"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

അനങ്ങാപ്പാറകളെ പിളര്‍ത്തിയ പ്രതിവചനംപുറത്താക്കപ്പെട്ടവര്‍ എങ്ങും ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ തക്കവണ്ണം ഹീനമായി നിര്‍വചിക്കപ്പെടുന്നത്, അധികാരം വെച്ചു പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധമായ സമീപനങ്ങളുടേയും തകര്‍ന്നതും പഴകിയതുമായ വിശ്വാസപ്രമാണങ്ങളുടേയും പിന്തുടര്‍ച്ചകളാലാണ്. ദലിതരെ എക്കാലവും പുറത്തിരുത്തുന്നതിന്, സവര്‍ണരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസ പ്രമാണങ്ങളായ ശ്രുതി - സമൃതികള്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നതു പോലെ തന്നെയാണ് ജൂതരെ ഉന്മൂലനം ചെയ്യുന്നതിന് നാസികള്‍ക്ക് അവരുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലും വേണ്ടുവോളം അനുശാസനങ്ങളും ഉല്‍ക്കൊള്ളിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, നീതിരഹിതമായ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കു പിന്നിലും ഇത്തരം പിന്തിരിപ്പന്‍ ശാസനകള്‍ അനുസ്യൂതം പ്രവര്‍ത്തിക്കുന്നത് കാണാം.

ജൂത വംശജയായ ജര്‍മന്‍ എഴുത്തുകാരി സ്റ്റെഫാനി സ്വെയ്ഗ് തന്റെ ജീവിതത്തിലുടനീളം നിരന്തരം അന്വേഷിച്ചിരുന്നത്, പുറത്താക്കപ്പെട്ടവര്‍ക്ക് ഇതര ജനസമുദായങ്ങളുമായുള്ള സമായോജനത്തിന് തടസമായിനില്ക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകളിലെ ഈ അനങ്ങാപ്പാറകളെ പിളര്‍ത്താന്‍ കഴിയുമോ എന്നതായിരുന്നു. തന്റെ കണ്ടെത്തലുകളുടെ ക്രമസംഭവ രേഖയായി രചിക്കപ്പെട്ട 'നോവേര്‍ ഇന്‍ ആഫ്രിക്ക' എന്ന ആത്മകഥാഖ്യായിക, ജര്‍മനിയില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന പുസ്തകമായി ഉയരുകയും അതിനെ ആശ്രയിച്ച് ജര്‍മന്‍കാരി തന്നെയായ കരോലിന്‍ ലിങ്ക് സാക്ഷാത്കരിച്ച ഇതേപേരിലുള്ള സിനിമയും ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്തതോടെ പുറത്താക്കപ്പെട്ട ജനതകള്‍ക്കെതിരെ ആഗോള തലത്തില്‍ നിലനില്ക്കുന്ന ഭീകരതയുടെ രാഷ്ട്രീയം ഇപ്പോള്‍ കൂടുതലായി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

1938 ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ അഭിഭാഷകവൃത്തി ചെയ്ത് തരക്കേടില്ലാത്ത കുടുംബജീവിതം നയിച്ചിരുന്ന ജൂതനായ വോള്‍ട്ടര്‍ റെഡ്‌ലിച്ചും കുടുംബവും നാസി ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ കെന്യയിലെ വിദൂര ഗ്രാമത്തിലെത്തുന്നു. വെള്ളക്കാര്‍, ജര്‍മന്‍കാര്‍, ജൂതര്‍ എന്നീ മൂന്നവസ്ഥകളിലും വെച്ച് അങ്ങേയറ്റം ബഹിഷ്‌കരിക്കപ്പെട്ടിരുന്ന റെഡ്‌ലിച്ച് കുടുംബത്തെ ഉള്‍ക്കൊള്ളിക്കുവാന്‍ ആദ്യമൊന്നും പ്രാന്തസ്ഥലവാസികളായ കെന്യന്‍ ഗോത്രദേശികര്‍ തയ്യാറായിരുന്നില്ല വരണ്ടമണ്ണില്‍ പണിയിറക്കിയ കൃഷിപ്പാടത്ത് നോക്കിനടത്തുന്നവന്റെ തൊഴിലു ചെയ്താണ് റെഡ്‌ലിച്ച് അവിടെ കുടുംബം പോറ്റിയിരുന്നത്. യുദ്ധപൂര്‍വ ജര്‍മനിയിലെ സുഖജീവിതത്തിന്റെ നഷ്ടബോധത്തില്‍ മനംമടുത്തിരുന്ന റെഡ്‌ലിച്ചിന്റെ ഭാര്യ ജെറ്റിലാകട്ടെ പുറത്താക്കപ്പെട്ടവരെ കഷ്ടപ്പെടുത്തുന്ന ഒളിവുജീവിതത്തെ, അങ്ങേയറ്റം അലോസരപ്പെടുത്തുന്ന ഒന്നായാണ് അഭിമുഖീകരിച്ചിരുന്നത്. അവരുടെ മകള്‍ അഞ്ചു വയസുകാരി റെജിന കെനിയന്‍ ദേശികരായ കുട്ടികളോടൊപ്പം കളിച്ചുവളര്‍ന്ന്, അവരുടെ ഗോത്രാചാരങ്ങളെ സ്വാംശീകരിച്ച് ആഫ്രിക്കന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നു. ഇതിന് അവളെ പ്രാപ്തയാക്കിയത് സുഹൃത്തും രക്ഷകനുമായി ചുമതലയേറ്റിരുന്ന ഓവുവര്‍ എന്ന കെനിയന്‍ ദേശികനായ അടുക്കളപ്പണിക്കാരന്റെ സമ്പര്‍ക്കമാണ്. ഇവരോടൊപ്പം കെനിയയിലുണ്ടായിരുന്ന മറ്റൊരു ജര്‍മന്‍കാരനായ സസ്‌ക്കിണ്ടുമായി ജെറ്റിലിനുണ്ടായിരുന്ന അവിശുദ്ധബന്ധം റെജിനയുടെ മനോനിലയെ ദോഷകരമായി ബാധിച്ചു. തിരിച്ചുപോക്കിന് സമയമടുക്കുമ്പോള്‍ ജെറ്റില്‍ കെനിയന്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ പഠിച്ചു തുടങ്ങിയിരുന്നു. പിറന്ന നാടിന്റെ ഓര്‍മകളില്‍ നിയന്ത്രിക്കപ്പെട്ടിരുന്ന റെഡ്‌ലിച്ചിന് ആഫ്രിക്കന്‍ നാട്ടുനടപ്പുകളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. റെജിനയപ്പോള്‍ തനിയൊരു നാടന്‍ ആഫ്രിക്കന്‍ പെണ്‍കൊടിയായി മാറിക്കഴിഞ്ഞിരുന്നു!

സ്റ്റെഫാനി സ്വെയ്ഗിന്റെ പ്രതിനിധാനം കഥയില്‍ റെജിനയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇപ്രകാരം എത്തപ്പെട്ട മാതാപിതാക്കളോടൊപ്പം അവര്‍ തന്റെ ചെറുപ്പകാലം കെന്യയിലാണ് കഴിച്ചുകൂട്ടിയിരുന്നത്. നോവേര്‍ ഇന്‍ ആഫ്രിക്ക അവരുടെ ആത്മകഥ എന്നതുപോലെ തന്നെ ഓവുവര്‍ എന്ന മസായ് ഗോത്രത്തില്‍പ്പെട്ട ഒരു കറുത്ത വര്‍ഗക്കാരന്റെ ജീവിത രേഖകളും ഉള്ളടങ്ങുന്ന കൃതികൂടിയാണ്. ഒരേ സമയം റെജിനയുടേയും ഓവുവറിന്റേയും വ്യക്തിത്വങ്ങള്‍ രൂപപ്പെട്ടവരുന്ന ഘടകങ്ങള്‍ക്ക് നിദാനമാകുന്ന സാഹചര്യങ്ങളിലേക്ക് സ്റ്റെഫാനി സ്വെയ്ഗിന്റെ ആഖ്യാന രീതി വെട്ടംതിരിക്കുന്നു. വരമൊഴിയുടെ മൂലഘടനയില്‍ നിന്ന് ഈ ആള്‍രൂപരേഖകള്‍ വര്‍ണപ്രതലത്തിലേക്ക് മാറുമ്പോള്‍ അത് ഇരുമെയ് മൊഴികള്‍ ഇടകലര്‍ത്തിയെഴുതിയ പ്രണയകാവ്യമായി മാറുന്നു. ഇരുവ്യക്തികള്‍ക്കും മധ്യേയുള്ള അസാധാരണമായ അടുപ്പത്തെയല്ല പ്രണയം എന്ന പദം കൊണ്ട് ഇവിടെ അടയാളപ്പെടുത്തുന്നത്. കറുത്തവര്‍റെ ആഫ്രിക്കയും ജൂതന്റെ യൂറോപ്പുമാണ് പ്രണയമെന്ന രൂപകത്തില്‍ ഇവിടെ സാംസ്‌കാരികമായി സമന്വയിക്കുന്നത്. ഇരുവിഭാഗത്തിലേയും പ്രതിനിധാനങ്ങള്‍ അധികാരത്തിന്റെ ആഗോള സ്ഥാപനങ്ങലില്‍ നിന്നും വിഭവ മേഖലകളില്‍ നിന്നും പുറംതള്ളപ്പെട്ടവര്‍. അത്തരം ഒരു അര്‍ത്ഥമാണ് Nowhere എന്ന പദം ഉള്‍ക്കൊള്ളുന്നത്. ഓവുവറെ അവതരിപ്പിക്കുന്നത്, ആഫ്രിക്കന്‍ വന്‍കരയില്‍വെച്ച് ചലച്ചിത്ര സാക്ഷരതയില്‍ ഏറ്റവും മുമ്പന്തിയില്‍ നില്ക്കുന്ന രാജ്യമായ സെനഗലില്‍ നിന്നുള്ള നടന്‍ സിസിഡേ ഒണിയുലോവാണ്. ബാലികയായ റെജിനയെ കരോലിന്‍ എഖേര്‍ട്‌സും, ശേഷം ലിയ കുര്‍ക്കയും അവതരിപ്പിക്കുന്നു.

വോള്‍ക്കര്‍ സ്‌കലോണ്ടോര്‍ഫിന്റെ പ്രസിദ്ധമായ 'ടിന്‍ ഡ്രം'നു ശേഷം ആദ്യമായി നോവേര്‍ ഇന്‍ ആഫ്രിക്കയിലൂടെ ജര്‍മനിയിലേക്ക് ഓസ്‌കാര്‍ അവാര്‍ഡ് കൊണ്ടുവരാന്‍ കഴിഞ്ഞത് കരോലിന്‍ ലിങ്കിനെ ശ്രദ്ധേയയാക്കുന്നുണ്ടെങ്കിലും ഓസ്‌കാര്‍ വൃത്തങ്ങളില്‍ അവരുടെ നാമധേയം പുത്തനല്ല. ചെകിടന്മാരായ മാതാപിതാക്കളുടേയും സംഗീത കലയില്‍ അതുല്യപ്രതിഭയായ മകളുടേയും അതിജീവന സമരങ്ങളെ ആവിഷ്‌കരിച്ച കരോലിന്‍ ലിങ്കിന്റെ ആദ്യ ചിത്രമായ 'ബിയോണ്ട് സൈലന്‍സ്' 1997 ല്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. ജര്‍മന്‍ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന 'ഗോള്‍ഡന്‍ ലോല' അവാര്‍ഡ് അഞ്ചെണ്ണമാണ് നോവേര്‍ ഇന്‍ ആഫ്രിക്ക നേടിയിട്ടുള്ളത്.

(സമീക്ഷ. സെപ്തംബര്‍ 2003)