"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

നെരൂദക്കും പോസ്റ്റ്മാനും മാസ്സിമോ ട്രോയ്‌സിക്കും


അതിരുകളില്ലാത്ത സാക്ഷാത്കാര നിലപാടുകളുടെ വിസ്തൃതമായ ഇടങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് മൈക്കിള്‍ റാഡ്‌ഫോര്‍ഡ് 'ദി പോസ്റ്റ്മാന്‍' എന്ന സിനിമയിലൂടെ ചിലിയന്‍ മഹാകവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ ജീവചരിത്രം അന്യാദൃശമായ ഒരു സങ്കേതത്തില്‍ ആവിഷ്‌കരി ക്കുന്നത്. ബ്രിട്ടീഷ് - ആസ്ത്രിയന്‍ പാരമ്പ്യമുള്ള മാതാപിതാ ക്കള്‍ക്ക് ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷ് പൗരന്‍ ചിലിയന്‍ മഹാകവി സ്പാനിഷ് ഭാഷയിലെഴുതിയ നോവല്‍ ഫ്രഞ്ച് നടനെ മുഖ്യകഥാപാത്രമാക്കി ബെല്‍ജിയംകാരുടെ സഹകരണത്തോടെ ഇറ്റലിയില്‍ വെച്ച് ചിത്രീകരിച്ച അസാധാരണ സനിമ എന്ന് ദി പോസ്റ്റ്മാന് ആലങ്കാരികമായ ഒരു വിശേഷണം കൊടുക്കാം. അതിലുമപ്പുറം, മാനവികത്തായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങ ളുടെ കര്‍തൃത്വം ഈ സിനിമയുടെ സുതാര്യതയാണ്.

ചിലിയന്‍ എഴുത്തുകാരനായ അന്റോണിയോ സ്‌കാര്‍മേതയുടെ 'ബേണിങ് പേഷ്യന്റ്' എന്ന നോവലാണ് ദി പോസ്റ്റ്മാന് ആധാരം. ചിലിക്ക് സമീപം എവോലിയന്‍ കടല്‍ത്തീരത്തുള്ള ഇസ്ല നെഗ്ര എന്ന ചെറു ദ്വീപില്‍ മഹാകവി പാബ്ലോ നെരൂദ കുറച്ചുകാലം കഴിച്ചുകൂട്ടിയിരുന്നു. തീരത്തുനിന്നകന്ന് കുന്നിന്‍പുറത്തുള്ള ഒറ്റപ്പെട്ടൊരു ഇടത്തരം വീട്ടിലാണ് നെരൂദ താമസിച്ചിരുന്നത്. നിരക്ഷരരായ മുക്കുവര്‍ മാത്രമായിരുന്നു ദ്വീപു നിവാസികള്‍. ഭാരിച്ചതും എണ്ണത്തില്‍ കൂടുതലുള്ളതുമായ തപാലുരുപ്പിടികള്‍ നെരൂദക്ക് എത്തിച്ചിരുന്ന പോസ്റ്റ്മാനായിരുന്നു മരിയോ ജിംനേസ് എന്ന 17 കാരന്‍. നെരുദയുടേയും മരിയോ ജിംനേസിന്റേയും വ്യവഹാരങ്ങളുടെ പാരസ്പര്യം മുന്നോട്ടു നയിക്കുന്ന ആഖ്യേ യതയുടെ അപരിചിതത്വമാണ് ഈ സിനിമയെ സവിശേഷമായ ഒന്നാക്കുന്ന മുഖ്യഘടകം. 

കഥാപാത്രങ്ങളെ യഥാസ്ഥാനത്തു നിര്‍ത്തി സ്ഥലകാല വ്യതിയാ നങ്ങളോടെ ബേണിങ് പേഷ്യന്റിനെ പോസ്റ്റ്മാനാക്കി ചിലിയില്‍ നിന്ന് ഇറ്റലിയിലേക്ക് പകര്‍ത്തി നടുകയാണ് മൈക്കിള്‍ റാഡ്‌ഫോര്‍ഡും കൂട്ടരും ചേര്‍ന്ന്. 1952 ല്‍ ഇറ്റലിക്കു സമീപം മധ്യധരണ്യാഴിയിലുള്ള കാപ്രി ദ്വീപില്‍ കവി താമസിക്കാനെത്തു ന്നതായാണ് പരികല്പന. കമ്മ്യൂണിസ്റ്റുകാരോട് അധികാരി കള്‍ക്കു ണ്ടായിരുന്ന കടുത്ത അസ്വാരസ്യത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്നതിനാണ് കവി ദ്വീപിലെത്തുന്നത്. നിരക്ഷരരായ മുക്കുവര്‍ മാത്രം പാര്‍ത്തിരുന്ന കാപ്രിയിലെ കുന്നിന്‍പുറത്തൊരു പാര്‍പ്പിടത്തില്‍ താമസിച്ചിരുന്ന കവിക്ക് മാത്രായി എത്തിയിരുന്ന തപാലുരുപ്പിടികള്‍ സൈക്കിളില്‍ എത്തിച്ചിരുന്നത് മരിയോ റുവോയോളോ എന്ന ചെറുപ്പക്കാരനായ ദ്വീപുനിവാസിയാ യിരുന്നു.

തപാല്‍ ഉരുപ്പിടികള്‍ കൊടുക്കേണ്ട ഏക മേല്‍വിലാസക്കാരന്‍ കവിമാത്രമായിരുന്നതിനാല്‍ മരിയോക്ക് തുച്ഛമായ ശമ്പളത്തിനു പുറമേ ചില്ലറകളൊന്നും പാരിതോഷികമായി ലഭിക്കുവാന്‍ വഴിയില്ലായിരുന്നു അതിനാല്‍ തൊഴിലില്ലാത്തവനായി ത്തന്നെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റുകാരോളം തന്നെ സ്വതന്ത്ര ചിന്താഗതിക്കാരും ആസ്വദിച്ചിരുന്ന കവിയുടെ സവിശേഷ വ്യക്തിത്വത്തിലായിരുന്നില്ല മരിയോക്ക് താത്പര്യം, മറിച്ച് പെണ്ണുങ്ങളധികവും ആരാധനാപാത്രമായി കരുതിവെക്കു ന്നതിലെ മാന്ത്രികതയിലായിരുന്നു. നിരന്തരമുള്ള സമ്പര്‍ക്കത്തി ലൂടെ സ്ഥാപിച്ച സൗഹൃദത്തിന്റെ സ്വാതന്ത്രമുപയോഗിച്ച് തന്നേയും ഒരു കവിയാക്കണമെന്ന് നെരൂദയോട് മരിയോ അഭ്യര്‍ത്ഥിച്ചു. മരിയയുമൊത്ത് ദ്വീപിലാകെ ചുറ്റിനടന്ന നെരൂദ, രൂപകങ്ങള്‍ എങ്ങനെ കവിതയെ നിര്‍മിക്കുമെന്നും അവകളെ സ്വതന്ത്രമാക്കുന്നതിന് സഹായിക്കുന്ന രചനാസങ്കേത വിദ്യയും മരിയോക്ക് പകര്‍ന്നുകൊടുത്തു. 

ആയിടെയാണ് മദ്യശാലയുടെ നടത്തിപ്പുകാരിയായ റോസ ഗോണ്‍സാലസിന്റെ മകള്‍ ബിയാട്രീസ് എന്ന പെണ്‍കുട്ടിയെ മരിയോ കണ്ടുമുട്ടുന്നത്. നാണംകുണുങ്ങിയും മൃദുഭാഷിയും സ്വതേ ജലദോഷം അലട്ടിയിരുന്നവനുമായ മരിയോക്ക് ബിയാട്രീസിനെ സ്വന്തമാക്കുന്നതിനുള്ള പ്രണയവിദ്യകളില്‍ നെരൂദയില്‍ നിന്നും പകര്‍ന്നു കിട്ടിയ രൂപകങ്ങളെ സംബന്ധിച്ച അറിവുമാത്രം അപര്യാപ്തമായിരുന്നു. കവിയുടെ കല്പനേത രമായ ഇടപെടലുകളുടെ വിജയകരമായ പരിസമാപ്തിയില്‍ മരിയോയയും ബിയാട്രീസും വിവാഹിതരാകുമ്പോള്‍, ചിലിയിലെ സാഹചര്യം മാറിയിരുന്നതിനാല്‍ കവിക്ക് തിരിച്ചു പോകേണ്ട തായി വന്നു. അതോടെ തൊഴിലില്ലാത്തവനായിത്തീര്‍ന്ന മരിയോ കവിയില്‍ നിന്ന് അന്യനാക്കപ്പെടാതിരിക്കുന്നതിനായി താനുമൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് സ്വയം അഭിമാനിച്ചു. കമ്മ്യൂണിസ്റ്റു കാരോട് പൊതുവേയും മരിയോവിനോട് വിശേഷിച്ചും കടുത്ത വെറുപ്പുള്ള റോസ, തൊഴിലില്ലാത്തവനും കാല്പനികനുമായി ത്തീര്‍ന്ന അവനോട് അങ്ങേയറ്റം നിന്ദ്യമായി പെരുമാറി.പിന്നീട് കവിക്ക് എന്തുസംഭവിച്ചുവെന്ന് മരിയോക്ക് അറിയുവാന്‍ കഴിഞ്ഞില്ല. കത്തെഴുതുകയോ വിവരം തെരക്കുകയോ ചെയ്തിരുന്നില്ല.

ഒരിക്കല്‍ മരിയോയെ തേടി ചിലിയില്‍ നിന്നും ഒരു കത്തുവന്നു. കാപ്രിയിലെ വീട്ടില്‍ അവശേഷിച്ചിരുന്ന ജപ്പാന്‍ നിര്‍മിത സോണി ടേപ്‌റിക്കോര്‍ഡറില്‍ ദ്വീപലെ തന്റെ പ്രിയപ്പെട്ട എല്ലാ ശബ്ദവും പിടിച്ചെടുത്ത് അയച്ചുതരണമെന്ന് കവി കത്തിലൂടെ ആവശ്യ പ്പെട്ടിരുന്നു. എങ്കിലും ആവശ്യപ്പെട്ടതിന്‍ പ്രകാരം മരിയോക്ക് ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കുവാന്‍ കഴിഞ്ഞില്ല.

കവി വീണ്ടുമൊരിക്കല്‍ക്കൂടി കാപ്രി ദ്വീപ് സന്ദര്‍ശിച്ചു. തന്റെ പ്രിയ തപാലുകാരനെ തെരക്കിയെത്തി. കാപ്രിയിലുണ്ടായ ഒരു ബഹളത്തില്‍ അറിയാതെ ചെന്നുപെട്ട് മരിയോ മരിച്ചുപോയി രുന്നു. അയാള്‍ക്ക് ബിയാട്രീസില്‍ ഒരു കുട്ടി ജനിച്ചിരുന്നു അതിന്റെ പേരാണ് 'പാബ്ലിറ്റോ!' 

പോസ്റ്റ്മാന്‍ നെരൂദക്ക് സമ്മാനിച്ചതുപോലെ, ദുഖകരമായ ഓര്‍മകള്‍ പ്രേക്ഷകരിലേക്ക് സംക്രമിപ്പിച്ചുകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇറ്റാലിയന്‍ നടനായ മാസ്സിമോ ട്രൊയ്‌സി ചിത്രീകരണാനന്തരം ആകസ്മികമായി മരണപ്പെടുകയുണ്ടായി. തന്റെ 41 ആം വയസില്‍ അന്തരിക്കു മ്പോള്‍ ഇറ്റലിക്ക് നഷ്ടമായത് കേവലമൊരു നടനെ മാത്രമല്ല, സംവിധായകനേയും എഴുത്തുകാരനേയും ചിത്രണ സംഘക്കാര നേയും കൂടിയായിരുന്നു. ജന്മനാ തന്നെ ബാധിച്ചിരുന്ന ഹൃദ്രോഗ ത്തെപ്പറ്റി ബോധവാനായിരുന്ന മസ്സിമോ ട്രൊയ്‌സി പ്രതിരോധ തന്ത്രമെന്ന നിലയിലായിരിക്കണം, ഹാസ്യ വേഷങ്ങളാണ് സിനിമയില്‍ കൈകാര്യം ചെയ്തിരുന്നത്. അന്റോണിയോ സ്‌കാര്‍മേതയുടെ പുസ്തകം കയ്യില്‍ കിട്ടിയ ഉടനെ അതിലെ കഥാപാത്രം തന്റെ ജീവിതവുമായി സമാനതകള്‍ പങ്കുവെക്കുന്നു എന്ന് തോന്നിയതിനാലാവണം സാക്ഷാത്കാരത്തിനായി തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് റാഡ്‌ഫോര്‍ഡ് ഓര്‍മിക്കുന്നത്. 

ഇറ്റലിയിലെ സിസിലി ദ്വീപിനടുത്തുള്ള ചെറുദ്വീപായ സെലിന യില്‍ വെച്ചായിരുന്നു ചിത്രീകരണം. ട്രൊയ്‌സിയും റാഡ്‌ഫോര്‍ ഡും ചേര്‍ന്ന് തിരക്കഥ തയാറാക്കിയശേഷം പ്രമുഖ തിരക്കഥാകൃ ത്തായ അന്നം പാവിശ്‌നാനോവിന് അംഗീകാരത്തിനും ഭേദഗതികള്‍ ക്കുമായി ഫാക്‌സ് ചെയ്ത് റോമിലേക്ക് അയക്കുകയായിരുന്നു പതിവ്. ഫ്യൂരിയോ സ്‌കാര്‍പെല്ലിയും ജിയോകോമോ സ്‌കാര്‍പെല്ലിയും തിരക്കഥാ രചനയില്‍ സഹകരിച്ചിരുന്നു. അനാരോഗ്യംമൂലം രണ്ടുമണിക്കൂറിലധികം മസ്സിമോ ട്രൊയ്‌സിക്ക് ചിത്രീകരണത്തിനായി ചെലവഴിക്കാന്‍ പറ്റിയിരുന്നില്ല. 1994 ജൂണ്‍ 3 ന് ചിത്രീകരണം പൂര്‍ത്തിയായി. 5 ആംതിയതി ലണ്ടനില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ നടത്തുന്നതിനു വേണ്ട ഏര്‍പ്പാട് ചെയ്യാമെന്ന് റാഡ്‌ഫോര്‍ഡ് ഏറ്റിരുന്നതാണ്. നാലാം തിയതി ശനിയാഴ്ച ഉറങ്ങാന്‍ കിടന്ന മസ്സിമോ ട്രൊയ്‌സി പിന്നീടൊരിക്കലും ഉണരുകയുണ്ടായില്ല. 'അവന്റെ ജീവിതം ഞങ്ങള്‍ക്കു തന്നിട്ടു പോയി. അതുകൊണ്ട് ഞങ്ങളെന്ത് ചെയ്യുന്നുവെന്ന് കാണുവാന്‍ പോലും നില്ക്കാതെ....' റാഡ്‌ഫോര്‍ഡ് പിന്നീടെഴുതി. ഉടനെ തന്നെ സിനിമ വെനീസ് മേളയിലേക്ക് അയച്ചുവെങ്കിലും മത്സരവേദിക്ക് പുറത്താണ് പ്രദര്‍ശിപ്പിക്കുവാന്‍ കഴിഞ്ഞത്. സിനിമയില്‍ പാബ്ലോ നെരൂദയെ അവതരിപ്പിച്ച പ്രമുഖ ഫ്രഞ്ച് നടനായ ഫിലിപ് നൊയ്‌റെ മസ്സിമോ ട്രൊയ്‌സി പ്രത്യക്ഷപ്പെടുമ്പോഴെല്ലാം തിയേറ്ററിലിരുന്ന് പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്.

പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവും പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് കാരനുമായ വ്യക്തി കഥാപാത്രമായി വരുന്നതിലെ ശ്രദ്ധേയതയും ചിത്രീകരണാനന്തരം പ്രമുഖ നടന്റെ ആകസ്മിക മായ വിയോഗം മൂലമുണ്ടാകാവുന്ന സഹതാപവുമോ ദി പോസ്റ്റ്മാനെ വിലയിരുത്തുമ്പോള്‍ മാനദണ്ഡമാകാന്‍ പാടില്ല. ഒരു പതിനേവുകാരന്റെ ഇളമ ശരീരതാളത്തില്‍ ആവിഷ്‌കരിക്കാനാ യില്ലെങ്കിലും നിഷ്‌കളങ്കനായ ഒരു യുവാവിന്റെ നൈര്‍മല്യങ്ങളി ലേക്ക് പരകായ പ്രവേശനം നടത്തുന്നതിനുള്ള സാത്വികശേഷി മസ്സിമോ ട്രൊയ്‌സി പ്രകടിപ്പിക്കുന്നുണ്ട്. പാബ്ലോ നെരൂദയോട് രൂപസാദൃശ്യമുള്ളതിനാല്‍ ഫിലിപ് നൊയ്‌റേക്ക് ആവിഷ്‌കാരം അല്പം ആയാസരഹിതമായിരുന്നു. പോസ്റ്റ്മാനെ സംബന്ധിച്ചി ടത്തോളം നിയതമായ വ്യവസ്ഥകളില്ലാത്തതിനാല്‍ വാര്‍പ്പുമാതൃ കകളില്‍ തളക്കപ്പെടാത്ത ഒരു കര്‍തൃത്വത്തെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ട് ക്ലേശമധികം മസ്സിമോക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഇരുപാതികളായി മുറിക്കാത്ത ആദ്യഭാഗത്ത് പോസ്റ്റ്മാന്റെ അനുഭവങ്ങളിലൂടെ കവിയേയും മറുഭാഗത്ത് കവിയുടെ അനുസ്മരണയിലൂടെ പോസ്റ്റ്മാനേയും നിര്‍മിക്കുന്ന ദ്വന്ദാത്മക രചനാ സങ്കേതത്തെ പരീക്ഷിക്കുന്നുണ്ട് മൈക്കിള്‍ റാഡ്‌ഫോര്‍ഡ്. സ്‌കാര്‍മേതയുടെ ഇസ്ലനെഗ്രയിലെ മരിയോ ജിംനേസ് ഒരു യാഥാര്‍ത്ഥ്യമാണെന്നതോ, റാഡ്‌ഫോര്‍ഡ് കാപ്രിയിലെ മരിയോ റുവോപോളോക്കുവേണ്ടി അതെത്രമാത്രം ഉപജീവിക്കുന്നുണ്ടെ ന്നതോ കാഴ്ചക്കാരനെ സംബന്ധിച്ച പ്രശ്‌നമാകുന്നില്ല. പാബ്ലോ നെരൂദയുടെ പ്രതിരൂപം തന്നെയായാണ് പോസ്റ്റ്മാന്‍ അനുഭവവേദ്യമാകുന്നത്. തന്റെ 50 കളില്‍ മാത്രം ദ്വീപിലെ ത്തുന്ന കവിയുടെ യൗവനകാലം പോസ്റ്റ്മാനിലൂടെ സമാന്തരമായി അവതരിപ്പിക്കുകയാണ്. തന്റെ രാഷ്ട്രീയ വിശ്വാസപ്രമാണം സംരക്ഷിക്കുന്നതിനാണ് കവി ദ്വീപിലെത്തിയിരുന്നതെങ്കില്‍ നിരക്ഷരരും നിരാശ്രയരുമായ മുക്കുവരുടെ ഇടയിലാവും പ്രവര്‍ത്തിക്കേണ്ടി വരിക. എന്നാല്‍ സഹചാരിയായ യുവാവിന്റെ പ്രണയ പൂര്‍ത്തിക്കായി കവിതയെഴുതുകയും, അതിനായി ദ്വീപിലെ എല്ലാ വസ്തുക്കളില്‍ നിന്നും സുന്ദരമായ രൂപകങ്ങളെ നിര്‍മിച്ചെടുക്കുകയുമാണ് കവി ചെയ്യുന്നത്. അര്‍ത്ഥാന്തര കല്പനകളിലൂടെ കവിയുടെ പൂര്‍വകാലം ആവിഷ്‌കരിച്ച ശേഷം തുടര്‍ന്നങ്ങോട്ട് ആവശ്യമില്ലാത്തതിനാല്‍ അതിനുപയോഗിച്ച പ്രതിരൂപത്തെ - പോസ്റ്റ്മാനെ - അതിന്റെ മരണത്തിലൂടെ ഒഴിവാക്കുകയുമാണ് സിനിമയുടെ ശില്പികള്‍ ചെയ്തിരിക്കുന്നത്. അവസാനം കവിയുടെ ശൈശവത്തിലേക്ക് ഒരു എത്തിനോട്ടവുമയക്കുന്നു, അതാണ് പാബ്ലിറ്റോ!

2004 വ്ര#ഷം കവിയുടെ ജന്മശതാബ്ധിയാണ്. 1904 ജൂലൈ 12 ന് ചിലിയിലെ പര്‍റാള്‍ എന്ന സ്ഥലത്താണ് പാബ്ലോ നെരൂദ ജനിച്ചത്. നെഫ്താലി റിക്കാഡോ റെയസ് ബസ്വാല്‍ത്തോ എന്നാണ് യഥാര്‍ത്ഥ പേര്. 

ദൃശ്യതന്ത്ര രാഷ്ട്രീയത്തിലെ മൗലികമായ നിലപാടുകളുടെ ആര്‍ജവം പരിഗണിക്കുമ്പോള്‍ മൈക്കിള്‍ റാഡ്‌ഫോര്‍ഡില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കുവാനുണ്ട്. 1946 ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച റാഡ്‌ഫോര്‍ഡ് സ്വാതന്ത്യാനന്തരം മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. പ്രസിദ്ധ എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാതമായ '1984' ന് കൊടുത്ത ചലച്ചിത്രാവി ഷ്‌കാരം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഷേക്‌സിയര്‍ നാടകമായ 'മര്‍ച്ചന്റ് ഓഫ് വെനീസ്'നും സാക്ഷാത്കാരം കൊടുത്തിട്ടുണ്ട്.