ്കറെപ്പോലെ, സ്‌കൂളില്‍ ഹിന്ദിയല്ല പഠിച്ചത്: പേര്‍ഷ്യനായിരുന്നു. ആയിടക്കുതന്നെ അംബൈഡ്കറിസത്തിലും ബുദ്ധിസത്തിലും ഹിന്ദു ജാതീയതയിലും മതങ്ങളിലും തുടങ്ങി മറ്റ് വിവിധ വിഷയങ്ങളിലുമുള്ള ഭഗവാന്‍ ദാസിന്റെ മികവുകണ്ട് 'ചലിക്കുന്ന സര്‍വവിജ്ഞാന കോശ' മായി ഏവരാലും പുകഴ്ത്തപ്പെട്ടു. ഭഗവാന്‍ ദാസിന്റെ മാതൃകാപരമായ ലാളിത്യം തിരിച്ചറിഞ്ഞ ഭദന്ത് ആനന്ദ് കൗസല്യായന്‍ 'വിനയാന്വിതനായവന്‍' എന്നു കൂടി വിശേഷിപ്പിച്ചു.

1957 ഫെബ്രുവരി 9 ന് ലക്‌നൗ സ്വദേശിയായ രമാബായിയെ ഭഗവാന്‍ ദാസ് വിവാഹം ചെയ്തു. രണ്ടു മക്കള്‍ പിറന്നു. സോയയും ഷുരയുമാണ് ആ രണ്ട് മക്കള്‍ 1957 ല്‍ത്തന്നെ ഭഗവാന്‍ദാസ് ബുദ്ധമതം സ്വീകരിച്ചു. അംബേഡ്കറൈറ്റ് പ്രസ്ഥാനത്തോടുള്ള അഗാധമായ പ്രതിപത്തി പരിഗണിച്ച് ഭഗവാന്‍ ദാസ് ഒരു യഥാര്‍ത്ഥ അംബേഡ്കറൈറ്റ് എന്നും വിശേഷിപ്പിക്കപ്പെടുന്നു.


1942 ല്‍ അംബേഡ്കറുമായി സ്ഥാപിച്ച സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു. 1956 ഔക്ടോബര്‍ 14 ന് ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ ബുദ്ധമതം സ്വീകരിക്കുന്ന കാലത്തുതന്നെ ഭഗവാന്‍ ദാസും ആ തീരുമാനത്തെ പിന്തുടര്‍ന്നുകൊണ്ടാണ് ബുദ്ധിസ്റ്റായി മാറുന്നത്. ഭഗവാന്‍ ദാസിന്റെ ആത്മകഥ 'In The Pursuit Of Ambedkar' എന്ന് ഇംഗ്ലീഷിലും 'Baba ke Charnon me' എന്ന് ഹിന്ദിയിലും അറിയപ്പെടുന്നു. ഈ ആത്മകഥയെ ഉപജീവിച്ച് നവയാനയുടെ എസ് ആനന്ദ് ഒരു ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്.

സൗത്ത് ഈസ്റ്റ് ഏഷ്യാ കമാന്റിന്റെ കീഴില്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ (RAF) കിഴക്കന്‍ മുന്നണിയില്‍ സേവനമനുഷ്ഠിച്ച രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലഘട്ടം വരെ ഭഗവാന്‍ ദാസ് 'സമാധാന പ്രസ്ഥാന'ത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ റിലീജിയന്‍ ആന്റ് പീസ് (WCRP) ന്റെ സ്ഥാപകരില്‍ ഒരാളും ഭഗവാന്‍ ദാസായിരുന്നു. ആ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി, ക്യോത്തോ, ജപ്പാന്‍ (1970), പ്രിന്‍സിറ്റണ്‍, യുഎസ്എ (1979) സോള്‍, കൊറിയ (1986) നെയ്‌റോബി, കെന്യ (1984) മെല്‍ബണ്‍, ആസ്‌ത്രേലിയ (1989) എന്നിവിടങ്ങലില്‍ നടന്ന കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തു. തുടര്‍ന്ന് 1980 ല്‍ ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുബോധമുയര്‍ത്തുന്നതിനായി ക്യാമ്പുകളും വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിച്ചുകൊണ്ട് 2004 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

ജപ്പാനിലെ ദലിത് വിഭാഗമായ 'ബുറാക്കുമിന്‍' ജനത നേരിടുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനായി 1980 ടോക്യോ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സെമിനാറിലേക്ക് മുഖ്യ പ്രഭാഷകനായി ഭഗവാന്‍ ദാസ് ക്ഷണിക്കപ്പെട്ടു. 1983 ആഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സബ്കമ്മിറ്റിയുടെ മുമ്പാകെ ഏഷ്യന്‍ രാജ്യങ്ങളിലെ തൊട്ടുകൂടാത്തവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഭഗവാന്‍ ദാസിന് കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ക്കായി ഭഗവാന്‍ ദാസ് 1975, 83, 90, 91 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. 1990 ല്‍ യു കെ യിലെ ഹള്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അംബേഡ്കര്‍ ജന്മശദാബ്ധി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറിലും ഭഗവാന്‍ ദാസ് പ്രബന്ധമവതരിപ്പിച്ചു. അതേത്തുടര്‍ന്ന് 1991 ഫെബ്രുവരിയില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഏഷ്യ ആന്റ് ഓറിയന്റല്‍ സ്റ്റഡീസ് സംഘടിപ്പിച്ച മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചു.

1970 ല്‍ ഔറംഗാബാദിലെ മിലിന്ദ് മഹാവിദ്യാലത്തിലേക്കും 1983 ല്‍ മറാത്ത്വാല യൂണിവേഴ്‌സിറ്റിയിലേക്കും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലേക്കും, PSW കോളേജിലേക്കും, 1990 ല്‍ നാഗ്പൂരിലെ അംബേഡ്കര്‍ കോളേജിലേക്കും, ചന്ദര്‍പൂരിലേയും അമരാവതിയിലേയും യൂണിവേഴ്‌സിറ്റികളിലേക്കും ഡോ. അംബേഡ്കര്‍ സ്മാരക പ്രഭാഷണം നടത്തുന്നതിനായി ഭഗവാന്‍ദാസ് ക്ഷണിക്കപ്പെട്ടു.

സമൂഹത്തിലെ പാര്‍ശ്വവത്കൃതരും നിരാലംബരുമായ ജനങ്ങളുടേയും സ്ത്രീകളും കുട്ടികളും നേരിടുന്ന വിവേചനങ്ങളെ കുറിച്ചു പഠിക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി ഭഗവാന്‍ ദാസ് 1980 ലും 90 ലും നേപ്പാളും 1989 ല്‍ പാകിസ്ഥാനും 1988 ല്‍ തായ്‌ലന്റും 1989 ല്‍ സിംഗപ്പൂരും 1979 ല്‍ കാനഡയും സന്ദര്‍ശിക്കുകയുണ്ടായി. 1979 ല്‍ യുഎസ്എയിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയിലും നോര്‍ത്ത് - ഫീല്‍ഡ് കോളേജിലും സമകാലിക ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി. 1990 ല്‍ മോസ്‌കോവിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലും ഡോ. അംബേഡ്കറെ കുറിച്ചുള്ള പ്രഭാഷണം നടത്തി.

സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്ത 1989 ല്‍ അസ്പൃശ്യരും ദേശികരുമായ അഭിഭാഷകര്‍ക്കു വേണ്ടി 'അംബേഡ്കര്‍ മിഷന്‍ ലോയേഴ്‌സ് അസ്സോസ്സിയേഷന്‍ ആന്റ് ലീഗല്‍ എയ്ഡ് സൊസൈറ്റി' എന്ന ഒരു സംഘം ഭഗവാന്‍ ദാസിനാല്‍ സാഥാപിതമായി. അക്കാലത്തുതന്നെ ഡെല്‍ഹിയില്‍ സ്ഥാപിതമായിരുന്ന 'പ്രൊഫഷന്‍സ് ഫോര്‍ പീപ്പിള്‍' എന്ന സംഘടയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഭഗവാന്‍ ദാസ്. എട്ടാം പദ്ധതിയില്‍ പട്ടികജാതി / വര്‍ഗങ്ങളുടെ ക്ഷേമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയിലും ഭഗവാന്‍ ദാസ് അംഗമായിരുന്നിട്ടുണ്ട്. അംബേഡ്കര്‍ ജന്മദിനാഘോഷ കമ്മിറ്റിയിലും ഭഗവാന്‍ ദാസ് അംഗമായിരുന്നു. 'ദലിത് സോളിഡാരിറ്റി പീപ്പിള്‍' ന്റെ സ്ഥാപക അധ്യക്ഷനും ഭഗവാന്‍ ദാസായിരുന്നു. ഹിന്ദു - ക്രിസ്ത്യന്‍ - സിഖ് - മുസ്ലീം മതവിശാവാസികളായ ദലിതുകളുടേയും ജപ്പാനിലേയും കൊറിയയിലേയും ബരാക്കുമിന്‍ ജനതയുടേയും ആഗോള തലത്തിലുള്ള ഐക്യമാണ് സംഘടന ലക്ഷ്യമിട്ടിരുന്നത്. കാറല്‍ മാര്‍കിസിന്റെ വിഖ്യാത മുദ്രാവാക്യം പോലെ 'സര്‍വരാജ്യ ദലിതുകളെ സംഘടിക്കുവിന്‍' എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം.

1989 ല്‍ അകോലയില്‍ സംഘടിപ്പിച്ച ദലിത് / ബുദ്ധിസ്റ്റുകളുടെ സമ്മേളനത്തില്‍ അധ്യക്ഷ പദവിയിലേക്ക് ഭഗവാന്‍ ദാസ് ക്ഷണിക്കപ്പെട്ടു. ദലിത് എഴുത്തുകാരുമായുള്ള നല്ല ബന്ധം തുടര്‍ന്നു പോന്നു.

വിവിധ പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചതും സെമിനാറുകളില്‍ അവതരിപ്പിച്ചിട്ടുള്ളതു മൊക്കെയായി അഞ്ഞൂറിലേറെ ലേഖങ്ങള്‍ ഭഗവാന്‍ ദാസിന്റേതായുണ്ട്. ന്യൂഡെല്‍ഹിയിലേയും ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ബുദ്ധിസ്റ്റ് വകുപ്പിന്റേയും കീഴിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച, 'ബുദ്ധിസത്തിന്റെ തിരിച്ചു പിടിക്കല്‍', 'ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍', 'പൊതു സേവന മേഖലയിലെ സംവരണം' തുടങ്ങിയ പ്രബന്ധങ്ങള്‍ അവയില്‍ പ്രമുഖങ്ങളാണ്. 'സംവരണവും ഉദ്യോഗങ്ങളിലുള്ള പ്രതിനിധാനവും', 'ദലിതുകളോടും ന്യൂനപക്ഷങ്ങളോടുമുള്ള പൊതുസേവനരംഗത്തെ വിവേചനങ്ങള്‍' എന്നീ പ്രബന്ധങ്ങളും ശ്രദ്ധേയങ്ങളാണ്.

ഭഗവാന്‍ ദാസിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാ സമാഹാരങ്ങള്‍ സരിത (ഉറുദു), നയാ സമ്മാന (ഉറുദു), മിലാപ് (ഉറുദു), ഭീം പത്രിക (ഉറുദുവിലും ഹിന്ദിയിലും), ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ 'ശമ്പളവും അസ്പൃശ്യതയും' എന്ന അപൂര്‍ണ കൃതി എഡിറ്റ് ചെയ്തു. അമേരിക്കന്‍ പണ്ഡിതനായ അര്‍ദ്ധിത് ബഷാമിന്റെ എം എ തിസീസായ 'അസ്പൃശരായ പോരാളികള്‍; മസ്ബിയും മഹറും' എന്ന കൃതിയും ഭഗവാന്‍ ദാസ് എഡിറ്റ് ചെയ്തു. 'ദലിത് രാഷ്ട്രീയവും നമ്മുടെ സംഘടനകളും' എന്ന ഒരു പ്രബന്ധവും ഭഗവാന്‍ ദാസിന്റെ സംഭവനകളില്‍ പെടുന്നു.

ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറെക്കുറിച്ചും അസ്പൃശ്യരേയും തോട്ടിപ്പണിക്കാരേയും തൂപ്പുകാരേയും മനുഷ്യാവകാശ ങ്ങളെക്കുറിച്ചുമൊക്കെ ഭഗവാന്‍ ദാസ് ഒട്ടേറെ ഗ്രന്ഥങ്ങളെഴുതി. അവയില്‍ പ്രമുഖങ്ങള്‍ നാല് വാല്യങ്ങലിലായുള്ള അംബേഡ്കറുടെ പ്രഭാഷണങ്ങളും എഡിറ്റ് ചെയ്ത, ' അംബേഡ്കര്‍; ഗാന്ധിയെയും ഗാന്ധിസത്തേയും കുറിച്ച്' എന്ന ഗ്രന്ഥവും അംബേഡ്കര്‍ ഏക് പരിചയ്, ഏക് സന്ദേശ് (ഹിന്ദി), ദി സ്റ്റോറി ഓഫ് ആന്‍ ഇന്ത്യന്‍ സ്വീപ്പര്‍ ടോള്‍ഡ് ഇന്‍ ദി ഫസ്റ്റ് - പേഴ്‌സന്‍ ( ഈ കൃതി പഞ്ചാബി, കന്നഡ, മറാത്തി, ജര്‍മന്‍ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്), ബുദ്ധിസത്തിന്റെ പുനര്‍നിര്‍മിതിയും അംബേഡ്കറുടെ പങ്കും, വാല്മീകിയും ഭംഗി ജാതിയും, ധോബി തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍സന്റെ 'മൈ ഹോപ്പ് ഫോര്‍ അമേരിക്ക', ഡോ. അംബേഡ്കറുടെ 'റാനഡെ, ഗാന്ധി ആന്റ് ജിന്ന', 'ഭദന്ത് ആനന്ദ് കൗസല്യായന്റെ 'ഗീതാ കി ബുദ്ധിവാദി സമീക്ഷ' തുടങ്ങിയ കൃതികള്‍ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

മറ്റുകൃതികള്‍; മണ്ഡല്‍ കമ്മീഷനും പിന്നോക്ക വിഭാഗങ്ങളുടെ ഭാവിയും, ബുദ്ധമത പരിവര്‍ത്തനത്തിന് 22 പ്രതിജ്ഞകള്‍, വടക്കേ ഇന്ത്യയിലെ വാല്മീകി സമുദായക്കാരും രവിദാസും, ബുദ്ധിസവും കാര്‍ക്‌സിസവും, സമുദായ നേതാവ് എന്ന നിലയിലെ അംബേഡ്കര്‍ എന്നിവയാണ്.

വിദൂര ദേശങ്ങളില്‍ അധിവസിക്കുന്ന വിഖ്യാതരായ അബേഡ്കറൈറ്റ് പണ്ഡിതന്മാര്‍ എലേനര്‍ സെലിയറ്റ്, മാര്‍ക്ക് ജുര്‍ഗന്‍സ്‌മേയര്‍, ഓവന്‍ ലിഞ്ച്, മാര്‍ക്ക് ഗാലന്റര്‍, ആര്‍ കെ ക്ഷീര്‍സാഗര്‍, സുഖാദിയോ തൊറാട്ട് തുടങ്ങിയവരുടേയും യുവപണ്ഡിതന്മാരായ വിജയ് പ്രസാദ്, നിക്കോളാസ് ജാവുള്‍, മാറെന്‍ ബെല്‍വിങ്കെല്‍ - ഷെംപ്പ് തുടങ്ങയവരുടെയുമൊക്കെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതും വൈജ്ഞാനിക മേഖല വിപുലമായതും ഭഗവാന്‍ ദാസിനെ ആശ്രയിച്ചായിരുന്നു.

2010 നവംബര്‍ 18 ന് എല്ലാവരേയും നിരാശ്രയരാക്കിക്കൊണ്ട് പൊടുന്നനെ ഭഗവാന്‍ ദാസ് യാത്രയായി..... ഒരു യഥാര്‍ത്ഥ അംബേഡ്കറൈറ്റ്..!!!!!