"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശനപ്രക്ഷോഭം തൊന്നൂറാമാണ്ട് ലഹളയായി നാടെങ്ങും കത്തിക്കയറി - കുന്നുകുഴി എസ് മണി


അയ്യന്‍കാളി പ്രജാസഭയില്‍ മെമ്പറായതോടെ സാധുജനങ്ങളുടെ സങ്കടങ്ങളും അവശതകളും കഷ്ടതകളും പ്രജാസഭ തലത്തില്‍ ഉന്നയിക്കുകയും ദിവാന്റെ മറുപടിയിലൂടെ ചിലതിനെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിക്കുകയും ചെയ്തിരുന്നു. അയ്യന്‍കാളി നിരക്ഷരനായിരുന്നുവെങ്കിലും വിദ്യാഭ്യാസം നേടുന്നതിലേയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭം മുഴുവന്‍. വിദ്യ കൊണ്ടേ എന്തും നേടാനാവു എന്ന ചിന്താഗതി അയ്യന്‍കാളിയെ കേരളത്തിലെ വിദ്യാഭ്യാസ പ്രക്ഷോഭകനാക്കി തീര്‍ത്തിരുന്നു. നീണ്ട മൂന്നു വര്‍ഷത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമാ യിരുന്നു 1907-ല്‍ ആദ്യമായി അയിത്ത ജാതികുട്ടികള്‍ക്കുള്ള വിദ്യാലയ പ്രവേശന ഉത്തരവ്. ഇത് നടപ്പാക്കാന്‍ കഴിയാത്തതു കൊണ്ടാണ് അയ്യന്‍കാളി ദിവാനും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കി G.O.No. 2249, dated 19 th November 1909-ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മിച്ചല്‍ സായ്പിനെക്കൊണ്ട് വിദ്യാഭ്യാസ കോഡ് പരിഷ്‌ക്കരിക്കുകയും കോഡിന്റെ 7-ാം അദ്ധ്യായം 69-ാം റൂള്‍ പ്രകാരം 'വല്ലവിഭാഗത്തിലോ ജാതിയിലോ മതത്തിലോപ്പെടുന്നു എന്ന കാരണത്താല്‍ ഒരു കുട്ടിക്കും ഒരു സ്‌കൂളിലും പ്രവേശനം നിഷേധിക്കരുത്' എന്ന ചട്ടം നിയമമാക്കിയത്. ആ 69-ാം റൂള്‍ ഇങ്ങനെയാണ്. 'No Pupil shall be refused admission to any school on the ground that the belongs to any class, or caste, or religion. The Director, however, may with the approval of Government, sanction, in the case of any school, or of any class of schools, such restriction admission, as he may consider reasonable' ഈ ഉത്തരവോടെയാണ് വീണ്ടും 1910-ല്‍ അയിത്ത ജാതിക്കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശന ഉത്തരവ് വീണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖ്യ പ്രസംഗം വന്നത്. ഇതില്‍ നിന്നും ഊര്‍ജ്ജം സ്വരൂപിച്ച സവര്‍ണര്‍ പുലക്കുട്ടികളുടെ വിദ്യാലയ പ്രവേശനത്തെ ശക്തിയുക്തം പ്രതിരോധിക്കാന്‍ തയ്യാറായി രംഗത്തെത്തുകയായിരുന്നു.

സവര്‍ണകുട്ടികളെയും പുലയകുട്ടികളെയും സ്‌കൂളില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുമ്പോലെയാണെന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗം സവര്‍ണരുടെ മനോഗതിയെ വീണ്ടും അവര്‍ണ്ണര്‍ക്കെതിരെ തിരിയാന്‍ കാരണമാക്കിയ ഒന്നായിരുന്നു. ആ മുഖപ്രസംഗം രാമകൃഷ്ണപിള്ള എഴുതിയില്ലായിരുന്നുവെങ്കില്‍ സ്‌കൂള്‍ പ്രവേശനം 1910നു ശേഷം നടക്കേണ്ടതായിരുന്നുവെന്നാണ് ആ കാലത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നത്. 1910-ലെ വിദ്യാലയ പ്രവേശന ഉത്തരവും സവര്‍ണ്ണര്‍ പാലിക്കപ്പെടാത്തതുകൊണ്ട് സ്‌കൂള്‍ പ്രവേശനം അനുവദിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെ തിരെ ശിക്ഷണനടപടികള്‍ ഉള്‍ക്കൊള്ളിച്ച് ഗവണ്‍മെന്റ് 1914- ല്‍ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഫെബ്രുവരി പത്താം തീയതി ചേര്‍ന്ന ശ്രീമൂലം പ്രജാസഭയുടെ പത്താം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദ്യാലയ പ്രവേശന കാര്യത്തെ സംബന്ധിച്ച് അയ്യന്‍കാളി ഇങ്ങനെ ആവശ്യപ്പെട്ടു.

''താണ ജാതിയില്‍പ്പെട്ട കുട്ടികളോടെ അദ്ധ്യാപകര്‍ നിന്ദ്യമായി പെരുമാറുകയും അവഹേളിക്കുകയും അടിക്കുകയും ചെയ്യുന്നതുമൂലം സ്‌കൂളില്‍ പോകുവാന്‍ പ്രയാസമായിരിക്കുന്നു. ചിലപള്ളിക്കൂടങ്ങളില്‍ പുലയക്കുട്ടികളെ ചേര്‍ക്കുവാന്‍ അദ്ധ്യാപകര്‍ തയ്യാറാകുന്നില്ല. പള്ളിക്കൂടത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ ഒന്നും പഠിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നു. തിരുവല്ല, പുല്ലാട്, കോട്ടയം, മാവേലിക്കര, മുതലായ സ്ഥലങ്ങളില്‍ താണ ജാതിക്കാരായ കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അവരെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായെങ്കിലും വിദ്യാലയ അധികൃതര്‍കുട്ടികളെ ചേര്‍ക്കുന്നില്ല. താണ ജാതിക്കാരുടെ വിദ്യാഭ്യാസം സംസ്ഥാന ത്തുടനീളം നിര്‍ബന്ധമാക്കണം. കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ മടിക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കു മാറാകണം. നിത്യാഹാരത്തിന് മാര്‍ഗ്ഗവും തൊഴിലും ഇല്ലാതെ പട്ടിണിയും ദുരിതവും അനുഭവിച്ചു കഴിയുന്ന താണജാതിക്കാരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണം'' 1

1914 ഫെബ്രുവരി 26ന് വീണ്ടും പ്രജാസഭയില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയ്യന്‍കാളി ശക്തമായ ഭാഷയില്‍ വീണ്ടും ആവശ്യമുന്നയിച്ചു പ്രസംഗിച്ചു.''സര്‍ക്കാര്‍ പാഠശാലകളില്‍ പുലയക്കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മുമ്പുതന്നെ ഉത്തരവ് കൊടുത്തിട്ടുള്ള വകയ്ക്കായി ഞാന്‍ വന്ദനം പറഞ്ഞു കൊള്ളുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും ചില പാഠശാലകളിലെ അധികൃതര്‍ വല്ല നിസ്സാര കാരണവും പറഞ്ഞ് അവര്‍ക്ക് പ്രവേശനം കൊടുക്കുന്നില്ല എന്നത് സങ്കടമായിരി ക്കുന്നു.പുലയക്കുട്ടികള്‍ക്ക് ഒരിക്കല്‍ പ്രവേശനം കൊടുത്തിട്ടുള്ള സ്ഥലങ്ങളില്‍മേലാല്‍ യാതൊരു ഉപദ്രവുമില്ല. നെയ്യാറ്റിന്‍കര, വെങ്ങാന്നൂര്‍, പുല്ലാട് ഈ സ്ഥലങ്ങളിലുള്ള ഇപ്പോഴത്തെ സ്ഥിതി എന്റെ വാക്കുകളെ ദൃഷ്ടാന്തീകരിക്കും. ഈ ഉപദ്രവത്തിന് അടിസ്ഥാനമായുള്ളത് ചില പാഠശാലകളിലെ വാധ്യാന്മാരാണ്. ജനങ്ങളല്ല എന്ന് എനിക്കറിയാം. അതുകൊണ്ട് മുമ്പുതന്നെ കൊടുത്തിട്ടുള്ള ഗവണ്‍മെന്റ് ഉത്തരവുകളെ നടത്തിക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പാഠശാല ഇന്‍സ്‌പെക്ടര്‍ക്കും നിഷ്‌കര്‍ശനമായ ഉത്തരവുകള്‍ കൊടുക്കണം എന്നപേക്ഷിക്കുന്നു.'' 2

1914- ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പിന്‍ബലത്തിലും അയ്യന്‍കാളി പ്രജാസഭയില്‍ ആവശ്യപ്പെട്ട പ്രകാരവും തെന്നൂര്‍ക്കോണത്ത് പൂജാരി അയ്യന്‍ എന്ന പരമേശ്വരന്റെ മകള്‍ പഞ്ചമിയെന്ന എട്ടു വയസ്സുള്ള ബാലികയേയും സഹോദരന്‍ ഏഴുകാരനായ കൊച്ചുകുട്ടി എന്ന ബാലനേയും കൂട്ടി അയ്യന്‍കാളിയും സംഘവും മുന്‍ ഒരുക്കങ്ങ ളോടെ നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളി ക്കൂടത്തിലെത്തി. പ്രജാസഭ മെമ്പറായ അയ്യന്‍കാളി പഞ്ചമിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടര്‍ മിച്ചല്‍ സായ്പില്‍ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററെ കണ്ട് സ്‌പെഷ്യല്‍ ഓര്‍ഡര്‍ കാട്ടി പഞ്ചമിയെന്ന ബാലികയെ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ അയിത്ത ജാതിക്കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ പറ്റുകയില്ലെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. സ്‌പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നതിനാല്‍ അയ്യന്‍കാളി ഹെഡ്മാസ്റ്ററുടെ നിര്‍ദ്ദേശം വകവയ്ക്കാതെ പഞ്ചമിയെ സ്‌കൂളിനുള്ളിലെ ബഞ്ചില്‍ കൊണ്ടുചെന്നിരുത്തി. അതോടെ സ്‌കൂളിനുള്ളില്‍കിയതുപോലെ സംഘം ചേര്‍ന്നും അല്ലാതെയും നാടെങ്ങും നടന്ന് അവിടവിടെ താമസിച്ചിരുന്ന പുലയരുടെ മേല്‍ ക്രൂരവും നിന്ദ്യവുമായ അതിക്രമങ്ങള്‍ കാട്ടിക്കൂട്ടി. അന്നത്തെ നിയമ വാഴ്ചയെതന്നെ അവര്‍ വെല്ലുവിളിക്കുകയായിരുന്നു. സര്‍ക്കാരിന്റെ പോലീസും പട്ടാളവുമൊന്നും ഈ ഏഴജാതികളെ ക്രൂരമായി ആക്രമിച്ചിട്ടും രക്ഷിക്കാന്‍ രംഗത്ത് വരുകയോ കേസെടുക്കുകയോ ചെയ്തിരു ന്നില്ല. കാരണം അന്നത്തെ പോലീസും പട്ടാളവുമെല്ലാം സവര്‍ണന്മാരായിരുന്നുവല്ലോ. പഴമക്കാരില്‍ നിന്നും പറഞ്ഞുകേട്ട സംഭവങ്ങള്‍ ഭീതിദയമായിരുന്നു. നായന്മാര്‍ സംഘടിതരായി പുലയകുടികളിലെത്തി അവിടെ ഉണ്ടായിരുന്ന നാല്‍ക്കാലികളായ ആടുകളെയും മാടുകളെയും വെട്ടിയും അറുത്തും കൊലപ്പെ ടുത്തി. കുടിലുകള്‍ പൊളിച്ചെറിയുകയും തീയിടുകയും ചെയ്തതു. പോരാത്തതിന് ആണുങ്ങള്‍ ഭയന്ന് വീടുവിട്ടുപോയ സന്ദര്‍ഭങ്ങളില്‍ ഭവനഭേദനം നടത്തുകയും സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അമ്മമാരുടെ ഒക്കത്തിരുന്ന് പാലുകുടിച്ചിരുന്ന കുട്ടികളെ പിടിച്ചുവാങ്ങി ദൂരത്തെറിഞ്ഞു. സ്ത്രീകളെയും പെണ്‍കുട്ടികളെയും ഈ മനുഷ്യാധമന്മാരായ ആക്രമികള്‍ കൂട്ടബലാല്‍സംഗത്തിന് വിധേയരാക്കി. വിസമ്മതിച്ചവരെ അടിച്ചൊതുക്കി അംഗഭംഗം വരുത്തി. ചിലരെ ചുട്ടുകൊന്നു. മറ്റു ചിലരെ അടിച്ചുകൊന്നു. ഒടുവില്‍ സവര്‍ണ നെറികേടില്‍ നിന്നും പ്രാണനും കൊണ്ട് സ്ത്രീകളും കുട്ടികളും പുരുഷന്മാരും എങ്ങോട്ടെന്നില്ലാതെ തന്താങ്ങളുടെ ചെറ്റമാടങ്ങള്‍ ഉപേക്ഷിച്ചുപോയി. സവര്‍ണര്‍ അയ്യന്‍കാളിയെ രാജ്യദ്രോഹി യായി മുദ്രകുത്തി. അദ്ദേഹത്തിന്റെ തലയ്ക്ക് 1000 രൂപ ഇനാം പ്രഖ്യാപിക്കാനും നായര്‍ ലഹളക്കാര്‍ മറന്നില്ല.

ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശന ലഹള നടക്കുന്ന കാലത്തു തന്നെ 1914-ലെ പുതുക്കിയ സ്‌കൂല്‍ പ്രവേശന ഉത്തരവ് പാലിക്കാന്‍ മദ്ധ്യതിരുവിതാംകൂറിള്‍പ്പെട്ട സര്‍ക്കാര്‍ - സ്വകാര്യമാനേജ്‌മെ ന്റുകളും തയ്യാറായില്ല. തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മാവേലിക്കര ജില്ലകളില്‍ സവര്‍ണക്രിസ്ത്യന്‍ സ്‌കൂളുകള്‍ പോലും അയിത്ത ജാതി കുട്ടികള്‍ക്ക് പ്രവേശനം നിഷേധി ച്ചിരുന്നു. അതെ സമയം വിദേശ മിഷനറി സ്‌കൂളുകളില്‍ അവര്‍ണ കുട്ടികള്‍ക്ക് ക്രൈസ്തവമതം സ്വീകരിക്കാമെന്ന ഉപാധിയോടെ നിര്‍ബാധം പ്രവേശനം നല്‍കിയപ്പോള്‍ പോലും സവര്‍ണക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അവര്‍ക്കുനേരെ സ്‌കൂള്‍ വാതയാനങ്ങള്‍ ക്രൂരമായി കൊട്ടിയടയ്ക്കാനാണ് ശ്രമിച്ചത്. മനുഷ്യരെ ഒന്നായികാണാനും പരസ്പരം സ്‌നേഹിക്കാനും പഠിപ്പിച്ച ക്രിസ്തു ശിഷ്യന്മാര്‍ പോലും അവര്‍ണ കുട്ടികളുടെ പ്രവേശനത്തെ തടഞ്ഞുവെയ്ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അയ്യന്‍കാളിയുടെ ശിഷ്യനും സാധുജന പരിപാലന സംഘത്തിന്റെ വടക്കന്‍മേഖലാ നേതാവും,പ്രജാസഭ മെമ്പറുമായ വെള്ളിക്കര ചോതിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ പുല്ലാട്ട് മലയാളം മിഡില്‍ സ്‌കൂളില്‍ നാല് പുലയ വിദ്യാര്‍ത്ഥികളെ ബലമായി പ്രവേശിപ്പിച്ചത്. പുല്ലാട്ടു സ്‌കൂളില്‍ ആദ്യമായി പ്രവേശനം നേടിയ നാല് പുലയ ബാലന്മാര്‍ ടി.ടി.തേവന്‍ (ടി.ടി.കേശവന്‍ ശാസ്ത്രി), പി.ടി.കിളിയന്‍ (പി.ടി.വേലായുധന്‍), എം.ടി.തേവന്‍, സി.കെ.പൈങ്കന്‍ എന്നിവരായിരുന്നു.

ഇവര്‍ സ്‌കൂളില്‍ പ്രവേശിച്ച ഉടനെ മറ്റ് സവര്‍ണ വിദ്യാര്‍ത്ഥി കള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് ഓടിപ്പോയി. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ പുല്ലാട്ടുകാരനായ തിരുവല്ല പി.കെ.ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ഇങ്ങനെ വായിച്ചെടുക്കാം. ''എന്തിനും തയ്യാറായി സ്‌കൂളിലേയ്ക്ക് ജൈത്രയാത്ര തുടര്‍ന്ന വെള്ളിക്കര ചോതിയേയും കായികാഭ്യാസ പരിശീലനം നേടിയ അനുയായികളേയും മര്‍ദ്ദിച്ചു പിന്‍തിരി പ്പിക്കാന്‍ സ്ഥലത്തെ മാടമ്പിയും ജന്മിയും സ്‌കൂള്‍ മാനേജരുമായ ഊന്നുപാറയ്ക്കല്‍ പണിക്കരുടെ അനുയായികളായ ക്രിസ്ത്യാ നികളും നേരത്തെതന്നെ സ്‌കൂള്‍പരിസരത്ത് താവളമടിച്ചിരുന്നു. പുളിമരവടികള്‍ തയ്യാറാക്കി സംഘടിച്ചിരുന്ന നായന്മാര്‍ക്ക് വെള്ളിക്കര ചോതിയേയും അനുയായികളായ പുലയരെയും മര്‍ദ്ദിച്ചുപിന്‍തിരിപ്പിക്കുവാന്‍ കഴിയാതെ അവര്‍ ഓടിയൊളി ക്കുകയാണ് ഉണ്ടായത്.ശൈയ്യാവലംബിയായിരുന്ന ഊന്നുപാറ യ്ക്കല്‍ പണിക്കരെ സമീപിച്ച് പുലയര്‍ സ്‌കൂളില്‍ പ്രവേശിച്ചു വെന്ന് അറിയിച്ചപ്പോള്‍ പണിക്കരുടെ മറുപടി ഖേദകരമായ ഒന്നായിരുന്നു. ''പുലയര്‍ പ്രവേശിച്ചെങ്കില്‍ എന്റെ പതിനാറടി യന്തിരം നടത്തണമെന്നും വെള്ളിക്കര ചോതിയും കൂട്ടരും അടിയന്തിരം ഉണ്ട് ഇന്ന് പരിഹസിക്കുമെന്നും പറഞ്ഞു.'' പണിക്കര്‍ പിന്നീട് ഒരക്ഷരവും ഉരിയാടാതെ സര്‍വ്വാംഗം സ്തംഭിച്ച് മരണത്തിലേയ്ക്ക് ഊളിയിട്ട് പോവുകയായിരുന്നു. പിന്നീട് പണിക്കര്‍ ഉണര്‍ന്നില്ല. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പഞ്ചമിയെന്ന പുലയ ബാലികയെ പ്രവേശിപ്പിച്ച ഊരുട്ടമ്പലം സ്‌കൂള്‍ അഗ്നിക്കിരയാക്കിയതുപോലെ തന്നെ തിരുവല്ല താലൂക്കിന്റെ കിഴക്കന്‍ പ്രദേശത്തുണ്ടായിരുന്ന ഏക മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടവും നായന്മാര്‍ ആ രാത്രി തന്നെ തീവച്ചു അയിത്ത ജാതിക്കാരോട് പ്രതികാരം തീര്‍ത്തു. ഇതൊരു അപ്പര്‍ പ്രൈമറി സ്‌കൂളായിരുന്നു. ആ സരസ്വതി ക്ഷേത്രത്തെ പഴമക്കാര്‍ തീവച്ച പള്ളിക്കൂടമെന്നാണ് പില്‍ക്കാലത്ത് പറഞ്ഞിരുന്നത്. അന്ന് പുല്ലാട്ടുനിന്ന് എട്ടു മൈല്‍പടിഞ്ഞാറു മാറിയുള്ള തിരുവല്ലയിലെ തുകലശ്ശേരി മലയാളം ഏഴാംക്ലാസ് പള്ളിക്കൂടം മാത്രമേ അന്നുണ്ടായിരുന്നുള്ളു. ആഗ്ലിക്കന്‍ മിഷനറിമാരുടെ മാനേജ്‌മെന്റിന്റെ കീഴിലുള്ള പ്രസ്തുത സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തിയ പുലയരാദികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കിയിരുന്നുള്ളൂ. വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി അനവധി പുലയര്‍ ക്രിസ്തുമതത്തിലേയ്ക്ക് ചേക്കേറിയത് അങ്ങിനെയാണ്. മധ്യതിരുവിതാംകൂറില്‍ കൊടുങ്കാറ്റ് വീശി അഭൂതപൂര്‍വ്വമായ ഉണര്‍വിനും പുലയ മുന്നേറ്റത്തിനും ഹേതുകമായി പ്രസിദ്ധിയാര്‍ജ്ജിച്ച പുല്ലാട്ട് സ്‌കൂള്‍ പ്രവേശന പ്രക്ഷോഭണത്തില്‍ പ്രവേശനം നേടിയെടുത്ത വരില്‍ ഒരാളാണ് മുപ്പതില്‍ പരം വര്‍ഷം തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ലിയിലും. തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലും സാമാജികനയും ഡെപ്യൂട്ടി സ്പീക്കറായും, ഇടക്കാലത്ത് സ്പീക്കറായും ചരിത്രം തിരുത്തിക്കുറിച്ച ടി.ടി.കേശവന്‍ ശാസ്ത്രിയെന്ന കാര്യം പ്രത്യേകം സ്മരണീയ മാണ്.'' 4 അന്ന് തീവച്ചു നശിപ്പിച്ച പുല്ലാട്ടെ ഈ സ്‌കൂള്‍ ഇന്നറിയപ്പെടുന്നത് 'വിവേകാനന്ദസ്‌കൂള്‍' എന്ന പേരിലാണ്.

പുല്ലാട്ടെ സ്‌കൂള്‍ പ്രവേശന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വെള്ളിക്കര ചോതി വെള്ളിക്കര പ്രദേശത്തെ പുള്ളോലില്‍ എന്ന പുലയകുടുംബത്തിലാണ് ജനിച്ചത്. സവര്‍ണ അനീതികാരണം മതപരിവര്‍ത്തനത്തിന് വിധേയരായവരാണ് ചോതിയുടെ കുടുംബം. മത്തായി എന്നായിരുന്നു പേര്. തിരുവല്ലയിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ സുവിശേഷക പ്രവര്‍ത്തകനായിരുന്നു ആദ്യകാലത്ത് മത്തായി ആശാന്‍. ക്രിസ്തുമതാവലംബി ആയിരുന്നെങ്കിലും സാമൂഹ്യ പ്രതിബദ്ധത കൈമോശം വരാത്ത മത്തായി ആശാന്‍ പുലയര്‍ തുടങ്ങിയവര്‍ക്ക് വഴിനടക്കാനും മറ്റും അയിത്തം കല്പിച്ചിരുന്നത് ഇല്ലായ്മ ചെയ്യാന്‍ യത്‌നിച്ചി രുന്നു. ഇതുകാരണം മിഷണറിമാരുടെ സഹായം ലഭിക്കാതെ വന്നപ്പോള്‍ സുവിശേഷ പ്രവര്‍ത്തനം ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് സ്വന്തം ജനതയുടെ മോചനത്തിനായി പ്രവര്‍ത്തനമാരംഭിച്ചു. മത്തായി ആശാന്‍ അയ്യന്‍കാളിയെക്കുറിച്ച് അറിയുകയും വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ നേരില്‍ കണ്ട് സംസാരി ക്കുകയും തന്നെ കൂടി പ്രജാസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രജാസഭയില്‍ മെമ്പറായാല്‍ തിരുവല്ല പ്രദേശത്തെ പുലയരുടെ ദുരിത ജീവിതം അവസാനി പ്പിക്കാനും മതപരിവര്‍ത്തനം തടയാന്‍ കഴിയുമെന്നും അദ്ദേഹം അയ്യന്‍കാളിയെ ധരിപ്പിച്ചു. ഒടുവില്‍ അയ്യന്‍കാളി മത്തായി ആശാനെ ദിവാന്റെ അടുക്കലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ക്രിസ്ത്യന്‍ മെമ്പര്‍മാരെ നിയമിച്ചുകഴിഞ്ഞതിനാല്‍ അടുത്തപ്രാവശ്യം പരിഗണിക്കാമെന്നും ദിവാന്‍ അറിയിച്ചു. ഒടുവില്‍ അയ്യന്‍കാളിയോടൊപ്പം പുറത്തുവന്ന മത്തായി ക്രിസ്ത്യാനി പേരു മാറ്റി ചോതിയെന്ന ഹിന്ദു പേരാക്കി. അങ്ങിനെ വെള്ളിക്കര ചോതി 1914-ല്‍ പ്രജാസഭ മെമ്പറായി. മധ്യതിരുവിതാംകൂറില്‍ സാധുജനപരിപാലന സംഘത്തിന്റെ പ്രചാരകനുമായി. ഒടുവില്‍ പുല്ലാട്ട് സ്‌കൂളില്‍ പുലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം വാങ്ങിക്കൊടുക്കാന്‍ വെള്ളിക്കര ചോതി ഒരു നിമിത്തമായി.

ഊരുട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ നിന്നും ആരംഭിച്ച കലാപം പടര്‍ന്നുപിടിച്ച് ഒടുവിലത് തൊണ്ണൂറാം മാണ്ട് ലഹളയായി പരിണമിച്ചു. കൊല്ലവര്‍ഷം 1090 (1915)-ല്‍ വരെ നടന്ന കലാപമായതുകൊണ്ടാണ് തൊണ്ണൂറാം മാണ്ട് ലഹളയെന്ന പേരില്‍ അത് വിഖ്യാതമായി തീര്‍ന്നത്. കണ്ടല, ഊരുട്ടമ്പലം, നെയ്യാറ്റിന്‍കര, തൊഴുക്കല്‍, മാരായമുട്ടം, പെരുങ്കടവിള, ചുള്ളിയൂര്‍ എന്നിവിടങ്ങളിലെല്ലാം കലാപം പടര്‍ന്ന് രൂക്ഷമായ സംഘട്ടനങ്ങള്‍ അരങ്ങു തകര്‍ത്തു. നായന്മാരും, ഈഴവരും, മുസ്ലീങ്ങളും കുറെ മാടമ്പിക്കൂട്ടവും ചേര്‍ന്നാണ് പുലയരെ അടിച്ചൊതുക്കാന്‍ ഈ ലഹളകള്‍ക്ക് നേതൃത്വം കൊടുത്തത്. പുലയ ലഹളയെന്ന പേരില്‍ ചരിത്രപ്രസിദ്ധമായ ഈ ലഹള യഥാര്‍ത്ഥത്തില്‍ പുലയര്‍ നടത്തിയ ഒന്നല്ല. പേരുകേട്ടാല്‍ തോന്നുക പുലയര്‍ ലഹളയുണ്ടാക്കിയെന്നാണ്. വാസ്തവത്തില്‍ സംഭവിച്ചത് പുലയരെ അടിച്ചൊതുക്കാന്‍ നായന്മാര്‍ നടത്തിയ നായര്‍ ലഹളകളാണ് പിന്നീട് പുലയ ലഹളയെന്ന പേരില്‍ ചരിത്രകാരന്മാര്‍ പൊടിപ്പും തൊങ്ങലും വച്ച് പടച്ചുണ്ടാക്കിയത്. കലാപത്തിന്റെ പേരില്‍ മാടമ്പിപ്പട സംഘടിപ്പിച്ച് മാരകായുധ ങ്ങളുമായി രാവും പകലും പുലയ കുടികളിലെത്തി കൊള്ളയും കൊള്ളിവയ്പുമാണ് വ്യാപകമായി നടത്തിയത്. ടി.കെ.വേലു പിള്ള യെപ്പോലുള്ള സവര്‍ണ ചരിത്രകാരന്മാര്‍ സ്റ്റേറ്റ് മാന്വലില്‍ ഇങ്ങനെ കുറിച്ചു. 'The so called pulaya riots in Nayyattinkara Taluk and adjacent places, the riot at Talayolapurmbu in Vaikkom and the riotat cape comdserin were among the more serious' 5 അയിത്തം കല്പിച്ച് അകത്തിയിരുന്ന പുലയരെ ഉന്മൂലനനാശം ചെയ്യുവാനുള്ള സവര്‍ണ തന്ത്രങ്ങളെ എന്തുവിലകൊടുത്തും നേരിടാന്‍ അയ്യന്‍കാളിയും സംഘവും തീരുമാനിച്ചു. നായന്മാരും അവരുടെ ഗുണ്ടകളായി വിലസി നടക്കുന്ന കുറെ ചട്ടമ്പിക ളുമാണ് തൊണ്ണൂറാം മാണ്ട് ലഹള നടത്തുന്നതെന്ന വിവരം അയ്യന്‍കാളിയുടെ ചെവിയിലുമെത്തി. ഇതിനിടയില്‍ നെയ്യാറ്റിന്‍ കരയില്‍ 'പുത്തന്‍ പട്ടാളം' (നായര്‍ പട്ടാളം) ഇറങ്ങിയെന്ന വിവരവും പുറത്തുവന്നിരുന്നു. അയ്യന്‍കാളി തന്റെ അനുചര സംഘവുമൊത്ത് നെയ്യാറ്റിന്‍കരയെത്തി ലഹളയെ പ്രതിരോധി ക്കാന്‍ വേണ്ടുന്ന നടപടികള്‍ തുടങ്ങി. അടിക്ക് അടിയല്ലാതെ മറുമരുന്നില്ലെന്ന് അയ്യന്‍കാളി മനസ്സിലാക്കി. സവര്‍ണരില്‍ നിന്നുള്ള മോചനത്തിനും സ്വാതന്ത്ര്യത്തിനും അടിച്ചു നേടണമെന്ന പാഠം അയ്യന്‍കാളി തിരിച്ചറിഞ്ഞത് തൊണ്ണൂറാം മാണ്ട് ലഹളക്കാലത്തായിരുന്നു.

തൊണ്ണൂറാംമാണ്ട് ലഹളയുടെ ഭീകരതയെക്കുറിച്ച് പറയുന്നതി നുമുന്‍പായി അവര്‍ണരെ മുച്ചൂടും അടിച്ചു തകര്‍ക്കാന്‍ കച്ച മുറുക്കി നടക്കുന്ന നായന്മാരുടെയും അവരില്‍ നിന്നും അടിമത്വം പേറാനും അടികൊള്ളാനും വേണ്ടി ദൈവം അവര്‍ണ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഭൂമിയില്‍ പതിപ്പിച്ച പുലച്ചണ്ഡാലങ്ങളുടെയും പൂര്‍വ്വികത കൂടി പരിശോധിച്ചറി യേണ്ടതാണ്. ആരാണ് ഈ നായര്‍? ആരാണ് ഈ പുലയര്‍? ഗോത്രം കൊണ്ട് ഒന്നായ നായരും പുലയരും തമ്മില്‍ നടക്കുന്ന അടികലശലില്‍ സ്വന്തം സഹോദരന്മാരെ-സ്വന്തം ചോരയെ തന്നെയാണ് നായര്‍ അടിച്ചൊതുക്കാന്‍ നടക്കുന്നതെന്ന കാര്യം ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമല്ലാതെ മറ്റെന്താണ്? ഒരു ഗോത്രമെന്ന രൂപത്തിലോ ഐന്തിണകളില്‍ ജീവിതസമ്പ്രദായം തേടിയിരുന്ന കൂട്ടങ്ങളുടെ രൂപത്തിലോ വര്‍ഗ്ഗരൂപത്തിലോ ഒരു പ്രത്യേക സമൂഹമെന്ന നിലയ്‌ക്കോ 14-ാം നൂറ്റാണ്ടുവരെയുള്ള കേരള ചരിത്രത്തില്‍ 'നായര്‍' കടന്നുവരു ന്നില്ല. എ.ഡി.1021-ലെ തിരുനെല്ലി ശാസനത്തിലേയും രവിരാമ പെരുമാളിന്റെ 3-ാം ഭരണവര്‍ഷത്തിലെ തൃക്കൊടിത്താനം ശാസനത്തിലെയും 'നായര്‍' എന്ന പദവും 'നായറ' എന്ന പദവും തൊഴിലിനെ കുറിക്കുന്നതാണ്. 'നായര്‍' എന്ന ജാതി സമൂഹം 14-ാം നൂറ്റാണ്ടിനുശേഷം മാത്രം അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ് രൂപം കൊണ്ട ജാതി സമൂഹമാണ്. പുലയന്‍ എന്നാല്‍ അര്‍ത്ഥം വയല്‍, കൃഷിക്കാരന്‍ എന്നാണ്. മണ്ണാന്‍ എന്ന സംജ്ഞക്കര്‍ത്ഥം മണ്ണില്‍ ആളുന്നവന്‍ എന്നാണ്. മണ്ണിന് വയല്‍ അല്ലാത്ത കരഭാഗം എന്നര്‍ത്ഥം. കരക്കൃഷിക്കാര്‍ എന്നു സാരം. പുലയര്‍ എന്നും മണ്ണാന്‍ എന്നും വിളിച്ചുപോരുന്ന കര്‍ഷകക്കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞവരാണ് പില്‍ക്കാലത്ത് നായരായി പരിണമിച്ചത്.'' 6

ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ പഞ്ചമി, കൊച്ചുകുട്ടി എന്നീ പുലയകുട്ടികളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ ഭീകരമായ ആ കലാപത്തെക്കുറിച്ച് പ്രജാസഭമെമ്പറും, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയും മഹാകവിയുമായ കുമാരനാശാന്‍ പ്രസിദ്ധീകരിച്ചിരുന്ന 'വിവോകേദയം' മാസികയില്‍ (1915 നവംബര്‍ ലക്കം) ഇങ്ങനെ എഴുതി കാണുന്നു. ''പുലയരുടെ സങ്കടത്തിന് ഇപ്പോള്‍ വാസ്തവത്തില്‍ വര്‍ദ്ധനയാണുള്ളതെന്നു മാത്രമല്ല അവരുടെ ഇപ്പോഴത്തെ സങ്കടാവസ്ഥ സഹിക്കത്തക്ക തല്ലാത്തതായും തീര്‍ന്നിരിക്കുന്നു. നെയ്യാറ്റിന്‍കര ഊരൂട്ടമ്പലം എന്ന സ്ഥലത്തെ പെണ്‍പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കു ന്നതിന് ഡിപ്പാര്‍ട്ടുമെന്റനുവാദത്തോടു കൂടി പെണ്‍കുട്ടികളെ കൊണ്ടു ചെന്ന ഏതാനും പുലയരെ നായന്മാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലാന്‍ തുടങ്ങി. ആ തല്ല് ഇപ്പോള്‍ ഭയങ്കര ലഹളയായി വര്‍ദ്ധിച്ച് ആ താലൂക്ക് മുഴുവന്‍ മാത്രമല്ല അടുത്ത താലൂക്കു കളിലും പടര്‍ന്നു പിടിച്ചിരിക്കുന്നതായി കാണുന്നു. ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും, മുഹമ്മദീയര്‍ മുതലായ പല വര്‍ഗ്ഗക്കാരും പുലയരെ മര്‍ദ്ദിക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു. സാധുക്കളായ പുലയര്‍ മറ്റുപല വര്‍ഗ്ഗക്കാരുടെയും ഒന്നിച്ചുള്ള കോപത്തിനും ക്രൂരതയ്ക്കും ലാക്കാകത്തക്കവണ്ണം എന്തൊരു മഹാപാവമാണ് പ്രവര്‍ത്തിച്ചതെന്ന് ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല'' 7 ഈ വാര്‍ത്താക്കുറിപ്പില്‍ കുമാരനാശാന്‍ തന്നോടൊപ്പം പ്രജാസഭയില്‍ മെമ്പറായിരുന്ന അയ്യന്‍കാളിയാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുമായി എത്തിയതെന്ന് വ്യക്തമാക്കാതെ പെണ്‍കുട്ടികളെ കൊണ്ടു ചെന്ന ഏതാനും പുലയരെ നായന്മാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലാന്‍ തുടങ്ങിയെന്നാണ് പറയുന്നത്. മാത്രമല്ല ഈ ലഹളയില്‍ നായന്മാരോടൊപ്പം ഈഴവരും, മുസ്ലീങ്ങളും മറ്റ് അവാന്തര സവര്‍ണ-അവര്‍ണ ജാതികളുമെല്ലാം പുലയരെ അടിച്ചൊതുക്കാന്‍ രംഗത്ത് വന്നിരുന്നുവെന്ന് വിവേകോദയം വെളിപ്പെടുത്തുന്നുണ്ട്. എല്ലാ അവാന്തരവിഭാഗങ്ങള്‍ക്കും അടിച്ചൊതുക്കാന്‍ പറ്റിയ ഭൂമുഖത്തെ ഏറ്റവും പരമോന്നതമായ നികൃഷ്ട ജീവിയായി രുന്നോ പുലയര്‍ എന്ന് തോന്നിപ്പോകുന്നു.

തൊണ്ണൂറാംമാണ്ട് ലഹള ബാധിതകാലത്ത് ജീവിച്ചിരിക്കുകയും ലഹളകള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത റിട്ട.ഹെഡ്മാസ്റ്റര്‍ സ്വാമി പവിത്രാനന്ദന്‍ തന്റെ സ്മരണകളില്‍ നിന്നും ആ ലഹളയെക്കുറിച്ച് സുവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. തന്റെ 83-ാം വയസ്സില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ എം.എല്‍.ചോലയില്‍ 1984-ല്‍ പ്രസിദ്ധപ്പെടുത്തിയ 'അയ്യനവര്‍' എന്ന ലഘു ചരിത്ര ഗ്രന്ഥത്തില്‍ 'പ്രസിദ്ധമായ തൊണ്ണൂറാംമാണ്ട് ലഹള' എന്ന പേരില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. സ്വാമിപവിത്രാനന്ദന്റെ ആ വിവരണത്തില്‍ നിന്നും:

''അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പുലയ കുട്ടികളെ ഊരുട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരു ശ്രമം നടന്നു. ഇത് സവര്‍ണ്ണ ജാതികള്‍ക്ക് സഹിച്ചില്ല. ഗവണ്‍മെന്റ് കുട്ടികളെ ചേര്‍ക്കുന്നതിനുള്ള ഉത്തരവു നല്‍കി. എങ്കിലും സര്‍വ്വശക്തിയും പ്രയോഗിച്ച് മേലാളര്‍ അത് തടയുകയാണുണ്ടായത്. മേല്‍ ജാതികുട്ടികളോടൊപ്പം ചെറുമക്കിടാ ങ്ങളിരിക്കയോ? ഒട്ടും സഹിച്ചില്ല. തല്‍ഫലമായി പുലയരും നായന്മാരും തമ്മില്‍ ബലപ്രയോഗം നടന്നു. പുലയര്‍ നായരെ തല്ലി എന്ന പ്രചാരണം വ്യാപകമായി. നായര്‍ക്കും, പൊതുവേ മറ്റു സവര്‍ണ-അവര്‍ണര്‍ക്കും അത് അഭിമാന ക്ഷതമായി മാറി. കണ്ടലപ്പിള്ളയ്ക്ക് ഒട്ടും സഹിച്ചില്ല. കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ആ പ്രമാണിയുടെ ഗര്‍ജ്ജനം നായര്‍ക്ക് ആവേശം പകര്‍ന്നു. പുലയരെത്തല്ലാന്‍ കൂട്ടമായി സവര്‍ണ്ണ ജാതിക്കാര്‍ രംഗത്തിറങ്ങി. അത് ഒരു ലഹളയില്‍ കലാശിച്ചു. പുലയലഹള എന്നു കുപ്രസിദ്ധമായ ഈ ലഹള പുലയര്‍ നടത്തിയതല്ല. അവരെ അടിച്ചമര്‍ത്താന്‍ സവര്‍ണ ഹിന്ദുക്കള്‍ കല്പിച്ചു കൂട്ടിയുണ്ടാക്കിയ ലഹളയായിരുന്നു. അടിമകളായ താണവരെ അടിച്ചമര്‍ത്തി വീണ്ടും അടിമശ്ശവങ്ങളാക്കി ചവിട്ടടിയില്‍ ഒതുക്കാനുള്ള ഒരു തീവ്രശ്രമം. അതിഭീകരവും ക്രൂരവും നീചവുമായ ഒരു കടന്നാക്രമണം. അത് ചട്ടമ്പി പ്രമാണിമാരുടെ തേര്‍വാഴ്ചയായി മാറി. മേമ്പൊടിയായി 'പുത്തന്‍പട്ടാളം' ഇറങ്ങിയെന്ന കിംവദന്തിയും പ്രചരിപ്പിച്ചു. സാമൂഹ്യ വിരുദ്ധരായ ചട്ടമ്പിമാരാണ് ലഹളയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുതരം കൊള്ളയും കൊള്ളിവയ്പുമായി അത് പടര്‍ന്നു പിടിച്ചു. പാവപ്പെട്ട താണജാതിക്കാരുടെ വീടുകളിലാണ് ഇതരങ്ങേറിയത്. ആട്, കോഴി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ കൊന്നും കൊല്ലാതേയും ലഹളക്കാര്‍ കടത്തിക്കൊണ്ടു പോയിരുന്നു. അതുപോലെ കൃഷിഫലങ്ങളും കട്ടുമുടിച്ചു. ഭീതിതരായ പാവപ്പെട്ട ജനം ജീവന്‍ രക്ഷയ്ക്കായി പലായനം ചെയ്തു. സ്ഥലത്തെ ഹൃദയാലുക്കളായ ജന്മിമാര്‍ തങ്ങളുടെ അടിമകളായ പുലയരെ ഒളിച്ചോടി രക്ഷപ്പെടുവാന്‍ സഹായിച്ചു. അവരുടെ തന്നെ നെല്ലറകളിലെ കളിയലുകളില്‍ ഒളിച്ചിരുത്തിയും രക്ഷിച്ചു. അങ്ങനെ ഒരു കൂട്ടര്‍ ആക്രമിക്കുകയും മറ്റൊരു കൂട്ടര്‍ അഭയം നല്‍കുകയും ചെയ്ത വിരോധാഭാസമായ ഒരു രംഗം അന്നു നടമാടിയിരുന്നു.

പകല്‍സമയം ഏതെങ്കിലും ഒരു ചട്ടമ്പി പ്രമാണിയുടെ വീട്ടില്‍ താവളമടിക്കും. അപഹരിച്ച വസ്തുവകകള്‍ പാകപ്പെടുത്തിയും വിറ്റും തിന്നുമദിച്ചു രസിച്ചു. രാത്രിയായാല്‍ ഒരു പറ്റം സേവകരോടൊത്തു ചട്ടമ്പിമാര്‍ ക്രൂരതാണ്ഡവം നടത്തും. ഊരൂട്ടമ്പലത്ത് നിന്നാരംഭിച്ച അടിച്ചമര്‍ത്തല്‍ ലഹള നെയ്യാറ്റിന്‍കര താലൂക്കും പരിസര പ്രദേശത്തെയും ഭീതി മേഖലയാക്കി മാറ്റി. പ്രക്ഷുബ്ധമായ അന്തരീക്ഷം തന്നെ അതു സൃഷ്ടിച്ചു. ഓരോ സ്ഥലത്തും അതാതു സ്ഥലത്തെ ചട്ടമ്പിമാരാണ് ലഹളയ്ക്ക് നേതൃത്വം നല്‍കിയത്. വ്യാപകമായ തോതില്‍ ഭീതിദമായ നിലയില്‍ ലഹള എത്തിച്ചേര്‍ന്നു. അയ്യന്‍കാളിയും കൂട്ടരും ധീരതയോടെ പൊരുതി നിന്നു. ഒടുവില്‍ പുലയരല്ലാത്ത വരിലേയ്ക്കും ഈ ലഹള കടന്നുകയറി. ചുള്ളിയൂര്‍ പ്രദേശത്തും 'പുത്തന്‍പട്ടാളം' ഇറങ്ങിയെന്ന വ്യാജവാര്‍ത്തയോടൊപ്പം കൊള്ള സംഘമെത്തി. സവര്‍ണരില്‍ ചിലര്‍ അടിയന്മാരെ ഒളിച്ചു രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചു. ഇവിടെ 'അയ്യനവര്‍' സമുദായത്തിലും അടിതടവിദ്യകള്‍ കരസ്ഥമാക്കിയ പ്രസിദ്ധരായ ആശാന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ക്രൂരമായ ഈ അനീതികണ്ട് കൈയ്യും കെട്ടിനില്ക്കാന്‍ കഴിഞ്ഞില്ല. കപ്യാരാശാന്‍, ജോഷ്വാഭക്തര്‍ തുടങ്ങിയ വീരന്മാര്‍ ചുള്ളിയൂര്‍ അമേരിക്കന്‍ മിഷന്‍ പള്ളിയില്‍ സംഘം ചേര്‍ന്നു. ഏതൊരു വീട്ടിലായാലും കൊള്ളക്കാരെത്തി യാല്‍ 'കൂട്ടനിലവിളി' നടത്താന്‍ ഏര്‍പ്പാടു ചെയ്തു. ഇരുപത്ത ഞ്ചു കരുത്തന്മാര്‍ എല്ലാ തയ്യാറെടുപ്പോടും കൂടെ പള്ളിയില്‍ താവളമടിച്ചു. കപ്യാരാശാനാണ് നേതാവ്. തോക്ക്, ചുരുട്ടുവാള്‍, വീശുവാള്‍, പിച്ചാത്തി, ചാക്കില്‍കല്ല്, മുളകുപൊടി എന്നീ സമരായുധങ്ങളും ശേഖരിച്ചിരുന്നു.

ലഹള സംഘത്തെ നയിച്ചിരുന്നത് പൊന്നന്‍പിള്ളചട്ടമ്പി (നായര്‍), ഗോവിന്ദന്‍ ചട്ടമ്പി (ഈഴവ), കടുവാപ്പണിക്കര്‍ (ആശാരി) എന്നിവരായിരുന്നു. കോണത്തുവിളാകം വീടാണ് ചുള്ളിയൂര്‍ പ്രദേശത്തെ വേട്ടയ്ക്ക് വിധേയമായത്. പൗലൂസിന്റെ അച്ഛന്റെ വീട്. സമ്പന്നമായഒരു അയ്യനവര്‍ കുടുംബം. 200 പേരാണ് ലഹളക്കാരുടെ അംഗസംഖ്യ. കൊള്ളവസ്തുക്കള്‍ ചുമക്കുന്നതി നാണ് അധികം പേരും. കപ്യാരാശാന്റെ നേതൃത്വത്തില്‍ വെറും 25 പേര്‍ മാത്രം. 1090-ാം മാണ്ട് (1915) വൃശ്ചികമാസം 14-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് കോണത്തു വിളാകം വീട് ആക്രമിച്ചത്. അരണ്ടനിലാവും ചാറ്റമഴയും. ലഹളച്ചട്ടമ്പിമാര്‍ വയസ്സായ കുടുംബനാഥനേയും അംഗങ്ങളേയും ഭയപ്പെടുത്തി ആടും, കോഴികളും കൈയ്ക്കലാക്കി നടകൊണ്ടു. കൂട്ടനിലവിളി ഉണ്ടായസ്ഥലം ലക്ഷ്യമാക്കി കപ്യാരാശാന്റെ നേതൃത്വത്തില്‍ പള്ളിയില്‍ സംഘം ചേര്‍ന്നിരുന്നവര്‍, ശേഖരിച്ച ആയുധങ്ങളുമായി ഓടിയെത്തി കരിക്കല്‍ കുളത്തിന്റെ മേല്‍ഭാഗത്ത് എത്തിയകൊള്ളസംഘവുമായി അവര്‍ ഏറ്റുമുട്ടി. 'എരട്ടക്കൊഴലുകൊണ്ട് വെയ്ക്കടാവെടി' നേതാവിന്റെ ആജ്ഞ കിട്ടേണ്ട താമസം എരട്ടക്കുഴല്‍ തോക്കാണെന്ന ധാരണയും കൊണ്ടു തന്നെ കൊള്ളസംഘം വിരണ്ടോടി. (പൊടി ഈയവും ചാമയരിയും നിറച്ചതായിരുന്നു തോക്ക്) കടുവാപ്പണിക്കന്റെ മുട്ടിലാണ് വെടിയേറ്റത് തുടര്‍ന്ന് ഏറും. അതോടെ സംഘം ഛിന്നഭിന്നമായി. അഭ്യാസവിദഗ്ദ്ധനായ കപ്യാരാശാനും കൂട്ടരും കൂട്ടത്തല്ലും തുടങ്ങി. രക്ഷപ്പെട്ടോടിയവരില്‍ പലരും കുളത്തിലും പാടത്തും വീണു. അനേകം പേര്‍ ഓടിമറഞ്ഞു. ചട്ടമ്പിമാര്‍ ഓടാതെ എതിര്‍ത്തുനിന്നു. പൊന്നന്‍ പിള്ളയും, ഗോവിന്ദന്‍ ചട്ടമ്പിയും അവസാനം വരെ പൊരുതി നിന്നു. ഇവരെ അടിച്ചു നിലത്തിട്ടു വീശുവാളുകൊണ്ട് വെട്ടും തുടങ്ങി. അര ഇഞ്ചില്‍ കൂടുതല്‍ താഴാത്ത വെട്ടുകള്‍! പൊന്നന്‍പിള്ളചട്ടമ്പിക്ക് 63 വെട്ടും, ഗോവിന്ദന്‍ ചട്ടമ്പിക്ക് 65 വെട്ടും ഏറ്റ് അവശരായി. ''പൊന്നാശാനേ, കൊല്ലരുതേ.....'' എന്നവര്‍ ഒടുവില്‍ കേണപേക്ഷിക്കേണ്ടിവന്നു.

ഈ അവസരത്തില്‍ മറ്റൊരു സ്ഥലത്ത് കൂട്ടനിലവിളി ഉയര്‍ന്നു. കൊള്ളസംഘം അവിടെയുമെത്തിയെന്ന ധാരണയോടെ കപ്യാരാശാനും സംഘവും സ്ഥലംവിട്ടു. ആ തക്കം നോക്കി ഒളിച്ചും പതുങ്ങിയും കഴിഞ്ഞ പലരും സ്ഥലത്തെത്തി വെട്ടേറ്റ് കിടന്നവരെ തോളിലേറ്റി നടകൊണ്ടു. കിഴക്കുഭാഗത്തെ വേലു വാശാന്റെ വീട്ടിലെത്തിച്ചു. വേലുവാശാന്റെ മകനായിരുന്നു ഗോവിന്ദന്‍ ചട്ടമ്പി. രക്തപ്രളയത്തില്‍ കുളിച്ചുകിടന്ന മകനേയും പൊന്നന്‍ പിള്ളചട്ടമ്പിയേയും കണ്ട് വീട്ടുകാര്‍ അമ്പരന്നു നിലവിലവിളിച്ചു. എന്തുചെയ്യാം ദൈവനീതി ഏകപക്ഷീയ മല്ലല്ലോ? കഴിയുന്നതും വേഗം വെട്ടേറ്റവരെ ആശുപത്രിയി ലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചു പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. 'മുറിവൊന്നും അര ഇഞ്ചില്‍ കൂടുതല്‍ താഴ്ചയില്ല. പഠിച്ചവന്റെ വെട്ടാണ്' ഡോക്ടറും സമ്മതിക്കേണ്ടിവന്നു... .അരുമനായകം ചട്ടമ്പിയുടെ വീട്ടില്‍ 'പുത്തന്‍പട്ടാള' ത്തെ ഭയന്ന് കപ്യാരാശാന്റെ പടയുടെ ആഗമനം. ഈ സംഘത്തിന്റെ വരവുകണ്ട അരുമനായകവും കൂട്ടരും ഭയന്നോട്ടമായി. അന്തിച്ചുനിന്ന കപ്യാരാശാന്‍ അരുമനായകത്തിന്റെ പേര് ഉറക്കെ വിളിച്ചു കൂവി അവരെ തടയാനുള്ള ഭാഷകള്‍ അറിയിച്ചു. തന്റെ പേര് എടുത്തു വിളിച്ചുപറയുന്ന ശബ്ദം ശ്രവിച്ചു. കപ്യാരാശാന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അവര്‍ തിരിച്ചെത്തി സംഘം ചേര്‍ന്ന് അരുമനായകം ചട്ടമ്പിയുടെ ഗൃഹത്തില്‍ അന്നു താവളമടിച്ചു. അടുത്ത ദിവസം പാറശ്ശാല പപ്പന്‍ ചട്ടമ്പിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം ആരംഭിച്ചത്. കപ്യാരാശാനും അരുമനായകവും ഒത്തുചേര്‍ന്ന് പപ്പന്‍ ചട്ടമ്പിയേയും കൂട്ടരേയും എതിര്‍ത്തു. ആ ജീവന്മരണ പോരാട്ടത്തില്‍ പപ്പന്‍ചട്ടമ്പിയും കൂട്ടരും തോറ്റു പിന്മാറി. വെട്ടും കുത്തും ഏറ്റ് പലര്‍ക്കും പരിക്കേറ്റു. അതോടുകൂടെ പടര്‍ന്നുപിടിച്ച തൊണ്ണൂറാംമാണ്ട് പുലയര്‍ ലഹളയുടെ അന്ത്യം കുറിച്ചു. ചട്ടമ്പിമാര്‍ മാളങ്ങളില്‍ അഭയം പ്രാപിച്ചു. എന്തും കാട്ടികൂട്ടാമെന്നുള്ള ചട്ടമ്പിമനോഭാവം അസ്തമിച്ചു. അധഃസ്ഥിതവര്‍ഗ്ഗത്തിനെതിരായുള്ള ഈ ലഹളയില്‍ ഈഴവര്‍ പങ്കെടുത്തതില്‍ ശ്രീനാരായണ ഗുരുസ്വാമികള്‍ക്കു എതിര്‍പ്പുണ്ടാ യിരുന്നു.

കപ്യാരാശാനും സംഘവും പ്രതികളായി കേസുനടന്നു. മാരകമായ മുറിവുകളെല്ലാത്തതിനാല്‍ കോടതി പ്രതികളെ തൂക്കാന്‍ വിധിച്ചില്ല. അഞ്ചുപേര്‍ക്കും മൂന്നു കൊല്ലം വീതം തടവുശിക്ഷയു ണ്ടായി. ഈ ഘട്ടത്തില്‍ ജോണ്‍ യേശുദാസനും കഴിവതു പരിശ്രമിച്ചു. വെള്ളക്കാരായ പാതിരിമാരെ സത്യസ്ഥിതി ബോധ്യപ്പെടുത്തി പോലീസിനെക്കൊണ്ടു എതിര്‍പക്ഷത്തിന്റെ പേരിലും കേസ്സെടുപ്പിച്ചു. സവര്‍ണ ചട്ടമ്പിമാരേയും അറസ്റ്റു ചെയ്തു. കോടതി അക്കൂട്ടരെയും ശിക്ഷിച്ചു. മൂന്നു കൊല്ലത്തേ യ്ക്കു ശിക്ഷിച്ചവരെ ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ മോചിപ്പിച്ചു. ഏതോ വിശേഷദിനം പ്രമാണിച്ചാണ് ശിക്ഷയില്‍ ഇളവ് ചെയ്തത്. ജയിലില്‍ നിന്നും വരുന്നവരുടെ തലവെട്ടിയെടു ക്കുമെന്ന് സവര്‍ണ മാടമ്പിമാര്‍ ഭീഷണിമുഴക്കി. അതുനേരിടാന്‍ തന്നെ കപ്യാരാശാനും സംഘവും ഉറച്ചു. ഇരുപത്തിയഞ്ചു മല്ലന്മാര്‍ എല്ലാ സജീകരണങ്ങളോടും മാരായമുട്ടം മുതല്‍ പെരുങ്കടവിളവരെ പരസ്യമായ ഒരു പ്രകടനം നടത്തി. വീമ്പിളക്കിയ ഒരു ചട്ടമ്പിയുടേയും നിഴലുപോലും കാണാനില്ലാ യിരുന്നു'' 8

സ്വാമിപവിത്രാനന്ദന്റെ തൊണ്ണൂറാംമാണ്ട് ലഹളയെ സംബന്ധിച്ച വിവരണം ഏറെ ശ്രദ്ധേയമാണ്. തൊണ്ണൂറാംമാണ്ട് ലഹളയെ സംബന്ധിച്ച് ഇത്രയും ആധികാരികമായ ഒരുവിവരണം ഇന്നോളം ലഭ്യമായിട്ടില്ല. പറഞ്ഞു കേട്ടതോ, പൊടിപ്പും തൊങ്ങലും വച്ചതോ ആയ സംഭവങ്ങളാണ് ഇതുവരേയ്ക്കും നമ്മുടെ മുന്നിലുണ്ടായിരുന്നത്. പക്ഷെ അവയില്‍ നിന്നും വ്യത്യസ്തമായ സംഭവപരമ്പരകളാണ് പവിത്രാനന്ദസ്വാമി നമുക്കു നല്‍കുന്നത്. 'പുത്തന്‍പട്ടാളം'ഇറങ്ങിയെന്നത് വെറും വ്യാജനായിരുന്നില്ല. പാങ്ങോട്ട് മിലട്ടറി ക്യാമ്പില്‍ നിന്നും രായ്ക്കു രാമാനം മതില്‍ചാടി ആരുമറിയാതെ തൊണ്ണൂറാംമാണ്ട് ലഹളബാധിത പ്രദേശമായ നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലുമെത്തി സാധുക്കാളായ അയിത്ത ജാതിക്കാരെ നിര്‍ദ്ദയം ആക്രമിക്കുക പതിവായിരുന്നു. ഗത്യന്തരമില്ലാതായ പുലയര്‍ സംഘടിക്കുകയും രാത്രികാലത്ത് നായര്‍പട്ടാളം വേഷപ്രഛന്നരായി എത്തുന്നതും കാത്തിരുന്നു.1915 നവംബറില്‍ ഒരു രാത്രി നായര്‍പട്ടാളം ഇറങ്ങിവരുകയും സംഘടിച്ചു നിന്ന പുലയര്‍ 'കവളിമടല്‍'കൊണ്ട് പുത്തന്‍പട്ടാളത്തെ കണക്കിന് പ്രഹരിക്കുകയും ചെയ്തു. പുലയരുടെ കവളിമടല്‍ പ്രയോഗം കണക്കിനേറ്റ നായര്‍പട്ടാളം രായ്ക്കുരാമാനം തന്നെ പാങ്ങോട്ട് പട്ടാളക്യാമ്പില്‍ മടങ്ങിയെത്തി. നേരം പുലര്‍ന്നപ്പോള്‍ അയ്യന്‍കാളി പാങ്ങോട് പട്ടാളക്യാമ്പി ലെത്തി കമാണ്ടറെ കണ്ട് ഇവിടെ നിന്നും പുത്തന്‍ പട്ടാളം ഇറങ്ങി നെയ്യാറ്റിന്‍കരയിലെ തന്റെ ജനങ്ങളെ മര്‍ദ്ദിക്കുന്നതായി പരാതിപ്പെട്ടു.പ്രജാസഭ മെമ്പറായ അയ്യന്‍കാളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നായര്‍പട്ടാളം ഇവിടെ ക്യാമ്പില്‍ തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ ഞാനറിയാതെ പുറത്തു പോകാറില്ലന്നും അറിയിച്ചു. എന്നാല്‍ നായര്‍പട്ടാളത്തിന്റെ മിലട്ടറിവേഷം മാറ്റി ശരീരപരിശോധന നടത്താന്‍ അങ്ങ് ദയവുണ്ടാകണമെന്ന് അയ്യന്‍കാളി അഭ്യര്‍ത്ഥിച്ചു.അഭ്യര്‍ത്ഥന സ്വീകരിച്ച കമാന്‍ഡര്‍ നായര്‍പട്ടാളത്തിന്റെ വേഷം മാറ്റി ശരീരം പരിശോധിക്കാന്‍ ഉത്തരവിട്ടു.നായര്‍പട്ടാളത്തിന്റെ ശരീരപരിശോ ധനയില്‍ തലേ ദിവസത്തെ കവളിമടല്‍ പ്രഹരത്തിന്റെ പാടുകള്‍ കണ്ടെത്തുകയും കമാന്‍ഡര്‍ കുറ്റം സമ്മതിക്കുകയും പട്ടാളക്കാരെ അര്‍ഹമായ ശിക്ഷണനടപടിക്ക് വിധേയമാക്കുകയും ചെയ്തു.

തൊണ്ണൂറാംമാണ്ട് ലഹളക്കാലത്ത് ധനുവച്ചപുരത്തുകാരന്‍ യാക്കൂബ് ചട്ടമ്പി എന്നയാള്‍ ചില നാട്ടുപ്രമാണികളുമായി അടികലശലുണ്ടായി. നെയ്യാറ്റിന്‍കര 21-ാം കമ്പനിയുടെ ക്യാപ്റ്റനായ വേലുപ്പിള്ളയുടെ കൈവെട്ടു കേസില്‍ നിരപരാധി യായ യാക്കൂബ് ചട്ടമ്പിയെ പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയി. അയ്യന്‍കാളിയുടെ ഉറ്റമിത്രവും സംഘത്തിന്റെ നെടുന്തൂണുമായ ആളായിരുന്നു യാക്കൂചട്ടമ്പി. സംഭവമറിഞ്ഞെ ത്തിയ അയ്യന്‍കാളി ബാലരാമപുരം പോലീസ് സ്റ്റേഷനിലെത്തി യാക്കൂവിനെ വിടണമെന്ന് എസ്.ഐ.യോട് ആവശ്യപ്പെട്ടു. പ്രജാസഭ മെമ്പറായിരുന്ന അയ്യന്‍കാളിയുടെ അപേക്ഷ നിരാകരിക്കുകയും യാക്കൂബിനെ വിട്ടയയ്ക്കാന്‍ വിസമ്മതിക്കു കയും ചെയ്തതോടെ അയ്യന്‍കാളിയും സംഘവും ബാലരാമപുരം പോലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്നു.തന്റെ അംഗരക്ഷക നായ യാക്കൂബ് സ്വയരക്ഷക്കായിട്ടാണ് ഗത്യന്തരമില്ലാതെ വെട്ടേണ്ടിവന്നതെന്ന് അയ്യന്‍കാളി വാദിച്ചു.അങ്ങിനെ ഒരു രാവും ഒരു പകലും നടന്ന കുത്തിയിരിപ്പു സമരം യാക്കൂബിനെ നിരുപാധികം വിട്ടയയ്ക്കുന്നതു വരെ തുടര്‍ന്നു.ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരമായിരുന്നു അയ്യന്‍കാളി ബാലരാ മപുരം പോലീസ് സ്റ്റേഷനുമുന്നില്‍ 1915-ല്‍ നടത്തിയത്.ഇന്ത്യയിലെ സത്യാഗ്രഹ സമരത്തിന്റെ ജനയിതാവും അയ്യന്‍കാളിയായിരുന്നു. രണ്ടാം തവണയാണ് ഗാന്ധിജി സത്യാഗ്രഹ സമരം ആരംഭിച്ചത്. അയ്യന്‍കാളിയെക്കാള്‍ ഇളപ്പമായിരുന്നു ഗാന്ധിജിക്ക്. ഇതൊന്നും കാണുവാനുള്ള കണ്ണ് ഇവിടത്തെ സവര്‍ണ ചരിത്രകാരന്‍മാര്‍ക്ക് ഉണ്ടായില്ല.

അയ്യന്‍കാളി സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തന ങ്ങളുമായി ചങ്ങനാശ്ശേരിയില്‍ താമസിക്കുന്ന കാലത്താണ് 1914-ല്‍ 'സാധുജന പരിപാലിനി'എന്ന മാസിക സാധുജനങ്ങള്‍ക്കായി ആരംഭിച്ചത്.ചങ്ങനാശ്ശേരി താലൂക്കില്‍ തൃക്കൊടിത്താനം കരയില്‍ ചെമ്പുംതറകാളി ചോതിക്കുറുപ്പുമായുള്ള പരിചയപ്പെടലാണ് സാധുജനപരിപാലിനിയെന്ന മാസിക ആരംഭിക്കാന്‍ കാരണ മായത്. ചെമ്പുംതറകാളി ചോതിക്കുറുപ്പിനെ പത്രാധിപരായി നിയമിച്ചുകൊണ്ടായിരുന്നു സാധുജനപരിപാലിനി പ്രസിദ്ധീകര ണമാരംഭിച്ചത്.ചങ്ങനാശ്ശേരി 'സുദര്‍ശന്‍' പ്രസില്‍ നിന്നും ഏകദേശം 18 വര്‍ഷത്തോളം ഈ മാസിക പ്രസിദ്ധീകരിച്ചതായി പറയുന്നുണ്ട്.അയ്യന്‍കാളി സാധുജനപരിപാലിനിയെന്ന മാസിക സാധുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന വിവരം ആദ്യമായി പുറത്തുകൊണ്ടുവരുന്നത് 1973-ല്‍ കവിയും അയ്യന്‍കാളിയുടെ ചെറുമകനുമായിരുന്ന അകാലത്തില്‍ പൊലിഞ്ഞുപോയ വെങ്ങാനൂര്‍ സുരേന്ദ്രനാണ്. അതുപോലെ അയ്യന്‍കാളി നയിച്ച കാര്‍ഷികത്തൊഴിലാളിപണിമുടക്കു സമരത്തെ കുറിച്ചും വിലപ്പെട്ടതും വിസ്മൃതവുമായിരുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും സുരേന്ദ്രന്‍ തന്നെയാണ്. അയ്യന്‍കാളിയുടെ തലമുറയില്‍പ്പെട്ടവരും ആ സമരത്തില്‍ യാതനകള്‍ പേറിയവരുമായ ആളുകളില്‍ നിന്നും ആ കാലത്ത് ജീവിച്ചിരുന്ന സവര്‍ണരില്‍ നിന്നുമാണ് സുരേന്ദ്രന്‍ വിലയേറിയ ഈ വിവരങ്ങള്‍ ശേഖരിച്ചതെന്ന് പലപ്പോഴും പറഞ്ഞിരുന്നു. അയ്യന്‍കാളിയെ സംബന്ധിച്ച് ഒരു ഗ്രന്ഥം രചിക്കാനായിരുന്നു ഇതൊക്കെ ശേഖരിച്ചതെങ്കിലും ഒടുവില്‍ 'അയ്യന്‍കാളി സ്മാരകഗ്രന്ഥം' എന്ന സോവനീര്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ആ കാലത്ത് സുരേന്ദ്രന്‍ താമസിച്ചിരുന്നത് പുളിമൂടിനു സമീപം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ ഒരു ലോഡ്ജിലായിരുന്നു. ഒരു പത്രപ്രവര്‍ത്തകനായ കുന്നുകുഴിമണി ഒട്ടുമിക്ക ദിവസവും സുരേന്ദ്രനെ കാണാന്‍ എത്തുമായിരുന്നു. ദീര്‍ഘനേരം മണിയുമായി അയ്യന്‍കാളിയെ സംബന്ധിച്ചും മറ്റ് സമകാലീന വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയി രുന്നു. കുറച്ചുകാലം കുന്നുകുഴിമണി ഒരു ട്രെയിനിംഗിനായി കളമശ്ശേരിയിലായിരുന്നു. ആ കാലത്താണ് അയ്യന്‍കാളിയുടെ 111-ാം ജന്മദിനത്തോടനുബന്ധിച്ച് 'ശ്രി അയ്യന്‍കാളി സ്മാരക ഗ്രന്ഥം' എന്ന സോവനീര്‍ 1974 ആഗസ്റ്റ് 31ന് വെങ്ങാനൂര്‍ സുരേന്ദ്രന്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് ട്രെയിനിംഗ് കഴിഞ്ഞെത്തിയ സന്ദര്‍ഭത്തില്‍ അതിന്റെ ഒരു കോപ്പി എനിക്ക് തരുകയും ചെയ്തിരുന്നു. മാത്രമല്ല സുരേന്ദ്രന്‍ രചിച്ച 'കാവ്' എന്ന കാവ്യഗ്രന്ഥത്തിന് ഒരു കവര്‍ ഡിസൈന്‍ ചെയ്യാന്‍ മണിയെ ഏല്പിക്കുകയും ചെയ്തിരുന്നു. കവിത മുഴുവന്‍ അച്ചടിച്ച് മുറിയില്‍ കൊണ്ടുവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ കവര്‍ ഡിസൈന്‍ ചെയ്തു കൊടുക്കുവാന്‍ സുരേന്ദ്രന്റെ മരണത്തോളം മണിക്കു കഴിഞ്ഞിരുന്നില്ല എന്ന ദുഃഖം ഇന്നും മണിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. പിന്നീട് വന്ന എല്ലാ അയ്യന്‍കാളി ജീവചരിത്രത്തിലും സുരേന്ദ്രന്റെ അയ്യന്‍കാളി സ്മാരകഗ്രന്ഥം പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സി. അഭിമന്യുവിനും, ചെറായിരാമദാസിനും മണിയുടെ കൈവശമുണ്ടായിരുന്ന അയ്യന്‍കാളി സ്മാരകഗ്രന്ഥത്തിന്റെ കോപ്പികള്‍ എടുത്തുകൊടുത്തിരുന്നു.

സുരേന്ദ്രന്റെ അയ്യന്‍കാളി സ്മാരകഗ്രന്ഥം വഴിയാണ് അയ്യന്‍കാളി 1904 മുതല്‍ 1907 വരെ നടത്തിയ കാര്‍ഷിക പണിമുടക്കു സമരത്തെക്കുറിച്ചും, ചങ്ങനാശ്ശേരിയിലെ സുദര്‍ശന്‍ പ്രസില്‍ അച്ചടിച്ച 'സാധുജനപരിപാലിനി' മാസികയെ സംബന്ധിച്ചും പുറംലോകം ആദ്യമായി കേട്ടു തുടങ്ങിയത്. ഈ മാസികയില്‍ ചെമ്പും തറപാപ്പന്‍, പ്ലാന്തറ പാപ്പന്‍ എന്നിവര്‍ സ്ഥിരമായി എഴുതിയിരുന്നു. ഊരുട്ടമ്പലം പെണ്‍പള്ളിക്കൂടം ലഹളയ്ക്ക് 6 മാസം മുന്‍പായിരുന്നു സാധുജന പരിപാലിനി പ്രസിദ്ധീകരിച്ചു തുടങ്ങിയതെങ്കിലും ഊരുട്ടമ്പലം ലഹളയെക്കു റിച്ചോ, തൊണ്ണൂറാം മാണ്ട് കലാപത്തെക്കുറിച്ചോ ഉള്ള ആനുകാലിക സംഭവങ്ങളെക്കുറിച്ചൊന്നും സാധുജനപരി പാലിനിയില്‍ ചേര്‍ത്തതായി പറയുന്നില്ല. അതെസമയം ആ കാലത്തെ എല്‍.എം.എസ് വാര്‍ഷിക റിപ്പോര്‍ട്ടിലും, കുമാരനാശാന്റെ 'വിവേകോദയം മാസികയിലും മറ്റും ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശന കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തൊണ്ണൂറ്റിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയ്യന്‍കാളി പ്രസിദ്ധീകരിച്ചതായി പറയുന്ന സാധുജനപരിപാലി നിയുടെ ആദ്യലക്കം ജി.സുദര്‍ശന്‍ എന്നൊരാളുടെ പക്കലുള്ള തായി വെളിപ്പെടുത്തിക്കൊണ്ട് 2007 ഫെബ്രുവരി ലക്കം ഭാഷാ പോഷിണിയില്‍ സാധുജനപരിപാലിനിയുടെ ആദ്യലക്കത്തിന്റെ ഫോട്ടോയോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. സാധുജനപരിപാലിനി പുസ്തകം ഒന്ന്: 1089 മേടം: ലക്കം ഒന്ന് എന്ന് ടൈറ്റില്‍ കഴിഞ്ഞ് ചേര്‍ത്തിട്ടുണ്ട്. അതു കഴിഞ്ഞാല്‍ കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സി.എസ്.ഐയുടെ നാലുവരി മംഗളം എന്ന കവിതയും അതിനു താഴെ പ്രസ്താവനയുമാണ്. സാധുജനപരി പാലിനിയുടെ ആദ്യലക്കത്തെ മുന്‍പേജാണിത്. 18 വര്‍ഷത്തോളം പ്രസിദ്ധീകരിച്ച ഈ മാസികയുടെ മറ്റു ലക്കങ്ങളെക്കുറിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. സാധുജന നവോത്ഥാനത്തിന്റെ നവസന്ദേശം സാധുജനങ്ങളിലെ ത്തിക്കാന്‍ ഇത്തരമൊരു പ്രസിദ്ധീകരണം വഴി കഴിയുമെന്നാ യിരുന്നു നിരക്ഷരനായ അയ്യന്‍കാളിയുടെ കണക്കുകൂട്ടല്‍. പക്ഷെ പ്രസിദ്ധീകരണം നയിച്ച ചെമ്പും തറകാളി ചോതിക്കുറുപ്പിന്റെ പത്രാധിപത്യം കൊണ്ട് ആ കാര്യം സാധിച്ചുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പതിനെട്ടുവര്‍ഷത്തോളം പ്രസിദ്ധീക രിച്ച സാധുജനപരിപാലിനിയുടെ ലക്കങ്ങള്‍ കണ്ടെടുത്താല്‍ മാത്രമേ അത്തരമൊരു വിലയിരുത്തലിന് സാദ്ധ്യത തെളിയു ന്നുള്ളു. എന്തായാലും ഒരു നവോത്ഥാനത്തിന്റെ വെടിമരുന്നായി സാധുജനപരിപാലിനിയുടെ പ്രസിദ്ധീകരണത്തിലൂടെ അയ്യന്‍കാളി തുടങ്ങിവച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം നവോത്ഥാന പോരാട്ടങ്ങളിലൂടെയായിരുന്നു അയ്യന്‍കാളി സാധുജനവിദ്യാലയ പ്രവേശനംഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ പൊരുതി നേടുവാന്‍ അവരെ പ്രാപ്തരാക്കിയത്. പക്ഷെ സാധുജനങ്ങള്‍ ആ അവകാശ സമരാഹ്വാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ വിജയിച്ചുവെന്നത് ചിന്തനീയമായ ഒന്നാണ്.

സഹായഗ്രന്ഥങ്ങള്‍/റിപ്പോര്‍ട്ടുകള്‍/ സൂചനകള്‍:

1. Sri. Moolam Popular Assembly Proceeding (S.M.P.A.P) of 1914 Feb.10
2. Sri. Moolam Popular Assembly Proceeding (S.M.P.A.P) of 1914 Feb. 26.
3. 'കണ്ടല ലഹളയുടെ സ്മൃതിയുമായി' പഞ്ചമിയുടെ അയല്‍ക്കാരി വെള്ളൂര്‍ക്കോണം ഗോവിന്ദവിലാസത്തില്‍ തങ്കമ്മ-റിപ്പോര്‍ട്ട് മലയാള മനോരമ 2001 ജൂണ്‍ 18
4. തിരുവല്ല പി.കെ.ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും കുന്നുകുഴിമണി ശേഖരിച്ച വിവരങ്ങള്‍- 1984 June 5 
5. T.K.Velu Pillai- ' The Travancore State Manual-Vol.II p.707
6. പുലപ്പേടിയും മണ്ണാപ്പേടിയും കേരളവര്‍മ്മ രാജാവും- എം.ഗംഗാധരന്‍, കലാകൗമുദി-2003 ഒക്‌ടോ.19-25, പേജ്. 38
7. കുമാരനാശാന്റെ ഗദ്യലേഖനങ്ങള്‍- വോള്യം 2, കുമാരനാശാന്‍ സ്മാരക കമ്മറ്റി തോന്നയ്ക്കല്‍ 1982, പേജ്. 362-363