"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

എങ്ങനെ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനാകാം? പാഠം: 15 - ഡോ. കെ എം കര്‍മചന്ദ്രന്‍


ഗോള്‍ കീപ്പിങ്

സ്വന്തം ടീം ഗോള്‍ വഴങ്ങാതെ സേവ് ചെയ്യുന്നതിന് ഗോള്‍കീപ്പറുടെ പങ്ക് വളരെ പ്രധാനമാണ്. നല്ല ഒരു ഗോള്‍ കീപ്പര്‍ മറ്റ് കളിക്കാര്‍ക്ക് ആത്മവിശ്വാസം പകരും. ഗോള്‍കീപ്പിങ് പരിശീലിക്കുന്നതിന് മുമ്പായി ഒരു ഗ്രൗണ്ടില്‍ ഓടിയും ഫുട്‌ബോള്‍ കളിച്ചും ശരീരശക്തി വര്‍ധിപ്പിക്കോണ്ടതാണ്.

പുല്ലുള്ള ഗ്രൗണ്ടാണ് ഗോള്‍കീപ്പിങ് പരിശീലിക്കാന്‍ നല്ലത്. പ്രാഥമിക പരിശീലനത്തിന്റെ സമയത്ത് ഗ്രൗണ്ടില്‍ ഗോള്‍പാസ്റ്റുണ്ടാകണം എന്നില്ല. ശരീരത്തിന്റെ വാമിങ്ങ് അപ്പ് വ്യായാമങ്ങള്‍ക്കു ശേഷം ഗോള്‍കീപ്പിങ് പരിശീലിക്കാവുന്നതാണ്.

ഒരു കൂട്ടുകാരന്‍ നിങ്ങളുടെ നെഞ്ചിനു നേരെ എറിഞ്ഞുതരുന്ന പന്ത്, ഇരുകൈകളും പന്തിനു നേരേ പരമാവധി നീട്ടി, കൈപ്പത്തികള്‍ വിടര്‍ത്തിക്കൊണ്ടു തടുക്കുക. കൈപ്പത്തിയില്‍ പന്തു തൊടുന്ന മാത്രയില്‍ത്തന്നെ പന്തിന്റെ അതേവഗതയില്‍ കൈപ്പത്തി നിങ്ങളുടെ നെഞ്ചിനുനേരേ പിന്‍വലിക്കുക. നെഞ്ചുഭാഗത്ത് എത്തുമ്പോള്‍ പന്തും കൈകളും നിശ്ചലമായിട്ടുണ്ടാകണം. അപ്പോള്‍ ഇരുകൈപ്പത്തികള്‍ കൊണ്ടും പന്ത് നെഞ്ചോടുചേര്‍ത്ത് പിടിച്ചൊതുക്കുക. ഇപ്പോള്‍ പന്ത് നിങ്ങളുടെ കയ്യില്‍ സുരക്ഷിതമാണ്. വീണ്ടും കൂട്ടുകാരനെക്കൊണ്ട് വേഗതയില്‍ എറിയിച്ച് ഇപ്രകാരം പിടിക്കാവുന്നതാണ്. പലതവണ ഇതാവര്‍ത്തിക്കുക.

അടുത്തതായി പുല്‍മൈതാനത്ത് കുന്തിച്ചിരിക്കുക. പൃഷ്ഠഭാഗം നിലത്തുമുട്ടരുത്. ഇരു പാദങ്ങള്‍ക്കും തമ്മില്‍ ഒരടി അകലം വേണം. കൂട്ടുകാരന്‍ സാവധാനം എറിഞ്ഞുതരുന്ന പന്ത് ഈ നിലയില്‍ ഇരുന്നുകൊണ്ട് പിടിച്ചശേഷം അത് ഇരു കൈകളിലും ഒതുക്കുക. മറ്റേക്കൈ നിലത്തുകുത്തി സാവധാനം എണീക്കുക. പന്തുകൂട്ടുകാരനു കൊടുത്തശേഷം ഈ പരിശീലനം പല തവണ ആവര്‍ത്തിക്കുക.

അടുത്ത ഘട്ടമായി വീണ്ടും കുന്തിച്ചിരിക്കുക. ഇനി കൂട്ടുകാരന്‍ എറിയുമ്പോള്‍ നിങ്ങളുടെ വലതുകൈ നീട്ടിയാല്‍ എത്തുന്നിട ത്തേക്കാള്‍ ഒന്നോ രണ്ടോ അടി ദൂരം മാറ്റി ലക്ഷ്യമിട്ടെറിയണം. അപ്പോള്‍ത്തന്നെ ഇരുകാലുകളിലും ബലം കൊടുത്തുകൊണ്ട് വലതുവശത്തേക്കു സാവധാനം കുതിച്ചു ഡൈവു ചെയ്തുകൊണ്ട് പന്തു കയ്യാല്‍ തട്ടിക്കളഞ്ഞ ശേഷം വലതുകൈ മുഷ്ടിചുരുട്ടി നിലത്തടിച്ചുകൊണ്ടു ലാന്റ് ചെയ്യുക / വീഴുക. (എന്നാല്‍ വായുവില്‍ വെച്ചുതന്നെ പന്തുപിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പന്തുപിടിച്ച ഉടനെ ഇടതു കയ്യില്‍ പന്ത് നെഞ്ചോടു ചേര്‍ത്തൊ തുക്കുക. ഉടനെതന്നെ വലതുകൈ പരമാവധി നീട്ടിക്കൊണ്ട് അതിന്റെ മുഷ്ടി ചുരുട്ടിപ്പിടിക്കുക. ഇപ്പോള്‍ നിങ്ങള്‍ വലതുവശം ചരിഞ്ഞ് നിലംപറ്റാറായിട്ടുണ്ടാകും. ചുരുട്ടിയ വലതുകയ്യില്‍ ബലംപ്രയോഗിച്ചുകൊണ്ടു നിലത്തു മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടു ലാന്റുചെയ്യുക. തുടര്‍ന്നു വലതുമുഷ്ടി ചുരുട്ടിത്തന്നെ പിടിക്കുക. വലതുവശം ചരിഞ്ഞ് ഇപ്രകാരം ലാന്റ് ചെയ്യുമ്പോള്‍ അരക്കെട്ടു നിലത്തു തൊടുന്നതിനു മുമ്പായി വലതുതുട നിലം തൊടണം. അരക്കെട്ട് ഏറ്റവും അവസാനമായി മാത്രമേ നിലംതൊടാവൂ. അവസാനം തല നിലത്തടിക്കാതെ വലത്തെ കൈകൊണ്ടു സംരക്ഷിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. ഈ സമയം മുഴുവന്‍ പന്തു കൈയില്‍ നിന്നു നഷ്ടപ്പെടാതെ ഇടതുകയ്യാല്‍ വാങ്ങി നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കണം. ഇനി പന്തു നഷ്ടപ്പെടാതെ കൈകളില്‍ ചേര്‍ത്തു സംരക്ഷിച്ചു കൊണ്ടു സാവധാനം എണീക്കുക)

അടുത്തതായി നിങ്ങളുടെ ഇടതുവശത്തേക്കു സാവധാനം കൂട്ടുകാരനെക്കൊണ്ടു പന്തെറിയിച്ചു മേല്‍പ്രകാരം ഇടതു വശത്തേക്കു ഡൈവുചെയ്തു ലാന്റുചെയ്യുക. നേരത്തേ വലതുകൈകൊണ്ടും വലതുടകൊണ്ടും ചെയ്തകാര്യങ്ങള്‍ യഥാക്രമം ഇടതുകൈകൊണ്ടും ഇടതുതുടകൊണ്ടും ചെയ്യേണ്ട താണ്. (ഇപ്രകാരം ഇടതുവശത്തേക്കും വലതുവശത്തേക്കും ഡൈവുചെയ്തുകൊണ്ട് പലതവണയായി പിരശീലിക്കുക)

ഈ പരിശീലനം തുടര്‍ച്ചയായി ഒരാഴ്ചയോളം ചെയ്തശേഷം മാത്രം അടുത്തഘട്ടം പരിശീലിക്കുക. അടുത്തഘട്ടമായി കൂടുതല്‍ വേഗത്തില്‍ പന്തെറിയിച്ചു ഡൈവുചെയ്യാം. വേഗതയോടെ വരുന്ന പന്ത് ഡൈവുചെയ്തു പിടിച്ചെടുത്തശേഷം ഇരുകൈ കളിലുമായിരിക്കുന്ന പന്ത് ആദ്യം നിലംതൊടുന്ന രീതിയില്‍ ലാന്റു ചെയ്യാം. ലാന്റു ചെയ്യുമ്പോള്‍ പന്തുവഴുതിപ്പോകാതെ നോക്കണം / ശ്രദ്ധിക്കണം.

തുടര്‍ച്ചയായി ഇപ്രകാരം പരിശീലിച്ച് ആത്മവിശ്വാസം വന്നശേഷം ഗോള്‍പോസ്റ്റിനു കീഴില്‍ മുഴുനീളെ ഡൈവിങ് പരിശീലിക്കാവുന്നതാണ്. കൂട്ടുകാരന്‍ കാലുകൊണ്ട് ശക്തിയായി അടിച്ചുതരുന്ന പന്ത് ഈ ഘട്ടത്തില്‍ നേരിടാം.

ഗോള്‍മുഖത്ത് വേഗത്തിലും ശക്തിയിലും വരുന്ന പന്ത് പിടിച്ചൊതുക്കുവാന്‍ പറിറിയില്ലെങ്കില്‍ മുഷ്ടിചുരുട്ടി ഇടിച്ച കറ്റാവു ന്നതാണ്. അതിവേഗതയില്‍ വരുന്ന പന്തുകള്‍ രണ്ടു മുഷ്ടികളും ചുരുട്ടി ഒന്നിച്ചടിച്ചകറ്റാം. ഇടിച്ചകറ്റുന്ന പന്ത് ഗോള്‍പോസ്റ്റിന് പുറത്തായി ഏതെങ്കിലും വശത്തേക്കു പോകുന്ന രീതിയിലായിരിക്കണം അകറ്റേണ്ടത്. ഗ്രൗണ്ടില്‍ പോസ്റ്റിനുനേരേ മുമ്പിലായി പന്ത് ഇടിച്ചിട്ടാല്‍ എതിര്‍കളിക്കാരനു പന്തുകിട്ടുവാന്‍ സാധ്യതയേറെയാണ്.

പോസ്റ്റിനു നേരേ നിങ്ങളേക്കാള്‍ ഉയര്‍ന്നു പന്തുവരുമ്പോള്‍ ഉയര്‍ന്നുചാടി മുഷ്ടിചുട്ടിക്കൊണ്ട് പന്തിന്റെ അടിവശത്തായി തട്ടിയാല്‍ പോസ്റ്റിനു മുകളിലേക്കു പന്ത് ഉയര്‍ന്നു ഗോളാകാതെ പോകുന്നതാണ്. (കോര്‍ണര്‍ വഴങ്ങിക്കൊണ്ട്). ഉയര്‍ന്നു വരുന്ന പന്ത് നിങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്നതാണെങ്കില്‍ ഉയര്‍ന്നു ചാടി ഇരു കൈകള്‍കൊണ്ടും പന്തുപിടിച്ചശേഷം, ഇരു കാല്പ്പാദങ്ങളും ഒന്നിച്ചുകുത്തി ലാന്റു ചെയ്യാവുന്നതാണ്. ലാന്റ് ചെയ്യുമ്പോള്‍ കാലിന്റെ വിരലുകള്‍ ആദ്യവും ഉപ്പൂറ്റിഭാഗം അവസാനവു മാണ് നിലം തൊടേണ്ടത്. (ഉയര്‍ന്നു ചാടിയശേഷം ഒരു കാല്‍മാത്രം കുത്തി ലാന്റുചെയ്താല്‍ കാല്‍ ഒടിയാനിടയാ യേക്കാം - ആയതിനാല്‍ അപ്രകാരം ചെയ്യരുത്); 25 തവണവീതം മുഷ്ടിചുരുട്ടുകയും നിവര്‍ത്തുകയും ചെയ്താല്‍ കൈകള്‍ക്കാ വശ്യമായ വ്യായാമവും ബലവും ലഭിക്കുന്നതാണ്.