"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

നിര്‍മാണമേഖല: ഇരുമ്പു സംസ്‌കൃതി - ശശിക്കുട്ടന്‍ വാകത്താനം


കല്ലറകളെ വായിച്ചെടുക്കുന്നതിലൂടെയാണ് ഇരുമ്പുസംസ്‌കൃതിയിലേക്ക് കേരളം എത്തുന്നത്. ഈ സ്മാരകങ്ങളില്‍നിന്ന് ഇരുമ്പുകൊണ്ടുള്ള കൊഴു(കലപ്പ)മണ്‍വെട്ടി, മണ്‍കോരികള്‍, കൊളുത്തുകള്‍ ആണി, കത്തി, വാള്‍, കുന്തം, എന്നിങ്ങനെ നിരവധി ഉപകരണങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ചരിത്രത്തില്‍ വിപ്ലവാത്മക ചലനം സൃഷ്ടിച്ച ഇരുമ്പിന്റെ കണ്ടെത്തല്‍ ലോകരാഷ്ട്രങ്ങള്‍ക്കു കയ്യെത്താത്ത ദൂരത്തായിരുന്ന പ്പോഴാണ് കേരളം ഇരുമ്പുയുഗത്തിലേക്കു കടന്നത്. ഇവിടെ കച്ചവടത്തിനായി വന്ന വിദേശിയര്‍ക്ക് ഇരുമ്പ് അജ്ഞാതമായിരുന്നു. അവര്‍കൊണ്ടുവന്ന ലോഹങ്ങളുടെ കൂട്ടത്തില്‍ ഇരുമ്പുണ്ടായിരുന്നില്ല.

ചരിത്രത്തില്‍ ഇരുമ്പിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. ബി സി 1000 ത്തിനു മധ്യത്തോടെ ഇരുമ്പിന്റെ സാങ്കേതികവിദ്യ ദക്ഷിണേന്ത്യയില്‍ വ്യാപകമായരീതിയില്‍ പ്രചരിച്ചിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്. ക്രി മു. 5-ാം ശതകത്തോടെയോ അഥവാ അല്‍പം കഴിഞ്ഞോ കേരളത്തിലും ഇരുമ്പു പ്രചരിച്ചിരുന്നു എന്നനുമാനിക്കാം.(മധ്യകാലചരിത്രം- രാഘവവാര്യര്‍)തെക്കെ ഇന്ത്യയില്‍ ഇരുമ്പുയുഗം തുടങ്ങുന്നത് ബി സി 700 നും 400 നും ഇടക്കാണ്. കൊച്ചിസ്റ്റേറ്റുമാനുവലില്‍ സി. അച്യുതമേനോന്‍ ഇരുമ്പുവ്യവസായത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. ''തലപ്പള്ളി ചിറ്റൂര്‍ താലൂക്കുകളില്‍ ഇരുമ്പിന്റെ ഉപയോഗം പ്രചാരത്തിലിരുന്നു. എന്നാല്‍ അരനൂറ്റാണ്ടിനുമുമ്പുണ്ടായ വിലകുറഞ്ഞ ഇംഗ്ലീഷ് ലോഹങ്ങളുടെ കടന്നേറ്റം ഈ നാടന്‍ വ്യവസായത്തെ നിഹനിച്ചു കളഞ്ഞു. ഇരുമ്പുണ്ടാക്കുന്നതിനുപയോഗിച്ചിരുന്ന ഉലകളുടെ അവശിഷ്ടങ്ങള്‍ ഈ താലൂക്കുകളില്‍ ഈ അടുത്തകാലം വരെ കണ്ടിരുന്നു.''

നാടന്‍ ഇരുമ്പുവ്യവസായത്തിന്റെ ഒരു കേന്ദ്രമായിരുന്നു കുന്നത്തുനാട് താലൂക്കെന്ന് ഐ. സി ചാക്കോ തന്റെ ജിയോളജി ഓഫ് ട്രാവന്‍കൂര്‍ (1921) എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മലബാറിലെ ഇരുമ്പുവ്യവസായത്തെക്കുറിച്ച് ഡോ. ഫ്രാന്‍സീസ് ബുക്കാനന്‍ തന്റെ Journer through Mysore, Canara and Malabar (1800) എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. മലബാര്‍ ഡിസ്ട്രിക് ഗസറ്റിയറില്‍ സി. ഐ ഇന്നീസ് എഴുതിയിരിക്കുന്നു ''ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കുന്നുകളിലായാലും സമതലങ്ങളി ലായാലും ഇരുമ്പയിര് നിറഞ്ഞിരിക്കുകയാണ്. വേണ്ടത്ര കല്‍ക്കരി ലഭിക്കുകയാ ണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായകേന്ദ്രമായി മലബാറിനുയരാം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ ഡോ. ബുക്കാനന്‍ സഞ്ചരിച്ചപ്പോള്‍ വള്ളുവനാടു താലൂക്കിലെ അങ്ങാടിപ്പുറത്തുമാത്രമായി 34 ഉലകള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടുവത്രെ. 1848ല്‍ ഇരുമ്പുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ബേപ്പൂരില്‍ നിലവിലുണ്ടായി രുന്നു. എന്നാല്‍ ഇംഗ്ലീഷ് ലോഹങ്ങളുടെ കടന്നുവരവോടുകൂടി നാടന്‍ വ്യവസായങ്ങള്‍ തകര്‍ന്നു പോയി. ഏറനാടു താലൂക്കിലെ കരുവാരകുണ്ടിനടുത്ത് ഒന്നോ രണ്ടോ ഉലകള്‍ തനി നാടന്‍ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൊല്ലം ജില്ലയിലെ മങ്ങാട്ടു നിന്നും കണ്ടെടുത്ത ഇരുമ്പുപകരണങ്ങളുടെ കാര്‍ബണ്‍ പരിശോധന വ്യക്തമാക്കുന്നത് ക്രിസ്തുവിനു മുന്‍പ് തൊണ്ണൂറാം മാണ്ടടുത്ത് കേരളത്തില്‍ ഇരുമ്പു കണ്ടെത്തിയിരുന്നു എന്നാണ്. ഇരുമ്പു കണ്ടെത്തുന്നതു സംബന്ധിച്ച് നിരവധിപരാമര്‍ശങ്ങള്‍ കേരള ചരിത്രത്തിലുണ്ട്. കേരളത്തെ ഒരു കാര്‍ഷികപ്രദേശമാക്കിമാറ്റിയത് ഇരുമ്പിന്റെ കണ്ടെത്തലാണ്. ഇടതൂര്‍ന്ന വനങ്ങള്‍ വെട്ടിവെളുപ്പിക്കാന്‍ ഇരുമ്പായുധങ്ങള്‍ കൂടിയേ മതിയാവൂ. കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, ഏലം തുടങ്ങിയവയുടെ കൃഷിക്കും, കപ്പല്‍, ഉരുക്കള്‍ തുടങ്ങിയവയുടെ നിര്‍മ്മിതിക്കും ഇരുമ്പായുധങ്ങളുടെ കണ്ടെത്തല്‍ അനിവാര്യമായിരുന്നു.

കേരളത്തിന്റെ ഇരുമ്പുസംസ്‌കൃതിയെക്കുറിച്ചു മനസിലാക്കണമെങ്കില്‍കേരളത്തില്‍ അങ്ങിങ്ങായികാണുന്ന വന്‍തോതിലുള്ള കീടന്‍കല്ലുകളുടെ സാന്നിദ്ധ്യം മാത്രം മതിയാവും. ഇരുമ്പുരുക്കിയെടുക്കുന്നതിന്റെ അപദ്രവ്യമാണ് കീടന്‍കല്ലുകള്‍. കേരളത്തില്‍ എവിടെചെന്നാലും കേള്‍ക്കാന്‍ കഴിയുന്ന കൊല്ലന്‍പറമ്പുകള്‍ കേരളത്തിന്റെ ഇരുമ്പുസംസ്‌കൃതിയുടെ നേര്‍കേഴ്‌വിയാണ്. ഇരുമ്പ് കണ്ടെത്തുന്ന തിനു മുന്‍പ് ചെമ്പും വെളുത്തീയവും ചേര്‍ത്തുണ്ടാക്കിയിരുന്ന വെങ്കലക്കോടാലി ആയിരുന്നു ഉപയോഗത്തിലിരുന്നത് ലോകത്തിന് ഇന്നും അത്ഭുതം സൃഷ്ടിക്കുന്ന ഡല്‍ഹിയിലെ തുരുമ്പിക്കാത്ത ഇരുമ്പുസ്തംഭം ഇന്ത്യയിലെ ഇരുമ്പുവിദ്യയുടെ ഏറ്റവുംവലിയ ഉദാഹരണമാണ്. (അടിയിലെ വ്യാസം 16.4 ഇഞ്ചുമുതല്‍ മുകളില്‍ 12.5 വരെയാണ്. ഭാരം 6 ടണ്‍, ഇരുപത്തിനാലര അടിപൊക്കം. ഇത്തരത്തിലൊരു സ്തംഭം ലോഹവാര്‍പ്പുശാലയില്‍ (foundry) നിര്‍മ്മിക്കാന്‍ കഴിഞ്ഞത് സമീപകാലത്തു മാത്രമാണ്.)

പഞ്ചാബ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ ഇവിടങ്ങളില്‍ നിന്ന് ഇരുമ്പായുധ ങ്ങളും ആണികളും ചൂണ്ടക്കൊളുത്തുകളും, കോടാലികളും ഉളികളും തുടങ്ങി നിരവധി വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. ഡക്കാന്‍പ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകള്‍ ഇവിടങ്ങളില്‍ ഇരുമ്പിന്റെ വന്‍ശേഖരമുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ ഇരുമ്പൈരിന്റെ ഒരു കേന്ദ്രമാണ്.

മഹാശിലാസംസ്‌കൃതിയുടെയും തുടര്‍ന്നുള്ള ഇരുമ്പുസംസ്‌കരണത്തിന്റെയും തെളിവുകളാണ് പുരാണകിട്ടം (പുരാണകീടം - കീടന്‍കല്ല്) അയിരില്‍ നിന്നും ഇരുമ്പുവേര്‍തിരിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപദ്രവ്യമാണ് പുരാണകീടം.(iron slag). കേരളത്തില്‍ പലയിടങ്ങളിലും ഏറിയും കുറഞ്ഞും പുരാണകിട്ടം കണ്ടുവരുന്നത് കേരളത്തിലെ വിപുലമായ ഇരുമ്പു സംസ്‌കൃതിയുടെ തെളിവാണ്. കടവല്ലൂര്‍, ദേശമംഗലം, ആനപ്പാറ, ചെറുതുരുത്തിക്കടുത്തുള്ള പാഞ്ഞാള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പുരാണകീടം കുന്നുകൂടിക്കിടക്കുന്നുണ്ട്.