"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് എഴുതിയ കത്തുകള്‍ : 5 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍ഭീം റാവു അംബേഡ്കര്‍                                                                               
M A, Ph.D, DSc, Bar - At - Law,                                                                    
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍,          
                     


ദാമോദര്‍ ഹാള്‍,
പരേല്‍,
ബോംബെ 12
1 സെപ്തംബര്‍ 1930

                    
പ്രിയ കണ്ണന്, 

നാളേറെയായിട്ടും താങ്കളില്‍ നിന്നും കത്തുകളൊന്നും ലഭിക്കാത്ത തെന്തുകൊണ്ടാണ് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്. 1930 ആഗസ്റ്റ് 22 ലെയും 24 ലെയും താങ്കളുടെ രണ്ടു കത്തുകള്‍, അതുകൊണ്ടുതന്നെ എനിക്കൊരു വലിയ ആശ്വാസമായിരുന്നു. കുറച്ചു നാള്‍ മുമ്പ് ഞാന്‍ റാവു ബഹദൂര്‍ പിള്ളൈക്ക് ഒരു കത്തയച്ചിരുന്നു. പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാന്‍ എന്ന നിലക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് റാവു ബഹദൂര്‍ പിള്ളൈ രൂപപ്പെടുത്താനാഗ്രഹിച്ച നടപടികള്‍ എന്തെന്നറിയാന്‍ എനിക്കാ ഗ്രഹമുണ്ട്. അതുംകൂടി അറിഞ്ഞിട്ടാകാമെന്നു കരുതിയാണ് നേരത്തേയുള്ള താങ്കളുടെ കത്തുകള്‍ക്ക് മറുപടി തരാതിരുന്നത്.

എന്തുതന്നെയായലും അദ്ദേഹത്തില്‍ നിന്ന് ഇതുവരെ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നുള്ളതില്‍ ഞാന്‍ ഖേദിക്കുന്നു. ഈ സാഹചര്യത്തില്‍ താങ്കള്‍ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങള്‍ക്ക് കൃത്യമായൊരു നിര്‍ദ്ദേശം നല്കുന്ന കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്. എന്നിരുന്നാലും താങ്കളില്‍ ഒരു അവ്യക്തത നിലനില്ക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നു ന്നില്ല. ആയതിനാല്‍ അവയെ സംബന്ധിച്ച് ഞാനെന്റെ നിലപാടുകള്‍ അവതരിപ്പിക്കുകയാണ്. 

നാഗ്പൂരിലെ സമ്മേളനത്തിന്റേയും കൂടിയാലോചനാ സമിതിയുടേയും നടപടിക്രമങ്ങള്‍ കൃത്യമായും പ്രസിദ്ധീകരി ക്കണമെന്ന താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു. അതുകൊണ്ട് അവരുടെ പ്രഭാഷണങ്ങള്‍ പുനഃസിദ്ധീകരിക്കണമെന്ന കാര്യത്തില്‍ പിന്തുണക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്ത മാന്യവ്യക്തികളെ ഇത് തീര്‍ച്ചയായും എഴുതിയറിയിക്കേണ്ടി യിരിക്കുന്നു. എപ്പോള്‍ എത്ര മുതല്‍ മുടക്കി അച്ചടിക്കാന്‍ കഴിയും എന്നതാണ് പ്രശ്‌നം. അടുത്ത സമ്മേളനം നടക്കുന്ന സമയത്ത് അത് പ്രസിദ്ധീകരിക്കണ മെന്നാണ് ഇതു സംബന്ധിച്ച എന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം വൈകുന്ന പക്ഷം, സമ്മേളന പ്രക്രിയകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭ്യമാകില്ലെന്ന വസ്തുതയും ഞാന്‍ തിരിച്ചറിയുന്നു. 

രാഷ്ട്രീയ മേഖലയില്‍ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങളുടെ വിശാലമായ വ്യാപനം, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്ക് തികച്ചും ഗുണപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ താങ്കളുള്‍പ്പെടെയുള്ളവരുടെ ഇടയില്‍ നടപടിക്രമങ്ങല്‍ എത്രയും പെട്ടെന്ന് പ്രസിദ്ദീകരിക്കണമെന്നുള്ള കാര്യത്തില്‍ ഒരു തുറന്ന സമീപനം ഉണ്ടാവുകതന്നെ വേണം. എന്നാല്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ കൂടുതലായി ഈ നടപടിക്രമങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നതെന്ന വസ്തുതയും താങ്കളുള്‍പ്പെടെയുള്ളവര്‍ മനസിലാക്കണം. അതിനാല്‍, ഈ ഉദ്ദേശ്യത്തോടുകൂടി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമല്ല എല്ലാ പ്രാദേശികഭാഷകളിലും പ്രസിദ്ധീകരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഒരേസമയം ഇംഗ്ലീഷിലും മറാത്തിയിലും പ്രസിദ്ദീകരിക്കുന്നതിനാവശ്യമായ തുക മുടക്കുവാന്‍ എന്നെക്കൊണ്ടാവുമോ എന്ന കാര്യം സംശയമാണ്.

ഇംഗ്ലീഷ് പതിപ്പിന്റെ ചെലവ് വഹിക്കാന്‍ കഴിയുമോ എന്ന് ആവശ്യപ്പെട്ട് ഞാന്‍ സി പി ഒജിലിന് എഴുതിയിരിക്കുകയാണ്. അങ്ങനെയെങ്കില്‍ മറാത്തി പതിപ്പിന്റെ അച്ചടിച്ചെലവ് എനിക്ക് താങ്ങാന്‍ പറ്റും. അദ്ദേഹം സമ്മതിച്ചാല്‍ ഞാന്‍ ആ ജോലി എത്രയും വേഗം ചെയ്തു തീര്‍ക്കുകയും വിവരം താങ്കളെ അറിയിക്കുന്നതുമാണ്. അതുപോലെതന്നെ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള എന്റെ ഈ തീരുമാനം അതതു പ്രദേശങ്ങളിലുള്ള അംഗങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്ന തിനായി താങ്കള്‍ അവര്‍ക്ക് എഴുതണമെന്നും ഞാന്‍ ആഗ്രഹി ക്കുന്നു.

പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പുമായി ബന്ധപ്പെട്ട് എല്ലാ കണ്ണുകളും എന്നിലേക്ക് തിരിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്. എല്ലാവരു ടേയും താത്പര്യം അതാണെങ്കില്‍ അതില്‍ നിന്നും ഞാന്‍ പിന്മാറുന്നില്ല. പക്ഷെ നമ്മുടെ സംഘടനക്ക് നേതൃത്വം നല്കുന്നവരില്‍ മാത്രം അടിയുറച്ച ഒരു വരണ്ട പാറക്കെട്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ, ഇക്കാര്യത്തില്‍ ഈ വര്‍ഷം നമുക്കൊരു മാറ്റം വരുത്താന്‍ കഴിയില്ല. സംഘടനയെ കൂടാതെ നമുക്കൊന്നും പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും അച്ചടക്കം കൂടാതെ ഒരു സംഘടനക്കും പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും മറ്റുമുള്ള കാര്യത്തില്‍ എനിക്ക് അത്രക്ക് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. സമിതിയുടെ ചെയര്‍മാനായി ഈ വര്‍ഷം നമ്മള്‍ റാവു സാഹിബ് പിള്ളൈയെ തരഞ്ഞെടുത്തിട്ടുള്ളതിനാല്‍, അദ്ദേഹ ത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നേതൃത്വപരമായ നമ്മുടെ തീരുമാനങ്ങള്‍ക്കു വേണ്ടി ഇനി നമ്മള്‍ ഈ വര്‍ഷം അവസാനം വരേയും കാത്തിരിക്കേണ്ടതുണ്ട്. 

അതിനാല്‍ ഞാന്‍ നേതൃത്വമേറ്റെടുക്കണോ അതോ സാധാരണ അംഗമായി തുടരണോ എന്നുള്ളതല്ല പ്രശ്‌നം. അതു കാര്യമാക്കാതെ നമ്മുടെ പൊതുവായ എല്ലാ പ്രവര്‍ത്തന ങ്ങള്‍ക്കും ഞാന്‍ കൂടെത്തന്നെ ഉണ്ടാകുമെന്നുള്ള വസ്തുത നമ്മുടെ എല്ലാ സുഹൃത്തുക്കളേയും താങ്കള്‍ അറിയിക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സി പി സുഹൃത്തുക്കളില്‍ നിന്നും എനിക്കിതുവരെ ഒരു ഫോട്ടോ പോലും ലഭിച്ചിട്ടില്ല. അവരില്‍ നിന്നുള്ള വിവരങ്ങള്‍ അറിയുന്നതിന് മുമ്പായി കാര്യങ്ങള്‍ ഞാന്‍ താങ്കളെ അറിയിക്കു ന്നതായിരിക്കും.

പ്രിന്റ് ചെയ്ത വിവരങ്ങള്‍ ഇവിടെനിന്നും അയക്കുന്ന കാര്യത്തില്‍ ഞാന്‍ താത്പര്യമെടുത്തിട്ടുണ്ട്. അനുയോജ്യമായ തലക്കെട്ടുകളും മേല്‍വിലാസങ്ങളും അറിയിക്കുവാന്‍ വേണ്ടി ഞാന്‍ റാവു സാഹിബ് പിള്ളൈക്ക് എഴുതിയിട്ടുണ്ട്. പക്ഷെ ഞാന്‍ മുമ്പു സൂചിപ്പിച്ചതു പോലെ റാവു സാഹിബ് പിള്ളൈയില്‍ നിന്നും എനിക്കിതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നമ്മുടെ സംഭാവനകള്‍ അയച്ചു കിട്ടാനും ഞാന്‍ കാത്തിരിക്കുകയാണ്.

കൃത്യമായ മേല്‍വിലാസം അറിയിക്കുക. പറഞ്ഞതെല്ലാം താങ്കള്‍ക്ക് ലഭ്യമായിരിക്കും. ടൈപ്പ്‌റൈറ്റര്‍ താങ്കള്‍ക്ക് അയച്ചു തന്നിട്ടുണ്ട്. കൊടിപാറിക്കുന്നതില്‍ താങ്കളിലുള്ള ദൃഢനിശ്ചയം അറിയുന്നതില്‍ ഞാനേറെ സന്തോഷിക്കുന്നു. എല്ലാ കാര്യത്തിലും എന്റെ പൂര്‍ണ സഹകരണം ഉണ്ടാകും.
ഏറെ സ്‌നേഹാദരങ്ങളോടെ,
ആത്മാര്‍ത്ഥതയടെ,
നിങ്ങളുടെ 
ബി ആര്‍ അംബേഡ്കര്‍