"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഭരണപങ്കാളിത്തം നേടുക! ഭരണസാരഥ്യത്തിന് സന്നദ്ധരാകുക! കെ. ആര്‍. രാജന്‍രളം ഒരു ഭരണ മാറ്റത്തിന് കാതോര്‍ക്കുന്നു. ചരിത്രബോധമുള്ളവര്‍ ഈ മാറ്റത്തിന്റെ അനിവാര്യത നിഷേധിക്കാനിടയില്ല. ഒരു നവജാത ശിശു - ഭാരതീയ ധര്‍മ്മ ജനസേന-കേരളത്തിന്റെ രാഷ്ട്രീയ ദിശ നിര്‍ണ്ണയിക്കുന്നുവെന്നതാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നീണ്ട ഒരു രാഷ്ട്രീയ പുനര്‍നിര്‍മ്മിതിയുടെ പരിണതിയായാണ് ഈ മാറ്റത്തെ വായിച്ചെടുക്കേണ്ടത്. ശ്രീനാരായണഗുരു, പട്ടാഭിരാമശ്രീ ചട്ടമ്പിസ്വാമികള്‍, ശ്രീമദ് അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ ശ്രീ.കുമാരഗുരുദേവന്‍, സഹോദരന്‍ അയ്യപ്പന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിളള തുടങ്ങിയ നവോത്ഥാന നായകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും അടിച്ചമര്‍ത്ത പ്പെട്ട ഭൂരിപക്ഷത്തിനുവേണ്ടി നയിച്ച വിമോചന സംരംഭങ്ങളുടെ രാഷ്ട്രീയാന്തസത്ത അവലംബമാക്കിയാണ് നവകേരളത്തിനായുള്ള പുതിയ രാഷ്ട്രീയ പരിപ്രേക്ഷ്യം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പരിച്ഛേദമായി ഇത് വിലയിരു ത്തപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പിറവിയെടുക്കുകയും തെരഞ്ഞെടുപ്പിന്റെ ദിശ മാറ്റുകയും ചെയ്ത സംഭവങ്ങള്‍ കേരളം മുമ്പും കണ്ടിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ നിന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ നിന്നും സി.പി.എം.ഉം കോണ്‍ഗ്രസ്സില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സും. എന്നാല്‍ ഇവയൊക്കെത്തന്നെ താത്പര്യഗ്രൂപ്പുകളുടെ സംഘര്‍ഷങ്ങള്‍ വളര്‍ന്ന ഭിന്നിപ്പില്‍ രൂപപ്പെട്ടതാണ്. ബി.ഡി.ജെ.എസ്. താത്പര്യഗ്രൂപ്പുകളുടെ സംഘര്‍ഷങ്ങളില്‍ നിന്നല്ല, പാര്‍ശ്വവത്കൃത ജനതയുടെ ജീവിതാവബോധത്തില്‍ നിന്നും പിറവികൊണ്ടതാണ്. അതാണ് ബി.ഡി.ജെ.എ സ്സിന്റെ രാഷ്ട്രീയ ഉള്‍ക്കരുത്ത്. ഇടത്- വലത് മുന്നണികളും ന്യൂനപക്ഷ മതമേധാവിത്വ താത്പര്യങ്ങള്‍ പിന്‍പറ്റുന്ന ദലിത് ബുദ്ധിജീവികളും മുന്‍ നക്‌സലൈറ്റുകളും മാവോവാദികളും ഈ നവജാത ശിശുവിനെ വകവരുത്തുന്നതിന് ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇതാകട്ടെ സാമൂഹ്യ - സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളില്‍ അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക സമുദായങ്ങളോടും കോളനി - ലക്ഷംവീട് കോളനികളില്‍ നരകതുല്യ ജീവിതം നയിക്കുന്ന പട്ടികജജാതി - പട്ടികവര്‍ഗ്ഗ ജനതയോടുമുള്ള യുദ്ധപ്രഖ്യാപനമായി നാം തിരിച്ചറിയണം.

1822 ലെ ചാന്നാര്‍ ലഹളയെന്ന വസ്ത്ര വിപ്ലവത്തിലൂടെ തുടക്കം കുറിക്കുന്ന നവോത്ഥാന പ്രക്ഷോഭം 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പുതിയൊരു സാമൂഹ്യമാനം കൈവരിച്ചു. അസ്പര്‍ശ്യരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി ശ്രീനാരായണ ഗുരു നടത്തിയ വിഗ്രഹ പ്രതിഷ്ഠ ഹൈന്ദവസമൂഹത്തിലെ ജാതിമേധാവിത്വത്തിനെതിരെയുളള പ്രതിരോധമായും ആധുനിക സാമൂഹ്യ സൃഷ്ടിക്കായുള്ള തുടക്കമായും പരിണമിച്ചു. ഗുരുവിന്റെ ആത്മീയ മാനവിക ദര്‍ശന ങ്ങള്‍ അധഃസ്ഥിതരുടെ വിമോചന പോരാട്ടങ്ങള്‍ക്ക് മറ്റൊരു ദിശാബോധം നല്‍കി. അദ്വൈത ദര്‍ശനാടിത്തറയില്‍ രൂപം പ്രാപിച്ച സമത്വ ത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന ആത്മീയ മാനവികതയാണ് ഗുരു ലോകത്തിന് നല്‍കിയ ശ്രേഷ്ഠമായ സംഭാവന.

അധഃസ്ഥിത ജനതയുടെ വിമോചന പോരാട്ടങ്ങളുടെ നേതൃനിരയിലേക്കുയര്‍ന്ന ശ്രീമദ് അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, അയിത്താചരണത്തിനെതിരെയുള്ള പോരാട്ടമായും വളര്‍ന്നു. നിരക്ഷരനായ അയ്യന്‍കാളി അക്ഷരങ്ങളുടെ അനന്തസാദ്ധ്യതകള്‍ തന്റെ ജനതയ്ക്ക് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച കാര്‍ഷിക പ്രക്ഷോഭണവും ആചാര പരിഷ്‌കരണങ്ങള്‍ക്കായി നടത്തിയ കല്ലുമാല ബഹിഷ്‌കരണവും ഒരു ജനതയുടെ സാമുദായികാവശ്യ ങ്ങള്‍ക്കായുള്ള മുറവിളിയായി.

1891 ലെ മലയാളി മെമ്മോറിയലാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയ ഇടപെടല്‍. സാമൂഹികാവകാശങ്ങളെ രാഷ്ട്രീയാവകാശമായി പരിവര്‍ത്തനപ്പെടുത്തി എന്നതാണ് മലയാളി മെമ്മോറിയലിന്റെ പ്രസക്തി. തുടര്‍ന്നുവന്ന ഈഴവ മെമ്മോറിയലും എസ്.എന്‍.ഡി.പി.യുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പൗരസമത്വ പ്രക്ഷോ ഭങ്ങളും കേരളത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. സമാന്തരമായി മുന്നോക്ക സമുദായങ്ങളായ ബ്രാഹ്മണസമൂഹത്തില്‍ യോഗക്ഷേമ സഭയുടെയും നായര്‍ സമുദായത്തില്‍ ചട്ടമ്പിസ്വാമികളുടെയും ചിന്മയാനന്ദ സ്വാമികളുടെയും നേതൃത്വത്തില്‍ പരിഷ്‌കരണ നടപടികള്‍ തുടരുന്നുണ്ടായിരുന്നു.

ഓരോകാലഘട്ടത്തേയും ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചാണ് യോഗം നേതാക്കള്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തിയത്. മഹാകവി കുമാരനാശാനും, സി.വി.കുഞ്ഞുരാമനും, സഹോദരന്‍ അയ്യപ്പനും, സി.ആര്‍.കേശവന്‍ വൈദ്യരും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരകരായിരുന്നുവെങ്കില്‍ സി.കേശവനും ടി.കെ.മാധവനും ജനാധിപത്യപ്രക്ഷോഭ ങ്ങളിലൂടെ യോഗത്തെ ശാക്തീകരിച്ചവരാണ്. ആര്‍.ശങ്കര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു. ഇടതു സഹയാത്രികനായിരുന്ന പ്രതാപ് സിംഗിന് ഈഴവരുടെ ഒരുവോട്ട് ബാങ്ക് എന്ന പരിമിതലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഗോളീകരണം കയര്‍, കശുവണ്ടി, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത മേഖലയെ തകര്‍ത്തപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സിലൂടെയും കുടുംബശ്രീയിലൂടെയും സ്വയംതൊഴില്‍ കണ്ടെത്താന്‍ ഈഴവരെ പ്രാപ്തരാക്കി. ആഗോളീകരണ കാലത്തെ സമുദായ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചുവെന്നതാണ് വെള്ളാപ്പെള്ളി യുടെ മഹത്വം.

വിദ്യാഭ്യാസ-വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലാത്തവരാണ് പട്ടികജാതിക്കാര്‍. കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളില്‍ തൊഴില്‍ക്കൂട്ടങ്ങളായിരുന്നു ഇവര്‍.പട്ടിക ജാതിക്കാരുടെയും പിന്നോക്കവിഭാഗങ്ങളുടെയും വോട്ടുവാങ്ങിയാണ് 57-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്. നിലവിലുള്ള ഭൂനിയമങ്ങളെ ക്രോഡീകരിച്ച് ഇ.എം.എസ്. ഗവണ്‍മെന്റ് നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബന്ധ ബില്ലില്‍ പട്ടികജാതി/പിന്നോക്കവിഭാഗങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്ക പ്പെട്ടു. 63-ല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പാസ്സാക്കിയ ബില്ല് 70-ല്‍ നടപ്പായപ്പോള്‍ പിന്നോക്കക്കവിഭാഗങ്ങള്‍ തുണ്ടുഭൂമിയിലേക്കും പട്ടികജാതിക്കാര്‍ കോളനി-ലക്ഷംവീട് കോളനികളിലേക്കും ആട്ടിയോടിക്കപ്പെട്ടു. കേരളത്തില്‍ 12500 പട്ടികജാതി കോളനികളും 4082 പട്ടികവര്‍ഗ്ഗ കോളനികളും ഉണ്ടെന്നാണ് ഗവണ്‍മെന്റ് കണക്ക്. ഇന്നു ശവം മറവുചെയ്യാന്‍ അടുക്കള പൊളിച്ച് മാറ്റേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്. അതും റവന്യു ഭൂമിയുടെ 58 ശതമാനം അതായത് 5 ലക്ഷത്തോളം ഹെക്ടര്‍ സ്ഥലം ഇപ്പോഴും വിദേശ കമ്പനികളുടേയോ അവരുടെ ബിനാമികളുടേയോ നിയന്ത്രണത്തിലും 15 ലക്ഷം വീടുകള്‍ ആള്‍താമസമില്ലാതെയും പൂട്ടിക്കിടക്കുന്ന കേരളത്തില്‍! ജാതി-ജന്മി-നാടുവാഴി ഭരണകാലത്തെ പരിഗണനപോലും കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയില്ല. ജാതി-ജന്മി-നാടുവാഴിഭരണകാലത്ത് ഇവര്‍ അനുഭവിച്ച ജാതി വിവേചനം ജനാധിപത്യ ഭരണവ്യവസ്ഥയില്‍ സാമ്പ ത്തിക മേഖലയില്‍ക്കൂടി വ്യാപിപ്പിച്ചുവെന്നതാണ് കമ്മ്യൂണിസ്റ്റുകള്‍ നിര്‍വ്വഹിച്ച ചരിത്രദൗത്യം. സമൂഹത്തില്‍ പട്ടികജാതിക്കാരോട് നിലനിന്ന അയിത്തം കോളനി വത്കരണ ത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ ആധുനിക സമൂഹത്തിലും സ്ഥാപിച്ചെടുത്തു. സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികജാതിക്കാര്‍ രാഷ്ട്രീയത്തിന്റെ പെരിഫെറിയില്‍പോലും ഇടം ലഭിക്കാത്തവരാണ്. വംശനാശത്തി ലേയ്ക്ക് കൂപ്പുകുത്തുന്ന ഇവരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ തയ്യാറായി എന്നതാണ് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാജിയുടെയും പ്രധാനമന്ത്രി മോദിയുടെയും മഹത്തായ ദൗത്യം.

ഇന്ന് ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിഞ്ഞ പട്ടികജാതി സമൂഹത്തിന് ചെറുതെങ്കിലും ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. കര്‍ഷകതൊഴിലാളി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലമുണ്ടായിരുന്ന പട്ടികജാതി സമൂഹത്തിലെ യുവതലമുറയ്ക്ക് 70 കളില്‍ ചിന്തയില്‍ ഒരു വിസ്‌ഫോടനം സംഭവിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ പ്രവേശനം ലഭിച്ച അവര്‍ മാവോ ചിന്തയിലൂന്നിയ സായുധ സമരത്തിലൂടെയുള്ള അധികാരലബ്ധി സ്വപ്നംകണ്ടു. സാര്‍വ്വദേശീയതലത്തില്‍ മാര്‍ക്‌സിസം ലെനിനിസത്തിന് നേരിട്ട തിരിച്ചടി ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളേയും ശിഥിലീകരിച്ചു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ അവരുടെ മുന്നില്‍ അംബേദ്കര്‍ ചിന്ത പുതിയ ഒരു വഴികാട്ടിയായി. തുടര്‍ന്ന് അധികാരലബ്ധിക്കായി ചില പരീക്ഷണങ്ങള്‍ക്കും അവര്‍ തയ്യാറായി. ദലിത് - ദലിത് ക്രൈസ്തവ ഐക്യം, ദലിത് സമുദായ വത്കര ണം, പിന്നോക്ക- ദലിത് - ന്യൂനപക്ഷ ഐക്യം തുടങ്ങിയ സമവാക്യങ്ങളിലൂടെ. പക്ഷെ അവയൊക്കെ തികഞ്ഞ പരാജയങ്ങളായി മാറുകയായിരുന്നു. മാവോയിസ്റ്റുകളെന്നും അംബേദ്കറൈറ്റുകളെന്നും നവജനാധിപത്യവാദികളെന്നും സ്വയം വിശേഷിപ്പിച്ച ഇവരാകട്ടെ മാര്‍ക്‌സിസം - ലെനിനിസം - മാവോ - അംബേദ്കര്‍ ചിന്തയെന്ന സമവാക്യത്തിലൂടെ അംബേദ്കറുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളെപ്പോലും ഡോഗ്മയാക്കി. ലക്ഷക്കണക്കിന് അധഃസ്ഥിത ജനതയെ പ്രതിനിധീകരിക്കുന്ന പട്ടികജാതി സംഘടനാ നേതൃത്വത്തെ ഇവര്‍ കേവലം ജാതിവാദികളായി കണ്ടു. എന്നാല്‍ ജാതിവാദികളെന്ന് അധിക്ഷേപിക്കപ്പെട്ട പട്ടികജാതി സംഘടനാ നേതൃത്വങ്ങള്‍ കാലത്തിന്റെ ചുവരെഴുത്തുവായിച്ച് അവസരത്തിനൊത്തുയര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടംനേടി. അതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ പട്ടികജാതി സമൂഹത്തിലെ ഭൂരിപക്ഷമായ പുലയ സമുദായത്തിന് കഴിഞ്ഞു. ഇത് ആദിവാസി ജനതയിലും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിതെളിച്ചു. പിന്നേക്ക - പട്ടികജാതി വിഭാഗങ്ങള്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി മാറുന്നത് കേരളം തുടര്‍ന്നുപോരുന്ന അധികാര രാഷ്ട്രീയത്തിന് സ്വീകാര്യമായിരിക്കില്ലല്ലോ? അതുകൊണ്ട് ഈ സമുദായങ്ങളിലെ അഞ്ചാം പത്തി നേതൃത്വങ്ങളെ ഉപയോഗിച്ചു തന്നെ ഇത്തരം മുന്നേറ്റങ്ങളെ പരാജയപ്പെടുത്താനുളള ഗൂഢാലോചനയിലാണ് മുന്നണി നേതൃത്വങ്ങള്‍. അവര്‍ എത്ര ഹീനമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുമെന്നതിന് തെളീവാണ് ഹൈദരാബാദ് - ജെ.എന്‍.യു. സംഭവങ്ങളെ തുടര്‍ന്നുള്ള വിവാദങ്ങള്‍.

സമീപകാലത്ത് മാദ്ധ്യമങ്ങള്‍ എക്‌സ്‌ക്ലൂസീവായി ചര്‍ച്ച ചെയ്ത വിഷയം ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയാണ്. രോഹിതിന്റെ വൈയക്തിക മാനസികാവസ്ഥയും തുടര്‍ന്നുള്ള ആത്മാഹൂതിയും ആദരവോടെ സ്മരിച്ചുകൊണ്ടു പറയട്ടെ, ആത്മാഹുതി ദലിതന്റെ സമരായുധമല്ല. പോരാട്ടമാണ് സ്വത്വബോധമുള്ള ജനതയുടെ ആന്തരികതലം. അയ്യങ്കാളി നയിച്ച ആത്മാഭിമാന പോരാട്ടങ്ങളും അവസരസമത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭണങ്ങളും പ്രദാനം ചെയ്ത അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ട കേരളത്തിന് വെമൂല അന്യനായത് യാദൃശ്ചികമല്ല, വിശേഷിച്ചും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്ത് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍. അയ്യങ്കാളിയുടെ വിമോചന പോരാട്ടങ്ങളുടെ അടിത്തറയിലാണ് ഋറൗരമലേ, മഴശമേലേ, ീൃഴമിശലെ എന്ന ഡോ.അംബേദ്കറുടെ മഹത്തായ സന്ദേശം കേരളത്തിലെ പട്ടികജാതി സമൂഹം നെഞ്ചിലേറ്റിയത്.

രോഹിത് വെമൂലയ്ക്ക് മുമ്പും 9 വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരില്‍ ഏഴുപേര്‍ ദലിത് വിദ്യാര്‍ത്ഥികളാണ്. അന്നൊന്നും ഉയിര്‍കൊള്ളാത്ത ധാര്‍മ്മികരോഷം രോഹിതിന്റെ ആത്മ ഹത്യയാല്‍ ഉണ്ടായ തെന്തുകൊണ്ട്? പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട എം.പി.മാര്‍ക്ക് ട്രഷറി ബഞ്ചില്‍ നിര്‍ണ്ണായക പ്രാതിനിധ്യമുള്ളതും ഒരു പിന്നോക്ക ക്കാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരിക്കുന്നതുമാണ് ഈ ധാര്‍മ്മികരോഷത്തിനു പിന്നിലെന്ന് അനന്തരസംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഒരേ വ്യാകുലതകളാണ് കോണ്‍ഗ്രസ്സും, സി.പി.എം., സി.പി.ഐ. കക്ഷികളും പങ്കുവയ്ക്കുന്നത്. ജെ.എന്‍.യു. സമരം 1968 ലെ ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തെ അനുസ്മരിപ്പിക്കുന്നതും സമരത്തിന്റെ അന്തസത്ത കീഴാള ജനാധിപത്യത്തിന്റേതാണെന്നുമൊക്കെ ബുദ്ധിജീവികളും ചില ദലിത് തിങ്ക്ടാങ്കുകളുമൊക്കെ വിശേഷിപ്പിക്കുമ്പോള്‍ പ്രക്ഷോഭത്തിന്റെ തിരുശേഷിപ്പ് കനയ്യകുമാര്‍ എന്ന സി.പി.ഐ.കാരനാണ്! നാലുദശകം മുമ്പ് കേരളത്തിലെ ഉദ്ബുദ്ധ ദലിത് വിദ്യാര്‍ത്ഥി സമൂഹം തിരസ്‌കരിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉപോല്പ്പന്നം.

ന്യൂനപക്ഷങ്ങള്‍ക്കാണ് ഇന്ന് ഭൂമിയുടെ മേലുള്ള ആധിപത്യം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനമനുസരിച്ച് ഓരോ ജാതിയും ആളോഹരി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ കണക്ക് ഇപ്രകാരം. ക്രിസ്ത്യാനികള്‍ 126 സെന്റ്, മുന്നോക്ക ജാതി 105 സെന്റ്, മുസ്ലീംങ്ങള്‍ 77 സെന്റ്, പിന്നോക്കജാതി 63 സെന്റ്, ദലിതര്‍ 2.7 സെന്റ്. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ ഉടമസ്ഥതയിലാണ്. ഇതിലൂടെ ബജറ്റിന്റെ സിംഹഭാഗമാണ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ കൈകളി ലെത്തുന്നത്. വ്യവസായ - വാണിജ്യമേഖല നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങള്‍തന്നെ. ഈ മേഖലകളില്‍ ഹിന്ദു പ്രാതിനിധ്യം നാമമാത്രമാണെങ്കില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഒട്ടുംതന്നെയില്ല. ന്യൂനപക്ഷങ്ങളുടെ ഈ സമ്പത്തിന് ഒരു രാഷ്ട്രീയമുണ്ട്.- ന്യൂനപക്ഷരാഷ്ട്രീയം - അത് മുസ്ലീം ലീഗിലും കേരളാ കോണ്‍ഗ്രസ്സിലും മാത്രം ഒതുങ്ങുന്നതല്ല. ഈ ന്യൂനപക്ഷ രാഷ്ട്രീയത്തെ പിന്‍പറ്റുന്നവരാണ് കേരളത്തിലെ ബി.ജെ.പി. ഇതര മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാവോവാദികളും അവസരവാദികളായ ബുദ്ധിജീവികളും. ഇന്ന് ഈ രാഷ്ട്രീയ ഘടന അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.ഇനിയും ബ്രാഹ്മരെ ചൂണ്ടിക്കാട്ടി പിന്നോക്ക പട്ടികജാതി ജനതയെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്നതിന് ആരും മെനക്കെടേണ്ടതില്ല.

വെള്ളാപ്പള്ളി ഒഴികെ ഒരു സമുദായ നേതാവും ഇത്രയധികം ക്രൂശിക്കപ്പെട്ടിട്ടില്ല. ഹിന്ദുമഹാമണ്ഡലം രൂപീക രിച്ച ആര്‍.ശങ്കറും, പത്മശ്രീ മന്നത്ത് പത്മനാഭന്‍ പോലും. ഹിന്ദുമഹാമണ്ഡലത്തിന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ നിലപാട് മുന്നോട്ടുവയ്ക്കാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. വെള്ളാപ്പളളി വിഭാവനം ചെയ്യുന്ന രാഷ്ട്രീയ മുന്നേറ്റത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ ജനതയുടെ പ്രാതിനിധ്യമുണ്ട്. ഹൈന്ദവ ശാക്തീകരണത്തോടൊപ്പം നവകേരള സൃഷ്ടിക്കായുള്ള ഒരു രാഷ്ട്രീയ പരിപാടിയുണ്ട്. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി ഇതാണ് മൂന്നാം മുന്നണിയുടെ സാദ്ധ്യത അനന്തമാക്കുന്നത്. ഈ തിരിച്ചറിവാണ് എല്ലാ യാഥാസ്ഥിതികരേയും തീവ്രവാദിക ളേയും ഒരുപോലെ വെള്ളാപ്പെള്ളിക്കെതിരെ ഐക്യപ്പെടുത്തുന്നത്.
നിവര്‍ത്തനപ്രക്ഷോഭമാണ് മുന്നണി രാഷ്ട്രീയത്തിന്റെ പിതാവ്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭ്യമായപ്പോള്‍ സമുദായ മുന്നണികള്‍ രാഷ്ട്രീയ മുന്നണികള്‍ക്ക് വഴിമാറിയെന്നു മാത്രം. ഭൂരിപക്ഷമായ ഹൈന്ദവ സമൂഹം കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അനുഭാവികളായപ്പോള്‍ ന്യൂനപക്ഷ മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് മുന്നണി രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയായി മാറി. കൊടിയുടെ നിറവ്യത്യാസമല്ലാതെ, നയസമീപനങ്ങളില്‍ കാതലായ മാറ്റങ്ങളൊന്നും പ്രകടമല്ലാത്ത മുന്നണികളില്‍ നിന്നും നേതാക്കളും ഘടകകക്ഷികളും കൂടുവിട്ട് കൂടുമാറുന്നത് കേരള രാഷ്ട്രീയത്തില്‍ അപൂര്‍വ്വ സംഭവമല്ലാതായി. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഉദാഹരണങ്ങള്‍ വേണ്ടുവോളം. ഇരുമുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ തങ്ങളുടെ മുന്നില്‍ മറ്റുവഴികളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ നിഷേധവോട്ടിലൂടെ മുന്നണികളെ മാറിമാറി അധികാരത്തിലേറ്റാന്‍ നിര്‍ബന്ധിതരായി. തൊണ്ണൂറുകള്‍ മുതല്‍ ജനങ്ങള്‍ വേറിട്ടൊരു രാഷ്ട്രീയം ആഗ്രഹിക്കുന്നു. ജനക്ഷേമക രവും അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണം ജനങ്ങള്‍ സ്പനം കാണുന്നു. ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയം ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന ഒരാള്‍ക്ക് ബി.ജെ.പി.യും ഭാരതീയ ധര്‍മ്മ ജനസേനാ പാര്‍ട്ടിയും ചേര്‍ന്നുള്ള മൂന്നാം മുന്നണിയുടെ അനന്തമായ സാദ്ധ്യത തള്ളിക്കളയാനാകില്ല.