"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കലാപം കുറിക്കുന്ന കാഴ്ചകള്‍


മധ്യപൗരസ്ത്യ ദേശത്തുനിന്ന്, വിനിമയത്തിന്റെ നാനാര്‍ത്ഥങ്ങ ളേയും സുതാര്യമാക്കുന്നതിനുതകുന്ന മികച്ച മാധ്യമമെന്ന നിലയില്‍ സിനിമയെ സമീപിക്കുന്ന രണ്ട് രാജ്യങ്ങളുടെ പേരുകള്‍ മാത്രമേ നിരീക്ഷകര്‍ എടുത്തുപറയുന്നുള്ളൂ. അതില്‍ ഇറാനെ കൂടാതെയുള്ള മറ്റൊരു രാജ്യം ഇശ്രായേലാണ്. കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്ന ഇറാന്‍ ചലച്ചിത്രകാര ന്മാര്‍ അധികാരത്തോടുള്ള നിസ്സംഗതയില്‍ വീട്ടുവീഴ്ചചെയ്യാന്‍ തയാറല്ലാത്തതുമൂലം, പൊള്ളയായ കാഴ്ചകളെ നിരന്തരം പുറത്തുവിടുന്ന അതികാല്പനികമായ ദൃശ്യസങ്കേതത്തില്‍ ഊന്നിനിന്നുകൊണ്ട് സാക്ഷാത്കാരം നിര്‍വഹിക്കുന്നതിനാല്‍ അവരനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയുടെ അടയാളങ്ങളൊന്നും സൃഷ്ടികളില്‍ പതിഞ്ഞുകാണാറില്ല. എന്നാല്‍ പ്രതിരോധം തീര്‍ക്കുന്നതിന് പതിവുകാഴ്ചകളില്‍ നിന്ന് മാറിസഞ്ചരിക്കുന്ന ഇശ്രായേല്‍ സനിമകളിലാകട്ടെ കല്പനകള്‍ക്കതീതമായി നിശിതദൃശ്യതയുടെ പരീക്ഷണശാലയില്‍വെച്ച് അതിസാഹസിക മായിത്തീര്‍ക്കുന്ന കര്‍തൃത്വങ്ങളുടെ കയ്യടയാളങ്ങളാണുള്ളത്.

ജോനാഥന്‍ സാഗള്‍ എന്ന ഇശ്രായേലി ചലച്ചിത്രകാരന്‍ തന്റെ 'അര്‍ബന്‍ ഫീല്‍' എന്ന സിനിമയിലൂടെ കേവലകാഴ്ചകളെ അതിന്റെ പതിവുകളില്‍ നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ട് അനുഭവസാന്ദ്രതയുടെ ചൂടുപകര്‍ന്ന് സാമ്പ്രദായിക വ്യവസ്ഥകളെ അപനിര്‍മിക്കുന്നു. ഇതരദൃശ്യസങ്കേതങ്ങള്‍ ഒട്ടൊക്കെ അതാര്യമാ യിരിക്കുകയും ഉദ്ദേശ്യങ്ങള്‍ക്കെതിരായ ഇടത്ത് കാഴ്ചക്കാരനെ കൊണ്ടെത്തിക്കുന്ന ദുരന്തത്തിലേക്ക് ദൃശ്യതന്ത്രവ്യവഹാരം കൂപ്പുകുത്തിപ്പോവുകയും ചെയ്യുന്നുവെന്ന സമകാലിക വിലയിരുത്തല്‍ ശക്തമായി നിലനില്ക്കുമ്പോഴാണ് ജോനാഥന്‍ സാഗള്‍ അപരദൃശ്യതയുടെ ആകമാനമായ അര്‍ബന്‍ ഫീലുമായി എത്തിയിട്ടുള്ളതെന്ന വസ്തുത പരിഗണിക്കുമ്പോള്‍ സാഹസികത യില്‍ സംവിധായകനുള്ള താത്പര്യക്കൂടുതല്‍ എത്രത്തോളമെന്ന് വെളിപ്പെടുകയാണ്. 

ഇശ്രായേലിന്റെ സമകാലികവും ചരിത്രപരവുമായ ദേശിക - രാഷ്ട്രീയ വ്യവസ്ഥകളിലെ ഭിന്നതകള്‍, വിഹ്വലതകള്‍, സങ്കീര്‍ണതകള്‍ എന്നിവ അനാവൃതമാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി മാത്രമാണ് ജോനാഥന്‍ സാഗള്‍ തന്റെ ശേഷി വിനിയോഗിച്ചിരിക്കുന്നത്.

ഈവയും ഭര്‍ത്താവ് റോബിയും ലൈംഗിക അപസ്വരത നിമിത്തം വൈവാഹിക ജീവിതത്തില്‍ വഴിതടസം നേരിടുക യാണ്. അവരുടെ ഏകമകനാണ് എട്ടുവയസുകാരന്‍ യോണ. ശമ്പളം കൂട്ടിക്കിട്ടുന്നതിനായി തന്റെ ഓഫീസറെ ഏതുവിധേനയും തൃപ്തിപ്പെടുത്തുന്നതിനുള്ള കടുത്ത പണിപ്പാടിലാണ് ഈവ. ഒരു ദിവസം ഈവയുടെ ബാല്യകാല സുഹൃത്തായ ഇമ്മാനുവല്‍ വിരുന്നുകാരനായി വന്നെത്തുന്നു. റോബിയാകട്ടെ ഇമ്മാനുവലു മായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഈവക്ക് ഇടനല്കിക്കൊ ണ്ട് തന്റെ കാമുകി നെല്ലിയുമായുള്ള ലൈംഗികബന്ധം പുതു ക്കുന്നു. ഇമ്മാനവേലുമായുള്ള സൗഹൃദത്തില്‍ വൈചിത്ര്യങ്ങള്‍ പുലര്‍ത്തുന്ന യോണ അതിനെ ഒരു പ്രതിരോധ രൂപകമായി മാറ്റിയെടുക്കുന്നു. ഒരിക്കല്‍ വീടുവിട്ട ഇമ്മാനുവേല്‍ ഒരു ബുദ്ധഭിക്ഷുവിനോടും സംമലിംഗസദൃശമായ ഒരു അടുപ്പം പ്രകടിപ്പിക്കുന്നു. അപ്രകാരം ദൃശ്യതയുടെ കലര്‍പ്പുകള്‍ അതിന്റെ സവിശേഷ ഘടനയില്‍ത്തന്നെ പരസ്പരം വിയോജിച്ചു കൊണ്ട് നിരന്തരം കഥനീയ ഗതിയെ മുന്നോട്ടു നീക്കുന്നു. ഇതൊരു ചരിത്ര നിര്‍മിതിയോ നിഷേധമോ അല്ലെന്ന് ജോനാഥന്‍ സാഗള്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ദൃശ്യതന്ത്ര വ്യവഹാര ങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഇശ്രായേലിന്റെ സമകാലിക പ്രതിസന്ധികളെപ്പറ്റി അയാള്‍ വാചാലനാകുന്നുണ്ടെന്ന് നിരീക്ഷകര്‍ തീര്‍പ്പുകലിപ്പിക്കുന്നു.

ജോനാഥന്‍ സാഗള്‍ സ്വയം അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇമ്മാനുവേല്‍. ഇശ്രായേലിലെ വിഖ്യാത നടീനടന്മാരായ ഡാഫ്‌ന റെക്ടറും, ഷാരോണ്‍ അലക്‌സാണ്ടറുമാണ് ഈവ റോബിമാരെ അവതരിപ്പിക്കുന്നത്. പ്രമുഖ ബാലനടന്‍ റിവ് ബാറൂഖ് യോണയേയും അവതരിപ്പിക്കുന്നു.

ചിത്രണഭാഷയിലെ ലളിതപദങ്ങള്‍ എന്ന നിലയിലാണ് ലൈംഗിക ദൃശ്യതയുടെ സങ്കലനം അര്‍ബന്‍ ഫീലിലെ സാന്നിധ്യമാകുന്നത്. ഇതിന്റെ അര്‍ത്ഥകല്പനകള്‍ തികച്ചും അകര്‍തൃത്വ പരമാ ണെന്നും സംവേദക പക്ഷത്ത് അതിന് പൊതുവായ സ്വീകാര്യത യില്ലെന്നും മറുവാദമുണ്ട്. അതിന്റെ സന്നിവേശം നൈരന്ത്ര്യത്തെ വിഛേദിക്കുകയും വികലമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കുറ്റാരോപണം. എന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ നിന്നുള്ള കാഴ്ചയൊരുക്കങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള താത്പര്യമില്ലായ്മ യാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

തികച്ചും സുതാര്യമായ ഒരു ജൈവിക പ്രക്രിയ എന്നതില്‍ നിന്നുമാറി അധികാരത്തിന്റെ മുന്നുപാധിയായും മുഖ്യോത്പന്ന മായും വരേണ്യദേശീയതയില്‍ ലൈംഗികത വിപണനം ചെയ്യപ്പെട്ടിരുന്നുവെന്നതാണ് അതിന്റെ വിപുലമായ പശ്ചാത്തലം. അരാജകവും അതിലൈംഗികവുമായ ഈ ജീര്‍ണവ്യവഹാരത്തെ ഭാവശുദ്ധിയുടെ മേലാപ്പുകൊണ്ടുമൂടി അതിനെ സാമാന്യവത്ക രിച്ചത് ഉപവകുപ്പായ എഴുത്തധികാരമാണ്. വരേണ്യ ദേശീയ തയുടെ സ്വത്വചിഹ്നമായ ഈ ജീര്‍ണവ്യവഹാരം മാനവതയെ മലീമസമാക്കിയിട്ടുള്ളത് കുറച്ചൊരളവിലല്ല. ഇതിന്റെ അപരപക്ഷത്താണ് ജൈവിക പ്രക്രിയ എന്ന നിലയിലുള്ള കീഴാളന്റെ ലൈംഗികത. എന്നാല്‍ കലാ - സാഹിത്യ വ്യവഹാരങ്ങളില്‍ വരേണ്യരീതികള്‍ അപരന്റെ ലൈംഗികതയെ പുറത്താക്കിക്കൊണ്ടാണ് എവുത്തധികാരം സ്ഥാപിച്ചെടുത്തത്. അതോടൊപ്പം അപരനെ സ്വത്വഹത്യ ചെയ്തുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ കുത്തകാധികാരത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു. നിഗൂഢവത്കരണങ്ങളുടെ ഈ ഹിംസാത്മക രീതിക്ക് കീഴാളജനത വിധേയരാക്കപ്പെട്ടു. വരേണ്യ ദേശീയതകളുടെ ലാവണ്യ രീതികളെ യാതൊരുളുപ്പുമില്ലാതെ പിന്‍പറ്റിയ കീഴാളരില്‍ ചിലരും സാര്‍വലൗകികമായി പുറംതള്ളലുകളുടെ ആക്കംകൂട്ടുന്നതിന് അരുനില്ക്കുകയും ആശ്രിതത്വത്തെ ആയാസരഹിതമായ ഒന്നാക്കിമാറ്റുകയും ചെയ്തിട്ടുണ്ടെന്ന വസ്തുതയും മറച്ചുവെക്കാ വുന്നതല്ല. നിരാസങ്ങളുടേയും നിയന്ത്രണങ്ങളുടേയും പൂര്‍വപീഠി കയില്‍ നിന്ന് നഷ്ടലൈംഗികതയുടെ ജൈവികമായ ദൃശ്യതാളം തിരികെ പിടിച്ചെടുത്തുകൊണ്ട് ചരിത്രമെഴുതായാണ് ജോനാഥന്‍ സാഗള്‍ ചലച്ചിത്രകാരന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുന്നത്. 

അര്‍ബന്‍ ഫീല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമക്ക് വെളിയിലൊരിടത്തുവെച്ചും ഇതുസംബന്ധിച്ച് നിയന്ത്രണങ്ങേളാ നിര്‍ദ്ദേശങ്ങളോ ജോനാഥന്‍ സാഗള്‍ മുന്നോട്ടുവെച്ചില്ല. അര്‍ബന്‍ ഫീല്‍ എന്ന ശീര്‍ഷകത്തിന്റെ അര്‍ത്ഥം കല്പിക്കുന്നതിനുള്ള അവകാശം പോലും ജോനാഥന്‍ തന്നില്‍ നിന്ന് കയ്യൊഴിച്ചു. 'കാണുക, നിങ്ങല്‍തന്നെ ഇതിന്റെ സന്ദേശമെന്താണെന്ന് തീരുമാനിക്കുക!' എന്ന് ജോനാഥന്‍ സാഗള്‍ എഴുതി.

ദൃശ്യകലാ വ്യവഹാരങ്ങളുടെ ലോകവേദികള്‍ക്ക് അപരിചിതനല്ല ജോനാഥന്‍ സാഗള്‍ എന്ന 40 കാരന്‍. കാനഡയില്‍ ജനിച്ച ജോനാഥന്‍ 11 വയസുള്ളപ്പോള്‍ കുടുംബത്തോടൊപ്പം ഇശ്രായേ ലിലെ ടെല്‍ അവീവിലേക്ക് താമസം മാറ്റുകയായിരുന്നു. കുറച്ചുകാലം ഹോളിവുഡിലും ലണ്ടനിലും തങ്ങി. ഇശ്രായേലില്‍ സ്ഥിരതാമസമാക്കിയ ശേഷം അവിടെ രംഗാവതരണത്തിലും ടി വി പരിപാടികളിലും സജീവമായി പങ്കെടുത്തുവന്നു. 'ലിയ ഗോസ് ഔട്ട് ഓഫ് ദി സ്ട്രീറ്റ്' രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ്. ചലച്ചിത്രജീവിതം ആരംഭിക്കുന്നത് 1977 ല്‍ പുറത്തുവന്ന 'ദി മാന്‍ വിത്ത് എ പവര്‍' എന്ന ടെലിഫിലി മില്‍ പങ്കെടുത്തുകൊണ്ടാണ്. ഇശ്രായേലിലെ ഒരു മാസികയായ റോഷ് ഇഷാദില്‍ പ്രസിദ്ധീകരിച്ച 'ഹ്യൂഗോ ആസ്പറേഗസ്' ജോനാഥന്‍ എഴുതിയ കഥാപരമ്പരയാണ്. ഇശ്രായേലി - പാലസ്തീന്‍ സംയുക്തസംരംഭമായ 'നിസാം സ്ട്രീറ്റ്' എന്ന പ്രൊഡ ക്ഷന്‍ യൂണിറ്റിന്റെ സ്ഥിരാംഗ രചയിതാവ് കൂടിയാണ് ജോനാ ഥന്‍ സാഗള്‍. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗി ന്റെ 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റി'ല്‍ (1998) പോള്‍ഡെക് പെഫെന്‍ 
ബെര്‍ഗ് എന്ന മധ്യമ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് പ്രസിദ്ധിയിലേ ക്കുയര്‍ത്തിയ മറ്റരൊരു സംരംഭം.

1998 ലാണ് അര്‍ബന്‍ ഫീലിന്റെ നിര്‍മാണമാരംഭിച്ചത്. രചനയും സംവിധാനവും നിര്‍വഹിച്ചതിനു പുറമേ നിര്‍മാണത്തിലും പങ്കാളിയായിരുന്നു. ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ത്തന്നെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞിരുന്നുവെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം തടര്‍ന്നങ്ങോട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. കെഷെറ്റ് ബ്രോഡ്കാസ്റ്റിംഗ് എന്ന സംപ്രേക്ഷണ സംഘം പണം കൊടുത്തു സഹായിച്ചതിനാല്‍ ആ വര്‍ഷം നവംബറില്‍ പടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഉടനെതന്നെ ഇശ്രായേലിലെ ഹായ്ഫ ഫിലിം ഫെസ്റ്റിവലില്‍ പങ്കടുപ്പിച്ച്, ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡും നേടി. ഈവയെ അവതരിപ്പിച്ച ഡാഫ്‌ന റെക്ടര്‍ക്ക് നല്ല നടിക്കുള്ള ഇശ്രായേലി അക്കാദമി അവാര്‍ഡും ലഭിച്ചു. ബെര്‍ലിന്‍ ജന്മപാരമ്പര്യമുള്ള ഡാഫ്‌നയുടെ അമ്മയും ഒരു നടിയായിരുന്നു. ചിലയിടത്തെങ്കിലും ഡാഫ്‌നക്ക് അശ്ലീലതാരം എന്ന ചീത്തപ്പേര് വീണിട്ടുണ്ട്. ആ പേരിലൂടെ വീക്ഷിക്കപ്പെട്ടതിനാലും അര്‍ബന്‍ ഫീലിന് ഒരു 'നീലഛവി' കല്പിച്ചുകിട്ടുകയുണ്ടായി.

* പടവുകള്‍ 2004 ഒക്ടോബര്‍.