"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സാമൂഹ്യമാറ്റങ്ങള്‍ക്ക് നാന്ദികുറിച്ച അയ്യന്‍കാളി പള്ളിക്കൂടം - കുന്നുകുഴി എസ് മണി


പുതിയ നൂറ്റാണ്ടിന്റെ പിറവിയോടൊപ്പം തിരുവിതാംകൂറിലെങ്ങും സാമൂഹ്യമണ്ഡല ത്തില്‍ അനിവാര്യമായ ചില മാറ്റങ്ങള്‍ക്കും സംഭവബഹുലമായ വ്യതിയാനങ്ങള്‍ക്കും കാരണമായി. ആ മാറ്റത്തിന്റെ ഭാഗമായിരുന്നു അയിത്ത ജാതി കുട്ടികള്‍ക്കുവേണ്ടി അയിത്ത ജാതിക്കാരനായ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് ഇന്ത്യയില്‍ ആദ്യത്തെ അവര്‍ണ സ്‌കൂളിന് അസ്ഥിവാരമിട്ടത്. ഇത് പിന്നീട് വന്‍പിച്ച അവര്‍ണ മുന്നേറ്റങ്ങള്‍ക്ക് വേദിയായി പരിണമിച്ചു. പക്ഷെ അയ്യന്‍കാളി വെങ്ങാനൂരില്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 52 വര്‍ഷം മുന്‍പ് അയിത്ത ജാതികുട്ടികള്‍ക്ക് ആദ്യമായി ജോതി ബാഫൂലെ ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. മഹാരാഷ്ട്ര സംസ്ഥാനത്ത് പൂനയിലായിരുന്നു 1852-ല്‍ ഈ വിദ്യാലയം അദ്ദേഹം സ്ഥാപിച്ചത്. സവര്‍ണനായിരുന്നുവെങ്കിലും ജോതിബാഫൂലെ സാമൂഹ്യ പ്രവര്‍ത്തകനും അയിത്ത ജാതിക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആളായിരുന്നു. എന്നാല്‍ അര്‍ണര്‍ക്കുവേണ്ടി ഒരവര്‍ണന്‍ ആദ്യമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുതിര്‍ന്നത് അയ്യന്‍കാളി തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സവര്‍ണരോട് ഏറ്റുമുട്ടി സ്ഥാപിച്ച അയ്യന്‍കാളി പള്ളിക്കൂടമിന്ന് ഒരു നൂറ്റാണ്ടിന്റെ വീരഗാഥയുമായി ചരിത്രത്തില്‍ ഇടം തേടിയിരുന്നു. അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആശങ്കകള്‍ ഇല്ലാതില്ല.

കാലപ്രവാഹത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വില്ലുവണ്ടിയില്‍ കയറി സാധുജനവിമോചന പ്രക്ഷോഭങ്ങള്‍ (ലഹളകള്‍) നാടിന്റെ നാനാഭാഗത്തും അരങ്ങു തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു. ഈ മുന്നേറ്റങ്ങള്‍ അയ്യന്‍കാളിക്കും അണികള്‍ക്കും ആവേശവും കരുത്തും പകര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അയിത്ത വിഭാഗത്തിലെ കുട്ടികളുടെ വിദ്യാലയ പ്രവേശനം ഒരു കീറാമുട്ടിയായി തന്നെ നിലനിന്നിരുന്നു. ഇതില്‍ പ്രകോപിതനായ അയ്യന്‍കാളി അടുത്തപുറപ്പാട് സ്‌കൂള്‍ പ്രവേശന വിഷയത്തിലായി. സര്‍ക്കാര്‍ സ്ഥാപിച്ച എല്ലാ സ്‌കൂളുകളിലും തീണ്ടല്‍ ജാതികുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പോരാട്ടമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അയ്യന്‍കാളിക്കു മുന്നിലില്ലായിരുന്നു. സവര്‍ണ മേധാവികളുടെ സാമൂഹ്യ അനാചാരങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് തന്റെ അനുചരസംഘവുമൊന്നിച്ച് അയ്യന്‍കാളി അതിനെതിരെ അടര്‍ക്കളത്തിലിറങ്ങിയത്. സവര്‍ണരുടെ ഈ കാട്ടാള അനീതിക്കെതിരെ സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം (നിലത്തെഴുത്തുപള്ളി) നിര്‍മ്മിക്കാനാണ് ശ്രമിച്ചത്. ഈ തീരുമാനത്തിനു പിന്നില്‍ ശ്രീനാരായണ ഗുരുവിന്റെ ഉപദേശമായിരുന്നുവെന്ന് ചിലസജാതീയ ചരിത്രകാരന്മാര്‍ അടുത്തിടെ ചരിത്രം ചമച്ചത് കാപട്യവും നിന്ദ്യവുമായ ഏര്‍പ്പാടാണ്. അയ്യന്‍കാളി പള്ളിക്കൂടത്തിന്റെ ആശയം ആരുടെയെങ്കിലും ഉപദേശത്താലോ നിര്‍ദ്ദേശത്താലോ നിര്‍മ്മിതമല്ല. മറിച്ച് അയ്യന്‍കാളിയില്‍ സ്വയം രൂപമെടുത്ത ഒരാശയമായിരുന്നത്. തീണ്ടല്‍ ജാതിക്കാരായ പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ ആ കാലത്ത് ശക്തിയായി എതിര്‍ത്തിരുന്ന മറ്റൊരു തീണ്ടല്‍ ജാതിയായിരുന്നു ഈഴവര്‍. അവയൊക്കെ വരും അദ്ധ്യായങ്ങളില്‍ സന്ദര്‍ഭോചിതമായി വായിച്ചെടുക്കാവുന്നതാണ്.

അയ്യന്‍കാളിയെന്ന നിരക്ഷരന്‍ വിദ്യാലയം സ്ഥാപിക്കുന്നതിനു മുന്‍പായി തന്നെ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളെ സംബന്ധിച്ചും സമ്പ്രദായങ്ങളെക്കുറിച്ചു മെല്ലാം അറിയേണ്ടതാണ്. സംഘകാലത്തിനുമുന്‍പും പിന്‍പും പുലയര്‍ അറിവിലും സംസ്‌കാരത്തിലുമെല്ലാം മുന്‍പന്തിയിലായിരുന്നു. അന്നത്തെ കവികളില്‍ ശ്രേഷ്ഠനായിരുന്നു തിരുവള്ളുവര്‍. ഏകദേശം അഞ്ചുനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ടുവെന്ന് കരുതുന്ന 'ജ്ഞാനാമൃതം' എന്ന തമിഴ് കാവ്യത്തില്‍ നിന്നാണ് തിരുവള്ളുവരുടെ ജനനത്തെക്കുറിച്ച് അറിവു ലഭിക്കുന്നത്. ഇതില്‍ തിരുവള്ളുവരും രണ്ട് സഹോദരന്മാരും നാല് സഹോദരിമാരും കാളിദത്തന്റെയും ആതിയെന്ന പുലയസ്ത്രീയുടെയും മക്കളായിട്ടാണ് പിറക്കുന്നത്. തിരുവള്ളുവര്‍ അതി......, കപിലര്‍ എന്നീ സഹോദരന്മാരും, ഔവ്വയാര്‍, ഉപ്പൈ, ഉരുവൈ, വള്ളി എന്നീ സഹോദരി മാരും. ഇവരില്‍ തിരുവള്ളുവരും ഔവ്വയ്യാരും പ്രസിദ്ധരായ കവികളായിരുന്നു. വേദേതിഹാസങ്ങള്‍ക്ക് തുല്യമായതാണ് തിരുവള്ളുവരുടെ 'തിരുക്കുറല്‍: ഈ കാവ്യത്തിന്റെ 40 മുതല്‍ 43 വരെ അദ്ധ്യായങ്ങള്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന് മതിയായ തെളിവുകളാണ്. സംഘകാലഘട്ടത്തില്‍ പോലും മരുതനിലങ്ങളിലും മുല്ലൈപ്രദേശങ്ങളിലും 'പയല്‍' വിദ്യാലയങ്ങള്‍ നിലനിന്നിരുന്നു വെന്ന് ഡോ.കെ.കെ.പിള്ളയുടെ കേരള ചരിത്രം ഒന്നാം ഭാഗത്ത് വ്യക്തമായ സൂചന നല്‍കുന്നു. ഈ പയല്‍ സ്‌കൂളുകള്‍ പള്ളികളായും പില്‍ക്കാലത്ത് പള്ളിക്കൂടങ്ങളായും രൂപാന്തരം പ്രാപിക്കുന്നുണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് കേരളത്തില്‍ പുരാതനകാലത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ബീജാപം നടന്നതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിലെ ആദിമനിവാസി ഗോത്ര സംസ്‌കാരത്തില്‍പ്പെടുന്ന പുലയര്‍ പുരാതന കാലത്ത് വിദ്യാസമ്പന്നരായിരുന്നുവെന്ന് പുറയുന്നതില്‍ തെറ്റില്ല. പുലയന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കൃഷിക്കാരന്‍, ഭൂവുടമ, അറിവുള്ളവന്‍, പണ്ഡിതന്‍ എന്നെല്ലാമാണ്.


തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആദ്യ അടിത്തറയിട്ടത് ഇവിടത്തെ ഭരണാധികാരികളായിരുന്നു. 1775-ല്‍ വേലുത്തമ്പിദളവ തിരുവിതാംകൂറില്‍ കരകള്‍ തോറും കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഈ കുടിപള്ളിക്കൂടങ്ങളില്‍ നായര്‍ കുട്ടികള്‍ക്കേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഈ കുടിപള്ളിക്കൂടങ്ങള്‍ തൊട്ടായിരുന്നു ചരിത്രത്തില്‍ ആദ്യമായി അയിത്ത ജാതിക്കാരുടെ കുട്ടികളെ ഒഴിവാക്കിത്തുടങ്ങിയത്. കേരളത്തില്‍ കുടിപള്ളിക്കൂടങ്ങളുടെ ചരിത്രവും തുടങ്ങുന്നത് വേലുത്തമ്പിയുടെ കാലത്തോട് കൂടിയായിരുന്നു. പിന്നീട് നാല്പത്തി ഒന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് എ.ഡി.1816-ല്‍ റാണിഗൗരിപാര്‍വ്വതിഭായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഒരു നീട്ട് പുറപ്പെടുവിച്ചു. ഈ നീട്ടാണ് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ രേഖ. ഈ നീട്ടില്‍ വ്യക്തമായ എല്ലാവിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാനും അവയില്‍ ആവശ്യമുള്ള അദ്ധ്യാപകരെ നിയമിക്കാനും, അവര്‍ക്ക് ശമ്പളം നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളള്ളച്ചിരുന്നു. പക്ഷെ ഈ പള്ളിക്കൂടങ്ങളില്‍ ഒന്നില്‍ പോലും അയിത്ത ജാതികുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല.

റാണി ഗൗരിപാര്‍വ്വതിഭായിയുടെ പ്രസിദ്ധമായ വിദ്യാഭ്യാസ സംബന്ധമായ നീട്ട് ഇങ്ങനെയാണ് 'കൊല്ലത്തിന് വടക്കുള്ള പിള്ളരെ എഴുത്തുപഠിപ്പിക്കുന്നതിന് വാദ്ധ്യാര്‍ക്കു ശമ്പളം കൊടുക്കാന്‍ ജനങ്ങള്‍ക്കു വകയില്ലാതെയും ആ ദിക്കിലുള്ള ആളുകള്‍ക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റം കുറവായിട്ടു വന്നിരിക്കുന്നു എന്നും പണ്ടാരവകയില്‍ നിന്ന് ശമ്പളവും കൊടുത്ത് വാദ്ധ്യാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പഠിപ്പിച്ച് പ്രാപ്തിയാക്കിയാല്‍ ഓരോ ഉദ്യോഗങ്ങള്‍ക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും വരുന്നതാകകൊണ്ട് ആ വകയ്ക്ക് മലയാള അക്ഷരവും വില്പത്തിയും ജോതിഷവും വശമുള്ളതില്‍ ഒരാളിനെയും ഇതിവണ്ണം ഓരോ സ്ഥലത്തേയ്ക്കും രണ്ട് വാദ്ധ്യാന്മാരെ വീതവും ആക്കി അവര്‍ക്ക് മാസം ഒന്നിന് അന്‍പത് പണം വീതം ശമ്പളവും വച്ചുകൊടുത്താല്‍ പഠിപ്പിക്കുന്നതാകെ കൊണ്ടു ഇപ്പോള്‍ മാവേലിക്കര മണ്ടപത്തും വാതുക്കലേയ്ക്ക് രാമവാര്യനേയും ശങ്കരലിംഗം വാദ്ധ്യാനെയും കാര്‍ത്തികപള്ളി മണ്ഡപത്തും വാതിക്കലേയ്ക്ക് ഹരിപ്പാട്ടു കൊച്ചുപിള്ള വാദ്ധ്യാനെയും ശുചീന്ദ്രത്ത് വള്ളിനായകം വാദ്ധ്യാനെയും കൊട്ടാരക്കര മണ്ഡപത്തും വാതിക്കലേയ്ക്ക് പേരൂര്‍ കുറുപ്പിനെയും ശിവതാണുപിള്ളയെയും ആക്കി അവര്‍ക്ക് പേരൊന്നിന് അന്‍പതുപണം വീതം ശമ്പളവും വച്ചുകൊടുക്കേണ്ടല്ലോ എഴുതിവന്നതിനാലാകുന്നു. ഇപ്രകാരം നിശ്ചയിച്ചതു യുക്തമായിട്ടുള്ളതാക കൊണ്ട് എഴുതിവന്നതിന്മണ്ണം ഓരോ സ്ഥലത്തേയ്ക്കും ഈ രണ്ട് വാദ്ധ്യാന്മാര്‍ വീതവും ആക്കി പേരൊന്നിന് അമ്പതു പണം വീതം ശമ്പളവും വച്ചുകൊടുത്ത് അവരവരുടെ പിള്ളരെ കൊണ്ടുവന്നുവിട്ടാല്‍ അവരെ ഒക്കെയും എഴുത്തും കണക്കും നല്ലപോലെ പഠിപ്പിക്കത്തക്കവണ്ണം അതാതുമണ്ടപത്തും വാതുക്കല്‍ തഹസീല്‍ദാരനും സമ്പ്രതിക്കാരന്മാരും ഓരോരുത്തനും പള്ളിക്കൂടത്തില്‍ ചെന്നു എത്രപിള്ളരു എഴുത്തു പഠിച്ചുവരുന്നുണ്ടെന്നും അവര്‍ക്ക് എന്തെല്ലാം അഭ്യാസങ്ങള്‍ ആയെന്നും വര്യോല എഴുതി ഹജൂരില്‍ കൊടുത്തയക്കേണ്ടതിനും ചട്ടം കെട്ടി ഓരോ മാസം തികയുമ്പോള്‍ ആ വകയ്ക്ക് വിവരമായിട്ടു വര്യോല എഴുതിച്ചു നാം ബോധിക്കുന്നതിന് കൊടുത്തയക്കത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം. എന്നും ഇക്കാര്യം ചൊല്ലി 992-ാം മാണ്ട് ഇടവ മാസം 19-ാം തീയതി ദിവാന്‍ പേഷ്‌കാര്‍ വെങ്കിട്ടരായര്‍ക്കു നീട്ടെഴുതി വിടൂ എന്നു തിരുവള്ളമായ നീട്ട്. 1 ഈ നീട്ടിനെ തുടര്‍ന്നാണ് തിരുവിതാംകൂറിനൊപ്പം കൊച്ചി ദിവാനായിരുന്ന കേണല്‍ മണ്‍ട്രോ എഴുത്താശാന്മാരെ അതാതു കോവിലകത്ത് നിയമിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്.

ഏതാണ്ട് ഇതേകാലത്തു തന്നെ തിരുവിതാംകൂറിലെത്തിയ വിദേശ മിഷനറി കൂട്ടങ്ങള്‍ രാജാവിനെ സ്വാധീനിച്ച് പള്ളികളും, സ്‌കൂളുകളും സ്ഥാപിച്ച് തീണ്ടാ ജാതികുട്ടികളെ വിദ്യാഭ്യാസം നല്‍കാനും അതുവഴി വ്യാപകമായി മതപരിവര്‍ത്തനം സാധിച്ചതും. മിഷനറി സ്‌കൂളുകളില്‍ തീണ്ടല്‍ കുട്ടികള്‍ക്ക് നിര്‍ബാധം സ്‌കൂള്‍ പ്രവേശനം നല്‍കി പോന്നിരുന്നു. പക്ഷെ ഒരു വ്യവസ്ഥ ക്രിസ്ത്യാനി മതത്തില്‍ ചേരണം. ഉപകാരത്തിന് പ്രത്യുപകാരംവേണമല്ലോ. കുട്ടികള്‍ മാത്രമല്ല കുട്ടികളോടൊപ്പം അച്ഛനും അമ്മയുമൊന്നിച്ചുള്ള കടുംബം മുഴുവനായി ക്രൈസ്തവവല്‍ക്കരണത്തിന് വിധേയരായി കൊണ്ടിരുന്നു. ഇങ്ങനെ ക്രൈസ്തവ മതത്തില്‍ ചേരുന്നവര്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല ലഭിച്ചിരുന്നത് അടിമത്വത്തില്‍ നിന്നുള്ള മോചനം. സാമൂഹ്യഅനാചാരങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ലഭിച്ചിരുന്നു. അങ്ങിനെയാണ് അവര്‍ണര്‍ മതം മാറിയാലും വേണ്ടില്ല സാമൂഹ്യ അസമത്വങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന വിശ്വാസത്തോടെ കൂട്ടമായി ക്രൈസ്തവ മതത്തില്‍ ചേര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസം നേടുവാനായിരുന്നു ഒട്ടേറെപ്പേരും മതപരിവര്‍ത്തനത്തിന് വിധേയരായത്. ആദ്യകാലത്ത് ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രധാനമായും മിഷനറിമാര്‍ പഠിപ്പിച്ചത് സുവിശേഷ വേലയും ബൈബിള്‍ പഠനവുമായിരുന്നു. പഠനം പൂര്‍ത്തീകരിച്ചവരെ സുവിശേഷ ജോലിക്കായി ഒരു നിശ്ചിതകാലത്തേയ്ക്ക് നിയമിച്ചിരുന്നു. അവര്‍ണ പഠിതാവിന് വിദ്യാഭ്യാസവും അതിലൂടെ ജോലിയും ലഭിച്ചപ്പോള്‍ മിഷനറിമാര്‍ക്ക് സുവിശേഷത്തിലൂടെ മതപരിവര്‍ത്തനം നടത്താനും സാധിച്ചു. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയും, ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയും വ്യാപകമായ മതപരിവര്‍ത്തനത്തിന് അംഗീകാരവും നല്‍കിയിരുന്നു. അങ്ങിനെ ഒരു ജനതയുടെ പൂര്‍വ്വകാല പാരമ്പര്യ ദൈവവിശ്വാസത്തെ ഹനിക്കുകയും, അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയും പുറന്തള്ളിയും സാമൂഹ്യ പ്രതിബദ്ധതയോ സ്വത്വബോധമോ ഇല്ലാത്ത ഒരു പുത്തന്‍ ജനതയെ അവര്‍ണരില്‍ നിന്നും വിദേശീയ മിഷനറികൂട്ടം വാര്‍ത്തെടുത്തു. ഇത് അയിത്തം അനുഭവിച്ചിരുന്ന തീണ്ടല്‍ സമൂഹത്തെ കുത്തിപ്പിളര്‍ക്കുകയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. നൂറ്റാണ്ടുകളായി തുടരുന്ന ആ പ്രക്രിയ-മതപരിവര്‍ത്തനം ഇന്നും അഭംഗുരം തുടരുന്നുണ്ട്.കേരളത്തിലെ മഹത്തായ ഒരു ജനതയുടെ സര്‍വ്വനാശത്തി ലേയ്ക്കാണ് ക്രിസ്ത്യന്‍ മതപരിവര്‍ത്തനം അവര്‍ണരില്‍ നടത്തി കൊണ്ടി രിക്കുന്നത്.

ആദ്യകാലത്ത് മദ്ധ്യതിരുവിതാംകൂറില്‍പ്പെട്ട മല്ലപ്പള്ളിയില്‍ പൈസ കൊടുത്ത് അടിമകളെ പഠിപ്പിക്കാന്‍ വിദേശ മിഷനറിമാര്‍ ശ്രമിച്ചതായി കാണുന്നുണ്ട്. റവ.റെഗ്‌ളാങ് എന്ന വെള്ളപ്പാതിരിയാണ് ഈ സമ്പ്രദായത്തിന് തുടക്കമേകിയത്. 'അടിമകള്‍ക്കുവേണ്ടി ഒരു പള്ളിക്കൂടം തുടങ്ങുക അവിടെ റവ.ജോര്‍ജ് മാത്തന്‍ അടിമകളെ അക്ഷരം പഠിപ്പിക്കുക യാഥാസ്ഥിതികര്‍ ഓടിയെത്താന്‍ ഇടയില്ലാത്ത ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ മതി. പുതിയ നിയമം വായിക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായല്ലോ! അടിമകള്‍ ആകൃഷ്ടരാകാന്‍ ഒരു പോംവഴി നിര്‍ദ്ദേശിക്കാനും മറന്നില്ല. പഠിക്കാനെത്തുന്ന ഒരടിമയ്ക്ക് അഞ്ചുരൂപ കൊടുക്കുന്നതായിരിക്കും ! ആ കാലത്ത് അഞ്ചുരൂപയുടെ വില ഒന്നാലോചിച്ചു നോക്കുക! താമസംവിന മല്ലപ്പള്ളിക്കടു ത്ത് ഒരു അടിമപ്പള്ളിക്കൂടം തുറന്നു.' 2 മിഷനറിമാരുടെ വിദ്യാലയങ്ങളില്‍ അയിത്ത ജാതിക്കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നുവെങ്കിലും വ്യാപകമായ മതപരി വര്‍ത്തനം കാരണം പുലയര്‍ തുടങ്ങിയവര്‍ വിദ്യാലയ പ്രവേശനത്തിന് മിഷനറി സ്‌കൂളുകളില്‍ എത്തിയിരുന്നില്ല. എന്നുമാത്രവുമല്ല അക്ഷരം പഠിക്കണമെന്ന ആഗ്രഹം അവര്‍ണരില്‍ അങ്കുരിപ്പിക്കാന്‍ പോന്നവരാരും തന്നെ ആ കാലത്ത് ഉണ്ടായിരുന്നുമില്ല. ക്രൈസ്തവമതത്തിലേയ്ക്ക് ചേര്‍ന്ന ചിലര്‍ മിഷനറിമാരുടെ നിര്‍ബന്ധപ്രകാരം അക്ഷരാഭ്യാസം നടത്തിയിരുന്നു. എല്‍.എം.എസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകന് അയാള്‍ പഠിപ്പിക്കുന്ന അവര്‍ണ കുട്ടി ഒന്നിന് ഒരുപണം വീതം കൂടുതലായി വേതനം അനുവദിച്ചിരുന്നു. കാരണം കൂടുതല്‍ അയിത്ത ജാതിക്കാരുടെ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാന്‍ ഒരു പ്രോത്സാഹനമെന്ന നിലയ്ക്കായിരുന്നു ഈ വേതന വര്‍ദ്ധനവ് നല്‍കാന്‍ പള്ളി അധികൃതര്‍ തയ്യാറായത്. അതെസമയം 'സി.എം.എസ് മതപ്രവര്‍ത്തകനായിരുന്ന ജേക്കബ് ചാണ്ടിക്ക് 1850-ല്‍ ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികളില്‍നിന്നും പലപ്പോഴായി ശകാരം ഏറ്റുവാങ്ങേണ്ടി വന്നു. സി.എം.എസുകാര്‍ അടിമകളെ വിദ്യാഭ്യാസം ചെയ്യിക്കുക വഴി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അഭ്യസ്തവിദ്യരായ അടിമകളെ നിയന്ത്രിക്കുക വലിയ വിഷമമാണെന്നും ആയിരുന്നു അവരുടെ പരാതി' 3 അടിമത്വം ഇല്ലായ്മ ചെയ്യാന്‍ ഒരുവശത്ത് മിഷനറിമാര്‍ ശ്രമിച്ചിരുന്നപ്പോള്‍ തന്നെ കേരളത്തിലെ മുന്തിയ ജാതിക്കാര്‍ മാര്‍ഗ്ഗം കൂടിയ സുറിയാനികള്‍ അടിമത്വം നിലനിറുത്താന്‍ ശ്രമിക്കുന്നതും ചരിത്രത്തില്‍ കാണാവുന്നതാണ്.

ദിവാന്‍ രാമരായരുടെ കാലത്തിനുമുന്‍പ് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ പള്ളിക്കൂട ങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ അപേക്ഷ കൊടുത്ത ഏതു ജാതിക്കാര്‍ക്കും ചേരാന്‍ ഒരു തടസ്സവുമില്ലായിരുന്നുവെന്ന് പറയുന്നുണ്ട്. തിരുവനന്തപുരം, ചിറയിന്‍കീഴ് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളില്‍ ഈഴവരെ ചേര്‍ത്തു പഠിപ്പിക്കുന്ന കാര്യത്തില്‍ ആദ്യമൊന്നും എതിര്‍പ്പ് പ്രകടമായിരുന്നില്ല. 1892-ല്‍ ദിവാന്‍ ശങ്കര സുബ്ബന്റെ കാലത്ത് ഈഴവര്‍ ചേര്‍ന്ന് പഠിച്ചിട്ടില്ലാത്ത സ്‌കൂളുകളില്‍ ഗവണ്മെന്റില്‍ നിന്നും പ്രത്യേകാനുമതി വാങ്ങണമെന്നൊരു നിബന്ധന വന്നു. എന്നാല്‍ ചില സവര്‍ണ ഉദ്യോഗസ്ഥന്മാരുടെ കള്ളക്കളി കാരണം ഈഴവരുടെ വിദ്യാലയ പ്രവേശനവും അട്ടിമറിക്കപ്പെട്ടു. ദിവാന്‍ രാമറാവുവിന്റെ കാലമായി 1887 മുതല്‍ 1892 വരെ പുലയരില്‍പ്പെട്ട ആരും തന്നെ തങ്ങള്‍ക്ക് വിദ്യാഭ്യാസം വേണമെന്നു ആവശ്യവുമായി രംഗത്തു വന്നിരുന്നില്ല എന്നു പറയുന്നുണ്ട്. 1886-ല്‍ 13000 ഈഴവന്‍ ഒപ്പിട്ട് ഒരു ഭീമ ഹര്‍ജി സര്‍ക്കാരിനു നല്‍കി. ഹര്‍ജിയില്‍ സര്‍ക്കാര്‍ വകപള്ളിക്കൂടങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ക്കുംപ്രവേശനം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. പക്ഷെ അന്നത്തെ രാജകീയ സര്‍ക്കാര്‍ ഇങ്ങനെയാണ് മറുപടി നല്‍കിയത്. 'സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്നും അതിന്റെകാരണം ജാതിവ്യത്യാസം ഹിന്ദുസമുദായത്തിലുള്ള അനേകം ഭിന്നവര്‍ഗ്ഗ ങ്ങളുടെ ഇടയില്‍ നിലനിന്നു വരുന്ന ഒന്നാണെന്നും അവരുടെ അന്യോന്യാവകാശങ്ങള്‍ അതിനാല്‍ ഭരിക്കപ്പെട്ടുവരുന്നു എന്നുള്ള വസ്തുതകളെ മറച്ചുവയ്ക്കാന്‍ പാടുള്ളതല്ല.' 4 എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ നെല്‍കൃഷി മേഖലയിലെ പണികള്‍ക്ക് അയിത്ത ജാതിക്കാരെ കിട്ടുകയില്ലെന്ന ഭയവുമാണ് സവര്‍ണര്‍ അയിത്തവിഭാഗകുട്ടികളുടെ വിദ്യാലയ പ്രവേശനത്തെ ശക്തിയായി എതിര്‍ക്കുകയും തടയുകയും ചെയ്തു പോന്നിരുന്നത്.

പ്രജാക്ഷേമ തല്പരനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവോ, രാജകീയ ഭരണകൂടമോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ എന്തിനേറെ സ്‌കൂള്‍ അധികൃതരോ അവര്‍ണ കുട്ടികളുടെ സ്‌കൂള്‍ പ്രവേശന കാര്യത്തില്‍ സഹായിക്കാന്‍ മുന്നോട്ടു വന്നിരുന്നില്ല. നിരവധി ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ട ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഭരണ തുടക്കത്തില്‍തന്നെ രാജ്യത്തെങ്ങും സ്‌കൂളുകളും കച്ചേരികളും നിരവധി പണി കഴിപ്പിച്ചു. ദിവാന്‍ ശങ്കര സുബ്ബരുടെ കാലത്ത് വിദ്യാലയങ്ങള്‍ പരിശോധിക്കാന്‍ മൂന്ന് ഇന്‍സ്‌പെ ക്ടര്‍മാരെയും ഗവണ്‍മെന്റിലേയ്ക്ക് ഒരു വിദ്യാഭ്യാസ സെക്രട്ടറിയേയും നിയമിക്കുകയും ഹജൂരില്‍ ആദ്യമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേകമായി ഉണ്ടാക്കുകയും ഉപാദ്ധ്യാപകമാരെ പരിശീലിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് ട്രെയിനിംഗ് സ്‌കൂള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്തുവെങ്കിലും തിരുവിതാംകൂറിലെ പ്രജകളില്‍പ്പെട്ട അയിത്ത ജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ മാത്രം ഒന്നും ചെയ്തില്ല.

ഈ സന്ദര്‍ഭത്തിലാണ് അയ്യന്‍കാളി കുടിപള്ളിക്കൂടമെന്ന ആശയവുമായി മുന്നോട്ടു വന്നത്. എന്തെല്ലാം തടസ്സങ്ങളും പ്രകോപനങ്ങളും സവര്‍ണ പക്ഷത്തുണ്ടായാലും അവര്‍ണ കുട്ടികളെപഠിപ്പിക്കുന്നതിനുവേണ്ടി ഒരു സ്‌കൂള്‍ സ്ഥാപിക്കാന്‍ തന്നെ തീരുമാനമെടുത്തു. അയ്യന്‍കാളി ഇപ്പോള്‍ അന്ത്യവിശ്രമം കൊള്ളുന്ന പഴയ ചിത്രകൂടം സ്ഥിതി ചെയ്യുന്ന ഭാഗമാണ് പുതുവല്‍വിളാകം. ചിത്രകൂടം സ്ഥാപിക്കുന്നതിനു മുന്‍പായി തന്നെ പറമ്പില്‍ ഓലകെട്ടി മേഞ്ഞതും അഴികള്‍ അടിച്ചതുമായ ഒരു വീടുണ്ടായിരുന്നു. അതായിരുന്നു അയ്യന്‍കാളിയുടെ വില്ലുവണ്ടിക്കാരനായ ചണ്ടിക്കൊച്ചപ്പിയുടെ വീട്. ഇവിടെ ചാവടിനടയ്ക്ക് ഇപ്പുറത്ത് പുതുവല്‍ വിളാകത്ത് നാലര ഏക്കര്‍ പുരയിടം കൊച്ചപ്പിക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും 18 സെന്റ് സ്ഥലം അയ്യന്‍കാളി പള്ളിക്കൂടം നിര്‍മ്മിക്കാനായി കൊച്ചപ്പിയില്‍ നിന്നും ഒറ്റിയായി വാങ്ങി. പിന്നീടത് വിലയാധാരമായി എഴുതുകയുണ്ടായി. ഇവിടെയാണ് 1904ല്‍ അയ്യന്‍കാളി തീണ്ടല്‍ ജാതി കുട്ടികള്‍ക്കായി സ്വന്തം കൈയ്യാല്‍ ഈ കുടിപള്ളിക്കൂടം നിര്‍മ്മിച്ചതെന്നാണ് കൊച്ചപ്പിയുടെ ചെറുമകന്‍ നല്‍കിയ വിവരം. 5 അയ്യന്‍കാളിയും സന്നദ്ധ സംഘവും ചേര്‍ന്ന് മണ്ണുവെട്ടി വെള്ളമൊഴിച്ച്‌ചെളിപയച്ച് അടിസ്ഥാനമിട്ടു. ദിവസങ്ങള്‍ കൊണ്ട് കമ്പും തടിയും മുളയും ഓലയും സംഘടിപ്പിച്ചു കൊണ്ടുവന്ന് നീളത്തില്‍ ഒരു ഓല ഷെഡു നിര്‍മ്മിച്ചു. തീണ്ടല്‍ ജാതി കുട്ടികള്‍ക്കു വേണ്ടി തീണ്ടല്‍ ജാതികള്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ സരസ്വതിക്ഷേത്രം! വെങ്ങാനൂരിലെ സവര്‍ണ സംഘത്തിന് ഇതൊട്ടും രുചിച്ചില്ല. പുലയന്‍മാര്‍ക്ക് ഇത്രയും ധിക്കാരമോ? പാടില്ല ഈ സ്‌കൂള്‍ നിലനില്ക്കാന്‍ പാടില്ല. സവര്‍ണര്‍ സംഘടിച്ചു. കൂടി ആലോചനകള്‍ നടത്തി. ആ രാത്രിയില്‍ തന്നെ അയ്യന്‍കാളി സ്വന്തം കൈകൊണ്ട് ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിച്ച കുടിപള്ളിക്കൂടം സവര്‍ണര്‍ തീവച്ചു ചുട്ടെരിച്ചു. അയ്യന്‍കാളി നിരാശനായില്ല. കുറെ കമ്പും തടിയും മുളയും ഓലയും നഷ്ടമായെന്നേയുള്ളു. അതു സംഭവിക്കുമെന്നും അയ്യന്‍കാളിക്കറിയാമായിരുന്നു. വീണ്ടും ഓലയും കമ്പും മുളയും മറ്റും ശേഖരിച്ചു കൊണ്ടുവന്നു ഓലഷെഡ് വീണ്ടും കെട്ടി ഉയര്‍ത്തി. അതും സവര്‍ണര്‍ തകര്‍ത്തെറി ഞ്ഞു. വീണ്ടും അയ്യന്‍കാളി തന്റെ സ്വപ്നമായിരുന്ന പള്ളിക്കൂടം നിര്‍മ്മിച്ചു. ഇക്കുറി അയ്യന്‍കാളിയും സന്നദ്ധ സംഘടനയും കരുതലോടെ തന്നെ കാത്തിരുന്നു. ഇതോടെ നാട്ടിലെ തീണ്ടല്‍ ജാതിക്കാരും സംഘടിച്ചു. ഇനിയും സ്‌കൂള്‍ തകര്‍ക്കാന്‍ സവര്‍ണര്‍ വന്നാല്‍ ഒരുത്തനേയും വെറുതെ വിടാന്‍ പാടില്ലെന്ന് അയ്യന്‍കാളിയും സംഘവും തീരുമാനിച്ചു. രാത്രിയേറെ ചെന്നപ്പോള്‍ സവര്‍ണ മാടമ്പിമാര്‍ കൈയ്യേല്‍ കത്തിച്ചു പിടിച്ച ഓലച്ചൂട്ടുമായിട്ടെത്തി. പള്ളിക്കൂടം തീവെയ്ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അതിനിടെ അയ്യന്‍കാളിയും സംഘവും ഇറങ്ങി അടിതുടങ്ങി. സവര്‍ണ മാടമ്പിമാരും വിട്ടില്ല അവരും പുലയരെ മര്‍ദ്ദിച്ചു. പൊരിഞ്ഞ അടിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും അടിയും ഇടിയും തൊഴിയും ചവിട്ടും തുടര്‍ന്നു. അയ്യന്‍കാളിയുടെ കാലുമടക്കിയുള്ള അടികിട്ടിയവര്‍ പിന്നവിടെനിന്നില്ല. പലരും അടിയേറ്റു വീണു. ചിലര്‍ ജീവനും കൊണ്ടോടി. സവര്‍ണ മാടമ്പിമാര്‍ പുലയരുടെ കൈക്കരുത്തിന്റെ ചൂട് ശരിക്കും അനുഭവിച്ചുവെന്നാണ് ആ സംഘട്ടനത്തില്‍ പരിക്കേറ്റ ചില നായന്മാര്‍ പില്‍ക്കാലത്ത് പ്രതികരിച്ചെതെന്ന് അപ്പന്‍ വഞ്ചിയൂര്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. 6 ഈ സംഘട്ടനം വെങ്ങാനൂരില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. അത് നാടാകെ പടരുകയായിരുന്നു. നിരപരാധികളായ തീണ്ടാ ജാതികളെ സവര്‍ണ മാടമ്പിമാര്‍ നിര്‍ദ്ദയം മര്‍ദ്ദിച്ചു. കൈയൂക്കുള്ള അവര്‍ണരും അടങ്ങിയിരുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ സവര്‍ണര്‍ പിന്മാറി. കുടിപള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം അങ്ങിനെ തീവെയ്ക്കലിന്റെയും സംഘട്ടനത്തിന്റെയും പരിണിത ഫലമായി ആരംഭിക്കാന്‍ സാധിച്ചു. പില്‍ക്കാലത്ത് അയ്യന്‍കാളി പള്ളിക്കൂടത്തിന്റെ ചരിത്രമെഴുതിയവര്‍ പലരും അത് ഏതാനും വരികളില്‍ ഒതുക്കാനാണ് ശ്രമിച്ചുകണ്ടത്. പുതുവല്‍ വിളാകം സ്‌കൂളിന്റെ സ്ഥാപനം നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. സവര്‍ണ മാടമ്പിമാരോട് പൊരുതാന്‍ വേണ്ട വീര്യം പകര്‍ന്നതും സംഘടിക്കാന്‍ അവര്‍ണരെ പ്രേരിപ്പിച്ചതും വെങ്ങാനൂരിലെ അയ്യന്‍കാളി പള്ളിക്കൂടത്തിന്റെ സ്ഥാപനമായിരുന്നു. 'അടിക്കടി' എന്നതായിരുന്നു അയ്യന്‍കാളിയും സംഘവും ഇതില്‍ നിന്നും പഠിച്ച പാഠം.

വെങ്ങാനൂരില്‍ ഏതാണ്ട് സമാധാനാന്തരീക്ഷം നിലവില്‍ വന്നതോടെ വെങ്ങാനൂരും പരിസരത്തുമുള്ള ഏതാനും മുതിര്‍ന്ന പുലക്കുട്ടികളെ തേടിപ്പിടിച്ച് കൊണ്ടുവന്ന് സ്വജാതിക്കാരായ രണ്ട് നിലത്തെഴുത്ത് ആശാന്മാരെ വച്ച് കുടപള്ളിക്കൂടം ആരംഭിച്ചു. എന്നിട്ടും സവര്‍ണരുടെ പക അവസാനിച്ചിരുന്നില്ല. അവര്‍ കുടിപള്ളിക്കൂടത്തില്‍ വരുന്ന തീണ്ടല്‍ കുട്ടികളെ വഴിയില്‍തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി.

നിലത്തെഴുത്താശാന്മാരെയും ഈ വണ്ണം സവര്‍ണര്‍ തടഞ്ഞു നോക്കിയെങ്കിലും സവര്‍ണ പദ്ധതികള്‍ ഒന്നൊന്നായി പൊളിയുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തീണ്ടല്‍ ജാതിക്കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതു പോരാത്തതുകൊണ്ട് സ്വന്തമായി ഒരു സ്‌കൂള്‍ സ്ഥാപിച്ച് നടത്താമെന്ന് വച്ചാല്‍ അതിനും സവര്‍ണര്‍ അനുവദിക്കുകയില്ലെന്ന് വന്നപ്പോള്‍ സവര്‍ണ ജന്മിമാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ തന്നെ അയ്യന്‍കാളി സന്നദ്ധനായി. സംഘടിത മുന്നേറ്റത്തിലൂടെ ശക്തിയായ തിരിച്ചടി കൊടുത്താലെ പറ്റുവെന്ന അവസ്ഥ വന്നു. അതിനുപറ്റിയ മാര്‍ഗ്ഗം നെല്‍കൃഷിപ്പാടങ്ങള്‍ തരിശിടുകയെന്നതാണ്. ആ കാലത്ത് നെല്‍കൃഷി മുഴുവന്‍ ചെയ്തിരുന്നത് പുലയരാണ്. പുലയരില്ലെങ്കില്‍ കൃഷിപ്പണികള്‍ നടക്കുകയില്ല. കൃഷി നടന്നില്ലെങ്കില്‍ സവര്‍ണ ജന്മിമാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. അതോടെ സവര്‍ണരുടെ അവര്‍ണരോ ടുള്ള മനോഭാവത്തിന് മാറ്റം സംഭവിക്കുമെന്നാണ് അയ്യന്‍കാളി ചിന്തിച്ചത്. പിന്നത്തെ ശ്രമം നെല്‍കൃഷിപ്പാടങ്ങള്‍ തരിശിടാന്‍ കര്‍ഷകരായ പുലയരെ ഉപദേശിക്കുകയാ യിരുന്നു. അയ്യന്‍കാളിയും സംഘവും വില്ലുവണ്ടിയില്‍ കയറി നാട്ടിലെങ്ങും സഞ്ചരിച്ച് കൃഷിപ്പണികള്‍ നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.