"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

കാലത്തെ വെല്ലുവിളിച്ച മഹാത്മാ അയ്യന്‍കാളി: നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചത് - കുന്നുകുഴി എസ് മണി.


ഒട്ടേറെ സംഭവപരമ്പരകള്‍ക്കും ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയാകേണ്ടിവന്ന ഒരു ഗ്രാമം തിരുവനന്തപുരം നഗരത്തിന് തെക്കുമാറി സ്ഥിതി ചെയ്യുന്നു. വെറും ഗ്രാമമല്ല.ഇതിനൊരു പേരുണ്ട് വെങ്ങാന്നൂര്‍. അവിടെ രണ്ട് തലമുറകള്‍ക്ക് മുമ്പ് നടന്ന ചില സംഭവപരമ്പരകള്‍ തിരുവിതാംകൂറിനെയെന്നല്ല കേരളത്തെ ആകെ തന്നെ പിടിച്ചുലയ്ക്കുന്നവയായിരുന്നു.ആ സംഭവപരമ്പരകള്‍ക്ക് സാക്ഷികളായിരുന്നവര്‍ കാലത്തിന്റെ കുത്തൊഴിക്കില്‍പ്പെട്ട് മണ്‍മറഞ്ഞിരിക്കുന്നു.ആ തലമുറകള്‍ അടുത്ത തലമുറയിലേയ്ക്ക് പകര്‍ന്ന് കൊടുത്ത സംഭവങ്ങള്‍,അനുമാനങ്ങള്‍,കേട്ടുകേള്‍വികള്‍ പുതിയ മൂന്നാംതലമുറയിലെ ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടാവാം.പക്ഷെ അവയ്‌ക്കൊന്നും വേണ്ടത്ര വ്യക്തതയോ യാഥാര്‍ത്ഥ്യമോ പോര.

എനിക്കെത്തേണ്ടിയിരുന്നത് പെരുങ്കാറ്റുവിളയില്‍ രണ്ട് തലമുറക്കാലത്തിന് മുമ്പുണ്ടായിരുന്ന പ്ലാവറത്തല വീട്ടിലേക്കാണ്.ഉച്ചവെയിലിന്റെ തീഷ്ണതയേറ്റ് പലരോടും അന്വേഷിച്ചു.അന്വേഷിക്കുക കണ്ടെത്തുമെന്നാണല്ലോ പ്രമാണം.ഈ പ്ലാവറത്തലവീട് എവിടെയാണ്?ചരിത്രത്തിലുണ്ടെങ്കിലും നാട്ടുകാരില്‍ പലര്‍ക്കും അങ്ങിനെ ഒരു വീടിനെ കുറിച്ച് അറിയില്ല.കാരണം അവരെല്ലാം പുതിയ തലമുറയിലെ വ്യക്തികളാണ്.പക്ഷെ എങ്ങിനെയും പ്ലാവറത്തല വീട് ഇരുന്ന സ്ഥലം കണ്ടെത്തി. ഇന്നതൊരു വെറും പുരയിടമാണ്.ചരിത്രത്തില്‍ പറയുന്ന പ്ലാവറത്തല വീട് അവിടെയില്ല.എല്ലാം തകര്‍ന്ന് നാമാവശേഷമായി പോയിരിക്കുന്നു.ഞാനിപ്പോള്‍ നില്‍ക്കുന്നത് കേരളത്തിന്റെ ദുഷിച്ചു നാറിയ സാമൂഹ്യവ്യവസ്ഥിതിയില്‍ നവോത്ഥാന വിപ്ലവത്തിന് തീകൊളുത്തിയ മഹാനുഭവന്‍ ജനിച്ചു വളര്‍ന്ന മണ്ണിലാണ്.ആ വീരപുരുഷന്റെ പാദസ്പര്‍ശം കൊണ്ട് സംപൂജ്യമായ മണ്ണ്.ആ മണ്‍തരികളില്‍ എന്റെ പാദസ്പര്‍ശമേറ്റപ്പോള്‍ തന്നെ ശരീരമാകെ വിദ്യുല്‍പ്രവാഹം കണക്കേ കോരിത്തരിച്ചുപോയി.ഒന്നര നൂറ്റാണ്ടിനുള്ളില്‍ ഈ മണ്ണില്‍ ജനിച്ച നിരക്ഷരനായ മനുഷ്യനായിരുന്നല്ലോ ജീവിതം നിഷേധിച്ച മനുഷ്യാവകാശങ്ങള്‍ നിരസിച്ച ഒരു ജനതയുടെ അവകാശ സംരക്ഷണത്തിനായി പോരാടാന്‍ ജീവിതം ഹോമിച്ചത്.ജന്മി, കുടിയാന്‍ ബന്ധത്തിലെ അസന്തുലിതാവസ്ഥയുടെ തീവ്രത തച്ചുടയ്ക്കാന്‍ ചരിത്രത്തില്‍ ആദ്യമായി വില്ലുവണ്ടി തെളിച്ച മഹാരഥന്‍!

കേരളത്തില്‍ ആര്യവല്‍ക്കരണം സംഭവിക്കും മുന്‍പ് നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു ജനതയായിരുന്നു കീഴാള വിഭാഗങ്ങള്‍. അവരുടെ മാത്രമായ വ്യക്തമായ ചരിത്രം കണ്ടെത്തേണ്ടതായിട്ടും എഴുതപ്പെടേണ്ടതായിട്ടുമുണ്ട്. കേരള ചരിത്രം രചിച്ചവരാരും തന്നെ ഇവിടത്തെ കീഴാളരുടെ വ്യക്തമായ ചരിത്രം രചിച്ചിട്ടില്ല. പക്ഷെ അവരുടെ ചരിത്രം വളരെയേറെ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. ക്രി.വ.5-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ മൂന്നു വലിയ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. തെക്ക് ആയ് രാജ്യം, നടുക്ക് ചേരരാജ്യം, വടക്ക് ഏഴില്‍മലരാജ്യം (വടക്കേ മലബാറും, കാസര്‍കോടു പ്രദേശങ്ങളും) ആയ് രാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു വള്ളുവരാജാക്കന്മാര്‍. ക്രി.പി.ഏഴാം നൂറ്റാണ്ടില്‍ ഇരണിയല്‍-മുട്ടം പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട വള്ളുവനാട് ഭരിച്ചിരുന്നത് നാഞ്ചില്‍ വള്ളുവന്‍ എന്ന പുലയ രാജാവായിരുന്നു. ചില ചരിത്രകാരന്മാര്‍ ഈ വള്ളുവ രാജാക്കന്മാരെയും വള്ളുവരെ തന്നേയും പറയരായി ചിത്രീകരിച്ചു പേരുന്നുണ്ട്. പുലയരുടെ സ്ഥാനിയര്‍ കൂടിയാണ് വള്ളുവപുലയന്‍ എന്നത്. നാഞ്ചില്‍ വള്ളുവരാജാവിനെക്കുറിച്ച് സംഘകാല കൃതിയായ പുറനാനൂറില്‍ 137, 138, 139 എന്നീ ഗാനങ്ങളില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. 1 ആയ് രാജാക്കന്മാരുടെ കാലഘട്ടത്തില്‍തന്നെ പെരുമാട്ടുകാളി (വള്ളുവത്തി) യെന്ന പുലയ സ്ത്രീ അനന്തന്‍ കാട്ടില്‍ സ്ഥാപിച്ചാരാധി ച്ചിരുന്ന 'ചാമിക്കല്‍' (ഈശ്വരബിംബം) ആയ് രാജാവ് മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ പെരുമാട്ടു കാളിയില്‍ നിന്നും വാങ്ങി ശ്രീപത്മനാഭസ്വാമിക്ഷേത്ര നിര്‍മ്മാണം നടത്തിയതായി മതിലകം രേഖകള്‍ ഉണ്ട്. ചാമിക്കല്ലും ആ പ്രദേശവും വിട്ടുകൊടുത്തതിന് പ്രത്യുപകാരമായി പുത്തരിക്കണ്ടം ഉള്‍ക്കൊള്ളുന്ന 75 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കരമൊഴിവാക്കി മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ പെരുമാട്ടുകാളിക്കും കുടുംബത്തിനും പതിച്ചുനല്‍കിയിരുന്നു. 2 മാത്രമല്ല ക്ഷേത്രത്തില്‍ നെല്ലുകുത്താനുള്ള അവകാശവും അവര്‍ക്ക് നല്‍കിയതായി മതിലകം രേഖകളിലുണ്ട്. ഈ രേഖകള്‍ എല്ലാം ഇന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്.


പെരുമാട്ടു കാളിയുടെ സന്തതി പരമ്പരയില്‍പ്പെട്ട കോതന്‍ എന്ന പുലയരാജാവ് തിരുവനന്തപുരത്ത് വേളീകായലിനു സമീപം പുലയനാര്‍കോട്ട ആസ്ഥാനമാക്കിയും, അദ്ദേഹത്തിന്റെ ഇളയസഹോദരി കോതറാണി നെടുമങ്ങാടിനു സമീപം (ഇളവള്ളുവനാട്) കൊക്കോതമംഗലം ആസ്ഥാനമാക്കിയും ഉമയമ്മ മഹാറാണിയുടെ കാലത്ത് ഭരണം നടത്തിയിരുന്നു. ഉമയമ്മറാണിയും കോതറാണിയും തമ്മില്‍ വലിയ ചങ്ങാത്തത്തിലുമായിരുന്നു. പുലയനാര്‍ കോട്ടയിലും, കൊക്കോതമംഗലത്തും അതിന്റെ ശേഷിപ്പുകള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. പുലയനാര്‍കോട്ട കോതന്‍ രാജാവിന്റെ കൊട്ടരക്കെട്ടുകള്‍ ആശുപത്രി സ്ഥാപിച്ചശേഷവും അവിടെ നിലനിന്നിരുന്നു. ഈ വന്‍ കിണറ്റിലാണ് ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടകള്‍ കൊക്കോതമംഗലം ആക്രമിച്ചപ്പോള്‍ രക്ഷപ്പെട്ടുവന്ന കോതറാണിയുടെ മകള്‍ ആതിരറാണി കുതിരയോടൊപ്പം ചാടി ആത്മഹൂതി ചെയ്തത്. കൂടാതെ വേളിക്കായ ലിന്റെ മദ്ധ്യത്തില്‍ രാജാവിന്റെ ബാന്റ് മണ്ഡപം സ്ഥിതി ചെയ്യുന്നുണ്ട്.അടുത്തിടെ കോതന്‍ രാജാവിന്റെ സ്വയം ഭൂവായ അമ്മദൈവക്ഷേത്രം മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കൈവശാവകാശക്കാരന്‍ അവിടെ ക്ഷേത്രം പുനഃനിര്‍മ്മാണം നടത്തിവരികയാണ്. ഇതില്‍പ്പരം മറ്റൊരു തെളിവ് പുലയനാര്‍കോട്ടയിലെ കോതന്‍ രാജാവിനെക്കുറിച്ച് വേണമെന്നില്ല. കൊക്കോത മംഗലത്തെ ശേഷിപ്പായി കോതറാണിയുടെ കൊട്ടാരക്കെട്ടുകള്‍ സ്ഥിതിചെയ്തിരുന്ന കൊറ്റാമലക്കുന്നും കോട്ടമതിലിന്റെ ജീര്‍ണാവസ്ഥയിലുള്ള മതിലും കാണാവുന്നതാണ്. ഇവയെല്ലാം ഒരു കാലത്തെ പുലയ പ്രതാപത്തിന്റെ നിത്യസ്മാരകങ്ങളായി കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്നവയാണ്. കോതറാണിയുടെ മൂത്ത സഹോദരി കണ്ണമാല താമസിച്ചിരുന്ന ഭാഗത്തെയാണ് കണ്ണമാല ലോപിച്ച് കണ്ണമ്മൂലയായി അറിയപ്പെടുന്ന പ്രദേശം. ഇനിയുമുണ്ട് പുലയരിലെ രാജാക്കന്മാരും അവരുടെ രാജസ്ഥാനങ്ങളും. ഏറനാട്ടിലെ കണ്ണന്‍ കോട്ടുപാറകോട്ടയും, കന്യാകുമാരിക്കടുത്ത് നാഞ്ചില്‍ കോട്ടയും, കുമ്മിണിപ്പാറ കോട്ടയുമെല്ലാം പുലയ ഭരണാധികാരികളുടെ ആസ്ഥാനങ്ങളായി വിളങ്ങിയിരുന്നവയാണ്. മലബാറിലെ വള്ളുവരാജവംശം, തുളുനാടന്‍ രാജവംശം, തൃക്കാക്കരയിലെ കാല്‍ക്കരൈനാട് രാജവംശം എന്നിവയും പുലയരിലെ രാജവംശങ്ങളായിരുന്നു. കാല്‍ക്കരൈ നാട്ടിലെ കണ്ണന്‍ കുമരന്‍, പോഴന്‍കുമരന്‍, കണ്ണന്‍ പുറൈയന്‍, യക്കന്‍കുന്റപോഴന്‍, പുറൈയ്യന്‍ ചാത്തന്‍, പോഴന്‍ ഇരവി, വയനാട്ടിലെ അരിപ്പാന്‍, വേടാന്‍ വനവാസ തലസ്ഥാനമാക്കി കടമ്പരാജ്യം ഭരിച്ചിരുന്ന മയൂര വര്‍മ്മന്റെ പുത്രന്‍ ലോകദിത്യന്‍ (നിലമ്പൂര്‍ വരെയുള്ള കടമ്പരുടെ ശിലാശാസനങ്ങള്‍) ഏഴിമലയിലെ ഹൊലയ (പുലയ) രാജാവായ നന്ദന്‍. നന്ദന്റെ പുത്രനായ ചന്ദ്രശയനന്‍, ആനമലയിലെ പുലയരാജാവ് എന്നിവര്‍ ആദിമവര്‍ഗ്ഗങ്ങളില്‍പ്പെട്ട പുലയരാജാക്കന്മാരാണ്.

എ.ഡി.10-ാം നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ ആര്യാധിനിവേശം സംഭവിക്കുന്നത്. ആര്യാധിനി വേശത്തോടെയാണ് നല്ല നിലയില്‍ വര്‍ത്തിച്ചിരുന്ന പുലയര്‍ തുടങ്ങിയവര്‍ക്ക് പൊല്ലാക്കാലമാരംഭിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു. ആര്യവല്‍ക്ക രണത്തോടെയാണ് സവര്‍ണ മേല്‍ക്കോയ്മ കീഴാളരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും അവരുടെ മേല്‍ തീണ്ടല്‍, തൊടില്‍, അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. അടിമത്വം പോലുള്ള അസമത്വങ്ങള്‍ കീഴാള ജനതയുടെ മേല്‍ അവര്‍ അടിച്ചേല്പിക്കുകയായിരുന്നു. 16, 17, 18, 19 നൂറ്റാണ്ടുകളില്‍ ഈ സാമൂഹ്യ അസമത്വങ്ങളുടെ പുഷ്‌ക്കലകാലമായി ചരിത്രത്തില്‍ വാഴ്ത്തപ്പെ ടുന്നുണ്ട്. റോമസാമ്രാജ്യത്തിലെ അടിമകളെക്കാള്‍ ഭീതിജനകമായിരുന്നു കേരളത്തിലെ പുലയര്‍ തുടങ്ങിയവരുടെ സ്ഥിതി. അന്തിയോളം പാടത്തും പറമ്പത്തും കഠിനാധ്വാനം ചെയ്യാന്‍ അവര്‍ വിധിക്കപ്പെട്ടു. പുറം പോക്കുകളിലും വയല്‍ വരമ്പുകളിലും കുടിലുകള്‍ തീര്‍ത്ത് മൃഗതുല്യം ജീവിക്കാന്‍ സവര്‍ണ കല്പനകളും രീതികളും അനുശാസിച്ചു. ഈ മൃഗതുല്യ ജീവികളുടെ രോധനം കേള്‍ക്കാന്‍ ഒരു ദൈവവും തയ്യാറായില്ല. ദൈവങ്ങള്‍ കണ്ണടച്ചുകളഞ്ഞ ഒരു ജനവിഭാഗമായി അവര്‍ ചരിത്രത്തില്‍ മാറുകയായിരുന്നു. പകലന്തിയോളം നെല്‍പ്പാടത്തും പറമ്പിലും ജോലിയെടുത്ത് പ്രകൃതിയുമായി ഏറെ ഇണങ്ങിച്ചേര്‍ന്ന പുലയര്‍ തുടങ്ങിയ ആദിമനിവാസികള്‍ പ്രകൃതി ശക്തികളെ ആരാധിക്കാന്‍ ആരംഭിച്ചിരുന്നു. പ്രകൃതിയില്‍ കാണുന്ന അവരുടെ ഏറ്റവും വലിയ ദൈവം സൂര്യനായി മാറി. സര്‍വ്വ ശക്തനും പ്രപഞ്ച സൃഷ്ടാവും നിയന്താവും എല്ലാറ്റിനും കാരണ ഭൂതനും എല്ലാറ്റിന്റെയും അന്ത്യവുമായ ഈശ്വരനാണ് സൂര്യന്‍ എന്ന സങ്കല്പത്തില്‍ നിന്നാണ് പുലയര്‍ സൂര്യദേവനെ ആരാധിക്കാന്‍ ആരംഭിച്ചത്. അതുകഴിഞ്ഞപ്പോള്‍ വൃക്ഷപൂജയും പ്രധാനപ്പെട്ട ആരാധനയായി മാറി. ജൈന- ബുദ്ധ പ്രവാചകന്മാര്‍ക്കു മുന്‍പ് ജനിക്കുകയും മരിക്കുകയും ചെയ്ത ഈറ്റ കാട്ടിലെ പശുത്തൊഴുത്തില്‍ ജനിച്ച മഖലി ഗോശാലന്റെ ആജീവിക (പ്രകൃതി നിയമം) ദര്‍ശനങ്ങളില്‍പ്പെട്ട പ്രകൃതിമതക്കാരായിരുന്നു. കാലക്രമത്തില്‍ ഇഴജന്തു ക്കളോടുള്ള ഭയം മൂലം സര്‍പ്പാരാധനവും, പിതൃക്കളോടുള്ള ബഹുമാനം മൂലം പിതൃപൂജയും പുലയര്‍ ആരംഭിച്ചതായി കാണുന്നു. മാടനും, മറുതയും, യക്ഷിയുമെല്ലാം ഇവരുടെ ദൈവങ്ങളായി പരിണമിച്ചു. കല്ലുകള്‍ നാട്ടിയുള്ള ആരാധനയും പുലയരുടേതായി തീര്‍ന്നിരുന്നു. ഈ കല്ലുകള്‍ പിന്നീട് ശിവലിംഗത്തിന്റെ ഭാഗമായി തീര്‍ന്നു. പില്‍ക്കാലത്ത് സവര്‍ണര്‍ ഹിന്ദുമതമുണ്ടാക്കിയപ്പോള്‍ കീഴാള വിഭാഗങ്ങളേയും ഹിന്ദുമതക്കാരായി കണക്കുകൂട്ടി. കീഴാള വിഭാഗക്കാരുടെ ആചാരങ്ങളും ആരാധനകളും കടം കൊണ്ട സവര്‍ണര്‍ ഇവയെല്ലാം ഹൈന്ദവാ ചാരങ്ങളായി കണക്കാക്കി. യഥാര്‍ത്ഥത്തില്‍ പുലയര്‍ തുടങ്ങിയ ജനങ്ങള്‍ പ്രകൃതിമതക്കാരാണ്. മറ്റ് മതങ്ങളുടെ സ്വാധീനം പിന്നീടുണ്ടായതാണ്.

കാലം മാറിയതോടെ വര്‍ഷത്തില്‍ ഒരുദിവസം സവര്‍ണര്‍ കീഴാള ജാതിക്കാരായ പുരുഷന്മാര്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചു. വര്‍ഷത്തില്‍ ഒരു പ്രത്യേക ദിവസം പുലയരും, മണ്ണാരും നായര്‍-ബ്രാഹ്മണ ഗൃഹങ്ങളിലോ പരിസരങ്ങളിലോ കയറി പതുങ്ങിയിരിക്കും. പുരുഷ സഹായമില്ലാതെ ഒറ്റയ്ക്കു പുറത്തിറങ്ങുന്ന സവര്‍ണ സ്ത്രീകളെ 'കണ്ടേ കണ്ടേ' എന്നു വിളിച്ചു കൂവിയോ കമ്പുകൊണ്ട് ശരീരത്തില്‍ എറിഞ്ഞു കൊള്ളിച്ചോ ആ സ്ത്രീയെ സ്വന്തമാക്കാവുന്നതാണ്. ഈ ആചാരത്തെ പുലപ്പേടിയെന്നും മണ്ണാപ്പേടിയെന്നും പറഞ്ഞിരുന്നു. ഇങ്ങനെ സവര്‍ണ സ്ത്രീയെ പുലയന്‍ സ്വന്തമാക്കിയാല്‍ അവളെ സ്വന്തം വീട്ടുകാര്‍ പിന്നീട് ജാതിഭൃഷ്ട് കല്പിച്ചിരുന്നു. ഇത്തരത്തില്‍ പുലയനോ, മണ്ണാനോ സ്വന്തമാക്കിയ സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അവളുമായി സഹശയനമോ ശാരീരിക ബന്ധങ്ങളോ പാടില്ലെന്നുണ്ട്. അവള്‍ പ്രസവിക്കുന്നത് ആണാണെങ്കില്‍ അവള്‍ക്ക് വേണമെങ്കില്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകാം. ഭൃഷ്ട് കല്പിച്ചിരുന്നത് ഒഴിവാക്കി അവളെ വീട്ടുകാര്‍ സ്വീകരിക്കണ മെന്നാണ് അന്നത്തെ അലിഖിത നിയമം. അതെസമയം അവള്‍ പ്രസവിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ പുലയന്റേയോ, മണ്ണാന്റേയോ കൂടെ പൊറുക്കാനാവും അവളുടെ വിധി. ഈ ആചാരം കര്‍ക്കിടകമാസത്തിലാണെന്നും അതല്ല ഉച്ചാരം നാള്‍ (മകമാസം) ഉച്ചമുതല്‍ പത്താമുദയം വരെ ആ ആചാരം അനുവദിക്കപ്പെട്ടിരുന്നു. 3 ഈ ആചാരം നിറുത്തല്‍ ചെയ്തുവെങ്കിലും മദ്ധ്യ കേരളത്തിലെ പുലയര്‍ പുലപ്പേടിയും, മണ്ണാപ്പേടിയും ആഘോഷമായി കൊണ്ടാടുന്നുണ്ട്.

നായര്‍, ബ്രാഹ്മണ സ്ത്രീകളില്‍ മാത്രം അനുവദിക്കപ്പെട്ടിരുന്ന ഈ ആചാരം ക്രമേണ രാജകൊട്ടാരങ്ങളിലെ സ്ത്രീ ജനങ്ങളിലേയ്ക്കും കടന്നു ചെന്നപ്പോള്‍ അത് രാജകോ പത്തിനു തന്നെ ഇടയായി തീര്‍ന്നു,. ആ കാലത്ത് നെടുമങ്ങാട് തലസ്ഥാനമാക്കി വേണാട്ടില്‍ റീജന്റായി ഭരണം നടത്തിയ ഉമയമ്മ റാണിക്ക് ഇതൊട്ടും ദഹിച്ചില്ല. അവരുടെ നിര്‍ദ്ദേശപ്രകാരം ഇളംകൂര്‍ സ്ഥാനക്കാരനായ വീര ഉണ്ണികേരളവര്‍മ്മ എ.ഡി.1696-ല്‍ ഒരു വിളംബരം മൂലം പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിക്കുകയും രാജകല്പന കല്ലില്‍ കൊത്തി കവലകളില്‍ സ്ഥാപിക്കുകയും ചെയ്തു. കല്ലില്‍ കൊത്തിയ ആ രാജകല്പന ഇങ്ങനെ: 'കന്നിവ്യാഴം നിന്റെ കൊല്ലം 871-ാം മാണ്ട് തൈമാസം 25-ാം തീയതി വീര ഉണ്ണിക്കേരള വര്‍മ്മ ചിറവമൂത്ത തമ്പിരാമന്‍ കല്‍ക്കുളത്ത് എഴുന്നരുളി കല്പിത്തപടിക്ക് രണ്ട് മഹാജനവും കൂടി കല്പിത്തമൊഴിയാവത്. തോവാളെയ്ക്ക് മേക്ക് കണ്ണേറ്റിയ്ക്ക് കിഴക്ക് കടലിനും മലൈയ്ക്ക് അകത്ത് അകപ്പെട്ട നാട്ടില്‍ പിലപ്പേ ടിയും മണ്ണാപ്പേടിയും ഇല്ല എന്നത് തമ്പുരാന്‍ തിരുവള്ളം പറ്റി കല്പിച്ച പടിയ്ക്ക് രണ്ട് വകമാചനം കൂടി കല്പിച്ച് കല്ല് വെട്ടി നാട്ടിയ കല്പനമറുത്ത് പിലാപ്പേടിയും മണ്ണാപ്പേടിയും ഉണ്ടായ കാലത്ത് പിലയരുടെയും മണ്ണാരിടേയും വയറ്റിപ്പിള്ള അതിയായി തോണ്ടി വെട്ടുമാറും. ഇന്ത കല്പന മറുത്ത് പിലാപ്പേടിയും മണ്ണാപ്പേടിയും എന്ന വകൈ പെണ്ണുപിള്ള കുളിച്ച് കര ഏറികൊണ്ടാല്‍ തോഴമല്ല എന്ന് കല്പിച്ചത് ഇവ്വണ്ണം പുല്ലും പൂമിയും കല്ലും കാവേരിയും ഒള്ള കാലത്ത് നടക്കുമാറും കല്പിച്ചത്. വേറു ചെയ്താല്‍ അവര്‍കള്‍ കൊങ്കൈക്കാരൈയില്‍ കാരാം പച്ചുവൈകൊന്റതോപത്തില്‍ പോവാരാകവും. 4 ഇതിലൊരു ശില പത്മനാഭപുരം മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്.

പുലയരെ ഈ ശിലാരേഖയില്‍ വീര ഉണ്ണിക്കേരളവര്‍മ്മ പിലയര്‍ എന്നാണ് പറയുന്നത്. 1696 കളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുലയരെ പിലയന്‍ എന്നാണ് വിളിച്ചിരുന്നത്. ഈ വിളംബരം വഴി പിലയരെയും മണ്ണാരെയും കൊന്ന് കൊലവിളിക്കാന്‍ സവര്‍ണര്‍ക്ക് യഥേഷ്ടം കഴിഞ്ഞിരുന്നുവെന്നു വേണം കരുതാന്‍. അതുപോലെ ഇത്തരമൊരു ആചാരത്തിന് പുലയരും മണ്ണാന്മാരും തയ്യാറായിരുന്നോ എന്ന കാര്യവും അജ്ഞാതമാണ്. വെറുതെ ഒരു പേടിയുടെ പേരില്‍ രാജകല്പന പുറപ്പെടുവിച്ച് പുലയരെയും മണ്ണാരെയും കൊന്നു കൊലവിളിച്ചതാകാം സവര്‍ണര്‍.

ആര്യബ്രാഹ്മണരുടെ വരവോടെയാണ് പുലയര്‍ തുടങ്ങിയവരുടെ പ്രതാപമാര്‍ന്ന ജീവിതം തകര്‍ന്നുപോയത്. എന്നു മാത്രമല്ല അവര്‍ മൃഗങ്ങള്‍ക്കൊപ്പം അടിമകളായി താഴ്ത്തപ്പെടുകയും അവരുടെ മേല്‍ അനാചാരങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്തു. 10-ാം നൂറ്റാണ്ടിലാരംഭിച്ച ബ്രാഹ്മണ പ്രഭാവം 16-ാം നൂറ്റാണ്ടില്‍ അവരുടെ പുഷ്‌ക്കല കാലമായി മാറിയിരുന്നു. രാജാക്കന്മാരേയും നാടുവഴികളേയും ഇവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ആജ്ഞാനുവര്‍ത്തികളാക്കുകയും അല്ലാത്തവരെ മുച്ചൂടും നശിപ്പിച്ച് രാജാധികാരത്തിന്മേല്‍ കൈവച്ചു. അങ്ങിനെ കേരളം ബ്രാഹ്മണ ശക്തിക്കടിമപ്പെട്ടു. കീഴാളരുടെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഇവര്‍ പിടിച്ചെടുത്തു. ക്ഷേത്രത്തെ സംബന്ധിച്ച സകലതും ബ്രാഹ്മണന്റെ സ്വകാര്യ സ്വത്തായി. ഒരു പുതിയ ഭരണ സമ്പ്രദായത്തിനു തന്നെ ബ്രാഹ്മണര്‍ കളമൊരുക്കി. ദൈവത്തിന്റെ വക്രത്തില്‍ നിന്നും ജനിച്ചവരെന്ന് പറഞ്ഞ് എല്ലാം കൈപ്പിടിയി ലൊതുക്കുകയായിരുന്നു തന്ത്രശാലികളായ ബ്രാഹ്മണര്‍. സൗന്ദര്യവതികളായ നാടന്‍ കന്യകമാരെ ദേവകാര്യങ്ങള്‍ക്കായി ക്ഷേത്രത്തിലേയ്ക്ക് അയയ്ക്കണമെന്ന നിര്‍ബന്ധം വന്നു. സ്ത്രീകള്‍ (അയിത്തമുള്ളവരും അയിത്തമില്ലാത്തവരും) ബ്രാഹ്മണരുടെ സുഖഭോഗ വസ്തുവായി. ദേവദാസികളായി ക്ഷേത്ര അന്തപുരങ്ങളില്‍ സ്ഥിരമായി പാര്‍പ്പിച്ചു. ബ്രാഹ്മണ ചെയ്തികളെ എതിര്‍ത്തവരെ അവര്‍ വക വരുത്തി. കൊല ചെയ്താലും ബ്രാഹ്മണനെ ശിക്ഷിക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. തൃക്കാക്കര ആസ്ഥാനമാക്കി കാല്‍ക്കരനാടു ഭരിച്ച പൊറൈയന്‍, ചാത്തന്‍ തുടങ്ങിയ പുലയനാടുവാഴികളും ക്ഷേത്ര ശാന്തിക്കാരനായ ഇടപ്പള്ളി നമ്പ്യാതിരിയും ക്രി.പി.10-ാം നൂറ്റാണ്ടില്‍ ബ്രാഹ്മണ വിരോധത്തിനു കാരണമായ സംഗതി പെണ്‍വിഷയമായിരുന്നു. നാടന്‍ മങ്കമാരെ ബ്രാഹ്മണര്‍ക്ക് കാഴ്ചവയ്ക്കാത്താണ് ബ്രാഹ്മണ വിരോധത്തിനും പകയ്ക്കും കാരണമായി ഭവിച്ചത്. അതോടെ പുലയനാടു വാഴികളായ കാല്‍ക്കരൈ കുടുംബം 13-ാം നൂറ്റാണ്ടിനുശേഷം ചരിത്രത്തില്‍ നിന്നും നിഷ്‌ക്കാസിതരായി.

ബ്രാഹ്മണര്‍ക്ക് സ്ത്രീകളെ ദാനം നല്‍കാതിരുന്നവരെ സമൂഹത്തില്‍ നിന്നും ഭൃഷ്ടും, അയിത്തവും കല്പിച്ച് അകറ്റുകയും അധഃസ്ഥിതരായി തരംതാഴ്ത്തുകയും ചെയ്തിരുന്നു. ആര്യബ്രാഹ്മണരുടെ പരിചാരകവൃത്തിയോ, ദാസ്യവൃത്തിയോ ചെയ്യാന്‍ വിസമ്മതിച്ചവരെയും താഴ്ന്ന ജാതികളായി മുദ്രകുത്തിയിരുന്നതായി റവ.ഫാ.മേറ്റിയര്‍ തന്റെ LAND OF CHARITY എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 5 10-ാം നൂറ്റാണ്ടില്‍ തൃക്കാക്കര ക്ഷേത്രത്തിലെ ശാന്തിക്കാരന്റെ അധികാരങ്ങള്‍ നിയന്ത്രിച്ചു. 12-ാം നൂറ്റാണ്ടില്‍ ക്ഷേത്രശാന്തിക്കാരനെ രാജാവായി വാഴിച്ചു. ബ്രാഹ്മണ പുരോഹിതന്‍ രാജാക്കന്മാരെ ശിക്ഷിക്കുകയും കൂടി ചെയ്തിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. ഇവിടെന്ന് ആരംഭിച്ചതാണ് കേരളത്തിലെ അടിമത്വത്തിന്റെയും ജന്മിത്വത്തിന്റെയും കരാള കാഴ്ചകളും വേഴ്ചകളും.

എ.ഡി.1700 മുതല്‍ 1800 വരെ ജന്മി-കുടിയാന്‍ വ്യവസ്ഥ അതിരൂക്ഷമായിരുന്നു കേരളത്തില്‍. രാജ്യത്തെ സകല നികുതിയും കൊടുക്കേണ്ടിയിരുന്നത് പുലയര്‍ തുടങ്ങിയ താഴ്ന്ന ജാതികളായിരുന്നു. അതുപോലെ തന്നെ ശിക്ഷാവിധികളും താണവര്‍ഗ്ഗക്കാര്‍ക്കുമാത്രമായി സവര്‍ണര്‍ നിജപ്പെടുത്തിയിരുന്നു. എത്ര കഠിനമായ (കൊലക്കുറ്റം) ചെയ്താലും ബ്രാഹ്മണന് ശിക്ഷ ഇളവു ലഭിച്ചിരുന്നു. അതെ സമയം താണവര്‍ഗ്ഗം എത്ര ചെറിയ കുറ്റം ചെയ്താലും വധശിക്ഷ വരെ ലഭിച്ചിരുന്നു. ഏറ്റവും പ്രാകൃതവും നിന്ദ്യവുമായ അടിമ-ഉടമ സമ്പ്രദായമായിരുന്നു ഇവിടെ നിലവിലുണ്ടാ യിരുന്നത്. അടിമകളെ കൊന്ന് കൊലവിളിക്കാന്‍ പോലും ഉടമകള്‍ക്ക് അധികാരം സിദ്ധിച്ചിരുന്നു. പക്ഷെ ഈ അധികാരാവകാശങ്ങള്‍ ആരു നല്‍കി എന്നത് അജ്ഞാതമാണ്. ഒരു പശുവിനെ കൊന്നതിന് അമ്പലപ്പുഴയില്‍ അഞ്ചുപേരെ മരത്തില്‍ കെട്ടിത്തൂക്കിയതായി കണ്ടുവെന്ന് ബര്‍ത്തെലോമ്യോ രേഖപ്പെടുത്തി യിട്ടുണ്ട്. 6 ചെറിയ കൂട്ടി നിസാര തെറ്റു ചെയ്തതിന് 20 പേരെ അടച്ചിരുന്ന സംഭവം പോലും വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തി. ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറിനെ അനുസ്മരിക്കുന്ന ഏര്‍പ്പാടായിരുന്നു കൊല്ലത്ത് 20 പേരെ ചെറിയ കൂട്ടില്‍ അടച്ച സംഭവം. ആനയെക്കൊണ്ട് ചവിട്ടിക്കൊല്ലുക, പീരങ്കിയുടെ വായില്‍ കൂടി ചിന്നിച്ചിതറിക്കുക, കണ്ണ് ചൂഴ്ന്ന് എടുക്കുക, കൈ, ചെവി, മൂക്ക് എന്നിവ ഛേദിച്ചെറിയുക, ചാട്ടവാര്‍ കൊണ്ടടിച്ച് പൊട്ടിച്ച് മുറിവായില്‍ കുരുമുളക് അരച്ചുപുരട്ടി വെയിലത്ത് നിറുത്തുക എന്നീ ശിക്ഷണ രീതികളാണ് രാജഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നതെന്ന് വിദേശ സഞ്ചാരികള്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. പുലയര്‍ക്കു മാത്രമായി 'ചിത്രവധം' എന്നൊരു ശിക്ഷാസമ്പ്രദായം പോലും നിലനിന്നിരുന്നു. ശിക്ഷയ്ക്കു വിധിക്കുന്ന അവര്‍ണന്റെ ഗുദത്തിലൂടെ തോള്‍വരെ ഒരു ഇരുമ്പുപാര അടിച്ചു കയറ്റി അയാളെ മരത്തില്‍ ബന്ധിച്ചിടുന്നു. ദിവസങ്ങളോളം അവിടെ കിടന്ന് വേദനകൊണ്ട് പിടഞ്ഞു മരിക്കും.

കറവപ്പശുവിനെ വളര്‍ത്താനോ, അതിന്റെ പാല്‍ കറന്നു കുടിക്കാനോ താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ലായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിക്കാനും വീട് ഓലകെട്ടിമേയാനും പോലും കഴിയാത്തവിധം സവര്‍ണര്‍ വിലക്കേര്‍പ്പെടുത്തി യിരുന്നു. എന്തിനേറെ മീശവയ്ക്കാനോ, കുടപിടിക്കാനോ പോലും അവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു കീഴാളവിഭാഗം. പുലയന് വിവാഹം കഴിക്കണമെങ്കില്‍ പോലും നാടുവാഴിക്ക് നികു തിപ്പണം കെട്ടണമെന്നുണ്ട്. ഈ നികുതിയുടെ പേര് 'അജാന്‍' പണമെന്നാണ്. മാത്രമല്ല പുലയര്‍ തുടങ്ങിയ അവര്‍ണര്‍ കെട്ടുന്ന പെണ്ണിനെ വീട്ടില്‍ കയറ്റും മുന്‍പ് തന്റെ ജന്മിയുടെ മുന്നില്‍ ഹാജരാക്കുന്ന ഒരു ഏര്‍പ്പാടും ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ വരെ നിലവിലുണ്ടാ യിരുന്നു. രാജ്യത്തെ നികുതിപ്പണത്തിലേറെയും കൊടുക്കേണ്ടുന്ന ബാദ്ധ്യതയും അവര്‍ണര്‍ക്കുള്ളതാണ്. അതെ സമയം ബ്രാഹ്മണരേയും ക്ഷേത്രങ്ങളേയും ഭൂനികുതി തുടങ്ങിയവയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരുന്നു. താഴ്ന്ന ജാതിക്കാര്‍ ഏര്‍പ്പെട്ടിരുന്ന എല്ലാത്തരം തൊഴിലുകള്‍ക്കും നികുതി ചുമത്തപ്പെട്ടിരുന്നു. കുലശേഖരപ്പെരുമാക്കന്മാരുടെ കാലം മുതല്‍ക്കാണ് ഇത്തരം നികുതികള്‍ പിരിച്ചിരുന്നത്. അന്നുണ്ടായിരുന്നത് 'ഏണിക്കാണം,' 'തളക്കാണം,' 'മേനിപ്പൊന്ന്,' 'പൊലിപ്പൊന്ന്,' 'മുലൈവില,' 'തലൈവില' എന്നിവയാണ്. തെങ്ങില്‍ നിന്ന് കള്ളും, പനയില്‍ നിന്നും അക്കാനിയും എടുക്കുന്നവര്‍ക്കാണ് ഏണിക്കാണം, തളക്കാണം എന്നിവ ചുമത്തിയിരിക്കുന്നത്. സ്വര്‍ണ്ണാഭരണം അണിയുന്നവര്‍ മേനിപ്പൊന്ന് എന്ന് നികുതിയടയ്ക്കണം. താഴ്ന്നജാതി പെണ്ണുങ്ങളുടെ കല്യാണത്തിനുള്ള നികുതിയാണ് പൊലിപ്പൊന്ന്, കൂടാതെ തലയറ, വലയറ, കെട്ടിലാക്കം, വേലപ്പതിവ്, മഞ്ചക്കുളിയന്‍ തുടങ്ങിയ നികുതികളും രാജാക്കന്മാര്‍ ഏര്‍പ്പെടുത്തിയിരുന്നു. മുലൈവില താഴ്ന്നജാതി സ്ത്രീകളുടെ മുലയ്ക്കുള്ള നികുതിയാണ്. മുലയുടെ വലിപ്പമനു സരിച്ചാണ് മുലക്കരം ഉദ്യോഗസ്ഥന്മാര്‍ പിരിച്ചിരുന്നത്. നികുതി പിരിവിന് സവര്‍ണ ഉദ്യോഗസ്ഥന്മാര്‍ പാടില്ലെന്നും അവര്‍ണര്‍ തന്നെ പോകണമെന്നുമാണ് രാജകല്പന. ഇത്തരം അവര്‍ണകരം പിരിവുകാരെ തണ്ടാന്‍, പണിയന്‍, പട്ടറക്കാരന്‍ എന്നിങ്ങനെ വിളിച്ചിരുന്നു. തലവരി, മുലവരി, തലകുലുക്കിപ്പണം, മുലകുലുക്കിപ്പണം, കപ്പണം, ചാപ്പണം തുടങ്ങിയ നികുതികളായിരുന്നു തിരുവിതാംകൂര്‍ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്, കീഴാളകരങ്ങളുടെ പേരില്‍ വന്‍ സമ്പത്ത് രാജഭരണകൂടം ആ കാലത്ത് ഞെക്കിപ്പിഴിഞ്ഞെടുത്താണ് മഹാരാജാക്കന്മാര്‍ ഉണ്ടുറങ്ങി സുഖഭോഗങ്ങളില്‍ ആറാടിയിരുന്നതും ബ്രാഹ്മണരെ സുഖിപ്പിച്ചിരുന്നതും ക്ഷേത്രങ്ങളെ സംരക്ഷിച്ചിരു ന്നതും ആഘോഷങ്ങള്‍ പൊടിപൂരങ്ങളാക്കിയതും. ശേഷിച്ച മുതലുകള്‍ സ്വര്‍ണ്ണാഭര ണങ്ങളാക്കി ശ്രീപത്മനാഭ ക്ഷേത്രച്ചിലെ അറകളില്‍ സൂക്ഷിച്ചുവച്ച. ഇപ്പോള്‍ കണ്ടെത്തിയ സ്വര്‍ണ്ണ മുതലുകള്‍ ഒരു കാലത്ത് അവര്‍ണരില്‍ നിന്നും പിരിച്ചെടു ത്തവയായിരുന്നു. മുലക്കരം അസഹനീയമായ ഘട്ടത്തില്‍ ചേര്‍ത്തല താലൂക്കിലെ മുലച്ചിപ്പറമ്പിലെ നാണിയെന്ന ഈഴവ സ്ത്രീ തന്റെ മുലകള്‍ രണ്ടും അറുത്തെടുത്ത് കരംപിരിക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്‍പില്‍ വച്ചിട്ട് തന്നെ മുലക്കരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രത്തിനും തിരുവിതാംകൂര്‍ രാജ്യം സാക്ഷ്യം വഹിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നികുതികള്‍ രാജാക്കന്മാര്‍ അവര്‍ണരില്‍ നിന്നും പിരിച്ചെടുത്തിരുന്നു. വേശ്യകളില്‍ നിന്നും 'പുലയാട്ടുപെണ്ണ്' എന്ന നികുതിയും അടിമയുടെ ഉടമയില്‍ നിന്നും 'അടിമക്കാശും' ഇവറ്റകള്‍ പിരിച്ചിരുന്നു. മറ്റൊന്ന് അവര്‍ണരില്‍ നിന്നുള്ള കൃഷി വിളവിന് രാജാവിന് 'രക്ഷാഭോഗം'കൊടുക്കണം. വീടുമേയാനും, പടിപ്പുരകെട്ടാനും, കല്യാണപന്തല്‍ തീര്‍ക്കാനും, വാദ്യാഘോഷങ്ങള്‍ മുഴക്കാനും രാജാവിന് കൊടുക്കേണ്ടത് 'രാജഭോഗം' എന്ന നികുതിയാണ് തൊട്ടതിനും പിടിച്ചതിനും രാജാവ് നികുതി പിരിച്ചിരുന്നു. രാജാവിന്റെ പ്രജാക്ഷേമതല്പരതയുടെ തനി നിറമായിരുന്നു ഇതെല്ലാം കാണിക്കുന്നത്.

ഈ നൂറ്റാണ്ടുകളില്‍ അവര്‍ണ ജാതി സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അനുവാദമില്ലായിരുന്നു. ഈഴവസ്ത്രീകള്‍ക്കും, നാടാര്‍ (ചാന്നാന്‍) സ്ത്രീകള്‍ക്കും ഇതു ബാധകമായിരുന്നു. എന്നാല്‍ മാറുമറയ്ക്കാന്‍ അനുവാദമുള്ള സ്ത്രീകളാകട്ടെ തമ്പുരാക്കളെ കാണുന്നുടനെ ആദരം പ്രകടിപ്പിക്കാന്‍ മാറിടത്തില്‍ നിന്നും മേല്‍ശീല എടുത്തു മാറ്റി മുഴുത്ത മുലകള്‍ രണ്ടും പുറത്തു കാട്ടണമായിരുന്നു. ഇതു പോരാത്തതു കൊണ്ട് ആള്‍പ്പണവും ആള്‍പ്പാട്ടവും (മനുഷ്യനെ മനുഷ്യന്‍ പാട്ടം വയ്ക്കുന്ന ഏര്‍പ്പാടും ഈ നൂറ്റാണ്ടുകളില്‍ കേരളക്കരയില്‍ സംഭവിച്ചിരുന്നു.

സഹായഗ്രന്ഥങ്ങള്‍:
1. പുറനാനൂറ് (സംഘകാലകാവ്യം) 137, 138, 139 ഗാനങ്ങള്‍
2. പന്തീരായിരം സാളഗ്രാമങ്ങളുള്ള ശ്രീപത്മനാഭ വിഗ്രഹം-അഡ്വ: കെ.ഹരിഹരകൃഷ്ണയ്യര്‍ (കേരളകൗമുദി-1985 ഏപ്രില്‍ 4)
3. അന്നത്തെ കേരളം: ഇളംകുളം കുഞ്ഞന്‍പിള്ള പേജ് 93
4. 1696 ല്‍ വേണാട്ട് രാജാവ് വീര ഉണ്ണിക്കേരള വര്‍മ്മ പുറപ്പെടുവിച്ച വിളംബരം കൊത്തിയ കല്ലില്‍ നിന്നും
5. Land of Charity-Rev.S.Matter
5. Quoted by Rev.S.Matter, Native Life In Travancore.