"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പ്ലാസിഡോ റിസോട്ടോ: വിഗ്രഹമാകാത്തവരുടെ സ്മാരകങ്ങള്‍അധികാരരാഷ്ട്രീയം ആദരിക്കാന്‍ വിസമ്മതിച്ച ഒരു വിസ്മൃത വിപ്ലവകാരിക്ക് സത്യാന്വേഷിയായ ഒരു ദേശികന്‍ കാലത്തില്‍ തീര്‍ത്തുകൊടുത്ത സ്മാരക ശില്പമാണ് ഇറ്റാലിയന്‍ സംവിധായകന്‍ 'പ്ലാസിഡോ റിസോട്ടോ' എന്ന സിനിമ. ചരിത്ര രചനയുടെ കുത്തകാധികാര സ്ഥാപനങ്ങളിലെ തസമസ്‌കരണ മണ്ഡലങ്ങളില്‍ തീവെളിച്ചം കൊണ്ടെഴുതിയ കലാപസംരംഭം കൂടിയാണ് പാസ്‌ക്വാലേ സിമെക്കയുടെ ഈ സിനിമ. അപനിര്‍മാണത്തിലുള്ള പണിയറിവാണ് ചലച്ചിത്രകാരനും ആധുനികാഴ്ചവെപ്പുകളുടെ പാഠസ്ഥലങ്ങളില്‍ ഇടം നേടിക്കൊടുക്കുന്നതെന്നാണ് പാസ്‌ക്വാലേ സിമെക്ക പ്ലാസിഡോ റിസോട്ടോയിലൂടെ കൈമാറുന്ന മറ്റൊരറിവ്.

പ്രസ്ഥാനങ്ങളുടെ ഊര്‍ജ സംഭരണികള്‍ എന്ന നിലക്കു സ്ഥാപിക്കപ്പെടേണ്ടതായ സ്മാരകങ്ങള്‍ക്ക് വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയില്‍ സംഭവിക്കാവുന്ന അപചയം, തികച്ചുമത് വ്യക്തികേന്ദ്രിതമായ ധനകാര്യസ്ഥാപനങ്ങള്‍ മാത്രമായി മാറുന്നുവെന്നതാണ്. അവയിലൂടെ വിനിമയം ചെയ്യപ്പെടുന്നത് ഏറിയകൂറും കള്ളനാണയങ്ങള്‍ തന്നെയായതിനാല്‍ പ്ലാസിഡോ റിസോട്ടോയെ പോലെയുള്ള വിപ്ലവകാരികള്‍ ഉത്പാദിപ്പിച്ച മൂല്യബോധം എവിടെയും വ്യാപിക്കാതെ ഒടുങ്ങുന്നു. അങ്ങിനെ വരുമ്പോള്‍ അവകള്‍ മിത്തുകളില്‍ സൂക്ഷിക്കപ്പെടുകയാണ് പലപ്പോഴും.

പ്ലാസിഡോ റിസോട്ടോ ഇറ്റലിലിയെ സിസിലി ദ്വീപിലെ തൊഴിലാളികളുടെ അവകാശ സമരേതിഹാസമാണ്. അധികാരത്തോട് സമരസപ്പെടാന്‍ കൂട്ടാക്കാത്ത അടിയാള ജനതയുടെ ചെറുത്തുനില്പുകളാണ് അതിന്റെ പാരമാര്‍ത്ഥിക സത്ത. യാഥാര്‍ത്ഥ്യത്തിന് പിരിക്കേല്ക്കാതെകാത്തു സൂക്ഷിക്കുന്ന ഈ മിത്തീകരണം മറവി പറ്റി നഷ്ടപ്പെടാതിരിക്കുന്നതിന്, എഴുത്തധികാരത്തിന് പുറത്തുള്ള അടിയാളവര്‍ഗം ആഗോളതലത്തില്‍ വികസിപ്പിച്ചെടുത്ത ശില്പനിര്‍മാണ തന്ത്രമാണ്.

അനാഥനായ ഒരുവനെ കുറിച്ചുള്ള മിത്തിക അവശേഷിപ്പുകളാണ് പ്ലാസിഡോ റിസോട്ടോ എന്ന സിനിമ തീര്‍ക്കുന്നതിനുള്ള മുന്നറിവുകളായി സ്വീകരിക്കപ്പെട്ടത്. നാസികളുടെ പിണിയാളുകളായ മാഫിയ അച്ഛനെ പിടിച്ചുകൊണ്ടുപോയി കൊല്ലുന്നത് നോക്കിനില്‌ക്കേണ്ടിവന്ന ഹതഭാഗ്യനായ ബാലനില്‍ നിന്നും ആ ദുരന്തകഥ ആരംഭിക്കുന്നു. തുടര്‍ന്ന്, ബാലന്റെ ഓര്‍മകള്‍ പുറകോട്ടു പോകുമ്പോള്‍, ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ നാസികള്‍ക്കെതിരെ പോരാടുന്ന ദേശികരുടെ നായകനായി പ്ലാസിഡോ റിസോട്ടോ മുന്നിലെത്തുന്നു. യുദ്ധാനന്തര സിസിലിയിലെ അക്കാലത്തെ രാഷ്ട്രീയ ചുറ്റുപാടുകള്‍ അഴിമതിയുടേയും അരാജകത്വത്തിന്റേയും കൂത്തരങ്ങായിരുന്നു. മാഫിയയെ നേരിട്ട് എതിര്‍ക്കുന്ന ഒരു സമരമുറക്ക് വിപ്ലവകാരികള്‍ ഒരുക്കം കൂട്ടുന്ന സമയം. ലിയ എന്ന പെണ്‍കുട്ടിയുമായി പ്ലാസിഡോ സ്ഥാപിച്ച പ്രണയബന്ധം ഒരു ഷേക്‌സ്പീയന്‍ കഥയുടെ അനുരാഗ പരിസരത്തേക്ക് രൂപപ്പകര്‍ച്ച നേടുന്നു. ലിയയുടെ കുടുംബമാകട്ടെ, മാഫിയയോട് കൂട്ടുചേര്‍ന്ന് പ്ലാസിഡോ റിസോട്ടോയെ കൊല്ലുന്നതിനു വേണ്ടിയുള്ള കരുക്കള്‍ നീക്കുകയായിരുന്നു. ഇതു മണത്തറിഞ്ഞ ലിയ പ്രാണ രക്ഷാര്‍ത്ഥം ഗ്രാമം വിടണമെന്ന് അയാളോട് കേണുപറഞ്ഞു. എന്നാല്‍ ശരിയും നീതിയുക്തവുമെന്ന് കരുതുന്ന വിപ്ലവപ്രസ്ഥാനത്തില്‍ നിന്നും പ്ലാസിഡോ റിസോട്ടോയെ പിന്തിരിപ്പിക്കാനുള്ള കരുത്ത്, ലിയ അറിയിച്ച ആപത്സന്ധിക്കുണ്ടായിരുന്നില്ല. അന്ന് രാത്രി ലിയ മാഫിയകളാല്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. പിറ്റേന്ന് ദേശികരറിയുന്നത് പ്ലാസിഡോ റിസോട്ടോ കൊല്ലെപ്പെട്ടുവെന്നാണ്.

ഭൂപ്രഭുക്കളില്‍ നിന്ന് ഭൂമി തിരിച്ചു പിടിക്കുന്നതിനായി കര്‍ഷകരായ ദേശികരുടെ നേതൃനിരയില്‍ നിന്ന് സമരം ചെയ്യുന്നതിനിടെ മാഫിയ ചതിവില്‍പെടുത്തി കൊന്നുതള്ളിയ പ്ലാസിഡോ റിസോട്ടോ എന്ന മഹാവിപ്ലവകാരിക്ക് മിത്തില്‍ നിന്ന് ചലച്ചിത്ര രൂപാന്തരവിസ്തൃതി കൊടുത്ത ദൃശ്യതയുടെ ഈ കലാപകാവ്യത്തിന്റെ ശകലിതസന്ധികള്‍ കണ്ടുകടക്കുമ്പോള്‍ കേരളീയ രാഷ്ട്രീയ ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളില്‍ നിന്ന് ചില സദൃശ്യങ്ങളെ മുന്നിലെത്തിക്കുന്നുണ്ട്. അത് മറ്റാരുമല്ല, കേരളീയ ദേശികരുടെ അവകാശ സമരപാരമ്പര്യങ്ങളുടെ സ്വത്വചിഹ്നമായ കെ വി പത്രോസാണ്. ഇരുവര്‍ക്കും മിത്തുകളില്‍ മാത്രമേ സ്മാരകം ഉണ്ടായിരുന്നിട്ടുള്ളൂ. സൗമ്യവും സാഹസികവുമായ ഇടപെടല്‍ ഇരുവരിലും വിപ്ലവകാരികളുടെ വ്യാവഹാരിക സാദൃശ്യം സംവഹിക്കുന്നുണ്ട്. വിപ്ലവ പ്രവര്‍ത്തനത്തിനിടെ മാഫിയ പ്ലാസിഡോ റിസോട്ടോയെ ചതിയില്‍ വകവരുത്തുകയായി രുന്നുവെങ്കില്‍ കെ വി പത്രോസാകട്ടെ പ്രസ്ഥാനത്തില്‍ വന്നുഭവിച്ച ബ്രാഹ്മണിത്ത പ്രത്യയശാസ്ത്രങ്ങളുടെ സംക്രമണത്തിന് ഇരയായി തുരത്തപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 20 ആം നൂറ്റാണ്ടിന്റെ മധ്യകാലത്തു തന്നെയാണ് ഇരുവരുടേയും പ്രവര്‍ത്തനമണ്ഡലങ്ങള്‍ സജീവമായിരുന്നതെന്നറിയുമ്പോള്‍, കാലമല്ല എന്നും സ്ഥിരമായി നിലനില്‍ക്കുന്ന അധികാരരാഷ്ട്രീയത്തിന്റെ താത്പര്യങ്ങളാണ് ഇവരെ വിസ്മൃതിയിലാഴ്ത്തുന്നതെന്നു കാണാം. പ്ലാസിഡോ റിസോട്ടോക്ക് സ്മാരകം തീര്‍ക്കുന്നതിന് പാസ്‌ക്വാലേ സിമെക്ക ചലച്ചിത്ര സങ്കേതത്തിനുള്ളിലെ വഴികള്‍ തിരഞ്ഞപ്പോള്‍ കുന്തക്കാരനും ബലിയാടുമായ കെ വി പത്രോസ് ഇന്നും ആവിഷ്‌കാര - എഴുത്തധികാര - ബ്രാഹ്മണിത്ത ചിന്തകള്‍ക്ക് ബഹിഷ്‌കൃതനാണ്. ആളൊന്നു ചത്തുകിട്ടിയാലുടനെ സ്മാരകം പണിയാന്‍ ഹുണ്ടികപിപിരിവിനിറങ്ങുന്ന ധനകാര്യ സ്ഥാപനങ്ങളിലെ നടത്തിപ്പുകാര്‍ വെച്ചു പുലര്‍ത്തുന്ന ദുഷിച്ചതും ജീര്‍ണിച്ചതുമായ അരാഷ്ട്രീയ നടപടികള്‍ക്ക് വിട്ടുകിട്ടാന്‍ സാധിക്കാത്തവണ്ണം സാന്ദ്രതയാര്‍ന്നതാണ് ഈ ബഹിഷ്‌കൃതന്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മിത്തികാവരണത്തിന്റെ പുറംതോട്!

പ്ലാസിഡോ റിസോട്ടോ അതിന്റെ മിത്തിക തലത്തില്‍ വെച്ച് കെ വി പ്‌ത്രോസുമായി സാദൃശ്യതകള്‍ പങ്കുവെക്കുന്നതു പോലെ സാക്ഷാത്കാര തന്ത്രങ്ങളുടെ ദാര്‍ശനിക ചുറ്റുവട്ടത്തുവെച്ച് മാര്‍ക്കോ ടുള്ളിയോ ജിയോര്‍ഡാന സംവിധാനം ചെയ്ത 'വണ്‍ ഹണ്‍ഡ്രഡ് സ്‌റ്റെപ്‌സ്'ഉമായി കണ്ടുമുട്ടുന്നുണ്ട്. അതിലെ നായകന്‍ പെപ്പിനോ ഇംപാസ്റ്റാറ്റോ പ്ലാസിഡോ റിസോട്ടോയും നാസികളോടേറ്റുമുട്ടിയതിലും മാഫിയകളാല്‍ വേട്ടയാടപ്പെട്ടതിലും സമന്മാരും സമകാലികരും ദേശികരുമായിരുന്നു. പെപ്പിനോ ഇംപാസ്റ്റാറ്റോ ഒരു മാഫിയ അനുകൂല കുടുംബത്തില്‍ നിന്നുമാണ് വിപ്ലവപ്രസ്ഥാനത്തി ലെത്തുന്നതെങ്കില്‍ പ്ലാസിഡോ തികച്ചും അപര പക്ഷത്തുനിന്നാണ് വരുന്നത് എന്ന വ്യത്യാസമുണ്ട്. വണ്‍ ഹണ്ട്രഡ് സെറ്റപ്‌സ് ആകട്ടെ വിപ്ലവകാരി - മാഫിയ എന്ന ദ്വന്ദം നിര്‍മിച്ചുകൊണ്ടല്ല ചലച്ചിത്ര ശാസ്ത്ര രീതികളില്‍ സ്ഥാന നിര്‍ണയം ചെയ്യപ്പെടുന്നത്. അപരപക്ഷത്ത് മാഫിയ ഉണ്ടെങ്കിലും പെപ്പിനോയുടെ ജീവത്യാഗത്തെ ചൂഴ്ന്നു നിര്‍മിതികൊണ്ട വ്യക്തിഗാഥാനു ചിത്രണമായി അത് തരംതിരിയുന്നു. നിയോ റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ കാലികമായ പരിണിതി അടയാളപ്പെടുത്തുന്ന ഈ ചിത്രം ലളിതവും ഋജുവുമായ ദൃശ്യതന്ത്രമുപയോഗിച്ചാണ് സാക്ഷാത്കരിച്ചത്. ഫെല്ലനിയുടേയും ഡി - സീക്കയുടേയും രചനകളുമായുള്ള ഗതകാലബന്ധം അത് ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍ അവകളിലെ നൈരന്തര്യ ദൃശ്യതയുടെ രേഖീയ സമ്പ്രദായത്തെ പ്ലാസിഡോ റിസോട്ടോ അപനിര്‍മിക്കുന്നു. സ്മരണ ദൃശ്യങ്ങളെ ഇടചേര്‍ത്തുകൊണ്ടും സംഭവരേഖയെ പലയിടത്തും മുറിച്ച് ശാഖകളുടെ സങ്കേതത്തില്‍ വെച്ച് വിസ്തരിച്ചുംകൊണ്ട് ജീവചരിത്ര ചലച്ചിത്രണം ചെയ്യുന്നവരെല്ലാം അവലംബിക്കാറുള്ള പരീക്ഷണ കാഴ്ചകളുടെ വഴികളിലൂടെയാണ് അതിന്റെ പുരോഗതി. 

ചരിത്രകാലം പുനസൃഷ്ടിക്കുക എന്നത് ചലച്ചിത്രത്തെ സംബന്ധിച്ച അസാധ്യതകളില്‍ പ്രമുഖമാണ്. എന്നാല്‍ സൂചകങ്ങളെ സ്ഥലകാലങ്ങളില്‍ ബന്ധിച്ച് അവയെ വര്‍ത്തമാനകാലത്തിന്റെ മുന്‍തുടര്‍ച്ചയായി ക്രമീകരിച്ചാല്‍ യഥാര്‍ത്ഥ ചരിത്രകാഴ്ചകളെ ചിത്രണം ചെയ്‌തെടുക്കാവുന്നതേയുള്ളൂ. അങ്ങനെയാണ് പ്ലാസിഡോ റിസോട്ടോയുടെ കാമുകി ലിയ ഒരു സൂചകമായി കടന്നു വരുന്നത്. മാഫിയകളുടെ ഇടപെടലുകള്‍ എങ്ങനെ സമൂഹത്തേയും ചരിത്രത്തേയും അപമാനവീകരിക്കുന്നു എന്നുള്ളതിനുള്ള സൂചനകള്‍ അതില്‍ അടങ്ങുന്നു. പ്രസിദ്ധ നാടകകൃത്ത് ദാരിയോ ഫോയുടെ ഭാര്യ റംബാ ഫോ ഇപ്രകാരം മാഫിയകളാല്‍ കൊല്ലപ്പെട്ടതാണ്. ഇത് സൂചിപ്പിക്കുന്നതിനാണ് ലിയ എന്ന പാത്രം സൃഷ്ടിക്കപ്പെട്ടത്. പ്രണയത്തെപ്പോലും പതിവു ചേരുവയായല്ല ഈ സിനിമയില്‍ ഉപയോഗിക്കപ്പെട്ടത്.

പ്ലാസിഡോ റിസോട്ടോ സംഭവരേഖയെ, വെറും കൈവരകളില്‍ കളങ്ങളിലാക്കി രചിച്ച ചിത്രത്തുണി നിവര്‍ത്തിക്കാണിച്ചുകൊണ്ട് നാടോടിയായ ഒരു കിഴവന്‍, ദേശികരായ കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കുന്ന സന്ദര്‍ഭത്തിലാണ് സ്മരണദൃശ്യങ്ങള്‍ ശാഖകലില്‍ നിന്ന് പുറത്തു വരുന്നത്. മൗലികമായി രൂപപ്പെടുത്തിയ ചലച്ചിത്ര ഭാഷയുടെ കഥനീയ വഴികളിലൂടെയാണ് പിന്നെ ദൃശ്യത ഗതിവേഗം കൊള്ളുന്നത്. കറുപ്പും വെളുപ്പും ബഹുവര്‍ണങ്ങളും യഥാസ്ഥാനങ്ങളില്‍ ചാലിച്ചു ചേര്‍ത്താണ് അവയെ നിറം പിടിപ്പിച്ചിരിക്കുന്നത്. ശബ്ദായമാനവും സംഭവബഹുലവുമായ കാഴ്ചവെപ്പുകള്‍ക്കൊടുവില്‍ അറിയുന്നത്, പ്ലാസിഡോ റിസോട്ടോക്ക് ഇതുവരെ ഒരു സ്മാരകമായിട്ടില്ലെന്നാണ്. ഇങ്ങനെ പറഞ്ഞുകൊണ്ടു തന്നെ ഈ സിനിമ ഒരു സ്മാരകമായി മാറുന്നു. പാസ്‌ക്വാലെ സിമെക്ക പ്ലാസിഡോ റിസോട്ടോക്കും മാര്‍ക്കോ ടുള്ളിയോ ജീയോര്‍ഡാന പെപ്പിനോ ഇംപാസ്റ്റാറ്റോക്കും ചലച്ചിത്രകാരന്റെ കരവിരുതുകൊണ്ട് സ്മാരകം തീര്‍ത്തതിലൂടെ ദേശികന്റെ കടമ പൂര്‍ത്തിയാക്കിയപ്പോള്‍ 'അജ്ഞാത ശവകുടീരങ്ങളില്‍ പോലും സ്വസ്ഥത നഷ്ടപ്പെട്ട' കെ വി പത്രോസിനെ പോലെയുള്ള അനേകം സമരനായകന്മാര്‍ക്ക് വേണ്ടി എന്നാണ് ഒരു ചലച്ചിത്ര ശില്പി പിറവികൊള്ളുന്നതെന്നോര്‍ത്തു പോകുന്നു. ലോകത്താദ്യമായി ബാലറ്റു പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണ സംവിധാനം നിലവില്‍ വന്ന നാടാണ് പ്ലാസിഡോ റിസോട്ടോയുടെ സിസിലി എന്നറിയുമ്പോള്‍, ബഹുമതി വചനങ്ങളുടെ പൊങ്ങച്ചസഞ്ചികയില്‍ അത്തരമൊരു രാഷ്ട്രീയ ചരിത്രം പിന്‍പറ്റുന്ന കേരളീയ പരിസരങ്ങളില്‍ വെച്ച് ഈ സിനിമ കാണുമ്പോള്‍ കെ വി പത്രോസ് എന്നത് ഒരു അതിരുകടന്ന ആഗ്രഹമല്ല.

* സമീക്ഷ 2002 ആഗസ്റ്റ് ലക്കം.