"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

സാമൂഹ്യ പരിഷ്‌ക്കരണം വടക്കന്‍ തിരുവിതാംകൂറിലും - കുന്നുകുഴി എസ് മണിതെക്കന്‍ തിരുവിതാംകൂറിലെ സാധുജന വിമോചന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ അയ്യന്‍കാളി വടക്കന്‍ തിരുവിതാംകൂര്‍ പ്രദേശങ്ങളിലും സാധുജനവിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടു. ഇതിനകം പ്രജാസഭ മെമ്പറായ അയ്യന്‍കാളി തിരുവിതാംകൂറിലുടനീളം പ്രസിദ്ധനായി തീര്‍ന്നിരുന്നു. അധഃസ്ഥിത വര്‍ഗ്ഗത്തില്‍ നിന്നും ആദ്യമായി നിയമനിര്‍മ്മാണസഭയിലെത്തിയ അയ്യന്‍കാളിയെ കാണാനും തങ്ങളുടെ അവശതകള്‍ പറയാനും, സ്വീകരണങ്ങള്‍ നല്‍കാനും വടക്കന്‍ ജില്ലകളില്‍ നിന്നുള്ള അധഃസ്ഥിതര്‍ കൂട്ടം കൂട്ടമായി തിരുവിതാംകൂറിലെത്തിക്കൊണ്ടിരുന്നു. ഈ കാലത്തും വടക്കന്‍ ജില്ലകളിലെ കീഴാള ജനങ്ങളുടെ സ്ഥിതി ശോചനീയമായി തന്നെ തുടര്‍ന്നിരുന്നു. പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയ ജാതിക്കാരുടെ സ്ഥിതി ഇന്നത്തെ ആദിവാസികളെക്കാള്‍ പരമ ദയനീയമായിരുന്നു. ആണും പെണ്ണും മുട്ടുവരെ മാത്രമെത്തുന്ന കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച് അതാതിടങ്ങളിലെ ജന്മിമാരുടെ അടിമകളായി അടിയും, ഇടിയും, തൊഴിയുമേറ്റ് ജീവിക്കാനായിരുന്നു വിധി. ആ വിധിവിഹിതം മാറ്റാന്‍ ഉടയതമ്പുരാനുപോലും ആ കാലത്ത് കഴിഞ്ഞിരുന്നില്ല. മുപ്പത്തിമുക്കോടി ദേവര്‍കള്‍ക്കും, അറുപത്താറായിരക്കോടി അസുരകള്‍ക്കും ഈ കീഴാളന്റെ വിധിവിഹിതം മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏഴകളായ ഇവര്‍ ഏഴര വെളുപ്പിന് എഴുന്നേറ്റ് ജന്മിമാരുടെ കാണായ പാടശേഖരങ്ങളില്‍ എത്തി മൃഗങ്ങളെപ്പോലെ പകലന്തിയോളം കഠിനാധ്വാനം ചെയ്യണം. ഇങ്ങനെ പണിയെടുത്താലും നല്ല കൂലിയോ നല്ല ഭക്ഷണമോ ഇവര്‍ക്കില്ല. ജന്മിയുടെ പുരയിടത്തില്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഒഴിച്ചുകൊടുക്കുന്ന കരിക്കാടിയാണ് അവന്റെ ഭക്ഷണം. പുലയപെണ്‍കൊടിമാര്‍ക്ക് മേലില്‍ ശീലയിട്ടുകൂട. നഗ്നമായ മാറിടത്തില്‍ കല്ലമാലകളെ ധരിക്കാന്‍ പാടുണ്ടായിരുന്നുള്ളു. ഇങ്ങനെ വേണമായിരുന്നു ചെറുമികള്‍ ജന്മിമാരുടെ കൃഷിയിടങ്ങളിലെ പണികള്‍ ചെയ്യാന്‍. പിന്നെ പൊതുവഴിയി ലെങ്ങാനും സഞ്ചരിക്കാനും പാടില്ലായിരുന്നു. തീണ്ടലും തൊടീലും അയിത്താചാരവുമൊക്കെ അനുഭവിക്കണം. ഈ ദുരാചാരങ്ങള്‍ ക്കെതിരെ പടപൊരുതിക്കൊണ്ടായിരുന്നു അയ്യന്‍കാളിയുടെ ജൈത്രയാത്ര. അതെ സമയം കൊച്ചിയിലും മലബാറിലും പുലയരുടെയും ചെറുമരുടെയുമെല്ലാം അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.

സാധുജനവിമോചന പോരാളിയായ അയ്യന്‍കാളി തന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഐക്യനിര കെട്ടിപ്പെടുത്തതും അതിന്റെ പ്രവര്‍ത്തനം ക്രോഡീകരിച്ചതും പുതിയൊരു കാഴ്ചപ്പാടിലായിരുന്നു. എന്നാല്‍ ഇക്കാലത്തൊന്നും തിരുവിതാംകൂറില്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും പിടിമുറുക്കിയി രുന്നില്ല. വിദ്യാഭ്യാസമായിരുന്നു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ അടിത്തറയായി അയ്യന്‍കാളി കണ്ടതും തന്റെ ജനസഞ്ചയത്തി ന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി നടപ്പിലാക്കിയതും. എന്നാല്‍ അയ്യന്‍കാളിക്ക് 28 വയസ്സ് പ്രായമുണ്ടായിരുന്ന കാലത്താണ് 1891-ല്‍ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം നടന്നത്. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ രാജ്യത്തിനു പുറത്തുനിന്നുള്ളവരെ നിയമിക്കുന്നതില്‍ പ്രതിഷേധിക്കുവാനും ഉദ്യോഗങ്ങള്‍ തിരുവിതാംകൂര്‍കാര്‍ക്കു തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 10,028 പേര്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി കെ.പി.ശങ്കരമേനോന്റെ നേതൃത്വത്തില്‍ മഹാരാജാവിന് സമര്‍പ്പിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം 1896-ല്‍ 13, 176 പേര്‍ ഒപ്പിട്ട മറ്റൊരു ഭീമഹര്‍ജി ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തിലും മഹാരാജാവിന് സമര്‍പ്പിച്ചു. ഇത് ഈഴവ മെമ്മോറിയല്‍ എന്നറിയപ്പെട്ടു. അയ്യന്‍കാളി ആ കാലത്ത് ജീവിച്ചിരുന്നു വെങ്കിലും ഒരു പുലയ മെമ്മോറിയല്‍ കൊടുക്കാനുള്ള വികാസമൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രവുമല്ല പുലയരന്ന് സംഘടിതരുമായിരുന്നില്ല. ആളെ പിടിപ്പന്‍ മിഷനറിമാര്‍ ഒരറ്റത്ത് കീഴാളരെ മതംമാറ്റം വഴി ക്രിസ്ത്യാനികളാക്കി മാറ്റിക്കൊണ്ടി രുന്നപ്പോള്‍ സവര്‍ണ ഹൈന്ദവ മാഫിയകള്‍ ജാതിയ ഉച്ചനീചത്വങ്ങള്‍കൊണ്ട് അവരെ ശ്വാസം മുട്ടിക്കുകയായിരുന്നു. 1914-ല്‍ തൃശൂരില്‍ ഹോംറൂള്‍ ലീഗ് സമ്മേളനം നടന്നു. ഗോഖലെ മെമ്മോറിയല്‍ അസോസിയേഷന്‍ രൂപീകൃതമായതും ഈ കാലത്താണ്. 1916-ല്‍ഹോംറൂള്‍ ലീഗിന്റെ ശാഖ മലബാറില്‍ സ്ഥാപിച്ചു. 1917-ല്‍ മുസ്ലീം ലീഗിന്റെ ശാഖകള്‍ മലബാറില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1918-ല്‍ രാജ്യഭരണകാര്യങ്ങളില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം നേടുന്നതിനായി തൃശൂരില്‍ കൊച്ചി മഹാജനസഭ രൂപീകരിച്ചു. 1919 ആകുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു കമ്മറ്റി തൃശൂരില്‍ രൂപീകരിച്ചു. പക്ഷെ അപ്പോഴും തിരുവിതാംകൂര്‍ രാജഭരണത്തിന്‍കീഴില്‍ സ്വതന്ത്രമായി തന്നെ നിലകൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ അയ്യന്‍കാളി തിരുവിതാംകൂറിലൂടനീളം കീഴള ജനതയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വടക്കന്‍ ജില്ലകളിലേയ്ക്ക് അതിന്റെ അലയൊലികള്‍ ഉയര്‍ത്തിവിട്ടിരുന്നു.

1907-ല്‍ അയ്യന്‍കാളി രൂപീകരിച്ച സാധുജനപരിപാലന സംഘത്തിന്റെ ചുവടു പിടിച്ചുകൊണ്ടായിരുന്നു ആറുവര്‍ഷ ങ്ങള്‍ക്കു ശേഷം 1913-ല്‍ എറണാകുളത്ത് വെണ്ടുരുത്തിക്കായല്‍ പരപ്പില്‍ 'കൊച്ചിപുലയര്‍ മഹാജനസഭ' യ്ക്ക് ധീവരനായ പണ്ഡിറ്റ് കെ.പി.കറുപ്പന്‍ മാസ്റ്റര്‍ രൂപം നല്‍കിയത്. കൊച്ചി കായല്‍ പരപ്പിലായിരുന്നു ഇതിന്റെ ജനനം. കൊച്ചിയില്‍ ആ കാലത്ത് പുലയര്‍ക്ക് കരയില്‍ സഞ്ചരിക്കാനോ സമ്മേളിക്കാനോ പാടില്ലായിരുന്നു. അത്രയേറെ തീണ്ടലും തൊടീലും രൂക്ഷമായി രുന്നു.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും സാധുജനങ്ങള്‍ കരയില്‍ കടന്നുകൂട. വള്ളങ്ങളില്‍ നടുക്കായലില്‍ എത്തി തമ്പടിച്ചു കൊണ്ടുവേണം അന്യായവിലയ്ക്ക് അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍. വല്ലാര്‍പാടം, ഇളംകുന്നപ്പുഴ, മുളവുകാട്, വൈയ്പിന്‍, ചിറ്റൂര്‍, ചേരാനല്ലൂര്‍, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിത്തല, കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളില്‍ പുലയരും, ധീവരുമായിരുന്നു തിങ്ങിപ്പാര്‍ത്തി രുന്നത്. സംഖ്യാബലത്തില്‍ പുലയരോടൊപ്പം ധീവരും മുന്നില്‍ നിന്നിരുന്നു. ധീവരന്‍ മുക്കുവരില്‍പ്പെട്ട ഒരു വിഭാഗമായിരുന്നു. അതുകൊണ്ടുതന്നെ സവര്‍ണരുടെ കരിനിയമങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും ധീവരരും വിധേയരായിരുന്നു. അവരുടെ ഇടയില്‍ നിന്നും ജനിച്ച പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്റര്‍ ധീവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് രംഗത്തുവന്നു. 1909-ല്‍ കൊച്ചിയിലെ വിദ്യാലയങ്ങളില്‍ ഒന്നില്‍പോലും പുലയരുടെയോ, ധീവരരുടെയോ ഒരു കുട്ടിപോലും വിദ്യാഭ്യാസം ചെയ്തിരുന്നില്ല. കറുത്ത മുഷിഞ്ഞ വേഷവിധാനത്തോടെയുള്ള പുരുഷന്മാരും അര്‍ദ്ധനഗ്നകളായ സ്ത്രീകളേയുംഎങ്ങും കാണാമായിരുന്നു. ചില പ്രദേശങ്ങളിലെ പുലയ സ്ത്രീകള്‍ പുല്ലുകൊണ്ടായിരുന്നു നഗ്നത മറിച്ചിരുന്നതെന്ന് ചില വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തി യിട്ടുണ്ട്. അടിമത്വവും അയിത്തവും എങ്ങും നടമാടിയിരുന്നു. ഈ വിധ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടാണ് കറുപ്പന്‍ മാസ്റ്റര്‍ രംഗത്തെത്തിയത്. ഒടുവില്‍ അദ്ദേഹം കൊച്ചി പുലയര്‍ മഹാജനസഭയുടെ സ്ഥാപക നേതാവായി ഉയര്‍ന്നു.

1913- ഏപ്രില്‍ 21ന് വല്ലാര്‍പാടം, ഇളംകുന്നപ്പുഴ, മുളവുകാട്, വൈയ്പിന്‍, ചിറ്റൂര്‍, ചേരാനല്ലൂര്‍, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിത്തല,കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചാത്തന്‍കൃഷ്ണാദിയെന്ന കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ പുലയര്‍ വള്ളങ്ങളില്‍ ടി.കെ.കൃഷ്ണ മേനോന്റെ വീടിനു പടിഞ്ഞാറ് വെണ്ടുരുത്തിക്കാ യല്‍പ്പരപ്പില്‍ വന്നു ചേര്‍ന്നു. വള്ളങ്ങളില്‍ പലകകള്‍ നിരത്തി ഒരു താല്‍ക്കാലിക ഫ്‌ളാറ്റുഫോം തയ്യാറാക്കി. കറുപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അന്നാദ്യമായി പുലയര്‍ യോഗം ചേര്‍ന്നു 'കൊച്ചി പുലയര്‍ മഹാജനസഭ' യ്ക്കു രൂപം കൊടുത്തു. പിന്നീട് കറുപ്പന്‍ മാസ്റ്ററുടെ തന്നെ നേതൃത്വത്തില്‍ മെയ് 25ന് ടി.കെ.കൃഷ്ണ മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മഹായോഗം കൊച്ചി പുലയര്‍ മഹാജനസഭ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷ്ണാദി ആശാന്റെ ശ്രമഫലമായി 1500-ല്‍പ്പരം പുലയരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. ഈ യോഗത്തോടെയാണ് പി.സി.ചാഞ്ചന്‍ പുലയരുടെ നേതാവായി ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പി.സി.ചാഞ്ചനും, കെ.പി.വള്ളോനും കൊച്ചി നിയമസഭ മെമ്പര്‍മാരായി നോമിനേറ്റ് ചെയ്യപ്പെട്ടത് കൊച്ചിന്‍ പുലയര്‍ മഹാജനസഭ വഴിക്കായിരുന്നു. 1930 നു ശേഷം ഈ സംഘടന സമസ്ത കൊച്ചി പുലയര്‍ മഹാസഭയായി മാറി. മലബാറില്‍ ഈ കാലയളവില്‍ പുലയ-ചെറുമ സമുദായത്തിന്റെ ഉന്നമനത്തിനായി 'ആദി കേരളീയ സംഘം' എന്നൊരു സംഘടനയും രൂപീകൃതമാ യിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം അടിസ്ഥാന ശിലയായി പ്രവര്‍ത്തിച്ചത് അയ്യന്‍കാളിയുടെ സാധുജനപരിപാലന സംഘമായിരുന്നു.

1917-ല്‍ അയ്യന്‍കാളി തന്റെ വടക്കന്‍ ജില്ലകളിലേയ്ക്കുള്ള ജൈത്രയാത്ര ആരംഭിച്ചു. കുട്ടനാട്ടിലെ പുലയരുടെ ക്ഷണപ്രകാര മാണെങ്കില്‍ പോലും അതൊരു നിമിത്തമായിരുന്നു. അയ്യന്‍കാളി ആലപ്പുഴയിലും കുട്ടനാട്ടിലും സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതിനെ സംബന്ധിച്ച് കുന്നുകുഴി മണിയുടെ കത്തുകള്‍ മാതൃഭൂമി വാരികയില്‍ വായിച്ച കുട്ടനാട്ടു സ്വദേശിയും മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനുമായിരുന്ന എ.ബി.ഉണ്ണി പാലക്കാട്ടുനിന്നും 2004 സെപ്തംബര്‍ 13 ന് അയച്ചുകൊടുത്ത ദീര്‍ഘമായ കത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ഒരു പക്ഷെ കുട്ടനാടിന്റെയും കുട്ടനാട്ടിലെ പുലയരുടെയും ചരിത്രാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കത്ത്. കൂടാതെ വയലാര്‍-പുന്നപ്ര സമരത്തിന്റെ ചില വിവരങ്ങളും കത്തിന്റെ അവസാന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. അതിവിടെ പ്രസക്തമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. കത്തില്‍ ഇങ്ങനെ പറയുന്നു. ആലപ്പുഴ നഗരത്തില്‍ നിന്നും മൂന്നുമൈല്‍ തെക്ക് പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ പരവൂര്‍ പ്രദേശത്ത് 'അരീത്തറവീട്' എന്നൊരു തറവാട് ഉണ്ട്. ഈ വീടിന്റെ മുന്‍വശത്തു നിന്നും കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആരംഭിക്കുന്നു വെന്ന് പറയാം. തറവാടിന്റെ തൊട്ട് മുന്‍വശത്തുള്ള എഴുപതു ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ പേര് 'കണ്ണാംകുരുടി' എന്നാണ്. എന്റെ അപ്പന്‍ ബഞ്ചമിന്റെ അപ്പൂപ്പനും, അമ്മൂമ്മയുമായിരുന്നു കണ്ണനും കുരുടിയും അവരുടെ ഉടമസ്ഥതയിലും കൈവശാവകാശത്തിലുമായിരുന്നു അക്കാലത്ത് ഈ പാടശേഖരങ്ങളെല്ലാം. അവരുടെ (കണ്ണനും കുരുടിയും) മക്കളും പേരക്കിടങ്ങളുമുള്‍ക്കൊള്ളുന്ന വലിയ കുടുംബം താമസിച്ചിരുന്നത് അരീത്തറ വീടിരിക്കുന്ന പുരയിടത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്തിരുന്ന പഴയ കുടുംബ വീടായ 'നെടുന്തറ' തറവാട്ടിലായിരുന്നു. ഇന്ന് ഈ പരിസരത്തുള്ള എട്ടൊന്‍പത് 'തറ' എന്നവസാനിക്കുന്ന വീട്ടുപേരുകളുള്ള കുടുംബങ്ങളിരിക്കുന്ന ഏക്കര്‍ കണക്കിന് വരുന്ന സ്ഥലങ്ങളും 'നെടുന്തറ' പുരയിടത്തോടു ചേര്‍ന്നുള്ളതായിരുന്നുവെന്നതും ചരിത്രമാണ്. തലമുറകളായി കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരുന്ന പറമ്പുകളും പാടങ്ങളും നഷ്ടപ്പെട്ട് അവസാനം ഇവിടെത്തന്നെ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടിയത് എങ്ങിനെയെന്ന് കാരണവന്മാര്‍ ഇടയ്‌ക്കൊക്കെ നെടുവീര്‍പ്പോടെ പറയുമായിരുന്നു.

സമീപപ്രദേശത്തുള്ള ഒരു ജന്മിയുമായി എന്തോ കാരണങ്ങളുടെ പേരില്‍ ചില തര്‍ക്കങ്ങളൊക്കെ ഉണ്ടായി. ഒരു നാള്‍ പാടവരമ്പത്തു വച്ച് തര്‍ക്കം മൂര്‍ച്ഛിച്ച് കണ്ണനും മക്കളും ജന്മി തറവാട്ടുകാരുമായി ഏറ്റുമുട്ടല്‍ നടന്നു. ഒടുവില്‍ സവര്‍ണ-ജന്മി മേധാവികളുടെ അതിക്രമങ്ങള്‍ക്കെതിരെ നെടുന്തറക്കാരുടെ നേതൃത്വത്തില്‍ പരിസരത്തുള്ളപുലയര്‍ സംഘടിച്ച് പ്രതിഷേധ ങ്ങള്‍ ഉയര്‍ത്തി. വീണ്ടും സംഘര്‍ഷങ്ങള്‍ ഉരുണ്ടു കൂടുകയും അവ വളര്‍ന്ന് കായിക സംഘട്ടനങ്ങളില്‍ എത്തുകയും ഇരുപക്ഷത്തും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘട്ടനത്തില്‍ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. അതോടെ സംഘര്‍ഷാത്മകമായ അന്തരീക്ഷത്തില്‍ കേസുകളുമായി മുന്നോട്ടുപോയി. ഒടുവില്‍ ആളും അര്‍ത്ഥവും സ്വാധീനവുമു ണ്ടായിരുന്ന ജന്മിമാരും മേല്‍ ജാതി ശ്രേണിക്കാരും കണ്ണന്റെയും കുരുടിയുടെയും കൈവശമിരുന്ന പാടങ്ങളും പറമ്പുകളും അന്യായമായി കൈയ്യടക്കുന്നതിലാണ് ചെന്നെത്തിയത്. അക്കാലത്ത് കേരളക്കരയില്‍ പല പ്രദേശങ്ങളിലും മേലാള വര്‍ഗ്ഗത്തോടേറ്റുമുട്ടി പിന്‍വാങ്ങേണ്ടിവന്ന കീഴാള വര്‍ഗ്ഗങ്ങളുടെ അവസ്ഥാന്തരം ഇവിടെയും സംഭവിച്ചു. ഇന്ന്, ആ പഴയ കാരണവദമ്പതിമാരുടെ നാമങ്ങളോടുകൂടിയ 'കണ്ണാംകുരുടി' പാടശേഖരം തുണ്ടുതുണ്ടായി പലരുടെയും കൈവശത്തിലാണ്. അതില്‍ ഒരു പത്തു പറ നിലം ഞങ്ങളുടെ കുടുംബത്തി ലൊരാളുടെ വകയായുണ്ട്. ഈ പാടശേഖരങ്ങളുടെ ഇങ്ങേക്കരയില്‍ ഒരു ചരിത്ര നിയോഗം പോലെ ഇന്നും 'അരീത്തറ' വീട് പുതിയ രൂപഭാവങ്ങളോടെ നിലനില്‍ക്കുന്നു.

ഉണ്ണി തുടരുന്നു: മേല്‍ വിവരിച്ച സംഭവങ്ങള്‍ക്കു ശേഷം കാരണവന്മാര്‍ തിരുവനന്തപുരത്തെത്തി അയ്യന്‍കാളി യജമാനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും കുട്ടനാട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങിനെ എന്റെ അപ്പന്റെ കുട്ടിക്കാലത്ത് 1917-ല്‍ ഒരു ദിവസം സാധുജനവിമോചന പ്പോരാളിയായ അയ്യന്‍കാളി ഞങ്ങളുടെ പുരാതനമായ 'അരീതറ' തറവാട് സന്ദര്‍ശിക്കാനെത്തി. വീട്ടിലെത്തിയ അയ്യന്‍കാളിയും സംഘവും വീട്ടിലെ കാരണവന്മാരുമായി സംഭവങ്ങളെ സംബന്ധിച്ച് സംഭാഷണം നടത്തുമ്പോള്‍ ചുറ്റുവട്ടത്തുള്ള പുലയര്‍ മഹാനായ അയ്യന്‍കാളി യജമാനനെ ഒരു നോക്കുകാണുവാനും ഒന്നു മനസ്സുനിറയെ വണങ്ങാനുമായി അവിടെ ഒത്തുകൂടി. അയ്യന്‍കാളി അവിടെ വന്നവരോടെല്ലാം കുശലാന്വേഷണങ്ങള്‍ നടത്തുകയും പരിചയപ്പെടുകയും എല്ലാവരേയും അനുഗ്രഹി ക്കുകയും മറ്റും ചെയ്തു. തുടര്‍ന്ന് അവിടെ വച്ച് ഒരു യോഗം ചേരുകയും അയ്യന്‍കാളി പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തുകയും സംഘടന കൊണ്ടു മാത്രമേ നമ്മുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുവെന്ന് ഉത്‌ബോധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സാധുജനപരിപാലന സംഘത്തിന്റെ ഒരു ശാഖ സ്ഥാപിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന ഉപദേശവും നല്‍കുകയുണ്ടായി. ഈ സംഭവങ്ങള്‍ അച്ഛന്‍ പാപ്പിയും സഹോദരി കൊച്ചുപെങ്ങളുമാണ് ഓര്‍മ്മയില്‍ നിന്നും പലപ്പോഴും പറഞ്ഞുകേട്ടത്. അന്ന് മഹാനായ അയ്യന്‍കാളി യജമാനനെ കാണാന്‍ പരിസരത്തുള്ള മേല്‍ജാതിക്കാര്‍ അരീത്തറ വീടിന്റെ വേലിക്കരികില്‍ കൂട്ടംകൂടി നിന്നിരുന്നതും അവര്‍ ഓര്‍മ്മിക്കുന്നു.' 1

അഡ്വക്കേറ്റ് എസ്.കുട്ടന്‍ എക്‌സ് എം.എല്‍.എ.നെയ്യാറ്റിന്‍കര തന്റെ ചെറുപ്പകാലത്ത് ഒരുനാള്‍ നെയ്യാറ്റിന്‍കര താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പരിസരത്ത് വച്ച് അയ്യന്‍കാളിയെ നേരില്‍ കണ്ടതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു: 'ഞാന്‍ നെയ്യാറ്റിന്‍കര ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ താഴ്ന്ന ക്ലാസില്‍ പഠിക്കുന്ന കാലം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1921 സെപ്തംബര്‍ മാസത്തില്‍ ഒരു സാദ്ധ്യായക ദിവസം. രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് അല്പം മുന്‍പ് എന്റെ സഹപാഠി കളില്‍ പലരും സ്‌കൂളിന് എതിര്‍വശത്തുള്ള നെയ്യാറ്റിന്‍കര താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പരിസരത്ത് തടിച്ചു കൂടുന്നത് കണ്ട് ഞാനും അങ്ങോട്ടു പോയി. ആശുപത്രിയില്‍ വരുന്നവര്‍ക്ക് തണലും തണുപ്പുമേകി പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഒരു പോട്ടുപ്ലാവിന്റെ ചുവട്ടില്‍ ദീര്‍ഘകായനായ ഒരാള്‍ തലയുയര്‍ത്തി നില്ക്കുന്നു. ഏതു ജനക്കൂട്ടത്തില്‍ നിന്നാലും പ്രത്യേകം തിരിച്ചറിയാവുന്ന രൂപവും ഭാവവും. ഉദ്ദേശം ആറരടിയോളം പൊക്കം ഇരുണ്ട നിറം. വളരെ രോമനിബിഡമല്ലെങ്കിലും നീണ്ട മേല്‍മീശ. അവയ്ക്കിടയില്‍ ചില രജത രേഖകള്‍ ആക്രമിച്ചിട്ടുണ്ട്. പൊതുവേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഒരു പ്രത്യേക പൗരുഷവും ഗാംഭീര്യവും വര്‍ദ്ധിപ്പിക്കുന്നതാണ് ആ മേല്‍മീശ. കാതുകളില്‍ പഴയകാലത്തെ കടുക്കന്‍. അവയില്‍ചുവന്ന കല്ലുകള്‍ പതിച്ച് സ്വര്‍ണ രേഖകള്‍ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു കണ്ടാല്‍ ഏതോ ഹിന്ദു രാജാവാണെന്നേ തോന്നു. വിശാലമായ നെറ്റിത്തടത്തില്‍ വൃത്താകൃതിയിലുള്ള ചന്ദനവും കുങ്കുമവും ധരിച്ചിരുന്നു. പഴയകാലത്തെ വക്കീലന്മാര്‍ ധരിച്ചുവന്നിരുന്നു ആകൃതിയിലും രൂപത്തിലുമുള്ള തലപ്പാവ്. മുട്ടിന് കീഴ്‌വശം വരെ നീണ്ടു കിടക്കുന്ന കോട്ട്. കഴുത്തിന്റെ മുന്‍ഭാഗം മുതല്‍ കീഴ്‌പോട്ട് വലിയ ബട്ടണ്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. കോട്ടിന്റെ താഴെ അറ്റം ഇരുവശത്തും പുറകില്‍ നിന്നും അകത്തേയ്ക്ക് സൗകര്യമായി കൈകള്‍ ഇടാവുന്ന പോക്കറ്റുകള്‍. കോട്ടിന്റെ മുന്‍വശത്ത് ഇടത്തു ഭാഗത്തായി നെഞ്ചോടു ചേര്‍ന്ന് കട്ടിയുള്ള ഒരു വെള്ളിച്ചെയിനില്‍ ഘടിപ്പിച്ചിട്ടുള്ളസ്വര്‍ണ്ണാങ്കിതവും വൃത്താകൃതിയിലുള്ളതുമായ ദിവാന്‍ജി ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ചു നല്‍കിയ കീര്‍ത്തിമുദ്ര. കൈയ്യിലിരുന്ന സായ്പ് നല്‍കിയ ശീലക്കുടയും തറയില്‍ കുത്തി നിന്നിരുന്ന മനുഷ്യനായിരുന്നു മഹാനായ അയ്യന്‍കാളി!

അല്പം കഴിഞ്ഞ് അദ്ദേഹം ആശുപത്രി ശിപായിയോട് എന്തോ മന്ത്രിച്ചു. ശിപായി അകത്തു പോയി. കുറെ സമയത്തിനുശേഷം അന്നത്തെ ഒന്നാം ഡോക്ടര്‍ വാതിലിനു സമീപം വന്നു. അയ്യന്‍കാളിയെ കൂപ്പു കൈകളോടെ തൊഴുതു. അദ്ദേഹവും വളരെ വിനയാന്വിതനായി പ്രത്യാഭിവാദനം ചെയ്തു. അയ്യന്‍കാളിയെ ഡോക്ടര്‍ അകത്തേയ്ക്കു ക്ഷണിച്ചു. 'വേണ്ട, ഇപ്പോള്‍ രോഗികളെ പരിശോധിക്കുന്ന സമയമാണല്ലോ.' എന്ന് അയ്യന്‍കാളി ശാന്തമായി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ വന്നത് എന്റെ സമുദായത്തില്‍പ്പെട്ട ഒരാള്‍ രണ്ടു ദിവസം മുന്‍പ് ആത്മഹത്യ ചെയ്തു. അയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ട ത്തിനായി ഇവിടെ കൊണ്ടുവന്നു. പോസ്റ്റുമോര്‍ട്ടം ഇതെവരെ കഴിഞ്ഞില്ല എന്ന് മരിച്ചയാളിന്റെ ബന്ധു ജനങ്ങള്‍ സങ്കടപ്പെടുന്നു' വെന്നും അദ്ദേഹം ഡോക്ടറോടു പറഞ്ഞു. 'ഞാന്‍ ഒരു മണിക്കൂറിനകം എല്ലാം ശരിപ്പെടുത്തി അയയ്ക്കാം, അങ്ങുനില്ക്കണമെന്നില്ല' ഡോക്ടര്‍ മറുപടി പറഞ്ഞു. 'ഞാന്‍ നില്ക്കാം, അല്ലെങ്കില്‍ സാധുക്കളായ ആളുകള്‍ വിഷമിക്കും' അയ്യന്‍കാളി ശാന്തമായി മറുപടി അറിയിച്ചു.' 2 അയ്യന്‍കാളി യുടെ ഇടപെടലും സാമൂഹ്യ പ്രതിബദ്ധതയും എത്രത്തോളമാ യിരുന്നുവെന്ന് ഈ സംഭവത്തില്‍ നിന്നു തന്നെ വ്യക്തമാണ്. താന്‍ സാധുജനങ്ങളുടെ നേതാവാണെന്നോ, പ്രജാസഭമെമ്പറാ ണെന്നോ ഉള്ള ഒരു ഗര്‍വും അദ്ദേഹത്തിന്റെ വാക്കിലോ നോക്കിലോ സംഭാഷണത്തിലോ കാണാന്‍ കഴിയില്ല. ഡോക്ടറോടു പോലും വളരെ ശാന്തതയോടെയാണ് അദ്ദേഹം സംഭാഷണം നടത്തിയിരുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കരുനാഗപ്പള്ളി പന്മന കണ്ണേറ്റിയില്‍ വച്ച് 1924-ല്‍ അവിടത്തെ സാധുജനപരിപാലന സംഘം സംഘടിപ്പിച്ച ഒരു സ്വീകരണത്തെ സംബന്ധിച്ച് ആ യോഗത്തില്‍ പങ്കെടുത്ത ജൂബാരാമകൃഷ്ണ പിള്ളയുടെ വിവരണം ഇങ്ങനെ വായിക്കാം: 'ആ കാലത്ത് പന്മനയുള്ള എന്റെ വീടിന് ഒരു കിലോമീറ്റര്‍ കിഴക്ക് കുമ്പളത്തുകാവില്‍ ശ്രീചട്ടമ്പി സ്വാമി തിരുവടികള്‍ പതിവായി വന്ന് താമസിച്ച് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എന്റെ വീടിന് രണ്ട് കിലോമീറ്റര്‍തെക്ക് പുതുമന ഇല്ലത്തെ എം.പി.കൃഷ്ണന്‍ നമ്പൂതിരി എം.എ (ആഗമാനന്ദസ്വാമി) യുടെ ഹിന്ദുമതപ്രഭാ ഷണങ്ങള്‍ കേള്‍ക്കുന്നതിനും ഞാന്‍ ആവേശത്തോടെ എത്താറു ണ്ടായിരുന്നു. എന്റെ വീട്ടിന് ഒരുകിലോമീറ്റര്‍ പടിഞ്ഞാറ് ചെപ്പളഴികത്തു വയലില്‍ കെട്ടിയുണ്ടാക്കിയ പന്തലില്‍ ശ്രീനാരായണധര്‍മ്മ പരിപാലന സംഘം സമ്മേളനത്തില്‍ ടി.കെ.മാധവന്റെ പ്രസംഗം കേള്‍ക്കുകയും എന്റെ ശീലമാ യിരുന്നു.

പന്മനയ്ക്കു പടിഞ്ഞാറു ഭാഗത്ത് പൊന്മന കറൂങ്ങയില്‍ എന്നൊരു പ്രസിദ്ധമായ തറവാടുണ്ട്. ആ തറവാടിന്റെ തെക്കേതിന്റെ പൂമുഖത്തുവച്ച് ശ്രീനാരായണ ഗുരുദേവന്‍ ഞാനുള്‍പ്പെടെയുള്ള ബാലന്മാര്‍ക്കും മുതിര്‍ന്ന കാരണവന്മാര്‍ ക്കുമൊക്കെ ഉപദേശങ്ങള്‍ നല്‍കുക പതിവായിരുന്നു. ഒരുദിവസം ശ്രീ അയ്യന്‍കാളി സ്വാമികളുടെ അടുത്തെത്തിവന്ദിച്ചു നിന്നു. അയ്യന്‍കാളി ഇരുന്നശേഷം 'നിങ്ങളുടെ സാധുജനങ്ങള്‍ക്കെല്ലാം സുഖം തന്നെയല്ലേ' യെന്ന് സ്വാമി അന്വേഷിച്ചു. 'അവര്‍ ഇപ്പോഴും മൃഗങ്ങളെപ്പോലെ കഴിയുന്നു' എന്ന് അയ്യന്‍കാളി അറിയിച്ചു. 'ഖേദിക്കേണ്ട നല്ലകാലം വരും. മനുഷ്യരെല്ലാം ഒന്നാണ്.' സ്വാമികള്‍ അയ്യന്‍കാളിയെ സമാശ്വസിപ്പിച്ചു. അയ്യന്‍കാളിയോടൊപ്പം ഒരുപോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ കുമാരന്‍ എന്ന ഒരാള്‍ ഉണ്ടായിരുന്നു. കുമാരന്‍ തന്റെ പക്കലുണ്ടായിരുന്ന 'സഹോദരന്‍' പത്രം ഗുരുദേവനെ കാണിച്ച് എന്തോ സംസാരിക്കുന്നതും കണ്ടു.

അക്കാലത്ത് തെക്കേ അറ്റമായ വെങ്ങാന്നൂരില്‍ നിന്നും ഒരാള്‍ മദ്ധ്യ തിരുവിതാംകൂറിലെ കരുനാഗപ്പള്ളിയില്‍ എത്തുകയെന്നത് വളരെ ക്ലേശകരമായിട്ടുള്ളതായിരുന്നു. കൊല്ലത്തുനിന്നും ബോട്ടിലോ വള്ളത്തിലോ മാത്രമേ സഞ്ചാരമാര്‍ഗ്ഗമുണ്ടാ യിരുന്നുള്ളൂ. അന്ന് കണ്ണേറ്റി പാലത്തിന് പടിഞ്ഞാറു വശത്തെ വയലില്‍ കെട്ടിയിരുന്ന പന്തലില്‍ (ഇപ്പോള്‍ പുരയിടമായി തീര്‍ന്നു) വച്ച് സാധുജന പരിപാലന സംഘത്തിന്റെ സമ്മേളനം നടക്കുകയായിരുന്നു. ആ കണ്‍വെന്‍ഷന്‍ ഏഴുദിവസം നീണ്ടുനിന്നു. എന്റെ അച്ഛന്റെ വീടായ ചവറ താമരശ്ശേരി വീട്ടിന് കിഴക്കുവശം ഒരു പുരയിടത്തില്‍ ഒരു ആറു കാല്‍പ്പുര കെട്ടി അതില്‍ ടി.വി.തേവന്‍ ഒരു ആശാന്‍ പള്ളിക്കൂടം നടത്തിയിരുന്നു. നാലുമണിക്ക് കാമണ്‍കുളങ്ങര സ്‌കൂള്‍വിട്ട് ഞാന്‍ തേവന്റെ ആശാന്‍ പള്ളിക്കൂടത്തില്‍ പോയി ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കണ്ണേറ്റി പ്രസംഗം കേള്‍ക്കാന്‍ എത്തുമായിരുന്നു. ആ സമ്മേളനത്തില്‍ ദീര്‍ഘകായനായ ഒരാള്‍ (അയ്യന്‍കാളി) ശക്തമായ ഭാഷയില്‍ തല ഉയര്‍ത്തിപ്പിടിച്ച് സിംഹഗര്‍ജ്ജനംമുഴക്കുന്ന കാഴ്ച ഞാനിന്നും ഇന്നലത്തെപ്പോലെ കാണുകയാണ്. തന്റെ സമുദായത്തെ മറ്റു സമുദായക്കാര്‍ മനുഷ്യരായിട്ടെങ്കിലും അംഗീകരിച്ചു കിട്ടുവാന്‍ നട്ടെല്ല് നിവര്‍ന്ന് നിന്ന് ഒരു വ്യാഘ്രത്തെപ്പോലെ ശബ്ദമുയര്‍ത്തുന്നത് കേട്ടപ്പോള്‍ ഞാന്‍ കോരിത്തരിച്ചുപോയി. അധഃസ്ഥിത സമുദായക്കാര്‍ക്ക് സാമൂഹ്യ നീതി ലഭിക്കണമെന്ന് അദ്ദേഹം ശക്തിയുക്തം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ നാം മേല്‍ ജാതിക്കാരോട് പടവെട്ടി ഒപ്പമെത്താന്‍ ശ്രമിക്കണമെന്നും, സാമ്പത്തികപരാധീനത അധ്വാനം കൊണ്ട് തരണം ചെയ്യണമെന്നും അദ്ദേഹം ഉത്‌ബോധി പ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ആ സമ്മേളനത്തില്‍ ഹാജരായിരുന്നു.

ഈ സമ്മേളനം കഴിഞ്ഞ് പത്ത് കൊല്ലത്തിനുശേഷം 1934-ല്‍ എനിക്ക് വീണ്ടും അയ്യന്‍കാളിയെ നേരില്‍ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചതായി ജൂബരാമകൃഷ്ണപിള്ള തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത് തിരുവനന്തപുരത്തുവച്ച് അന്നത്തെ സഹകരണസംഘം രജിസ്ട്രാറായിരുന്ന യശഃശരീരനായ കുരുമ്പുവിളാകം ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍ വച്ചായിരുന്നു. അന്ന് അയ്യന്‍കാളി എന്നോട് കുശല പ്രശ്‌നം നടത്തി 'എന്താണു പിള്ളേ ഉപ്പെല്ലാം വാരിക്കെട്ടിക്കൊണ്ടു വന്നോ' എന്നദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍ 'പിന്നെ വരാല കൊണ്ടാണോ ഇവിടെ വന്നത്.' ഞാനും തിരിച്ചടിച്ചു. 'ഇപ്പോഴതൊക്കെ മാറി പിള്ളേ' ഇപ്പോഴത്തെ പ്രാസംഗികര്‍ മെച്ചപ്പെട്ടിട്ടുണ്ട്.' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 3

1923 മാര്‍ച്ച് 21 ന്റെ പ്രജാസഭയില്‍ മതപരിവര്‍ത്തനത്തെ ക്കുറിച്ചും പൂജകള്‍ നടത്താന്‍ ക്ഷേത്രങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അയ്യന്‍കാളി നടത്തിയ പ്രസംഗം ഇങ്ങനെയാണ്:

''ഇപ്പോള്‍ സംസ്ഥാനത്ത് നാലുലക്ഷം പുലയരാണുള്ളത്. എന്നാല്‍ കഴിഞ്ഞസെന്‍സസ്സ് പ്രകാരം അമ്പതു ശതമാനത്തോളം പേര്‍ മറ്റുമതങ്ങളിലേയ്ക്കു പോയി. എന്നാണ് കാണുന്നത്. ഇതിനുള്ള പ്രധാന കാരണം ദാരിദ്ര്യവും അയിത്തവുമാണ്. സവര്‍ണ ഹിന്ദുക്കളില്‍ നിന്നും അവര്‍ക്ക് യാതൊരു സഹായവും കിട്ടാത്തതുകൊണ്ടും ക്രിസ്ത്യന്‍ മിഷനറിമാര്‍ അവര്‍ക്ക് സഹായം നല്‍കുന്നതു കൊണ്ടും അവര്‍ ക്രിസ്തുമതത്തിലേയ്ക്ക് വളരെയേറെ ആകര്‍ഷിക്കപ്പെടുകയാണ്. മൃഗങ്ങളേക്കാള്‍ മോശമായ രീതിയില്‍ പരിഗണിക്കപ്പെടുന്ന പുലയര്‍ ക്രിസ്തു മതത്തിലോ ഇസ്ലാം മതത്തിലോ ചേര്‍ന്നു കഴിഞ്ഞാല്‍ ഈവിധത്തിലുള്ള പരാധീനതകള്‍ പെട്ടെന്നു തന്നെ മാറുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന അയിത്തം യാതൊരു ദൈവ വിശ്വാസത്തിന്റേയും അടിസ്ഥാനത്തിലല്ല. എന്റെ ആളുകള്‍ക്ക് വീടോ പൂജ നടത്താന്‍ ക്ഷേത്രമോ കുടിവെള്ളത്തിന് കിണറോ ഇല്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് സമുദായങ്ങള്‍ക്കു ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്കു സര്‍ക്കാര്‍ ചെയ്തു തരണമെന്നപേക്ഷിക്കുന്നു. കുറെ കിണറുകളും അമ്പലങ്ങളും ഞങ്ങളുടെ ആവശ്യത്തിനു നിര്‍മ്മിച്ചു തരണമെന്നും കുറച്ചു പുലയരെയെങ്കിലും കോടതിപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശിപായിമാരായി നിയമിക്കണമെന്നും പുലക്കുട്ടികളെ ഒന്നും രണ്ടും ക്ലാസ്സുകളില്‍ ട്യൂഷന്‍ പഠിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്ക് ഗ്രാന്റ് നല്‍കണമെന്നും അപേക്ഷിക്കുന്നു.'' 'ദിവാന്‍: പൊതു ആരാധനാ മന്ദിരങ്ങള്‍ നിര്‍മ്മിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതല്ല. മതപരിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ നിവൃത്തിയില്ല. അയ്യന്‍കാളി: മറ്റു സമുദായങ്ങള്‍ക്ക് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും അമ്പലങ്ങളുണ്ട് തടിയും ഭൂമിയും സൗജന്യമായി തന്ന് എന്റെ സമുദായക്കാര്‍ക്കുവേണ്ടി ക്ഷേത്രം പണിയാന്‍ സര്‍ക്കാരിന് സഹായിക്കാമല്ലോ' 4

1924 ഫെബ്രുവരി 26ന് ചേര്‍ന്ന പ്രജാസഭയില്‍ സാധുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് ഒഴിവാക്കണ മെന്ന് ആവശ്യപ്പെടുകയുണ്ടായി. ആ പ്രസംഗം ഇങ്ങനെ: 'സര്‍ക്കാരിന്റെ ദയാവായ്പു കൊണ്ട് പുതുവലുകള്‍ പതിച്ചു കിട്ടിയ പലര്‍ക്കും കൈവശക്കാരനെ ഒഴിപ്പിച്ചെടുക്കുന്നതി ലേക്കായി കോടതി കയറിയിറങ്ങേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. എന്റെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഇതുമൂലം ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് സൗജന്യപ്പതിവുകള്‍ക്ക് കൈവശാവകാശത്തിനുവേണ്ടി കേസുകൊടുക്കേണ്ടി വരുമ്പോള്‍ അവരെ കോര്‍ട്ടു ഫീസ് കൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കിത്ത രുമാറാകണം. ഈ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ലെങ്കില്‍ കോര്‍ട്ടു ഫീസ് ഇല്ലാതെ കേസ് സ്വീകരിക്കുകയും എതിര്‍കക്ഷി യില്‍ നിന്നും അത് ഈടാക്കുകയും ചെയ്യണമെന്നും ഭൂമിക്കുവേ ണ്ടിയുള്ള അപേക്ഷകളില്‍ കോര്‍ട്ടുഫീസ് സ്റ്റാമ്പ് ഒട്ടിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും അപേക്ഷിക്കുന്നു.' 5

ഈ പ്രജാസഭ സമ്മേളനത്തിനു ശേഷമാണ് അയ്യന്‍കാളി കരുനാഗപ്പള്ളി പന്മന കണ്ണേറ്റി സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. തുടര്‍ന്ന് അയ്യന്‍കാളി ആലപ്പുഴ ജില്ലയില്‍പ്പെട്ട ചേര്‍ത്തല, മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിലെ മതപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിച്ചേര്‍ന്നി രുന്നു. കൂട്ടത്തില്‍ സന്തത സഹചാരിയായ വിശാഖം തേവനും ഒപ്പമുണ്ടായിരുന്നു. വടക്കന്‍ കേരളത്തിലെ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയും അയ്യന്‍കാളി ആഞ്ഞടിച്ചു. ആ കാലത്ത് ചേര്‍ത്തല, മുഹമ്മ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടന്നിരുന്നു. പാറായി തരകന്‍ എന്നൊരാളായിരുന്നു അധഃസ്ഥിതരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ എത്തിയത്. അരിയും, ഗോതമ്പും, വസ്ത്രവും, പണവും നല്‍കി സാധുജനങ്ങളെ മതപരിവര്‍ത്തനം നടത്തി. പട്ടിണിയും പരിവട്ടവുമായി ജന്മിമാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് നരകതുല്യം ജീവിതം പുലര്‍ത്തിയിരുന്ന പുലയര്‍ക്കും പറയര്‍ക്കും പുതിയ മതം ആശ്വാസമേകി. അവര്‍ വന്‍തോതില്‍ പാറായിത്തരകന്റെ മതപരിവര്‍ത്തനത്തിന് ഇരയായിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനത്തിന്റെ രൂക്ഷത മനസ്സിലാക്കിയ കുട്ടിയാട്ടു ശിവരാമപ്പണിക്കര്‍, പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ ഈ മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുകയും അയ്യന്‍കാളിയെ വിവരം അറിയിക്കുകയും ചെയ്തു. അയ്യന്‍കാളിയും വിശാഖം തേവനുമൊന്നിച്ച് ചേര്‍ത്തലയെത്തി. പൂട്ടാക്കല്‍ നടന്ന സ്വീകരണം യോഗത്തില്‍ അയ്യന്‍കാളിക്കും തേവനും ഗംഭീര സ്വീകരണം ലഭിച്ചു. തുടര്‍ന്ന് തേവനും പാറായിത്തരകനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും തേവനെ ക്രിസ്തുമതാവലംബിയാക്കാമെങ്കില്‍ താനും ആ മതത്തില്‍ ചേരാമെന്ന് അയ്യന്‍കാളി പറഞ്ഞു. തുടര്‍ന്നു നടന്ന സംവാദത്തില്‍ പാറായിത്തരകന്റെ മതപരിവര്‍ത്തനവാദം പൊളിയുകയും അയിത്ത ജാതിക്കാര്‍ മതപരിവര്‍ത്തന ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

ഹൈന്ദവ മതാവലംബികളുടെ ദുഷിച്ചുനാറിയ പ്രവണതകളാ യിരുന്നു പുലയരെപ്പോലെ തന്നെ ഈഴവരെയും ക്രിസ്ത്യാനിമതം സ്വീകരിക്കാന്‍ കാരണമാക്കിയത്. ചിറയിന്‍കീഴിലെ പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ നിര്‍ബന്ധപൂര്‍വ്വം ദര്‍ശനം നടത്താന്‍ പ്രവേശിച്ച ഈഴവയുവാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കു കയും കോടതി അവരെ ശിക്ഷിക്കുകയും ചെയ്തുവെന്നാണ് ആ കാലത്ത് 'ദിനമണി'പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എസ്.എന്‍.ഡി.പി യോഗം തന്നെ മതപരിവര്‍ത്തനം നടത്താന്‍ ഈഴവരോട് ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് തീരുമാനമെടു ത്തിരുന്നു. അതോടെ കീഴാള ജനങ്ങള്‍ വ്യാപകമായി ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി. തെക്കന്‍ തിരുവിതാം കൂറില്‍പ്പെട്ട നെയ്യാറ്റിന്‍കരയിലെ കമുകിന്‍കോട്ടെ ഈഴവര്‍ മുഴുവനായി തന്നെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. 1919 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍ നായര്‍ ക്ഷേത്ര പ്രവേശന പ്രശ്‌നം അന്നത്തെ നിയമ നിര്‍മ്മാണ സഭയായ ശ്രീമൂലം പ്രജാസഭയില്‍ ഉന്നയിക്കുവാനും, ചര്‍ച്ച ചെയ്യാനുമുള്ള അനുവാദം കൊടുത്തു അത് പ്രതീക്ഷിച്ചത്ര ഫലമുണ്ടായില്ല. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ ദിവാന്‍ രാഘവയ്യ ക്ഷേത്രപ്രവേശനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രജാസഭയില്‍ അനുവദിക്കുകയില്ലെന്ന് റൂള്‍ ചെയ്തു. മാത്രമല്ല, ശ്രീമൂലംതിരു നാള്‍ മഹാരാജാവിന്റെ അടുക്കല്‍ മെമ്മോറാണ്ടം നല്‍കുന്നതി നുള്ള ടി.കെ.മാധവന്റെയും, മഹാകവികുമാരന്‍ ആശാന്റെയും ശ്രമത്തെ ധിക്കാര പൂര്‍വ്വം ദിവാന്‍ രാഘവയ്യ നിഷേധിക്കുകയും ഇവരെ തിരുവിതാംകൂര്‍ രാജ്യം വിട്ടു പൊയ്‌ക്കൊള്ളാന്‍ ആജ്ഞാപിക്കുകയും ചെയ്തത് ചരിത്ര നിഷേധമാണ്. ഉല്പതീഷ്ണുവായ ദിവാന്റെ ഏകാധിപത്യ പ്രവണതയില്‍ ശക്തമായ പ്രതിഷേധം അന്നു തന്നെ ഉയര്‍ന്നിരുന്നു. മനുഷ്യാവ കാശ ലംഘനമാണ് ദിവാന്‍ രാഘവയ്യ അനുവര്‍ത്തിച്ചത്. ഒടുവില്‍ രാഘവയ്യ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഒന്നുമല്ലാത്ത വനായി മാറിയത് മറ്റൊരു ചരിത്രം.

'ആ കാലത്ത് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള റോഡുകളില്‍പോലും പുലയര്‍ തുടങ്ങിയ തീണ്ടല്‍ ജാതികള്‍ക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികളില്‍ തീണ്ടല്‍ ജാതിക്കാര്‍ നടക്കുന്നത് വിലക്കിക്കൊണ്ടുള്ള 'തീണ്ടല്‍പലക' കള്‍ റോഡരുകില്‍ കൊത്തി സ്ഥാപിച്ചിരുന്നു. ഈ പരസ്യക്കല്ലുകള്‍ കേടുവരുന്നത് പുതുക്കിപ്പണിയാന്‍ പ്രത്യേക ഉദ്യോഗസ്ഥരെപ്പോലും അന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. 1803-ല്‍ വേലുത്തമ്പിദളവയുടെ ഭരണകാലത്ത് വൈക്കത്ത് വിലക്കു ലംഘിച്ചു വഴി നടന്ന പുലയരെയും ഈഴവരെയും തലവെട്ടി അടുത്തുള്ള കുളത്തിലെറിഞ്ഞിരുന്നു. ഇതാണ് വൈക്കത്തെ ദളവാക്കുളമായി പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇന്നത് വൈക്കം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനാണ്. 1921-ല്‍ ഇതിനെതിരെ പ്രജാസഭ മെമ്പറായ കുമാരനാശാന്‍ ശ്രീമൂലം പ്രജാസഭയില്‍ ഈ പരസ്യക്കല്ലുകള്‍ എടുത്തു മാറ്റി മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ആവശ്യ പ്പെട്ടിരുന്നു. പക്ഷെ അന്നത്തെ ദിവാന്‍ ആ ആവശ്യത്തിന് പുല്ലുവിലയാണ് കല്പിച്ചത്. ദിവാന്‍ അന്ന് പ്രജാസഭയില്‍ പറഞ്ഞത് 'ജാതിനിയമങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും ഉയര്‍ന്ന ജാതിക്കാര്‍ കലാപമുണ്ടാക്കുമെന്നായിരുന്നു. അയിത്തവും അനാചാരവും 1928-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇടപെടലോടെ തീണ്ടല്‍ക്കല്ലുകള്‍ എടുത്തുമാറ്റിയെങ്കിലും ജനാധിപത്യ കാലഘട്ടത്തിലും തിരുവല്ല കരുനാട്ടുകര ക്ഷേത്രത്തിനടുത്ത് റോഡരുകില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ ശംഖ് മുദ്ര കൊത്തിയ ഒരു തീണ്ടല്‍ പരസ്യക്കല്ല് ഇന്നും സ്ഥിതി ചെയ്യുന്നത് ഈ ജനവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തിലാണ്. ഈ കല്ല് പിഴുതു മാറ്റുവാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേവരെ നടപടി സ്വീകരിച്ചതായി കാണുന്നില്ല.

ക്ഷേത്ര റോഡില്‍ കൂടി സഞ്ചാര സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി നടന്ന ഐതിഹാസിക പ്രക്ഷോഭത്തിലെ അതിപ്രധാന സംഭവമാണ് വൈക്കം സത്യാഗ്രഹം. ഇതിന്റെ മുന്നണി നേതാക്കളായ കെ.എം.പണിക്കര്‍, കെ.പി.കേശവമേനോന്‍, ടി.കെ.മാധവന്‍ എന്നിവര്‍ 1923-ല്‍ കോകനദത്തില്‍ വച്ചുകൂടിയ ഭാരത മഹാജനസഭയില്‍ പങ്കുകൊള്ളുകയും അവിടെ വച്ച് ഗാന്ധിജി യുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. കൂടിക്കാഴ്ചയില്‍ ടി.കെ.മാധവന്‍ കേരളത്തിലെ അധഃസ്ഥിതര്‍ക്ക് ക്ഷേത്രചുറ്റുമതി ലുകള്‍ക്ക് സമീപമുള്ള റോഡുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യ ത്തിനുള്ള സമരത്തിന് പിന്തുണ തേടുകയുണ്ടായി. കോകനദ കോണ്‍ഗ്രസ്സിലെ നിശ്ചയം നടപ്പാക്കുന്നതിന്റെ ഭാഗമായി ടി.കെ.മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കണ്ണംതോടത്തു വേലായുധന്‍ മേനോന്‍, കേളപ്പന്‍, ടി.വി.തേവന്‍ എന്നിവരടങ്ങിയ ഒരു അയിത്തോച്ചാടന കമ്മറ്റിയെ ചുമതലപ്പെടുത്തി. അയിത്തോച്ചാടന കമ്മിറ്റിയുടെ വൈക്കംസന്ദര്‍ശന വേളയില്‍ ഒരു പ്രചാരണ യോഗം ചേര്‍ന്നു. യോഗത്തില്‍ കെ.പി.കേശവമേനോന്‍ ചെയ്ത ക്ഷോഭജനകമായ പ്രസ്താവനയാണ് ഒടുവില്‍ വൈക്കം സത്യഗ്രഹത്തില്‍ കൊണ്ടുചെന്നെത്തിച്ചത്.

1925 മാര്‍ച്ച് 29നാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. ഈ ദിവസത്തിന് ഒരു മാസം മുന്‍പ് ഫെബ്രുവരി 29ന് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുലയര്‍ മഹാജനസഭയുടെ ഒരുയോഗം വൈക്കത്തു ചേര്‍ന്നു. യോഗത്തില്‍ കെ.പി.കേശവമേനോന്‍ പ്രസംഗമദ്ധ്യേ പിറ്റേ ദിവസം താന്‍ വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ളതും പുലയര്‍ തുടങ്ങിയ ജാതികള്‍ക്കുമാത്രം സഞ്ചാര സ്വാതന്ത്ര്യംതടഞ്ഞുവച്ചതുമായ വഴികളില്‍ കൂടി പുലയര്‍-ഈഴവര്‍ മുതലായവരോടൊപ്പം ഒരു ഘോഷയാത്ര നടത്തുന്നതാണെന്ന് പ്രഖ്യാപിച്ചു. യോഗത്തില്‍ സംബന്ധിച്ചവരെല്ലാം കേശവമേനോനോട് സഹകരിക്കാന്‍ തയ്യാറായി. അന്നു രാത്രി തന്നെ സമസ്ത പൗര മുഖ്യന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേശവമേനോനെ കണ്ട് പിറ്റേദിവസം ഘോഷയാത്ര നടത്തുന്നത് പല അനിഷ്ട സംഭവങ്ങള്‍ക്കും ഇടവരുത്തുമെന്നും അതുകൊണ്ട് വേണ്ടത്ര പ്രചാരണം നടത്തുവാന്‍ ഘോഷയാത്ര ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങിനെ ഒരുമാസം കഴിഞ്ഞ് നടത്തിയ ഘോഷയാത്രയാണ് വൈക്കം സത്യാഗ്രഹമായി മാറിയത്. ഘോഷയാത്രയ്ക്ക് നാലുദിവസം മുന്‍പ് മാര്‍ച്ച് 26ന് തിരുവിതാംകൂര്‍ ക്രിമിനല്‍ നിയമം 127-ാം വകുപ്പിന്‍ പ്രകാരം കോട്ടയം ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തീണ്ടല്‍ ജാതിക്കാര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളില്‍ കൂടി കടന്നു പോകുന്നതിനെ നിരോധിച്ചു. നിരോധനം വന്നതോടുകൂടി ഘോഷയാത്ര സത്യാഗ്രഹമായി മാറ്റേണ്ടിവന്നു. മാര്‍ച്ച് 29ന് രാവിലെ വൈക്കം ക്ഷേത്ര സന്നിധിയില്‍ നിരോധിക്കപ്പെട്ട ക്ഷേത്ര വഴികളിലൂടെ സത്യഗ്രഹികളുടെ ആദ്യ സംഘം മുന്നോട്ടു നീങ്ങി. പുലയനായ ചാത്തന്‍കുഞ്ഞാപ്പിയും, ഈഴവനായ ബാഹുലേയനും, നായരായ ഗോവിന്ദപിള്ളയും നിരോധിക്കപ്പെട്ട വഴിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി ജയിലില്‍ അടച്ചു. മനുഷ്യന് പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ പാടില്ലെന്ന് ഹൈന്ദവമതത്തിലെ ഏതു വേദഗ്രന്ഥത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ആരാണ് സാധുജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത്. ഏതു ദൈവമാണ് തീണ്ടാളുകള്‍ക്ക് ക്ഷേത്രവഴികളില്‍ നടക്കാന്‍ പാടില്ലെന്ന് വിലക്കിയത്. എല്ലാം മനുഷ്യ നിര്‍മ്മിതവും മനുഷ്യകല്പിത വുമായ സങ്കല്പങ്ങളായിരുന്നു. ക്രൂരവും നിന്ദ്യവുമായ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. ഈ ലംഘനങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ട നീതിന്യായ കോടതികള്‍ പോലും മനുഷ്യാവകാശ ലംഘനം നടത്താനാണ ്ആ കാലത്ത് ശ്രമിച്ചത്. ചാത്തന്‍ കുഞ്ഞാപ്പിയും, ബാഹുലേയനും തീണ്ടല്‍ ജാതിക്കാരാണ്. പക്ഷെ നായരായ ഗോവിന്ദപ്പിള്ളയെന്ന സവര്‍ണനെ പോലീസ് അറസ്റ്റ് ചെയ്തതെന്തിനായിരുന്നു? ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്. പക്ഷെ ഇവിടെ നടന്ന മനുഷ്യാവകാശ ലംഘനത്തിന് ആര് ഉത്തരം പറയും.

തുടര്‍ന്നു നടന്ന സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സവര്‍ണ മാടമ്പിമാരില്‍ നിന്നും കൊടിയമര്‍ദ്ദനങ്ങളും കൊടിയ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടിവന്നു. വോളണ്ടിയര്‍ ആയിരുന്ന രാമന്‍ ഇളയതിന്റേയും, പുലയനായ എറണാകുളം പൂത്തോട്ട ആമചാടീ തുരുത്തില്‍ തേവനെയും കണ്ണില്‍ ചുണ്ണാമ്പെഴുതി കണ്ണു പൊട്ടിച്ചുകളഞ്ഞു. ചിറ്റെഴുത്തു ശങ്കരപ്പിള്ളയെ സവര്‍ണ ഹിന്ദുക്കള്‍ അടിച്ചു കൊലപ്പെടുത്തി. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം കൊടുമ്പിരിക്കുമ്പോഴാണ് തെക്കെ ഇന്ത്യയിലെ ചില ബ്രാഹ്മണശ്രേഷ്ഠന്മാര്‍ വൈക്കം മഹാദേവര്‍ ക്ഷേത്രം സ്വകാര്യ സ്വത്താണെന്നും അതുകൊണ്ട് സത്യാഗ്രഹം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജിക്ക് കത്തുകളയച്ചത്. ഗാന്ധിജി ഉടന്‍ തന്നെ കേരളത്തിലെ തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, അയ്യന്‍കാളി, കേളപ്പന്‍, ആര്യസമാജത്തിന്റെ തിരുവിതാംകൂര്‍ കാര്യദര്‍ശി ആര്‍.സി.ദാസ് എന്നിവര്‍ക്ക് പ്രത്യേകം കത്തുകളെഴുതി വിവരം അന്വേഷിച്ചത്. വൈക്കം മഹാദേവര്‍ ക്ഷേത്രം പൊതുസ്വത്താണെന്ന മറുപടിയാണ് ചങ്ങാനേശ്ശേരി പരമേശ്വരന്‍പിള്ളയും, അയ്യന്‍കാളിയും, കേളപ്പനും, ആര്‍.സി.ദാസും മറുപടി എഴുതിയത്. ഈ വിവരം തന്നെയാണ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ ഗ്രന്ഥകര്‍ത്താ വിനോട് പറഞ്ഞിട്ടുള്ളത്. ഇതെ തുടര്‍ന്നാണ് ഗാന്ധിജി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ 1925-ല്‍ തിരുവിതാംകൂറി ലെത്തിയത്. തിരുവിതാംകൂറിലെത്തിയ ഗാന്ധിജി സവര്‍ണ പ്രമാണിമാരുമായി സംഭാഷണം നടത്തുകയും വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ അധഃസ്ഥിതക്കാര്‍ക്ക് ഭാഗികമായി തുറന്നു കൊടുക്കാന്‍ ധാരണയായി. അതെ സമയം സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി ആദ്യമായി കേരളത്തില്‍ സമരം നടത്തിയത് 1898-ല്‍ അയ്യന്‍കാളി ആയിരുന്നുവെന്ന ചരിത്ര സത്യം നിഷേധിക്കാന്‍ കഴിയില്ല. വില്ലുവണ്ടി സമരം തന്നെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ വേണ്ടിയുള്ള സാധുജനങ്ങളുടെ ആദ്യത്തെ സമരമായിരുന്നു.

പത്തെ പൊതുവഴിയില്‍ കൂടി സഞ്ചരിക്കുവാനുള്ള അവകാശ ത്തിനുവേണ്ടി പ്രക്ഷോഭണത്തില്‍ ഏര്‍പ്പെട്ടു. 1924-ല്‍ തിരുവിതാം കൂറിലെ ക്ഷേത്രങ്ങള്‍ക്കു സമീപത്തെ റോഡുകളില്‍ അവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധം പിന്‍വലി ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുവെങ്കിലും ക്ഷേത്രപ്രവേശനം അവര്‍ണ ജാതികള്‍ക്കപ്പോഴും നിഷിദ്ധമായി തന്നെ തുടര്‍ന്നിരുന്നു. വൈക്കം സത്യഗ്രഹം ചൂടുപിടിച്ച് മുന്നേറി. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വൈക്കത്തെത്തി സത്യാഗ്രഹ ത്തില്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ പ്രമുഖ അഭിഭാഷകനായ ശ്രീനിവാസയ്യങ്കാര്‍, സി.രാജഗോപാലാചാര്യ, വരദരാജനായിഡു, ദിനബന്ധു, ഡി.എഫ്.ആന്‍ഡ്രൂസ്, അയ്യമുത്തുഗൗഡര്‍, സ്വാമി രൂഢാനന്ദ എന്നിവര്‍ അവരില്‍പ്പെടുന്നു. ശ്രീനിവാസയ്യങ്കാര്‍ തിരുവനന്തപുരത്തെത്തി റീജന്റ് റാണി സേതുലക്ഷ്മിഭായി തമ്പുരാട്ടിയെ സന്ദര്‍ശിച്ച് വൈക്കം സത്യഗ്രഹത്തെയും, സത്യഗ്രഹത്തിന്റെ കാരണങ്ങളെക്കുറിച്ചും സംഭാഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ പിന്തുണയോടെ ഇ.വി.രാമസ്വാമി നായ്ക്കര്‍ സമരത്തില്‍ പങ്കെടുത്തു. പഞ്ചാബില്‍ നിന്നുപോലും അകാലികള്‍ വൈക്കത്തെത്തി സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും സത്യഗ്രഹികള്‍ക്ക് സൗജന്യഭോജനശാല തുറക്കുകയും ചെയ്തു.' 6

സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി തുടക്കം കുറിച്ച സത്യാഗ്രഹം പിന്നീട് ഗുരുവായൂര്‍ സത്യാഗ്രഹത്തോടെ ക്ഷേത്രപ്രവേശന സമരമായി നാടെങ്ങും ആളിപ്പടര്‍ന്നു. 1931 നവംബര്‍ ഒന്നിന് തുടക്കം കുറിച്ച ഗുരുവായൂര്‍ സത്യാഗ്രഹം കെ.കേളപ്പന്‍, ടി.സുബ്രഹ്മണ്യന്‍ തിരുമുന്‍പ്, എ.കെ.ഗോപാലന്‍ (എ.കെ.ജി) പി.എം.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. മലബാറിലെ ഹരിജന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഉണ്ണിക്കൃഷ്ണനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിയാനാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ചരിത്രമെഴുതിയ ചരിത്രകാരന്മാര്‍ ശ്രമിച്ചത്. അഖില മലബാര്‍ ഹരിജന്‍ സമാജം സെക്രട്ടറിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ ഇരിങ്ങത്ത് പാലാടത്തു മീത്തല്‍ വെള്ളന്റെയും, കുപ്പച്ചിയു ടെയും മൂന്നുമക്കളില്‍ രണ്ടാമനായിട്ടാണ് ജനിച്ചത്. പുലയ സമുദായത്തില്‍പ്പെട്ടതാവാം ഉണ്ണിക്കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാതെ പോയത്. 7 ഒരു വര്‍ഷത്തോളം ഗുരുവായൂര്‍ സത്യാഗ്രഹം നീണ്ടുനിന്നു. ഒടുവില്‍ കേളപ്പജിയുടെ ഉപവാസത്തില്‍ ചെന്നെത്തി. സന്നദ്ധ സംഘത്തില്‍പ്പെട്ട എ.കെ.ഗോപാലന്‍, പി.എം.ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ സവര്‍ണ ഹിന്ദുക്കല്‍ മൃഗീയമായി മര്‍ദ്ദിച്ചതോടെ സമരത്തിന്റെ സ്വഭാവമാകെ മാറി. ഒടുവില്‍ ഗുരുവായൂര്‍ സത്യാഗ്രഹം അഖിലേന്ത്യാ തലത്തോളം പ്രസിദ്ധി നേടി. സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കെടുത്തു. കസ്തൂര്‍ബാഗാന്ധി, ദേശബന്ധുവിന്റെ സഹോദരി ശ്രീമതി ലക്ഷ്മിദാസ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. എ.കെ.ഗോപാലന്‍ അറസ്റ്റു വരിച്ചപ്പോള്‍ വാളണ്ടിയര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് വി.എം. കമലാ ദേവി യായിരുന്നു. മന്നത്തു പത്മനാഭന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് കസ്തൂര്‍ബാഗാന്ധി ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ ഉപദേശപ്രകാരം കേളപ്പന്‍ ഉപവാസം അവസാനിപ്പിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി താലൂക്കിലെ ഹിന്ദുക്കള്‍ക്കിടയില്‍ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് ഒരു ഹിതപരിശോധന നടത്തുകയുണ്ടായി. 20000 പേര്‍ അഭിപ്രായം രേഖപ്പെടുത്തിയതില്‍ 77 ശതമാനം പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. ഏതാണ്ട് ഇതെ കാലത്തു തന്നെ ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മദ്ധ്യകേരളത്തിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും, പാലിയത്തും ക്ഷേത്ര പ്രവേശനത്തിനായി സമരങ്ങള്‍ അരങ്ങേറിയിരുന്നു.

വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ കൊണ്ട് സഞ്ചാര സ്വാതന്ത്ര്യത്തിനോ ക്ഷേത്രപ്രവേശനം ഉറപ്പുവരുത്തുന്നതിനോ കാര്യമായ പ്രയോജനം സിദ്ധിക്കാതെ വന്നപ്പോള്‍ പുലയരും ഈഴവരും വ്യാപകമായി ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി. ഈ സന്ദര്‍ഭത്തില്‍ ബ്രാഹ്മണ മേല്‍ക്കോയ്മയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാനും മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുമതം ഉപേക്ഷിക്കാനും എസ്.എന്‍.ഡി.പി യോഗം ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് തീരുമാനമെടുത്തിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനായി 1898-ല്‍ വില്ലുവണ്ടിയിലേറി ആദ്യമായി സമരം നടത്തിയ അയ്യന്‍കാളി യെപ്പോലും വൈക്കം ഗുരുവായൂര്‍ സമങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അന്നത്തെ സവര്‍ണ നേതൃത്വങ്ങള്‍ക്കായില്ല. മനഃപൂര്‍വ്വമായി തന്നെ സാധുജനപരിപാലന സംഘത്തിന്റെയും പ്രജാസഭ സാമാജികനുമായ അയ്യന്‍കാളിയെ കെ.പി.കേശവനേനോന്‍ കേളപ്പന്‍ തുടങ്ങിയവര്‍ ഒഴിവാക്കുകയാണുണ്ടായത്. തിരുവിതാം കൂറിലുടനീളം അധഃസ്ഥിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പടപൊരുതുകയും നിരവധി സംഘട്ടനങ്ങള്‍ ഏറ്റുവാങ്ങുകയും തിരിച്ചു കൊടുക്കുകയും ചെയ്ത മഹാനായ അയ്യന്‍കാളിയെ വൈക്കം ഗുരുവായൂര്‍ സമരമുഖങ്ങളില്‍ നിന്നും ഒഴിവാക്കിയത് ചരിത്ര നിന്ദയാണ്. 1912 മുതല്‍ 1933 വരെ തുടര്‍ച്ചയായി 22 വര്‍ഷം പ്രജാസഭയില്‍ മെമ്പറായിരുന്ന സാധുജനങ്ങള്‍ക്ക് ഒട്ടേറെ ആനൂകൂല്യങ്ങള്‍ നേടിക്കൊടുത്ത അയ്യന്‍കാളി 1933 ഫെബ്രുവരി യില്‍ ചേര്‍ന്ന ശ്രീമൂലം പ്രജാസഭായോഗത്തിനുശേഷം ശാരീരിക അവശതകള്‍ കാരണം സഭാ സാമാജികത്വം സ്വയം ഒഴിയുക യായിരുന്നു. ഇതിനിടയില്‍ കാസരോഗത്തിനടിമയായ അയ്യന്‍കാളിയെ ശാരീരിക അസ്വസ്ഥതകള്‍ക്കു കൂടെ കൂടെ ശയ്യാവലംബിയാക്കിയിരുന്നു.

പുലയരും ഈഴവരും വ്യാപകമായി ഹന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേര്‍ന്നു കൊണ്ടിരുന്നതുമൂലം തിരുവിതാം കൂറിന് ഹിന്ദുരാജ്യമെന്ന പേര് നഷ്ടപ്പെടുമെന്ന അവസ്ഥ സംജാതമായി. ഇതില്‍ സംഭീതനായ രാജാവിന്റെ നിയമോപ ദേഷ്ടാവ് സി.പി.രാമസ്വാമി അയ്യര്‍, ടി.ടി.കേശവന്‍ ശാസ്ത്രി, ടി.എ.തേവന്‍ മുതല്‍ പേര്‍ മുന്‍ കൈയെടുത്ത് കേരള ഹിന്ദുമിഷന്‍ സ്ഥാപിച്ചു. 1934-ല്‍ ആയിരുന്നു ഇതിന്റെ സ്ഥാപനം. മുന്‍ ദിവാന്‍ ബി.എസ്.സുബ്രഹ്മണ്യ അയ്യര്‍ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ മൂലം ഛിന്നഭിന്നമായിക്കൊണ്ടിരുന്ന ഹിന്ദു സമുദായത്തെ ഏകീകരിക്കുക, ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ പുലയര്‍, ഈഴവര്‍ തുടങ്ങിയവരെ ഹിന്ദുമതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ഹിന്ദുമിഷന്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് വ്യാപകമായ മതപരിവര്‍ത്തനത്തെ തടയുവാനും പരിവര്‍ത്തനം നടത്തിയ പതിനായിരക്കണക്കിന് തീണ്ടല്‍ ജാതിക്കാരെ മടക്കിക്കൊണ്ടുവരുവാനും സാധിച്ചിരുന്നു. പക്ഷെ ഇന്നതിന്റെ പ്രവര്‍ത്തനം നാമമാത്രമായി തീര്‍ന്നിരിക്കുന്നു. 

ഇതിനിടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായി. അധഃസ്ഥിതരുടെ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 1932-ല്‍ ദിവാന്‍ ബഹുദൂര്‍ഷാ അദ്ധ്യക്ഷനായി കമ്മീഷനെ നിയമിച്ചു. കമ്മീഷനില്‍ ഒന്‍പതു അംഗങ്ങളുണ്ടായിരുന്നു. വി.എസ്.സുബ്രഹ്മണ്യഅയ്യര്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, എസ്.കെ.മഹാദേവയ്യര്‍, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, പുന്നശ്ശേരി നമ്പി, നീലകണ്ഠശര്‍മ്മ, റ്റി.റ്റി.കേശവന്‍ ശാസ്ത്രി, ടി.കെ.വേലു പ്പിള്ള, എം.ഗോപാലപിള്ള, എം.ഗോവിന്ദന്‍ ജഡ്ജി എന്നിവരാ ണവര്‍. സവര്‍ണ പ്രാതിനിധ്യം മുന്തിനിന്ന ഈ കമ്മറ്റിയില്‍ പുലയ പ്രതിനിധിയായിട്ടാണ് കേശവന്‍ ശാസ്ത്രികളെ നോമിനേറ്റ് ചെയ്തത്. തിരുവല്ല സ്വദേശിയായ റ്റി.റ്റി.കേശവന്‍ ശാസ്ത്രി പുല്ലാട്ട് സ്‌കൂള്‍ പ്രവേശന ലഹളക്കാലത്ത് പ്രവേശനം നടത്തിയ ആദ്യ നാലു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു. നിരവധി ത്യാഗങ്ങള്‍ സഹിച്ച് ശ്രീനാരായണ ഗുരുവിന്റെ ശുപാര്‍ശ പ്രകാരം ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന് സംസ്‌കൃതം പഠിക്കുകയും ശാസ്ത്രിപരീക്ഷ പാസ്സാകുകയും ചെയ്ത വ്യക്തിയാണ്. തുടര്‍ന്നു വരുന്ന അദ്ധ്യായത്തില്‍ കേശവന്‍ ശാസ്ത്രികള്‍ പരാമര്‍ശ വിധേയമാണ്. എന്നാല്‍ ക്ഷേത്രപ്രവേ ശനത്തെ സംബന്ധിച്ച കമ്മറ്റിയില്‍ അന്ന് പുലയരുടെയും മറ്റ് അധഃസ്ഥിതരുടെയും നേതാവായി പരക്കെ അംഗീകാരം നേടിയിരുന്ന അയ്യന്‍കാളിയെ നോമിനേറ്റ് ചെയ്യാത്തത് ദുരൂഹമാണ്. അയ്യന്‍കാളിയെ അവഗണിക്കാനാണ് സര്‍ക്കാരും ശ്രമിച്ചു കണ്ടത്. ക്ഷേത്രപ്രവേശന സംബന്ധമായി വ്യക്തമായ മറുപടി പറയാന്‍ കഴിയുന്ന വ്യക്തിയായിരുന്നിട്ടുപോലും അയ്യന്‍കാളിയെ സവര്‍ണ ലോബികള്‍ മനഃപൂര്‍വ്വം ഒഴിവാക്കുക യാണുണ്ടായത്. ക്ഷേത്രപ്രവേശന അന്വേഷണ കമ്മീഷനു മുന്‍പാകെ 325 പേര്‍ തെളിവുകൊടുത്തു. ഇതില്‍ 87 പേര്‍ അധഃസ്ഥിതരുടെ ക്ഷേത്രപ്രവേശനത്തെ ശക്തമായി എതിര്‍ത്തു. ബ്രാഹ്മണരില്‍ മൂന്നിലൊന്നുപേര്‍ അനുകൂലിച്ചപ്പോള്‍ നായന്മാരില്‍ 184 പേര്‍ അനുകൂലിക്കുകയും 15 പേര്‍ എതിര്‍ക്കുകയും ചെയ്തു. 22 സ്ത്രീകളില്‍ എല്ലാവരും ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു. കാരണം ദൈവത്തിന്റെ മുന്നില്‍ എല്ലാ മനുഷ്യരും ഒന്നാണെന്നായിരുന്നു അവരുടെ അഭിപ്രായം. പൊന്നാനി താലൂക്കിലെ ഹിത പരിശോധനയിലും സ്ത്രീകള്‍ മുഴുവന്‍ അനുകൂലിക്കുകയാണുണ്ടായത്. വിവരക്കേട് കാട്ടിയത് മുഴുവന്‍ പുരുഷ പ്രജകളായിരുന്നു. ഇനി കമ്മറ്റി മെമ്പര്‍മാരുടെ അഭിപ്രായമാണ് അതിലും രസകരം. ചില മെമ്പര്‍മാര്‍ അധഃസ്ഥിതരെ ക്ഷേത്രമതില്‍ക്കെട്ടുവരെയും, വേറെ ചിലര്‍ കൊടിമരം വരേയും കയറ്റാമെന്ന് അഭിപ്രായപ്പെട്ടു. റ്റി.കെ. വേലുപ്പിള്ള, മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ തുടങ്ങിയവര്‍ അധഃസ്ഥിതരെ ക്ഷേത്രത്തിലെ കൊടിമരം വരെ പ്രവേശിപ്പിച്ച് പരീക്ഷണം നടത്താമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും, എം.ഗോവിന്ദന്‍ ജഡ്ജിയും അയിത്ത ജാതിക്കാരെ ശ്രീകോവിലിനുള്ളില്‍ കയറ്റണമെന്ന് ശക്തിയായി അഭിപ്രായപ്പെട്ടു. പക്ഷെ പുലയ പ്രതിനിധി കേശവന്‍ ശാസ്ത്രി വ്യക്തമായ ഒരഭിപ്രായം പറഞ്ഞു കണ്ടില്ല. കമ്മറ്റി രണ്ടു വര്‍ഷത്തെ പഠന നിരീക്ഷണത്തിനുശേഷം 1934 ഏപ്രിലില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. 1932-ല്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന റീജന്റ് ഭരണം അവസാനിക്കുകയും ശ്രീചിത്തര തിരുനാള്‍ ബാലരാമവര്‍മ്മ അധികാരമേറ്റെടുക്കുകയും ചെയ്തിരുന്നു. അധികാരത്തിലെ ത്തുമ്പോള്‍ വി.എസ്.സുബ്രഹ്മണ്യയ്യരായിരുന്നു ദിവാന്‍ .

ക്ഷേത്രപ്രവേശന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും, വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളുടെ ഫലമായും തീഷ്ണമായി അനുഭവപ്പെട്ട മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലും തിരുവിതാംകൂര്‍ ഭരണോപദേഷ്ടാവായ സി.പി.രാമസ്വാമിയുടെ ശക്തമായ ഇടപെടല്‍ കാരണം 1936 നവംബര്‍ 12-ന് ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തുല്യം ചാര്‍ത്തി. ഈ വിളംബരം ഇന്ത്യന്‍ സാംസ്‌കാരിക ചരിത്രത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായെന്നാണ് സാംസ്‌കാരിക നായകന്മാരില്‍പ്പെട്ട സവര്‍ണര്‍ എഴുതി പിടിപ്പിച്ചതെങ്കിലും തിരുവിതാംകൂറിലെ തീണ്ടല്‍ ജാതികളെ സംബന്ധിച്ച് ഒരു സാംസ്‌കാരിക പരിവര്‍ത്തനവും ഇതുമൂലം സംഭവിച്ചില്ലെന്നതാണ് നേര്. ഒരു അയിത്ത ജാതിക്കാരനും ക്ഷേത്രത്തില്‍ കയറാന്‍ തയ്യാറായിരുന്നില്ല. സവര്‍ണ നേതാക്കന്മാര്‍ ചില തീണ്ടല്‍ ജാതിക്കാരെ കുളിപ്പിച്ചെടുത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറ്റിയതൊഴിച്ചാല്‍ ഒരു മാറ്റവും ഈ രാജ്യത്തെ പുലയനോ, കുറവനോ, പറയനോ സംഭവിച്ചില്ല. ഈഴവര്‍ക്കും സംഭവിച്ചോ എന്നറിയില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന് എത്രയോ മുന്‍പു തന്നെ ശ്രീനാരായണ ഗുരു ഈഴവ ശിവന്‍ മുതല്‍ കണ്ണാടി പ്രതിഷ്ഠവരെ നടത്തിയിരുന്നു. തിരുവിതാം കൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ് കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചത്. തിരുവിതാം കൂറിലെ ക്ഷേത്രങ്ങള്‍ തീണ്ടല്‍ ജാതിക്കാര്‍ക്കായി തുറന്നു കൊടുത്തുവെങ്കിലും അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പോലും ഒരാളും ക്ഷേത്രദര്‍ശനത്തിന് തയ്യാറായി കണ്ടില്ല. പിന്നീട് ക്ഷേത്രപ്രവേശന വിളംബര ആഘോഷകമ്മിറ്റിയില്‍ നെയ്യാറ്റിന്‍കര രാമചന്ദ്രനെപ്പോലുള്ളവരുടെ നിര്‍ബന്ധം മൂലമാണ് അയ്യന്‍കാളി മെമ്പറാകാന്‍ കാരണമായതെന്ന് രാമചന്ദ്രന്‍ ഒരവസരത്തില്‍ ഒരു സംഭാഷണ മദ്ധ്യേ സൂചിപ്പിക്കുകയുണ്ടായി. എന്തായാലും അയ്യന്‍കാളിയെ സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനം കൊണ്ട് സാധുജനങ്ങള്‍ക്ക് ഒന്നും നേടുവാനില്ലെന്ന അഭിപ്രായക്കാ രനായിരുന്നു.

സഹായഗ്രന്ഥങ്ങള്‍/ സൂചനകള്‍/ റിപ്പോര്‍ട്ടുകള്‍;

1. കുട്ടനാട് സ്വദേശിയും പാലക്കാട് വാളയാര്‍ സിമന്റ് ഫാക്ടറി ഉദ്യോഗസ്ഥനുമായിരുന്ന എ.ബി.ഉണ്ണി 13-9-2004-ല്‍ കുന്നുകുഴി മണിക്ക് അയച്ച കത്തില്‍ നിന്നും
2. അഡ്വ.എസ്.കുട്ടന്‍ എക്‌സ് എം.എല്‍.എ.നെയ്യാറ്റിന്‍കര 'ഞാന്‍ കണ്ട അയ്യന്‍കാളി' ലേഖനം ശ്രീ അയ്യന്‍ കാളി സ്മരണിക-1928, പേജ് 65.
3. ജൂബാരാമകൃഷ്ണപിള്ള 'അനശ്വരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്' ലേഖനം ശ്രീ അയ്യന്‍കാളി സ്മരണിക-1982, പേജ് 51, 52.
4. 1923 മാര്‍ച്ച് 21ന് ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി നടത്തിയ പ്രസംഗം.
5. 1924 ഫെബ്രുവരി 26ന് ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി നടത്തിയ പ്രസംഗം.
6. ചെറായി രാമദാസ് 11-4-2004ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും.
7. വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളെക്കുറിച്ച് കുന്നുകുഴി മണി 40 വര്‍ഷം മുന്‍പ് ശേഖരിച്ചവയും വിവിധ പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും.