"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഡോ. അംബേഡ്കര്‍ ആക്രമിക്കപ്പെടുന്നതെന്തുകൊണ്ട്? - ഡോ. സുരേഷ് മാനേ


ഒരേസമയം ഹിന്ദുവിനാലും മുസ്ലീമിനാലും അധിക്ഷേപിക്കപ്പെടുക എന്നത് തീര്‍ച്ചയായും, അംബേഡ്കര്‍ ചെയ്ത 'ദലിത് വിമോചകന്‍' എന്ന കുറ്റത്തിനുള്ള മൃഗീയശിക്ഷ എന്ന നിലക്കാണ്. 1997 ല്‍ അരുണ്‍ ഷൂരി എന്ന ഹിന്ദു 'വ്യാജ ദൈവങ്ങള്‍ ആരാധിക്കപ്പെടുമ്പോള്‍' എന്ന പുസ്തകത്തിലൂടെ യാണ് അംബേഡ്കറെ അവഹേളിച്ചതെങ്കില്‍ ഇന്ന് യു പി യില്‍ നിന്നുള്ള എം പി മുഹമ്മദ് അസംഖാന്‍ എന്ന മുസ്ലീം പൊതു പ്രസ്താവനയിലൂടെ ആ കൃത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുക യാണ്. അരുണ്‍ ഷൂരിയുടെ പുസ്തകത്തിന് അതിറങ്ങുന്ന കാലത്തുതന്നെ ദലിതപക്ഷത്തുനിന്ന് കൃത്യമായ മറുപടിയും കൊടുത്തിരുന്നു. ഡോ. സുരേഷ് മാനെ എഴുതിയ പ്രസ്തുത പുസ്തകത്തിന്റെ മലയാള പരിഭാഷ 'സാമ്രാജ്യത്വശക്തിയും 'സ്വാതന്ത്ര്യ' സമരവും ഡോ. അംബേഡ്കറും' എന്ന പേരില്‍ ബഹുജന്‍ സാഹിത്യ അക്കാദമിയും കോഴിക്കോടു നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. എം കെ രജിത്താണ് പരിഭാഷപ്പെടുത്തി യത്. മുഹമ്മദ് അസം ഖാന്റെ കാര്യത്തിലും അരുണ്‍ ഷൂരിക്കുള്ള മറുപടി ഉചിതമാകയാല്‍ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ചരിത്രസൃഷ്ടാക്കളുടെ കുറ്റങ്ങളും കുറവുകളും എല്ലായ്‌പ്പോഴും മൂല്യനിര്‍ണയത്തിനും വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. അവര്‍ പറഞ്ഞത് എന്തെല്ലാ മാണോ അവയുടെ പേരിലെല്ലാം അവര്‍ ആക്രമിക്കപ്പെടാം. ചിലര്‍ ഇത്തരം ചരിത്ര നിര്‍മാതാക്ക ളുടെ കാഴ്ചപ്പാടുകളോട് യോജിക്കുമ്പോള്‍, മറ്റു ചിലര്‍ അവയോട് വിയോജിപ്പ് പ്രകടിപ്പിക്കും. ഇന്ത്യയില്‍ ഒരു ചരിത്ര സൃഷ്ടാവിന്റെ സംഭാവനകള്‍ക്കു പുറമേ സാമൂഹ്യ ശ്രേണിയില്‍ അയാള്‍ എവിടെ നില്ക്കുന്നു എന്നതിന്റെ എടിസ്ഥാനത്തിലാണ് ഈ മൂല്യനിര്‍ണയം നടക്കുക. കോടാനുകോടി മനുഷ്യപ്പേക്കോല ങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണ ത്തിനിട യില്‍ നിലവിലുള്ള സാമൂഹിക - സാംസ്‌കാരിക ക്രമത്തിനും കുത്തകശക്തിക്കും യാഥാസ്ഥിതിക പ്രാമാണികതക്കും എതിരെ അയാള്‍ പോരാടിയിട്ടുണ്ടെങ്കില്‍ അയാളുടെ സംഭാവ നകള്‍ തീര്‍ത്തും അവഗണിക്കപ്പെടുമെന്നത് തീര്‍ച്ച. അയാള്‍ ഒരു പുറംജാതിക്കാരനായിപ്പോയെങ്കില്‍ അയാള്‍ ഒരു പൂര്‍ണ വിസ്മൃത ചിത്രമായി പരിണമിക്കും.

ഇത്തരം ദ്വിമുഖ ആക്രമണത്തിന്റെ ഒരു പ്രോജ്വല ജ്വാലയാണ് ഡോ. അംബേഡ്കര്‍. ഇന്ന് ഒരേ സമയം രണ്ട് ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് അംബേഡ്കര്‍. ഒന്ന് അദ്ദേഹത്തി ന്റെ പ്രതിമകള്‍ ഇടിച്ചുപൊടിച്ചു കളയുന്നത്. മറ്റേത്, നമ്മുടെ മനസിലുള്ള അദ്ദേഹത്തിന്റെ പ്രതിരൂപം ഇടിച്ചുപൊടിച്ചു കളയുന്നത്. ഇതിന്റെ പിന്നിലുള്ള കാരണം കാലം കഴിയുന്തോ റും അംബേഡ്കറുടെ ദേശീയ ഭരണഘടന കൂടുതല്‍ കൂടുതല്‍ വൈപുല്യം നേടിയെടുത്തുകൊണ്ടിരിക്കുകയാണെന്നു മാത്രമല്ല, പിന്നെയോ, ദേശീയ രംഗത്ത് അദ്ദേഹം ഒരു കേന്ദ്രനില കൈവരിച്ചു കൊണ്ടിരിക്കുക കൂടിയാണ് എന്നതാണ് പ്രധാനം. ഇത് അരുണ്‍ ഷൂരിയെ പോലെയുള്ള ബ്രാഹ്മണിക ബുദ്ധിജീവി കളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. 

ഈയിടെ പുറത്തിറങ്ങിയ അരുണ്‍ ഷൂരിയുടെ 'കപട ദൈവങ്ങളെ ആരാധിക്കല്‍' എന്ന അര്‍ദ്ധ - ഗവേഷണ ഗ്രന്ഥം വളച്ചൊടിക്കലുകളിലും അര്‍ദ്ധസത്യങ്ങളിലും അധിഷ്ഠിതമാണ്. യുക്തിരഹിതമായ അന്വേഷണത്തിന്റെ മകുടോദാഹരണമായി വര്‍ത്തിക്കുന്ന ഈ പുസ്തകം 'ജാതിനിര്‍മൂലനം' എന്ന പുസ്തക മെഴുതിയ അതേ ആളെത്തന്നെ നിര്‍മൂലനം ചെയ്യാനുള്ള അത്യധികം വിഫലമായ ഒരു സംരംഭം മാത്രമാണ്. ഏതുനിലയില്‍ നോക്കിയാലും ബാബാസാഹിബിനെ അടക്കിയൊതുക്കാന്‍ ഇന്ത്യയിലെ അധികാര സമൂഹവും വൈജ്ഞാനിക സമൂഹവും ഒന്നിച്ചു ചേര്‍ന്നിരിക്കയാണ് എന്നതിനുള്ള തെളിവാണിത്. രാഷ്ട്രീയ മണ്ഡലമോ വൈജ്ഞാനിക മണ്ഡലമോ ഇന്ത്യയെ മുന്നോട്ടുനയിക്കുന്ന ഒരു ദര്‍ശനം അദ്ദേഹത്തില്‍ കണ്ടെത്തുന്നില്ല. വ്യവസ്ഥിതി വിരുദ്ധമായ ഒരുസംവാദമുണ്ടാകുമ്പോള്‍ പ്രത്യേകിച്ച് അത് ബഹിര്‍ഗമിക്കുന്നത് ഒരയിത്തജാതിക്കാരനില്‍ നിന്നാണെങ്കില്‍ ഇന്ത്യയിലെ അധികാരപ്രയോഗവും വിജ്ഞാന പ്രയോഗവും പരസ്പരം പൊരുത്തമില്ലാതായിപ്പോകുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

ഡോ. അംബേഡ്കറെ താറടിച്ചുകാട്ടുന്ന വിഫലമായ അഭ്യാസ പ്രകടനത്തില്‍ തന്റെ സംശയാസ്പദമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ സാമ്രാജ്യത്വ ശക്തിയുടെ ഒരു ചട്ടുകമായും ഒരു രാജ്യദ്രോഹിയു മായാണ് അംബേഡ്കറെ അരുണ്‍ ഷൂരി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ സൃഷ്ടാവ് എന്ന നിലയിലല്ല, വെറുമൊരു കലവറയായാണ് അദ്ദേഹം ഇവിടെ ചിത്രീകരിക്ക പ്പെടുന്നത്. ബുദ്ധന്റെ ജീവിതവും അനുശാസനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഒരു രാഷ്ട്രീയ പ്രക്രിയയാണ് അംബേഡ്കറുടെ ബുദ്ധിസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ അരുണ്‍ ഷൂരി ചിത്രീകരിക്കുന്നത്. തന്റെ മുന്‍ധാരണകള്‍ക്ക നുസരിച്ച് അരുണ്‍ ഷൂരി വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് അംബേഡ്കര്‍ മന്ത്രിസഭയില്‍ മന്ത്രിപദവി നേടിയെടുത്തത് ബാബു ജഗജീവന്‍ റാമിന്റെ ശുപാര്‍ശ പ്രകാരമാണ് എന്നതുപോലുള്ള കഥകളിലാണ് എന്നതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ഇന്ത്യന്‍ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവായ ജ്യോതിഫൂലെ യെ ഒരു കാലത്ത് ശൂദ്രഗുരുവെന്നും ശൂദ്രമതസ്ഥാപകനെന്നും ശൂദ്രലോകഗുരുവെന്നും അപഹസിച്ച ബുദ്ധിസ്ഥിരതയില്ലാത്ത പണ്ഡിതവര്‍ഗത്തില്‍ ചേരുകയാണ് ഇത്തരം കഥയെഴുത്തിലൂടെ അരുണ്‍ ഷൂരി ചെയ്യുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ത്തന്നെ ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാന്‍ അരുണ്‍ ഷൂരിയെ പ്രേരിപ്പിച്ചത് എന്താണ്? പ്രസ്തുത പുസ്തകത്തിന്റെ ആമുഖം വായിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്തെന്ന് ആര്‍ക്കും മനസിലാകും. സ്വാമി ദയാനന്ദസരസ്വതിയും രാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും അരബിന്ദോയും നാരായണഗുരുവും ബക്കിംചന്ദ്ര ചാറ്റര്‍ജിയും മറ്റും ചേര്‍ന്ന് മുങ്ങിത്താണുകൊണ്ടിരുന്ന രാഷ്ട്രത്തെ രക്ഷപ്പെടുത്തിയെടുത്തു എന്നതാണ് ഷൂരിയെ സംബന്ധിച്ചുള്ള ദുഃഖം. അദ്ദേഹത്തിന്റെ പ്രധാന പരാതി ലോകമാന്യന്‍ വിസ്മൃതനായത്രയും നല്ലവനായി എന്നതാണ്. വിവേകാനന്ദന്‍ ഇടക്കെല്ലാം പൊടിതട്ടി പുറത്തെടുക്കപ്പെടുന്ന ആളുമാണ്. അംബേഡ്കറെ പോലെയുള്ള വ്യക്തികളാണെങ്കില്‍ ദിവ്യതയുടെ പരിവേഷം ചാര്‍ത്തി ആരാധിക്കപ്പെടുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെപ്പോലെ മറ്റാരും പൂജിക്കപ്പെടാത്ത ഒരവസ്ഥയാണ് ഇന്നുള്ളത്. പാര്‍ലമെന്റ് മന്ദിരത്തിനു മുമ്പില്‍ അംബേഡ്കറുടെ പ്രതിമ സ്ഥാപിച്ചതിലും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചതിലും അരുണ്‍ ഷൂരി അങ്ങേയറ്റം വ്യാകുലചിത്തനാണ്. അംബേഡ്കറുടെ പേരിലുള്ള 'ഭാരതരത്‌ന' അവാര്‍ഡും അദ്ദേഹത്തിന്റെ പേരിലുള്ള ദേശീയ അവധി ദിനങ്ങളും അദ്ദേഹത്തെ ആദരിക്കാന്‍ വേണ്ടി പുറത്തിറക്കിയ തപാല്‍സ്റ്റാമ്പും ഷൂരിയെ വിഷമിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ സര്‍വകലാശാലകള്‍ പുനര്‍നാമകരണം ചെയ്യപ്പെടുന്നതിലും പണ്ഡിറ്റ് നെഹറുവിന്റെ കാലംമുതല്‍ തന്നെയുള്ള ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പി എന്ന ഏറ്റവും സമുന്നതമായ ലോകാംഗീകാരവും അദ്ദേഹത്തിന്റെ പേരില്‍ അവരോധിക്കപ്പെടുന്ന വിവിധ ബഹുമതികളും ഷൂരിയെ വിഷമത്തില്‍ അകപ്പെടുത്തുന്നു. മൊത്തത്തില്‍ ഇന്ത്യയുടെ അംബേഡ്കര്‍വത്കരണത്തില്‍ വിശിഷ്യ, ഉത്തര്‍ പ്രദേശില്‍ ബി എസ് പി ഗവണ്മെന്റ് നടത്തിയ മര്‍മപ്രധാനമായ പ്രവര്‍ത്തന ത്തില്‍ ഭയചകിതനായിത്തീര്‍ന്ന ഷൂരി ഒരു തരം മാനസിക വിഭ്രാന്തി (Fear Psychosis) അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭയം മാത്രമല്ല; തന്റെ ദൈവങ്ങളെല്ലാം ചരിത്രത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുമല്ലോ എന്ന ഭയവും അദ്ദേഹത്തെ വിടാതെ പിടികൂടിയിരിക്കുകയാണ്.