"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അറ്റനാര്‍ജ്വാ ത്: വംശചരിത്രം കാഴ്ചകള്‍ക്കപ്പുറം


കാനഡയില്‍ നിന്നുള്ള സഖറിയാസ് കൂനുക് സംവിധാനം ചെയ്ത 'ദി ഫാസ്റ്റ് റണ്ണര്‍' ന് ഇനുയ്റ്റ് (എസ്‌കിമോകള്‍) എന്ന ജനവര്‍ഗത്തെ സംബന്ധിച്ച് ആ വര്‍ഗക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് തീര്‍ത്ത ആദ്യ സനിമ എന്ന നിലയിലാണ് ഖ്യാതി. ആര്‍ട്ടിക് പ്രദേശത്തെ വിദൂരങ്ങളിലുള്ള മഞ്ഞുമണ്ഡലങ്ങളിലെ ആദിമനിവാസികളായ ഇനുയ്ട്ടുകളെ സംബന്ധിച്ച് ഇതിനു മുമ്പത്തെ ചലച്ചിത്രപരമായ ഏക മുതല്‍ക്കൂട്ട് 1922 ല്‍ ഇനുയ്റ്റല്ലാത്ത റോബര്‍ട്ട് ഫ്‌ലോഹര്‍ട്ടി രചിച്ച 'നാനൂക്ക് ഓഫ് ദി നോര്‍ത്ത്' എന്ന അതിഗംഭീര ഡോക്യുമെന്ററി ഒന്നു മാത്രമാണ്.

ഇനുയ്റ്റുകളുടെ സംസാരഭാഷയായ ഇനുക്ടിട്യൂട്ട് കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് റണ്ണര്‍ 2001 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ നിന്ന് ക്യാമറ ഡി ഓര്‍ കരസ്ഥമാക്കിയതു മുതല്‍ ആസ്വാദകരുടെ ശ്രദ്ധ അങ്ങേയറ്റം ആകര്‍ഷിച്ചു വരുകയാണ്. സ്വന്തം സാമുദാ യിക ഇതിഹാസത്തെ ആധാരമാക്കി അതേ ജനവര്‍ഗത്താല്‍ത്തന്നെ നിര്‍മിക്കപ്പെടുന്ന ആദ്യ സിനിമ എന്നതിലപ്പുറം ഫാസ്റ്റ് റണ്ണറിന്റെ ശ്രദ്ധേയത മറ്റേതെങ്കിലും ഘടകങ്ങളെ ആശ്രയിക്കു ന്നുണ്ടോ എന്നുകൂടി പരിശോധിക്കുകയാണിവിടെ. 

പതിനൊന്നാം നൂറ്റാണ്ടില്‍ ഇനുയ്റ്റുകളുടെ ഇടയിലുണ്ടായ ഉള്‍വര്‍ഗ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റി രൂപപ്പെട്ട ഒരു വീരേതി ഹാസ നായകനാണ് ഫാസ്റ്റ് റണ്ണറിന് ആധാരമാകുന്നത്. ചെകു ത്താന്റെ ഇടപെടല്‍ മൂലം ഒരു പ്രദേശത്ത് ഒന്നായി കഴിഞ്ഞി രുന്ന ഇനുയ്റ്റ്കൂട്ടം തൂലിമാഖിന്റേയും സൗറിയുടേയും നേതൃത്വത്തില്‍ രണ്ടു വ്യത്യസ്ത ചേരികളിലായി വേര്‍തിരിക്ക പ്പെട്ടു. തന്നെ അപമാനിച്ച സൗറിയോട് തൂലിമാഖ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മക്കിലൂടെ പ്രതികാരം ചെയ്തു. മെയ്ക്കരുത്തില്‍ എതിരാളികളില്ലാത്ത അമാക്ജ്വാഖും ഓട്ടവേഗത്തില്‍ മറ്റുള്ളവരെ അതിശയിപ്പിക്കുന്ന അറ്റനാര്‍ജ്വാത്തും ആണ് തൂലിമാഖിന്റെ രണ്ട് ആണ്മക്കള്‍.

സൗറിയുടെ മകനായ ഓകിയും തൂലിമാഖിന്റെ മകനായ അറ്റനാര്‍ജ്വാത്തും ഓരേസമയം അടുവട് എന്ന ഇനുയ്റ്റ് തരുണിയെ പ്രണയിച്ചിരുന്നു. ഒരു മത്സരപ്പയറ്റില്‍ ഒകിയെ തോല്പിച്ച അറ്റനാര്‍ജ്വാത് അടുവടിനെ സ്വന്തമാക്കി. ദുരമൂത്ത ഓകി, കൂട്ടുകാരുമായി ചേര്‍ന്ന് ഒരു രാത്രിയില്‍ അറ്റനാര്‍ജ്വാതും സഹോദരനും ഉറങ്ങിക്കിടന്ന തുകല്‍ക്കൂര ആക്രമിച്ചു. കുത്തേറ്റ അമാക്ജ്വാഖ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുവെങ്കിലും ആക്രമണകാരികളില്‍ നിന്ന്, അത്ഭുതകരമായി രക്ഷപെട്ട അറ്റനാര്‍ജ്വാത് നഗ്നശരീരനായി എഴുന്നോറ്റോടി. ചാവുകടലിനു മീതേകൂടിയും, കല്ലുകഷണങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള കൂര്‍ത്ത മഞ്ഞുപാളികളില്‍ തറഞ്ഞു രക്തം വാര്‍ന്ന കാലുകള്‍ ആഞ്ഞുവീശി അറ്റനാര്‍ജ്വാത് ദിക്കറിയാത്ത വിദൂരതയിലേക്ക് പാഞ്ഞു. ഓകിയും കൂട്ടരും പുറകേയെത്തിയെങ്കിലും ഓട്ടവേഗ ത്തിന്റെ ആള്‍രൂപമായ അറ്റനാര്‍ജ്വാതിനെ പിടിക്കാന്‍ കഴിഞ്ഞില്ല. കാലം കുറച്ചുകൂടി കഴിഞ്ഞപ്പോള്‍, എല്ലാവരും ഈ സംഭവം മറന്നിരിക്കെ തിരിച്ചെത്തിയ അറ്റനാര്‍ജ്വാതും ഒകിയോട് പ്രതികാരം ചെയ്യുന്നു. എന്നാല്‍ ഒകിയെ അറ്റനാര്‍ജ്വാത് കൊല്ലുന്നില്ല! കീഴ്‌പ്പെടുത്തിയ ശേഷം കൂടിപ്പകയും കൊലപാത കങ്ങളും ഇവിടെ അവസാനിക്കുന്നതായി ഒരു ഗുണപാഠം ഒകിക്കു നല്കിയശേഷം വിട്ടയക്കുന്നു.

ഫാസ്റ്റ് റണ്ണറിന്റെ ശില്പികള്‍തന്നെ ആവര്‍ത്തിക്കുന്നതു പോലെ ഈ സിനിമ പ്രതികാരത്തിന്റെ ഇതിഹാസഗാഥയാണ്, പ്രണയത്തിന്റേതല്ല. നിരവധി തവണ അനുവര്‍്തിക്കപ്പെട്ടിട്ടുള്ള പ്രസ്തുത വിഷയത്തെ ആധാരമാക്കി എടുത്തിട്ടുള്ള അനേകം സിനിമകള്‍ അതിന്റെ ചരിത്രസ്ഥാനങ്ങളെ സമ്പന്നമാക്കിയിട്ടു ള്ളപ്പോള്‍ അതിലേക്ക് പുതിയതായൊന്നുകൂടി ചേര്‍ക്കുകയാ ണെങ്കില്‍ അത് പുതിയൊരു ആഖ്യാനവ്യവസ്ഥ യനുസരിച്ച് രൂപപ്പെടുത്തിയതായി രിക്കേണ്ടതുണ്ട്. സിനിമക്ക് തികച്ചും അപരിചിതമായ ഇനുയ്റ്റ് വ്യവഹാരങ്ങളെ സാമ്പ്രദായികമായ ആഖ്യാന രൂപവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വിസ്തരിച്ചവത രിപ്പിച്ചു എന്നതാണ് ഫാസ്റ്റ് റണ്ണറിന്റെ ഘടനാപരമായ പരിമിതി. മൂന്നുണിക്കൂറിലേറെയാണ് ഇതിനായി വിനിയോ ഗിച്ചത്. ഇനുയ്റ്റ് എന്ന അപരിചിതത്വം കാലത്തില്‍ കൊത്തിയെടു ക്കപ്പെട്ടാലും അതിന്റെ രൂപഘടന നൈരന്തര്യ ത്തിലുടനീളം പതിവുകളെ ആശ്രയിച്ചതു നിമിത്തം ചലച്ചിത്ര വ്യാകരണ നിയമങ്ങള്‍ക്ക് യാതൊരു സംഭാവനംയും ചെയ്യാന്‍ കഴിയാതെയും വന്നു. എല്ലാ സിനിമകളും ക്ലാസിക്കാ യിരിക്കണമെന്ന ഒരു നിര്‍ബന്ധബുദ്ധിയും കാഴ്ചക്കാരന്‍ വെച്ചുപുലര്‍ത്തുന്നില്ല. പക്ഷെ ഫാസ്റ്റ് റണ്ണറിന് ധനാത്മകമായ സഹായം എത്തിക്കും എന്ന ധാരണയില്‍ അതിന്റെ ശില്പികള്‍ ചില അവകാശവാദങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

അതില്‍വെച്ച് ഏറ്റവും നിശിതം ഫാസ്റ്റ് റണ്ണറിന്റെ രൂപവ്യവ സ്ഥകള്‍ റോബര്‍ട്ട് ഫ്‌ലോഹര്‍ട്ടിയുടെ 'നാനൂക്ക് ഓഫ് ദി നോര്‍ത്ത്' എന്ന വിഖ്യാത രചനയില്‍ ഇനുയ്റ്റുകളെ മോശമായി ചിത്രീകരിച്ചതിനെതിരായ പ്രതികരണത്തെ ഉള്‍ക്കൊള്ളുന്നു വെന്നതാണ്. ഫാസ്റ്റ് റണ്ണറിന്റെ ശില്പികള്‍ അങ്ങനെ കരുതുന്നുണ്ടെങ്കിലും സത്യമതല്ല. ഇനുയ്റ്റുകളെ സംബന്ധിച്ച് പുറംലോകത്ത് കേട്ടുകേള്‍വികളില്‍ നിന്ന് ഉരുവപ്പെട്ടിരുന്ന തെറ്റായ സങ്കല്പങ്ങളെ നിര്‍ധാരണം ചെയ്യുന്നതിന് ഏറ്റവും കൂടുതല്‍ ഉപകരിച്ചത് നാനൂക്ക് ഓഫ് ദി നോര്‍ത്ത് എന്ന ഡോക്യുമെന്ററിയാണ്. ഡോക്യുമെന്ററി രചനക്ക് ഒരു പുത്തന്‍ രീതിശാസ്ത്രത്തേയും ആ സിനമ നിഷ്പാദിപ്പിച്ചു. പ്രതികൂല സാഹചര്യത്തില്‍ അതിജീവിക്കുന്ന ഒരു കൂട്ടം മനുഷ്യജീവികള്‍ ആര്‍ജിച്ച ശക്തിസ്രോതസ്സ് എപ്രകാരത്തിലുള്ളതാണെന്ന് പുറംലോകത്ത് എത്തിച്ചുകൊടുക്കുന്നതിന് വിവരാണാത്മക രചനാസങ്കേതത്തെ അതിവിദഗ്ധമായി ആദ്യമായി വിനയോഗി ച്ചത് ഫ്‌ലോഹര്‍ട്ടിയാണ്. കാനഡയിലെ ഹഡ്‌സന്‍ ഉള്‍ക്കടല്‍ പ്രദേശത്ത് നാനൂക്ക് എന്ന ഇനുയ്റ്റ് വംശജന്റെ ജീവിതചര്യകളെ പിന്തുടര്‍ന്ന് 1920 ല്‍ ചിത്രീകരണമാരംഭിച്ച ഫ്‌ലോഹര്‍ട്ടി സിനിമ പൂര്‍ത്തിയാക്കുന്നത് രണ്ടുവര്‍ഷം കഴിഞ്ഞാണ്. ഏറെ താമസിയാതെ നാനൂക്ക് എന്ന ആ ഇനുയ്റ്റ് കെടുതികളില്‍പ്പെട്ട് മരണമടഞ്ഞു. അയാള്‍ മഞ്ഞുകട്ടകള്‍കൊണ്ട് വീടുപണിയുന്നത്, ജലാന്തരത്തില്‍ മീന്‍പിടിക്കുന്നത്, തീ കെടാതെ സൂക്ഷിക്കുന്നത്, കടല്‍പ്പശുക്കളെ വേട്ടയാടുന്നത് എന്നുവേണ്ട ശയനം, ഭക്ഷണം തുടങ്ങിയ അതിസൂക്ഷ്മമായ ഇനുയ്ട്ട് വ്യവഹാരങ്ങെള യൊക്കെയും കൃത്യമായ അവധാനതയോടെ ചിട്ടപ്പെടുത്തിയിട്ടുണ്ട് ഫ്‌ലോഹര്‍ട്ടി. അന്നത്തെക്കാലത്ത് അവികസിതമായ ചിത്രണ സാമഗ്രികളുമായി ചുറ്റിത്തിരിഞ്ഞ് അതിസാഹസികമായ പ്രവര്‍ത്തനങ്ങളിലൂടെ ഡോക്യുമെന്ററി സിനമയുടെ രചനാരീതി കള്‍ രൂപപ്പെടുത്തിയ ഫ്‌ലോഹര്‍ട്ടി അക്കാരണങ്ങള്‍കൊണ്ടുതന്നെ ആദരവ് അര്‍ഹിക്കുന്നു.

ആര്‍ട്ടിക് പ്രദേശത്ത് ഗ്രീന്‍ലാന്റിലും കാനഡയിലും അലാസ്‌ക യിലും സൈബീരിയയിലുമായി അങ്ങിങ്ങ് വ്യാപിച്ചു കിടക്കുന്ന എസ്‌കിമോ വര്‍ഗക്കാരാണ് ഇനുയ്റ്റുകള്‍. 1977 ല്‍ അലാസ്‌ക യിലെ ബാരോയില്‍ വെച്ചു ചേര്‍ന്ന ദേശികരായ ഈ ജനതയുടെ ഒരു അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ വെച്ചാണ് എസ്‌കിമോ എന്നതിന് പകരമായി ഇനുയ്റ്റ് എന്ന പദം ഉപയോഗിക്കുവാന്‍ തുടങ്ങിയത്. അതുവരെ പല പ്രദേശങ്ങളിലായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവര്‍ പല പേരുകളിലറിയപ്പെടുകയും പ്രാദേശിക ഭേദമുള്ള ഭാഷ കൈകാര്യം ചെയ്തുമിരുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്ന പട്ടികജാതിക്കാര്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നതിന് 'ദലിത്' എന്ന പദം പ്രയോഗിച്ചു തുടങ്ങിയതിന് തുല്യമാണ് ഈ പേരുമാറ്റം. എന്നാല്‍ ഇനുയ്റ്റു കള്‍ ഒറ്റപ്പെട്ട ജനവിഭാഗമാണെങ്കിലും ദലിതുകളേയോ ജൂതരേയോ റെഡ്ഇന്ത്യരേയോ പോലെ അധിനിവേശകാരികളില്‍ നിന്ന് പുറത്താക്കപ്പെട്ടവരല്ല. (റെഡ് ഇന്ത്യക്കാരും എസ്‌കിമോകളും ഒരേ വര്‍ഗക്കാര്‍ തന്നെയാണെന്ന് നരവംശശാസ്ത്രജ്ഞര്‍) 

ഫാസ്റ്റ് റണ്ണറിന് ആധാരമാകുന്ന കഥാവസ്തു ഇനുയ്റ്റുകളുടെ ഇതിഹാസത്തില്‍ നിന്ന് രൂപപ്പെടുത്തിയതാണെന്ന് സൂചിപ്പിവല്ലോ. സിനമിയാക്കുന്നതിന് മുമ്പ് വരമൊഴിയിലേക്ക് ഈ ഇതിഹാസ കഥാവസ്തു തീരെ പ്രവേശിച്ചിരുന്നില്ല. സംവിധായകനായ സഖറിയാസ് കൂനുകും ഛായാഗ്രാഹകനായ നോര്‍മാന്‍ കോണും തിരക്കഥാകൃത്തായ പോള്‍ അപാക് അംഗിര്‍ലിഖും ചേര്‍ന്ന് ഈ ഇതിഹാസമറിയാവുന്ന സമുദായ മൂപ്പന്മാരെ നിരവധി തവണ ചെന്നുകണ്ട് അവരുടെ വിവരണങ്ങളില്‍ നിന്ന് സ്വരൂപിച്ച് പകര്‍ത്തിയാണ് കഥ രൂപപ്പെടുത്തിയത്. ആയിരത്തിലധികം വര്‍ഷം മുമ്പു നടന്ന ആ സംഭവം ചെവിക്കു ചെവി കൈമാറി വരുന്നതാകയാല്‍ പലവിവരണങ്ങള്‍ക്കും തമ്മില്‍ത്തമ്മില്‍ പൊരുത്തക്കേടുകള്‍ കാണപ്പെട്ടു. അവയിലേറ്റവും വിചിത്രം നായകനായ അറ്റനാര്‍ജ്വാതിന് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു എന്ന വസ്തുതയാണ്. എന്നാല്‍ നായകന്റെ സവിശേഷതയായി എല്ലാവരും ഭേദമന്യേ ഓര്‍മിച്ചു വെച്ചത് കടുത്ത മഞ്ഞിലൂടെ അതിവേഗത്തില്‍ ഓടാനുള്ള അയാളുടെ അസാമാന്യ കഴിവിനെ യാണ്. ശീര്‍ഷകത്തിന് ആധാരമാകുന്നതും നായകന്റെ ഈ പ്രത്യേകതയാണ്. അറ്റനാര്‍ജ്വാത് എന്നതാണ് ഇനുയ്ക്ടിട്ട്യൂട്ട് ഭാഷയിലുള്ള ശീര്‍ഷകം. 

ആറുവര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളുടേയും ആറുമാസ ത്തോളം നീണ്ടുനിന്ന ചിത്രണ പ്രക്രിയകളുടേയും പരിണിത ഫലമാണ് അറ്റനാര്‍ജ്വാത് എന്ന സിനിമ. വടക്കന്‍ കാനഡയിലെ മഞ്ഞുറച്ച ധ്രുവപ്രദേശത്തു വെച്ചാണ് ചിത്രീകരിച്ചത്. എന്നാല്‍ അനന്തരജോലികള്‍ തെക്കുള്ള നഗരപ്രദേശത്തു കൊണ്ടുവന്നാണ് പൂര്‍ത്തീകരിച്ചത്. അറ്റനാര്‍ജ്വാതിനെ അവതരിപ്പിക്കുന്ന നടന്‍ നടാര്‍ ഉങ്കലാഖ് ഒഴികെ മറ്റാര്‍ക്കും അഭിനയത്തില്‍ മുന്‍പരിചയ മുണ്ടായിരുന്നില്ല. നിരവധി കനേഡിയന്‍ അമേരിക്കന്‍ സനിമകളിലെ സജീവ പങ്കാളിത്തത്തിനുടമയായ ഇദ്ദേഹം പേരുകേട്ട ഒരു ശില്പികൂടിയാണ്. ഇനുയ്റ്റ്ജനതയുടെ തനത് കലാപാരമ്പര്യത്തില്‍ നിന്നുകൊണ്ട് നടാര്‍ ഉങ്കലാഖ് തീര്‍ത്ത ശില്പങ്ങള്‍ ലോകത്തെ മികച്ച പല കാഴ്ചബംഗ്ലാവുകളിലും ശേഖരിക്കപ്പെട്ടിട്ടുണ്ട്. അടുവട് എന്ന ഇനുയ്റ്റ് പെണ്‍കൊടിയെ സില്‍വിയ ഇല്‍വാലുവും ഓകിയെ പീറ്റര്‍ - ഹെന്റി അര്‍നാട്‌സിയാഖും അമാക്ജ്വാകിനെ പക്കാക് ഇന്നുക്ഷുകും അവതരിപ്പിക്കുന്നു. 

പീഢനങ്ങളുടെ അനുഭവപീഠികയില്‍ നിന്ന് ഉയിരെടുത്ത സമരോത്സുകന്റെ കര്‍തൃത്വമില്ലെങ്കിലും ഫാസ്റ്റ് റണ്ണര്‍ സംവിധായകനായ സഖറിയാസ് കൂനുക് ദേശികനായതിന്റെ പേരില്‍ സ്വത്വപ്രഖ്യാപനത്തിനുള്ള സഞ്ചാരമാര്‍ഗങ്ങള്‍ ലഭ്യമാകാത്തതുകൊണ്ട് അമര്‍ഷം കൊണ്ടിരുന്നു. കൂനുക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ഇഗ്ലൂലിക്കിലെ പള്ളിക്കൂടത്തില്‍ പഠിക്കുന്ന ബാല്യകാലത്ത് അമേരിക്കന്‍ പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജോണ്‍ വെയ്ന്‍ ഏതാനും റെഡ് ഇന്ത്യരെ കൊന്നൊടുക്കുകയുണ്ടായി. സംഭവമറിഞ്ഞ് അവിടെയെത്തിയ കൂനുക്കിനെ ചൂണ്ടി ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ അലറിയത്, ഏതുതരം ഇന്ത്യനാടാ നീ എന്നാണ്. മനുഷ്യസമുദായത്തില്‍ വെച്ച് ദേശികരായ ഇനുയ്റ്റുകളുടെ നില എവിടെയാണെന്ന് കൂനുക് തിരിച്ചറിയുന്നത് അന്നാണ്.

സ്വത്വപ്രതിസന്ധി മറികടക്കുന്നതിന് ചലച്ചിത്രകാരന്റെ കര്‍തൃത്വ ശേഷി വിനിയോഗിക്കാനാണ് കൂനുക് പിന്നീട് തീരുമാനമെടുത്തത്. ഇഗ്ലൂലിക്കില്‍ പഠിക്കുന്ന കാലത്ത് സ്‌കൂളധികൃതര്‍ കൊണ്ടുവന്നു പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്ന ഹ്രസ്വ - ഡോക്യുമെന്ററി ചിത്രങ്ങള്‍ കാണുവാനിടയായത് ഈ അവസരത്തിന് ഒരുപാട് തുണയായി. നടാറിനെപ്പോലെ കൂനുകും ഒരു ശില്പിയാണ്. സോപ്പുശിലയില്‍ തീര്‍ത്ത ശില്പങ്ങല്‍ വിറ്റാണ് കൂനുക് സിനിമ കാണുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത്. 1990 ല്‍ കൂനുക് പ്രസിഡന്റായും പോള്‍ ക്വാലിതാലിക് ചെയര്‍മാനായും നോര്‍മാന്‍ കോണ്‍ സെക്രട്ടറി - ട്രഷററായും ലോകത്താദ്യമായി ഇനുയ്റ്റുകളുടേത് മാത്രമായ സിനിമാ നിര്‍മണ കമ്പനിയായ ഇസുമ സ്ഥാപിതമായി. ഇസുമ എന്നാല്‍ 'ചിന്തിക്കുന്നതിനായി' എന്നാണ് അര്‍ത്ഥം. പരാമൃഷ്ടരെല്ലാവരും ഇഗ്ലൂലിക്കില്‍ നിന്നുള്ള ഇനുയ്റ്റ് വംശജരാണ്. കാനഡയുടെ വടക്കന്‍ പ്രദേശമായ നുനാവൂട്ടില്‍ നിന്നും 1,200 കി മി അകലെ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് ഇഗ്ലൂലിക്. അവിടെത്തന്നെയാണ് ഇസുമയുടെ ആസ്ഥാനവും.

*പടവുകള്‍ 2004 മേയ്