"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യം തദ്ദേശീയ ജനതകളോടാവശ്യപ്പെടുന്നത് - വി.സി. സുനില്‍


ഇന്ത്യന്‍ സമൂഹത്തിന്റെ ആന്തരികഘടന അതീവ ഗുരുതരമായ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുയാണ്. സവര്‍ണ്ണാധിപത്യം വീണ്ടും ഇന്ത്യന്‍ ജനതയുടെ മേല്‍ മൃഗിയമായ തേര്‍വാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ദിനംപ്രതി രാജ്യത്തരങ്ങേറുന്നത്. ബ്രാഹ്മണാധിപത്യത്തിന്റെ മനുനിയമങ്ങള്‍ കരിനിയമങ്ങളായി ജനാധിപത്യ സ്വതന്ത്ര ഇന്ത്യയില്‍ അടിച്ചേല്പിക്കാനുള്ള ആസൂത്രിത പദ്ധതികളും ഭരണ ഘടന അട്ടിമറിശ്രമങ്ങളുമാണ് നടപ്പാക്കപ്പെടുന്നത്. മോദി ഗവണ്‍മെന്റ് അധികാരമേറ്റ നാള്‍ മുതലുള്ള ആസൂത്രണങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് ഇന്ത്യയെ വീണ്ടും അന്ത ഛിദ്രത്തിലേക്കും , വിഭജനത്തിലേക്കും, ആരാജകത്വത്തിലേക്കും നയിക്കാനുള്ള പരിപാടികളാണ് ആവിഷ്‌ക്കരിക്കുന്നത്. കലാഹവും, കലാപങ്ങളും അതിക്രമങ്ങളും സ്വാതന്ത്ര്യ ലബ്ദിയുടെ കാലത്തെപോലെ പടര്‍ത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. ഹൈന്ദവ ഫാസിസ്റ്റുകളുടെ പശുരാഷ്ട്രീയം ദലിത് - പിന്നോക്ക - ന്യൂനപക്ഷങ്ങളോയും പുരോഗമനകാരികളേയും തകര്‍ക്കാനുപയോഗിക്കുന്ന കൃത്യമായ ഫാസിസ്റ്റു രാഷ്ട്രീയ അജണ്ടയാണ്.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. ഈ സാഹചര്യം സവര്‍ണ്ണാധിപത്യ മൂല്യമുള്ള സംഘപരിവാരത്തെ ഏകാധിപത്യ പ്രവണതയുള്ള ഫാസിസ്റ്റ് പ്രസ്ഥാനമാക്കി മാറ്റിത്തീര്‍ക്കുന്നു. നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉപയോഗിച്ചു വിജയിച്ചശേഷം സംഘപരിവാരം സ്വന്തം അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്. ദലിതരെ ആക്രമിക്കാതെ എന്നെ ആക്രമിക്കൂ എന്ന് നരേന്ദ്രമോദി പറയുന്നത്. കഴിവു കേടിന്റെ വിലാപമാണ് . കോണ്‍ഗ്രസ്സിന്റെ ദേശീയമായ തകര്‍ച്ച മതേതര പ്രസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം മത ആശയങ്ങളേയും , ചിഹ്നങ്ങളേയും , രൂപങ്ങളേയും ഉപയോഗിച്ച് മതേതര കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് പരിഹാസ്യമാണ്. ശ്രീ കൃഷ്ണജയന്തിയും, യോഗയും, രക്ഷാബന്ധന്‍, വസ്ത്രധാരണവുമൊക്കെ കമ്മ്യൂണിസത്തെ പരിഹാസ്യമാക്കുന്നു. സാംസ്‌കാരികമായി ഹിന്ദു ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ദ്വിമുഖതന്ത്രം കമ്മ്യൂണിസ്റ്റുകളുടെ കപടതയാണ് . മേമ്പൊടിയായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബി.ജെ.പി ഫാസിസ്റ്റു പ്രവണതയുള്ള പ്രസ്ഥാനമല്ല എന്ന വിലയിരുത്തല്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുമാണ്. 

ഇത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തിലാരംഭിച്ച് ഇന്ത്യയിലേമ്പാടും വളര്‍ന്നു വികസിക്കുന്ന ദലിത് പ്രക്ഷോഭങ്ങളെ കാണേണ്ടത്. ബ്രാഹ്മണാധിപത്യ കോര്‍പറേറ്റ് ആശയങ്ങള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും ഇരയായി മാറ്റപ്പെടുന്ന ഇന്ത്യയിലെ തദ്ദേശീയ പാര്‍ശ്വവത്കൃതര്‍ ഡോ.ബാബാസാഹിബിനെ കേന്ദ്രമാക്കി സംഘടിതരാകാനും, യഥാര്‍ത്ഥ ബദല്‍ - പ്രതിപക്ഷ പ്രസ്ഥാനം വികസിപ്പാക്കാനും തയ്യാറാവുന്നത് സവര്‍ണ്ണരെ ഭയചികിതരാക്കുന്നു. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും, ഗുജറാത്തിലെ ജിഗ്‌നേഷ് മേവാനിയുമൊക്കെ ദേശീയമായി നേതൃത്വം നല്കുന്ന പ്രക്ഷോഭണ രാഷ്ട്രീയം തദ്ദേശീയ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്, ദലിത് പ്രക്ഷോഭങ്ങളുടെ പ്ര2തിരോധ രാഷ്ട്രീയമാണ് മതേതരത്വത്തിനും, സാമൂഹ്യ നീതിക്കും, അവസര സമത്വത്തിനുമായുള്ള പോരാട്ടങ്ങള്‍ക്ക് ഭാവിയില്‍ കരുത്തുപകരാന്‍ പോകുന്നത്. അതായത് യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണ മനുവാദ ഭീകരതയ്‌ക്കെതിരെ തദ്ദേശീയരുടെ മതേതര രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാകുന്ന ബദലുകളുടെ മഹാറാലികളായി ഇന്ത്യയിലെ പാര്‍ശ്വവത്കൃതതരുടെ വിമോചന രാഷ്ട്രീയം പുതിയ അജണ്ട നിശ്ചയിച്ച് പൊതുമണ്ഡലത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നു. ഇന്ത്യന്‍ ബ്രഹ്മാണാധിപത്യത്തിനും കോര്‍പ്പറേറ്റിസത്തിനുമെതിരെ പുതിയ പ്രതിക്ഷ രാഷ്ട്രീയം അറബ് വസന്തത്തിന്റെ മുല്ലപ്പൂ വിപ്ലവം പോലെ പടരുന്നു.കൃത്യമായ വംശീയ ഉള്ളടക്കത്തോടെ പുരോഗമന മൂല്യങ്ങളിലധിഷ്ഠിതമായി പ്രതിരോധ - പ്രക്ഷോഭണ രാഷ്ട്രീയത്തിന്റെ മാനവികതാ മൂല്യങ്ങള്‍ അംബേദ്കര്‍ ആശയങ്ങളിലൂടെ വികസിപ്പിക്കുന്നു. ഈ തിരിച്ചറിവിന്റെ രാഷ്ട്രീയത്തെ തടയുവാനോ, പ്രതിരോധിക്കുവാനോ ശേഷിയില്ലാതെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ പകച്ചു നില്‍ക്കുന്നു. മഹാറാലികളുടെ പ്രളയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. അംബേദ്ക്കര്‍ ചിന്തകള്‍ക്കനുസൃതമായ പരിവര്‍ത്തന രാഷ്ട്രീയത്തിന്റെ ദിശാബോധമായാണ് ഈ മഹാറാലികളും പ്രക്ഷോഭണങ്ങളും മാറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മലം ചുമക്കുന്നതും, പശുവിനെ കുഴിച്ചിടുന്ന ജോലിയും തങ്ങള്‍ക്കിനി സാദ്ധ്യമല്ല എന്ന പ്രഖ്യാപനം അന്തസ്സായ സാമൂഹ്യ മാനവിക ജീവിതത്തിനു വേണ്ടിയാണ്. പകരം 5 ഏക്കര്‍ ഭൂമി വീതം വേണമെന്നും തൊഴില്‍ വേണമെന്നുമുള്ള ആവശ്യം ഇന്ത്യന്‍ ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നിര്‍ണ്ണയിക്കും. കേരളത്തിലാരംഭിച്ച ദലിത് - ആദിവാസി ഭൂപ്രക്ഷോഭണങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ഏറ്റെടുക്കുന്നു. എന്നത് പരിവര്‍ത്തന രാഷ്ട്രീയത്തിന്റെ പുതിയ പോരാട്ട മുഖം ദേശീയമായി വികസിക്കുന്നതിന്റെ ആദ്യ പടിയാണ്.

തദ്ദേശീയ ജനവിഭാഗങ്ങളുടെ ജനകീയമായ വംശീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിന് ദേശമായി കളമൊരുങ്ങുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ കേരളത്തിലെ തദ്ദേശീയ മുന്നേറ്റ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി ഐക്യപ്പെട്ട് എല്‍ഡിഎഫ് - യുഡിഎഫ് - ബിജെപി പ്രസ്ഥാനങ്ങള്‍ക്ക് ബദലായി പുതിയ പ്രതിപക്ഷ രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനമായി പരിവര്‍ത്തനപ്പെടേണ്ട സാഹചര്യത്തിലേക്കാണ് എത്തപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യ ബോധത്തോടെ സാമൂഹ് നന്മയ്ക്ക് ഗുണപരമായി രാഷ്ട്രീയമായി സ്വയം ഉപയോഗപ്പെടാന്‍ കേരളത്തിലെ തദ്ദേശീയ പ്രസ്ഥാനങ്ങള്‍ക്കും, നേതൃത്വങ്ങള്‍ക്കും, ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. ചരിത്രത്തെ മാറ്റിത്തീര്‍ക്കുന്ന ഈ സാമൂഹിക പരവര്‍ത്തനത്തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഓരോരുത്തരായി, സാമൂഹികമായി മുന്നോട്ടു വരിക... ഈ നൂറ്റാണ്ട് നമ്മുടേതാണ്... നാം ശരിയായ അര്‍ത്ഥത്തില്‍ അത് തിരിച്ചറിഞ്ഞ് സത്യസന്ധമായി പ്രവര്‍ത്തനസജ്ജരാക്കണം. ഒരു വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി...

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍