"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

യുദ്ധം: സൗന്ദര്യശാസ്ത്രവും സാമൂഹ്യപാഠവും


അധിനിവേശാര്‍ത്ഥം ചെയ്യുന്ന അന്താരാഷ്ട്രീയ യുദ്ധവും അധികാരസംസ്ഥാപനാര്‍ത്ഥം നടത്തപ്പെടുന്ന ആഭ്യന്തരയുദ്ധവും ജനായതയെ ഉന്മൂലനം ചെയ്യുന്നത് ഒരേ പ്രകാരത്തിലാണ്. സംജ്ഞയില്‍ ദ്വന്ദവും നിര്‍മാര്‍ജന പ്രക്രിയയുടെ കാര്യമെടുത്താല്‍ ഏകസാകല്യവുമാണ് മാനവതയുടെ എതിര്‍പക്ഷത്തുള്ള യുദ്ധനിലപാടുകളുടെ ഉള്ളടക്കം. ആഭ്യന്തരയുദ്ധം അടിച്ചേല്പി ക്കുന്ന ജനായത്ത വ്യവഹാര വിഛേദനങ്ങളെ സിനിമയുടെ മാധ്യമിക ഭൂമികയില്‍ വെച്ച് വിമര്‍ശന വിധേയമാക്കുകയാണ് അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന്‍. 'ദി കമ്മിസാര്‍' എന്ന തന്റെ രചനയിലൂടെ മധ്യകാല റഷ്യന്‍ സിനിമകള്‍ മുഴുവനായും അധിനിവേശയുദ്ധങ്ങള്‍ വിതച്ച ദുരന്തങ്ങളുടെ ദുഃഖസ്മൃതികള്‍ ആചിത്രണം ചെയ്യുന്നതിനുള്ള രാഷ്ട്രീയ പരിപാടികള്‍ മാത്രമായിരുന്നപ്പോള്‍ ദി കമ്മിസ്സാറാകട്ടെ ആഭ്യന്തരയുദ്ധങ്ങളുടെ അടിയൊഴുക്കുകള്‍ക്കെതിരേ പൊരുതിയ സമരചിന്തയുടെ ദൃശ്യരേഖയായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. 

1962 ലാണ് അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. അന്ന് റഷ്യയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ച് ഇതിന്റെ ആദ്യ പ്രദര്‍ശനം നടന്നു. പിന്നീട് സംവിധായകനറിഞ്ഞത് അതിന്റെ പ്രതി കത്തിച്ചുകളഞ്ഞു വെന്നാണ്! അതിന്റെ കാരണം ലോകത്തെ ഒരു വിശ്വാസപ്രമാണ ത്തിനും നിരക്കാത്ത അതിവിചിത്രമായ ഒന്നായിരുന്നു, അതായത് അസ്‌കോല്‍ദോവിന് സിനിമ പിടിക്കാന്‍ അറിയില്ലത്രെ! ഒരു കലാകാരന് തന്റെ സൃഷ്ടിയെ കുറ്റമറ്റരീതിയില്‍ പുറത്തിറക്കാന്‍ കഴിഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ സംശോധകര്‍ അത് നശിപ്പിച്ചു കളയുന്നുവെങ്കില്‍ അതിനവരെ പ്രേരിപ്പിച്ചത്, അവര്‍ക്ക് ആ കലാസൃഷ്ടി വരുത്തിവെച്ചേക്കാവുന്ന അപകടത്തെ ഭയന്നിട്ടാണെന്ന വസ്തുത അവിതര്‍ക്കിതമാണല്ലോ. അതോടെ അസ്‌കോല്‍ദോവ് ഗോര്‍ക്കി സ്റ്റുഡിയോവില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടു പോന്നു. 1987 ലെ മോസ്‌കോ ഫിലിം ഫെസ്റ്റിവെലില്‍ അനൗപചാരിക വേദിയില്‍, പെടുന്നനെ ഈ സിനിമ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും സോവിയറ്റു യൂണിയനിലെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് തുടക്കമായിരുന്നു. അജ്ഞാത സ്ഥാനത്തായിരുന്ന ഈ സിനിമ അക്കാലത്തെ പുതിയ സിനിമകളെ പിന്മാറ്റി പുരസ്‌കാരങ്ങളേറെ നല്കിക്കൊണ്ടാണ് കാഴ്ചയുടെ ലോകം വീണ്ടെടുത്തത്. പിന്നീട്, ജൂത സിനിമകള്‍ക്കായുള്ള പ്രത്യേക മേളകളില്‍ അദ്വിതീയ സ്ഥാനം തന്നെ നേടിയാണ് ദി കമ്മിസ്സാര്‍ ആദരിക്കപ്പെട്ടത്!

റഷ്യയുടെ തെക്കുഭാഗത്തുള്ള ഒരു ചെറുപട്ടണത്തെ വൈറ്റ്ഗാര്‍ഡ് സേനയുടെ ആധിപത്യത്തില്‍ നിന്ന് വീണ്ടെടുത്ത ശേഷവും അവരുമായി യുദ്ധം തുടരുന്ന ചെമ്പടയില്‍ നിന്ന് കമ്മിസ്സാറായ ക്ലാവ്ഡിയ വാവിലോവ എന്ന വനിത പ്രസവകാലം സമാഗതമായിരിക്കുന്നതിനാല്‍ മുന്നണിവിട്ട് തകരപ്പാത്രപ്പണി ക്കാരനായ യെഫിം മാഗസനിക് എന്ന ജൂതന്റെ ചാളയില്‍ ഒളിച്ചുതാമസിക്കുവാനെത്തുന്നു. അവിടെ യെഫിമിനെ കൂടാതെ അമ്മയും ഭാര്യ മരിയയും ആറ് കുട്ടികളുമുണ്ട്. സൈനിക രംഗത്തുനിന്നും ജൂതന്മാരുടെ ഈ പ്രാന്തസ്ഥല പാര്‍പ്പിടത്തി ലേക്കുള്ള മാറിത്താമസം കമ്മിസ്സാര്‍ വാവിലോവക്ക് കൂടുതല്‍ ദുസ്സഹമായി അനുഭവപ്പെട്ടതിനാല്‍ ലഭിക്കുവാന്‍ പോകുന്ന മാതൃത്വമെന്ന അനര്‍ഘസൗഭാഗ്യം തന്റെ സൈനിക ജീവിതത്തിന് വിലങ്ങുതടിയാകുമെന്ന് അവര്‍ ഭയപ്പെട്ടു. അല്പകാലത്തിനകം വൈറ്റാ ഗാര്‍ഡ് ചെറുപട്ടണം തിരിച്ചുപിടിക്കുകയും ചെമ്പട പിന്‍വാങ്ങുകയും ചെയ്തു. ഈ അവസരത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്കിയതിനാല്‍ സാഗര - സാത്താനമധ്യത്തിലായിത്തീര്‍ന്ന വാവിലോവയെ അഭിമുഖീകരിക്കുന്ന പ്രശ്‌നം, ചെമ്പടയോടൊപ്പം മടങ്ങണമോ, ജൂതന്മാരുടെ കൂടെ ഒരമ്മയായി തങ്ങണമോ എന്നതായിരുന്നു. എന്നാല്‍ തന്റെ ഓരോ അണുവിലും ഒരു യോദ്ധാവിന്റെ ധാര്‍ഷ്ട്യങ്ങള്‍ പേറിയിരുന്ന കമ്മിസ്സാല്‍ വാവിലോവ തന്റെ കുഞ്ഞിനെ വിട്ട് ചെമ്പടയിലേക്ക് തിരിച്ചു പോയി. യെഫിമിനേയും കുടുംബത്തേയും ഉടുത്തിരുന്ന വസ്ത്രങ്ങളോടെ തന്നെ ട്രക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോയി. 

ബാബര്‍, ഗോര്‍ക്കി തുടങ്ങിയ പ്രഖ്യാപിത സോവിയറ്റ് സാഹിത്യകാരന്മാര്‍ പുകഴ്ത്തിപ്പറഞ്ഞ 'ലൈഫ് ആന്റ് ഫെയ്റ്റ്' തുടങ്ങിയ കഥകളുടെ കര്‍ത്താവായ വാസിലി ഗ്രോസ്മാന്റെ 'ഇന്‍ ദി ടൗണ്‍ ഓഫ് ബെല്‍ഡിച്ചേവ്' എന്ന കഥയാണ് കമ്മിസ്സാറിന് ആധാരം. 1967 ല്‍ ഇത് പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ജൂതന്മാരെ എതിര്‍ക്കുന്ന കാര്യത്തില്‍ സോവിയറ്റ് പ്രചരണ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി യിരുന്നതിനാ ലാവണം ജൂതവിഷയം പ്രമേയവത്കരിച്ച കമ്മിസ്സാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടത്. സോവിയറ്റ് സംശോധകര്‍ ഈ സിനിമയെ വിലയിരുത്തിയത്, ഒരേ സമയം സെമിറ്റിക് വിരുദ്ധവും സോവിയറ്റ് വിരുദ്ധവുമായ ഒന്നായാണ്. അത് സോവിയറ്റ് കലാ - സാംസ്‌കാരിക നയങ്ങള്‍ക്ക് കടകവിരുദ്ധവു മായിരുന്നു.

അസ്‌കോല്‍ദോവിനെ സംബന്ധിച്ചിടത്തോളം സിനിമ, അനുഭ വങ്ങള്‍ പങ്കുവെക്കാന്‍ പാകത്തിന് യഥാര്‍ത്ഥ ചോരയുടെ കരുത്തു നല്കി നിര്‍മിച്ചവയാകണം. കമ്മിസ്സാറിന്റെ ചിത്രസന്ധികളില്‍ പലയിടത്തും അസ്‌കോല്‍ദോവിന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നുകയറിയിട്ടുണ്ടെന്നു കാണാം. 1937 ല്‍ സ്റ്റാലിന്‍ ഭരണത്തിന്റെ പ്രതാപകാലത്ത് അസ്‌കോല്‍ദോവും കുടുംബവും കീവി (Keiv) ലാണ് താമസിച്ചിരുന്നത്. ഭീതിദമായ ഭരണീയാന്തരീക്ഷമുള്ള അക്കാലത്ത് ഇരുള്‍വീണ ഒരു മെയ്മാസ സായാഹ്നനേരത്ത് അസ്‌കോല്‍ദോവ് തെരുവിലൂടെ നടന്നു പോവുകയായിരുന്നു. പെട്ടെന്ന് ജൂതന്മാരുടെ ഒരു ഗെറ്റോ കണ്ടിട്ട് അസ്‌കോല്‍ദോവ് അങ്ങോട്ടു കയറിച്ചെന്നു. ഇത് മണത്തറിഞ്ഞ് കെജിബിക്കാര്‍ എത്തിയെങ്കിലും ജൂതകുടുംബം ഒളിപ്പിച്ചു കാത്തതിനാല്‍ അസ്‌കോല്‍ദോവിനെ പിടിക്കാന്‍ കഴിഞ്ഞില്ല. പകരം കെജിബിക്കാര്‍ അസ്‌കോല്‍ദോവിന്റെ മാതാപിതാക്കളെ പിടിച്ചുകൊണ്ടുപോയി. എന്തു കുറ്റം ചെയ്തിട്ടെന്നറിവില്ല, പിന്നീട് അച്ഛനെ അവര്‍ കൊന്നുകളഞ്ഞുവെന്നറിഞ്ഞു. ഈ ദുരനുഭവങ്ങള്‍ പ്രേരണ ചെലുത്തിയാണ് കമ്മിസ്സാര്‍ നിര്‍മിക്കു ന്നതിലേക്ക് അസ്‌കോല്‍ദോവിനെ കൊണ്ടുചെന്നെത്തിച്ചത്. അന്നു തന്നെ കാത്തുരക്ഷിച്ച ജൂതകുടുംബത്തോടുള്ള ആദരസ്മരണിക എന്ന നിലയിലാണ് യെഫിമും കുടുംബവും ദി കമ്മിസ്സാറില്‍ ഇടംകൊള്ളുന്നത്. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുതയിതാണ്, അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് സ്വയം ഒരു ജൂതനല്ല!

ദൃശ്യതന്ത്ര രാഷ്ട്രീയത്തില്‍ അസ്‌കോല്‍ദോവിനുള്ള പരിചയ സമ്പത്ത് സാക്ഷാല്‍ ആേ്രന്ദ തര്‍ക്കോവ്‌സ്‌കിയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. സ്റ്റാലിന്‍ ഭീകരതയെ വിസ്തരിക്കുന്നതിന്, 1938 ലെ കടുത്ത വേനല്ക്കാലത്തെ കരിഞ്ഞുണങ്ങിയ രൂപങ്ങള്‍ പകര്‍ത്തിച്ചേര്‍ത്തു കൊണ്ടാണ് ഈ ദൃശ്യതന്ത്രം തര്‍ക്കോവ്‌സ്‌കി തന്റെ 'മിററി'ല്‍ പ്രയോഗിച്ചത്. തനിക്കേറെ ഇഷ്ടപ്പെട്ട ദൃശ്യ നിര്‍മിതി ഇതായിരുന്നുവെന്ന് ഒരിക്കല്‍ നേരിട്ടു കണ്ടപ്പോള്‍ അസ്‌കോല്‍ദോവ് തര്‍ക്കോവ്‌സ്‌കിയെ അറിയിക്കുകയുണ്ടായി. പിന്നെ പറഞ്ഞു ഒരിക്കല്‍ താനും തന്റെ 'മിറര്‍' നിര്‍മിക്കുമെന്ന്. അത്രേ ദി 'കമ്മിസ്സാര്‍'!