"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

സാമ്രാജ്യത്വശക്തിയും സ്വാതന്ത്ര്യസമരവും ഡോ. അംബേഡ്കറും - ഡോ. സുരേഷ് മാനെബാബാസാഹിബിനെ ബ്രിട്ടീഷ് സാമ്രാജ്യത്വ ചട്ടുകമെന്നും രാജ്യദ്രോഹിയെന്നും വിവരിക്കുകവഴി അരുണ്‍ ഷൂരി ഒരു ഹിമാലയന്‍ വങ്കത്തമാണ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസ്സുകാരായിരുന്നു ഈ കുറ്റം ആരോപിച്ചിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനത്തില്‍, ഒരൊറ്റ ഒറ്റപ്പെട്ട പ്രവര്‍ത്തനത്തില്‍ പോലും അംബേഡ്കര്‍ പങ്കെടുത്തതായി എടുത്തുകാണിക്കാനില്ലെന്ന് ഷൂരി അവകാശപ്പെടുന്നു. ഇങ്ങനെ അവകാശപ്പെടുന്നത് ഒന്നാമതായി അംബേഡ്കറെക്കുറിച്ചുള്ള ഷൂരിയുടെ അജ്ഞതയും, രണ്ടാമതായി അംബേഡ്കറുടെ മനുഷ്യാവകാശ പ്രസ്ഥാനത്തെ മനസിലാക്കുന്നതി ലുള്ള അദ്ദേഹത്തിന്റെ പരാജയവുമാണ് എടുത്തുകാട്ടുന്നത്. നേരെ മറിച്ച്, ഷൂരി പരാമര്‍ശിച്ച സ്വാതന്ത്ര്യ പ്രസ്ഥാനം കൂടി ഉള്‍പ്പെടുന്നതാണ് അംബേഡ്കറുടെ സ്വാതന്ത്ര്യ പ്രസ്ഥാനം.

മനുഷ്യത്വരഹിതമായ ജാതി - സംസ്‌കാരത്തിന്റെ ബന്ധനത്തില്‍ നിന്നും അതിന്റെ മാരകമായ തത്വങ്ങളില്‍ നിന്നും സ്വതന്ത്രരായിരുന്ന ഗാന്ധിയും നെഹ്‌റുവും ബോസും ഇതര സ്വാതന്ത്ര്യ സമര പോരാളികളും ബ്രിട്ടീഷുകാര്‍ക്കെതിരേ മാത്രമാണ് പോരാടിയത്. എന്നാല്‍ അംബേഡ്കറും അദ്ദേഹത്തോടൊപ്പ മുണ്ടായിരുന്ന സ്വാതന്ത്ര്യ പോരാളികളും രാജ്യത്തെ അടിമപ്പെടുത്തിയ വിദേശികള്‍ക്കെതിരേ പോരാടാന്‍ ഈ നാട്ടിലെ ജനങ്ങളെ അശക്തരാക്കിയ, ജനങ്ങളെ വിഭജിച്ച് നിര്‍ത്തുകയും ഇന്ത്യാരാജ്യം ഭരിക്കാന്‍ വേണ്ടി വിദേശികളെ ക്ഷണിക്കുകയും ചെയ്ത മൂലകാരണമെന്താണോ അതിനെതിരെയാണ് പോരാടിയത്. ഏതാനും ആളുകളെ മാത്രം ഉയര്‍ത്തി നിര്‍ത്തി സുഖിപ്പിക്കുകയും ബാക്കിയുള്ളവരെയെല്ലാം താഴ്ത്തിക്കെട്ടി ശിക്ഷിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ദുഷിച്ച ഏര്‍പ്പാടായ ജാതിവ്യവസ്ഥയാണ് ഈ മൂലകാരണം. ഭൂരിപക്ഷവും അയിത്തജാതിക്കാര്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സേനയുടെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് ഇന്ത്യയെ കീഴടക്കിയതെന്ന് മനസിലാക്കാന്‍ ഈ സാമൂഹ്യ - സാംസ്‌കാരിക - സാമ്പത്തിക വ്യവസ്ഥ ഷൂരിയെ സഹായിച്ചേക്കാം. അയിത്തജാതിക്കാര്‍ക്ക് ആയുധമേന്താനുള്ള അവകാശമുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ ചരിത്രം മറ്റൊരു രൂപത്തിലായിരുന്നു എഴുതപ്പെടുക എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ ഹിന്ദുമതത്തിന്റെ ചാതുര്‍വര്‍ണ്യവ്യവസ്ഥ ശൂദ്രരേയും അയിത്തജാതിക്കാരേയും യോദ്ധാക്കളാക്കുന്നതില്‍ നിന്ന് വിലക്കുകയും അങ്ങിനെ വിദേശികളെ ഇന്ത്യയെ ആക്രമിക്കുന്നതിനും ഇന്ത്യയില്‍ ഭരണം നടത്തിന്നതിനും സഹായിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ദേശീയ കാഴ്ചപ്പാടോടെയുള്ള നേതൃത്വത്തിന് യാതൊരു പഞ്ഞവുമില്ലായിരുന്നു. പക്ഷെ, അത് കെട്ടിപ്പടുക്കപ്പെട്ടത് സാമുദായിക താത്പര്യങ്ങള്‍ക്കു മേലെയായിരുന്നു. നീതിരഹിതമായ ഹിന്ദു സാമൂഹ്യവ്യ വസ്ഥയുടെ ബലിയാടുകളുടെ ധീരനും സത്യസന്ധനുമായ നേതാവായിരുന്നു ഡോ. അംബേഡ്കര്‍. അതുകൊണ്ടുതന്നെ ഇത്തരം സമൂഹത്തിനുവേണ്ടി ചില സന്ദര്‍ഭങ്ങളില്‍ ബ്രിട്ടീഷുകാരുമായും മറ്റുചില അവസരങ്ങളില്‍ സാമൂഹ്യക്രമം മാറ്റമില്ലാതെ നിലനിര്‍ത്തുന്ന നേതൃത്വവുമായും അദ്ദേഹത്തിന് പോരാടേണ്ടി വന്നു. ഇന്ത്യയിലെ ഏറ്റവും വ്രണിതരായ ഈ വിഭാഗങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുക യായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. ഇത് നേടിയെടുക്കുന്നതിനു വേണ്ടി അദ്ദേഹം ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. എന്നിരുന്നാലും ഇത് നേടിയെടുക്കുന്ന തിനു വേണ്ടി ദേശീയ താത്പര്യമുള്ള പ്രശ്‌നങ്ങള്‍ക്കു മേലെ ആരുമായും അദ്ദേഹം വിലപേശിയില്ല. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടേയും ഭാഗത്തുനിന്ന് വിവേചനവും ചൂഷണവും അനീതിയും കണ്ടപ്പോഴെല്ലാം അദ്ദേഹം അതിനെതിരെ പൊരുതി. പക്ഷെ, റഷ്യന്‍ പണ്ഡിതനായ ഗ്രിഗറി കോതോവ്‌സ്‌കിയുടെ വാചകത്തില്‍ രാഷ്ട്രം അദ്ദേഹത്തെ വിളിച്ചപ്പോഴെല്ലാം 'അംബേഡ്കര്‍ രാജ്യത്തിന്റെ മൊത്തം താത്പര്യത്തിനു മീതെ തന്റെ സമൂഹത്തിന്റെ താത്പര്യങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. അദ്ദേഹം പൂനാ ഉടമ്പടി ഒപ്പുവെച്ചപ്പോഴും, നെഹ്‌റു മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചപ്പോഴും, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ അംഗമായിരുന്നപ്പോഴും ഇത് ചെയ്തിട്ടുണ്ട്.' ഇതൊന്നും കണക്കിലെടുക്കാതെ അംബേഡ്കറുടെ ദേശസ്‌നേഹ ത്തെ വെല്ലുവിളിക്കാനും ഷൂരി തുനിയുകയാണ്. ഇത് നിഷ്ഠൂരവും ബുദ്ധിശൂന്യവുമായ പ്രവൃത്തിയല്ലാതെ മറ്റെന്താണ്.

സത്യത്തില്‍ ഷൂരിയും അതുപോലെ മറ്റുപലരും സ്വാതന്ത്ര്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ബ്രിട്ടീഷുകാരില്‍ നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന രീതിയില്‍ മാത്രമാണ്. പക്ഷെ, ഷൂരിയെപ്പോലെയും മറ്റുമുള്ള ആളുകള്‍ തെറ്റിദ്ധരിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണമായ പുനര്‍ ക്രമീകരണമായിരുന്നു ബാബാസാഹിബിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവം. നൂറ്റാണ്ടുകളായി കീഴ്ജാതിക്കാരിലെ ബഹുഭൂരിപക്ഷം ആളുകളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചവിട്ടിമെതിച്ചുകൊണ്ട്, കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്തവിധം ഇന്ത്യക്ക് കോട്ടം വരുത്തിയ ജാതിഹിന്ദുക്കളുടെ ആധിപത്യത്തോടും, ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയ ബ്രിട്ടീഷുകാരോടും അംബേഡ്കര്‍ പൊരുതിനിന്നു. ഹൈന്ദവ സാമൂഹ്യ വ്യവസ്ഥ അസമത്വത്തേയും ജാതീയതയേയും അംഗീകരിക്കുന്നതിനാല്‍ അംബേഡ്കര്‍ പറയുന്നു: 'സ്വരാജോടുകൂടി ഹിന്ദുക്കള്‍ അടിമത്തത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു ചവിട്ടുപടിയായി പരിണമിച്ചേക്കും (ജാതിനിര്‍മൂലനം)'. ഗാന്ധിയുടേയും തിലകന്റേയും വര്‍ണ - ജാതി സംസ്‌കാരത്തോടൊപ്പം നില്ക്കുന്ന സ്വരാജിന്റെ തത്വങ്ങള്‍ ഒരു പക്ഷെ ഷൂരി മനസിലാക്കിയിട്ടുണ്ടാവാം. പക്ഷെ, എല്ലാവര്‍ക്കുമുള്ള സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും, സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും മേലെ കെട്ടിപ്പടുത്ത അംബേഡ്കറുടെ സ്വരാജിന്റെ തത്വങ്ങള്‍ മനസിലാക്കുന്നതില്‍ ഷൂരി പരാജയപ്പെട്ടിരിക്കുന്നു.

ഡോ. അംബേഡ്കറുടെ 'കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്ത ക്കാര്‍ക്കു വേണ്ടി എന്തു ചെയ്തു?' (What Congress and Gandhi have done to the untouchables) എന്ന പുസ്തകത്തിന്റെ ഏഴാം അധ്യായം ഷൂരിയെ പോലെയുള്ള വിമര്‍ശകരുടെ കണ്ണു തുറപ്പിക്കുന്നതാണ്. 'ഒരു കപട ആരോപണം - അയിത്തജാതി ക്കാര്‍ ബ്രിട്ടീഷുകാരുടെ ഉപകരണമായിരുന്നോ?' എന്ന പേരിലുള്ള ഈ അധ്യായം അയിത്ത ജാതിക്കാരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തി ന്റെ ഉപകരണമായി കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള ഒരു വ്യക്തമായ മറുപടിയാണ്. ഇത്തരം കുറ്റപ്പെടുത്തലുകളുടെ പ്രതിധ്വനികള്‍ അംബേഡ്കറൈറ്റുകളെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്നതല്ല. ഈ അധ്യായത്തില്‍ അയിത്തജാതിക്കാരുടെ സ്ഥാനം വളരെ വ്യക്തമായി ബാബാസാഹിബ് വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: 'അയിത്തജാതിക്കാര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നില്ല. പക്ഷെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നുമുള്ള വെറുമൊരു സ്വാതന്ത്ര്യമെന്നതിനെ അവര്‍ എതിര്‍ക്കുന്നു. ഇതിന് അവരെ പ്രേരിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യ മാത്രം പോരാ എന്ന നിലപാടാണ്. ജനാധിപത്യത്തിന് കടന്നുചെല്ലാന്‍ സുരക്ഷിതമാക്കപ്പെടണം സ്വതന്ത്ര ഇന്ത്യ... നീഗ്രോകളുടെ വിധി അയിത്തക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല.' ഇത്തരം വിശ്വാസവഞ്ചന തടയാന്‍ വേണ്ടിയാണ് അയിത്തജാ തിക്കാര്‍ 'സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുക' എന്നതിനോട് ഇത്തരം ഒരു നിലപാട് എടുത്തത്. ഇതില്‍ എന്താണ് തെറ്റ്? അത്യാത്മ വിശ്വാസത്തിന്റെ സുരക്ഷിതത്വത്താല്‍ നശിപ്പിക്കപ്പെടു ന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഭീരുവെന്ന് മുദ്രകുത്തപ്പെടു ന്നതെന്നുള്ള ബര്‍ക്കിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക യല്ലാതെ അതില്‍ കവിഞ്ഞെന്തെങ്കിലും ചെയ്യുകയായിരുന്നോ അയിത്തജാതിക്കാര്‍?

നീതിരഹിതമായ ഹിന്ദു സാമൂഹ്യ വ്യവസ്ഥയുടെ എതിരാളി എന്ന നിലയില്‍ പ്രശസ്തനാണ് അംബേഡ്കര്‍. പക്ഷെ ഗാന്ധിയും കോണ്‍ഗ്രസ്സും സ്വാതന്ത്ര്യ സമരത്തിന്റെ കുത്തകാവകാശം കയ്യാളുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഷൂരി അത്തരം കുത്തകാധിപത്യ സംസ്‌കാരത്തിന്റെ ഇരയായതുകൊണ്ട് അദ്ദേഹം 1942 ല്‍ അംബേഡ്കര്‍ എവിടെയായിരുന്നു എന്ന നിരര്‍ത്ഥകമായ ചോദ്യം ഉയര്‍ത്തുകയും അംബേഡ്കറുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയുമാണ്. അംബേഡ്കറെക്കുറിച്ച് മനസിലാക്കാന്‍ ഷൂരിയും കൂട്ടാളികളും താഴെ പറയുന്ന വസ്തുതകളിലൂടെ അവരുടെ ചരിത്രബോധം വിപുലൂകരിക്കേണ്ടതുണ്ട്.

(തുടരും.....)