"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ശൂന്യതയുടെ നിറവ് - മനോജ് ബ്ലിസ്


ചൈനയിലെ ചക്രവര്‍ത്തിയായ സുസോങ് സെന്‍ ഗുരുവായ ഹുയു ചോങ്ങിനെ ആത്മീയ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സന്ദര്‍ശിച്ചു. രാജാവ് പല ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചെങ്കിലും ഗുരു രാജാവിനെ കണ്ടതായി പോലും നടിച്ചില്ല. ഇതുകണ്ട് കലി കയറിയ ചക്രവര്‍ത്തി ഗുരു തന്നെ അവഗണിക്കുന്നു എന്നു പറഞ്ഞ് ശകാരിച്ചു. സൗമ്യമായി ഗുരു ആകാശത്തേക്ക് ചൂണ്ടി ചോദിച്ചു 'ചക്രവര്‍ത്തീ, ആ ശൂന്യതയെ കാണുന്നില്ലേ ?' രാജാവ് മറുപടി പറഞ്ഞു; 'ശൂന്യത എന്നെങ്കിലും അങ്ങയുടെ സാന്നിധ്യം കണ്ട് കണ്ണ് ചിമ്മിയിട്ടുണ്ടോ?' ബുദ്ധമാര്‍ഗത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് അഥവാ ഉള്‍ക്കാഴ്ച ശൂന്യതയുടേതത്രേ! ബുദ്ധമാര്‍ഗത്തിലെ ഓരോ ഗുരുവും തന്റെ ശിഷ്യനെ കൊണ്ടെത്തിക്കുന്നത് ശൂന്യതയുടെ സാന്നിധ്യത്തില്‍ത്തന്നെ! താന്‍ ഉള്‍പ്പെടെയുള്ള പ്രപഞ്ചം അത്രയും ശൂന്യത തന്നെ! സ്വന്തമായ അസ്തിത്വം അഥവാ അഹം ഒരു ജീവിക്കോ, എന്തിന് പ്രപഞ്ചത്തിനോ ഇല്ല. ബോധോദയം ലഭിച്ച ബുദ്ധന്‍ മനസിലാക്കി ലളിതമായ സത്യം. സ്വന്തം ശരീരത്തേയും മനസിനേയും ധ്യാനത്തിന് വിധേയമാക്കി ലഭിച്ച ഉള്‍ക്കാഴ്ച തനിക്കോ, പ്രപഞ്ചത്തിനോ ശാശ്വതമായ ഒരു നിലനില്‌പോ അടിസ്ഥാനമോ ഇല്ല എന്ന സത്യം! ശൂന്യതയുടെ നിറവ്.

നിത്യജീവിതത്തിലും നാമെല്ലാവരും ഈ ശൂന്യതയെ പലപ്പോഴായി നേരിടേണ്ടി വരുന്നുണ്ട്. ഒന്നും കയ്യിലൊതു ങ്ങാത്തതു പോലെ! പക്ഷെ എപ്പോഴെല്ലാം നാം ആ ശൂന്യതയെ അഭിമുഖീകരിക്കുന്നുവോ അപ്പോഴെല്ലാം നാം തിടുക്കം കൂട്ടി അതിനെ കാണാത്ത മട്ടില്‍, അഹങ്കാരത്തെ ഒന്നുകൂടി മുറുകെ പിടിച്ച് മുന്നോട്ടു പായുന്നു. സമയം, കാലം മുതലായ ആശയങ്ങള്‍ കൊണ്ട് ശൂന്യതക്ക് രൂപം നല്കി മെരുക്കാന്‍ ശ്രമിക്കുന്നു. ആത്യന്തികമായി ശൂന്യതയെക്കുറിച്ച് അവബോധ മില്ലാത്തവന് ജീവിതം ദുരന്തമാകുന്നു. ദാര്‍ശനികന്മാരും ശാസ്ത്രജ്ഞനും ശൂന്യതയുടെ മുമ്പില്‍ അന്തം വിട്ടു നില്ക്കുന്നു. ശൂന്യതക്ക് ഒരു മുഖം നല്കാനുള്ള ശ്രമം - മനുഷ്യ ചരിത്ര ത്തിന്റെ ആകെ തുക - നിഷ്ഫലമായ ഈ ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ബുദ്ധമാര്‍ഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സത്യം ശൂന്യതതന്നെ. ബോധോദയം ലഭിച്ചവനെ സംബന്ധിച്ച് ശൂന്യത പീഢനം അല്ല. മറിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള ലക്ഷ്യങ്ങളില്ലാത്ത പാതയാണ്. ധ്യാനത്തിലൂടെ തന്നില്‍ത്തന്നെ, തന്റെ ശരീരത്തിന്റേയും മനസിന്റേയും പരിധിയില്‍, സത്യം കണ്ടെത്തി ബോധോദയ ത്തിലേക്ക് ഉണര്‍ന്ന ബുദ്ധനു കിട്ടിയ ഉള്‍ക്കാഴ്ചയിലേക്ക് നമുക്ക് പോകാം. ഈ പ്രപഞ്ചവും അതിലെ എല്ലാ വസ്തുക്കള്‍ക്കും അടിസ്ഥാനപരമായി മൂന്ന് സ്വഭാവഗുണങ്ങളാണുള്ളത്. ഒന്ന്, അനിത്യത (impermanence) അഥവാ പ്രപഞ്ചത്തിലെ താനുള്‍പ്പെടെ യുള്ള ഒരു വസ്തുവും സ്ഥായിയല്ല, എല്ലാം ഓരോ നിമിഷവും ഓരോ അണുവിലും മാറ്റത്തിന് വിഷയമാണ് എന്ന വസ്തുത. ഒരു ബോധിസത്വനെ സംബന്ധിച്ച് തന്റെ ശരീരത്തേയും മനസിനേയും ധ്യനത്തിന് വിധേയമാക്കുമ്പോള്‍ തെളിഞ്ഞുകിട്ടുന്ന അനുഭവം ആണ് ഇത്. നിരന്തരമായി മാറ്റത്തിന് വിധേയമാക്കുന്ന ശരീരവും മനസും. ധ്യാനത്തില്‍ ശരീരത്തിന് അകവും പുറവും ഉണ്ടാകുന്ന മാറ്റങ്ങള്‍ തെളിഞ്ഞുകിട്ടുന്നതാണ്. അതുപോലെതന്നെ മനസിന്റെ കാര്യവും. ഏതൊരു ഭ്രാന്തന്റെ ജല്പനങ്ങളേയും വെല്ലുന്ന വികാര വിചാരങ്ങള്‍ ആണ് മനസിലൂടെ പാഞ്ഞു മറയുന്നത്. ബുദ്ധമാര്‍ഗത്തില്‍ ഈ മനസിനെ 'കുരങ്ങ് മനസ്' എന്നു വിളിക്കുന്നു. ഒരു ചില്ലയില്‍ നിന്നും മറ്റൊരു ചില്ലയി ലേക്ക് നിരന്തരം ചിലച്ചുകൊണ്ട് ചാടിക്കളിക്കുന്ന കുരങ്ങ്. നമ്മള്‍ ഇന്ന് 'നാഗരികത' എന്ന് പേരിട്ടു വിളിക്കുന്ന നമ്മുടെ ഈ സാമൂഹ്യ ഘടന ഈ കുരങ്ങ് മനസിന്റെ ഉത്പന്നമാണ് എന്നത് ആശ്ചര്യം തന്നെ! (ബോധോദയത്തിന്റെ സന്തതിയല്ല ഈ നാഗരികതയും അതിലെ ഏര്‍പ്പാടുകളും) എല്ലാ വസ്തുക്കളും ഭൗതികമോ, മാനസികമോ എല്ലാം തന്നെ, ഉണ്ടാക്കുന്ന (Arise) മറയുന്നു (passing) ഇതാണ് പ്രപഞ്ച യാഥാര്‍ത്ഥ്യം!

അന്യമായതിനെ നിത്യമെന്ന് ധരിച്ച് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പൊല്ലാപ്പ് പറയാതെതന്നെ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. പ്രപഞ്ചത്തിലെ ഒരു വസ്തുവും, നമുക്ക് തൃപ്തിനല്കുന്നില്ല എന്നുള്ള വസ്തുതതന്നെ! അത് അകത്തേക്ക് തിരിഞ്ഞാലും, പുറത്തേക്ക് തരിഞ്ഞാലും. അതൃപ്തിയുടെ സന്താനമായ ദുഃഖം പിറന്നു കഴിഞ്ഞു! എല്ലാത്തിനേയും തന്റെ പരിധിക്കു നിര്‍ത്തി, നിയന്ത്രണാതീതമാക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനമായ ത്വര അനിത്യത എന്ന സത്യത്തിന് മുമ്പില്‍ തകര്‍ന്നടിയുന്നു. 

ശൂന്യതയും ചക്രവര്‍ത്തിമാരും (അംഹംബോധത്തിന്റെ ആള്‍രൂപങ്ങള്‍) തമ്മിലുള്ള ഒരു കഥകൂടി പറയട്ടെ. സെന്‍ ബുദ്ധമാര്‍ഗത്തിന്റെ ഉത്ഭവകഥതന്നെ അത്തരം ഒരു കൂടിക്കാഴ്ച യോടെയാണ് ആരംഭിക്കുന്നത്. ബുദ്ധമാര്‍ഗത്തിന്റെ ജന്മനാടായ ഭാരതത്തില്‍ നിന്നും ബോധിധമ്മന്‍ എന്ന ബുദ്ധ സന്യാസി ചൈനയിലേക്ക് ജലമാര്‍ഗം എത്തുകയുണ്ടായി. ചൈന അന്ന് ഭരിച്ചിരുന്ന ഭരണാധികാരിയായ വൂ ചക്രവര്‍ത്തി ബുദ്ധന്റെ കടുത്ത ആരാധകനായിരുന്നു. ചക്രവര്‍ത്തി ബുദ്ധന്‍ പറഞ്ഞതു പോലെ ബുദ്ധവേഷം ധരിച്ചും, സസ്യഭുക്കായി, ബുദ്ധന്റെ പല വേദപാഠങ്ങളും ഉരുവിട്ടു കഴിഞ്ഞു വരുകയായിരുന്നു. സ്വാഭാവികം എന്നു പറയട്ടെ ബോധിധമ്മനും വൂ ചക്രവര്‍ത്തി യും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. കൂടിക്കാഴ്ചയില്‍ രാജാവ് താന്‍ ബുദ്ധ മാര്‍ഗത്തിന്റെ പ്രചാരണത്തിനായി കൈക്കൊണ്ട 'നടപടികള്‍' ബോധിധമ്മനെ ധരിപ്പിച്ചു - താന്‍ ബുദ്ധനു വേണ്ടി അമ്പലങ്ങള്‍ പണിതു, ബുദ്ധവചനങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യിപ്പിച്ചു എന്നിങ്ങനെ ഒരു നീണ്ട പട്ടിക. ചക്രവര്‍ത്തി ചോദിച്ചു 'ഇതെല്ലാം ചെയ്തു കിം ഫലം?' അതിഥി കീഴ്‌മേല്‍ നോക്കാതെ മറുപടി പറഞ്ഞു. 'ഒരു ഫലവുമില്ല. ഈ കാര്യങ്ങള്‍ക്കൊന്നും യഥാര്‍ത്ഥ മാര്‍ഗവുമായി ഒരു പുലബന്ധം പോലുമില്ല ചക്രവര്‍ത്തി'. പിന്നെ എന്താണ് യഥാര്‍ത്ഥ മാര്‍ഗം ചക്രവര്‍ത്തി ആരാഞ്ഞു. 'യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഉള്‍ക്കാഴ്ച, അതിന്റെ അടിസ്ഥാനമോ - പ്രശാന്തവും ശൂന്യവും'. 'ആത്യന്തിക സത്യം?' ചക്രവര്‍ത്തി വീണ്ടും ചോദിച്ചു. 'ശൂന്യത! പരിശുദ്ധമായ ഒന്നുംതന്നെ അതിലില്ല.' അന്തം വിട്ട ചക്രവര്‍ത്തി ചോദിച്ചു 'ഇതാരാണ് എന്റെ മുന്നില്‍ നില്ക്കുന്നത്? ' 'എനിക്കറിയില്ല' എന്നു പറഞ്ഞ് അതിഥി കൈകഴുകി സ്ഥലം വിട്ടു. ശൂന്യതയുടെ ഇടിമുഴക്കം. ഈ ഇടിമുഴക്കത്തിന്റെ സന്തതിയാണ് സെന്‍ബുദ്ധ മാര്‍ഗം - സെന്‍ബുദ്ധ മാര്‍ഗത്തിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നിരന്തരമായി കാണാനും കേള്‍ക്കാനും കഴിയും ഈ ഇടിമുഴക്കങ്ങളും ഗര്‍ജനങ്ങളും എന്ന കാര്യത്തില്‍ ആശ്ചര്യപ്പെടാനില്ല. സിംഹത്തിന്റെ മുമ്പില്‍ ചെന്നു പെടുമ്പോ ലെയാണ് ഓരോ ശിഷ്യന്റേയും അനുഭവം. പക്ഷെ വ്യത്യാസം ഇത്രമാത്രം, ഇവിടെ ശിഷ്യനെ ഗുരു ജനിക്കുന്നതിന് മുമ്പായി തന്നെ വകവരുത്തിക്കഴിഞ്ഞിരിക്കുന്നു! ഇനിക്കും മുമ്പേതന്നെ കഥകഴിഞ്ഞവന് പിന്നെ എന്ത് ജനനം, എന്ത് മരണം? എത്രയെത്ര ശിഷ്യന്മാരാണ് ഈ കൊലപാതകത്തിന് വിധേയരായിരിക്കുന്നത്! ആയുധമോ? ശൂന്യത! തെളിവുകളില്ലാത്ത, ഒരു കോടതിക്കും, ഭരണ സംവിധാനത്തിനും ശിക്ഷിക്കാനാവാത്ത കുറ്റകൃത്യം. ഈ നാളുകളിലും ഈ നരനായാട്ട് തുടര്‍ന്നു പോകുന്നു എന്നുള്ളത് ആശാവഹമാണ്!

വസ്തുക്കള്‍ എല്ലാംതന്നെ അനിത്യവും, അതുകൊണ്ടു തന്നെ ദുഃഖത്തിന് അടിസ്ഥാനവും ആണെന്നുള്ള വസ്തുത പ്രപഞ്ച ത്തിന്റെ മൂന്നാമത്തെ അടിസ്ഥാന സ്വഭാവത്തിലേക്ക് കൈ ചൂണ്ടുന്നു. 'സ്വന്തം' എന്നു പറയാവുന്ന ഒന്നും തന്നെ ഇല്ല എന്നുള്ള വസ്തുത (No-Self) അകത്തോ പുറത്തോ ആയി 'ഞാന്‍' എന്നോ 'നീ' എന്നോ പറയാവുന്ന ഒരു 'വസ്തു' പോലും ഇല്ല. പ്രപഞ്ചത്തിലെ വസ്തുക്കളുടെ ആദ്യത്തെ രണ്ട് സ്വഭാവങ്ങള്‍ ഉള്‍ക്കാഴ്ചയോടെ വീക്ഷിക്കുന്ന ബോധിസത്വന് അറിവാകുന്ന ഒന്നും തന്നെ തന്റെ നിയന്ത്രണത്തിന് വിധേയമല്ല എന്ന്. നമുക്ക് ഏറ്റവും പരിചിതമായ ശ്വാസോഛ്വാസം എന്ന പ്രക്രിയ തന്നെ എടുക്കൂ. ജനനം മുതല്‍ മരണം വരെ നമ്മുടെ സന്തത സഹചാരിയായുള്ള ഈ പ്രക്രിയ വീക്ഷിക്കൂ. ശ്വാസം ഉള്ളിലെടുക്കുക, പുറത്തേക്കു വിടുക എന്ന നിരന്തരമായ പ്രക്രിയ. 'നിങ്ങളുടെ' ''സ്വന്തം ശ്വാസം. ഇനി നിങ്ങള്‍ 'എനിക്ക് ശ്വാസം അകത്തേക്കെടുത്തു മടുത്തു, ഇനിമുതല്‍ ഞാന്‍ പുറത്തേക്ക് മാത്രമേ ശ്വാസം വിടുകയുള്ളൂ' എന്ന തീരുമാന ത്തിലെത്തി എന്നു കരുതുക, അത് പ്രാവര്‍ത്തികമാ ക്കാന്‍ ശ്രമിക്കൂ. എവിടെപ്പോയി നിങ്ങളുടെ ശ്വാസോഛ്വാസ ത്തിന് മീതെയുള്ള സ്വേഛാധിപത്യം? വല്ലതും നിങ്ങളുടെ നിയന്ത്രണ ത്തിലാണോ? എവിടെ 'നിങ്ങളുടെ' 'സ്വന്തം' ശ്വാസോഛ്വാസം? ശ്വാസോഛ്വാസം പോലെ ഇത്രയും അടിസ്ഥാനപരവും ലളിതവുമായ കാര്യത്തിന്റെ മേല്‍ പോലും നമുക്ക് യാതൊരു നിയന്ത്രണവുമില്ല എന്ന് നാം ഈ കാര്യത്തില്‍ നിന്നും മനസിലാക്കുന്നു. പിന്നെ എന്റേത് എന്നു പറയുവാനായി എന്താണുള്ളത്. ശരീരവും മനസും ഇത്രയും മാത്രമാണ് നമുക്ക് ഇടപെടുവാനുള്ള പരിധി. പക്ഷെ അവക്കു മേല്‍ പോലും എന്ത് നിയന്ത്രണമാണ് നമുക്ക് ഉള്ളത്. പ്രകൃതി നമുക്ക് തരികയും തിരിച്ചെടുക്കുകയും ചെയ്യുന്ന രണ്ട് പ്രക്രിയകള്‍ എന്നു മാത്രമേ ഇതിനെ കുറിച്ച് പറയുവാനുള്ളത് ഇതില്‍ എന്റേത് എവിടെ ? ഇനി പുറമേയുള്ള കാര്യങ്ങളിലേക്കും സ്ഥിതി ഇതുതന്നെയല്ലേ? രണ്ടു തരം സമീപനങ്ങളല്ലേ നമുക്ക് ജീവിതത്തിലുടനീളം ഉള്ളത് - ഒന്ന് രാഗം, രണ്ടോ ദ്വേഷം (Attachment, Aversion) ജീവിതം തുടങ്ങുമ്പോള്‍ത്തന്നെ ഈ രണ്ടു ഭാവങ്ങളും നമ്മള്‍ പഠിക്കുന്നു, ജീവിതത്തിലുടനീളം, അതായത് ആയുസ് ഒടുങ്ങുന്നതു വരെ ജീവിതം എന്ന് പറയുന്നത് ഈ രണ്ട് ഭാവങ്ങളിലൂടെയുള്ള നമ്മുടെ ജീവിത സമീപനമാണ്, ഏത് കാര്യത്തിലും എന്ത് കാര്യത്തിലും. 3 വയസുവരെ, 70 വയസുവരെ ജീവിക്കുന്നവനാ യാലും, 90 വരെ ജീവിക്കുന്നവനായാലും ജീവിതം മുഴുവന്‍ എന്നു പറയുന്നത് ഈ രണ്ട് അവസ്ഥകളെ നിലനിര്‍ത്താനുള്ള നിരന്തരമായ അധ്വാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അജ്ഞത എന്ന അവസ്ഥയെ എന്ത് വിലകൊടുത്തും നിലനിര്‍ത്തുക (സ്വന്തം ജീവിത സമീപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതാണ് ഈ കാര്യങ്ങള്‍). 'എന്റേത്' എന്ന് സങ്കല്പിക്കുന്ന ശരീരവും മനസും എന്ന പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന അജ്ഞത. ശരീരവും മനസും ഉണ്ടായി മറയുന്ന പ്രക്രിയകളാണ്. സ്വന്തമായി നില്‌പോ, സ്വാതന്ത്ര്യമോ ഇവക്കില്ല. അഥവാ ഈ രണ്ട് പ്രക്രിയകളുടേയും യാഥാര്‍ത്ഥ്യം മിഥ്യയാണ്. ''No Matter. Never Mind'' !

ധ്യാനത്തിന്റെ ഈ ഉള്‍ക്കാഴ്ചയിലെത്തുന്ന ഏതൊരു ധ്യാനിക്കും ഭയം ഉണ്ടാവുക സ്വാഭാവികമാണ്. ഈ നിരന്തരമായ മാറ്റങ്ങള്‍, അതില്‍ അള്ളിപ്പിടിക്കാന്‍ ശ്രമിക്കുക, പരാജയപ്പെടുക, പരാജയപ്പെടുമ്പോള്‍ അനുഭവങ്ങളോടുണ്ടാകുന്ന മാനസികമായ വെറുപ്പ്. ഈ സമയം ധ്യാനി മനസിലാക്കുന്നു എവിടെയും ഒരു താങ്ങില്ലാ, ഒന്നിനും തന്നെ സഹായിക്കാനോ, ഉത്തരങ്ങള്‍ നല്കാനോ സാധിക്കില്ലാ എന്ന്. കാല്ക്കീഴിലുള്ള മണ്ണ് ഒലിച്ചു പോകുംപോലെ! അനുഭവങ്ങള്‍, അഥവാ യാഥാര്‍ത്ഥ്യം എന്നു നാം പറയുന്നതിന്റെയെല്ലാം പ്രകൃതം - അനിത്യതയും, അതൃപ്തിയും, ഒന്നും സത്തയില്ലാത്തതുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ എല്ലാം ശൂന്യം!

ഇനി ഇവിടെ നിന്ന് എങ്ങോട്ട്? എങ്ങനെ? എവിടേക്ക്? അനുഭവങ്ങള്‍ അത് ഉള്ളിലോ, പുറത്തോ ആവട്ടെ ധ്യാനിയെ സംബന്ധിച്ച് മടുപ്പുളവാക്കുന്നു തന്റെ അനുഭവങ്ങളുമായി ഒരു തരത്തിലുള്ള ബന്ധങ്ങളും അയാള്‍ ആഗ്രഹിക്കുന്നില്ല. ദ്വന്താത്മകത അയാളെ പീഢിപ്പിക്കുന്നു. ഒന്നിനോടും ഒരു പ്രത്യേക മമത കാണിക്കാതെ, പൂര്‍ണമായ വൈരാഗ്യത്തില്‍ (equanimity) അയാള്‍ എത്തിച്ചേരുന്നു. ഈ അവസ്ഥ ധ്യാനത്തില്‍ തുടരവേ, പെട്ടെന്ന് വെളിച്ചം കെടുന്നു. വീണ്ടും ബോധത്തിലേക്ക് ഉണരുമ്പോള്‍ (ചിലപ്പോള്‍ ഇത് ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന തായിരിക്കും, ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍) അയാള്‍ മനസിലാക്കുന്നു, തന്റെ ശാരീരികവും മാനസികവുമായ എല്ലാ അനുഭവപ്രക്രിയകളും നിശേഷം അവസാനിച്ചുവെന്ന്. പക്ഷെ ഇതയാള്‍ക്ക് അനുഭവമാകുന്ന നിമിഷങ്ങളില്‍ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്തെന്നാല്‍ ബോധം പൂര്‍ണമായി അയാളെ ഒഴിഞ്ഞു പോയിരുന്നു. അവശേഷിച്ചതോ ശൂന്യത മാത്രം. 

ഇത് തന്നെ നിര്‍വാണം!

ബുദ്ധന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ;

'Mere suffering exists, no sufferer is found;
The deed is, but no doer of the deed is there;
Nibbana is, but not the man who enters it;
The path is, but no traveler on it is seen.''

എല്ലാ അസ്തിത്വത്തിന്റേയും ഇല്ലായ്മയുടെ രഹസ്യം പറഞ്ഞു കൊടുത്ത ഗുരുവിനോട് ശിഷ്യന്‍ നന്ദി പറഞ്ഞു. പക്ഷെ പിന്നേയും ഒരു സംശയം ശിഷ്യന്റെ മനസില്‍ ബാക്കി നിന്നു. ശിഷ്യന്‍ ചോദിച്ചു; 'ഗുരു, എല്ലാം ശൂന്യം തന്നെ പക്ഷെ, ഇനി എവിടെ നിന്നും ഞാന്‍ എങ്ങോട്ട്?' ഇത് ചോദിച്ചതും ഗുരു അപ്രത്യക്ഷനായി! ശിഷ്യന്‍ ബോധോദയത്തിലേക്കുണര്‍ന്നു.