"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

കാലത്തെ വെല്ലുവിളിച്ച മഹാത്മാ അയ്യന്‍കാളി: പ്രതീക്ഷാനിരഭരമായ നൂറ്റാണ്ടുകളിലേയ്ക്ക് - കുന്നുകുഴി എസ് മണി


പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരളം ജന്മി വാഴിച്ച ദുഷ്പ്രഭുത്വത്തിന്റെ കരാള വക്രതയില്‍ ഞെരിഞ്ഞമരുകയായിരുന്നു. ജന്മിമാടമ്പിത്വം കൊടികുത്തി വാണ സന്ദര്‍ഭത്തില്‍ അവര്‍ക്കെതിരെ ഉരിയാടാന്‍ പോലും പുലയര്‍ തുടങ്ങിയ കീഴാളവര്‍ഗ്ഗ സങ്കരങ്ങള്‍ക്ക് പാങ്ങില്ലായിരുന്നു. ഭൂമിയും അനുബന്ധ കാര്‍ഷിക രംഗവും ജന്മി മാടമ്പിമാരുടെ കൈക്കുത്തകയായി മാറിപ്പോയിരുന്നു. കീഴാള വിഭാഗങ്ങള്‍ക്ക് ജന്മിമാടമ്പിമാരെ ആശ്രയിച്ചു മാത്രമേ ജീവിതം പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ. സാമൂഹ്യതലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനുസൂതം ജന്മികുടിയാന്‍ വ്യവസ്ഥിതിയി ലേയ്ക്ക് എടുത്തെറിയപ്പെട്ടു. അയിത്തവും അനാചാരങ്ങളും കുടിയന്മാരില്‍ മാത്രം അടിച്ചേല്‍പ്പിച്ചു. അനുസരിക്കാത്തവരെ ദണ്ഡന നീതികള്‍ കൊണ്ട് അടിച്ചമര്‍ത്തി. ഈ കാട്ടുനീതിക്കെതിരെ പ്രതികരിച്ചവരെ ഉന്മൂലനം ചെയ്യാന്‍ ജന്മിവാഴ്ചക്കാര്‍ അവരുടേതായ കാടന്‍ നിയമങ്ങള്‍ പടച്ചുണ്ടാക്കി. അന്ന് രാജവാഴ്ച നടത്തിയ രാജാക്കന്മാരും ജന്മിവഴിത്വത്തിന്റെ കാടന്‍ നീതിശാസ്ത്രങ്ങള്‍ അംഗീകരിക്കുകയും ജന്മിമാരോടൊപ്പം ഒട്ടിനിന്ന് കീഴാള പരിഷകളെ കൂടുതല്‍ ദ്രോഹിക്കാന്‍ കൂട്ടുനിന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മിഷണറി പ്രവര്‍ത്തകനായ റവ.സാമുവല്‍ മേറ്റിയര്‍ ഈ കീഴാള-അടിയാള വിഭാഗങ്ങളുടെ ദയനീയ സ്ഥിതിയെകുറിച്ച് തന്റെ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂറില്‍' ഇങ്ങനെ എഴുതി: 'പുലയര്‍ തുടങ്ങിയവര്‍ക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം തടയപ്പെട്ടിരുന്നു. ഒരു നായരെ തീണ്ടത്തക്കവിധത്തില്‍ നടന്നുപോകുന്ന പുലയനെ നായര്‍ അടുത്ത ക്ഷണത്തില്‍ വെട്ടിത്തുണ്ടമാക്കും. ഈ ജാതിക്കാരെ തിരിച്ചറിയു ന്നതിനു വേണ്ടി അരയ്ക്കുമീതെ നഗ്നത മറയ്ക്കരുതെന്ന വിലക്കുണ്ടായിരുന്നു. ചെരിപ്പ്, കുട, വിശേഷ വസ്ത്രങ്ങള്‍, വിലയേറിയ ആഭരണങ്ങള്‍ ഇവയൊന്നും അവര്‍ക്ക് പാടില്ലായിരുന്നു. ആഘോഷ വേളകളില്‍ കുടപിടിക്കാനുള്ള അവകാശം ബ്രാഹ്മണര്‍ക്കുമാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് മഴക്കാലത്തുപോലും കുടപിടിക്കാന്‍ അവകാശമില്ല. ബ്രാഹ്മണര്‍ തുടങ്ങിയ മേലാളവര്‍ഗ്ഗക്കാരെ കണ്ടാല്‍ ബഹുമാന സൂചകമായി കീഴാളസ്ത്രീകള്‍ മാറിടത്തിലെ തുണി എടുത്തുമാറ്റണമായിരുന്നു.1 നായരെ തീണ്ടിയാല്‍ പുലയനെ അടുത്തക്ഷണം വെട്ടിത്തുണ്ടമാക്കുന്ന നായരുടെ സ്ഥിതിയും സ്ഥാനവും എന്തായിരുന്നുവെന്നുകൂടി മനസ്സിലാക്കേണ്ടതാണ്. മനുസ്മൃതി പ്രകാരം ബ്രാഹ്മണ,ക്ഷത്രിയ, വൈശ്യരുടെ ദാസ്യവൃത്തികൊണ്ട് കാലം കഴിഞ്ഞിരുന്നവനാണ് ശൂദ്രനെന്നനായര്‍. ഈ ഇലന ക്കിനായര്‍ക്ക് പുലയനെ തീണ്ടിയതിന്റെ പേരില്‍ വെട്ടിത്തുണ്ടമാക്കാന്‍ ആരാണ് അധികാരം കല്പിച്ചു കൊടുത്തത്? ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും വൈശ്യന്റെയും വീട്ടിലെ ചണ്ഡാലപ്പണികള്‍ നടത്തിയിരുന്ന പുലയനെക്കാള്‍ മ്ലേച്ഛനായിരുന്ന നായര്‍ അക്ഷരം പഠിച്ചാല്‍ പോലും അവന്റെ നാക്കരിയാന്‍ ബ്രാഹ്മണന് അധികാരം കൊടുത്തിരുന്നു മനുസ്മൃതി. പുലയനെക്കാള്‍ മ്ലേച്ഛമായ ദാസ്യവേല ചെയ്യുന്ന നായര്‍ എങ്ങിനെ സവര്‍ണാധിപത്യമുള്ളവനായി?

'മെമ്മോറിയല്‍ ഓഫ് ദി സര്‍വ്വെ ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍' എന്ന ഗ്രന്ഥത്തില്‍ വാര്‍ഡും കോണറും ഇങ്ങനെ കൂടി രേഖപ്പെടുത്തുന്നു: 'അവരുടെ പേര് പുലയര്‍ അറപ്പും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന എല്ലാത്തിന്റെയും പര്യായമായിരുന്നു. പ്ലേഗുരോഗത്തെ എന്ന പോലെ വര്‍ജ്ജിക്കപ്പെടുന്ന അവരുടെ സാന്നിദ്ധ്യം ഉന്നത ജാതികളില്‍ ഭീതിയും അറപ്പും ധര്‍മ്മരോഷവും ഉണ്ടാക്കുന്നുണ്ട്. എരുമകളോടൊപ്പം ഒരേ അടിമത്വം പങ്കുവച്ചനുഭവിച്ചുകൊണ്ടിരിക്കുന്ന പുലയര്‍, പദവിയില്‍ കന്നുകാലികളെക്കാള്‍ എത്രയോ താഴെയാണ്. ഇവരുടെ അസല്‍ മാര്‍ക്കറ്റ് വില എരുമകളുടേതിനേക്കാള്‍ കൂടുതലൊന്നുമല്ല. സാധനമായി നല്‍കുന്ന മൂന്ന് ഇടങ്ങഴി നെല്ലും ഒരു നേരത്തെ ഭക്ഷണവുമാണ് ഇവര്‍ക്കുള്ള കൂലിയെന്നും പറയുന്നു. 2 അതെസമയം മലബാറില്‍ ഇതിനേക്കാള്‍ കുറഞ്ഞ വേതന നിരക്കായിരുന്നുവെന്ന് ബുക്കാനനും രേഖപ്പെടുത്തുന്നുണ്ട്. അടിമകളായ പുലയ സ്ത്രീക്കും പുരുഷനും ആഴ്ചയില്‍ ഒരിക്കല്‍ രണ്ടിടങ്ങാഴിനെല്ല് കൂലിയായി കൊടുത്തിരുന്നു. മൃഗതുല്യരായ പുലയരെ അടിമകളെന്ന നിലയില്‍ വില്‍ക്കാനും, പണയം വയ്ക്കാനും ചിലപ്പോള്‍ കൊല്ലാന്‍ തന്നേയും ജന്മിമാര്‍ക്ക് അവകാശം ഉണ്ടായിരുന്നു. ഈ അവകാശങ്ങളില്‍ നിലത്തില്‍ മൃഗങ്ങള്‍ക്കൊപ്പമോ പകരമായിട്ടോ പുലയരെയും നുകത്തില്‍ വച്ചുകെട്ടി നിലമുഴാന്‍ ഉപയോഗിച്ചിരുന്നതായി മലബാര്‍ മാനുവല്‍ കര്‍ത്താവ് വില്യം ലോഗനും, ബുക്കാനനും തന്റെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്.


ഇനി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ പുലയരുടെ സ്ഥിതിയെന്തെന്ന് മറ്റൊരു മിഷണറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാം.ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് റവ.ജോര്‍ജ്ജ് മാത്തന്‍ അയച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: '1850 ഡിസംബര്‍ 5ന് നാട്ടിലെ ജനങ്ങളെ സന്ദര്‍ശിച്ചകൂട്ടത്തില്‍ കുറെ പുലയരുമായി സംസാരിച്ചു. ഈ അരിഷ്ടന്മാരായ ജനങ്ങളോളം നികൃഷ്ടസ്ഥിതിയിലുള്ളവര്‍ ഭൂമിയില്‍ വേറെങ്ങും ഉള്ളതായി ചരിത്രത്തിലൊരിടത്തും കാണാനില്ല. അവര്‍ അവരുടെ ജന്മിമാരുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഇരുന്നതിനാല്‍ അവരെ കന്നുകാലികളെ പ്പോലെ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഈ ജന്മിമാര്‍ക്ക് അവരെ അടിക്കാനും, കെട്ടിയിടാനും, മര്‍ദ്ദിക്കാനും, അംഗഛേദം വരുത്താനും, കൊല്ലാനും കൂടി അവകാശമുണ്ടായിരുന്നു. ഇവരുടെ ദിവസക്കൂലി വളരെ കുറവായിരുന്നു. ചാവാതെ കിടക്കാന്‍ മാത്രം മതിയാകും. വേല എല്ലാ ദിവസങ്ങളിലുമുള്ള സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ദിവസം ഒന്നര പൈസ കൂലികിട്ടും. വലിയ കൂലിയെന്നത് ഏഴ് പൈസയാകുന്നു. മറ്റുകൂലിക്കാര്‍ക്ക് ഒരുദിവസത്തില്‍ ഒരു അണയില്‍ അധികവും. ആശാരിമാര്‍ക്കും മറ്റു കൈത്തൊഴിലുകാര്‍ക്കും രണ്ടണ മൂന്നു പൈസ വീതവും കൂലിയുണ്ട്. പുലയര്‍ക്ക് മറ്റു ചിലപ്പോള്‍ ധന്യമായിട്ടാകുന്നു കൂലി. പടിഞ്ഞാറന്‍ ദിക്കുകളില്‍ വളര്‍ച്ചയെത്തിയ ഒരു പുലയന് 6 രൂപ വരെ വിലയുണ്ട്. ഇവിടെ അടുത്തുള്ള ഒരു ജന്മി തന്റെ നിലങ്ങളില്‍ 200 പുലയരെക്കൊണ്ട് വേല ചെയ്യിക്കുകയും പത്തുനൂറുപേരെ അന്യകൃഷിക്കാര്‍ക്ക് കൂലിക്കുവിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്. പുലയരെ കൂടാതെ അടിമകളായി കൂട്ടത്തില്‍ പറയരുമുണ്ട്. പുലയരാകുന്നു അധികവും.' 3

ജന്മിമാര്‍ക്കെന്നപോലെ തന്നെ തിരുവിതാംകൂര്‍ സര്‍ക്കാരിനും ആ കാലത്ത് അടിമവ്യാപാരം ഉണ്ടായിരുന്നു. സര്‍ക്കാരിന് മാത്രമായി 15000 പുലയരായ അടിമകള്‍ ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗികമായ കണക്ക്. ഈ അടിമകളെ സര്‍ക്കാര്‍ സ്വകാര്യ ജന്മിമാര്‍ക്ക് നിശ്ചിത തുക വാടകയ്ക്ക് കൊടുക്കുമായിരുന്നു. 1835-ലെ ഒരു കണക്കനുസരിച്ച് തിരുവിതാംകൂറിലെ മൊത്തം ജനസംഖ്യ 1,280668 ആയിരുന്നു. അതില്‍ 164864 പേര്‍ മണ്ണുമായി നേരിട്ട് ബന്ധമുള്ള പുലയര്‍, പറയര്‍,കൊറവര്‍ (കുറവര്‍), പള്ളര്‍ എന്നീ വിഭാഗക്കാര്‍ അടിമ ജാതിക്കാരെന്നാണ് രേഖപ്പെടുത്തി യിരുന്നത്. പുലയര്‍-90593, പറയര്‍-38625, കൊറവര്‍-31891, പള്ളര്‍-37507 പേരുമാണ്. ഇവരില്‍ ജനസംഖ്യയില്‍ മുന്നില്‍ പുലയരായിരുന്നു. 4 വിദേശ മിഷനറിമാരായ റവ.ചാള്‍സ് മീഡ്, റവ.മോള്‍ട്ട്, റവ.ബേക്കര്‍, റവ.ബഞ്ചമിന്‍ ബെയ്‌ലി എന്നിവര്‍ സംയുക്തമായി തിരുവിതാംകൂറിലൂടെ നീളം അതിരൂക്ഷമായി നിലനിന്നിരുന്ന അടിമവ്യാപാരത്തിനെതിരെ 1847 മാര്‍ച്ച് 19ന് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് സമര്‍പ്പിച്ച മെമ്മോറാണ്ടിത്തിലാണ് അയിത്തവിഭാഗക്കാരുടെ ജാതിതിരിച്ച കണക്കുകള്‍ കൊടുത്തിരിക്കുന്നത്.

സ്വാതിതിരുനാള്‍ മഹാരാജാവിനെ തുടര്‍ന്ന് തിരുവിതാംകൂറില്‍ അധികാരത്തിലെത്തിയ ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മിഷനറിമാരുടെ മെമ്മോറാണ്ടം സ്വീകരിച്ചുകൊണ്ട് കൊടുത്തമറുപടി വളരെ വിചിത്രകരമായ ഒന്നായി വ്യാഖ്യാനിക്ക പ്പെടുന്നു. അനാചാരങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ മോചനമായിരു ന്നില്ല രാജഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ആ മറുപടി വ്യക്തമാക്കുന്നു. പകരം എങ്ങിനെയും അനാചാരങ്ങളില്‍ തളച്ചിടുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന മറുപടി ഇങ്ങനെ വായിക്കാം: 'തിരുവിതാംകൂര്‍ ഒരു കാര്‍ഷിക രാജ്യമെന്ന നിലയില്‍ ഇവിടത്തെ പ്രധാന തൊഴില്‍ കൃഷിയാണ്. രാജ്യത്തിന്റെ നിലനില്‍പും കൃഷിയെ ആശ്രയിച്ചാണ്. കൃഷിപ്പണികള്‍ മുഴുവന്‍ ചെയ്യുന്നതാകട്ടെ ഇവിടത്തെ അടിമകളുമാണ്. അടിമസമ്പ്രദായം നിറുത്തലാക്കിയാല്‍ കൃഷിപ്പണികള്‍ എങ്ങിനെ നടക്കും? കൃഷി നശിച്ചാല്‍ രാജ്യത്തിന്റെ ഭദ്രതപോലും അപകടപ്പെടും.' 5 എന്നതായിരുന്നു മറുപടി. ഈ മറുപടിയില്‍ നിന്നും മറ്റൊരു കാര്യം കൂടി ഇവിടെ വ്യക്തമാണ്. ഒരുവിഭാഗം സമ്പന്നരെ സംരക്ഷിക്കേണ്ട ബാധ്യത ഇവിടത്തെ അടിമ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അവരുടെ ആ ജന്മാവകാശമായി സമ്പന്നവര്‍ഗ്ഗ പരിഷകളെ ജീവിതം തുലച്ചും നിലനിറുത്തേണ്ടുന്ന ബാധ്യത കീഴാളനു സിദ്ധമാണ്. ഈ സമ്പന്നവര്‍ഗ്ഗത്തെ കൃഷിചെയ്ത് ഊട്ടുകയും അവന്റെ നിത്യനിദാന ഭോഗച്ചെലവുകള്‍ കീഴാള വര്‍ഗ്ഗം മുലക്കരം, തലക്കരം തുടങ്ങിയ നികുതികളിലൂടെ നിര്‍വ്വഹിക്കുകയും ചെയ്തു പോരേണ്ട പ്രപഞ്ചത്തിലെ ഏറ്റവും വലിയ നികൃഷ്ട ജീവിയായിരുന്നു പുലയന്‍.

പക്ഷെ 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ കേണല്‍ മണ്‍ട്രോ തിരുവിതാം കൂറില്‍ നിലനിന്നിരുന്ന അടിമകച്ചവടം കുറ്റകരമായി പ്രഖ്യാപിച്ചു. മണ്‍ട്രോ ആ കാലത്ത് ബ്രിട്ടീഷ് റസിഡന്റ് മാത്രമായിരുന്നില്ല തിരുവിതാംകൂറിലെ ദിവാന്‍ പദവിയും പേറിയിരുന്നു. അങ്ങിനെയാണ് 1811-ല്‍ അടിമകച്ചവടം കുറ്റകരമാക്കിയത്. മണ്‍ട്രോയുടെ ഈ നിരോധനം മൂലം പ്രയോജനം സിദ്ധിച്ചത് എങ്ങും തൊടാതെ നിന്ന ഈഴവര്‍ക്കാണ്. പാവപ്പെട്ട മുഴുപട്ടിണിക്കോലങ്ങളായ പുലയര്‍ തുടങ്ങിയവര്‍ പിന്നെയും ആജന്മ അടിമകളായി തന്നെ ശേഷിച്ചു. പിന്നീട് 36 വര്‍ഷം കഴിഞ്ഞാണ് ഈ നിലയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് മിഷനറിമാര്‍ 1847 മാര്‍ച്ച് 19ന് ഉത്രം തിരുനാളിന് മെമ്മോറാണ്ടം നല്‍കിയത്. രാജാവിന്റെ മറുപടിവിചിത്രമായതിനാല്‍ മിഷിനറിമാര്‍ വീണ്ടും മഹാരാജാവിന് മെമ്മോറാണ്ടം കൊടുക്കുകയും അടിമവ്യാപാരം നിറുത്തലാക്കുന്നില്ലെങ്കില്‍ മതപരിവര്‍ത്തനം തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും നല്‍കിയതോടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1853-ല്‍ ഒരുഅടിമവിമോചന വിളംബരം പുറപ്പെടുവിക്കാന്‍ തയ്യാറായി. 1853 സെപ്തംബര്‍ 15ന് ശേഷം ജനിക്കുന്ന കുട്ടികളെ അടിമത്വത്തില്‍ നിന്നും ഒഴിവാക്കുന്നുവെന്നാണ്. വിളംബരം: '1-ാമതു പണ്ടാര അടിമകളെന്നു സാധാരണയായി വിളിക്കപ്പെടുന്നവരും വിളംബരം പ്രസിദ്ധപ്പെടുത്തുന്ന നാള്‍ മുതല്‍ പെറ്റുണ്ടാകുന്ന കുട്ടികളുടെ മേല്‍ അടിമ എന്ന അവകാശം ഒഴിഞ്ഞിരിക്കുന്നു' 6 അപ്പോഴും കുട്ടികളുടെ അച്ഛനമ്മമാര്‍ അടിമകളായിതന്നെ തുടര്‍ന്നു. ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ മധ്യതിരുവിതാം കൂറില്‍പ്പെട്ട മല്ലപ്പള്ളിയില്‍ കൈപ്പട്ടൂര്‍ ദൈവത്താന്‍ എന്ന പുലയനെ കാളയ്‌ക്കൊപ്പം നുകത്തില്‍ വച്ചുകെട്ടി നിലംപൂട്ടുന്നത് 1854- സെപ്തംബര്‍ 8-ന് യൂറോപ്യന്‍ മിഷനറിയായ കോക്‌സ്‌വെര്‍ത്ത് കണ്ടു. കോക്‌സ്‌വെര്‍ത്ത് ദൈവത്താനെ നുകത്തില്‍ നിന്നും മോചിപ്പിച്ചു. തുടര്‍ന്നദ്ദേഹത്തെ 'ആബേല്‍' എന്ന് നാമകരണം ചെയ്ത് ക്രിസ്തുമതത്തില്‍ ചേര്‍ത്തു. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ മതപരിവര്‍ത്തന മായിരുന്നു ഈ സംഭവം. 7 പ്രസിദ്ധ സാഹിത്യകാരനായിരുന്ന പോള്‍ ചിറക്കരോടി ന്റെ അപ്പൂപ്പനായിരുന്നു ആബേല്‍ എന്ന ചരിത്രമനുഷ്യന്‍.

പുലയനെയും പറയനെയും കേരളത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ച അയിത്തവും അടിമത്വവും സൃഷ്ടിച്ച സവര്‍ണ ഹിന്ദുക്കള്‍ തന്നെ ഇന്ന് പല തട്ടുകളില്‍ സംഘടിച്ചുനിന്നു കൊണ്ട് മതപരിവര്‍ത്തനത്തിനെതിരെ വാളോങ്ങി നില്ക്കുന്നത് എന്തിനാണ്? നിങ്ങള്‍ക്ക് ലജ്ജയുണ്ടോ? നൂറ്റാണ്ടുകളിലെ സവര്‍ണ ഹിന്ദുവിന്റെ നെറികേടില്‍ ശ്വാസംമുട്ടിയാണ് കീഴാള വിഭാഗങ്ങള്‍ വന്‍തോതില്‍ മതപരിവര്‍ത്ത നത്തിന് വിധേയരായത്. നെറികേടും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങളും കാട്ടിക്കൂട്ടിയ സവര്‍ണര്‍ അയിത്ത ജനങ്ങളോട് മാപ്പുപറയുന്നതിനുപകരം അവരെ ഭര്‍ത്സിക്കാനും നിന്ദിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ദ്രോഹനടപടിയില്‍ നിന്നും ഒരു സവര്‍ണഹിന്ദുവിനും ഒരു കാലത്തും മോചനില്ലെന്നറിയുക. മൂല്യാധിഷ്ഠിത മായ ഒരു തത്വശാസ്ത്രത്തിനും ഹൈന്ദവ ഫാസിസത്തെ രക്ഷിക്കാനാവില്ല. അത് കൂടുതല്‍ കൂടുതല്‍ വികസ്വരമാവുകയാണ്. ബി.സി.1700 മുതല്‍ എ.ഡി. 1853 വരെ ഉദ്ദേശം 3600 കൊല്ലത്തോളം അടിമസമ്പ്രദായത്തിന് കേരളം വേദിയാകേണ്ടിവന്നു വെന്നാണ് വിദേശ-സ്വദേശ ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് വിദേശ മിഷണറിമാര്‍ അടിമത്വത്തിനെതിരെ തുറന്ന പോരാട്ടത്തിനു തന്നെ തയ്യാറായി. ഇതോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദവും തിരുവിതാംകൂര്‍ സര്‍ക്കാരിനുമേലുണ്ടായി.

ഈ സന്ദര്‍ഭത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് നില്ക്കകള്ളിയില്ലാതായി. ഒടുവില്‍ 1855 ജൂണ്‍ 24-ന് തിരുവിതാംകൂറില്‍ അടിമനിരോധന വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചു. വിളംബരം '1-ാമത: പണ്ടാരവക അടിമകള്‍ എല്ലാവരേയും അവരുടെ കുട്ടികളേയും വിളംബരം പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ അടിമയില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നതു കൂടാതെ ആ വക ആളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നു വാങ്ങിച്ചു വരുന്ന കരവും ഇതിനാല്‍ നിര്‍ത്തല്‍ ചെയ്യപ്പെട്ടിരിക്കുന്നു.' 8 അടിമസമ്പ്രദായം നിരോധിച്ചുകൊണ്ടുള്ള വിളംബരം പുറത്തുവന്നിട്ടും പൂര്‍ണമായി ഒഴിവാക്കാന്‍ ഭരണകൂടത്തിനോ ഭരണകൂടത്തിന്റെ സില്‍ബന്തികള്‍ക്കോ സാധിച്ചിരുന്നില്ല. ഒരു സാമൂഹ്യപ്രശ്‌നമെന്ന നിലയില്‍ നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുപോന്നിരുന്ന അടിമ സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിയാത്തവിധം കേരള സമൂഹവുമായി ആ സമ്പ്രദായം ലയിച്ചു ചേര്‍ന്നിരുന്നു. മാത്രമല്ല അടിമസമ്പ്രദായത്തില്‍ നിന്നും മോചനം ലഭിച്ചവര്‍ക്കാകട്ടെ അവരുടെ മുന്നോട്ടുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ യാതൊന്നും രാജകീയ ഭരണകൂടം സ്വീകരിച്ചതുമില്ല. വീണ്ടും ദുരിതപൂര്‍ണ്ണമായ ഇരുണ്ട ജീവിതത്തിലേയ്ക്കായിരുന്നു പുലയരും, പറയരും മറ്റും ചെന്നുപെട്ടത്. അടിമത്വത്തില്‍ നിന്നും മോചനം ലഭിച്ചുവെങ്കിലും നരകജീവിതം നയിക്കാന്‍ വീണ്ടും വിധിക്കപ്പെട്ടവരെ റാഞ്ചിക്കൊണ്ടുപോകാന്‍ പരുന്തുകളെ പോലെ ക്രിസ്ത്യന്‍ മിഷനറിമാരും ചുറ്റിപ്പറന്നു കൊണ്ടിരുന്നു. പ്രതീക്ഷാനിര്‍ഭരമായ ഒരു നൂറ്റാണ്ടിലേയ്ക്കായിരുന്നില്ല ഈ നരകതുല്യ ജീവിതം അവരെ നയിച്ചുകൊണ്ടിരുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ പോലും കാളയ്ക്കും പോത്തിനു മൊപ്പം പുലയരെ നുകത്തില്‍ വച്ചുപൂട്ടി നിലങ്ങള്‍ ഉഴുതിരുന്നു. കൈയ്യിലോ കാലിലോ ചങ്ങലയിട്ട് സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും മൃഗതുല്യം അടിമകമ്പോള ങ്ങളിലെത്തിച്ച് സവര്‍ണ തമ്പുരാക്കന്മാര്‍ വിലപേശി വിറ്റിരുന്നു നാമമാത്രവിലകള്‍ക്ക്. ഇത്തരം അടിമകമ്പോളങ്ങള്‍ തിരുവിതാംകൂറിലും മധ്യതിരുവിതാംകൂറിലും മലബാറിലും നിലവിലുണ്ടായിരുന്നു. ഈ അടിമചന്തകളില്‍ വച്ച് ഓരോ പുലയന്റെയും കുടുംബബന്ധങ്ങള്‍ ചിന്നഭിന്നമാക്കപ്പെടുകയാണ്. അച്ഛനേയും അമ്മയേയും മക്കളേയും വാങ്ങുന്നവര്‍ പലരാണ്. പലരും ചേര്‍ന്ന് ഓരോ കുടുംബത്തേയും താറുമാറാക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലാണ് ത്‌ല്പര്യം നിലനിറുത്തിയിരുന്നത്. ആഫ്രിക്കന്‍ രാജ്യത്തുപോലും അടിമകള്‍ക്ക് ഇത്തരം ദുഃസ്ഥിതി അനുഭവിക്കേണ്ടി വന്നിരിക്കില്ല. ഓരോ കുടുംബബന്ധവും അറ്റുപോകുന്ന ദയനീയ കാഴ്ചകള്‍ക്ക് ഈ അടിമച്ചന്തകള്‍ ദൃക്‌സാക്ഷികളായിരുന്നു. ഇത്രയും ക്രൂരമായ മനുഷ്യവില്പനക്കെതിരെ പ്രതികരിക്കാന്‍ വിദേശ മിഷനറിമാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. കൊച്ചി തുറമുഖത്തും,കോഴിക്കോട് തുറമുഖത്തും, പൊന്നാനി തുറമുഖത്തും, കൊല്ലം തുറമുഖത്തും വിദേശ കപ്പലുകള്‍ എത്തി അടിമകളെ ഒരു രൂപ മുതല്‍ 14 രൂപവരെ വിലകൊടുത്ത് വാങ്ങി കപ്പല്‍മാര്‍ഗ്ഗം വിദേശത്തേയ്ക്കും കൊണ്ടുപോയിരുന്നു. മൂന്നുതരം അടിമവ്യാപാര മായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ജന്മം, കാണം, പട്ടം, മുഴുവന്‍ വിലയും നല്‍കി ഒരടിമയെ വിലയ്ക്കു വാങ്ങുന്നത് ജന്മം. ഒരു നിശ്ചിത തുക വാങ്ങി നിശ്ചിതകാലത്തേയ്ക്ക് വാങ്ങുന്നത് കാണം. അടിമയെ വാടകയ്ക്കു കൊടുക്കുന്ന ഏര്‍പ്പാട് പാട്ടമെന്ന പേരില്‍ അറിയപ്പെട്ടു. ഇത്തരം അടിമചന്തകള്‍ തിരുവിതാംകൂറിലൂടനീളമുണ്ടായിരുന്നു. മലബാറിന്റെയും,കൊച്ചിയുടെയും സ്ഥിതിഭിന്നമായിരുന്നില്ല. ചങ്ങനാശ്ശേരി, ആലപ്പുഴ, കായംകുളം, പത്തിയൂര്‍, കോട്ടം, കൊല്ലം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കണിയാപുരം,കഴക്കൂട്ടം, പേട്ട,കോവളം തുടങ്ങിയ സ്ഥലങ്ങളില്‍ അടിമകളെ വില്പനനടത്തിയിരുന്ന ചന്തകള്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് അവയെല്ലാം നശിച്ചുപോയെങ്കിലും ചങ്ങനാശ്ശേരിയിലെ അടിമച്ചന്ത ഇന്നും നിലനില്ക്കുന്നുണ്ട്. കോട്ടയത്തെ തകിടിപ്പുറം അടിമച്ചന്തയാണ് പില്‍ക്കാലത്ത് തിരുനക്കര മൈതാനമായി രൂപാന്തരം പ്രാപിച്ചത്. ഈ ചന്തകളില്‍ ഒരു പുരുഷ അടിമയുടെ വില 4 ചക്രവും, സ്ത്രീ അടിമയുടെ വില 3 ചക്രവുമായിരുന്നു കമ്പോള വില. അടിമനിരോധന വിളംബരങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും അടിമകച്ചവടം തകൃതിയായി തന്നെ നടന്നിരുന്നു. ഇനി മറ്റൊരു സമ്പ്രദായം കൂടി നിലനിന്നിരുന്നു കീഴാളരെക്കൊണ്ട് കൂലിയില്ലാതെ ഭക്ഷണം കൊടുത്ത് ജോലി ചെയ്യിക്കുന്ന ഏര്‍പ്പാടായിരുന്നു അത്. ഇതിനെ ഊഴിയം ജോലിയെന്നാണ് പറഞ്ഞിരുന്നത്. ഇത്തരം ജോലി ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട് ജോലിക്കു ഭക്ഷണം പദ്ധതി. പക്ഷെ ജാതി ഭേദമില്ലാതെ ആര്‍ക്കു വേണമെങ്കിലും ജോലിചെയ്യാം. സ്വമനസ്സാലെ. പണ്ട് അങ്ങിനെ ആയിരുന്നില്ല താഴ്ന്ന ജാതിക്കാരെ മാത്രം ഊഴിയം ജോലിക്ക് നിയോഗിച്ചിരുന്നു. സര്‍ക്കാരിനുവേണ്ടിയും ജന്മിമാര്‍ക്കു വേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ഇത്തരം ഊഴിയംജോലി ചെയ്യണമായിരുന്നു. തിരുവിതാംകൂറിലെ റോഡുകളും, തോടുകളും, പാലങ്ങളും ഇത്തരത്തില്‍ ഊഴിയം ജോലിക്കാരെക്കൊണ്ട് നിര്‍മ്മിച്ചവയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറ ജപകാലത്തും ഊഴിയം അടിമകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നതായി മതിലകം റിക്കാര്‍ഡുകളിലുണ്ട്.

ഇത്തരം അടിമ ജനങ്ങളെ കടുത്ത അയിത്താചാരത്തിന് വിധേയരാക്കിയതു കൂടാതെ പൊതുനിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യവും രാജഭരണകൂടം നിഷേധിച്ചിരുന്നു. ദേവസ്ഥാനങ്ങളായ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള വഴികളില്‍ കൂടിപോലും സഞ്ചരിക്കാന്‍ അടിമ ജാതികള്‍ക്ക് അവകാശമില്ല. ക്ഷേത്രപ്രവേശനവും നിഷേധിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കു സമീപം തീണ്ടല്‍ കല്ലുകള്‍ നാട്ടി പ്രവേശനം തടയുവാന്‍ ഭരണാധികാരികള്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ജനാധിപത്യം കടന്നുവന്നിട്ടു പോലും തിരുവല്ല കാവുംഭാഗത്തിനടുത്ത് റോഡരുകില്‍ ഒരുചരിത്രാവശിഷ്ടം പോലെ ഇന്നും തീണ്ടല്‍ പരസ്യകല്ല് നിലനില്പുണ്ട്. അയിത്ത ജാതിക്കാരെ നോക്കിക്കൊഞ്ഞനം കുത്തുന്ന ഇത്തരം തീണ്ടല്‍ കല്ലുകള്‍ പിഴുതുമാറ്റേണ്ട കാലം കടന്നു പോയിരിക്കുന്നു. പണ്ടുകാലത്ത് സവര്‍ണ ജാതികള്‍ തന്നെ പരസ്പരം അയിത്തം പാലിച്ചിരുന്നു. ക്ഷത്രിയനും, വൈശ്യനും ബ്രാഹ്മണനില്‍ നിന്നും നിശ്ചിത ദൂരം മാറിനില്ക്കണമായിരുന്നു. അല്ലെങ്കില്‍ ബ്രാഹ്മണന്‍ അശുദ്ധമാക്കപ്പെടുമെന്നായിരുന്നു വിശ്വാസം. ദൈവത്തിന്റെ വക്രത്തില്‍ നിന്നും നേരിട്ട് ജനിച്ചെത്തിയ ബ്രാഹ്മണന്‍ തന്നെയാണ് ഈ അയിത്തമെല്ലാം കല്പിച്ചരുളിയത്. അവര്‍ണനും സവര്‍ണനും അയിത്തം കല്പിച്ചതുപോലെ തന്നെ തീണ്ടല്‍ ജാതികള്‍ തമ്മിലും തീണ്ടാപ്പാടകലം പാലിച്ചിരുന്നു. പരസ്പരം അയിത്തം കല്പിക്കപ്പെട്ട് പരസ്പരം അകന്നുമാറിക്കൊണ്ടിരുന്ന ലോകത്തിലെ ഏറ്റവും വൃത്തികെട്ട സാമൂഹ്യനീതിയുള്ള രാജ്യമായി കേരളം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടെയാണ്. പക്ഷെ ഇപ്പോഴും പറയ പ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നാണ്. പറയന്‍ തീണ്ടിയാല്‍ മൂന്നുപ്രാവശ്യം നദിയില്‍ പോയി മുങ്ങിക്കുളിച്ച് ശുദ്ധനാവേണ്ടവനായിരുന്നു പുലയന്‍. പുലയന്‍ തീണ്ടിയാലും പറയന്‍ മൂന്നുപ്രാവശ്യം മുങ്ങിക്കുളിച്ച് ശുദ്ധിനേടണമായിരുന്നു. ബ്രാഹ്മണനില്‍നിന്നും നായര്‍ 16 അടിദൂരവും ഈഴവന്‍ 32 അടി ദൂരവും പുലയന്‍ 96 അടിമാറണം. പുലയന്റെ ഏറ്റവും വലിയ തീണ്ടല്‍ ദൂരം 92 അടിയാണ്. അത്രയ്ക്ക് അശുദ്ധം ബാധിച്ചവനായിരുന്നു പുലയന്‍. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നികൃഷ്ട ജീവി. 1862 ല്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ അടിമവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുമെന്ന് വ്യവസ്ഥ വന്നതോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമവ്യാപാര ത്തിന് ശമനം കണ്ടുതുടങ്ങിയതെങ്കിലും പിന്നെയും സമൂഹത്തില്‍ അയിത്തം നിലനിന്നിരുന്നു. ഇത്തരം അനാചാരങ്ങളുടെ നടുവിലാണ് മഹാനായ അയ്യന്‍കാളിയുടെ ജനനം സംഭവിച്ചത്. ചരിത്രഗതിയെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങള്‍ക്ക് തുടക്കമേകു ന്നതും അയ്യന്‍കാളിയുടെ ജനനത്തോടൊപ്പമാണ്. വെങ്ങാനൂരില്‍ അയ്യന്‍കാളി ജനിക്കും മുന്‍പുതന്നെ കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമികളും, ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരുവും ജന്മമെടുത്തിരുന്നു. ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയാടിയ കേരളത്തില്‍ നവോത്ഥാന വിപ്ലവത്തിന് തിരികൊളുത്തിയ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ചരിത്രഗതിയെ പാടെ മാറ്റിമറിക്കുക തന്നെ ചെയ്തു. അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച മഹാത്മ അയ്യന്‍കാളിയുടെ ജീവിതം ഏറെ ശ്രദ്ധേയമായിരുന്നു.

സഹായഗ്രന്ഥങ്ങള്‍:

1. Rev.S.Mateer, Native Life in Travancore, p.290
2. Ward and Corner, Memorial of the Survay of Travancore and Cochin.
3. ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് റവ.ജോര്‍ജ്ജ് മാത്തന്‍ അയച്ച റിപ്പോര്‍ട്ടില്‍ നിന്ന്
4. 1847 മാര്‍ച്ച് 19ന് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് മിഷനറികള്‍ നല്‍കിയ മെമ്മോറാണ്ടം
5. മിഷനറിമാരുടെ മെമ്മോറാണ്ടത്തിന് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കൊടുത്ത മറുപടി.
6. 1953 സെപ്തംബര്‍ 15ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച അടിമവിമോചന വിളംബരം
7. പി.കെ.ചോതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും
8. 1855 ജൂണ്‍ 24ന് തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച അടിമത്ത നിരോധന വിളംബരം.