"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

മൂലാദ്: മാറ്റത്തിന്റെ വഴികളിലെ പെണ്‍മുഴക്കം


ആഫ്രിക്കന്‍ വന്‍കരയിലെ പടംപിടുത്തക്കാര്‍ക്കൊന്നാകെയുള്ള കാരണവരാണ് സെനഗലുകാരനായ സെമ്പീന്‍ ഉസ്മാന്‍. 81 ആം വയസില്‍ കാഴ്ചയൊരുക്കിയ 'മൂലാദ്' എന്ന പടവും തന്റെ മുന്‍ പടങ്ങളെ പോലെ പുറത്തുവരുമ്പോഴേ പെരുമ നേടിക്കഴിഞ്ഞു. നാളിതുവരെ തുടരുന്നതും നാടിനെ വരിഞ്ഞു മുറുക്കിയിട്ടുള്ളതുമായ പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകള്‍ കൊണ്ടുനടത്തുന്നവര്‍ക്കെതിരായി കലാപം കൂട്ടുന്നതിനുള്ള കാഴ്ചയൊരുക്കമാണ് മൂലാദ്.

പെണ്ണാളുകള്‍ക്ക് ഉണ്ടെന്നു കരുതുന്ന അയിത്തം അകറ്റുന്നതിനായി, അവരുടെ ശരീരത്തിനു മേല്‍ ആണുങ്ങള്‍ നടപ്പാക്കിവരുന്ന ഒരുതരം കൊടിയതും മാരകവുമായ ചടങ്ങാണ് മൂലാദ്. പെണ്‍കുഞ്ഞു പിറന്ന് അതിന് നാല് വയസോ മറ്റോ ആകുമ്പോള്‍ അവരുടെ യോനിയില്‍ നിന്ന് കിളിന്തിറച്ചി ചെത്തിമാറ്റുന്ന ഏര്‍പ്പാടാണിത്. നാട്ടുമൂപ്പന്‍മാരുടെ മേല്‍നോട്ടത്തില്‍, ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂപ്പെത്തിയ പെണ്ണാളുകളാണ് മൂലാദ് നടത്തുന്നത്. ഇതിലൂടെ എന്തുതരം വാലായ്മയാണ് നീങ്ങിക്കിട്ടുന്നതെന്ന് അതിന്റെ നടത്തിപ്പുകാര്‍ക്കുതന്നെ ശരിക്കുമറിഞ്ഞുകൂടാ. അതു നടത്തിക്കഴിഞ്ഞാല്‍ മിക്ക പെണ്‍കുട്ടികളും ചോരവാര്‍ന്നും മറ്റ് പാടുകേടുകള്‍ പിടിപെട്ടും പെട്ടെന്നുതന്നെ ചത്തുപോകാറാണ് പതിവ്. ചിലര്‍ അതിന് അടിപ്പെടും മുമ്പ് തങ്ങളെ തന്നെത്താനേ കൊന്നുകളയുന്നു. 36 ഓളം വരുന്ന ആഫ്രിക്കന്‍ നാടുകളിലെ വാഴ്ചക്കാരിന്നും ഈ കൊടുംചതിയുടെ പിന്തുടര്‍ച്ചക്കാരാണ്. നടുക്കമുളവാക്കുന്ന ഈ നാട്ടുനടപ്പിന് അറുതി വരുത്തുന്നതിനായി അരചന്മാരായ ആണ്‍പിറന്നവന്മാരോട് ഒറ്റക്കു നിന്നു പോരാടിയ ഒരു നാട്ടുകാരിപ്പെണ്ണാളുടെ ഉടലിനേറ്റ പരിക്കുകളുടെ നേര്‍ക്കാഴ്ചകള്‍ ചിട്ടപ്പെടുത്തി ഒരുക്കിയതാണ് മൂലാദ്.

ബുര്‍ക്കിനാ ഫാസോയിലെ ഒരു നാട്ടിന്‍പുറത്തു നിന്നുമാണ് നാടിനെ മുച്ചൂടും ഒടുക്കുന്ന ഈ വന്‍കെടുതിയ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ചകളെ ഉസ്മാന്‍ പകര്‍ത്തിക്കാണിക്കുന്നത്. വിളവുകളിറക്കിയും ആടുമാടുകളെ വളര്‍ത്തിയുമാണ് അവിടെത്തുകാരായ ആളുകള്‍ കഴിഞ്ഞു പോരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്ലാം മതത്തില്‍ ചേര്‍ന്നവരാണെങ്കിലും തനി ആഫ്രിക്കന്‍ നാട്ടുനടപ്പുകളുടെ പിന്തുടര്‍ച്ചക്കാരാണ് അവരെല്ലാം.

മൂലാദിനെ എതിര്‍ത്തതിനാല്‍ കൊടിയ മേടുകളേറ്റ് പുറത്താക്കപ്പെട്ട് കഴിയേണ്ടിവന്ന കോലോ ആര്‍ദോ ഗാലോ സൈ എന്ന വീട്ടമ്മയാണ് പടത്തിലെ കലാപകാരി. മൂലാദ് നടത്തുന്ന തലയാളരില്‍ പെട്ടതും പറമ്പില്‍ പണിക്കാരനുമായ ഒരാളുടെ മൂന്ന് പെണ്‍തുണകളില്‍ നടുവിലത്തേതാണ് കോലെ. കുഞ്ഞായിരിക്കെ മൂലാദിന് വഴങ്ങേണ്ടിവന്നതിനാല്‍ പിടിപെട്ട പാടുകേടുകൊണ്ട് കോലേ പിറവികൊടുത്തത് രണ്ടെണ്ണം ചാപിള്ളകളായിരുന്നു! പിന്നീടു പിറന്ന പെണ്‍കുഞ്ഞിനെ അസ്മാത്തു എന്ന് പേരുവിളിച്ച് കോലേ അവളെകരുതി വളര്‍ത്തിക്കൊണ്ടു വന്നു. മൂലാദിന് നേരമായപ്പോള്‍ അസ്മാത്തുവിനെ അവള്‍ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്തില്ല. തുടര്‍ന്നുണ്ടായ കടുത്ത എതിര്‍പ്പുകൊണ്ട് തല്ലിയോടിക്കപ്പെട്ട കോലേ മകളോടൊപ്പം ഒരു കൂരയില്‍ ഒറ്റക്കു കഴിയുകയായിരുന്നു.

ഇതറിയാമായിരുന്ന മറ്റ് നാല് പെണ്‍കുട്ടികള്‍ മൂലാദിന് പിടിച്ചു കൊണ്ടുപോകുമ്പോള്‍ നടത്തിപ്പുകാരുടെ കയ്യില്‍ നിന്നും കുതറി കോലേയുടെ വീട്ടിലേക്കോടി. കോലേ അവരെ തന്റെ വീടിനകത്ത് ഒളിപ്പിച്ചിരുത്തി. കറുത്തതും ചെമ്പിച്ചതും പൊന്‍നിറമാര്‍ന്നതുമായ നാരുകള്‍ കൂട്ടിപ്പിരിച്ച ഒരു ചരട് വീടിന്റെ വാതിലിന് കുറുകെ കെട്ടി. പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോകാനായി ആരെങ്കിലും ആ ചരട് മുറിച്ചു കടന്നാല്‍ അവരെ കൈകാര്യം ചെയ്യുമെന്ന് കോലേ താക്കീത് ചെയ്തു. ഇതുകൂടിയായപ്പോള്‍ നാട്ടുമൂപ്പന്മാര്‍ കോലേക്കെതിരായ ഊരുവിലക്കിന് ആക്കം കൂട്ടി. നാട്ടുനപ്പുകള്‍ക്കു നേരേയുള്ള കോലേയുടെ ഈ ചെറുത്തുനില്പ് നാട്ടിലെമ്പാടും വന്‍കോളിളക്കമുണ്ടാക്കി. അസ്മാത്തുവിന് കല്യാണം പറഞ്ഞുറപ്പിച്ചിരുന്ന, പാരീസിലെ പള്ളിക്കൂടങ്ങളില്‍ നിന്നും അറിവ് നേടിവന്ന ഒരു ചെറുക്കനെ പറഞ്ഞു തിരിപ്പിച്ച് മറ്റൊരു പെണ്ണുമായി കല്യാണമുറപ്പിച്ചു. കോലേയെ പിടിച്ചുകെട്ടി കൊണ്ടുവന്ന് ആളുകളുടെ നടുവിലിട്ട് ആണ്‍പിറന്നവന്‍ പൊതിരെ തല്ലി.

ആണുങ്ങളേര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടന്ന് പെണ്ണുങ്ങളോരോരുത്തരും കോലേക്ക് പിന്തുണയുമായി വന്നുതുടങ്ങി. ഉരുണ്ടുകൂടുന്ന പെണ്‍പോരാട്ടത്തെ ചെറുക്കാന്‍ പോംവഴികള്‍ തെരഞ്ഞും മൂലാദ് നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തതില്‍ ഉള്ളുരുകിയും ആണുങ്ങള്‍ ഒറ്റപ്പെട്ടു.

ആഫ്രിക്കന്‍ നാട്ടരങ്ങുകളുമായി ഒത്തുപോകുന്ന ഉടുത്തുകെട്ടുകള്‍ക്ക് മുന്തൂക്കം നല്കിയ കാഴ്‌ചെവപ്പുകളാണ് മൂലാദിന്റെ തുടര്‍ച്ചകളില്‍ അണിനിരക്കുന്നത്. കോലേയായി ഫാത്തുമാത്ത കൂലിബാലിയും അസ്മാത്തുവായി സലിമാത്താ ട്രായോറും വേഷമിടുന്നു.

പടം കാഴ്ചയൊരുക്കുന്നതിന് പിന്നിലെ മികച്ച അടവുകളുടെ വിളനിലങ്ങളായ പുറംനാടുകളില്‍ പോയി അറിവു നേടിയ ആളായിരുന്നിട്ടു പോലും താന്‍ പിറന്നു വീണിടത്തെ ചുറ്റുപാടുകളില്‍ ചേര്‍ന്നു നിന്നുകൊണ്ട് നാടിനെ നൊമ്പരപ്പെടുത്തുന്ന കെടുതികള്‍ ഉച്ചാടനം ചെയ്യാന്‍ മുന്നോട്ടു വന്ന സെമ്പീന്‍ ഉസ്മാന്‍ പതിവിനു ചേരാത്ത കാഴ്ചകള്‍ നല്കി അമ്പരപ്പിക്കുന്നതില്‍ വിരുതനാണ്. ഫ്രാന്‍സില്‍ പോയി താമസിച്ച് അറിവു നേടുകയും കൂലിപ്പണിയെടുത്ത് കഴിഞ്ഞുകൂടുകയും, എഴുത്തുകാരുടേയും മറ്റ് മനുഷ്യാവകാശപ്പോരാളികളുടേയും കൂട്ടായ്മകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുള്ള സെമ്പീന്‍ ഉസ്മാന്റെ ആ മട്ടിലുള്ള താന്‍പോരിമ തന്നെയാണ് മൂലാദ് കാഴ്ചയൊരുക്കിയതിന് പിന്നിലെ ഉള്‍ക്കരുത്ത്. കൈപ്പുനീരുമാത്രം കുടിക്കാന്‍ കിട്ടിയിട്ടുള്ളവന്‍ ആ നിലയില്‍ നിന്നു മാറാന്‍ വേണ്ടി അതിനിടയാക്കുന്ന ചുറ്റുപാടുകളെ ഇല്ലായ്മ ചെയ്യുന്നതിനായി നടത്തുന്ന പോരാട്ടങ്ങളായാണ് ഉസ്മാന്റെ എല്ലാ പടങ്ങളും ഉരുവം കൊണ്ടിട്ടുള്ളതെന്നാണ് കാഴ്ചക്കാരുടെ കൂട്ടായ്മകള്‍ വിലയിരുത്തുന്നു. പടം പിടുത്തക്കാരനെന്ന നിലയില്‍ ഉസ്മാന്‍ ആള്‍കൂട്ടത്തില്‍ ആരുടെ കൂടെ നില്ക്കുന്നുവെന്ന് ഇതില്‍നിന്ന് തെളിയുന്നു. പടങ്ങളിലെല്ലാം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടുകള്‍, പിന്തിരിപ്പന്‍ കീഴ്വഴക്കങ്ങളെ ഉച്ചാടനം ചെയ്യുന്നതിനുള്ള വന്‍ കലാപങ്ങള്‍ക്കു വഴിവെക്കുന്നതായി അതിലെ കാഴ്ചയൊരുക്കങ്ങളിലെ നിലപാടുകളില്‍ നിന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്