"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

രവി കെ പി



മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ പെടുന്ന കാരാട് കുമ്മഞ്ചിരി വീട്ടില്‍ ശങ്കരന്റേയും കല്യാണിയുടേയും മകനായി 25 - 5 - 1970 ന് ജനിച്ചു. 

സേവാമന്ദിരം പോസ്റ്റ് ബേസിക് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായി. ഫറൂഖ് കോളേജില്‍ നിന്നും പ്രീഡിഗ്രി പാസായി. 1991 ല്‍ അവിടെ നിന്നുതന്നെ ഒന്നാം റാങ്കോടെ മലയാളം സോഷ്യോളജി വിഷയത്തില്‍ ഡിഗ്രി പാസായി. തുടര്‍ന്ന് ബി എഡ്ഉം അവിടെ നിന്നുതന്നെ നേടി. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും ഒന്നാം റാങ്കോടെ എം ഫില്‍ഉം, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും നേടി. 

മാനന്തവാടി ഗവ. കോളേജില്‍ താത്കാലിക അധ്യാപകനായി. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പെരുമ്പളം ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായി സ്ഥിര നിയമനം നേടി. 2001 ല്‍ അസി. പ്രൊഫസറായി നിയമനം നേടി കാലിക്കറ്റ് യൂണി വേഴ്‌സിറ്റിയിന്‍കീഴിലുള്ള വിവിധ കോളേജുകളില്‍ സേവനമ നുഷ്ഠിച്ചു. ഇപ്പോള്‍ കോഴിക്കോട് ഗവ. ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍. 

'മതരാഷ്ട്രീയ സാന്നിധ്യം ദലിത വ്യവഹാരങ്ങളില്‍: ആത്മാഖ്യാനം ജീവചരിത്രം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം' എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയായി.

കോളേജ് വിദ്യാഭ്യാസ കാലത്ത് 'സാഹിതീയം' മാസികയുടെ എഡിറ്ററായിരുന്നു. പ്രസിദ്ധ കണ്ടല്‍ കര്‍ഷകനായിരുന്ന കല്ലേല്‍ പൊക്കുടനെപ്പറ്റിയുള്ള ലേഖന സമാഹാര ഗ്രന്ഥമായ 'കറുപ്പ് ചുവപ്പ് പച്ച'യുടെ പഠനം പി. ആനന്ദനോടൊത്ത് എഡിറ്റ് ചെയ്ത് നിര്‍വഹിച്ചു. 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന പുസ്തകത്തിന്റേയും പഠനം രവി കെ പി യുടേതാണ്. ആനുകാലികങ്ങളില്‍ ദലിത് - പരിസ്ഥിതി രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതുന്നു.

ദലിത് രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തിയതിന് കാരാട് വന്ന് പ്രവര്‍ത്തിച്ച് വീട്ടില്‍ സഹവസിച്ച കല്ലറ സുകുമാരന്‍ സ്വാധീനം ചെലുത്തി. 

ജീവിതപങ്കാളി: സിന്ധു (കവി, ഹയര്‍സെക്കന്ററി അധ്യാപിക), മക്കള്‍: ശ്രാവണ്‍ സൂര്യ, ഗൗതം സൂര്യ.

* ദലിത് ജ്ഞാനവും മതരാഷ്ട്രീയ വിചാരവും എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യുക