"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

സാധുജനപരിപാലന സംഘത്തിലൂടെ പുതിയ കര്‍മ്മപഥത്തിലേയ്ക്ക് - കുന്നുകുഴി എസ് മണി


മണക്കാട് സംഘട്ടനം കഴിഞ്ഞതോടെ അയ്യന്‍കാളിക്ക് ഏതാണ്ടൊരു ആത്മവിശ്വാ സവും ആര്‍ജ്ജവശക്തിയുമൊക്കെ കൈവന്നിരുന്നു. തന്റെ ജനവിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്തെങ്കിലുമൊക്കെ ചെയ്‌തേ പറ്റു എന്ന തോന്നലുണ്ടായി. സദാനന്ദ സ്വാമികള്‍ അയിത്ത ജാതിക്കാരെ ഉദ്ധരിക്കാന്‍ സ്ഥാപിച്ച ബ്രഹ്മനിഷ്ടാമഠം സംഘം കൊണ്ടൊന്നും കാര്യമായ യാതൊന്നും സംഭവിക്കുകയില്ലെന്ന് അയ്യന്‍കാളിക്കു ബോധ്യമായി. ബ്രഹ്മനിഷ്ഠാമഠത്തിന് ആത്മീയ കാര്യങ്ങള്‍ക്കപ്പുറം ഏഴജാതികളുടെ സമുദ്ധാരണത്തിനായി ഒരു ചെറുവിരലനക്കാന്‍ പോലും സാദ്ധ്യതയില്ലായിരുന്നു. അതുകൊണ്ടു തന്നെ അയ്യന്‍കാളിയും സംഘവും ബ്രഹ്മനിഷ്ഠാമഠത്തോട് വിട പറഞ്ഞു. അയിത്ത ജാതികളെ ഏകോപിച്ചു നിറുത്തി അധികാരിവര്‍ഗ്ഗത്തോട് പൊരുതിയെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് ആവശ്യപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുവെന്ന തോന്നല്‍ അയ്യന്‍കാളിയില്‍ ആ സന്ദര്‍ഭത്തില്‍ രൂഢമൂലമായിരുന്നു. അതിനുവേണ്ട തെന്താണെന്ന ചിന്തകളില്‍പ്പെട്ട് അയ്യന്‍കാളി നടന്നു.

ഈ സന്ദര്‍ഭത്തിലാണ് ശ്രീനാരായണഗുരു വാഴമുട്ടത്തിനു സമീപം കോവളം റോഡിലുള്ള കുന്നംപാറ ആശ്രമത്തില്‍ വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചത്. വെങ്ങാനൂരില്‍ നിന്നും അയ്യന്‍കാളിയും സംഘവും കുന്നുംപാറ ആശ്രമത്തിലെത്തി. അപ്പോള്‍ അവിടെ ആശ്രമകവാടത്തിലുണ്ടായിരുന്ന ഗുരുശിഷ്യന്മാരോട് തന്റെ ആഗമനോദ്ദേശം വ്യക്തമാക്കി. പക്ഷെ ശ്രീനാരായണഗുരുവിനെ കാണാന്‍ പുലയരെ അനുവദിക്കുകയില്ലെന്നാണ് ഈഴവ ശിഷ്യന്മാര്‍ പറഞ്ഞത്. നിരാശാനായി അയ്യന്‍കാളിയും സംഘവും തിരിച്ചുപോന്നു. പുലയരുടെ നേതാവായ അയ്യന്‍കാളി തന്നെ സന്ദര്‍ശിക്കാന്‍ വന്നവിവരം ശ്രീനാരായണ ഗുരു അറിയുകയും പിറ്റേന്നു തന്നെ ആളെ അയച്ച് അയ്യന്‍കാളിയെ കുന്നംപാറ ആക്രമത്തിലേയ്ക്ക് ശ്രീനാരായണഗുരു ക്ഷണിക്കുകയും ചെയ്തു. ഒടുവില്‍ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും കുന്നംപാറ ആശ്രമത്തില്‍ വച്ച് നേരില്‍ കണ്ട് ദീര്‍ഘനേരം സംഭാഷണം നടത്തുകയും തന്റെ ശിഷ്യഗണങ്ങളില്‍ നിന്നുണ്ടായ പെരുമാറ്റത്തില്‍ ഗുരു ക്ഷമായാചനം നടത്തുകയുംചെയ്തു. എന്നാല്‍ അയ്യന്‍കാളിയും ശ്രീനാരായണഗുരുവും തമ്മില്‍ നടത്തിയ സംഭാഷണം എന്തായിരുന്നുവെന്ന് ആരും പുറത്തുപറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ചരിത്രമെഴുതിയവര്‍ അവരവരുടെ തരാതരം പോലെ ഊഹിച്ചെഴുതി. ചില സജാതിയ ചരിത്രകാരന്മാര്‍ ഊഹിച്ചതിലും കുറേക്കൂടി മുന്നോട്ടു പോയി. അവരെഴുതിയത് ശ്രീനാരായണഗുരുവിന്റെ ഉപദേശപ്രകാരമാണ് അയ്യന്‍കാളി സാധുജന പരിപാലന സംഘംഉണ്ടാക്കിയതെന്നാണ്. സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തില്‍ ശ്രീനാരായണ ഗുരുവിന് യാതൊരു പങ്കുമുണ്ടായിരുന്നില്ല. 1904-ല്‍ അരുവിപ്പുറത്തുവച്ചാണ് മഹാകവി കുമാരനാശാനും, ശ്രീനാരായണഗുരുവും ചേര്‍ന്ന് ശ്രീനാരായണപരിപാലന യോഗം (എസ്.എന്‍.ഡി.പി) ഉണ്ടാക്കിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂറിലൊട്ടാകെ നടക്കുന്നതിനിടയിലാണ് ഒരു സമുദായ സംഘടനയുടെ അനിവാര്യതയെക്കുറിച്ച് അയ്യന്‍കാളി ആലോചിച്ചത്. ഈ കാര്യം തന്റെ അനുചര സംഘത്തില്‍പ്പെട്ട തോമസ് വാദ്ധ്യാര്‍, തൈവിളാകത്തു കാളി, ഹരീസ് വാദ്ധ്യാര്‍ എന്നിവരോടൊപ്പം ആലോചിക്കുകയും ചെയ്തിരുന്നു. അങ്ങിനെ നീണ്ടുനിന്ന ആലോചനക്കിടയില്‍ അവശത അനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി 1907-ല്‍ 'സാധുജനപരിപാലനസംഘം' രൂപീകരിച്ചു. പക്ഷെ സാധുജനപരിപാലന സംഘത്തിന്റെ പിതൃത്വം പോലും അയിത്ത ജാതിക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അയിത്ത ജാതിക്കാരുടെ മേല്‍വച്ചു കെട്ടുന്നതില്‍ തല്പരരായിരുന്നു സജാതിയ ചരിത്രകാരന്മാര്‍. സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തില്‍ അയ്യന്‍കാളിക്ക് മറ്റാരുടേയെങ്കിലും ഉപദേശമോ ഒത്താശയോ ഉണ്ടായിരുന്നില്ലെന്ന് ആ കാലത്തെ നേതാക്കന്മാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നത് അതിന് തെളിവാണ്.


വെങ്ങാനൂര്‍ ആസ്ഥാനമായിട്ടാണ് സാധുജനപരിപാലന സംഘത്തിന് രൂപം നല്‍കിയത്. സംഘമുണ്ടാക്കുന്നതിന് അയ്യന്‍കാളിക്ക് സഹായകരമായി പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന തോമസ് വാദ്ധ്യാരും ഹാരീസ് വാദ്ധ്യാരുമാണ്. സംഘത്തിന് 24 നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് അയ്യന്‍കാളിയുടെ നിര്‍ദ്ദേശപ്രകാരം ഗോവിന്ദന്‍ ജഡ്ജിയായിരുന്നു. സംഘടനയുടെ ആസ്ഥാനം വെങ്ങാനൂരും ജനറല്‍ സെക്രട്ടറി അയ്യന്‍കാളിയുമായിരുന്നു. സംഘത്തിന്റെ ശാഖകള്‍ നാടിന്റെ നാനാഭാഗത്തും രൂപീകരിച്ചു. സാധുജന പരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ഞായറാഴ്ച ദിവസവും വെങ്ങാനൂരില്‍ വച്ച് യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിന് ധാരാളം സ്ത്രീകളും കുട്ടികളും, പുരുഷന്മാരും ഉത്സാഹപൂര്‍വ്വം പങ്കെടുത്തിരുന്നു. യോഗത്തില്‍ ജനറല്‍സെക്രട്ടറി അയ്യന്‍കാളി സന്നിഹിതനായിരുന്നു. യോഗതീരുമാനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമേ ജോലി ചെയ്യാന്‍ പാടുള്ളൂ. ഞായറാഴ്ച അവധി ദിവസമായി ആചരിക്കണം എന്നിവയായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനഫലമായി അയിത്ത ജാതിക്കാര്‍ എല്ലാദിവസവും ജോലി ചെയ്യണമെന്ന വ്യവസ്ഥ മാറി. ഞായറാഴ്ച ഒഴിവുദിവസമാക്കി. ഞായറാഴ്ച യോഗത്തില്‍ എല്ലാവരും പങ്കെടുക്കുകയും അവരവരുടെ പരാതികള്‍, പരാധീനതകള്‍ സംഘം മുന്‍പാകെ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ സംഘം മുഖേന നേടുകയും വേണമെന്ന് അയ്യന്‍കാളി യോഗങ്ങളില്‍ അഭ്യര്‍ത്ഥിച്ചു പോന്നിരുന്നു. തക്കതായ കാരണങ്ങളില്ലാതെ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കാതിരിക്കരുത്. ആവശ്യങ്ങളില്ലാതെ പങ്കെടുക്കാതിരുന്നാല്‍ അംഗങ്ങളില്‍ നിന്നും പിഴ ഈടാക്കാന്‍ സംഘത്തിന്റെ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഓരോ മാസവും പുരുഷന്മാര്‍ അരചക്രവും, സ്ത്രീകള്‍ കാല്‍ചക്രവും വരിസംഖ്യയായി സംഘത്തില്‍ അടയ്ക്കണം. ഇങ്ങനെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് മൂന്നു വര്‍ഷം സ്വരൂപിച്ച കാശുകൊണ്ടായിരുന്നു വെങ്ങാനൂര്‍ പുതുവല്‍വിളാകം സ്‌കൂളിന് തൊട്ടുള്ള സ്ഥലം അയ്യന്‍കാളി സാധുജനപരിപാലനസംഘത്തിന്റെ പേരില്‍ വാങ്ങിയതും സംഘത്തിന്റെ ആഫീസ് കെട്ടിടം പണികഴിപ്പിച്ചതും.

അല്പകാലം കൊണ്ടുതന്നെ തിരുവിതാംകൂറിലൂടെ നീളം ആയിരത്തോളം ശാഖകള്‍ സാധുപരിപാലനസംഘത്തിനുണ്ടായി. ഓരോ ശാഖയും പ്രവര്‍ത്തിച്ചിരുന്നത് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ കമ്മറ്റിയാണ്. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യവും സോഷ്യലിസവും കേരളത്തില്‍ കടന്നുവരു ന്നതിനു മുന്‍പു തന്നെ അയ്യന്‍കാളിയെന്ന നിരക്ഷരന്‍ ആദ്യ ജനാധിപത്യ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇന്നത്തെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍ അന്തം വിട്ടുപോകും. കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ ആചാര്യനായി അയ്യന്‍കാളിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മാനേജര്‍, കണക്കന്‍ (സെക്രട്ടറി), ഖജാന്‍ജി എന്നിവരാണ് ഓരോ ശാഖയേയും നിയന്ത്രിക്കുന്നവര്‍. സാധുജനപരിപാലനസംഘത്തിന്റെ നെടുംതൂണുകളാണ് ശാഖാമാനേജര്‍മാര്‍. അയ്യന്‍കാളിയുടെ സംഭവബഹുലമായ ജീവിത വിജയത്തിനു പിന്നിലും ഈ മാനേജര്‍മാരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഇവര്‍ അയ്യന്‍കാളിയുടെ സേനാനികളുമായിരുന്നു. സംഘത്തിന്റെ യോഗങ്ങളിലൂടെ അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്തി പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അല്ലാത്തവ ഗവണ്‍മെന്റിന്റെ സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുവാന്‍ നിവേദനങ്ങളായി അയയ്ക്കുവാനും സംഘം ശ്രദ്ധിച്ചിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം കല്പിച്ചിരുന്നത്.

1912-ല്‍ അയ്യന്‍കാളി തിരുവല്ലക്കാരന്‍ വെള്ളിക്കര ചോതിയുമായി ചേര്‍ന്ന് സാധുജന പരിപാലനസംഘത്തിന്റെ പ്രവര്‍ത്തനം മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്തേയ്ക്കും വ്യാപിപ്പിക്കുകയുണ്ടായി. ഇതോടെ സാധുജനപരിപാലനസംഘത്തെ മൂന്ന് ഡിവിഷനുകളായി തിരിച്ചു. തിരുവനന്തപുരം,കൊല്ലം,കോട്ടയം എന്നിവയായിരുന്നു മൂന്നു ഡിവിഷനുകള്‍. കോട്ടയം ഡിവിഷനില്‍ ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ 54 ഓളം ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കാലത്ത് അയ്യന്‍കാളി സംഘത്തിന്റെ പ്രസിഡന്റും തോമസ് വാധ്യാര്‍ കണക്കനുമായിരുന്നു. സമുദായത്തില്‍ കണക്കന് വിപുലമായ അധികാര ങ്ങളാണ് നല്‍കിയിരുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായതോടെ സാധുജനപരിപാലന സംഘത്തിന്റെ ഭാഗമായി ഒരു ഉന്നതാധികാര സമുദായ കോടതി കൂടി പ്രവര്‍ത്തനം തുടങ്ങി.

ആ കാലത്ത് അയിത്ത ജാതിക്കാരുടെ കേസുകള്‍ കോടതി കെട്ടിടങ്ങളില്‍ അല്ല നടന്നിരുന്നത്. അയിത്തം തുടങ്ങിയ അനാചാരങ്ങളാല്‍ കോടതി മുറികള്‍ അശുദ്ധമാകുമെന്നതിനാല്‍ കോടതി വളപ്പുകളിലെ മരത്തണലുകളിലായിട്ടാണ് അയിത്ത ജാതിക്കാരന്റെ കേസുകള്‍ നടന്നിരുന്നത്.ഇതില്‍ നിന്നുള്ള ഒരു തിരിച്ചറിവും മോചനവുമായിരുന്നു അയ്യന്‍കാളി നടപ്പിലാക്കിയ സമുദായ കോടതി. കോടതിയുടെ ആസ്ഥാനം വെങ്ങാനൂര്‍ സാധുജനപരിപാലന സംഘം ആഫീസിനോടൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരിന്റെ നീതിന്യായ കോടതികളിലെപ്പോലെ തന്നെ ചിട്ടവട്ടങ്ങള്‍ സമുദായ കോടതിയിലുമുണ്ടായിരുന്നു. മുഖ്യ ജഡ്ജി അയ്യന്‍കാളി തന്നെ. ജഡ്ജിയെ കൂടാതെ വക്കീലന്മാരും ഗുമസ്തന്മാരും, റൈട്ടറും, വാറണ്ടു ശിപായിയും എല്ലാം അടങ്ങുന്ന ഒന്നായിരുന്നു സമുദായകോടതി. അതുകൊണ്ടുതന്നെ രാജ്യമെങ്ങും സമുദായകോടതി അറിയപ്പെട്ടിരുന്നതും സാധുജനപരിപാലന സംഘത്തിന്റെ കീഴില്‍ അതിന്റെ നീതിനിര്‍വഹണ വിഭാഗമായിട്ടാണ് കോടതി പ്രവര്‍ത്തിച്ചിരുന്നത്. ആ കാലത്ത് രൂപമെടുത്ത ഒരു സമുദായസംഘടനയ്ക്കും ഇത്തരമൊരു കോടതിയി ല്ലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു സമുദായ സംഘടനയുടെ കീഴില്‍ അതിന്റെ സമുദായ കോടതി പ്രവര്‍ത്തിക്കുന്നത്. ഈ കാര്യത്തില്‍ അക്ഷരാഭ്യാ സമില്ലാത്ത അയ്യന്‍കാളി അഗ്രഗണ്യന്‍ തന്നെയാണ്.

സമുദായ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് സമുദായ കോടതിയില്‍ ഹാജരാക്കുവാന്‍ വാറണ്ടധികാരമുള്ള വക്കീലന്മാരും ഇവിടെ ഉണ്ട്. കോടതിയുടെ എഴുത്തുകുത്തുകള്‍ നടത്തുന്നതിനായി ഒരു സഹോദരനായ കേശവനെ അയ്യന്‍കാളി നിയോഗിച്ചു. ഇയാള്‍ പിന്നീട് കേശവന്‍ റൈട്ടര്‍ എന്ന പേരിലാണ് അറിയപ്പെട്ടി രുന്നത്. കേശവന്‍ റൈട്ടറെ കൂടാതെ കുഞ്ഞുകൃഷ്ണന്‍ വക്കീല്‍, ചിന്നന്‍ ശിപായി എന്നിവര്‍ ഈ സമുദായ കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ഈ സമുദായ കോടതി നടപ്പാക്കിയിരുന്ന ശിക്ഷകള്‍ ഇപ്രകാരമാണ്: സമുദായത്തില്‍ നിന്നും പുറം തള്ളുക. ചിരട്ടമാല അണിയിച്ച് കൊട്ടും കുരവയുമായി അയ്യന്‍കാളി പള്ളിക്കൂടത്തിനു ചുറ്റിലും പല ആവര്‍ത്തി നടത്തിക്കുക. ഭാര്യയും ഭര്‍ത്താവും കുടുംബകലഹമുണ്ടായാല്‍ ഭാര്യയെ ഭര്‍ത്താവ് സ്‌കൂളിനു ചുറ്റിലും തലയില്‍ ചുമന്നു നടത്തുക. ചില ശിക്ഷകള്‍ വെയിലത്ത് കുറെ സമയം കുനിച്ചു നിറുത്തുക എന്നിവയായിരുന്നു. അതുകൊണ്ടുതന്നെ തെറ്റുകള്‍ ചെയ്യുവാനോ ആവര്‍ത്തിക്കാനോ അയിത്ത ജാതിക്കാര്‍ അറച്ചിരുന്നു. ഈ കോടതിപ്രവര്‍ത്തനത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പോലും അയ്യന്‍കാളിയെ വിലമതിച്ചിരുന്നു.

ചിന്നന്‍ ശിപായിയും അയ്യന്‍കാളിയും തമ്മില്‍ ആ കാലത്തുണ്ടായിരുന്ന സൗഹൃദ ത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടുണ്ട്. 'വിളപ്പില്‍ ശാല കടയറവിളാകം വീട്ടിലായിരുന്നു ചിന്നന്‍ ജനിച്ചു വളര്‍ന്നത്. ഇന്നതിന്റെ പേര് 'സുരേഷ്ഭവന്‍' എന്നാണ്. ചിന്നന്‍ സമുദായ കോടതിയുടെ മാത്രം ശിപായി ആയിരുന്നില്ല. അയ്യന്‍കാളിയുടെ തന്നെ ശിപായിയും അനുചര സംഘത്തിലെ പ്രമുഖനുമായിരുന്നു. ചിന്നന്‍ ശിപായിയുടെ വിളപ്പില്‍ശാല കടയറ വീട്ടില്‍ അയ്യന്‍കാളി പലപ്രാവശ്യം വില്ലുവണ്ടിയില്‍ വരുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നതായി ചിന്നന്റെ 75 കാരനായ മകന്‍ മാധവനുമായി 2009 ജനുവരി 26ന് കുന്നുകുഴി മണിയും ആര്‍ട്ടിസ്റ്റ് വിജയനും തമ്മില്‍ നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചിന്നന്‍ ശിപായി ഒരിക്കല്‍ 'കാരോട് തെക്കത്' എന്ന ക്ഷേത്രത്തിനു മുന്നില്‍ കൂടി നടന്നതിന് തെക്കത് തീണ്ടിയെന്നു പറഞ്ഞ് സവര്‍ണര്‍ ചിന്നനെ തെങ്ങില്‍ പിടിച്ചു കെട്ടിയിട്ടു. വിവരം അറിഞ്ഞ അയ്യന്‍കാളി വില്ലുവണ്ടിയില്‍ പാഞ്ഞെത്തുകയും ഒറ്റയ്ക്ക് ചിന്നനെ അഴിച്ചുവിടുകയും ചെയ്തു. ഒരു സവര്‍ണനും എതിര്‍ക്കാന്‍ ചെന്നില്ല. 'എന്റെ ജനങ്ങളും മനുഷ്യരാണെന്ന് കരുതണം. മൃഗങ്ങളെപ്പോലെ പെരുമാറിയത് ശരിയല്ല. ഞാനിയാളെ മോചിപ്പിക്കുന്നു' വെന്ന് അവിടെ കൂടിയ സവര്‍ണരോട് പറഞ്ഞു കൊണ്ടായിരുന്നു ചിന്നനെ അയ്യന്‍കാളി മോചിപ്പിച്ചതെന്ന് ചിന്നന്‍ ശിപായി പലപ്പോഴും പറഞ്ഞിരുന്നതായി മകന്‍ മാധവന്‍ ഓര്‍ത്തെടുത്തു പറഞ്ഞു. 1

എല്ലാ ഞായറാഴ്ചകളിലും വെങ്ങാനൂരിലെ സമുദായ മന്ദിരത്തില്‍ വച്ച് അയ്യന്‍കാളിയുടെ അദ്ധ്യക്ഷതയിലാണ് സാധുജനപരിപാലന സംഘത്തിന്റെ യോഗങ്ങള്‍ ചേര്‍ന്നിരു ന്നത്. അതാത് ശാഖകളിലും ഞായറാഴ്ച തന്നെ മാനേജര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ഈ യോഗങ്ങളില്‍ അയ്യന്‍കാളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില ഈശ്വര ഗാനങ്ങള്‍ പാടാറുണ്ട്. വളരെ വര്‍ഷം എന്നുപറയുമ്പോള്‍ ഒരു നൂറ്റാണ്ടു പഴക്കമുള്ള ആ ഈശ്വരഗാനങ്ങള്‍ ആ കാലത്ത് ആലപിച്ചിരുന്നത് സഭാ മാനേജരന്മാരായ ഗോപാലനും, കിട്ടിമേസ്ത്രിയുമായിരുന്നു. അവര്‍ പാടുന്ന മൂന്ന് ഈശ്വര ഗാനങ്ങള്‍:

ആനന്ദ ചിന്മയനേ, ഭാസുരാമൂര്‍ത്തേ
ആനന്ദ ചിന്മയനേ-
ഓമല്‍ പാദപങ്കജം-വന്ദേ ശ്രീരാമകൃഷ്ണാ
ആനന്ദചിന്മയനേ-
മാതാവും പിതാവും നീ, ബന്ധുമിത്രവും നീയേ
യേശുദേവനും നീതാനത്ഭുതം നിന്‍ ചരിതം
ആനന്ദ ചിന്മയനേ-
സംസാര സാഗര താരകമായ ഭൂമിയില്‍
ലോകമാകവേ ശാന്തി ചേര്‍ന്നു ക്ഷേമ മാര്‍ന്നീടാന്‍
ആനന്ദ ചിന്മയനേ-
* * *
ശരണം ശരണം സര്‍വ്വേരാ
ശരണം നീയല്ലാതാരുള്ളൂ.
കരുണമനസ്സിലുദിച്ചെന്നെ
കാത്തീടേണം സര്‍വ്വേശാ-
സുകൃത ഭാഷയാര്‍ന്നീടാന്‍
രക്ഷകനെ സ്തുതി ചെയ്യുന്നേന്‍
ഈരേഴുലകിനു ഗുരുവാകും
നിഷ്‌കളങ്കമായതും നീയല്ലോ-

കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍
സാധുക്കള്‍ തന്‍ കഷ്ടതകളെല്ലാം
എങ്ങോട്ടു പോയീടേണ്ടു
ദൈവമേ എന്നു കരഞ്ഞീടുന്നു-
വീടുകളൊന്നുമില്ല നാടുമില്ല
കാടുകള്‍ തന്നെയുള്ളു.
കാട്ടില്‍ കിടന്നിടേണം
ദിനംപ്രതി കാടു തെളിച്ചിടേണം-

കാട്ടു വൃക്ഷങ്ങളെല്ലാം നട്ടു
കാഫലമായിടുമ്പോള്‍
പണമുള്ളോര്‍ കൈവശമാക്കീടുന്നു;
ദൈവമേ ഞാനൊന്നു കരഞ്ഞീടുന്നു
കുടകള്‍ പിടിച്ചു കൂടാ
കടകളിലെങ്ങും കടന്നു കൂടാ
അദ്ധ്വാനശീലമുള്ള സാധുജനം
അദ്ധ്വാനപ്പെട്ടതെല്ലാം!
* * *
ദൈവമേ കടാക്ഷിക്കേണം
സാധുജനസംഘത്തെ നീ
ദീര്‍ഘമായി പാലിക്കേണം
പാരിടത്തില്‍ നിത്യകാലം-

വിദ്യാജ്ഞാനം ബുദ്ധിശക്തി
ഒന്നുമില്ലാതീ സംഘത്തെ
വീഴ്ചകൂടാതെ നടത്തി
പാലിച്ചീടണമേ-

ഈ രാജ്യത്തു ഞങ്ങള്‍ക്കു നീ
നേതാവായി തന്നിട്ടുള്ള
ജനറല്‍ സെക്രട്ടറിയായ
ദാസനെ നീ കാത്തുകൊള്‍ക....
വഞ്ചിരാജ്യത്തെങ്ങുമുള്ള
സാധുക്കളെ രക്ഷിപ്പാനായ്
അന്നദാതാവായീടുന്ന
തമ്പുരാനേ കാത്തു കൊള്‍ക! 2

ഈ ഈശ്വര ഗാനങ്ങളില്‍ ആ കാലത്തെ സാമുദായിക വ്യവസ്ഥയും സാധുജനങ്ങളുടെ ജീവിത നിലവാരവും മറ്റും പ്രതിപാദിക്കുന്നുണ്ട്. മതേതര സങ്കല്പവും വീരാചിതമാണ്. ശ്രീരാമനും കൃഷ്ണനും യേശുദേവനും മറ്റും പ്രകീര്‍ത്തിക്കുന്നുണ്ട്. അവസാന ഗാനത്തില്‍ ജനറല്‍ സെക്രട്ടറിയായ അയ്യന്‍കാളിയെന്ന ദാസനെ കാത്തു കൊള്ളാനും അപേക്ഷി ക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ ഈശ്വരഗാനങ്ങള്‍ എന്നതും ഏറെ പ്രത്യേകതയാണ്. സംഘത്തിന്റെ യോഗങ്ങളില്‍ ഇതര സമുദായ നേതാക്ക ന്മാരായ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, മന്നത്തുപത്മനാഭന്‍, സച്ചിതാനന്ദ സ്വാമികള്‍ എന്നിവരെ ക്ഷണിച്ചു കൊണ്ടുവന്ന് പ്രസംഗിച്ച് അയിത്തജാതിക്കാരെ ഉല്‍ബുദ്ധരാക്കാന്‍ അയ്യന്‍കാളി അക്ഷീണം ശ്രദ്ധിച്ചിരുന്നുവെന്ന വസ്തുതയും വിസ്മരിക്കത്തക്കതല്ല. ഒരുപക്ഷെ പുലയര്‍ തുടങ്ങിയ അയിത്ത ജാതിവിഭാഗക്കാരുടെ നവോത്ഥാന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതും സാധുജന പരിപാലനസംഘം വഴിക്കായിരുന്നുവെന്നു കാണാം.

സാധുജന പരിപാലന സംഘത്തിന്റെ വാര്‍ഷിക യോഗങ്ങള്‍ വളരെ ആഡംബര പൂര്‍വ്വം വി.ജെ.റ്റി ഹാളില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. വി.ജെ.റ്റി ഹാള്‍ ശ്രീമൂലം തിരുനാള്‍ പ്രജാസഭയായി പ്രവര്‍ത്തിച്ചപ്പോഴും വാര്‍ഷിക യോഗങ്ങള്‍ ഇവിടെവച്ചുതന്നെ നടത്തിപ്പോന്നിരുന്നു. ഇതിനെ 'ജൂബിലി ഹാള്‍കൂട്ടം' എന്നാണ് അറിയപ്പെടുന്നത്. നാട്ടിന്റെ നാനാഭാഗത്തുനിന്നുള്ള ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ വാദ്യാഘോഷങ്ങളോടെയാണ് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. അതാത് കാലത്തെ തിരുവിതാംകൂര്‍ ദിവാന്‍മാരായിരുന്നു സാധുജനപരിപാലനസംഘത്തിന്റെ വാര്‍ഷികാഘോഷങ്ങളില്‍ അദ്ധ്യക്ഷം വഹിച്ചിരുന്നത്. ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് അദ്ധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു. പുലയര്‍ തുടങ്ങിയ അയിത്ത ജാതിക്കാരുടെ അവശതകള്‍ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ മുന്നില്‍ ബോദ്ധ്യപ്പെടുത്തി അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് വര്‍ഷം തോറുമുള്ള വാര്‍ഷികാഘോഷങ്ങള്‍.

1930-ല്‍ വി.ജെ.റ്റി ഹാളില്‍ കൂടിയ 23-ാമത് സാധുജന പരിപാലന സംഘത്തിന്റെ വാര്‍ഷിക യോഗത്തില്‍ അന്നത്തെ ദിവാനായിരുന്ന വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗത പ്രസംഗകനും, സംഘം ജനറല്‍ സെക്രട്ടറിയുമായ അയ്യന്‍കാളി ചെയ്ത സ്വാഗത പ്രസംഗത്തില്‍ നിന്നും:

'എനിക്ക് എഴുത്തറിഞ്ഞുകൂടാ. സ്വാഗതം എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാ. എന്നെ ബുദ്ധിമുട്ടിക്കാനാണ് സ്വാഗതം പറയാന്‍ ചുമതലപ്പെടുത്തിയത്. ഞാന്‍ എന്റെ ആളുകള്‍ക്കുവേണ്ടി അനുഭവിച്ചതില്‍ കൂടുതല്‍ വിഷമം ഇക്കാര്യത്തിലില്ല. സ്വാഗതം പറയുന്നതിനുമുന്‍പ് ഒരു കാര്യം ദിവാന്‍ജിയേയുംപ്രസംഗിക്കാന്‍ വന്ന വലിയ ഉദ്യോഗസ്ഥന്മാരേയുംഅറിയിച്ചുകൊള്ളട്ടെ. ഈ കെട്ടിടത്തില്‍ നിറയെ ഇരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും വന്നിരിക്കുന്നത് ദിവാന്‍ജിയെ കാണാനാണ്, കൂടാതെ നല്ല ആളുകളേയും. എന്റെ ജാതിക്കാരുടെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഞങ്ങളോട് സ്‌നേഹമുള്ളവരാണ്. ഒരു ചെലവില്‍ രണ്ടുകാര്യം നിറവേറ്റാനാണ് എന്റെ ആളുകള്‍ നോക്കുന്നത്. അതായത് മീറ്റിംഗില്‍ പങ്കുകൊള്ളുക; ദിവാനെ കാണുക. പ്രസംഗിക്കാനുള്ളവരും ദിവാന്‍ജിയും ഒരുമിച്ച് ഇരിക്കുന്നതു കൊണ്ട് ആരാണ് ദിവാന്‍ജി എന്നറിയാന്‍ പാടില്ലാത്തവരാണ് എന്റെ ആളുകള്‍. നടുക്കിരിക്കുന്ന ആളാണെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കാം. ഇനി സ്വാഗതംപറയുന്നത് ദിവാന്‍ജിക്കാണ്, പണ്ട് സാക്ഷാല്‍ സുബ്രഹ്മണ്യ ജാതിഭേദമില്ലാതെ കുറത്തിയെ കല്യാണം കഴിച്ചു. അതുപോലെ നമുക്ക് ജാതിവ്യ ത്യാസം ഇല്ലാതെയും വലിയ ഭയം കൂടാതെയും പള്ളിക്കൂടങ്ങളിലും, കടകമ്പോളങ്ങളിലും പോകാം. നമ്മുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനോടു പറയാം എന്ന നില വരുത്തിയിട്ടുണ്ട്. നമ്മുടെ തീണ്ടല്‍ നിറുത്തിയത് വലിയ ജാതിയില്‍പ്പെട്ട ഇദ്ദേഹമാണ്. അതുകൊണ്ട് ഇന്നത്തെ ദിവാന്‍ജി സുബ്രഹ്മണ്യ അയ്യര്‍-അല്ല സാക്ഷാല്‍ സുബ്രഹ്മണ്യന്‍തന്നെ എന്നാണ് ഞാന്‍കരു തുന്നത്. എന്റെ ജനങ്ങളും അങ്ങനെ കരുതണം'. 3

സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തിയിലൂന്നി അയ്യന്‍കാളി നിരവധി കര്‍മ്മ പദ്ധതികള്‍ക്കു തുടക്കമിട്ടു. അവയില്‍ ഏറ്റവും പ്രധാനം തനിക്കു ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ ജനതയ്ക്ക് ലഭിക്കണമെന്നതായിരുന്നു. അതിനു വേണ്ടി സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തുവാന്‍ അയ്യന്‍കാളി തയ്യാറായി. വിദ്യകൊണ്ടല്ലാതെ അയിത്ത ജാതികള്‍ക്കുയരുവാന്‍ മറ്റൊരു മാര്‍ഗ്ഗവും അയ്യന്‍കാളി മുന്നില്‍ കണ്ടില്ല. അയ്യന്‍കാളിയുടെ ജീവിതത്തില്‍ ഏറെയും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത യുദ്ധമാണ് അദ്ദേഹം നടത്തിയത്. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചിട്ടും കര്‍ഷകത്തൊ ഴിലാളി പ്രക്ഷോഭം നയിച്ചിട്ടും വിദ്യാലയ പ്രവേശനം സാദ്ധ്യമാകാത്തതില്‍ അയ്യന്‍കാളി ഏറെ ദുഃഖിതനായിരുന്നു. ഇതിനൊരു പരിഹാരം കണ്ടേ അടങ്ങുവെന്ന തീവ്ര ശ്രമത്തിലായി അയ്യന്‍കാളി.

സഹായകഗ്രന്ഥങ്ങള്‍:
1. ചിന്നന്‍ ശിപായിയുടെ വിളപ്പില്‍ശാല കടയറവിളാകം വീട്ടില്‍വച്ച് 2009 ജനുവരി 26ന് കുന്നുകുഴിമണിയും ആര്‍ട്ടിസ്റ്റ് വിജയനും മകന്‍ മാധവനു (75) മായി നടത്തിയ അഭിമുഖത്തില്‍ നിന്നും.
2. സാധുജനപരിപാലന സംഘത്തിന്റെ 3 ഈശ്വരഗാനങ്ങള്‍. ലഭിച്ചത് സംഘത്തിന്റെ ഫയലുകളില്‍ നിന്നും.
3. അയ്യന്‍കാളി സ്മാരക ഗ്രന്ഥം വെങ്ങാനൂര്‍ സുരേന്ദ്രന്‍-1974.