"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

പ്രാഥമിക വിദ്യാഭ്യാസത്തെ തകര്‍ത്ത D P E Pയും കോടതിവിധിയും - ശശിക്കുട്ടന്‍ വാകത്താനം


കോഴിക്കോട്ടെ മലാപ്പറമ്പ് എ യു പി സ്‌ക്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ച് തള്ളി. അപ്പീല്‍ പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെയോ പി ടി എ യുടെയോ വാദങ്ങള്‍ കേള്‍ക്കാന്‍തന്നെ തയ്യാറായില്ല. അപ്പീല്‍ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഒടുവില്‍ വാദിച്ചെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.


പഠിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ച, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ് ഇതെന്നതൊന്നും കോടതിക്ക് പ്രശ്‌നമായിരുന്നില്ല. 'എരഗതിയും പരഗതിയും ഇല്ലാത്തവരുടെ' കുട്ടികളാണ് ഇത്തരം സ്‌ക്കൂളുകളില്‍ പഠിക്കുന്നതെന്ന തിനാല്‍ അതൊന്നും പരിഗണനാര്‍ഹമല്ലെന്നനിലയിലാണ് കെ ഇ ആര്‍ നിയമത്തില്‍ പിടിച്ചുകൊണ്ട് കോടതി ഉത്തരവായിരിക്കുന്നത്. ഇതുവഴി യഥാര്‍ത്ഥത്തില്‍ കോടതി വിധി തന്നെ ജനവിരുദ്ധമായിരിക്കുകയാണ്. ജഡ്ജിമാരുടെ കൊളീജിയമാണ് അടുത്ത ജഡ്ജിമാരെ നിയമിക്കുന്നത.് അതുകൊണ്ടുതന്നെ ഇവരുടെ ചുറ്റുപാടുകള്‍ക്കു പുറത്തുള്ളവര്‍ ഇവിടെ വന്നുചേരാനുള്ള സാധ്യതയും കുറവാണ്.

സ്‌ക്കൂളുകള്‍ അടച്ചുപൂട്ടല്‍ കേരളത്തിലെ സമീപകാലത്തെ പുതിയ സംഭവമല്ല. 2001 ല്‍ 2644 സ്‌ക്കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നതെങ്കില്‍ 2012- 13ല്‍ അതിന്റെ സംഖ്യ 5137ലേക്ക് എത്തി. ഇതിനിടയില്‍ നിരവധി സ്‌ക്കൂളുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നിരവധി അദ്ധ്യാപകര്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്നുമുണ്ട്. 125 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌ക്കൂള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്നാണ് കരുക്കള്‍ നീക്കിയത്. സ്‌ക്കൂള്‍ ഉള്‍പ്പെടുന്ന അഞ്ചര ഏക്കറിനുള്ളില്‍ ബസ്‌വേയും ഷോപ്പിങ്ങ് മാളും പണിയാന്‍ പദ്ധതിയിട്ട് സ്‌ക്കൂളിനെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെ ഭാഗികമായി ചെറുക്കാന്‍ പ്രദേശ വാസികള്‍ക്കും മുന്‍ വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലികമായി കഴിഞ്ഞെങ്കിലും ഇന്നും ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മലാപ്പറമ്പുസ്‌ക്കൂള്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടുന്നതോടെ സംസ്ഥാനത്തെ നൂറിലധികം സ്‌ക്കൂളുകള്‍ പൂട്ടുന്നതിനുള്ള ഉത്തരവു വാങ്ങാന്‍ മാനേജ്‌മെന്റുകള്‍ക്കു മാത്രമല്ല സര്‍ക്കാരിനും കഴിയും. ആദായകരമല്ലാത്ത സ്‌ക്കൂളുകള്‍ പൂട്ടുക എന്നത് നയത്തിന്റെ ഭാഗമാണ്. ഇവിടെ സംശയമുളവാക്കുന്ന മറ്റൊരു കാര്യമുണ്ട്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാപഞ്ചായത്തുകളുടെയും ചുമതലയിലാ ണെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതുവെറും വിശ്വാസം മാത്രമായി രുന്നെന്നും അത്തരത്തില്‍ എന്തെങ്കിലും അധികാരം ഗ്രാമപഞ്ചായത്തുകള്‍ക്കില്ലെന്ന് പെരുമാട്ടിപഞ്ചായത്തില്‍ കൊക്കക്കോളക്ക് എതിരായി നടന്ന സമരം ജനങ്ങളോടു പറഞ്ഞു. അന്നും കോടതികള്‍ കൊക്കക്കോളക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ മലാപ്പറമ്പ് സ്‌ക്കൂള്‍ അനുഭവവും അതുതന്നെ പറയുന്നു. ഇത് മലാപ്പറമ്പിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും മാത്രമല്ല കേരളത്തിലെ ആയിരക്കണക്കിനുവരുന്ന കുട്ടികളും രക്ഷകര്‍ത്താക്കളുമാണ് ഈ നിയമത്തിനും നിയമ വ്യാഖ്യാനങ്ങള്‍ക്കും ഇടയില്‍പ്പെട്ടു ഞെരുങ്ങി ജീവിക്കുന്നത്. നിയമ നിര്‍മ്മാതാക്ക ളുടെയും നിയമ വ്യാഖ്യാതാക്കളുടെയും കുട്ടികള്‍ക്ക് ഇതാന്നും ബാധകമാകാത്തതു കൊണ്ട് ഏതുതരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കാന്‍ അവര്‍ക്കു കഴിയും.


പിന്നോക്കജനങ്ങള്‍ക്ക് അക്ഷരം നിഷേധിച്ചിരുന്ന ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. അവര്‍ക്കു വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങളും ചരിത്രപ്രസിദ്ധമാണ്. നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യ എന്നൊരു രാജ്യം രൂപപ്പെടുത്തി യതില്‍ ബ്രിട്ടീഷ് ഭരണത്തിന് ഒരു പങ്കുണ്ട്. എന്നാല്‍ ഇവിടെ നിലനിന്ന വര്‍ണ്ണവ്യവസ്ഥക്കും ജാതിവ്യവസ്ഥക്കും കാതലായ മാറ്റംവരുത്താന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷുകാര്‍ക്കു കീഴില്‍ നിന്നുകൊണ്ടു നടത്തിയ മിഷനറി പ്രവര്‍ത്തനം വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്തിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ഉദ്യോഗം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് പഠിക്കേണ്ടിവന്നു. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മാതൃഭാഷയിലധിഷ്ഠിതമായ സാര്‍വ്വത്രിക പ്രാഥമിക വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ ആ നിലപാടുകളില്‍ നിന്നും പിന്‍വാങ്ങി. തന്മൂലം 1970കളുടെ ആരംഭത്തില്‍ ലോകനിരക്ഷരതയുടെ 50% ത്തിലധികം ഇന്ത്യയിലായി.

1980കളുടെ മധ്യംമുതല്‍ അന്താരാഷ്ട്ര മൂലധനശക്തികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1986ല്‍ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയില്‍ പ്രഖ്യാപിക്കുകയുണ്ടായി. സാമ്പത്തിക നയ രൂപീകരണത്തില്‍ ഐ എം എഫ് - ലോകബാങ്ക് ഇടപെടലുകള്‍ പോലെ വിദ്യാഭ്യാസ രംഗത്ത് ലോകബാങ്കിന്റെ ഇടപെടലുണ്ടായി. ഇതിന്റെ അടിസ്ഥാന ത്തിലാണ് പുത്തന്‍ വിദ്യാഭ്യാസ നയം രൂപംകൊള്ളുന്നത്. ഇതിന്റെ ഭാഗമെന്ന നിലയിലാണ് 90കളുടെ തുടക്കംമുതല്‍ക്കുതന്നെ അനാദായകരം (uneconomic) എന്നപേരില്‍ സ്‌ക്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം കേരളത്തിലും വ്യാപകമായി തുടങ്ങിയത്. Investment in Indian Education: Un-economic എന്ന പഠനത്തിന്റെ ചുവടുപിടിച്ചായിരുന്നു വി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭവകാര്യകമ്മീഷന്‍ ഈ നിഗമനത്തിലെത്തിയത്.

1990ല്‍ തായ്‌ലന്റിലെ ജോമ്തീനില്‍വച്ച് ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തില്‍ വച്ചാണ് ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഭരണകൂടം വിദ്യാഭ്യാസ രംഗത്തുനിന്നും പിന്‍വാങ്ങണം എന്ന തീരുമാനത്തിലെതതിയത്. ഇതിന്‍ പ്രകാരം ലോകബാങ്കിന്റെ നേതൃത്വത്തില്‍ മറ്റ് അന്താരാഷ്ട്ര ഏജന്‍സികളെയും വോളണ്ടറി സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തെ ആഗോളാടിസ്ഥാനത്തില്‍ ഉടച്ചുവാര്‍ക്കാനുള്ള തീരുമാനം ഉണ്ടായി. ഇതിലൂടെയാണ് D P E Pരൂപംകൊള്ളുന്നത്. ലോകബാങ്കില്‍ കേന്ദ്രീകൃതമായ D P E Pബ്യൂറോവഴി 4700കോടി രൂപയോളം പദ്ധതിക്കായി അനുവദിച്ചു. D P E Pതെരഞ്ഞെടുത്ത ആറു ജില്ലകളില്‍ 40കോടി രൂപവീതം അനുവദിച്ചു. ബാക്കി ജില്ലകളില്‍ പ്രാദേശിക വിഭവ സമാഹരണത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ 1994ല്‍ സംസ്ഥാന ഗവണ്മന്റ് D P E Pഒന്നാം ഘട്ടം എന്ന നിലയില്‍ ജില്ലകളില്‍ പദ്ധതി ആരംഭിക്കാന്‍ ലോകബാങ്കുമായി ധാരണയിലെത്തി. തുടക്കത്തില്‍ സി പി ഐ (എം)ഉും ശാസ്ത്രസാഹിത്യ പരിഷത്തും ഇതിനെ എതിര്‍ത്തെങ്കിലും പിന്നീടിതിന്റെ നടത്തിപ്പുകാരായി മാറി

സര്‍ക്കാര്‍/എയ്ഡഡ് സ്‌ക്കൂളുകളില്‍ മാത്രമേ D P E Pനടപ്പിലാക്കുമായിരുന്നുള്ളൂ. I C S E, C B S E ധാരകള്‍ അതിനു പുറത്തായിരുന്നു. പ്രാദേശികമായ സാമൂഹ്യ പങ്കാളിത്ത മാണ് D P E Pമൂലക്കല്ല്. തന്മൂലം പ്രാഥമിക സ്‌ക്കൂളുകളുടെ ഉടമസ്ഥതയും പരീക്ഷാ നടത്തിപ്പുകളുമെല്ലാം ഗ്രാമസഭകളുടെയും പി ടി എ കളുടെയും നിയന്ത്രണത്തിലേക്കു കൊണ്ടുവരാനാണ് ശ്രമം നടത്തിയത്.

1990ലെ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സമ്പത്ത് ഒരു ന്യൂനപക്ഷ ത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടതോടെ വളരെവേഗം ദരിദ്ര വല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി 'പഠനം പാല്‍പ്പായസമാക്കി. ഈ പാല്‍പ്പായസം കുടിക്കാന്‍ D P E Pഇറക്കുമതി ചെയ്തവരുടെ കുട്ടികളെ വിട്ടില്ല. അദ്ധ്യാപകരും D P E Pക്ക് ട്രയ്‌നിങ്ങ് കൊടുത്തവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയങ്ങളില്‍ കൊണ്ടാക്കി. ഇതോടെ ഇംഗ്ലീഷ്മീഡിയം സംസ്‌ക്കാരം വ്യാപകമായി. സര്‍ക്കാര്‍ എയ്ഡഡ്‌സ്‌ക്കൂളുകള്‍ക്കു ചുറ്റുമായി സ്വകാര്യ ഇംഗ്ലീഷ്മീഡിയം വ്യാപകമായി. ഇത്തരത്തില്‍ സ്വകാര്യ വല്‍ക്കരണത്തെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിച്ചു.

ആഗോളീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന 'D P E P പരിഷ്‌ക്കാരം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ലോകബാങ്ക് പദ്ധതി' എന്നതിന്റെ അടിസ്ഥാനത്തില്‍ സി പി ഐ (എം എല്‍) നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസാ വകാശ സംരക്ഷണ സമിതി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതേ മുദ്രാവാക്യ ത്തിന്റെ അടിസ്ഥാനത്തില്‍ പി ജെ ജയിംസിന്റെ ലഘുലേഖയും പ്രസിദ്ധീകരിച്ചു. സാമ്രാജ്യത്വത്തിനുവേണ്ടി പേന ഉന്തിയവരും അവരുടെ വിഴുപ്പു ചുമന്നവരും ഇപ്പോള്‍ സ്‌ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദ്ദേശം നല്‍കുമ്പോള്‍ പരസ്പരം പഴിചാരി രക്ഷപെടാനാണ് നോക്കുന്നത്.

വസ്തുതകള്‍ ഇതായിരിക്കെ തെരുവുനാടകം പോലെ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവരണം ചെയ്യപ്പെട്ടതോടെ D P E Pപ്രചാരകരായിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖം നഷ്ടപ്പെടുകയും സി പി ഐ (എം) പതിവുപോലെ പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്കുകാരണമായ കാര്യങ്ങളെ വിഴുങ്ങി അത് മലാപ്പറമ്പ് സ്‌ക്കൂളിലേക്ക് ചുരുക്കുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2016 ജൂലൈ 8ലെ മാതൃഭൂമി പത്രത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയുടെ ലേഖനം, ഇതിനുത്തരവാദി ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന പതിവു പല്ലവിയിലൂടെ സ്വയം രക്ഷപെടുന്നതായിരുന്നു.

വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്‌ക്കൂളുകള്‍ അടച്ചു പൂട്ടാതിരിക്കാന്‍ അദ്ധ്യാപകരും പി ടി എ യും നാട്ടുകാരും പലയിടത്തും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. D P E P പദ്ധതിയുടെ ഉദ്ദേശലക്ഷ്യവും ഇതുതന്നെയായിരുന്നു. സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയുകയും അതു ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയുമായിരുന്നു ലക്ഷ്യം. സ്‌ക്കൂളുകള്‍ക്ക് ആവശ്യമായ പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതിനോ യഥാസമയം അദ്ധ്യാപകരെ നിയമിക്കുന്നതിനോ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനോ സര്‍ക്കാരുകള്‍ തുനിയാത്തതും സ്‌ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ വേണ്ടിയുള്ള കരുനീക്കങ്ങളാണ്. മലാപ്പറമ്പുസ്‌ക്കൂളിന്റെ വാര്‍ത്ത വന്നതിനൊപ്പം രാജപുരത്തെ പാണത്തൂര്‍ ചിറംകടവ് ഗവണ്മന്റ് വെല്‍ഫെയര്‍ സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 438കുട്ടികളും എല്‍ പി, യു പി വിഭാഗത്തില്‍ 229കുട്ടികളും ഉണ്ട്. അവിടെ ആകെവേണ്ട 11 അദ്ധ്യാപകരില്‍ ഉള്ളത് ഒരാള്‍മാത്രം അദ്ധ്യാപകരില്ലാത്തതു കൊണ്ട് പുതിയതായി അഡ്മിഷന്‍ ഉണ്ടാകുന്നില്ല. പലരും കുട്ടികളെ ഇവിടെനിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി മറ്റു സ്‌ക്കൂളുകളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുന്നത് സമീപത്തെ സ്വകാര്യ സ്‌ക്കൂളു കളെ സഹായിക്കാനാണ്. ഇതൊന്നും മനസിലാകാത്തവരല്ല കോടതിയിലിരി ക്കുന്നവര്‍. കോടതിവിധിയിലൂടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തെ ഒരിക്കല്‍ക്കൂടി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. അതുവഴി D P E Pയുടെ പ്രയോക്താക്കള്‍ നിരുപാധികം രക്ഷപെടുകയും ചെയ്യുന്നു.