"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ബ്രെക്‌സിറ്റ് : വ്യതിചലിക്കപ്പെട്ട ജനകീയരോഷം - തോമസ് സെബാസ്റ്റ്യന്‍, ലണ്ടന്‍


ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) തുടരണമോ എന്നതിനുവേണ്ടി നടന്ന ഹിതപരിശോധനയില്‍ വളരെ ചെറിയൊരു ഭൂരിപക്ഷത്തില്‍ വിട്ടുപോകുന്നതിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നു. കടുത്ത ഇയു വിരുദ്ധരായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (UKIP) യിലേക്ക് യാഥാസ്ഥിതിക ഭരണ കക്ഷിയില്‍ നിന്നു രണ്ടു എം.പിമാര്‍ 2013 ല്‍ കൂറുമാറുകയും തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തതോടെയാണ് ബ്രിട്ടന്‍ ഇയുവില്‍ തുടരണമോ എന്ന ഇപ്പോഴത്തെ സംവാദം ആരംഭിക്കുന്നത്. ഇയു അംഗത്വം ബ്രിട്ടന്റെ പരമാധികാരത്തി നെതിരാണെന്നും കുടിയേറ്റക്കാര്‍ ക്ഷേമരാഷ്ട്രത്തിന്റെ നേട്ടങ്ങള്‍ അപഹരിക്കുന്നുവെന്നുമുളള വാദഗതിക്കാരാണ് UKIP. തന്റെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇതേ സംബന്ധിച്ച് റഫറണ്ടം നടത്തുമെന്ന് UKIP യിലെയും സ്വന്തം പാര്‍ട്ടിയിലെയും എം.പിമാരുടെ സമ്മര്‍ദ്ധത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2015 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ഹിതപരിശോധന ക്കുള്ള നടപടികള്‍ നീക്കുകയും ചെയ്തു. പൊതുസമൂഹത്തില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉയര്‍ന്നു വന്നിരുന്നില്ലെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. UKIP യെ ഒതുക്കാമെന്നു കരുതി നടത്തിയ ചൂതാട്ടത്തില്‍ കാമറൂണിന് ഇപ്പോള്‍ പ്രധാനമന്ത്രി പദം നഷ്ടമാകുകയാ ണുണ്ടായത്.

ഇരുപക്ഷക്കാരുടെയും കാമ്പയില്‍ ശക്തിപ്പെട്ട മുറക്ക് വിടുതലിനു വേണ്ടി വാദിച്ചവര്‍ക്ക് അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ പോളണ്ട്, ബള്‍ഗേറിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുളള കുടിയേറ്റത്തില്‍ മാത്രം കേന്ദ്രികരിപ്പിക്കാന്‍ കഴിഞ്ഞു. 2008 ലെ മാന്ദ്യത്തോടെ ശക്തിപ്പെട്ട നവഉദാരനയങ്ങള്‍ പാര്‍പ്പിട രഹിതരുടെയും ദരിദ്രരുടെയും എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായി. എല്ലാജനക്ഷേമ പദ്ധതികളും സാമുഹ്യചെലവുകളും വെട്ടിച്ചുരുക്കുന്ന തിന്റെ കാരണക്കാര്‍ കുടിയേറ്റക്കാരാണെന്നു സ്ഥിതി വിവരണക്കണ ക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തു സ്ഥാപിക്കുന്നതില്‍ വിട്ടുപോകല്‍ വാദികള്‍ വിജയിച്ചു. ഇയു വിഹിതമായി ബ്രിട്ടന്‍ കൊടുക്കുന്ന 350 ദശലക്ഷം പൗണ്ട് ബ്രിട്ടനിലെ പാര്‍പ്പിടരാഹിത്യത്തെയും തൊഴിലില്ലായ്മയെയും മറ്റും രൂക്ഷമാകുന്നുവെന്ന ഇവരുടെ വാദഗതിയെ ഈ കണക്ക് തെറ്റാണെന്നു തെളിഞ്ഞിട്ടും, പിന്തുണക്കാന്‍ ഏറെപ്പേരുണ്ടായി.

ബ്രിട്ടനിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മാന്ദ്യത്തിന്റെയും തെറ്റായ നയങ്ങളുടെയും ഭാരം തങ്ങളുടെ ചുമലുകളി ലേക്കു തളളുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരായ രോഷം പ്രകടിപ്പിക്കാനുളള അവസരമായിരുന്നു ഹിതപരിശോധന. അതുകൊണ്ടു തന്നെ അവരുടെ വോട്ട് നവഉദാരനയങ്ങള്‍ക്കെതിരായ പ്രതിഷേധമായി രുന്നു. ഭരണവര്‍ഗ്ഗ ങ്ങള്‍ക്കും അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരായ രോഷമായിരുന്നു അതിലൂടെ പ്രകടമായത്. ശരിയായ ഒരു രാഷ്ട്രീയ ബദലിന്റെ അഭാവ ത്തില്‍ ജനങ്ങള്‍ക്ക് അവരുടെ രോഷം ഇപ്രകാരം പ്രകടിപ്പിക്കാനേ കഴിയുമായിരുന്നുളളു.

മൂലധനത്തിന്റെയും അദ്ധ്വാനത്തിന്റെയും ചലനസ്വാതന്ത്ര്യം യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം നടപ്പാക്കി ഏതാനും കുത്തകള്‍ക്ക് സമ്പത്തു സമാഹരണം ഉറപ്പാക്കുകയെന്നതാണ് ഇ യു അജണ്ട. കൂലി കുറഞ്ഞ അസംഘടിതരായ കുടിയേറ്റ തൊഴിലാളികളെ കൊളളയടിച്ച് ലാഭ സമാഹരണം നടത്താന്‍ ബ്രിട്ടനിലെ വരേണ്യവര്‍ഗ്ഗത്തിന് ഇതു സൗകര്യപ്രദമായി. ട്രേഡ്യൂണിയനുകള്‍ ക്ഷയിച്ചത് തൊഴിലാളികളുടെ വിലപേശല്‍ കഴിവും യഥാര്‍ത്ഥ കൂലിയും ഇടിച്ചു. ഇയു നയങ്ങള്‍ ബ്രിട്ടനിലെ തൊഴിലാളികള്‍ക്കും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അപ്രകാരം ദോഷകരമായിരുന്നു. ഇക്കാര്യങ്ങളെ ശരിയായി വിലയിരുത്തുന്നതിനു പകരം UKIP യുടെ കുടിയേറ്റ വിരുദ്ധ സമീപനങ്ങള്‍ ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നുവെന്നവകാ ശപ്പെടുന്നവര്‍ പോലും തയ്യാറില്ല.

ഇനിയിപ്പോള്‍ ബ്രിട്ടിഷ് ജനതക്കുമുമ്പില്‍ അനിശ്ചിത്വത്തിന്റെ നാളുകളാണ്. ഹിതപരിശോധനാഫലം തങ്ങള്‍ക്കുദോഷകരമാണെന്ന് യുവാക്കള്‍ ഭയപ്പെടുന്നു. പ്രായമായവരാകട്ടെ, ഇയു എന്ന ജനാധിപത്യ വിരുദ്ധ സ്ഥാപനത്തിനും അത് അടിച്ചേല്‍പ്പിക്കുന്ന നവഉദാരനയങ്ങള്‍ക്കു മെതിരാണ്. വിരോധാഭാസമെന്നു പറയട്ടെ, വിട്ടുപോകല്‍ വാദികളും ഇതേ നവഉദാരനയങ്ങളുടെ വക്താക്കളാണ്. ഇപ്പോള്‍ കാമറൂണിന്റെ പിന്‍ഗാമിയായി വരാന്‍ പോകുന്ന വിടുതല്‍ വാദികളുടെ നേതാവായ ബോറിസ് ജോണ്‍സണിനെതിരെ ജനങ്ങള്‍ തിരിയുമെന്നും നവഉദാരനയ ങ്ങള്‍ തിരുത്താനുളള സമൂര്‍ത്തപരിപാടികള്‍ ഉണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.