"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വിടപറയല്‍ കവിത - മനോജ് ബ്ലിസ്ഇവിടെ ജനിച്ചവരാരും തന്നെ ജീവനോടെ പുറത്തു കടക്കാറില്ല! പക്ഷെ, ജീവിച്ചിരിക്കുന്നവരില്‍ ആര്‍ക്കുംതന്നെ ഈ കാര്യം അറിയില്ല എന്നു തോന്നും അവര്‍ കാട്ടിക്കൂട്ടിയ വലിയ സാഹസങ്ങള്‍ കണ്ടാല്‍... വമ്പന്‍ പദ്ധതികള്‍, വമ്പന്‍ റാലികള്‍, വമ്പന്‍ ആശയങ്ങള്‍... എല്ലാം കൊണ്ടും ഒരു മെഗാ ഷോയുടെ പ്രതീതി. ഇതെല്ലാം കാട്ടിക്കൂട്ടുന്നതോ - അനശ്വരത - എന്ന മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യത്തിനു വേണ്ടി. താന്‍ മരിച്ചാലും തന്റെ പേര്, കുടുംബമഹിമ തുടങ്ങിയവ നിലനിര്‍ത്തുക - അത് എന്തുവിലകൊടുത്തും. ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നവരായതു കൊണ്ടാകാം ഇത്രവലിയ തുകയും സന്നാഹങ്ങളുമായി യുദ്ധങ്ങള്‍ക്ക് ഒരുമ്പെടുന്നത്.

ഫ്രഞ്ച് ചലച്ചിത്രകാരനായ ഗോദാര്‍ദിന്റെ സിനിമയില്‍ എഴുത്തുകാരനായ ഒരാളോട് അയാളുടെ ജീവിതാഭിലാഷത്തെ ക്കുറിച്ച് ചോദിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഉത്തരം 'ആദ്യം അനശ്വരനാകുക, എന്നിട്ട് മരിക്കുക' എന്നതാണ്.

മരണം തൊട്ടു മുമ്പില്‍ വന്നുകഴിയുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രതീക്ഷകളും, ആശങ്കകളും എല്ലാം തന്നെ സാംഗത്യമില്ലാത്തതാ യിരുന്നുവെന്നാണ് നമുക്ക് ബോധ്യം വരിക. നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അയാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ആ 'യാഥാര്‍ത്ഥ്യങ്ങളെ'യെല്ലാം തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നും നാം ആ നിമിഷം തിരിച്ചറിയുന്നു. ബുദ്ധന്റെ പ്രശസ്തമായ ഒരു ഉപമയുണ്ട്.

ഒരു മനുഷ്യന്‍ വനത്തിലൂടെ യാത്രചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കടുവ അയാളുടെ നേര്‍ക്ക് ചാടിവീണു. അയാള്‍ ഓടി; കടുവ പിന്നാലേയും.

ഓട്ടത്തില്‍ അയാള്‍ അഗാധമായ ഒരു കിടങ്ങിലേക്ക് പതിച്ചു. പക്ഷെ കിടങ്ങിലേക്ക് ചാഞ്ഞ് വളര്‍ന്ന് നിന്നിരുന്ന വള്ളികളിലൊന്നില്‍ പിടികിട്ടിയതിനാല്‍ അയാള്‍ താഴെ വീണില്ല.

മുകളിലേക്കു നോക്കിയപ്പോള്‍ കടുവ ആക്രമണ സന്നദ്ധനായി അലറുന്നതാണ് കണ്ടത്. പേടിച്ചരണ്ട് താഴേക്കു നോക്കിയപ്പോള്‍ മറ്റൊരു കടുവ, അയാളെ വിഴുങ്ങുവാന്‍ പാകത്തില്‍ കിടങ്ങിനടിയില്‍ നില്ക്കുന്നതു കണ്ടു! വള്ളികളിലെ പിടിത്തം മാത്രമായിരുന്നു അയാളുടെ ഏക അവലംബം. ആ നിമിഷം രണ്ട് എലികള്‍ (ഒന്ന് കറുപ്പും ഒന്ന് വെളുപ്പും) അയാള്‍ പിടിച്ചു തൂങ്ങിയിരുന്ന വള്ളി കുറേശ്ശെയായി കരളുവാന്‍ തുടങ്ങി. വള്ളിപൊട്ടി അയാള്‍ താഴെ വീഴുമെന്ന നിലയിലായി.

അപ്പോഴാണ് ആ വള്ളിയില്‍ അത്യന്തം ആസ്വാദ്യകരമായ പഴങ്ങള്‍ ഉണ്ടെന്ന കാര്യം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.

അയാള്‍ ഒരു കൈകൊണ്ട് വള്ളിയില്‍ തൂങ്ങിനിന്ന് മറ്റേ കൈകൊണ്ട് ഒരു പഴം പറിച്ചെടുത്ത് വായിലേക്കിട്ടു.

'ഹാ! എന്ത് സ്വാദ്!'

ബോധോദയം പ്രാപിച്ചവനെ സംബന്ധിച്ച് ജീവിതം എന്നത് ക്ഷണനേരം മാത്രം നിലനില്ക്കുന്ന ഒരു മിന്നല്‍ പിണര്‍ പോലെയാണ്. അജ്ഞാനി പകച്ചു നില്ക്കുന്നു. ജ്ഞാനി ആ നിമിഷനേരത്തെ വെളിച്ചംകൊണ്ട് തന്റെ പാത തിരിച്ചറിയുന്നു.

ജീവിക്കുന്നതിനുവേണ്ടി നമ്മള്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. എന്നാല്‍ മരണത്തിനോ? നമ്മള്‍ അതേക്കുറിച്ച് ആലോചിക്കാറേയില്ല. അത് മറ്റാര്‍ക്കോ, എവിടെയോ സംഭവിക്കുന്നതായാണ് നമ്മുടെ സങ്കല്പം. ഈയിടെ നിര്യാതനായ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മരണത്തെക്കുറിച്ച് ഒരല്പം ചിന്തിച്ചാല്‍ മതി കാര്യങ്ങള്‍ മനസിലാക്കാം. പണം, പ്രശസ്തി, പദവി എന്നിവക്ക് യാതൊരു കുറവുമില്ലാത്ത ആ മനുഷ്യന്‍ പക്ഷെ മരണസമയത്ത്, ആഴ്ചകളോളം നരകത്തില്‍ കഴിയുന്നു; ഭയന്ന് അലറി മരിക്കുന്നു. സ്വയം തിരിച്ചറിയാത്ത വന്റെ മരണം ഇതുപോലെ തന്നെ. മരണം അടുക്കുമ്പോള്‍ അയാള്‍ക്ക് ജീവിക്കാനുള്ള ആവേശം കൂടുന്നു. ജീവിച്ചിരിക്കു മ്പോള്‍ രണ്ടു കണ്ണുകളും അടച്ച് മരണതുല്യമായ ജീവിതം നയിക്കുന്നു.

ജീവിതവും മരണവും രണ്ടു വ്യത്യസ്ത ധ്രുവങ്ങളായി അനുഭവപ്പെടുന്നവര്‍ക്ക് രണ്ടും ഭാരമായി തോന്നാം. ജീവിതത്തി  ന്റെ പരമമായ ലക്ഷ്യം തന്നെ ജനന മരണ ചക്രത്തില്‍ നിന്നും മുക്തി നേടുക എന്നതാണ്. ഇത് ജീവിച്ചിരിക്കുമ്പോള്‍ ത്തന്നെ സാധ്യവുമാണ്. ഗോദാര്‍ദിന്റെ എഴുത്തുകാരന്‍ തന്റെ ജീവിതലക്ഷ്യം - ആദ്യം അനശ്വരനാകുക; എന്നിട്ട് മരിക്കുക - എന്നു പറഞ്ഞുവല്ലോ. ഒരു ആത്മജ്ഞാനി നേരേമറിച്ച് - ആദ്യം മരിക്കുകയും, പിന്നെ നിത്യജീവിതം പ്രാപിക്കുകയും ചെയ്യുന്നു. ഇവിടെ മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അഹംബോധ ത്തിന്റെ മരണമാണ്. ക്രിസ്തുവിന്റെ മരണവും ഉില്‍ത്തെ ഴുന്നേല്പും ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അജ്ഞന് വിരോധാഭാസമായി തോന്നാം - ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരണപ്പെടുക; തുടര്‍ന്ന് നിത്യത പ്രാപിക്കുക.

സെന്‍ഗുരു ശിഷ്യന്മാരോട് ചോദിച്ചു: 'ഒരു ആത്മജ്ഞാനി മരിച്ചാല്‍ എന്താണ് അവശേഷിക്കുന്നത്?'

ശിഷ്യന്‍ പറഞ്ഞു: 'ഒന്നും അവശേഷിക്കുന്നില്ല'

'അല്ല' ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു 'അവശേഷിക്കുന്നത് സത്യം മാത്രം'

മരണസമയത്ത് ശരീരത്തേയോ മനസിനേയോ ആശ്രയിക്കുന്നത് വിഫലമാണ്. ശരീരം പഞ്ചഭൂതങ്ങളായി വേര്‍തിരിഞ്ഞ് അതാതില്‍ ലയിക്കുന്നു. മനസ് സദാ ചഞ്ചലപ്പെട്ടിരിക്കുന്നു. മരണസമയത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. അപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ത്തന്നെ ഉത്തരം കിട്ടേണ്ട ചോദ്യം ഇതാണ്: ശരീരവും മനസും ഉപേക്ഷിച്ചാല്‍ അവശേഷിക്കുന്നതെന്ത്? ഇതാണ് ജീവിതത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യം. ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു നോക്കൂ. കണ്ടെത്തിയാല്‍ നിങ്ങള്‍ ജനന മരണ ചക്രത്തില്‍ നിന്നും മോചിതനാകുന്നു. ക്രിസ്തു പറഞ്ഞ നിത്യജീവിതം നിങ്ങള്‍ക്ക് ഉള്ളംകയ്യിലെന്നതു പോലെ കരഗതമാകുന്നു.

നിങ്ങള്‍ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുകയോ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴും അഹംബോധ (Ego) ത്തില്‍ നിന്നും മോചിതനായിട്ടില്ല. ആത്മബോധത്തില്‍ ഇപ്പോള്‍, ഇവിടെ എന്ന യാഥാര്‍ത്ഥ്യം മാത്രമേയുള്ളൂ. അഹംബോധം കണക്കുകൂട്ടുന്നു, പിന്തിരിഞ്ഞു നോക്കുന്നു, അവിടെയും ഇവിടെയും ഓടിനടക്കുന്നു, പദ്ധതികള്‍, തന്നേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ കാര്യത്തിലുള്ള ശ്രദ്ധ - ഇതാണ് ഏറ്റവും വലിയ അലംഭാവം, അഥവാ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അലസത. ഇത് സ്വയം ഉള്ളിലേക്ക് നോക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. ആത്മാവ്, കര്‍മം എന്നീ രണ്ട് ഘടകങ്ങളാണ് നിലനില്പിനുള്ളത്. കര്‍മത്തെ പൂര്‍ണമായും മാറ്റിയാലേ ജ്ഞാനം ഉദിക്കൂ. കര്‍മവും അജ്ഞാനവും ഒന്നുതന്നെ. അതെന്ത് കര്‍മമായിക്കൊള്ളട്ടെ - ക്രിയാത്മകമോ വിനാശകരമോ, പാപമോ പുണ്യമോ രണ്ടും സംസാരബന്ധനങ്ങളാണ്; മൃതുവുമാണ്. സ്വന്തം സ്വരൂപസ്ഥിതി അറിയുക അതാണ് ജ്ഞാനം. ഇത് കര്‍മം കൊണ്ടുണ്ടാകുന്ന ഒന്നല്ല. എല്ലാ കര്‍മങ്ങളില്‍ നിന്നും സ്വതന്ത്രമാകുന്നതാണ് മോചനം. അല്ലാതെ മറ്റൊരാളു നല്കുന്ന സ്വാതന്ത്ര്യമോ, ഉജ്വല പ്രകടനങ്ങള്‍ നടത്തിയതുകൊണ്ടോ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുകയില്ല. അന്വേഷകന്‍ സ്വയം ഉള്ളിലേക്കു തിരിഞ്ഞ് തന്റെ സ്വരൂപത്തെ അറിയുക - ഇതാണ് സ്വാതന്ത്ര്യം. കര്‍മത്തില്‍ ഊന്നിയ വിപ്ലവങ്ങളും മോചനപദ്ധതികളുമെല്ലാം വീണ്ടും അടിമത്തത്തിലേക്ക് പോകുന്നത് ഈ അജ്ഞത നിമിത്തമാണ്.

സത്യം അറിയാതെ സ്വാതന്ത്ര്യം കൊണ്ട് എന്ത് പ്രയോജനം?

ഒരു ആത്മജാഞാനി എങ്ങനെയാണ് മരണത്തെ സമീപിക്കുന്നത് എന്ന് നോക്കാം.

ഹോഷിന്‍ എന്ന സെന്‍ഗുരു അനേക വര്‍ഷം ചൈനയില്‍ താമസിച്ചു. പിന്നീട് അദ്ദേഹം ജപ്പാനില്‍ പോവുകയും അവിടെ പഠിപ്പിക്കുകയും ചെയ്തു. വളരെയേറെ പ്രായമായപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്മാര്‍ക്ക് താന്‍ ചൈനയില്‍ വെച്ച് കേട്ട ഒരു കഥ പറഞ്ഞു കേള്‍പ്പിച്ചു. കഥയിതാണ്: ഒരു വര്‍ഷം ഡിസംബര്‍ 25 ആം തിയതി, തൊക്കുഫു എന്ന സെന്‍ഗുരു - വളരെ പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന് - തന്റെ ശിഷ്യന്മാരോട് പറഞ്ഞു 'അടുത്തവര്‍ഷം ഞാന്‍ വിടപറയുക യാണ്., അതുകൊണ്ട് ഈ വര്‍ഷം എന്നെ നല്ലപോലെ പരിചരിക്കണം.' ശിഷ്യന്മാര്‍ വിചാരിച്ചു ഗുരു തമാശ പറയുകയാണെന്ന്, പക്ഷെ ഗുരുവിനോടുള്ള സ്‌നേഹം നിമിത്തം ശിഷ്യന്മാര്‍ ഓരോരുത്തരായി അദ്ദേഹത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ സദ്യ ഒരുക്കി നല്ലപോലെ പരിചരിച്ചു. പുതുവര്‍ഷപ്പുലരിയുടെ തലേരാത്രിയില്‍ തൊക്കുഫു പറഞ്ഞു 'നിങ്ങള്‍ വേണ്ടപോലെ എല്ലാം ചെയ്തു. നാളെ ഉച്ചക്ക് മഴ അവസാനിക്കുന്നതോടുകൂടി ഞാന്‍ വിടപറയും.' ഇത് കേട്ട് ശിഷ്യന്മാര്‍ ചിരിച്ചു. അല്ലെങ്കിലും ഗുരുവിന് വയസായില്ലേ അതാണ് പിച്ചും പേയും പറയുന്നത്, പിന്നെ ആകാശമാണെങ്കില്‍ വളരെ തെളിഞ്ഞും, മഴയുടെ യാതൊരു ലക്ഷണവുമില്ല. പക്ഷെ അന്ന് അര്‍ദ്ധരാത്രി മുതല്‍ മഴപെയ്തു. പിറ്റേദിവസം ശിഷ്യന്മാര്‍ ഗുരുവിനെ അന്വേഷിച്ച് കാണാതായപ്പോള്‍ ധ്യാനമുറിയിലേക്ക് ചെന്നു. അവിടെ ഗുരു ലോകത്തോട് വിടപറഞ്ഞിരുന്നു. കഥപറഞ്ഞു നിര്‍ത്തിക്കൊണ്ട് ഹോഷിന്‍ തന്റെ ശിഷ്യന്മാരോ ടായി പറഞ്ഞു 'സെന്‍ഗുരുക്കന്മാര്‍ അവരുടെ മരണ സമയം മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല, പക്ഷെ അയാള്‍ക്ക് വേണമെങ്കില്‍ അതിന് കഴിയുകയും ചെയ്യും'. ആരോ ചോദിച്ചു, 'അങ്ങേക്ക് കഴിയുമോ?' 'ഉവ്വ്' ഹോഷിന്‍ മറുപടി പറഞ്ഞു. 'ഇന്നേക്ക് ഏഴാം ദിവസം ഞാന്‍ കാണിച്ചു തരാം.' ഒരു ശിഷ്യനും ഈ സംഭാഷണം കാര്യമായി എടുത്തില്ല എന്നു മാത്രമല്ല പലരും തന്നെ ഇക്കാര്യം മറന്നും പോയിരുന്നു. അങ്ങനെയിരിക്കെ ഹോഷിന്‍ ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി. 'ഏഴു ദിവസം മുമ്പ് ഞാന്‍ പറഞ്ഞില്ലേ ഞാന്‍ ഇന്ന് ലോകത്തോട് വിടപറയാന്‍ പോകുകയാണെന്ന് സെന്‍ സമ്പ്രദായം അനുസരിച്ച് ഞാന്‍ എന്റെ വിടവാങ്ങള്‍ കവിത എഴുതണം, പക്ഷെ ഞാന്‍ ഒരു കവിയല്ല, എന്റെ കയ്യക്ഷരം വളരെ മോശവും. ഞാന്‍ എന്റെ കവിത പറഞ്ഞുതരാം, ആരെങ്കിലും ഒരാള്‍ എഴുതിയെടുക്കുക' ശിഷ്യന്മാര്‍ ഇത് നല്ല തമാശ എന്നു കരുതി. ഒരാള്‍ എഴുതാന്‍ തയാറായി. ഹോഷിന്‍ കവിത ചൊല്ലി:

ചൈതന്യത്തില്‍ നിന്നും ഞാന്‍ വന്നു
ചൈതന്യത്തിലേക്ക് ഞാന്‍ മടങ്ങുന്നു. 
എന്താണിത്?

സാമ്പ്രദായിക രീതിയില്‍ നാലുവരി കവിതകളാണ് എഴുതിയി രുന്നത്. ഹോഷിന്റെ കവിതയില്‍ ഒരു വരി കുറവുണ്ടായിരുന്നു. കവിത എഴുതിയെടുത്ത ശിഷ്യന്‍ ഈ കുറവു ചൂണ്ടിക്കാണിച്ചു. പ്രപഞ്ചം തന്റെ കാല്ക്കീഴിലാക്കിയ ഒരു സിംഹത്തെപ്പോലെ ഹോഷിന്‍ 'കാ' എന്നലറിക്കൊണ്ട് ലോകത്തോട് വിടപറഞ്ഞു.

അല്പസമയത്തെ മൗനം നമ്മെ ഉള്ളിലേക്കു പോകുവാന്‍ സഹായിക്കും. ആല്‍ബേര്‍ കമ്യൂ പ്രസ്താവിച്ചതു പോലെ നമ്മള്‍ 'Outsider' മാരല്ല. മറിച്ച് 'Insiders' ആണ്. ഉള്ളിലേക്ക് തിരിഞ്ഞ് സ്വയം അറിയുക അപ്പോള്‍ മാത്രമേ നമുക്ക് മറ്റുള്ളവര്‍ നരകമല്ലെന്നും പ്രപഞ്ചവും ഞാനും ഭിന്നമല്ല എന്ന അറിവ് അനുഭവമാകുന്നത്. മറിച്ച് - തത്വമസി - അത് ഞാന്‍ തന്നെ എന്ന അറിവിലേക്ക് എത്തിച്ചേരുന്നത്. ദ്വന്ദാത്മക വ്യക്തിത്വം എന്ന് അര്‍ത്ഥമാക്കുന്നത് ഞാനും പ്രപഞ്ചവും ഭിന്നമാണ് എന്ന അജ്ഞതയില്‍ നിന്നുമാണ്. അപ്പോള്‍ പ്രപഞ്ചം നരകമാകുന്നു.

ലോകം ജന്മദിനങ്ങള്‍ കൊണ്ടാടുമ്പോള്‍ ആത്മജ്ഞാനി തന്റെ മരണ ദിനത്തേയും ആഘോഷമാക്കി മാറ്റുന്നു. എന്തെന്നാല്‍ ശരീരവും മനസും ഉപേക്ഷിക്കുന്ന ആ സമയം അവര്‍ക്ക് നിത്യമായ സത്യത്തിലേക്ക് വാതില്‍ തുറക്കുന്നു. ജീവിച്ചിരി ക്കുമ്പോള്‍ ത്തന്നെ ഈ അവസ്ഥ പ്രാപിച്ച ആത്മജ്ഞാനിക്ക് മരണവും മറ്റൊരു തെരഞ്ഞെടുപ്പിന് അവസരം നല്കുന്നു. ഒന്നെങ്കില്‍ പൂര്‍ണ സ്വാതന്ത്ര്യം അല്ലെങ്കില്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മറ്റൊരു ജന്മം അഥവാ അവതാരം! അജ്ഞാനിയെ സംബന്ധിച്ച് മരണം ദുസ്സഹവും പീഡനാത്മകവും ആണ്; പിന്നെയോ പുനര്‍ജന്മത്തിലേക്കുള്ള ആവര്‍ത്തനത്തിന്റെ മടുപ്പിക്കുന്ന പാത. മരിക്കുമ്പോള്‍ പോലും തനിക്കിനിയും എന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ടെന്നും, പിന്നെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ബന്ധങ്ങള്‍ ഇവയെല്ലാം വിട്ടു പോകുന്നതി ലുള്ള വൈമുഖ്യം - ഇതയാളെ വീണ്ടും പുനര്‍ജന്മത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ അത്ഭുതപ്പെടാനില്ല! അജ്ഞതയാണ് ഇതിനെല്ലാം കാരണം. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ നമുക്ക് ജനനം, പേര്, കുടുംബം, സ്വത്ത്, ബന്ധങ്ങള്‍, സ്ഥാനങ്ങള്‍, മരണം തുടങ്ങിയവ ഉള്ളതായി കാണപ്പെടുന്നു. എന്നാല്‍ ആത്മാവിന്റെ കാഴ്ചപ്പാടില്‍ ഇത് യാതൊന്നും തന്നെ ഇല്ല. 'നിങ്ങളുടെ മാതാപിതാക്കള്‍ ജനിക്കുന്നതിനു മുമ്പുള്ള നിങ്ങളുടെ യഥാര്‍ത്ഥ മുഖം' അറിഞ്ഞ വന് ജ്ഞാനം കൈവെള്ളയില്‍.

ജീവിതം, മരണം എന്നിവയെ കുറിച്ച് വളരെയധികം പഠനങ്ങളും നിഗമനങ്ങളിലും മനുഷ്യന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പക്ഷെ, ഇതൊന്നുംതന്നെ ജീവിച്ചിരിക്കുമ്പോഴോ മരണസമയത്തോ ഉപയുക്തമാകുന്നതായി കാണുന്നില്ല. ഉയര്‍ന്ന ബിരുദം ഉള്ളവനും വിദ്യാഭ്യാസമില്ലാത്തവനും ധനികനോ, ദരിദ്രനോ ജീവിതത്തേയും മരണത്തേയും സമീപിക്കുന്നത് ഏതാണ്ട് ഒരേ തരത്തില്‍ത്തന്നെ. പിന്നെ എന്താണ് വ്യത്യാസം? ഒരു പക്ഷെ അവരുടെ ജീവിത സാഹചര്യങ്ങളില്‍ മാത്രം. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ കാരനായ ബാസ്‌തോസ് പറഞ്ഞതുപോലെ രണ്ടു കൂട്ടരും 'സ്വന്തം അമേധ്യത്തിന്റെ ഗന്ധം ആസ്വദിച്ച് ജീവിക്കുന്നു.' മറ്റുള്ളവന്റെ അമേധ്യത്തിന്റെ ഗന്ധം എന്തുകൊണ്ടും ആര്‍ക്കും സഹിക്കില്ല, ഇത് സ്വാഭാവികം. ഇതാണ് ലോകത്തിന്റെ 'യുക്തിഭദ്രമായ' സമീപനം.

അപ്രത്യക്ഷമാകല്‍ എന്ന കല

പക്ഷികളും മൃഗങ്ങളും അവരുടെ മരണ സമയം അടുക്കുമ്പോള്‍ അപ്രത്യക്ഷരാകുന്നതായാണ് കാണപ്പെടുന്നത്. മരണസമയം അടുത്താല്‍ അവ കൂട്ടത്തില്‍ നിന്നും അകന്ന് എവിടെയെങ്കിലും പോയി ശാന്തമായി മരണപ്പെടുന്നു. അതുകൊണ്ടുതന്നെ അവയുടെ ശരീരമോ ഭൗതിക അവശിഷ്ടങ്ങളോ കാണപ്പെടുന്നില്ല. പ്രകൃതി ദത്തമായിത്തന്നെ അവ മരണത്തെ സമീപിക്കുന്നു. ഏകാന്തതയില്‍ ജീവന്‍ വെടിയുന്നു. ചുറ്റും കൂടിനിന്ന് കരയാന്‍ ബന്ധുക്കളോ ആരാധകരോ ഉണ്ടാവാറില്ല. ക്രിയകളോ അനുഷ്ഠാനങ്ങളോ ഒന്നും അവ ആചരിക്കാറില്ല. ബുദ്ധിമാനായ മനുഷ്യനെപ്പോലെ ആശുപത്രിയിലെ ICU വില്‍ വായിലും മൂക്കിലും കുഴലുകള്‍ ഇറക്കിവെച്ച് അബോധാവസ്ഥയില്‍ മരിക്കാനുള്ള ഭാഗ്യം വിഢികളായ ഈ ജീവികള്‍ക്കില്ല. 

ജ്ഞാനികളുടെ ഇടയിലും ഇത്തരം അപ്രത്യക്ഷമാകല്‍ സ്വാഭാവി കമാണ്. ലാവോ ട്‌സു തന്റെ രാജകൊട്ടാരത്തിലെ ഗ്രന്ഥ സൂക്ഷിപ്പു ജോലി ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. പിന്നീടദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. കാക്കുവാ എന്ന സെന്‍ഗുരുവിന്റെ കാര്യം നോക്കാം: കാക്കുവാ എന്ന സെന്‍ഗുരു ചക്രവര്‍ത്തിയെ സന്ദര്‍ശിച്ചു. പിന്നെ അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുറിയില്ല.

കാക്കുവാ ചൈനയിലെത്തി ശരിയായ സെന്‍ തത്വം ഗ്രഹിച്ചു. അദ്ദേഹം അധികം സഞ്ചാരം ഇഷ്ടപ്പെട്ടില്ല. പകരം കൂടുതല്‍ ധ്യാനനിരതനായിരുന്നു. ഗ്രാമത്തില്‍ നിന്നുമകന്ന് മലയുടെ അടിവാരത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കഴിയുന്നതും മറ്റുള്ളവരുമായി ബന്ധങ്ങള്‍ ചുരുക്കി.

കാക്കുവയെക്കുറിച്ച് കേട്ടപ്പോള്‍ ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ കാണണമെന്നായി. സെന്‍ തത്വങ്ങള്‍ പഠിപ്പിച്ചു തരണമെന്നും ആവശ്യപ്പെട്ടു. 
കാക്കുവാ ചക്രവര്‍ത്തിക്കുമുന്നില്‍ നിശബ്ദനായി നിന്നതേയുള്ളൂ.
പിന്നെ അദ്ദേഹം തന്റെ വസ്ത്രത്തിന്റെ ചുരുളുകള്‍ക്കിടയില്‍ നിന്നും ഓടക്കുഴല്‍ പുറത്തെടുത്തു.
ഒരു ചെറിയ സംഗീതം പുറത്തു വന്നു.
വിനയത്തോടെ തലകുനിച്ച് കാക്കുവാ അപ്രത്യക്ഷനായി.
ഒരു മഞ്ഞുതുള്ളി അന്തരീക്ഷത്തില്‍ അലിയുന്നതു പോലെ.....