"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അംബേദ്കര്‍ ചിന്തയിലൂടെ ദലിതര്‍ ശക്തരാവണം - ഡോ. എം കുഞ്ഞാമന്‍
ബി. ആര്‍. അംബേദ്കറെ ഇന്ത്യയിലുള്ളവര്‍ മാത്രമല്ല. ഇതര രാജ്യങ്ങളിലുള്ള വരും അംഗീകരിക്കുന്നു. ദുര്‍ബലവിഭാഗങ്ങളുടെ മോചനത്തിനുള്ള തത്വ ശാസ്ത്രമായി യുഎസിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം അംബേദ്കറുടെ കാഴ്ചപ്പാട് അംഗീകരിക്കുന്നു്. ഇന്ത്യയില്‍ അംബേദ്കറെ ഭരണഘടനാ ശില്‍പിയായും ബഹുമുഖ പാണ്ഡിത്യമുള്ള വ്യക്തിയായും കാണുന്നു. എന്നാല്‍, രാജ്യത്തെ വികസന നയ രൂപീകരണത്തില്‍ അദ്ദേഹത്തിനു സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ പ്പോലുള്ളവരുടെ നയങ്ങള്‍ക്കാണു വികസനം സംബന്ധിച്ച് ഇന്ത്യയില്‍ സ്വാധീനമുായത്. അംബേദ്കര്‍ മുന്നോട്ടു വച്ച സാമ്പത്തിക നയങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. സാമൂഹികമായ അസമത്വം ഇല്ലായ്മ ചെയ്യാനായി വിഭാവന ചെയ്തതായിരുന്നു അംബേദ്കര്‍ മുന്നോട്ടു വച്ച സാമ്പത്തിക നയങ്ങള്‍ അവ അവഗണിക്കപ്പെട്ടു. സാമൂഹിക ശാസ്ത്ര ഘടന വളരെ ആഴത്തില്‍ പഠിച്ചയാളായിരുന്നു ഡോ.ബി.ആര്‍.അംബേദ്കര്‍. 1936 ല്‍ അദ്ദേഹം എഴുതിയ Annihilation of Caste (ജാതി ഉന്മൂലനം) ജാതി വ്യവസ്ഥയെ ആഴത്തില്‍ വിശകലനം ചെയ്തു. ജാതിവ്യവസ്ഥയെ സമൂഹത്തിന്റെ ഉപരിഘടനയായല്ല. മൂല ഘടനയായി അദ്ദേഹം കണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതിവ്യവസ്ഥയെ ഉപരിഘടനാ പ്രതിഭാസമായി കണ്ടതു തെറ്റാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ആധുനിക മുതലാളിത്ത സാമ്പത്തിക ക്രമം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഫ്യൂഡല്‍ സാമൂഹികക്രമവും കൂടെയുണ്ട്. ഇതൊരു വൈരുധ്യമാണ്. ഇന്ത്യയില്‍ ഇപ്പോഴും പലരും ജാത്യാധിഷ്ഠിതമായി ചിന്തിക്കുന്നു. ഉന്നത ജാതിക്കാര്‍ മാത്രമല്ല. ദലിതരും ജാതീയമായി ചിന്തിക്കുന്നു. ജാതി വിവേചനം അപ്രത്യക്ഷമായിട്ടില്ല. മറിച്ച്, പല രൂപത്തിലും ഭാവത്തിലും അതു നിലനില്‍ക്കുന്നു. ഉദാഹരണമായി മാധ്യമരംഗത്തെ പരിഗണിക്കാം അച്ചടി - ഇലക്‌ട്രോണിക് മാധ്യമ രംഗത്ത് ആദിവാസി - ദലിത് പ്രാതിനിധ്യം ഇല്ലെന്നു തന്നെ പറയാം. മാധ്യമരംഗം ജാതീയമായി ഉയര്‍ന്നവരുടെ നിയന്ത്രണത്തിലാണ്. ഉന്നതവിദ്യാഭ്യാസം രംഗം മറ്റൊരു ഉദാഹരണമാണ്. ഇന്ത്യയിലെ സര്‍വകലാശാലകളിലെ പ്രാഫസര്‍മാരിലും അദ്ധ്യാപകരിലും 6.5 % മാത്രമാണു ദലിതര്‍. മാധ്യമരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തുമാണ് ആശയ രൂപീകരണം നടക്കുന്നത്. ഈ രണ്ടു രംഗങ്ങളിലും സാന്നിധ്യമാകാന്‍ ദലിതര്‍ക്കു കഴിഞ്ഞിട്ടില്ല. ദലിതര്‍ക്ക് ഈ മേഖലകളില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല. ആശയ രൂപീകരണ രംഗത്തേക്കു ദലിതര്‍ ഉയര്‍ന്നുവരണം എങ്കില്‍ മാത്രമേ അംബേദ്കര്‍ വിഭാവന ചെയ്ത പുരോഗമനം ദലിതര്‍ക്ക് ഉണ്ടാവൂ. ദലിത് രാഷ്ട്ര പതി ഉണ്ടായിരുന്നെങ്കിലും ദലിത് എഴുത്തുകാര്‍, ദലിത് ശാസ്ത്രജ്ഞര്‍ എന്നിങ്ങനെയൊന്നും ആരും ഉയര്‍ന്നു വരുന്നില്ല. ബുദ്ധിപരമായ മേഖലകളിലേക്കു ദലിതര്‍ ഉയര്‍ന്നുവരുവാന്‍ അനുവദിക്കുന്നില്ലെന്നതും കാണേതാണ്. അത്തരം നീക്കങ്ങള്‍ ഹൈദരാബാദ് സര്‍വകലാശാലയിലേതു പോലുള്ള സംഭവങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെടുന്നു. അംബേദ്കര്‍ വിദേശത്തു പോയി പഠിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍ മറ്റുള്ളവര്‍ക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രതിമ നോക്കൂ. ആരെയും ഭയപ്പെടാതെയുള്ള നിശ്ചയ ദാര്‍ഢ്യം കാണാം. ധൈര്യമുള്ള ചിന്തകനായിരുന്നു അംബേദ്കര്‍. ആ ധൈര്യമായിരുന്നു അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. അംബേദ്കര്‍ ചരിത്രം ആഴത്തില്‍ പഠിച്ചിരുന്നു ചരിത്രം അവഗണിക്കുന്നവര്‍ക്കു ചരിത്രം സൃഷ്ടിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി ആ വിഭാഗത്തില്‍പ്പെടുന്നവര്‍ ചരിത്രം നന്നായി പഠിക്കേതുണ്ട്.

ഭൂപരിഷ്‌കരണം വന്നിട്ടും കേരള ദലിതര്‍ക്കു കൃഷിഭൂമി കിട്ടിയില്ല. ഭൂപരിഷ്‌കരണം മൂലം ദലിതര്‍ക്കു കര്‍ഷകരാവാന്‍ കഴിഞ്ഞില്ല. നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി അവര്‍ക്ക് ഇപ്പോള്‍ സംരംഭകരാകാന്‍ കഴിയുന്നുണ്ട്. ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനു സാധ്യതയേകുന്ന നയമാണത്. പുണെയില്‍ ഡിക്കി ( ദലിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി) യുടെ കീഴില്‍ മൂവായിരത്തോളം ദലിത് സംരംഭകരുണ്ട്. ധാരാളം പേര്‍ക്കു തൊഴില്‍ നല്‍കാനും ഈ സംരംഭകര്‍ക്കു കഴിയുന്നു. ഞങ്ങള്‍ തൊഴില്‍ അന്വേഷണകരല്ല. തൊഴില്‍ദായകരാണ് എന്നതാണ് ഈ സംരംഭകര്‍ എടുത്തു പറയുന്നത്. ഇത്തരം സംരംഭങ്ങളിലൂടെ ദലിതര്‍ സാമ്പത്തികമായി മുന്‍നിരയിലെ ത്തണം സര്‍ക്കാരിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോവാം എന്ന ചിന്ത മാറ്റണം അംബേദ്കറെപ്പോലെ നന്നായി പഠിച്ച്, സ്വതന്ത്രമായി ചിന്തിച്ച് സര്‍ക്കാരിലുള്ള ആശ്രയത്വം അവസാനിപ്പിക്കണം. ദലിതരെ സര്‍ക്കാര്‍ പാവപ്പെട്ടവരായും നിസ്സഹായരായും കാണുന്നു. അതു ദലിത് സമൂഹത്തിനു ഗുണകരമല്ല. ആശ്രിതരാവാന്‍ പാടില്ലെന്നാണ് അംബേദ്കര്‍ പറഞ്ഞ്. അംബേദ്കറുടെ ജീവിതത്തില്‍ നിന്നു തന്നെ പലതും പഠിക്കാനുണ്ട്. ദലിതര്‍ മുന്നോട്ട് വരണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടണം. സംസാരഭാഷയിലും സാഹിത്യത്തിലും വേണം ഈ പ്രാവീണ്യം. മാതൃഭാഷയെ അവഗണിക്കണമെന്നല്ല അതിന്റെ അര്‍ഥം. പുതിയ ലോകത്തില്‍ ഇംഗ്ലീഷിനുള്ള പ്രധാന്യം അവഗണിക്കാനാവില്ല. അംബേദ്കര്‍ ഉയര്‍ന്നു വന്നതിന്റെ ഒരു കാരണം അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷയിലുള്ള ജ്ഞാനമായിരുന്നു. മാതൃഭാഷയില്‍ പഠിച്ചാല്‍ മതി എന്നു ദലിതരോടു രാഷ്ട്രീയക്കാര്‍ പറയും. അവര്‍ക്ക് മുദ്രവാക്യം വിളിക്കാനും പോലീസിന്റെ തല്ലുകൊള്ളാനും ആളെ വേണം എന്നതിനാലാണ് അങ്ങനെ പറയുന്നത്. അങ്ങനെ ഉപദേശിക്കുന്നവര്‍ തന്നെ അവരുടെ മക്കളെ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന മികച്ച സ്‌കൂളുകളിലാണ് അയയ്ക്കുന്നത്. എത്ര പാര്‍ട്ടികളുടെ ഇന്നത സ്ഥലങ്ങളില്‍ ദലിതരുണ്ട് ?. സിപിഎമ്മിന്റെ പോളീറ്റ് ബ്യൂറോയില്‍ ദലിതന്‍ ഇല്ല. മറ്റു പാര്‍ട്ടികളുടെ സ്ഥിതിയും ഇതു തന്നെ. ജാതി വ്യവസ്ഥയുടെ അടിത്തറ ഇളക്കാന്‍ ഇപ്പോഴുമായിട്ടില്ല. ജാതിവ്യവസ്ഥ ഇല്ലാതാകണം എന്നാണ് അംബേദ്കര്‍ പറഞ്ഞത്. എന്നാല്‍, ജാതി വ്യവസ്ഥ നിലനില്‍ക്കണമെന്ന നിലപാടെടുക്കുന്ന ദലിതരുമുണ്ട്. അവര്‍ ജാതിയെ ഉപയോഗിക്കുന്നവരാണ്. അംബേദ്കറെ തെറ്റായ രീതിയില്‍ മനസ്സിലാ ക്കിയവരാണ് ഇക്കൂട്ടര്‍. ധൈഷണിക മേഖലയെ സ്വാധീനിക്കുമ്പോഴെ ദലിതര്‍ ശക്തരാവൂ. ഇല്ലെങ്കില്‍ കടമെടുത്ത ചിന്താഗതിയാവും അവരെ നയിക്കുന്നത്.

കടപ്പാട്: മലയാള മനോരമ