"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വേണ്ടത് ഹിന്ദു ഐക്യമല്ല - റ്റി.സി.വൈ കാണക്കാരി, തിരുമാറാടി


സൈന്ധവമൊഴി എന്ന സ്വതന്ത്ര രാഷ്ട്രീയ സംസ്‌ക്കാരിക മാസികയുടെ 2016 ജനുവരി ലക്കം വായിച്ചു. ആദ്യമായിട്ടാണ് ഈ മാസിക കാണുന്നതും വായിക്കുന്നതും. പ്രസിദ്ധീകരണങ്ങളുടെ പ്രളയത്തിനിടയില്‍ സമാന്തര ശൈലിയിലുള്ള ഒരു പ്രസിദ്ധീകരണം വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. സൈന്ധവമൊഴിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തികൊള്ളട്ടെ.

ശ്രീ കുറിച്ചി സദന്‍ രചിച്ച വേണ്ടതു ഹിന്ദു ഐക്യമല്ല എന്ന ലഘുലേഖനം, ഇന്നത്ത കേരള സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന രാഷ്ട്രീയ വീക്ഷണമാണ്. വേണ്ടത് എന്താണെന്നുള്ള നിര്‍ദ്ദേശം അവസാന ഭാഗത്ത് ചേര്‍ത്തിരിക്കുന്നു.

ദാരിദ്രമുള്‍പ്പെടെയുള്ള സാമൂഹ്യ ജീര്‍ണ്ണതകള്‍ ഇന്ന് അനുഭവിക്കുന്നത് ജാതിയുടേയോ മതത്തിന്റെയോ പേരിലല്ല. എല്ലാ ജാതികളിലും ദരിദ്രരെ ഇന്നു കാണാം . ജാതിക്കും മതത്തിനും അടിമയായി ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവരെ മനുഷ്യരായി കാണുവാന്‍ പോലും സാദ്ധ്യമല്ല. അടിമകച്ചവടവും അയിത്താചാരങ്ങളും എല്ലാ മതങ്ങളുടേയും സംഭാവനകളാണ്.

ഇന്നും ഇന്‍ഡ്യന്‍ ഭരണകൂടം സവര്‍ണ്ണ ജാതികോമരങ്ങളുടെ മേല്‍ക്കോയ്മയാണെന്നു പറഞ്ഞാല്‍ മേലെക്കിടയിലുള്ളവര്‍ക്ക് അംഗീകരിക്കുവാന്‍ പ്രയാസം തോന്നും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ദലിത് പീഡനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ രൂക്ഷത നമുക്കു മനസ്സിലാക്കാം.

അപരിഷ്‌കൃത കാലത്ത് ഇന്‍ഡ്യയില്‍ കച്ചവടത്തിനു വന്നവര്‍ - ( പുരുഷന്മാര്‍ മാത്രം) രാജ്യത്തിന്റെ സമ്പത്തുകള്‍ കവരുകയും - രാജ്യമാകെ തന്നെ ബല പ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും സ്ത്രീകളെ ബലമായി പിടിച്ചു കൊണ്ടുപോയി അന്ത: പുരവാസികളാക്കിയും - സ്വന്തക്കാര്‍ ബന്ധപ്പെടാതിരിക്കാന്‍ അയിത്താചാരം സ്ഥാപിക്കുകയും ചെയ്ത നീചന്മാരാണ്, സവര്‍ണ്ണജാതിക്കോമരങ്ങള്‍ ഇത് ഇവിടെ പറയുവാന്‍ കാരണം ഇന്‍ഡ്യയിലെ അഥവാ കേരളത്തിലെ - അയിത്ത ജാതിക്കാരായ അവര്‍ണ്ണന്‍ - ഒരിക്കലും ജാതികളല്ല. അവര്‍ണ്ണര്‍ക്ക് ജാതിയും മതവും ദൈവവുമില്ല.

ജാതി നിലവില്‍ ഉള്ളവര്‍ അവരുടെ പേരിന്റെ അറ്റത്ത് ഒരു പദവി പോലെ ജാതി പ്രഖ്യാപിച്ചിരിക്കും. സവര്‍ണ്ണന്റെ പേരിനോടൊപ്പം അത് ഇന്നും നില നില്ക്കുന്നു. അവര്‍ണ്ണന്‍ ഒരിക്കലും ഐക്യപ്പെടാതിരിക്കുവാന്‍ സവര്‍ണ്ണ മതങ്ങള്‍ അവര്‍ണ്ണരെ തരംപോലെ വിഭജിച്ച് ഈഴവനെന്നും തിയ്യനെന്നും പുലയനെന്നും പറയനുമെന്നൊക്കെ പറഞ്ഞ് ഭിന്നിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു.

സവര്‍ണ്ണ മേധാവിത്വമുള്ള ഭരണകൂടങ്ങള്‍ ഇന്‍ഡ്യന്‍ ജനതയില്‍ ദരിദ്രരെ സൃഷ്ടിക്കുന്ന പദ്ധതി പോലെ അവര്‍ണ്ണരില്‍ ബഹു ഭൂരിപക്ഷവും ദരിദ്രരായിമാറുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുമ്പോള്‍ ദരിദ്രരുടെ എണ്ണം വര്‍ദ്ധിച്ചേതീരു !

അവര്‍ണ്ണ സമുദായങ്ങളുടെ സംഘടനാ നേതൃത്വങ്ങള്‍ പോലും സവര്‍ണ്ണര്‍ക്ക് അനുകുലമായിട്ടാണ് സ്വന്തം ജാതി സംഘടനകളെ നയിക്കുന്നത്. സവര്‍ണ്ണമതങ്ങളുടേയും ദൈവങ്ങളുടേയും പേരില്‍ അവര്‍ണ്ണരെയെന്നും ഭിന്നിപ്പിച്ചു നിര്‍ത്തുന്ന പൗരോഹിത്യ തന്ത്രം പോലെ - പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കക്ഷി രാഷ്ട്രീയക്കാര്‍ തൊഴിലാളി വര്‍ഗ്ഗത്തെ വിവിധ തലങ്ങളില്‍ ഭിന്നിപ്പിച്ച് മുതലെടുപ്പു നടത്തുന്നു. അഭ്യസ്ത വിദ്യരായ അവര്‍ണ്ണര്‍ പോലും ദരിദ്രകോടികളെ ജാതി - മത രാഷ്ട്രീയ തലങ്ങളിലുള്ള ഭിന്നിപ്പിക്കല്‍ നയം തിരിച്ചറിയുന്നില്ല.

വേണ്ടതു ഹിന്ദു ഐക്യമല്ല എന്ന ആ ലേഖനത്തില്‍ ചൂണ്ടി കാണിച്ച വഴിയിലൂടെ നമുക്കൊന്നു സഞ്ചരിച്ചു നോക്കാം.