"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

ചരിത്രത്തിലെ യുഗപുരുഷനായ അയ്യന്‍കാളിയുടെ അന്ത്യം - കുന്നുകുഴി എസ് മണിക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ തിരുവിതാംകൂറിന് ഒരു നവോത്ഥാന പുലരിയുടെ മുഖഭാവം കൈവന്നു. നൂറ്റാണ്ടുകളായി തീണ്ടല്‍ ജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്ന ക്ഷേത്രങ്ങളില്‍ കയറി സവര്‍ണര്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുവാനുള്ള അവകാശമാണ് വിളംബരത്തോടെ ലഭ്യമായത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ തിരുവിതാംകൂറിനേയും പിടിച്ചുലച്ചിരുന്നു. അയ്യന്‍കാളി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും മറ്റൊരു സമരമുഖത്തായിരുന്നു. സാമൂഹ്യ അസമത്വങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയ തന്റെ കറുത്ത ജനതയുടെ മോചനത്തിനുവേണ്ടി പടപൊരുതുകയായിരുന്നു. എങ്കിലും ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച അയ്യന്‍കാളി വിദേശ വസ്ത്ര ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുകയും അമ്പലപ്പുഴയില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ടി.വി.തേവന്‍ സ്വാമി പില്‍ക്കാലത്ത് പറയുകയുണ്ടായി. അതുപോലെ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിലെ സത്യാഗ്രഹത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തില്ലെങ്കിലും ബാഹ്യമായി പങ്കെടുത്തിരുന്നു. അതാണല്ലോ ഗാന്ധിജിയുടെ കത്തിന് അദ്ദേഹം മറുപടി അയച്ചത്. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയിലാദ്യമായി വില്ലുവണ്ടിയില്‍ കയറി വിലക്കപ്പെട്ടിരുന്ന പൊതുവഴികളിലൂടെ സവര്‍ണ നിയമം ലംഘിച്ച് സഞ്ചരിച്ചതും, ബാലരാമപുരത്തെ ചാലിയത്തെരുവില്‍ പരസ്യമായി സഞ്ചരിച്ചതും അത് ലഹളയാക്കി മാറ്റിയതും അയ്യന്‍കാളിയല്ലാതെ ചരിത്രത്തില്‍ മറ്റൊരാളെ ചൂണ്ടിപ്പറയാന്‍ കഴിയില്ല. എന്നിട്ടും അയ്യന്‍കാളിയുടെ ചരിത്രസമരങ്ങള്‍ സവര്‍ണ ചരിത്രകാരന്മാര്‍ തമസ്‌കരിക്കുകയായിരുന്നു.

ഗാന്ധിജി അഞ്ചു തവണയാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്. 1920-ല്‍ ആദ്യമായി മലബാറിലെത്തി ഒരു ദിവസം താമസിച്ചു. രണ്ടാമത് 1925- മാര്‍ച്ച് മാസത്തില്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തി. 1927-ഒക്‌ടോബറില്‍ ഖാദി പ്രചാരണ സംബന്ധമായി കേരളത്തിലെത്തി. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1931 ജനുവരിയില്‍ തിരുവിതാം കൂറിലെത്തി. ഒടുവില്‍ വന്നത് 1937 ജനുവരി 12ന് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതി നെത്തുടര്‍ന്ന് അതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. അപ്പോഴും ഗാന്ധിജി ജനിച്ച പോര്‍ബന്തറിലെ ക്ഷേത്രങ്ങളില്‍ അവിടത്തെ ഹരിജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല എന്ന കാര്യം വിസ്മരിക്കരുത്. ജനുവരി 13ന് തിരുവനന്തപുരത്തു നടന്ന ഒരു മഹായോഗത്തില്‍ ഗാന്ധിജി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. ജനുവരി 14ന് ഗാന്ധിജി അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയിരുന്ന മഹാനായ അയ്യന്‍കാളിയെ തേടി വെങ്ങാനൂരിലെത്തി. വെങ്ങാനൂര്‍ സ്‌കൂള്‍ അങ്കണത്തിലെത്തിയ ഗാന്ധിജിയേയും സംഘത്തേയും അയ്യന്‍കാളിയും സാധുജനപരിപാലന സംഘം നേതാക്കളും ചേര്‍ന്ന് വന്‍പിച്ച വരവേല്പു നല്‍കി സ്വീകരിച്ചു. പതിനായിരക്കണക്കിന് അധഃസ്ഥിത ജനങ്ങള്‍ ഗാന്ധിജിയെ കാണാന്‍ വെങ്ങാനൂരില്‍ തടിച്ചു കൂടിയിരുന്നു. ഗാന്ധിജി അയ്യന്‍കാളിയെ കണ്ട മാത്രയില്‍ കടന്നുചെന്നു കെട്ടിപ്പുണര്‍ന്നു. ജീവിത സായാഹ്നത്തില്‍ തനിക്കു കൈവന്ന ആ അസുലഭ നിമിഷത്തില്‍ ധീരനും ശൂരനുമായിരുന്ന അയ്യന്‍കാളിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. സന്തോഷാ ശ്രുക്കള്‍ മേല്‍മുണ്ടു കൊണ്ട് തുടച്ച് ഗാന്ധിജിയോടൊപ്പം അയ്യന്‍കാളി നടന്ന് ഗ്രന്ഥാലയത്തിന് മുന്നിലെ പ്ലാവിന്‍ ചുവട്ടില്‍ ഒരുക്കിയിരുന്ന മേശയ്ക്കു സമീപത്തേയ്ക്കു വന്നു. ഗാന്ധിജി മേശമേല്‍ കയറി ചമ്പ്രം പടിഞ്ഞിരുന്നു. അതായിരുന്നു പ്രസംഗ പീഠം. പ്രവര്‍ത്തകര്‍ കരിക്കിന്‍ വെള്ളവും മറ്റും ഗാന്ധിജിക്കു നല്‍കി. തന്റെ സമീപത്തു നിന്ന അയ്യന്‍കാളിയോട് ഗാന്ധിജി കുശല പ്രശ്‌നങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് അവിടെ കൂടി നിന്നിരുന്ന ജനസഞ്ചയത്തോട് പ്രസംഗിക്കാന്‍ തയ്യാറെടുത്തു. അതിനുമുന്‍പ് ഗാന്ധിജിയും സംഘവും തന്നെയും തന്റെ ജനത്തേയും തന്റെ സ്‌കൂളും മറ്റും കാണാന്‍ സന്മനസ്സ് കാട്ടിയ മഹാത്മാവിന് തന്റെ ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതവും നന്ദിയും ആശംസിച്ചു. അതിനിടയില്‍ അയ്യന്‍കാളി ഒരഭ്യര്‍ത്ഥന ഗാന്ധിജിക്കു മുന്നില്‍ വച്ചു 'എന്റെ സമുദായത്തില്‍ നിന്നും പത്തു പേരെയെങ്കിലും ബി.എ.ക്കാരാക്കാന്‍ അങ്ങ് സഹായിക്കണം 'മറുപടി പറയാന്‍ ഗാന്ധിജിക്ക്ഒരു നിമിഷം ആലോചിക്കേണ്ടി വന്നില്ല, 'പത്തല്ല നൂറ് ബി.എ.ക്കാര്‍ ഈ നാട്ടിലുണ്ടാവും.' ഗാന്ധിജി പറഞ്ഞു. അതിന് അദ്ദേഹം തന്റെ ഹരിജന്‍ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും ആവശ്യമുള്ളത്ര പണം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങളെ ഗാന്ധിജി ഇങ്ങനെ അഭിസംബോധന ചെയ്തു:

'നിങ്ങളുടെ ഇടയില്‍ സന്നിഹിതനായിരിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഏതിന്റെ ആഭിമുഖ്യത്തിലാണ് ഞാന്‍ തിരുവിതാംകൂര്‍ സഞ്ചാരം ഇന്നു നടത്തുന്നതെന്ന് ഗ്രഹിക്കുന്നതില്‍ എനിക്ക് അതിലും കൂടുതല്‍ സന്തോഷമുണ്ട്. തിരുവിതാംകൂറില്‍ നിന്ന് അസ്പൃശ്യതയെ പ്രായോഗികമായ വിധത്തില്‍ നീക്കം ചെയ്ക ആ മഹത്തായ വിളംബരത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. 'പ്രായോഗികമായ വിധത്തില്‍ നീക്കം ചെയ്ത' എന്നു ഞാന്‍ പറയുന്നു. എന്തെന്നാല്‍ വിളംബരം അത്ഭുത കൃത്യങ്ങള്‍ ചെയ്‌തെങ്കിലും, അതിന് എല്ലാം ചെയ്യാന്‍ സാദ്ധ്യമല്ല. ഇവിടെ നിന്നും ഇന്ത്യയില്‍ നിന്നും തന്നെ, അസ്പൃശ്യത മുഴുവനെ നീക്കം ചെയ്യാനുള്ള കൃത്യം ചെയ്യുന്നത് നിങ്ങളിലും എന്നിലുമാണ്. പാതിനേരം പോക്കിലും, പാതിവാത്സല്യത്തിലും 'പുലയരാജാവ്' എന്ന് നിങ്ങള്‍ വിളിക്കുന്ന അയ്യന്‍കാളിയില്‍ നിങ്ങള്‍ക്ക് അക്ഷീണനായ ഒരു പ്രവര്‍ത്തകനുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിങ്ങള്‍ സ്ഥിരമായ പുരോഗതി പ്രാപിച്ചു വരുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ മഹത്തായ വിളംബരം നിങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നു ള്ളതിനെപ്പറ്റി എനിക്കു യാതൊരു സംശയവുമില്ല. എനിക്ക് ഇന്ന് ഭാരമേറിയ ഒരു കാര്യപരിപാടിയുള്ളതുകൊണ്ട് ഞാന്‍ എന്നെത്തന്നെയോ നിങ്ങളേയോ അധികനേരം ഇവിടെ താമസിപ്പിക്കരുത്. എനിക്ക് സമയമുണ്ടായിരുന്നെങ്കില്‍, ഒരു ദിവസം മുഴുവനും നിങ്ങളോടു കൂടി കഴിച്ചു കൂട്ടി നിങ്ങളില്‍ പലരേയും അടുത്തറിയുന്നതിന് ഞാന്‍ ഇഷ്ടപ്പെടുമായിരുന്നു. എന്നാല്‍ തല്ക്കാലസ്ഥിതിക്ക് നിങ്ങളുടെ തിളങ്ങുന്ന മുഖങ്ങള്‍ കണ്ടുകൊണ്ടും, നിങ്ങളുടെ ഇടയ്ക്കുള്ള അല്പനിമിഷങ്ങളില്‍ എനിക്കു നേടുവാന്‍ സാധിക്കുന്നത്ര സ്‌നേഹിതന്മാരേക്കാളും, ഞാന്‍ തൃപ്തിപ്പെടേണ്ടിയിരിക്കുന്നു. ഞാന്‍ പോകുന്നതിനുമുന്‍പ് ഒരു ആശയം നിങ്ങള്‍ക്കു നല്‍കുവാന്‍ ഇഷ്ടപ്പെടുന്നു. ക്ഷേത്രങ്ങളില്‍ പോകുന്നതിനുള്ള ഈ അവസരത്തെ ബുദ്ധിപൂര്‍വ്വമായും മതപരമായും നിങ്ങള്‍ ഉപയോഗിക്കുമെന്നു ഞാന്‍ ആശിക്കുന്നു. ക്ഷേത്രത്തില്‍ പോകുന്നതു കൊണ്ട് നാം എന്തെങ്കിലുംആര്‍ജ്ജിക്കുകയോ ഒന്നും തന്നെ ആര്‍ജ്ജിക്കാതി രിക്കുകയോ ചെയ്യുന്നത്, നമ്മുടെ മനഃസ്ഥിതിയെ ആശ്രയിച്ചാണി രിക്കുന്നത്. നമുക്ക് ഈ ക്ഷേത്രങ്ങളെ സമീപിക്കേണ്ടത് എളിയതും, പശ്ചാത്താപ പൂര്‍ണ്ണവുമായ ഒരു മനഃസ്ഥിതിയോടു കൂടിയാണ്. അവ ദൈവത്തിന്റെ അനേക ആലയങ്ങള്‍ ആണ്. നിശ്ചയമായും ദൈവം ഓരോ മനുഷ്യ ആകാരത്തിലും, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ ഓരോ അണുവിലും, ഈ ഭൂമിയിലുള്ള സകലതിലും നിവസിക്കുന്നു. എന്നാല്‍ വളരെ തെറ്റുകള്‍ ചെയ്യുന്ന മനുഷ്യരായ നാം, ദൈവം എല്ലായിടത്തും ഉണ്ടെന്നുള്ള സംഗതിയെ ആദരിക്കാത്തതിനാല്‍, നാം ക്ഷേത്രത്തിന് പ്രത്യേക മാഹാത്മ്യത്തെ കല്പിച്ച് ദൈവം അവിടെ വസിക്കുന്നു എന്നു വിചാരിക്കുന്നു. അതുകൊണ്ട് നാം ഈ ക്ഷേത്രങ്ങളെ സമീപിക്കുമ്പോള്‍ നമ്മുടെ ശരീരത്തേയും മനസ്സിനേയും ഹൃദയത്തേയും ശുദ്ധമാക്കണം. നാം ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാപരമായ മനഃസ്ഥിതിയോടു കൂടി പ്രവേശിക്കുകയും അവിടെ പ്രവേശിച്ചതിനാല്‍ നമ്മേ കൂടുതല്‍ വിശുദ്ധരായ സ്ത്രീകളും പുരുഷന്മാരും ആക്കുന്നതിന് ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഒരു വൃദ്ധന്റെ ഈ ഉപദേശത്തെ നിങ്ങള്‍ കൈക്കൊള്ളുന്നു എങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഈ ശാരീരികമായ വിവേചനം ആത്മാവിന്റെ വിമോചനം കൂടി ആയിരിക്കും.' 1

പ്രസംഗാനന്തരം ഗാന്ധിജി അയ്യന്‍കാളിയോടൊപ്പം അദ്ദേഹം 1904-ല്‍ സ്ഥാപിച്ച പുതുവല്‍ വിളാകം എല്‍.പി.സ്‌കൂള്‍ ചുറ്റി നടന്നു കണ്ടു. അതോടു ചേര്‍ന്നുള്ള ഗ്രന്ഥശാലയും ഗാന്ധിജി സന്ദര്‍ശിച്ചു. അക്ഷരാഭ്യാസമില്ലാത്ത അയ്യന്‍കാളിയുടെ ദീര്‍ഘവീക്ഷണ തല്പരതയില്‍ ഗാന്ധിജി അത്ഭുതം കൂറുകയും അയ്യന്‍കാളിയെ പ്രശംസിക്കുകയും ചെയ്തു. അതു കഴിഞ്ഞ് സ്‌കൂളിനു സമീപം സ്ഥാപിച്ചിരുന്ന 12 തറികളുള്ള നെയ്തു പരിശീലന കേന്ദ്രം കണ്ട് ഗാന്ധിജി അതിരറ്റ് സന്തോഷിക്കുകയും അയ്യന്‍കാളിയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഗാന്ധിജി വെങ്ങാനൂര്‍ വിടുന്നതിനു മുന്‍പ് അയ്യന്‍കാളിയോട് ചോദിച്ചു' നിങ്ങള്‍ ഇട്ടിരിക്കുന്ന ഈ നീണ്ടകുപ്പായവും തലപ്പാവും പട്ടുകൊണ്ടു ള്ളതല്ലേ? എന്താ ഖദറാക്കിയാല്‍?' 

'അങ്ങിനെ ചെയ്യാം' എന്ന് ഗാന്ധിജിയോട് സമ്മതിച്ച അയ്യന്‍കാളി പിന്നീട് മരണം വരെ ഖദര്‍ ധരിച്ചുവെന്നാണ് ഗാന്ധിജിയോടൊപ്പം വെങ്ങാനൂര്‍ സന്ദര്‍ശിച്ച ഡോ.ജി.രാമചന്ദ്രന്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ ഗാന്ധിജി പ്രസംഗത്തിനിടയില്‍ അയ്യന്‍കാളിയെ 'പുലയ രാജാവ്' എന്ന്‌വിശേഷിപ്പിച്ചത് മഹാത്മാവിന് ഒരിക്കലും ഭൂഷണമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എല്ലാ അയിത്ത ജാതിക്കാരേയും ഒന്നായി കണ്ടുകൊണ്ടാണ് അയ്യന്‍കാളി 1907-ല്‍ എസ്.എന്‍.ഡി.പിയെ പോലെ ഒരു ജാതിക്കുമാത്രമായി സംഘടന രൂപീകരിക്കാതെ എല്ലാജാതികള്‍ക്കുമായി സാധുജനപരിപാലന സംഘം രൂപീകരിച്ചതും അവര്‍ക്കായി ഒരായിസ്സു മുഴുവന്‍ പ്രവര്‍ത്തിച്ചതും. അതുകൊണ്ടു തന്നെ പുലയരാജാവ് എന്ന വിശേഷണം അയ്യന്‍കാളിയെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നാണ് പില്‍ക്കാലത്ത് ബുദ്ധിജീവികളും എഴുത്തുകാരും വിലയിരുത്തപ്പെടുന്നത്. ഈ വിശേഷണത്തിലൂടെ ഗാന്ധിജി വിഭാഗീയത കുത്തിവച്ചതാണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടെന്നു കരുതാന്‍ ന്യായമുണ്ട്. ഗാന്ധിജി വെങ്ങാനൂര്‍ പ്രസംഗത്തില്‍ പറഞ്ഞതുപോലെ ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് അധഃസ്ഥിത ജനതയ്ക്ക് എന്തു മെച്ചമാണ് ഉണ്ടായത്. ഒന്നുമില്ലെന്നുതന്നെ പറയണം. ഇക്കണ്ട നൂറ്റാണ്ടുകളിലത്രയും മനുഷ്യാവകാശ ലംഘനങ്ങളിലൂടെ അനുഭവിക്കേണ്ട മുഴുവന്‍ അനുഭവിച്ചിട്ടും ഒരു ദൈവവും ക്ഷേത്രമതില്‍ക്കെട്ട് തകര്‍ത്ത് സാധുജനങ്ങളുടെ രക്ഷക്കായി എത്തിയിട്ടില്ല. പിന്നെ ക്ഷേത്രദര്‍ശനം നടത്തിയിട്ടും ഈ ജനതയ്ക്ക് ഒരു മെച്ചവും പ്രതീക്ഷിക്കാനില്ല.

പ്രസംഗവും സ്‌കൂള്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ഗാന്ധിജി മടങ്ങാന്‍ തുടങ്ങുന്നതിനിടെ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ അദ്ദേഹത്തെ പൊതിഞ്ഞു. അവര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ മുന്‍രാഷ്ട്രപതി കെ.ആര്‍.നാരാ യണന്റെ ജ്യേഷ്ണന്‍ കെ.ആര്‍.വേലായുധന്‍ ചോദിച്ചത്: ''നമുക്കു സ്വരാജ്യം കിട്ടിയാല്‍ അങ്ങ് ഞങ്ങള്‍ക്ക് എന്ത് സ്ഥാനം തരും?' ഗാന്ധിജി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ 'ഇന്ത്യയുടെ ആദ്യപ്രസി ഡന്റായി ഒരു ഹരിജനെ നിയമിക്കും' എന്നായിരുന്നു മറുപടിയെന്ന് ഡോ.ജി.രാമചന്ദ്രന്‍ ഓര്‍ത്തുപറഞ്ഞിരുന്നു. അന്ന് ആ ചോദ്യം ചോദിച്ച കെ.ആര്‍.വേലായുധന്റെ അനുജന്‍ കെ.ആര്‍.നാരായണന്‍ ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി ല്ലെങ്കിലും വളരെ കാലങ്ങള്‍ക്കുശേഷം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയാകാനുള്ള യോഗമുണ്ടായത് ഒരു നിയോഗം പോലെയായിരുന്നു.

ഗാന്ധിജി വെങ്ങാനൂരില്‍ എത്തുകയും സാധുജന പരിപാലന സംഘം നേതാവായ അയ്യന്‍കാളിയെ സന്ദര്‍ശിക്കുകയും അവിടെ തടിച്ചു കൂടിയ പതിനായിരങ്ങളോട് പ്രസംഗിക്കുകയും ചെയ്തുവെങ്കിലും ഗാന്ധിജി എത്തിയതിന്റെ ഒരു സ്മാരക മെങ്കിലും പില്‍ക്കാലത്തവിടെ നിര്‍മ്മിച്ചിട്ടില്ല. ഗാന്ധിജി മേശമേല്‍ ഇരുന്നു പ്രസംഗിച്ചതിനു തൊട്ടടുത്തായി നിന്നിരുന്ന ശിഖരങ്ങളോടുകൂടിയ വലിയ പ്ലാവുമരം പട്ടുണങ്ങിപ്പോയി. നിലവിലുണ്ടായിരുന്ന 12 തറികളുള്ള നെയ്ത്തു പരിശീലന കേന്ദ്രവും പിന്‍മുറക്കാരായ ചരിത്രനിഷേധികള്‍ അവയോരോ ന്നായി ഇടിച്ചു നിരപ്പാക്കിക്കഴിഞ്ഞു. ഇനിയവിടെ അവശേഷിക്കുന്നത് ഒരു നൂറ്റാണ്ടു പിന്നിട്ട അയ്യന്‍കാളി സ്ഥാപിച്ച പള്ളിക്കൂടം മാത്രമാണ്.

സ്വന്തം ജനതയ്ക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി ഒരായിസു മുഴുവന്‍ സവര്‍ണ ശക്തികളോട് പോരാടിയ അയ്യന്‍കാളി തന്റെ ജീവിതാഭിലാഷമായി കൊണ്ടു നടന്നിരുന്ന പത്ത് ബി.എ.ക്കാരെ ഉണ്ടാക്കണമെന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്കുശേഷമെങ്കിലും സാധിച്ചു. അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂളില്‍ നിന്നും പഠിച്ച സ്വന്തം അനന്തരവള്‍ സി.കെ.ഭാരതി സമുദായത്തിലാദ്യമായി ബി.എ.ബിരുദം നേടി. പക്ഷെ അതു കാണുവാനുള്ള ഭാഗ്യം അയ്യന്‍കാളിക്ക് ഇല്ലാതെ പോയി. പിന്നീട് വെങ്ങാനൂരില്‍ നിന്നും ബി.എ.ക്കാരും, എം.എക്കാരും, എല്‍.എല്‍.ബി.ക്കാരും, ഐ.പി.എസുകാരും ധാരാളമായിട്ടുണ്ടായി. വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിതര്‍ പുരോഗതി കൈവരിച്ചപ്പോള്‍ പിന്നീടവര്‍ക്ക് തൊഴിലുകള്‍ നേടുന്നതിനു വേണ്ടിയാണ് അയ്യന്‍കാളി അധികാരികളോട് പോരാടിയത്. അതിനുവേണ്ടി പ്രജാസഭ സ്ഥാനമൊഴിഞ്ഞിട്ടുപോലും അദ്ദേഹം സര്‍ക്കാരിലേയ്ക്ക് നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അങ്ങിനെ ആ കാലത്തു തന്നെ എട്ടൊമ്പതുപേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു. ജോലി ലഭിച്ചവരേറെയും ക്രൈസ്തവമതം സ്വീകരിച്ചവരായി രുന്നു. കാരണം മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് മിഷിനറി സ്‌കൂളുകളില്‍ നിന്നും സൗജന്യമായി നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിരുന്നു. പക്ഷെ അയ്യന്‍കാളി മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവ് കാണിച്ചിരുന്നില്ല. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും യോഗ്യതയുണ്ടെങ്കില്‍ ജോലി ലഭിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അയ്യന്‍കാളി പ്രജാസഭ പ്രസംഗങ്ങളില്‍ എല്ലാം തന്നെ പുലയര്‍ക്കുവേണ്ടിയാണ് വദിച്ചിരുന്നതെന്ന ആരോപണം പില്‍ക്കാലത്ത് ഉയര്‍ന്നുകേള്‍ക്കു ന്നുണ്ട്. ആ ആരോപണം അടിസ്ഥാനരഹിതവും അബദ്ധജഡിവു മാണ്. നാമനിര്‍ദ്ദേശം ചെയ്യുന്ന മെമ്പര്‍ ശ്രീമൂലം പ്രജാസഭയില്‍ അവരവരുടെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമേ അവതരിപ്പിക്കാവു എന്നാണ് നിയമം. ഈ നിയമത്തിന്‌വിരു ദ്ധമായി സംസാരിക്കാന്‍ ശ്രമിച്ചവരെ ദിവാന്‍ തന്നെ പ്രജാസഭയില്‍ റൂള്‍ ഔട്ട് ചെയ്തിട്ടുണ്ട്. പുലയനായ അയ്യന്‍കാളി പുലയരെക്കുറിച്ചാണ് സഭാ തലത്തില്‍ പറഞ്ഞതെങ്കിലും എല്ലാ അധഃസ്ഥിതരുടെയും പൊതുവായ കാര്യങ്ങളായിരുന്നു. ഇതിന് വ്യത്യസ്ഥത പുലര്‍ത്താന്‍ കഴിഞ്ഞത് പ്രത്യക്ഷ രക്ഷാ ദൈവസഭാമെമ്പറായ പൊയ്കയില്‍ യോഹന്നാനുമാത്രമായിരുന്നു. യോഹന്നാന്‍ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊണ്ട പുതിയൊരു മതത്തിന്റെ പ്രതിനിധിയായതുകൊണ്ട് എല്ലാവരുടെ കാര്യങ്ങളും അദ്ദേഹത്തിനു മാത്രം പ്രജാസഭയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പൊയ്കയില്‍ യോഹന്നാന്‍ പ്രജാസഭയില്‍ 1921 മാര്‍ച്ച് ഒന്നിന് ആദ്യമായി ചെയ്ത പ്രസംഗം താഴെ ചേര്‍ക്കുന്നു.

'പറയരും, പുലയരും മറ്റും ക്രിസ്തുമതത്തെ പുണര്‍ന്നത് ആത്മീയ മോക്ഷം പ്രതീക്ഷിച്ചാണ്. എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും ഒരേ സമുദായമായെന്നു കരുതിയത് ഒരു പിശകായിരുന്നു. തങ്ങള്‍ വിട്ടു പോന്ന ജാതികളുടെ അടിസ്ഥാനത്തില്‍ തന്നെ, മിശ്രഭോജനവും മിശ്ര വിവാഹവും ഇല്ലാതെ അവര്‍ വിവിധ വിഭാഗങ്ങളായി വേര്‍തിരിഞ്ഞു. അതുകൊണ്ട് ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ എല്ലാവരെയും ഒരേ തോത് വച്ചുകണക്കാക്കരുത്. സമുദായത്തിന്റെ കീഴ്ത്തട്ടുകളില്‍ കിടക്കുന്നവര്‍ക്ക് പ്രത്യേക സഹായവും പ്രോത്സാഹനവും വേണം. മറ്റു ക്രിസ്ത്യാനികളെക്കാള്‍ വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അദ്ദേഹത്തിന്റെ സമുദായം വളരെ പിന്നോക്കാവസ്ഥയിലാണ്; സര്‍ക്കാരില്‍ നിന്നു പ്രത്യേക സഹായം കിട്ടാന്‍ അര്‍ഹരും ആവശ്യക്കാരുമാണ്. അവര്‍ ഈ നാട്ടിലെ ആദിമനിവാസികളും ഇതിനെ ഫലഭൂയിഷ്ടമാക്കിയവരുമാണ്. ഒരു ഘട്ടത്തില്‍ അവര്‍ അടിമകളായിരുന്നതിനാല്‍ മണ്ണിന്റെ മൂല്യം തിരിച്ചറിഞ്ഞില്ല. തങ്ങ ളുടേതായിരുന്ന ഭൂമി തന്നെ സ്വന്തമാക്കാനുള്ള ഇപ്പോഴത്തെ പരിശ്രമങ്ങളില്‍ അവര്‍ സമ്പത്തും സ്വാധീനതയുമുള്ള സമുദായങ്ങളാല്‍ തടയപ്പെടുകയാണ്. അവരെ അക്കൂട്ടര്‍, ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന്മേല്‍ തള്ളിമാറ്റുകയോ ഭൂമി ലേലത്തില്‍ പിടിക്കുകയോ ചെയ്യുന്നു.' 2

ഈ പ്രജാസഭ പ്രസംഗത്തില്‍ പൊയ്കയില്‍ യോഹന്നാന്‍ പറയരും, പുലയരും മറ്റും ക്രിസ്തുമതത്തെ പുണര്‍ന്നത് ആത്മീയ മോക്ഷം പ്രതീക്ഷിച്ചാണെന്ന് പറയുന്നത് ആ കാലത്തെ സംബന്ധിച്ചിടത്തോളം ശരിയല്ല. പുലയരും പറയരും വ്യാപകമായി ക്രിസ്തുമതത്തില്‍ചേര്‍ന്നത് സ്‌കൂള്‍ പ്രവേശനം സാമൂഹ്യ അസമത്വങ്ങളില്‍ നിന്നുള്ള മോചനം എന്നിവയ്ക്കു വേണ്ടിയായിരുന്നുവെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് യോഹന്നാന്‍ ആത്മീയ മോക്ഷപ്രാപ്തിയാണെന്നു പറഞ്ഞത്. എല്ലാപേര്‍ക്കും അറിയാവുന്ന സത്യം മൂടിവച്ചിട്ട് എന്താണ് നേട്ടം. യോഹന്നാനെപ്പോലുള്ളവരില്‍ നിന്നും ഇത്തരം പൊളിവചനങ്ങള്‍ ഒരളവുവരെ സാമൂഹ്യനീതിക്കെതിരായിരുന്നുവെന്ന വസ്തുതയും തിരിച്ചറിയേണ്ടപ്പെടേണ്ടതാണ്. ആ കാലത്ത് പുലയന്റെയും പറയന്റെയും അവസ്ഥ ആത്മീയവല്‍ക്കരണമായിരുന്നില്ല ജീവിതമായിരുന്നു പ്രധാനപ്രശ്‌നം. ജീവിക്കാന്‍ വേണ്ടിയാണ് അന്യനാട്ടിലെ ക്രിസ്തീയമതത്തെ പുണരാന്‍ അവര്‍ തയ്യാറായത് പോലും.

സാധുജനപരിപാലന സംഘത്തിന്റെ പതനത്തിലും, മരുമകന്‍ ടി.ടി.കേശവന്‍ ശാസ്ത്രി തുടങ്ങിയ യുവനിരക്കാരുടെ പുലയര്‍ മഹാസഭ രൂപീകരണ ശ്രമത്തിലും അടിപതറാതെ മുന്നോട്ടുപോകുമ്പോഴായിരുന്നു കുട്ടനാട്ടിലെ നിരണത്ത് 1939 ഡിസംബറില്‍ മഹാനായ അയ്യന്‍കാളിക്ക് ഒരു സ്വീകരണം നല്‍കാന്‍ നിരണത്തെ സാധുജനപരിപാലന സംഘം തയ്യാറായത്. ഏതാണ്ട് ഇതേകാലയളവില്‍ തന്നെയായിരുന്നു കുട്ടനാട്ടില്‍ സാധുജനപരിപാലന സംഘം ശാഖ പ്രസിഡന്റ് കുട്ടനാട് കെ.സി.ശീതാങ്കന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി സംഘത്തിന്റെ രൂപീകരണം പാതിരാത്രി രഹസ്യമായി നടന്നത്. ഇതോടെ ആലപ്പുഴ ജില്ലയിലെ സാധുജനപരിപാലന സംഘത്തിന്റെ ശാഖകളും അനാഥാവ സ്ഥയില്‍ എത്തുകയും പ്രവര്‍ത്തനരഹിതമാവു കയുമാണുണ്ടാ യത്. മരണത്തിനു മുന്‍പ് അയ്യന്‍കാളി പങ്കെടുത്ത ഏറ്റവും ഗംഭീരവും വര്‍ണ്ണശഭലവുമായ യോഗമായിരുന്നു നിരണം കൊടുപ്പുന്നപടനിലത്തില്‍ നടന്നത്. ദീര്‍ഘകാലം തിരുവനന്തപു രത്ത് പേട്ട ഗവ.ബോയിസ്‌ഹൈസ്‌കൂളില്‍ അദ്ധ്യാപകനും, ദേശീയ പുരസ്‌കാരം ലഭിച്ച 'ഒരു കര്‍ഷകബാലന്റെ ആത്മകഥ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും, കുന്നുകുഴി മണിയുടെ അദ്ധ്യാപകനുമായ നിരണം എം.പി.കേശവന്‍ നിരണത്തെ ആ മഹായോഗത്തെക്കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു. യോഗം നടക്കുന്ന അവസരത്തില്‍ കേശവന്‍ മീശ കിളിര്‍ക്കാത്ത യുവാവായിരുന്നു.

'കൊല്ലവര്‍ഷം 1114 തുലാമാസത്തിലെ മകം നക്ഷത്രം, കുട്ടനാട്ടിലെ പുലയരെല്ലാം കൊടുപ്പുന്ന പടനിലത്തിനു തെക്കുള്ള നദിയില്‍ ചുണ്ടന്‍, പരുന്തുവാലന്‍ തുടങ്ങിയ കളിവള്ളങ്ങളില്‍ വന്നുചേര്‍ന്നിട്ടുണ്ട്. അതിലൊന്നില്‍ മീശകിളിര്‍ക്കാത്ത ഞാനും. വള്ളങ്ങളെല്ലാം തുഴയാതെ നിറുത്തിയിട്ടിരിക്കുകയാണ്. ആശാഭരിതമായ എല്ലാ കണ്ണുകളും ഒരേ ദിക്കിലേയ്ക്കാണ്; ആരെയോ, എന്തിനെയോ പ്രതീക്ഷിച്ചുകൊണ്ട്. കുറേ കഴിഞ്ഞപ്പോള്‍ ഒരു വെടിമുഴങ്ങി. തുഴക്കാര്‍ ഉഷാറായി. അതാ നിദീജലത്തെ കീറിമുറിച്ചുകൊണ്ട് രാജഹംസം പോലെ ഒരു ചെറിയ ബോട്ട് പാഞ്ഞുവരുന്നതുകണ്ടു. കളിവള്ളങ്ങളുടെ മദ്ധ്യത്ത് എത്തിയപ്പോള്‍ ബോട്ടിന്റെ സ്പീഡു കുറഞ്ഞു. ബോട്ടിന്റെ മദ്ധ്യത്തു ഓപ്പണ്‍ ബോഡിയില്‍ ചാരി പ്രൗഢഗംഭീര നായ ഒരാള്‍ നില്ക്കുന്നു! കിന്നരിവച്ച വെള്ളത്തലപ്പാവ്, തുടുത്ത കവിളില്‍ പ്രകാശം തട്ടിക്കുന്ന ചുവന്ന കല്ലുകടുക്കന്‍, നെറ്റിയില്‍ ചന്ദനപ്പൊട്ട്, സാമാന്യം വലിയ മീശ, മുട്ടോളമെത്തുന്ന കറുത്ത കോട്ട്, ഇതാണ് വേഷം. സാമാന്യത്തില്‍ കവിഞ്ഞ പൊക്കം.

'അയ്യന്‍കാളി യജമാനന്‍ കീ ജേയ്'

ആയിരമായിരം കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്ദഘോഷങ്ങളില്‍ തുടരെത്തുടരെ മുഴങ്ങിയ വെടിയൊച്ചകള്‍ നിസ്സാരങ്ങളായി. ഘോഷയാത്ര മുന്നോട്ടു നീങ്ങി. പാട്ടും, വെടിയും, കീജേയ് വിളികളും......സുസ്‌മേര വദനനായ അയ്യന്‍കാളി, ഇരുവശത്തും തലചായ്ച്ചു ഇരു കരകളിലും തടിച്ചു കൂടിനിന്നിരുന്ന ജനാവലിക്ക് ദര്‍ശനമരുളി. വലിയ വീടുകളിലെ തമ്പുരാട്ടിമാര്‍ക്ക് എന്തൊരാവേശമായിരുന്നു അയ്യന്‍കാളിയെ ഒരു നോക്കുകാണു വാന്‍. അതില്‍ അത്ഭുതമില്ലായിരുന്നു. അയ്യന്‍കാളി അന്നേ പ്രസിദ്ധിയുടെ കൊടുമുടിയിലായിരുന്നു.

പടനിലത്തിന്റെ മദ്ധ്യഭാഗത്ത് തയ്യാറാക്കിയിരുന്ന പ്ലാറ്റ്ഫാമി ലേയ്ക്ക് അയ്യന്‍കാളി കയറി. നാലുവശത്തേയ്ക്കും നോക്കി ജനങ്ങളെ വണങ്ങി. പ്രസംഗമാരംഭിച്ചു. നീട്ടിയും ഇരുത്തിയുമുള്ള പ്രസംഗശൈലി.' വണ്ടുവന്നു......തേന്‍ കുടിച്ചു, കണ്ടുനിന്നു.... .മടിയന്മാര്‍ (സ്വയം ചിരിച്ചുകൊണ്ട്) നിങ്ങളെല്ലാം മടിയന്മാരാണ്. നിങ്ങളുടെ തേന്‍ മറ്റുള്ളവര്‍ കുടിച്ചുകൊണ്ടുപോകുന്നു.' സ്വയം ചിരിച്ചപ്പോള്‍ സദസ്സ് മുഴുവന്‍ ചിരിയിലമര്‍ന്നു. പ്രസംഗം ക്ലൈമാക്‌സിലെത്തിയ ഒരുനിമിഷം- 'അതുകൊണ്ട് നിങ്ങളാരും ഇന്നു മുതല്‍ കള്ളുകുടിക്കുകയില്ലെന്ന് ഇപ്പോള്‍ ഇവിടെ വച്ച് സത്യം ചെയ്യണം. അങ്ങിനെ സത്യം ചെയ്യുന്നവരെല്ലാം കൈപൊക്ക്' സകല കൈകളും ആകാശത്തേയ്ക്കുയര്‍ന്നു. അദ്ദേഹം സദസ്സിന്റെ ഒരു ഭാഗത്തേയ്ക്ക് ചൂണ്ടിയിട്ട് പറഞ്ഞു 'അതാ അവിടെയൊരു കള്ളന്‍ കൈപൊക്കാതിരിക്കുന്നല്ലോ' സദസ്സിന്റെ ശ്രദ്ധമുഴുവന്‍ അങ്ങോട്ടു തിരിഞ്ഞു. പെട്ടെന്ന് ഒരു മദ്ധ്യവയസ്‌കന്‍ ചാടിയെഴുന്നേറ്റ് രണ്ടു കൈകളും ആകാശത്തേയ്ക്കുയര്‍ത്തി. സദസ്സ് മുഴുവന്‍ കൈയ്യടിയും കൂട്ടച്ചിരിയും മുഴങ്ങി നിന്നു. സ്ത്രീകളിരിക്കുന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞുകൊണ്ട് അയ്യന്‍കാളി പറഞ്ഞു 'ഇന്നു മുതല്‍ കള്ളുകുടിച്ചു കൊണ്ട് വീട്ടില്‍ വരുന്ന ആണുങ്ങള്‍ക്ക് ചോറു കൊടുക്കുകയില്ലെന്ന് സത്യം ചെയ്യുന്ന പെണ്ണുങ്ങളെല്ലാം കൈപൊക്ക്.' ഒരൊറ്റ കൈപോലും ഉയര്‍ന്നില്ല. പകരം അമര്‍ത്തിച്ചിരിച്ചുകൊണ്ട് എല്ലാ മുഖങ്ങളും കുനിഞ്ഞു. അയ്യന്‍കാളിയും ആ കുലീനതയില്‍ പങ്കുകൊണ്ടു ചിരിച്ചു.......' 3

ഈ പ്രസംഗത്തില്‍ അയ്യന്‍കാളി സാധുജനങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന മദ്യപാനശീലത്തെ ശക്തമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് എതിര്‍ക്കുകയാണ് ചെയ്തത്. ഈ ശീലം ഉപേക്ഷിക്കുവാന്‍, അങ്ങിനെയുള്ള പുരുഷന്മാര്‍ക്ക് ചോറുപോലും കൊടുക്കാതിരിക്കാന്‍ അവരവരുടെ ഭാര്യമാരെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. വര്‍ദ്ധിച്ചുവരുന്ന മദ്യപാന ശീലത്തിനെതിരെ അയ്യന്‍കാളി ആ കാലത്തുതന്നെ ശക്തമായി പ്രതികരിച്ചിരുന്നു. അത് ചെവികൊള്ളാത്തതിന്റെ ദുരന്തമാണ് പില്‍ക്കാലത്ത് പല അധഃസ്ഥിത കുടുംബങ്ങളുടെയും നാശത്തിന് കാരണമായി ഭവിച്ചത്. മദ്യം മയക്കുമരുന്ന് എന്നിവ ജീവിതത്തിന് വിനാശകരമായ പരിണാമം സൃഷ്ടിക്കുമെന്നാ യിരുന്നു അയ്യന്‍കാളിയുടെ കണ്ടെത്തല്‍. അടിസ്ഥാനപരമായി അധഃസ്ഥിതര്‍ക്ക് വേണ്ടത് വിദ്യാഭ്യാസമായിരുന്നു. വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, തൊഴില്‍, സാമ്പത്തികം, സംഘടനാശക്തി, ജീവിതം, പാര്‍പ്പിടം എന്നിവയ്‌ക്കൊപ്പം തന്നെ അയ്യന്‍കാളി മദ്യപാന വിപത്തിനെക്കുറിച്ചും ശക്തമായ താക്കീതുകള്‍ തന്റെ ജനത്തിന് നല്‍കിപ്പോന്നിരുന്നുവെന്ന് ആ ജീവിതം പരിശോധിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെടും.

1940 ജനുവരിയില്‍ അയ്യന്‍കാളി തിരുവിതാംകൂറിലെ ചില പ്രധാന സാധുജനപരിപാലനസംഘം ശാഖകളില്‍ തോമസ് വാദ്യാരും, ടി.വി.തേവനും, കേശവന്‍ റൈട്ടറുമൊന്നിച്ച് സന്ദര്‍ശിച്ചു പോന്നിരുന്നു. ഈ വിവരം പില്‍ക്കാലത്ത് കേശവന്‍ റൈട്ടര്‍ തന്നെ പറഞ്ഞു കേട്ടതാണ്. സാധുജനപരിപാലന സംഘത്തിന്റെ ഒരു പ്രധാന ശാഖയാണ് കുന്നുകുഴി. ഇവിടെയും വട്ടിയൂര്‍ക്കാവ് മണ്‍ട്രോക്കോണം ശാഖയിലും, പൂന്തുറ ശാഖയിലുമെല്ലാം സന്ദര്‍ശനം നടത്തിയിരുന്നു. വട്ടിയൂര്‍ക്കാവ് സന്ദര്‍ശനവേളയില്‍ സഹോദരപുത്രി കല്യാണി താമസിച്ചിരുന്ന മലമാറിലെ വീട്ടില്‍ ഒരുദിവസം തങ്ങിയതായും കല്യാണിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ പതനം വടക്കന്‍ ജില്ലകളില്‍ അതിവേഗത്തില്‍ നടപ്പോഴും തിരുവിതാംകൂറിലെ ശാഖകളില്‍ പലതും നല്ല നിലയില്‍ തന്നെയായിരുന്നു നടന്നിരുന്നതെന്ന് ബോദ്ധ്യപ്പെടുവാ നായിരുന്നു അയ്യന്‍കാളിയുടെ അവസാനകാലത്തെ ആ സന്ദര്‍ശനമെന്നാണ് ഊഹിക്കേണ്ടിയിരിക്കുന്നത്. എന്തായാലും തന്റെ സംഘടനയെ ആര് തച്ചുടച്ചാലും അത്രവേഗം നശിക്കുകയില്ലെന്ന ആത്മബലത്തോടെയാണ് അയ്യന്‍കാളി വെങ്ങാനൂര്‍ക്ക് മടങ്ങിപ്പോയത്. പോയ സ്ഥലങ്ങളിലെല്ലാം തന്നെ മഹാനായ അയ്യന്‍കാളിയെ കാണുവാനും, സംസാരിക്കുവാനും, അനുഗ്രഹം വാങ്ങാനും, സ്വീകരണം നല്‍കാനും വന്‍ ജനാവലി തിങ്ങിക്കൂടിയിരുന്നുവെന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. അവസാനകാലത്ത് അയ്യന്‍കാളി പ്രസിഡന്റും, തോമസ് വാദ്ധ്യാര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു സാധുജനപരിപാലന സംഘത്തിന്റെ രാജ്യത്തുടനീളം വിശ്രമരഹിതമായി നടന്നു പ്രസംഗിക്കുകയും, സഞ്ചരിക്കുകയും ചെയ്യുന്നതിനിടയില്‍ നാല്പതാമത്തെ വയസ്സില്‍ പിടിപെട്ട കാസ രോഗം വാര്‍ദ്ധക്യത്തിലും ശല്യപ്പെടുത്തിയിരുന്നു. കലശലായ ക്ഷീണവും അയ്യന്‍കാളിക്കുണ്ടായി. രോഗങ്ങള്‍ ശരീരത്തെ മാത്രമേ തളര്‍ത്തിയിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും പ്രവര്‍ത്തന നിരതമായിരുന്നു. 

1941 മെയ് മാസത്തില്‍ അയ്യന്‍കാളിയില്‍ രോഗം അധികരിച്ചതോടെ ശയ്യാവലംബിയായി. ഇനി ഏറെക്കാലം ജീവിച്ചിരിക്കില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുമുണ്ടായി. വെങ്ങാനൂര്‍ എല്‍.പി.സ്‌കൂളിനു സമീപത്തെ സാധുജനപരിപാലന സംഘം ഓഫീസിന് മുകളിലത്തെ നിലയിലായിരുന്നു അയ്യന്‍കാളി കിടന്നിരുന്നത്. സ്വന്തം വീടായ തെക്കേ വിളയില്‍ പോയാല്‍ ദൂരെ ദേശത്തു നിന്നെത്തുന്നവര്‍ക്ക് പെട്ടെന്ന് അയ്യന്‍കാളിയെ കാണാന്‍ കഴിയുമായിരുന്നില്ല. ഇതിനിടെ എല്‍.പി.സ്‌കൂളിന്റെ അവകാശം മകള്‍ തങ്കമ്മയുടെ പേരില്‍ എഴുതികൊടുത്തു. തങ്കമ്മയുടെ പേരിലായെങ്കിലും മരുമകന്‍ ടി.ടി.കേശവന്‍ ശാസ്ത്രികളായിരുന്നു എല്ലാം നോക്കി നടത്തിയിരുന്നത്. സ്‌കൂളിന്റെ അവകാശം മകള്‍ക്ക് കൊടുത്തതോടെ പലരും എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അതില്‍ അയ്യന്‍കാളിയുടെ അനുജന്‍ വേലുക്കുട്ടിയും, അയ്യന്‍കാളിയുടെ ചില മക്കളുമുണ്ടായിരുന്നുവെങ്കിലും അയ്യന്‍കാളിയോട് നേരിട്ടൊന്നും പറയാന്‍ ഇവര്‍ക്കാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ എതിര്‍പ്പ് പുറമെ പ്രകടിപ്പിച്ചില്ല. ഓരോ ദിവസവും രോഗം കലശലായിക്കൊണ്ടിരുന്നു. മരുന്നുകള്‍ മുറയ്ക്കു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരുന്നു വെങ്കിലും ഫലമുണ്ടായില്ല. ഭാര്യ ചെല്ലമ്മയും മക്കളും മറ്റ് ബന്ധുജനങ്ങളും അയ്യന്‍കാളിയെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. അതുപോലെ സുഹൃത്തുക്കളും മറ്റ് നേതാക്കന്മാരും അയ്യന്‍കാളിയുടെ സഹപ്രവര്‍ത്തകരും എല്ലാം എത്തിക്കൊണ്ടിരുന്നു. ഇതിനിടെ അതിസാരവും പിടിപെട്ടു. അതോടെ അയ്യന്‍കാളി തീര്‍ത്തും അവശനായി. ജാമാതാവ് ടി.ടി.കേശവന്‍ ശാസ്ത്രി അദ്ദേഹത്തിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു. ഇതിനിടെ ശ്രീചിത്രാ ഹരിജന്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ഇളയമകന്‍ ശിവതാണുവിനെ കാണണമെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടു. ആ വിവരം ശിവതാണുവിന്റെ വിവരണത്തില്‍ നിന്നു തന്നെ വായിക്കാം: '1941 ജൂണ്‍ 16-ാം തീയതി പ്രഭാതം. വാര്‍ഡന്‍ എന്നെ മുറിയിലേയ്ക്കു വിളിപ്പിച്ചിട്ടു പറഞ്ഞു: 'നിങ്ങളുടെ അച്ഛന് സുഖമില്ല; വേഗം വീട്ടിലേയ്ക്കു പൊയ്‌ക്കൊള്ളു.'' ആകസ്മികമായി കേട്ട ഈ വാര്‍ത്ത എന്നെ തെല്ല് അമ്പരപ്പിക്കാതിരുന്നില്ല. ഞാന്‍ അപ്പോള്‍ തന്നെ വെങ്ങാനൂരി ലേയ്ക്കു പുറപ്പെട്ടു. അവിടെ എത്തുമ്പോള്‍ സ്‌കൂളും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ കാഴ്ച എന്റെ മനസ്സില്‍ അഗ്നിപടര്‍ത്തി. അച്ഛന് എന്തെങ്കിലും സംഭവിച്ചിരിക്കാം എന്ന തോന്നല്‍ എന്നില്‍ വളര്‍ന്നു വലുതായി. ആളുകള്‍ക്കിടയിലൂടെ നടന്ന് ഞാന്‍ അച്ഛന്റെ അരുകിലെത്തി. കണ്ണുമടച്ച് ബോധമറ്റ് നിശ്ചേഷ്ടനായി കട്ടിലില്‍ കിടക്കുന്നു. എന്റെ അച്ഛന്റെ ദുഃഖാര്‍ത്തരായ ജനങ്ങളില്‍ നിന്നും ഉയരുന്ന നിശ്വാസങ്ങളുടെ അന്തരീക്ഷത്തില്‍ ഉത്ക്കണ്ഠാഭരിതമായ നിമിഷങ്ങള്‍ എണ്ണിയെണ്ണി അച്ഛന്റെ കിടയ്ക്കക്കരികില്‍ ഞാന്‍ നിന്നു. പ്രഭാതമായപ്പോള്‍ അസുഖത്തിന് സാരമായ കുറവുകണ്ടു. അദ്ദേഹം കിടക്കയില്‍ മെല്ലെ എഴുന്നേറ്റിരുന്ന് സമീപത്തു നിന്നിരുന്ന എന്നെ ചേര്‍ത്തു നിറുത്തിയിട്ട് ചോദിച്ചു: 'നീ എപ്പോള്‍ വന്നു? പരീക്ഷാ സമയമല്ലേ, നീവേഗം പൊയ്‌ക്കൊള്ളു. അടുത്ത പ്രാവശ്യം നീ വരുമ്പോള്‍ ചിലപ്പോള്‍ നിനക്ക് എന്നെക്കാണാന്‍ ഒത്തെന്നുവരില്ല.' 4 മരണം മുന്നില്‍ കണ്ടിട്ടാവണം അയ്യന്‍കാളി മകനോട് അടുത്ത പ്രാവശ്യം നീ വരുമ്പോള്‍ ചിലപ്പോള്‍ നിനക്ക് എന്നെക്കാണാന്‍ ഒത്തെന്നു വരില്ലെന്ന് പറഞ്ഞത്.

1941 ജൂണ്‍ 18ന് പുലര്‍ച്ചെ 4 മണിയായതോടെ അയ്യന്‍കാളിയുടെ നില കൂടുതല്‍ വഷളായി. അധികം വൈകാതെ കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളി അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 77 വയസ്സ് പ്രായമായിരുന്നു. ചരിത്രത്തിലെ ഒരുയുഗ പുരുഷന്റെ അന്ത്യമായിരുന്നു സംഭവിച്ചത്. വിവരം കേട്ടവര്‍ കേട്ടവര്‍ വെങ്ങാനൂരിലെ പുതുവല്‍ വിളാകം എല്‍.പി.സ്‌കൂളിലേയ്ക്ക് ഓടി. മഹാനായ ആ ചരിത്രപുരുഷന്റെ മൃതദേഹം ഒരു നോക്കു കാണുവാന്‍, അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍, ഒന്നു വണങ്ങി വിടചൊല്ലാന്‍ ജനപ്രവാഹമായി മാറി വെങ്ങാനൂരിലെ പുതുവല്‍ വിളാകം. മഹാത്മാവിന്റെ ഭൗതികശരീരം കുളിപ്പിച്ച് പട്ടും കച്ചയുമിട്ട് പൂമാലകള്‍ ചാര്‍ത്തി സ്‌കൂളിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി കിടത്തി. തലയ്ക്കല്‍ നിലവിളക്കു തെളിയിച്ച് ചന്ദനത്തിരികള്‍ കൊളുത്തിവച്ചു. ആ മരണത്തെക്കുറിച്ച് ഇളയമകന്‍ ശിവതാണു തന്റെ ഓര്‍മ്മയില്‍ നിന്നും ഇങ്ങനെ രേഖപ്പെടുത്തുന്നു.

'തിരുവനന്തപുരത്തേയ്ക്കു മടങ്ങിയ ഞാന്‍ 1941 ജൂണ്‍ 18-ാം തീയതി ഉറക്കമുണര്‍ന്നത് എന്റെ അച്ഛന്റെ മരണവാര്‍ത്തയും കേട്ടുകൊണ്ടായിരുന്നു. അന്നു ഞാന്‍ വെങ്ങാനൂരില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ സ്ഥാപിച്ച പ്രൈമറി സ്‌കൂള്‍ പരിസരം ജനനിബിഡമാ യിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ ഒരു വലിയ ജനതതി ദുഃഖത്തിന്റെ കരിനിഴല്‍ വീണ മുഖഛായകളുമായി അവിടെ തിങ്ങി കൂടിയിരുന്നു. സാവധാനം ഒഴുകിവരുന്ന പ്രാര്‍ത്ഥനാഗാനം, കത്തിയെരിയുന്ന നിലവിളക്ക്, സുഗന്ധം പരത്തുന്ന ചന്ദനത്തിരി-ദുഃഖം ഉറഞ്ഞു കൂടിയ അന്തരീക്ഷം. പുഷ്പാലംകൃതമായ ശവമഞ്ചത്തില്‍ തിരമാലകളില്ലാതെ ഒരു കടല്‍ ശാന്തമായി ഉറങ്ങുന്നു-എന്റെ അച്ഛന്‍! ജാതിക്കോമര ങ്ങളുടെ അടിയേറ്റ് അടിമത്വത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ വീണുപോയ ഒരു സമൂഹത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു കൊച്ചു നദിയായിരുന്നു എന്റെ അച്ഛന്‍. ഒന്നിനൊന്ന് ശക്തിയാര്‍ജ്ജിച്ച് സമൂഹത്തെ സംഘടിപ്പിച്ച് അസ്വാതന്ത്ര്യത്തിന്റെ പാറക്കെട്ടുകളെ തകര്‍ത്തുകൊണ്ട് ആ നദി മുന്നോട്ടൊഴുകി. നിസ്വാര്‍ത്ഥമായി, അവകാശങ്ങളുടെ രണഭേരിയുമായി. ഒരു ശവപ്പെട്ടിയില്‍ ഉറങ്ങുന്ന പ്രൗഢഗംഭീരമായിരുന്ന ആ മുഖത്ത് തങ്ങിനിന്നിരുന്ന ശാന്തമായ പുഞ്ചിരി എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ അച്ഛനെ സംബന്ധിച്ച ഓര്‍മ്മയിലെ ഏറ്റവും വ്യക്തമായ ചിത്രംഇതാണ്.' 5

അയ്യന്‍കാളിയുടെ ഭൗതികശരീരം എവിടെ സംസ്‌കരിക്കണമെ ന്നതിനെ സംബന്ധിച്ചും പിന്നീട് തര്‍ക്കമായി. അയ്യന്‍കാളിയുടെ ബന്ധുക്കളില്‍ ഒരുവിഭാഗം ചേരിതിരിഞ്ഞ് അയ്യന്‍കാളി താമസിച്ചിരുന്ന തെക്കെവിളയില്‍ കൊണ്ടുപോയി സംസ്‌കരി ക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നെത്തുവാന്‍ പ്രയാസമേറിയതും നേരെ വഴിപോലുമില്ലാത്ത തെക്കേവിളയില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതിനോട് മരുമകന്‍ ശാസ്ത്രിക്ക് തീരെ യോജിപ്പില്ലായിരുന്നു. മഹാനായ ആ മനുഷ്യസ്‌നേഹിയുടെ ശവകുടീരം പില്‍ക്കാലത്ത് ജനങ്ങള്‍ക്ക് വന്നു കണ്ട് വണങ്ങിപ്പോകാന്‍ സൗകര്യപ്രദമായ സ്ഥലത്തു വേണം അയ്യന്‍കാളിയെ സംസ്‌കരിക്കേണ്ടതെന്ന് ശാസ്ത്രി ശക്തമായി വാദിച്ചു. ശാസ്ത്രിയെ ധിക്കരിക്കാന്‍ പിന്നീട് ആരും മുതിര്‍ന്നില്ല. അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂളിനുമുന്നില്‍ റോഡ് സൈഡിലുള്ള ഭാഗത്ത് അടക്കുവാന്‍ ശാസ്ത്രികള്‍ തീരുമാനമെടുത്തു. സംസ്‌കാരം നടത്തുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുമ്പോള്‍ പോലീസ് എത്തി റോഡരുകില്‍ മൃതദേഹം സംസ്‌കരിക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിക്കുകയുണ്ടായി. ശാസ്ത്രികള്‍ ഉടന്‍തന്നെ ദിവാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നിര്‍ദ്ദിഷ്ട സ്ഥാനത്തു തന്നെ മഹാനായ അയ്യന്‍കാളിയുടെ ഭൗതികശരീരം വന്‍പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അടക്കം ചെയ്തു. പിന്നീട് 15 വര്‍ഷങ്ങള്‍ക്കുശേഷം ടി.ടി.കേശവന്‍ ശാസ്ത്രി തന്നെ മുന്‍കൈയെടുത്ത് അയ്യന്‍കാളിയുടെ ശവകുടീരത്തില്‍ ഒരു സ്മാരകമെന്നോണം ചിത്രകൂടം നിര്‍മ്മിച്ചു. 1956 ഡിസംബര്‍ 30ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സുകൊണ്ട് ചിത്രകൂടം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്തുകൊണ്ട് മഹാരാജാവ് 'ഈ സ്മാരകം നമ്മുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്കട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു. ഉദ്ഘാടനയോ ഗത്തില്‍ ടി.ടി.കേശവന്‍ ശാസ്ത്രികള്‍ എഴുതിയ ഗാനം അദ്ദേഹം തന്നെ മഹാരാജാവ് തിരുമനസ്സിന്റെ മുന്നില്‍ വച്ച് പരായണം ചെയ്യുകയുണ്ടായി. ആ ഗാനം അപ്പന്‍ വഞ്ചിയൂരിന്റെ ഓര്‍മ്മയില്‍ നിന്നും ലഭിച്ചത് ഇവിടെ കുറിക്കുന്നു:

'വന്നീടുവിന്‍ പ്രിയ സോദരരെ നിങ്ങള്‍-
ചിത്രകൂടത്തില്‍ വിരിപ്പരപ്പില്‍
സ്വാതന്ത്ര്യം നേടുവാന്‍ നേതൃത്വം നല്‍കിയ
നേതാവിന്‍ ചിത്രം കണ്ടാനന്ദിപ്പിന്‍
കീഴില്‍ക്കഴിഞ്ഞ കഥകളറിയുവിന്‍
മേലില്‍ക്കഴിയാനതാശ നല്കും
നേതൃത്വം നമ്മുടെ ചേതനയ്‌ക്കോജസും
ഭ്രാതൃത്വവേഴ്ചയും നല്കിടും താന്‍
ഗാന്ധിമഹാത്മജി വന്ന സ്ഥലത്തത്രേ-
ശാന്ത ഗംഭീരമീ ചിത്രകൂടം!
നേതാവിന്‍ ഭൗതികാവശിഷ്ടം യഥാവിധി
സംസ്‌കരിച്ചിട്ടുള്ള മണ്ണിലത്രേ
ചിത്രകൂടം സമുല്‍ഘാടനം ചെയ്യുന്നു
ചിത്രജന്‍ രാജാധിരാജരാജന്‍
വന്നിടുവിന്‍ പ്രിയ സോദരരെ.....6

തൈയ്ക്കാട് അയ്യാസ്വാമി പണ്ട് മണക്കാട് ലഹളക്കാലത്ത് അയ്യന്‍കാളിയെ പുത്തരിക്കണ്ടത്തു വച്ചു കണ്ടപ്പോള്‍ 'ഉന്നുടെ ഫോട്ടോ രാജാക്കന്മാര്‍ വയ്ക്ക പോറൈ' എന്ന പ്രവചനം ചരിത്രകൂടത്തിന്റെ ഉദ്ഘാടനത്തോടെ സഫലമായി. പക്ഷെ ഇതെ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവു തന്നെ അയ്യന്‍കാളി പ്രതിമ വെള്ളയമ്പലം സ്‌ക്വയറില്‍ സ്ഥാപിച്ചശേഷം മരണം വരെ അതുവഴി കടന്നു പോകാതിരുന്നതും ഏറെ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. മഹാനായ അയ്യന്‍കാളിയുടെ ആദ്യ സ്മാരകമായ ചിത്രകൂടത്തെ പൊളിച്ചുമാറ്റാന്‍ ചില ചരിത്ര നിഷേധികള്‍ പില്‍ക്കാലത്ത് ശ്രമം നടക്കുകയുണ്ടായി. 1994 മാര്‍ച്ച് മാസത്തിലാണ് അതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ആ കാലത്ത് കുന്നുകുഴി മണി സാമാന്യം ദീര്‍ഘമായ ഒരു കത്ത് അന്നത്തെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.' അയ്യന്‍കാളിയുടെ 'ചിത്രകൂടം പൊളിക്കരുത്' എന്നായിരുന്നു കത്തിന്റെ തലവാചകം. കത്ത് ഇങ്ങനെയാണ്: 

'കേരളത്തിലെ അധഃസ്ഥിതരുടെ അനിഷേധ്യ നേതാവായിരുന്ന അയ്യന്‍കാളിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്ന വെങ്ങാനൂരിലെ ചിത്രകൂടം പൊളിച്ച് പുനഃനിര്‍മ്മാണം നടത്തുന്നതിന് ചിലര്‍ ശ്രമിച്ചുവരുന്ന നടപടി ചരിത്രത്തെ നിന്ദിക്കലാണ്.

ജീവിതകാലം മുഴുവന്‍ അധഃസ്ഥിതരുടെ മോചനത്തിനായി പോരാടിയ അയ്യന്‍കാളിയുടെ അന്ത്യവിശ്രമ കേന്ദ്രമെന്ന നിലയില്‍ വെങ്ങാനൂരിലെ ചിത്രകൂടം ചരിത്ര പ്രസിദധമാണ്. അയ്യന്‍കാളിക്ക് സമുചിതമായ സ്മാരകമെന്ന നിലയ്ക്കാണ് അദ്ദേഹം നിര്‍മ്മിച്ച ചാവടി നട സ്‌കൂളിനു മുന്നില്‍ അദ്ദേഹത്തെ സംസ്‌കരിച്ച സ്ഥാനത്ത് ചിത്രകൂടം നിര്‍മ്മിച്ചത്. സ്വന്തമായിട്ടു ണ്ടായിരുന്ന സ്ഥലം ഒറ്റിവച്ച് കിട്ടിയ തുക കൊണ്ടാണ് അദ്ദേഹത്തിന്റെ മക്കളും മരുമകനും ചിത്രകൂടം നിര്‍മ്മിക്കാന്‍ മുതിര്‍ന്നത്.

1956 ഡിസംബര്‍ 30ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ചിത്രകൂടത്തിന്റെ അനാഛാദനം നിര്‍വ്വഹിക്കുകയും അയ്യന്‍കാളിയുടെ ജാമാതാവും മുന്‍ കേരള നിയമസഭ സ്പീക്കറുമായ ടി.ടി.കേശവന്‍ ശാസ്ത്രിയോഗത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്ന ആ ചിത്രകൂടത്തെയാണ് ഇപ്പോള്‍ അയ്യന്‍കാളി നവോത്ഥാന ട്രസ്റ്റുകാര്‍ പൊളിച്ചുമാറ്റി പുനഃനിര്‍മ്മാണത്തിന് ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അയ്യന്‍കാളിയുടെ സ്മരണ ശാശ്വതീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ അയ്യന്‍കാളി സ്ഥാപിച്ചതും ഇന്ന് നിലവിലില്ലാത്തതുമായ ഗ്രന്ഥശാലയും നെയ്ത്തു സ്‌കൂളും മുന്നോട്ടുകൊണ്ടു പോകാനാവാത്ത സ്ഥിതിയില്‍ ഉള്ള യു.പി.സ്‌കൂളും സംരക്ഷിച്ച് നിലനിര്‍ത്താന്‍ എന്തുകൊണ്ട് മുതിരുന്നില്ല.

അവര്‍ക്കാവശ്യം ചിത്രകൂടത്തെ തകര്‍ത്ത് ബൃഹത്തായ ഓഡിറ്റോറിയവും കല്യാണ മണ്ഡപവും സ്ഥാപിച്ച് സ്മര്യ പുരുഷന്റെ പേരില്‍ പണം കൊയ്യാനുള്ള വെപ്രാളമാണ്. ശ്രീനാരായണ ഗുരുദേവന്‍ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം ഗൃഹം ഇന്നും പഴയപടി തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. അത് പൊളിച്ച് ആധുനിക കോണ്‍ക്രീറ്റ് സൗധം നിര്‍മ്മിക്കാന്‍ ആരും ധൈര്യം കാട്ടുന്നില്ല. കാരണം ചരിത്ര സത്യങ്ങളെ അങ്ങിനെ തന്നെ നിലനിര്‍ത്തുകയാണ് വേണ്ടത്. പക്ഷേ അയ്യന്‍കാളിയുടെ കാര്യത്തില്‍ എല്ലാം പൊളിച്ചെറിയാനാണ് നവോത്ഥാനത്തിന്റെ പേരില്‍ ചിലര്‍ ശ്രമിക്കുന്നത്. ഈ നടപടി മുളയിലെ നുള്ളിക്കളയേണ്ടത് അയ്യന്‍കാളിയെ ആദരിക്കുന്നവരുടെ കടമയാണ്.' 7

മാതൃഭൂമിയില്‍ ഈ കത്ത് വന്നതോടെ നവോത്ഥാന ട്രസ്റ്റില്‍ ചില പൊട്ടലും ചീറ്റലും പടലപ്പിണക്കങ്ങളും ഉണ്ടായത് നേരാണ്. നവോത്ഥാന ട്രസ്റ്റിലെ മുഖ്യ ശില്പി കത്തെഴുതിയ മണിയെ 'പഴഞ്ചന്‍ മണിയെന്നും, വിവരമില്ലാത്തവനെന്നും' വിളിച്ച് ആക്ഷേപിക്കാനും മുതിര്‍ന്നായി പിന്നീട് അറിഞ്ഞു. പക്ഷെ അയ്യന്‍കാളിയുടെ ആദ്യത്തെ സ്മാരകമായ ചിത്രകൂടത്തെ ചരിത്ര നിഷേധികള്‍ പൊളിച്ചെറിയുകയുംമറ്റെന്തോ നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ വെങ്ങാനൂരിലെ അയ്യന്‍കാളി ശവകുടീരത്തില്‍ ആ പഴയ ചിത്രകൂടമില്ല. കാലം ഈ ചരിത്ര നിഷേധികള്‍ക്ക് മാപ്പു കൊടുക്കുകയുമില്ല.

സഹായഗ്രന്ഥങ്ങള്‍/സൂചനകള്‍/റിപ്പോര്‍ട്ടുകള്‍
1. 1937 ജനുവരി 14ന് വെങ്ങാനൂരിലെത്തിയ ഗാന്ധിജി അയ്യന്‍കാളിയെ സന്ദര്‍ശിച്ച ശേഷം വെങ്ങാനൂര്‍ പുതുവല്‍ വിളാകം സ്‌കൂള്‍ വളപ്പില്‍ നടത്തിയ പ്രസംഗം. മഹാദേവ ദേശായി എഴുതിയ 'വേണാടിന്റെ ചരിതം' എന്ന ഗ്രന്ഥത്തില്‍ നിന്നും
2. 1921 മാര്‍ച്ച് ഒന്നിന് ശ്രീമൂലം പ്രജാസഭയില്‍ പ്രത്യക്ഷരക്ഷാ ദൈവസഭാദ്ധ്യക്ഷനും പ്രജാസഭ മെമ്പറുമായ പൊയ്കയില്‍ യോഹന്നാന്‍ നടത്തിയ ആദ്യപ്രസംഗം.
3. നിരണം എം.പി.കേശവന്‍-പ്രൗഢ ഗംഭീരനായ നേതാവ് 'ശ്രീഅയ്യന്‍കാളി സ്മരണിക അനുസ്മരണ ലേഖനം- 1982, പേജ്. 46.
4. കെ.ശിവതാണു 'എന്റെ അച്ഛന്‍' അനുസ്മരണ ലേഖനം- ശ്രീ അയ്യന്‍കാളി സ്മരണിക, 1982 പേജ് 27.
5. കെ.ശിവതാണു 'എന്റെ അച്ഛന്‍' അനുസ്മരണ ലേഖനം- ശ്രീ അയ്യന്‍കാളി സ്മരണിക, 1982, പേജ് 27.
6. വഞ്ചിയൂര്‍ അപ്പന്‍ 'ടി.ടി.കേശവന്‍ ശാസ്ത്രി' ജീവചരിത്രം- ശ്രീ അയ്യന്‍കാളി സ്മാരക മന്ദിരം നിര്‍മ്മാണ ട്രസ്റ്റ്, കൊല്ലം പ്രസിദ്ധീകരണം, 1985, പേജ്. 35.
7. കുന്നുകുഴി എസ്.മണി, 'അയ്യന്‍കാളി ചിത്രകൂടം പൊളിക്കരുത്' പ്രതികരണങ്ങള്‍- 1994 മാര്‍ച്ച് 13, മാതൃഭൂമി പത്രം.