"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എങ്ങിനെ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനാകാം ? പാഠം: 16 -ഡോ. കെ എം കര്‍മചന്ദ്രന്‍



ഫുട്‌ബോള്‍ കളിക്കാരന്റെ വേഷഭൂഷകള്‍ (DRESS)

ഫുട്‌ബോള്‍ കളിക്കാരന്‍ കളിക്കുമ്പോള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതായ അടിവസ്ത്രമാണ് അത്‌ലറ്റിക് സപ്പോര്‍ട്ടര്‍ അഥവാ നാടന്‍ ലങ്കോട്ടി. ആണ്‍കുട്ടികള്‍ ഏതാണ്ട് 14 വയസ് പ്രായം മുതല്‍ ഇത് ധരിക്കേണ്ടതാണ്. അത്‌ലറ്റിക് സപ്പോര്‍ട്ടര്‍ എന്ന ഇലാസ്തികതയുള്ള അടിവസ്ത്രം സ്‌പോര്‍ട്ടസ് കടകളില്‍ ലഭ്യമാണ്. നാടന്‍ ലങ്കോട്ടി എങ്ങിനെയാണ് തയ്പ്പിച്ച് ധരിക്കേണ്ടതെന്ന് മുതിര്‍ന്ന ഫുട്‌ബോള്‍ കളിക്കാരോടോ പരിശീലകരോടോ ചോദിച്ചു മനസിലാക്കാം. ഈ അടിവസ്ത്ര ങ്ങളില്‍ ഏതെങ്കിലും ഒന്ന് ധരിച്ചശേഷം അതിനു മുകളിലായി ഹാഫ് ട്രൗസേഴ്‌സ് / നിക്കര്‍ / ഷോര്‍ട്‌സ് ധരിക്കുക. മേല്‍വസ്ത്ര മായി അതത് ടീമുകളുടെ നിറമുള്ള ജേഴസി ധരിക്കാം.

കാലുകളില്‍ ബൂട്ടുകെട്ടുന്നതിനു മുമ്പായി ഇലാസ്റ്റിക് കോട്ടണ്‍ ക്രേപ്പ് ബാന്‍ഡേജുകള്‍ പാദത്തിലും കണങ്കാലിലും കാല്‍വണ്ണ യിലുമായി ചുറ്റി ഉറപ്പിച്ചു നിര്‍ത്തേണ്ടതാണ്. ഇത്തരം ബാന്‍ഡേജുകള്‍ ഇംഗ്ലീഷ് മരുന്നുകടകളില്‍ ലഭ്യമാണ്. രണ്ടു ബാന്‍ഡേജുകള്‍ ഉണ്ടെങ്കില്‍ ഇരുകാലുകളിലുമായി കെട്ടിയുറപ്പി ക്കാം. ഇതിനുമുകളിലായി ഓരോ ഷിന്‍ഗാര്‍ഡുകളും കൂടി ഘടിപ്പിച്ചാല്‍ കാലുകളില്‍ പരിക്കുപറ്റുന്നതൊഴിവാക്കാം. ഷിന്‍ഗാര്‍ഡുകള്‍ സ്‌പോര്‍ട്ടസ് ഷോപ്പുകളില്‍ നിന്നും ലഭിക്കും. ബാന്‍ഡേജിനും ഷിന്‍ഗാര്‍ഡിനും പുറമേയായി കാല്‍മുട്ടുവരെ യെത്തുന്ന സോക്‌സ് അഥവാ സ്‌റ്റോക്കിംങ്‌സ് ധരിക്കാവുന്നതാണ്. ഏറ്റവും അവസാനമായി ഫുട്‌ബോള്‍ ബൂട്ടുകള്‍ കൂടി ധരിച്ച് കളിക്കാനിറങ്ങാം.

ബാന്‍ഡേജ്, ഷിന്‍ഗാര്‍ഡ്, ഫുട്‌ബോള്‍ ബൂട്ടസ് എന്നിവ എങ്ങിനെയാണ് ശരിയായി ധരിക്കേണ്ടതെന്ന് മുതിര്‍ന്ന കളിക്കാരോടോ പരിശീലകരോടോ ചോദിച്ചു മനസിലാക്കുക.

വ്യായാമങ്ങള്‍ മാത്രമായി പരിശീലിക്കുന്ന സമയത്ത് ഫുട്‌ബോള്‍ ബൂട്ടുകള്‍ക്കു പകരം ക്യാന്‍വാസ് ഷൂസ് ഉപയോഗിക്കാവുന്ന താണ്. എന്നാല്‍ പന്ത് ഉപയോഗിച്ച് പരിശീലിക്കുമ്പോഴും ഫുട്‌ബോള്‍ ഗെയിം കളിക്കുമ്പോഴും നിര്‍ബന്ധമായും ക്യാന്‍വാസ് ഷൂസ് മാറ്റി, ഫുട്‌ബോള്‍ ബൂട്ടുകള്‍ തന്നെ അണിയേണ്ടതാണ്. (അല്ലാത്തപക്ഷം നിര്‍ണായക നിമിഷങ്ങളില്‍ തെന്നിവീണ് പരിക്കുപറ്റുന്നതിന് ഇടയാകും)

വേഷഭൂഷകള്‍ക്കും പന്തിനുമായി ഒരു ഫുട്‌ബോള്‍ കളിക്കാരന് വേണ്ടിവരുന്ന പണച്ചെലവ് മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതുതന്നെയാണ് ഫുട്‌ബോള്‍ കളിയെ ജനകീയമാക്കുന്നതും. (സ്‌കൂള്‍ തലത്തില്‍ ബൂട്ടില്ലാതെയുള്ള ചെറിയകുട്ടികളുടെ പരിശീലനത്തിന് തീരെ പണച്ചെലവില്ല എന്നുതന്നെ പറയാം)