"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

സമസ്ത തിരുവിതാംകൂര്‍ പുലയര്‍ മഹാസഭ കാലഘട്ടത്തിന്റെ ആവശ്യമോ? - കുന്നുകുഴി എസ് മണി


മഹാനായ അയ്യന്‍കാളിയുടെ മരണാനന്തരം അതുവരെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതിരുന്ന പുലയര്‍ മഹാസഭ പ്രവര്‍ത്തനം തുടരാന്‍ ടി.ടി.കേശവന്‍ ശാസ്ത്രിയും സമാനചിന്താഗതിക്കാരും ചേര്‍ന്ന് തീരുമാനിച്ചു. ശാസ്ത്രി അന്ന് തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ലി മെമ്പറായിരുന്നു. 1937-ല്‍ തന്നെ സമസ്ത തിരുവിതാംകൂര്‍ പുലയര്‍ മഹാസഭയുടെ രൂപീകരണം പുല്ലാട്ടു സ്‌കൂളില്‍ വച്ച് നടത്തിയിരുന്നുവെങ്കിലും അയ്യന്‍കാളിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് രജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുലയര്‍ മഹാസഭയുടെ രജിസ്‌ട്രേഷനും നീണ്ടുപോയി. 1921-ല്‍ തിരുവല്ലയിലെ പൊടിപ്പാറയില്‍ വച്ച് പാമ്പാടി ജോണ്‍ ജോസഫ് രൂപീകരിച്ച ചേരമര്‍ സംഘം അദ്ദേഹം പില്‍ക്കാലത്ത് പിരിച്ചുവിട്ടിരുന്നെങ്കിലും ആ കാലത്തെ അവരുടെ ചില നേതാക്കള്‍ സംഘടനയെ വീണ്ടും ഉയര്‍ത്തെഴുന്നേല്പിച്ച് പുലയര്‍ക്കെതിരെ തിരിച്ചുവിട്ടിരുന്നു.

സാധുജനപരിപാലന സംഘത്തിന്റെ ഒപ്പം നിന്നിരുന്ന ക്രിസ്തുമതം സ്വീകരിച്ച പുലയരും, പറയരും, കുറവരും മറ്റും പുതിയ സംഘടനകള്‍ ഉണ്ടാക്കി പരസ്പരം പിരിഞ്ഞു പോയപ്പോള്‍ ശേഷിച്ച പുലയര്‍ക്കും ഒരു സംഘടനയുടെ അനിവാര്യതയുണ്ടായി. അങ്ങനെയാണ് സമസ്ത തിരുവിതാംകൂര്‍ പുലയര്‍ മഹാസഭ റ്റി.റ്റി.കേശവന്‍ ശാസ്ത്രികളുടെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ടിവന്നത്. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് റ്റി.റ്റി.കേശവന്‍ ശാസ്ത്രികള്‍ പുലയര്‍ മഹാസഭയുണ്ടാക്കി സാധുജനപരിപാലന സംഘത്തെ തകര്‍ത്തുവെന്നൊരു ആരോപണമുയര്‍ത്തി അദ്ദേഹത്തെ തേജോവധം നടത്താന്‍ ചിലര്‍ ശ്രമിച്ചു. ഇന്നും ശ്രമിക്കുന്നുണ്ട്. ഇവരില്‍ പ്രമുഖര്‍ പുലയക്രിസ്ത്യാനികളായ ചേരമരായിരുന്നു. പാമ്പാടിക്കുശേഷമുണ്ടായ ചേരമര്‍ സംഘത്തിലെ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും എന്തിനേറെക്രിസ്ത്യാനി പേരുമാറ്റി ഹിന്ദുവായി പുലയര്‍ മഹാസഭയ്ക്കുള്ളില്‍ നുഴഞ്ഞു കയറി പുലയര്‍ മഹാസഭയെ ചേരമര്‍ സംഘമാക്കാന്‍ ശ്രമിച്ച കുലദ്രോഹികള്‍ വരെയുണ്ട്. വിശദീകരണം പിന്നാലെ വരുന്നുണ്ട്. ഇവരാണ് ശാസ്ത്രികള്‍ക്കെതിരെ ആരോപണം തൊടുത്തുവിടുന്നതും ചരിത്രത്തിലൂടെനീളം എതിര്‍പ്പുകളുടെ കൂരമ്പുമായി നടന്നു നീങ്ങുന്നതും. അതില്‍ വിശ്വസിച്ചുപോയ ഹൈന്ദവ പുലയരും പില്‍ക്കാലത്ത് ഉയര്‍ത്തെഴുന്നേല്ക്കുകയുണ്ടായി.

അതിനു മുന്‍പിവിടെ സംഭവിച്ച ചരിത്ര സങ്കലനകാലത്തെക്കുറിച്ചു കൂടി പറയേണ്ടതായിട്ടുണ്ട്. ചരിത്ര സങ്കലനമിങ്ങനെയാണ്. പ്രകൃതി ജന്യ ആചാരാനുഷ്ഠാനങ്ങളില്‍ ജീവിതം കെട്ടിപ്പെടുക്കുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തവര്‍, ക്രമത്തില്‍ പ്രകൃതിയെ തന്നെ മതമായി സ്വീകരിച്ചു. ആ പ്രകൃതി രണനങ്ങളില്‍ നിന്നും ഉടലെടുത്ത ആജീവിക - ജൈന-ബുദ്ധമതങ്ങളുടെ സ്വാധീനവും സങ്കലനവും ഒരു പുത്തന്‍ ജീവിതം കെട്ടിപ്പടുത്തു. പക്ഷെ വടക്കുനിന്നെത്തിയ ആര്യ-ബ്രാഹ്മണ കൂട്ടങ്ങള്‍ നിലവിലുണ്ടായിരുന്ന ജൈന-ബുദ്ധമതങ്ങളില്‍ നിന്നും തല്ലികൂട്ടിയെടുത്ത് ഹൈന്ദവമതത്തിന്റെ ഭാഗമാക്കി മണ്ണിന്റെ മക്കളെയും മാറ്റിമറിച്ചു. ഹൈന്ദവ പരിപ്രേക്ഷ്യം ഉണ്ടെങ്കില്‍ പോലും ബുദ്ധിരാക്ഷസന്മാരായ ബ്രാഹ്മണര്‍ തങ്ങളുടെ പൗരോഹിത്യ വൃത്തിയില്‍ നിന്നും ഇവറ്റകളെ ഒഴിച്ചു നിറുത്തുകയും പടിയടച്ച് പിണ്ഡം വയ്ക്കുകയും ചെയ്തു. ഹിന്ദുവെന്ന നിര്‍വചനവും പേറി നൂറ്റാണ്ടുകളെതാണ്ടുമ്പോള്‍ തീണ്ടലും തൊടീലുമൊക്കെ കല്പിച്ച് കൂട്ടി അധഃസ്ഥിത ജനതയെ ബ്രാഹ്മണ-മേലാള കൂട്ടങ്ങള്‍ പിച്ചിച്ചീന്തിയെറിയുകയായിരുന്നു. അയിത്തവും അടിമത്വവും അടിച്ചേല്‍പ്പിച്ചു. കീഴാള വിഭാഗങ്ങള്‍ സ്ഥാപിച്ചാരാധിച്ചിരുന്ന ക്ഷേത്രങ്ങളില്‍ നിന്നുപോലും ഇവരെ നിഷ്‌ക്കാസിതരാക്കി. മനുഷ്യാവകാശങ്ങള്‍ പാടെ നിഷേധിക്കപ്പെട്ടു. ഈ തക്കത്തിന് സാന്ത്വനവും പേറി കപ്പലിറങ്ങിയ വൈദേശിക ക്രിസ്ത്യന്‍ മിഷണറിമാര്‍ വിദേശമതമായ ക്രിസ്ത്യന്‍ മതക്കെട്ടില്‍ കീഴാള ജനതയെ തളച്ചിട്ടു. മോചനമില്ലാത്ത തളച്ചിടലായിരുന്നു. സ്വര്‍ഗ്ഗരാജ്യം വാഗ്ദ്ധാനം ചെയ്താണ് ഈ കൊടും വഞ്ചനയ്ക്ക് കീഴാളരെ കരുവാക്കിയത്. ചരിത്രത്തിലെ ഈ മാനസാന്തരം വഴി പാരമ്പര്യമായി സിദ്ധിച്ച ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പിച്ചിച്ചിന്തുമ്പോള്‍ കീഴാളര്‍ക്ക് നിസംഗതരായി നട്ടെല്ല് കുനിച്ചു കൊടുക്കേണ്ടതായി വന്നു. ഫലമോ സാമൂഹ്യമായി കൂടിച്ചേരാനുള്ള ഉള്‍പ്രേരണയുള്‍പ്പെടെയുള്ളസ്വത്വബോധം നഷ്ടപ്പെട്ട് സത്യക്രിസ്ത്യാനികളായി മാറി. അവര്‍ ചരിത്രത്തി ലേയ്ക്കു വച്ചേറ്റവും നികൃഷ്ട ജീവിയായി സാമൂഹ്യവല്‍ക്കരണ പ്രക്രിയയില്‍ നിന്നും വലിച്ചെറിയപ്പെട്ടു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കീഴാളന്റെ ഈ മതപരിവര്‍ത്തനം അന്നും ഇന്നും എന്നും.

മുപ്പത്തിമുക്കോടി ദേവര്‍കളേയും, അറുപത്താറായിരക്കോടി അസുരകളേയും സൃഷ്ടിച്ച് അവയുടെ മുമ്പില്‍ നെല്ലും ചക്രവും വച്ച് ജന്തുക്കുരുതിയും നടത്തി, ശംഖുകറക്കി പറയും തുടിയും കൊട്ടി, മണികിലുക്കി കഷ്ടതകളില്‍ നിന്നും, ദുരിതങ്ങളില്‍ നിന്നും രക്ഷയും മോചനവും പ്രതീക്ഷിച്ചു കഴിഞ്ഞവര്‍ പ്രകൃതി ശക്തികളിലും പിതൃസേവയിലും സാക്ഷാല്‍ക്കാരം കണ്ടു കഴിഞ്ഞ ഒരു ജനതയെ കീറിപ്പിളര്‍ന്ന് രണ്ടാക്കിയ ബ്രാഹ്മണനും മിഷനറിയും ചെകുത്താന്‍ പാരമ്പര്യ ജനുസുകളാണെന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്തതാണ് ഈ ജന സഞ്ചയത്തിന്റെ ഏറ്റവും വലിയ പരാജയകാരണം. അയ്യന്‍കാളിയെ പോലുള്ള ഒരു നേതാവ് അതിനെതിരായി പോരാടിയെങ്കിലും പിന്നീടു വന്ന തലമുറ ആ പോരാട്ടം ഏറ്റെടുക്കുന്നതിനു പകരം പരസ്പരം പാരവച്ച് നേട്ടങ്ങളെ കോട്ടങ്ങളാക്കി മാറ്റി മറിക്കാനാണ് ശ്രമിച്ചിരുന്നത്. ആ ദുരന്തം പേറുന്നത് ഈ തലമുറയാണ്. ഇനി നമുക്ക് പഴയ ചരിത്രത്തിലേയ്ക്കു മടങ്ങി പോകാം.

1836-ല്‍ തിരുവിതാംകൂറില്‍ നടന്ന എന്യുമറേഷനില്‍ അടിമജാതികളായി നാലുവിഭാഗക്കാരെയാണ് രേഖപ്പെടുത്തിയിരു ന്നത്. അതില്‍ പുലയര്‍, പറയര്‍, കുറവര്‍,പള്ളര്‍ എന്നീ ജാതിക്കാരാണ്. ഇവര്‍ അന്നത്തെ ജനസംഖ്യയില്‍ 15 ശതമാനത്തോളമുണ്ടായിരുന്നു: 1 ഈ സെന്‍സസ് റിപ്പോര്‍ട്ടില്‍ പില്‍ക്കാലത്ത് പുലയരോട് ഒട്ടി നില്ക്കുന്ന ചേരമര്‍ ജനതയെ കാണാനില്ല. ചേര രാജാക്കന്മാരുടെ വംശപരമ്പര ആയിരുന്നുവെങ്കില്‍ 1836 ലെ ഈ സെന്‍സസ് റിപ്പോര്‍ട്ടില്‍ തീര്‍ച്ചയായും ചേരമര്‍ കാണേണ്ടതു തന്നെയാണ്. പക്ഷെ 1921-ല്‍ പാമ്പാടി ജോണ്‍ജോസഫ് എന്ന ക്രൈസ്തവ മിഷനറി തിരുവല്ലയിലെ പൊടിപ്പാറയോഗത്തില്‍ വച്ച് പുലയ ക്രിസ്ത്യാനികളെ ചേര്‍ത്ത് ചേരമര്‍ സംഘം രൂപീകരിച്ചതിനു ശേഷമാണ് ചേരമര്‍ ജനത ചരിത്രത്തില്‍ എത്തിയത്. അതുവരേയ്ക്കും കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരുന്നത് ചേരരാജാക്കന്മാരായിരുന്നു. മറ്റൊന്ന് തിരുവിതാംകൂര്‍ രാജാക്കന്മാരെല്ലാം തന്നെ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ചേര വംശജരാണ്. വേലുത്തമ്പി ദളവയുടെ പൂര്‍വ്വികര്‍ ചേരവംശജരാണ്. അതുപോലെ ഈഴവരും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് ചേരവംശപാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ്. മലബാറിലെ അറയ്ക്കല്‍ ബീവിയില്‍ തുടങ്ങുന്ന മുസ്ലീങ്ങളും ചേരരാജാവിന്റെ വംശപാരമ്പര്യം അവകാശപ്പെടുന്നവരാണ്. കവടിയാര്‍ കുന്നുകൊട്ടാരത്തിലെ രഹസ്യ അറയിലിന്നും ചേരമാന്‍ പെരുമാളുടെ ചിത്രം വച്ച് പൂജിക്കുന്നവരാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. കൂടാതെ ചേരമാന്‍ പെരുമാളുടെ സ്വര്‍ണ്ണ മഞ്ചലും ഈ പൂജാമുറിയില്‍ സൂക്ഷിക്കുന്നുണ്ട്. ഈ രഹസ്യമുറിയിലെ ചേരമാന്‍ പെരുമാളുടെ ചിത്രം ഈ ഗ്രന്ഥകര്‍ത്താവിന്റെ പക്കലുണ്ട്. ഇത്രയേറെ ചേരവംശപാരമ്പര്യം മറ്റുള്ളവര്‍ അവകാശപ്പെടുമ്പോഴും ചേരവംശകാലത്തുതന്നെ പുലയരും പുലയരിലെ രാജാക്കന്മാരും നിലവിലുണ്ടായിരുന്ന തായി സംഘകാലകൃതികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പാമ്പാടിയുടെ പിന്‍ബലത്തോടെ കേരളത്തിലെ പുലയ ക്രിസ്ത്യാനികള്‍ ചേരവംശപാരമ്പര്യം അവകാശപ്പെടുന്നതാണ് മനസ്സിലാകാത്തത്. എല്ലാം സമ്മതിക്കാമെങ്കില്‍ പോലും തമിഴകത്തു നിന്നും മലയാള രാജ്യം ഭരിക്കാന്‍ കൂട്ടിക്കൊണ്ടു വന്നവരാണ് ചേരന്മാര്‍. പക്ഷെ രാജ്യം ഭരിച്ചുവെന്നു കരുതി ഇവിടത്തെ പുലയരായ പുലയരെല്ലാം ചേരമരാണെന്ന് വരുത്തിത്തീര്‍ക്കുന്ന കണ്‍കെട്ട് വിദ്യ പാമ്പാടിക്കു മാത്രമേ അറിയാവൂ. ഇങ്ങനെ പറയുന്നവര്‍ ചോളന്മാര്‍ ഭരണം നടത്തിയ രാജ്യത്തെ ചോളജനതയേയും, പാണ്ഡ്യന്മാര്‍ ഭരണം നടത്തിയ രാജ്യത്തെ പാണ്ഡ്യന്‍ ജനതയേയും കാട്ടിത്തരേണ്ടി വരും. ചേരമര്‍ പ്രേതബാധിതര്‍ അതിന് തയ്യാറാകുമോ?

മദ്ധ്യതിരുവിതാംകൂറിലെ വിശിഷ്യ തിരുവല്ല താലൂക്കിലെ പുലയരില്‍ കൈവിരലില്‍ എണ്ണാന്‍ മാത്രമുള്ള കേശവന്‍ ശാസ്ത്രികള്‍, പുല്ലാട്ട് പി.റ്റി.വേലായുധന്‍, പി.കെ.ചോതി എന്നിവര്‍ പാമ്പാടി ചേരമര്‍ സംഘമുണ്ടാക്കുന്ന കാലത്ത് വിദ്യാര്‍ത്ഥികളായിരുന്നു. അനുയായികളെ കൊച്ചിയിലും, മലബാറിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ജനതയല്ലെന്നും കര്‍ണ്ണാക സ്റ്റേറ്റിലെ ബല്ലാറി ഡിസ്ട്രിക്റ്റിലും, തമിഴ്‌നാട്ടിലും അവരുണ്ടെന്നും ധരിച്ചിരുന്ന പുലയര്‍ മഹാസഭ ആക്റ്റിംഗ് പ്രസിഡന്റ് ടി.ടി. കേശവന്‍ ശാസ്ത്രികളും, പി.കെ.ചോതി തുടങ്ങിയ അനുയായികളും ചേരമര്‍ വാദികളുടെ കള്ളക്കഥ പ്രചരണങ്ങളിലും കെട്ടുകഥകളിലും ലേശം പോലും ചെവികൊടുക്കാതെ മുന്നോട്ടുപോയി. ഒടുവില്‍ 1942 മെയില്‍ ശാസ്ത്രികളും ടി.വി.കേശവന്‍, മാവേലിക്കര കണ്ടന്‍കാളി, സി.കേശവന്‍ റൈട്ടര്‍, ആറന്മുള പി.കെ.ദാസ്, പി.കെ.ചോതി എന്നിവര്‍ കൂടി ആലോചിച്ച് കാലഘട്ടത്തിന് അനുയോഗ്യമായ വിധത്തില്‍ 'സമസ്ത തിരുവിതാംകൂര്‍ പുലയര്‍ മഹാസഭ' രജിസ്ട്രാര്‍ ചെയ്യാന്‍ തീരുമാനമെടുത്തു. ടി.ടി.കേശവന്‍ ശാസ്ത്രി തന്നെ സ്വന്തം കയ്യില്‍ നിന്നും ആവശ്യമായ പണം മുടക്കി കമ്പനി ആക്ട് അനുസരിച്ച് 'ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ' രജിസ്ട്രാര്‍ ചെയ്തു.'Regd. No. Coy. Act. 1x of 1114 Licence No. RD 1572 Jdt No.30' പ്രകാരമായിരുന്നു രജിസ്‌ട്രേഷന്‍ നടത്തിയത്. അന്ന് ലൈസന്‍സ് നല്‍കിയത് ചീഫ് സെക്രട്ടറി ജി.പരമേശ്വരന്‍പിള്ളയാണ് (This LICENCE Issued by Shri.G.Parameswaran Pillai, Chief Secretary to Govt: Day of May-1942) ദി ആള്‍ കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറിയായിരുന്ന ടി.എ.ഭാസ്‌കരന്‍ (ടി.ടി.കേശവന്‍ശാസ്ത്രി യുടെ ജേഷ്ഠപുത്രന്‍) രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും എടുത്ത ഈ രേഖയില്‍ സാധുജനപരിപാലന സംഘത്തേയും സ്ഥാവര ജംഗമ വസ്തുക്കളേയും ലയിപ്പിച്ചുകൊണ്ടാണ് ദി ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ നിയമാനുസൃതം രജിസ്ട്രര്‍ ചെയ്തത് എന്നു പറയുന്നു. അതില്‍ ഒന്നാം പേരുകാരനായി അയ്യന്‍കാളിയെ ചേര്‍ത്തിരിക്കുന്നു. അയ്യന്‍കാളി ഉള്‍പ്പെടെ 57 സ്ഥാപക നേതാക്കളുടെ പേരും അഡ്രസും ഒപ്പും ചേര്‍ത്തിട്ടുണ്ട്. മരണം വരെ പുലയര്‍ മഹാസഭയ്‌ക്കെതിരെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന അയ്യന്‍കാളിയുടെ പേര് എങ്ങനെ വന്നുവെന്ന കാര്യം അജ്ഞാതമാണ്. ഒരുപക്ഷെ കേശവന്‍ ശാസ്ത്രികള്‍ എഴുതി ചേര്‍ത്തതാകാം.

രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച പേരു വിവരം ഇങ്ങനെയാണ് '(1) അയ്യന്‍കാളി എക്‌സ് എസ്.എം.പി.എസ്. മെമ്പര്‍, വെങ്ങാനൂര്‍, നെയ്യാറ്റിന്‍കര (ഒപ്പ്), (2) പി.ഐ. വേലുക്കുട്ടി, പെരുങ്കാറ്റുവിള, വെങ്ങാനൂര്‍ (ഒപ്പ്), (3) പി.പി.കുഞ്ഞുകൃഷ്ണന്‍, പുതുവല്‍ പൊറുവിളാകത്തുവീട്, വെങ്ങാനൂര്‍ (ഒപ്പ്), (4) സി.കെ.ഗോപാലന്‍ ചാത്തന്‍, കേരിവീട്, ഇടയാറന്മുള (ഒപ്പ്), (5) ടി.കെ.കുട്ടി, ചേലമാലവീട്, മധുരവേലി, കടുത്തുരുത്തി (ഒപ്പ്), (6) ഡി.മാധവന്‍, പൊടിച്ചോട്ടകോണ ത്തുവീട്, വെങ്ങാനൂര്‍ (ഒപ്പ്), (7) സി.കേശവന്‍, വെങ്ങാനൂര്‍ (ഒപ്പ്), (8) ജി.എസ്.പാച്ചന്‍, വല്ലഭശേരി വീട്, പണിയാര്‍ (ഒപ്പ്), (9) കെ.രാമന്‍, കാട്ടുകുന്നത്ത് കാരേറ്റ് വീട്, പട്ടം, തിരുവനന്തപുരം (ഒപ്പ്), (10) എം.ബെന്നി, മൂലക്കണ്ണച്ചല്‍വീട്, വഞ്ചിയൂര്‍ (ഒപ്പ്), (11) പി.കെ.ദേവനാരായണന്‍, പൊട്ടുബലമൂക്കടിക്കല്‍ വീട്, കുറിച്ചിമുട്ടം, ഇടയാറന്മുള (ഒപ്പ്), (12) പി.കെ.അച്ചുതന്‍, പടിഞ്ഞാറ്റതില്‍ വീട് (ഒപ്പ്), (13) റ്റി.റ്റി.കേശവന്‍ ശാസ്ത്രി, ശ്രീമൂലം അസംബ്ലി മെമ്പര്‍, ക്യാമ്പ് കുറിച്ചി, ചങ്ങനാശ്ശേരി (ഒപ്പ്), (14) എന്‍.രാമചന്ദ്രന്‍, കഠിനംകുളം (ഒപ്പ്), (15) പി.കുഞ്ഞന്‍, പുരമിറ്റത്തുവീട്, വൈക്കം (ഒപ്പ്), (16) സി.ടി.കുട്ടന്‍, മൈലമൂടിക്കുവീട്, കവിയൂര്‍ (ഒപ്പ്), (17) ജെ.വിദ്യഭൂഷന്‍, പട്ടദേവിപൂതുണ്ടി, (ഒപ്പ്), (18) കെ.ഗോവിന്ദപ്രസാദ്, വെട്ടിപ്പുതുവീട്, തിരുവല്ല (ഒപ്പ്), (19) കെ.കുഞ്ഞന്‍കാളി, കുറ്റിയാല്‍ വീട്, മാവേലിക്കര (ഒപ്പ്), (20) ടി.ടി.ഷണ്‍മുഖം, മാട്ടുവിളവീട് കുന്നത്തൂര്‍ (ഒപ്പ്), (21) കെ.കുഞ്ഞോല്‍, മൂളക്കോട്, തെക്കേച്ചേരി, കൊല്ലം (ഒപ്പ്), (22) ടി.കെ.ദാസ് എക്‌സ് എസ്.പി.എസ്.എം, മാലമറ്റത്തുവൂട്, ഇടയാറന്മുള (ഒപ്പ്), (23) ടി.വി.തേവന്‍, കൊച്ചിക്കല്‍, മാവേലിക്കര (ഒപ്പ്), (24) കെ.ടി.കുട്ടപ്പന്‍, മൂഴിയില്‍വീട്, കുന്നുകുഴി, തിരുവനന്തപുരം (ഒപ്പ്), (25) ജി.കെ.ഗോപാലന്‍, മുല്ലശ്ശേരിവീട്, വഞ്ചിയൂര്‍, തിരുവനന്തപുരം (ഒപ്പ്), (26) എ.അപ്പാവ്, അറവൂപറമ്പില്‍വീട്, തിരുവനന്തപുരം (ഒപ്പ്) (27) അയ്യാതി പൊന്നു, പ്ലാവറത്തില്‍ വീട്, നെയ്യാറ്റിന്‍കര (ഒപ്പ്), (28) കാളിരാമന്‍, കൃഷ്ണവിലാസം, കഴക്കൂട്ടം (ഒപ്പ്), (29) സി.എ.ദാമോദരന്‍, ചരുവില്‍വീട്, വെള്ളിക്കര, കുമ്പനാട് (ഒപ്പ്), (30) രാഘവനാശാന്‍, പൊയ്യപ്പുഞ്ചവീട്, തിരുവല്ല (ഒപ്പ്), (31) പി.ടി.വേലായുധന്‍, പെയ്യക്കല്‍വീട്, പുല്ലാട്, തിരുവല്ല (ഒപ്പ്), (32) കുഞ്ഞുപിള്ള, കണ്ണന്‍ ചീക്കല്‍ പറവീട് (ഒപ്പ്), (33) പി.പാച്ചന്‍, ഒരു കമ്പിവീട്, ഐരാണിമുട്ടം, തിരുവനന്തപുരം (ഒപ്പ്) (34) പി.റ്റി.കുഞ്ഞോല്‍, പുലിയിരിക്കുംപറവീട്, കവിയൂര്‍ (ഒപ്പ്), (35) സി.ചിത്താസ്വാമി, തൈപ്ലാവുവിളവീട്, ബാലരാമപുരം (ഒപ്പ്), (36) ജി.പരമേശ്വരന്‍, മുല്ലം വേവുതാന്‍വീട്, തിരുവനന്തപുരം (ഒപ്പ്), (37) വി.കൃഷ്ണന്‍, കവിയറവിളാകത്തുവീട്, വെങ്ങാനൂര്‍ (ഒപ്പ്) (38) എല്‍.ടി.ഉലകന്‍, തെക്കേവിളവീട്, നേമം (ഒപ്പ്), (39) കണ്ണന്‍കുഞ്ചു, ഓട്ടുപുറവീട് കൊല്ലം (ഒപ്പ്), (40) കെ.സി.ശീതങ്കന്‍, പാറക ചിറവീട്, അമ്പലപ്പുഴ (ഒപ്പ്), കെ.സി.ശീതങ്കനാണ് കുട്ടനാട്ടില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചത്.- (41) പൂവന്‍മൈലന്‍, മൈലാടുംപാറവീട്, തിരുവല്ല (ഒപ്പ്), (42) കെ.എം.തിരുവന്‍, കാവുകുളം വീട്, പത്തനംതിട്ട (ഒപ്പ്), (43) സി.ബാലകൃഷ്ണന്‍, കൊച്ചുമുടുമ്പുവീട്, നിലമേല്‍ (ഒപ്പ്) (44) സി.അയ്യപ്പന്‍, ചാരുമൂട്ടുവിളീട്, തിരുവനന്തപുരം (ഒപ്പ്), (45) വി.കുഞ്ഞന്‍ അരവെയില്‍വീട്, മുട്ടത്തറ, തിരുവനന്തപുരം (ഒപ്പ്), (46) ടി.ടി.രാഘവന്‍ (ഒപ്പ്), (47) ടി.സി.കേശവന്‍, മോടിയില്‍, ചെങ്ങന്നൂര്‍ (ഒപ്പ്), (48) എം.ടി.തേവന്‍, നിലത്തും തറവീട്, ചെങ്ങന്നൂര്‍ (ഒപ്പ്) (49) കെ.ടി.കറുത്തകുഞ്ഞ്, കണ്ടത്തുംകുഴി, മുളക്കുഴ, ചെങ്ങന്നൂര്‍ (ഒപ്പ്), (50) വി.എ.ഗോവിന്ദന്‍, വലിയകുന്നത്തുവിളാകത്തുവീട്, മുല്ലപുഴശ്ശേരി (ഒപ്പ്), (51) കെ.ടി.തേവന്‍, കൊച്ചഴകത്തുവീട്, മല്ലപ്പുഴശ്ശേരി (ഒപ്പ്), (52) എ.ശിവദാസ്, പടിഞ്ഞാറ്റേതില്‍ വീട്, കോട്ടയം (ഒപ്പ്), (53) പി.തേവന്‍, കണ്ണങ്കരവിളവീട്, കൊട്ടാരക്കര (ഒപ്പ്), (54) എ.കെ.ഇട്ടി, ചെമ്പുതാവീട്, തിരുവല്ല (ഒപ്പ്), (55) കെ.കൊച്ചാമന്‍, കറുത്താവില്‍ പുത്തന്‍വീട് (ഒപ്പ്), (56) സി.രാമകൃഷ്ണന്‍, പനവിളപുത്തന്‍വീട്, നെയ്യാറ്റിന്‍കര (ഒപ്പ്), (57) കെ.കൊച്ചുചാരുവിളാകത്തുവീട്, നെയ്യാറ്റിന്‍കര (ഒപ്പ്). 2

ടി.ടി.കേശവന്‍ശാസ്ത്രി പ്രസിഡന്റും, പി.കെ.ദാസ് ജനറല്‍ സെക്രട്ടറിയുമായി ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ പ്രവര്‍ത്തനമാരംഭിച്ചു. റ്റി.വി.തേവന്‍, സി.േേകശവന്‍ റൈട്ടര്‍, പി.കെ.ചോതി, മാവേലിക്കര കണ്ടന്‍കാളി, വെങ്ങാനൂര്‍ കുഞ്ഞുകൃഷ്ണന്‍, പി.ഐ. വേലുക്കുട്ടി, ആറന്മുള കെ.റ്റി.തേവന്‍ എസ്‌ക്.എം.എല്‍.എ എന്നിവര്‍ കമ്മറ്റി മെമ്പര്‍മാരുമായിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ പല ശാഖകളും ഇതോടെ ആള്‍ട്രാവന്‍കൂര്‍ പുലയര്‍മഹാസഭ ശാഖകളായി രൂപാന്തരം പ്രാപിച്ചു. പുലയര്‍ മഹാസഭയുടെ രജിസ്‌ട്രേഷന്‍ വഴി സാധുജനപരിപാലന സംഘത്തേയും സ്ഥാവര ജംഗമ വസ്തുവകളേയും പുലയര്‍ മഹാസഭയില്‍ ലയിപ്പിച്ചു കൊണ്ടായിരുന്നു. അതിനാല്‍ എല്ലാ സാധുജനപരിപാലന സംഘം ശാഖകളും ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ശാഖകളായി പരിണമിച്ചു. ഇവയുടെ പ്രവര്‍ത്തനം തെക്കന്‍ കേരളത്തിലൊട്ടാ കെയായിരുന്നു. കൊച്ചി മേഖലയില്‍ സമസ്ത കൊച്ചിന്‍ പുലയര്‍ മഹാസഭയും, മലബാറില്‍ ഹരിജന്‍ സമാജവും അയിത്ത ജാതിക്കാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ചുപോന്നിരുന്നു ഈ കാലത്ത്.

'ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ പാമ്പാടി ജോണ്‍ജോസഫിന്റെ നുണ പ്രചാരണങ്ങളും, അറബിക്കഥകളും വിലപ്പോവുകയില്ലെന്ന് മനസ്സിലാക്കിയ ചേരമര്‍ വാദികള്‍ സ്ഥാപക നേതാവും ശ്രീമൂലം അസംബ്ലി മെമ്പറുമായിരുന്ന ശാസ്ത്രികളെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുവാന്‍ തുടങ്ങിയിരുന്നു. കേശവന്‍ ശാസ്ത്രികളുടെ നേതൃത്വത്തില്‍ പുരോഗതി നേടിക്കൊണ്ടിരുന്ന പുലയര്‍ മഹാസഭ പ്രവര്‍ത്തനത്തെ എതിര്‍ത്തു തകര്‍ക്കാന്‍ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെട്ട ചേരമര്‍ പ്രേത ബാധിതരായ ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത് പുലയര്‍ മഹാസഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. മഹാസഭയുടെ എക്‌സിക്യൂട്ടീവില്‍ അംഗത്വം നേടി പുലയര്‍ മഹാസഭയെ ചേരമര്‍ മഹാസഭയില്‍ ലയിപ്പിക്കുകയായിരുന്നു അവരുടെ ഗൂഢലക്ഷ്യം. ദീര്‍ഘകാലം ക്രൈസ്തവ മിഷനറി പ്രവര്‍ത്തക നായും, ചേരമര്‍ മഹാസഭ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന എ.റ്റി.ആശീര്‍വാദം ആശാന്‍, കോട്ടയം എ.ഐസക് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ആശീര്‍വാദം ആശാന്‍ എം.റ്റി.രാഘവനായും, ഐസക് എ.ശിവദാസനായും ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കടന്നുകൂടി പുലയര്‍ മഹാസഭയ്ക്ക് അകത്ത് ചേരമര്‍ ശബ്ദം ഉയര്‍ത്തി പുലയരെ പിടിച്ചെടുക്കുകയായിരുന്നു അവരുടെ തന്ത്രം. ഇരു സംഘടനകളും യോജിക്കണമെന്നും, അന്തസ്സും ആഭിജാത്യവും മെച്ചമുള്ള ചേരമര്‍ പദം സ്വീകരിക്കണമെന്നും ഉള്ള വാദമുഖത്തോടുകൂടിയാണ് ചേരമര്‍ മുന്നോട്ടു പോയത്.

തിരുവിതാംകൂറിലെ രാഷ്ട്രീയ സ്ഥിതിഗതികളും, സര്‍.സി.പി.രാമ സ്വാമി അയ്യര്‍ക്ക് എതിരായി നടന്ന പ്രക്ഷോഭണങ്ങളും കൊടുമ്പിരിക്കൊണ്ട ആ കാലത്ത് ഹരിജന്‍ സംഘടനകളെ സര്‍ സി.പി.യുടെ കീഴില്‍ അണിനിരത്താന്‍ ഭക്തിവിലാസത്ത് ദിവാന്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫ്രന്‍സില്‍ ഹരിജനങ്ങളുടെ ജാതിയ സംഘടനയിലെ വിഭാഗീയ സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തി ക്കേണ്ട ആവശ്യകത ദിവാന്‍ജി ഊന്നിപ്പറഞ്ഞു. അപ്പോള്‍ പുലയര്‍ മഹാസഭയും ചേരമര്‍ മഹാസഭയും ഒന്നിച്ചുപ്രവര്‍ത്തി ക്കുകയോ അല്ലെങ്കില്‍ പുലയര്‍ മഹാസഭ ചേരമര്‍ സംഘത്തില്‍ ലയിക്കുകയോ ചെയ്യാനുള്ള പ്രശ്‌നം ഉന്നയിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയ്ക്ക് അടുത്ത് കലവൂര്‍ ജ്ഞാനോദയം സ്‌കൂളില്‍ വച്ച് ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ പ്രസിഡന്റ് കേശവന്‍ ശാസ്ത്രികളുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം ചേരുവാന്‍ ചേരമര്‍ വാദികളായ കലവൂര്‍ കെ.പി. നാരായണന്‍ നോട്ടീസ് അയച്ചുവെങ്കിലും കേശവന്‍ ശാസ്ത്രികളുടെ അസാന്നിദ്ധ്യം കണക്കിലെടുത്ത് പി.കെ.ചോതി യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1955 ജനുവരിയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ പുലയരും അതോടൊപ്പം ചേരമരും സന്നിഹിതരായിരുന്നു. പുലയ-ചേരമ സംവാദം ഇരുകൂട്ടരും തങ്ങളുടെ പ്രസംഗങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. വിശദീകരണവും വിമര്‍ശനവുമായി യോഗം തുടര്‍ന്നു. പുലയസമുദായ നേതാക്കന്മാരായ ആലപ്പുഴ ടി.കെ.മാധവന്‍, അമ്പലപ്പുഴ വാസുദേവന്‍, കുട്ടനാട് കെ.സി.ശീതങ്കന്‍ എന്നിവര്‍ ഇരുവശത്തും, കലവൂര്‍ കെ.വി.നാരായണന്‍, ചേര്‍ത്തല എം.ഇ.മാധവന്‍, എം.എ.സോമ നാഥന്‍ എന്നിവര്‍ ചേരമര്‍ പക്ഷത്തും പ്രസംഗകരായിരുന്നു. ഒരേറ്റുമുട്ടലിനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായെങ്കിലും അതു സംഭവിച്ചില്ല. ചേരമര്‍ വാദത്തിന്റെ പൊള്ളത്തരം ശ്രുതിക്കും, യുക്തിക്കും, അനുഭവത്തിലും യോജിക്കാത്ത നിരര്‍ത്ഥക ചരിത്ര പശ്ചാത്തലമെല്ലാം സുദീര്‍ഘമായി പരാമര്‍ശിച്ചു കൊണ്ടുള്ള പി.കെ.ചോതിയുടെ പ്രസംഗം ചേരമര്‍ വാദികളെ പരാജയപ്പെടുത്തുവാന്‍ പര്യാപ്തമായി. പുലയര്‍ യാതൊരു കാരണവശാലും ചേരമര്‍ സംഘത്തില്‍ ലയിക്കുവാനോ ചേരമരുടെ വാദമുഖങ്ങളെ അംഗീകരിക്കുവാനോ സാദ്ധ്യമല്ലെ ന്നുള്ള ഉറച്ച തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതുകൊണ്ട് അനിഷ്ടസംഭവങ്ങള്‍ക്ക് ഇടയാക്കാതെ യോഗം പിരിഞ്ഞു.

തുടര്‍ന്ന് 1955 സെപ്തംബറില്‍ കൊല്ലം കിളിക്കൊല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ വച്ച് കേശവന്‍ ശാസ്ത്രികളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പുലയര്‍-ചേരമര്‍ സംയുക്ത യോഗത്തിലും അനുഭവം വ്യത്യസ്തമായിരുന്നില്ല. കൊല്ലത്തും, മാവേലിക്കരയിലും പരിസരത്തുമുള്ള നിരവധി പുലയര്‍ പങ്കെടുത്തിരുന്നുവെങ്കിലും പുലയരില്‍ അത്ഭുതപൂര്‍വ്വമായ ഒരുണര്‍വ്വുണ്ടായി കണ്ടിരുന്നില്ല. ആ സമ്മേളനത്തിലും പി.കെ.ചോതി തന്നെയായിരുന്നു മുഖ്യ പോരാളി, ആലപ്പുഴ കലവൂര്‍, കൊല്ലം കിളിക്കൊല്ലൂര്‍ യോഗങ്ങളിലും നിരാശരും, പരാജിതരുമായ ചേരമര്‍ വാദികള്‍ അവരുടെ സങ്കേതമായ കോട്ടയം ഗവണ്‍മന്റ് ട്രെയിനിംഗ് സ്‌കൂളില്‍ വച്ച് 1955 ഒക്‌ടോബറില്‍ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്ണന്‍ശാസ്ത്രി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മറ്റൊരു യോഗം ചേര്‍ന്നു. ഹൈന്ദവ-ക്രൈസ്തവ-ചേരമര്‍ വാദികള്‍ സമ്മേളിച്ച ഈ യോഗത്തില്‍ പുലയര്‍ ജനസംഖ്യയില്‍ ചേരമരോടൊപ്പം ഉണ്ടായിരുന്നില്ല. മുന്‍യോഗങ്ങളിലെപ്പോലെ അതിരൂക്ഷവും അസഹീനവുമായ പരാമര്‍ശങ്ങളും നിശിതവിമര്‍ശനങ്ങളും കൊണ്ട് ഈ യോഗത്തില്‍ അംഗങ്ങളുടെ വോട്ടെടുപ്പോടുകൂടി ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ചേരമര്‍ സംഘത്തില്‍ ലയിക്കാനുള്ള ഒരു പ്രമേയം കരിക്കണ്ണം പീറ്റര്‍ ലക്ഷ്മണന്‍ അവതരിപ്പിക്കുകയും എ.ശിവദാസന്‍ പിന്‍താങ്ങുകയും ചെയ്തു. പി.കെ.ചോതി പ്രമേയത്തെ എതിര്‍ത്ത് ദീര്‍ഘമായി പ്രസംഗിച്ചു.

തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലുമുള്ള പുലയരെ ഒന്നടങ്കം ബാധിക്കത്തക്കവിധമുള്ള ഈ പ്രമേയം ഇരു സംഘടനകളിലേയും ഏതാനും ആളുകള്‍ കൂടി പാസ്സാക്കുന്നത് ശരിയല്ലെന്നും അതിന് സാധൂകരണം ഇല്ലെന്നും അതിശക്തിയായി വാദിച്ചെങ്കിലും അദ്ധ്യക്ഷന്റെ നിലപാട് ചേരമര്‍ വാദികള്‍ക്ക് അനുകൂലമായതുകൊണ്ട് പ്രമേയം പിന്‍വലിക്കാന്‍ ആവശ്യ പ്പെട്ടിരു ന്നതെന്ന് മനസ്സിലാക്കി പി.കെ.ചോതി ശക്തിയായി പ്രതിഷേധിക്കുകയും അനുയായികളോടൊപ്പം ഇറങ്ങിപ്പോക്കു നടത്തുകയും ചെയ്തു. അതോടെ ആ സമ്മേളനവും തീരുമാനമൊന്നും കൈക്കൊള്ളാതെ അലസിപ്പിരിയുകയായിരുന്നു.

ചേരമര്‍ വാദികള്‍ ഊര്‍ജ്ജസ്ഥലതയോടുകൂടി വീണ്ടും പിന്നോക്ക സമുദായ സംരക്ഷകനായ സി.ഒ.ദാമോദരന്റെ ദയാദാക്ഷണ്യത്തിനു വേണ്ടി സമീപിച്ചു. ഇരുസംഘടനകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ സി.പി.രാമസ്വാമി അയ്യര്‍ നിര്‍ദ്ദേശിച്ച ആളായിരുന്നു ആ ഉദ്യോഗസ്ഥന്‍. (തിരുവിതാംകൂറിലെ പ്രസിദ്ധ ഭിഷഗ്വരനായിരുന്ന ഡോ.സി.ഒ.കരുണാകരന്റെ ജേഷ്ഠ സഹോദരനാണ് സി.ഒ.ദാമോദരന്‍) 1956 മാര്‍ച്ചില്‍ പുലയ-ചേരമ സംയുക്ത സംരക്ഷകന്‍ സി.ഒ.ദാമോദരനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. ദിവാന്‍ സി.പി.യുടെ നിര്‍ദ്ദേശപ്രകാരം വിളിച്ചുകൂട്ടിയ യോഗമായിരുന്നതിനാല്‍ കേശവന്‍ ശാസ്ത്രികള്‍ മൗനം അവലംബിച്ചിരുന്നു. മറ്റ് മൂന്ന് യോഗങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിന് നേതൃത്വം വഹിക്കുകയും വാദമുഖങ്ങള്‍ കൊണ്ട് ചേരമരെ പരാജയപ്പെടുത്തുകയും ചെയ്ത പി.കെ.ചോതിയെ സമ്മേളനത്തിന് ക്ഷണിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സമ്മേളനത്തില്‍ 'തിരുവിതാംകൂര്‍ പുലയര്‍ (ചേരമര്‍) മഹാസഭ' യെന്ന പേര് എല്ലാവരും അംഗീകരിക്കു കയും ടി.ടി.കേശവന്‍ ശാസ്ത്രികളെ പ്രസിഡന്റായും ചേരമര്‍ സംഘം നേതാവ് തിരുവാര്‍പ്പ് ടി.സി.കുട്ടന്‍ ജനറല്‍ സെക്രട്ടറിയായും, കിഴക്കന്‍ പുലയ മഹാസഭ പ്രസിഡന്റും സ്ഥാപകനേതാവുമായ എ.പി.അഴകനാശാന്‍ ഖജാന്‍ജിയായും 15 പേരുള്ള ഒരു കമ്മറ്റിയും രൂപീകരിച്ചു. ശാസ്ത്രികള്‍ താല്‍ക്കാലിക പ്രസിഡന്റാണെങ്കിലും കാലക്രമേണ പുലയര്‍ എന്നപദം എടുത്തുമാറ്റി ചേരമര്‍ സംഘം എന്നാക്കണമെന്നാ യിരുന്നു ചേരമര്‍ വാദികളുടെ മനസ്സിലിരുപ്പ്. എന്നാല്‍ ഈ തീരുമാനത്തെയും ശക്തിയായി എതിര്‍ക്കാന്‍ രംഗത്തിറങ്ങിയത് പി.കെ.ചോതിയാണ്. തിരുവനനന്തപുരം സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന തീവ്രപുലയവാദികളായ ടി.വി.തേവന്‍, ടി.കണ്ടന്‍കാളി ആലപ്പുഴ, കെ.കെ.മാധവന്‍ എക്‌സ് എം.പി, കെ.സി.ശീതങ്കന്‍ കുട്ടനാട് തുടങ്ങിയ ചിലരുടെ പേരുവച്ച് മറ്റൊരു സുദീര്‍ഘ പ്രസ്താവന ഇറക്കിയതോടു കൂടി പുലയര്‍ സംഘടിച്ച് തിരുവനന്തപുരം സമ്മേളന തീരുമാനത്തെ ശക്തമായി എതിര്‍ക്കുവാന്‍ രംഗത്തിറങ്ങി. 'പുലയര്‍ ചേരമരോ? സമുദായത്തിന്റെ ശ്രദ്ധയ്ക്ക്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രസ്താവന അതീവ ശ്രദ്ധേയമായി ഭവിച്ചു. പി.കെ.ചോതി സ്വന്തം പണം ചെലവാക്കി അതിലെ പേരുകാരുടെ സമ്മതം വാങ്ങാതെ പുറപ്പെടുവിച്ച ആ പ്രസ്താവനയുടെ പേരില്‍ പിന്നീട് കണ്ടന്‍കാളി, ടി.വി.തേവന്‍ എന്നീ നേതാക്കള്‍ മാവേലിക്കര ജോയി തിയേറ്ററില്‍ വിളിച്ചു കൂട്ടിയ വന്‍പിച്ച പ്രതിഷേധ യോഗത്തില്‍ എക്‌സ് എം.പി.കെ.കെ.മാധവന്‍ (കൊച്ചി) അദ്ധ്യക്ഷത വഹിക്കുകയും മാവേലിക്കര ആര്‍ട്ടിസ്റ്റ് തമ്പുരാന്‍ ഉദ്ഘാടനം നടത്തുകയും ചെയ്തു. അത്യാഹ്‌ളാദ പരമായ ഉണര്‍വ്വോടും, അതിലുപരി ശുഭപ്രതീക്ഷയോടും കൂടി സമ്മേളിച്ച് പുലയരെ അഭിസംബോധന ചെയ്തുകൊണ്ട് നേതാക്കന്മാരായ ടി.വി.തേവന്‍, ടി.കണ്ടന്‍കാളി, പി.കെ.ചോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചേര രാജവംശജനായി രണ്ടായിരം വര്‍ഷത്തെ പാരമ്പര്യ മഹിമയോടുകൂടി രാജ്യം ഭരിക്കുന്നുവെന്ന് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സ് കൊണ്ട് വിളംബരം ചെയ്യുമ്പോള്‍, ചേരമര്‍ വാദികളായ പുലയര്‍ തങ്ങള്‍ ചേര രാജാക്കന്മാരുടെ പിന്‍ഗാമികളാണെന്നും, രാജ്യം കൈവശപ്പെടുത്തി അടിമകളാക്കി പുലയരാക്കിയതാണെന്നുമുള്ള അവകാശവാദ കോലാഹാലം മുഴക്കുന്നത് എത്രമാത്രം ശരിയാണെന്ന് പരിശോധിച്ച് തീരുമാനിക്കാന്‍ പുലയര്‍ ബാദ്ധ്യസ്ഥരാണെന്നും ചേര രാജാക്കന്മാരുടെ കാലത്തുതന്നെ പുലയരും പുലയരാജാക്കന്മാരും ഉണ്ടായിരുന്നുവെന്ന് 'സ്റ്റേറ്റ് മാന്വല്‍' തുടങ്ങി ആധികാരിക ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ, ഈ കള്ള പ്രചരണങ്ങളും കഴമ്പില്ലാത്ത കെട്ടുകഥകളും സമുദായത്തെ ഛിന്നഭിന്നമാക്കാനേ ഉപകരിക്കുകയുള്ളുവെന്ന് പുലയര്‍ ധരിക്കണമെന്നും ആര്‍ട്ടിസ്റ്റ് തമ്പുരാന്‍ അടിസ്ഥാനമിടുമ്പോഴും രാജദ്രോഹപരമായ പ്രേരണങ്ങള്‍ക്കും, വാദ കോലാഹലങ്ങള്‍ക്കും എന്ത് ന്യായീകരണമുണ്ടെന്ന് കല്പിക്കണമെന്നും തുടങ്ങി പി.കെ.ചോതി ചെയ്ത സുദീര്‍ഘമായ പ്രസംഗം സദസില്‍ നീണ്ട നിശബ്ദതയ്ക്ക് കാരണമാക്കി.

എന്തും വരട്ടെന്നും, വരുന്നിടത്തുവച്ച് കാണാമെന്നുള്ള ഹുങ്കാരത്തോടുകൂടി നടത്തിയ പ്രസംഗത്തിന് തമ്പുരാന്‍ മറുപടി പറഞ്ഞത്അര്‍ത്ഥശൂന്യവും അടിസ്ഥാനരഹിതവുമായ പ്രസ്ഥാവനകളും അവകാശങ്ങളും അറിവില്ലാത്ത പുലയര്‍ പറയുമെങ്കില്‍ അതു ക്ഷന്തവ്യമാണെന്ന് മാത്രമായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചേരരാജാവിന്റെ തുടര്‍ച്ചക്കാരനായ ഐക്കരനാട് യജമാനന്‍ എന്ന സങ്കല്പ സൃഷ്ടിയുടെ പിതൃസഹോ ദരപുത്രനും, കേരളത്തിലെ തലയെടുപ്പുള്ള നേതാവുമായ ഒരു മാന്യന്‍ ചരിത്രവിരുദ്ധമായ ചേരമര്‍ വാദത്തെ പുച്ഛിച്ചും പുറം തള്ളുന്ന ആളാണ്. തിരുവനന്തപുരം സമ്മേളനത്തിലെ ഏക കണ്ഠമായ പുലയ (ചേരമര്‍) മഹാസഭ രൂപീകരണത്തെ എതിര്‍ത്തുകൊണ്ട് ഒരു പ്രമേയം ടി.വി.തേവന്‍ അവതരിപ്പിച്ചത് പി.കെ.ചോതി പിന്‍താങ്ങിയതോടുകൂടി അംഗീകരിക്കുകയും ടി.വി.തേവന്റെ നേതൃത്വത്തിലുള്ള ഒരു നിവേദക സംഘം ഗവണ്‍മെന്റിനെ സമീപിച്ച് പുലയ (ചേരമര്‍) മഹാസഭ രൂപീകരണത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്തു.' 3

ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ നേതാക്കള്‍ ഒരു പതിറ്റാണ്ടുകൊണ്ട് ചേരമര്‍ വാദത്തിനെതിരെ നടത്തിയ പോരാട്ടം പുലയ (ചേരമര്‍) മഹാസഭ രൂപീകരണത്തെ അസ്ഥിരപ്പെടുത്തി യതോടെ തീര്‍ന്നുവെങ്കിലും ചേരമര്‍ വാദികള്‍ ചേരമര്‍ സംഘവുമായി മുന്നോട്ടുപോവുകയും ഒളിഞ്ഞും തെളിഞ്ഞും പുലയരെ അധിക്ഷേപിക്കുകയും നേതാക്കന്മാര്‍ക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1940-ല്‍ അന്തരിച്ച പാമ്പാടി ജോണ്‍ ജോസഫ് തന്റെ മരണത്തിന് ആറുവര്‍ഷം മുന്‍പു തന്നെ ചേരമര്‍ സംഘം കോട്ടയത്തെ നല്ലയിടയനു പള്ളിയില്‍ വച്ച് പിരിച്ചു വിട്ടിരുന്നതാണ്. പക്ഷെ അതംഗീകരിക്കാന്‍ കൂട്ടാക്കാത്ത തന്‍കാര്യമോഹികളും സ്വാര്‍ത്ഥതാല്പര്യക്കാരുമായ ചില ലോക്കല്‍ നേതാക്കന്മാരാണ് പിന്നെയും ചേരമര്‍ സംഘവുമായി മുന്നോട്ടുപോയത്.

ഈ കാര്യങ്ങള്‍ പോലും വ്യക്തമായി മനസ്സിലാക്കത്തക്കവരാണ് ഇന്നത്തെ ചേരമര്‍ നേതാക്കളേറേയും. പാമ്പാടിയുടെ പിരിച്ചുവിടല്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കുറെ സ്വാര്‍ത്ഥ താല്പര്യക്കാരായ നേതാക്കന്മാരാണ് പില്‍ക്കാലത്ത് ചേരമര്‍ സംഘവും തൂക്കിപ്പിടിച്ച് ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയ്ക്കുള്ളില്‍ ഹൈന്ദവരെന്ന വ്യാജേന ഹിന്ദുപേര് സ്വീകരിച്ച് നുഴഞ്ഞു കയറി ചേരമര്‍ സംഘമാക്കാന്‍ ശ്രമിച്ചതെന്ന കാര്യം വായിച്ചിരിക്കുമല്ലോ.

ഇക്കാരണങ്ങളാല്‍ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തനം നേരായ വിധത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. 1953 വരെ ടി.ടി.കേശവന്‍ ശാസ്ത്രികള്‍ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ പ്രസിഡന്റായി തുടര്‍ന്നു. 1954-ല്‍ കേരള യൂണിവേഴ്‌സിറ്റി മാനിക്രിപ്റ്റ് ലൈബ്രറി ഉദ്യോഗസ്ഥനായ വെളിയം കേശവന്‍ പ്രസിഡന്റായി. ഇതോടെ മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചേറെ ഊര്‍ജ്ജം പകരാന്‍ സാധിച്ചു. ശാഖാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും അണികളില്‍ ആവേശം പരത്താനും കാരണമായതായി വെളിയം കേശവന്‍ പില്‍ക്കാലത്ത് പറഞ്ഞിരുന്നു. അപ്പോഴും മഹാസഭയിലെ ചില നേതാക്കള്‍ ചേരമര്‍ സംഘവുമായി സംവാദത്തിലും പോരിലും ഏര്‍പ്പെട്ടു പോന്നിരുന്നു. 1955-ല്‍ പി.കെ.കൃഷ്ണന്‍ ശാസ്ത്രി പ്രസിഡന്റും അയ്യന്‍കാളിയുടെ അനുജന്‍ പി.ഐ.വേലുക്കുട്ടി ജനറല്‍ സെക്രട്ടറിയും കേശവന്‍ റൈട്ടര്‍ ട്രഷററുമായി. കൂടാതെ സഭയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍മാരായി ടി.ടി.കേശവന്‍ ശാസ്ത്രി എം.എല്‍.എ, സി.സി.നാരായണന്‍ എം.എല്‍.എ, ജെ.ആര്‍.ദാസ് (വിളവംകോട്), കെ.കെ.കുഞ്ഞപ്പി (കോട്ടയം) എന്നിവരെയും ടി.വി.തേവന്‍ എം.എല്‍.എ (മാവേലിക്കര), ടി.വി.വാസുദേവന്‍ (അമ്പലപ്പുഴ), വി.ചെല്ലപ്പന്‍ (തിരുവനന്ത പുരം), എന്‍.എസ്.ഗേവിന്ദന്‍ (നെടുമങ്ങാട്), പി.കുഞ്ഞന്‍ (ചിറയിന്‍കീഴ്), സി.കറുത്തകുഞ്ഞ് (പെരിനാട്), കെ.കുമാരന്‍ (നോര്‍ത്ത് പരവൂര്‍), സി.രാമന്‍ (ചാത്തന്നൂര്‍), പി.ദേവന്‍ (വെളിയം), കല്ലുവിള ദേവന്‍ (കുന്നത്തൂര്‍), ഡി.ഗോപാലകൃ ഷ്ണന്‍ (കടമ്പനാട്), കെ.ടി.ദേവന്‍ (പത്തനംതിട്ട), പി.ടി.വേലാ യുധന്‍ (തിരുവല്ല), മേക്കാരന്‍ (കാര്‍ത്തികപ്പള്ളി), സി.വി.കുഞ്ഞു കൃഷ്ണന്‍ (വെങ്ങാനൂര്‍), ടി.ടി.കുഞ്ഞാതന്‍ (പത്തനാപുരം), കെ.പാച്ചി (ഏകവനിത) എന്നിവരെ കൗണ്‍സിലര്‍ മെമ്പര്‍മാരായും തെരഞ്ഞെടുത്തിരുന്നു.

ആള്‍ ട്രാവന്‍കൂര്‍ പുലയര്‍മഹാസഭയുടെ ഹെഡ് ആഫീസ് അന്ന് പ്രവര്‍ത്തിച്ചിരുന്നത് കുന്നുകുഴി തമ്പുരാന്‍മുക്കിനു സമീപം മുടുമ്പില്‍ വീട്ടിലായിരുന്നു. ഇവിടെ തന്നെയായിരുന്നു കുന്നുകുഴി 263-ാം നമ്പര്‍ ശാഖയും പ്രവര്‍ത്തിച്ചിരുന്നത്. എ.പരമു (മാനേജര്‍) പ്രസിഡന്റും, കാഥികന്‍ കുന്നുകുഴി അപ്പുക്കുട്ടന്‍ ശാഖാ സെക്രട്ടറിയുമായിരുന്നു. ആ ഓരോ ഞായറാഴ്ചയും സാധുജനപരിപാലന സംഘം ശാഖകള്‍ പോലെ തന്നെ പുലയര്‍ മഹാസഭ ശാഖയും പ്രവര്‍ത്തിച്ചിരുന്നത്. മുടുമ്പില്‍ വീട്ടിനു നടയില്‍ ഓരോ ഞായറാഴ്ചയും ശാഖായോഗങ്ങള്‍ നടന്നിരുന്നു. പ്രാര്‍ത്ഥന ഗാനത്തോടൊപ്പമാവും യോഗം തുടങ്ങുന്നത്. കുട്ടികളും യോഗത്തില്‍ അച്ഛനമ്മമാരോടൊപ്പം പങ്കെടുത്തിരുന്നു. യോഗാനന്തരം കുട്ടികള്‍ക്ക് ചെറുപ്പക്കാരനായ ബാര്‍ട്ടണ്‍ഹില്‍ അപ്പു എന്നൊരാള്‍ ട്യൂഷന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. ഇങ്ങനെ അയ്യന്‍കാളി വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിനും, സാംസ്‌കാരികമായ മുന്നേറ്റത്തിനും മുന്‍ഗണന നല്‍കിയിരുന്നു. ഇതിനിടെ തിരു-കൊച്ചി മന്ത്രി സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി കേശവന്‍ ശാസ്ത്രികളെ തെരഞ്ഞെടുത്തത് ആ കാലത്ത് പുലയര്‍ക്കിടയില്‍ വലിയൊരു സംഭവമായിരുന്നു. പിന്നീട് അദ്ദേഹം ആക്ടിംഗ് സ്പീക്കറുമായും പ്രവര്‍ത്തിച്ചു. ആ കാലത്താണ് അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ പത്‌നി മിസിസ്സ് റൂസ് വെല്‍ട്ട് തിരുവനന്തപുരം സന്ദര്‍ശിച്ചത്. വിമാനത്താവളത്തില്‍ ടി.ടി.കേശവന്‍ ശാസ്ത്രിയാണ് അവരെ സ്വീകരിച്ചത്.

1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നു. അതോടെ ബി.രാമകൃഷ്ണറാവു കേരള ഗവര്‍ണറായി നിയമിതനായി. കൂട്ടത്തില്‍ രണ്ട് അഡൈ്വസര്‍മാരും. തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്ത് ഭൂരിപക്ഷം നേടി. 1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. കൊച്ചിന്‍ പുലയര്‍ മഹാസഭയിലൂടെ വളര്‍ന്നെത്തിയ പി.കെ.ചാത്തന്‍മാസ്റ്റര്‍ ആദ്യത്തെ ഹരിജന ക്ഷേമമന്ത്രിയായി. ഈ കാലത്ത് കേശവന്‍ ശാസ്ത്രികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ സ്ഥാപിച്ചിട്ട് 15 വര്‍ഷമായിരുന്നു. മുടുമ്പില്‍ വീട്ടില്‍ ചേര്‍ന്ന മഹാസഭയുടെ പൊതുയോഗം വാര്‍ഷിക സമ്മേളനം നടത്താന്‍ ആദ്യമായി തീരുമാനമെടുത്തു. കുന്നുകുഴി മണി പിതാവ് ജി.ശങ്കു ആശാനായിരുന്നു കണ്‍വീനര്‍. കണ്‍വീനര്‍ ഉള്‍പ്പെടെ 101 പേരുള്ള ഒരു ആഘോഷകമ്മിറ്റിയും തെരഞ്ഞെടുത്തു പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ ഹരിജന ക്ഷേമമന്ത്രിയായ പി.കെ.ചാത്തന്‍മാസ്റ്റര്‍ക്ക് വാര്‍ഷിക സമ്മേളനത്തില്‍ ഒരു ഗംഭീര സ്വീകരണം നല്‍കാനും തീരുമാനിച്ചു. വാര്‍ഷിക സമ്മേളനം ഉദ്ഘാടകനും മന്ത്രി പി.കെ.ചാത്തന്‍മാസ്റ്റര്‍ തന്നെയെന്ന് ആഘോഷ കമ്മിറ്റി തീരുമാനിച്ചിരുന്നു.

സമ്മേളനത്തോടനുബന്ധിച്ച് മുടുമ്പില്‍ വീടിനു സമീപത്തെ പറമ്പില്‍ ഗംഭീരമായ ഒരു സ്റ്റേജ് കെട്ടി ഉയര്‍ത്തി കൊടിത്തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. സമ്മേളന ദിവസം വൈകുന്നേരം ആറരമണിയോടെ ഹരിജനക്ഷേമമന്ത്രി പി.കെ.ചാത്തന്‍ മാസ്റ്റര്‍ സ്റ്റേറ്റ് കാറില്‍ തമ്പുരാന്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ഭാരവാഹികള്‍ എല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ഹരിജനക്ഷേമമന്ത്രിയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഇതിനിടെ കരിമരുന്നു പ്രയോഗവും നടന്നു. വന്‍പിച്ച ജനാവലിയുടെ നേതൃത്വത്തില്‍ ഉദ്ഘാടകനെ സ്റ്റേജിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും സമുദായ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. അതെല്ലാം ഇന്നത്തെപ്പോലെ ഈ ഗ്രന്ഥകാരന്‍ ഓര്‍ക്കുകയാണ്. അന്നൊക്കെ പുലയരില്‍ ദര്‍ശ്യമായിരുന്ന സഹകരണ മനോഭാവമോ കൂട്ടായ്മയോ ഒന്നും ഇന്നത്തെ ഐ.ടി.യുഗപൊലിമയില്‍ കാണാനില്ല. വാര്‍ഷിക സമ്മേളന നടപടികള്‍ ആരംഭിച്ചു. മഹാസഭ പ്രസിഡന്റ് പി.കെ.കൃഷ്ണശാസ്ത്രികളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിജനക്ഷേമ മന്ത്രി പി.കെ.ചാത്തന്‍മാസ്റ്റര്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഗംഭീരമായ ഒരു പ്രസംഗം നടത്തി. തുടര്‍ന്ന് മഹാസഭയുടെ സ്ഥാപകനേ താവും ആദ്യപ്രസിഡന്റും തിരു-കൊച്ചി സ്പീക്കറുമായ ടി.ടി.കേശവന്‍ ശാസ്ത്രികള്‍, മുന്‍ പ്രസിഡന്റ് വെളിയം കേശവന്‍, ജെ.ആര്‍.ദാസ്, ടി.കൃഷ്ണന്‍ എക്‌സ്.എം.എല്‍.എ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി. മന്ത്രിയോട് കുന്നുകുഴി 263-ാം നമ്പര്‍ ശാഖാ സെക്രട്ടറി അപ്പുക്കുട്ടന്‍ നടത്തിയ നിവേദനത്തെത്തുടര്‍ന്ന് തമ്പുരാന്‍ മുക്കില്‍ ഒരു കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ അനുവദിച്ചിരുന്നു. പിന്നീട് ഈ സൊസൈറ്റി നഷ്ടം കാരണം അടച്ചുപൂട്ടേണ്ടി വന്നു.

ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ 1962 വരെ നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിച്ചുപോന്നിരുന്നു. 1962-ല്‍ ടി.ടി.കേശവന്‍ ശാസ്ത്രികളുടെ നിര്യാണത്തോടെ ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തനവും മന്ദീഭവിക്കാന്‍ ആരംഭിച്ചു. ഇതിനകം ടി.ടി.കേശവന്‍ ശാസ്ത്രി, വെളിയം കേശവന്‍, പി.കെ.കൃഷ്ണന്‍ ശാസ്ത്രി, ടി.ടി.കേശവന്‍ ശാസ്ത്രി, ടി.കൃഷ്ണന്‍ എക്‌സ്.എം.എല്‍.എ, ടി.കണ്ടന്‍കാളി, വി.കുഞ്ഞുകുഞ്ഞുമണ്ണില്‍, കൊച്ചപ്പന്‍ (കെ.പത്മശേഖര്‍), ടി.കൃഷ്ണന്‍ എക്‌സ്.എം.എല്‍.എ എന്നിവര്‍ പ്രസിഡന്റുമാരും, പി.കെ.ദാസ്,.പി.ഐ. വേലുക്കുട്ടി, ടി.കൃഷ്ണന്‍, എം.എന്‍.തിരുവന്‍, ടി.സി.ഗോപാലന്‍, ടി.കൃഷ്ണന്‍, കുന്നുകുഴി എസ്.മണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. ടി.കൃഷ്ണന്‍ എക്‌സ്.എം.എല്‍.എ ഏറ്റവും ഒടുവില്‍ പ്രസിഡന്റായിരുന്ന കാലത്താണ് ആള്‍ട്രാവന്‍കൂര്‍ പുലയര്‍മഹാ സഭയുടെ പ്രവര്‍ത്തനംപൂര്‍ണ്ണമായും തകര്‍ച്ചയിലെത്തിയത്. എന്നാല്‍ ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ 263-ാം നമ്പര്‍ കുന്നുകുഴി ശാഖ 1962 നു ശേഷവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1963-64 ഓടെ സെക്രട്ടറിയായിരുന്ന അപ്പുക്കുട്ടന്‍ ചെങ്ങന്നൂരിലേയ്ക്ക് താമസം മാറ്റിയതോടെ ജോയിന്റ് സെക്രട്ടറിയായി കുന്നുകുഴി മണി തെരഞ്ഞെടുക്കപ്പെട്ടു. കുന്നുകുഴി കെ.വാസുവായിരുന്നു പ്രസിഡന്റ്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം പാറ്റൂര്‍ കെ.ബാലകൃഷ്ണന്‍ പ്രസിഡന്റായും കുന്നുകുഴി മണി സെക്രട്ടറിയുമായി. ഇതിനകം കുന്നുകുഴി ശാഖയ്ക്ക് കെ.ഭാസ്‌കരന്‍ എന്ന മെമ്പര്‍ സൗജന്യമായി നല്‍കിയ ഒന്നരസെന്റ് സ്ഥലത്ത് ഒരു ഷെഡ് നിര്‍മ്മിച്ചു. അതോടെ മുടുമ്പില്‍ വീട്ടില്‍ നിന്നും കുന്നുകുഴി ശാഖ മൂലവിളാകത്തി നുസമീപം മാറ്റിയിരുന്നു. കുന്നകുഴി മണി ശാഖയുടെ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ടി.കൃഷ്ണന്‍ പ്രസിഡന്റാവുകയും എന്നെ ജനറല്‍ സെക്രട്ടറി യായി നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. കുന്നുകുഴി ശാഖയുടെ പ്രവര്‍ത്തനം ഏതാണ്ട് 1968 വരെ നീണ്ടുനിന്നു. ഒടുവില്‍ ചില അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് നിര്‍ജ്ജീവമായി. പക്ഷെ അപ്പോഴും മഹാസഭയുടെ പ്രവര്‍ത്തനം പാടെ നിലച്ചിരുന്നു. 

ഈ കാലത്തും ശക്തമായ ഒരു സംഘടനയുടെ പിന്‍ബലമില്ലാതെ പുലയ സമുദായം ഉഴറുകയായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയും അതിലെ ആയിരത്തോളം ശാഖകളും പ്രവര്‍ത്തനരഹിതമായി കഴിഞ്ഞിരുന്നു. പലരുടെയും മനസ്സില്‍ കേരളാടിസ്ഥാനത്തില്‍ സംഘടിതവും ശക്തവുമായ ഒരു സംഘടനയുടെ അനിവാര്യതയെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. സംഘടനയില്ലെങ്കില്‍ സമുദായത്തിന്റെ അവകാശ സംരക്ഷണവും നിലനില്പും അന്യം നില്‍ക്കുമെന്ന ആശങ്ക പരന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് മുന്‍മന്ത്രി ചാത്തന്‍മാസ്റ്റര്‍, ചന്ദ്രശേഖരശാസ്ത്രി, ജെ.ആര്‍.ദാസ് മുതല്‍ പേര്‍ ചേര്‍ന്ന് പുലയര്‍ക്ക് കേരളാടിസ്ഥാന ത്തില്‍ ഒരു സംഘടന ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ 1968 മാര്‍ച്ച് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് പാളയം ടാജ് ഹോട്ടലിന്റെ മുകളിലത്തെ ഹാളില്‍ ഒരു ആലോചനയോഗം ചേര്‍ന്നത്. സമുദായ സ്‌നേഹികളും അവരിലെ ബുദ്ധിജീവികളും യുവജനങ്ങളും യോഗത്തില്‍ പങ്കെടുത്തു. ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയെ പ്രതിനിധീകരിച്ച് ടി.കൃഷ്ണന്‍ എക്‌സ് എം. എല്‍.എ, വെളിയം കേശവന്‍, ചവറ മാധവന്‍, സി.അപ്പുക്കുട്ടന്‍, പി.നീലകണ്ഠന്‍ മാസ്റ്റര്‍, കുന്നുകുഴി മണി തുടങ്ങിയവര്‍ ഈ യോഗത്തില്‍ സര്‍വ്വാത്മന പങ്കെടുത്തു. ചാത്തന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ പുതിയൊരു സംഘടന രൂപീകരിക്കുന്ന തിലേയ്ക്കായി ഒരു ഏകോപന സമിതി ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ടി.കൃഷ്ണന്‍ എക്‌സ് എം.എല്‍.എ ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയില്‍ നിന്നുള്ളവര്‍ക്ക് മാന്യമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. ആ നിര്‍ദ്ദേശത്തെ ചാത്തന്‍മാസ്റ്ററും ചന്ദ്രശേഖരശാ സ്ത്രിയും എതിര്‍ത്തു. അതോടെ ശബ്ദായമാനമായ അന്തരീക്ഷം ഉടലെടുക്കുകയും ടി.കൃഷ്ണന്‍, വെളിയം കേശവന്‍, ചവറ മാധവന്‍, കുന്നുകുഴി മണി ഉള്‍പ്പെടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീട് ചാത്തന്‍മാസ്റ്ററും സംഘവും ഏകോപനസമിതിക്കു രൂപം നല്‍കി.

1968 ഏപ്രില്‍ 10ന് എറണാകുളത്തു നിന്നും പ്രസിദ്ധീകരിക്കുന്ന 'ഭൂഷണ്‍' എന്ന ദ്വൈവാരികയില്‍ മാലിപ്പുറം മാണിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു കണ്ടു. ആ ലേഖനത്തില്‍ ലേഖനകര്‍ത്താവ് പ്രധാനമായും പരാമര്‍ശിക്കുന്നത് കേരളത്തിലെ ഏകദേശം 15 ലക്ഷത്തോളം വരുന്ന പുലയരെ മുന്‍മന്ത്രി പി.കെ.ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അണിനിരത്തിക്കഴി ഞ്ഞിരിക്കുന്നു. മാത്രമല്ല ഒരിക്കല്‍ കൂടി പുലയരെ ഒന്നടങ്കം രാഷ്ട്രീയ പാര്‍ട്ടിക്ക് കുരുതികൊടുക്കാനുള്ള ശ്രമത്തില്‍ പുലയരെ മാത്രം സംഘടിപ്പിച്ചു. ഈ പ്രവര്‍ത്തി എന്തുദ്ദേശം വച്ചാണെന്നും മണിചോദിക്കുന്നു. ഇതിനുത്തരമായി 'പുലയരെ മാത്രം സംഘടിപ്പിച്ചു?' എന്നൊരു കത്ത് കുന്നുകുഴി മണി ഭൂഷന്‍ ദ്വൈവാരികയ്ക്കയച്ചു. അവരത് മെയ് 10 ന്റെ ലക്കത്തില്‍ വന്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. കത്തിങ്ങനെ: 'കഴിഞ്ഞ മാര്‍ച്ച് 17ന് തിരുവനന്തപുരത്തു വച്ച് ചാത്തന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കേരളത്തിലാകമാനമുള്ള പുലയരെ ഉദ്ദേശിച്ചു തന്നെയായിരുന്നു നടത്തപ്പെട്ടത്. അതിലാരും പരിഭവിച്ചിട്ട് കാര്യമില്ല. പക്ഷെ ഒരുകാര്യം ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു. ചാത്തന്‍മാസ്റ്ററെ ഈ കാര്യത്തില്‍ നിന്നും ഒഴിച്ചു നിറുത്തുക. അദ്ദേഹത്തെ ഞങ്ങള്‍ ക്ഷണിച്ചതുകൊ ണ്ടാണ് സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിക്കാനായി അങ്ങു ദൂരെ ചാലക്കുടിയില്‍ നിന്നും ഇവിടെയെത്തിയത്. അതിന്റെ പിന്നിലാവട്ടെ യാതൊരു വിധ രാഷ്ട്രീയ ഗൂഢ ഉദ്ദേശങ്ങളുമില്ലാ യിരുന്നു. ചാലക്കുടിയില്‍ നിന്നും പ്രത്യയശാസ്ത്രപരമായ കമ്മ്യൂണിസമൊന്നും അദ്ദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നിട്ടില്ല. അങ്ങിനെ മണി വിചാരിക്കുന്ന അര്‍ത്ഥത്തില്‍ അതൊട്ടുപുലയരുടെ മേല്‍ പ്രയോഗിച്ചുമില്ല. അതിലുപരി ഹരിജനങ്ങളുടെ ഉന്നമന ലക്ഷ്യം മാത്രമായിരുന്നു.

കേരളത്തിലെ ഹരിജനങ്ങളില്‍ നല്ലൊരുഭാഗം പുലയരാണെന്ന സത്യം മണിയനും അറിയാവുന്നതല്ലേ. അവരുടെ പുരോഗതിയില്‍ മാത്രമേ മറ്റ് അമാന്തര ജാതികള്‍ക്കും ഈ രാജ്യത്ത് രക്ഷയുള്ളൂ. അതിന് ഇനിയും സംശയം വേണ്ട. ഈ രാജ്യത്ത് ഹരിജനങ്ങ ളെന്ന് പറയപ്പെടുന്ന ഒട്ടനവധി ജാതിക്കാരും, അവരുടെ വ്യത്യസ്ഥങ്ങളായ സമുദായ സംഘടനകളും നിലവിലുണ്ട്. എന്ത് അവര്‍ക്കൊക്കെ ഒരുമിച്ചുകൂടെ. ഒരേ സംഘടനയ്ക്കു കീഴില്‍. ഇവര്‍ ഒരുമിക്കുന്നുവെങ്കില്‍ ഈ രാജ്യത്തെ ഏതൊരു ശക്തിക്കും ഇവരുടെ പുരോഗതിയെ തടയാനാവില്ല. അതൊരു ലക്ഷ്യമായിരിക്കെ ഇന്ന് എന്താണ് നടക്കുന്നത്. സ്വയം പുലഭ്യം പറയുകയും, ആ സഹോദര സംഘടനകള്‍ക്കെതിരെ കുതികാല്‍വെട്ടു നടത്തുകയുമല്ലെ ചെയ്യുന്നത്. ഈ പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും 1970 ജനുവരി 26ന് നമ്മുടെ ഭരണഘടന വഴിക്കുള്ള സംവരണങ്ങളും, അവകാശങ്ങളും പിന്‍വലിക്കപ്പെടുന്നു. ഈ സ്ഥിതിയില്‍ ഞങ്ങള്‍ കേരളത്തിലെ പുലയരെ മുഴുവന്‍ ഒരു ഏകീകൃത സംഘടനയുടെ കീഴില്‍ അണിനിരത്താന്‍ ശ്രമങ്ങളാരംഭിച്ചു. അതില്‍ ആര്‍ക്കെങ്കിലും വൈരാഗ്യബുദ്ധിതോന്നേണ്ട കാര്യമില്ല.' 4 തുടര്‍ന്നും ടാജ് ഹോട്ടല്‍ യോഗത്തെക്കുറിച്ചും ചാത്തന്‍മാസ്റ്ററെക്കുറിച്ചും എതിര്‍ത്തും അനുകൂലിച്ചും പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയുണ്ടായി. പക്ഷെ പുലയരുടെ സംഘ ശക്തിക്കു മുന്‍പില്‍ അന്നതൊന്നും വിലപോയില്ല.

തുടര്‍ന്ന് 1969 ഡിസംബര്‍ 28ന് കൊല്ലത്തു വച്ചു ചേര്‍ന്ന യോഗത്തില്‍ 'കേരള പുലയര്‍മഹാസഭ' (കെ.പി.എം.എസ്)യ്ക്ക് രൂപം കൊടുത്തു. പിന്നീട് 1970-ല്‍ തിരുവനന്തപുരത്ത് നന്താവനം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ കേരള പുലയര്‍ മഹാസഭ നിലവില്‍ വന്നു. ചാത്തന്‍മാസ്റ്റര്‍ പ്രസിഡന്റും, ചന്ദ്രശേഖര ശാസ്ത്രി ജനറല്‍ സെക്രട്ടറിയും ജെ.ആര്‍.ദാസ് ട്രഷററുമായി. തുടര്‍ന്ന് പി.കെ.രാഘവന്‍ പ്രസിഡന്റും, ചാത്തന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായി. കെ.പി.എം.എസിനോട് ചേരാതെ നിന്ന ടി.കൃഷ്ണന്‍ എക്‌സ് എം.എല്‍.എ.യോടൊപ്പം നിന്ന ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ആള്‍കേരള പുലയര്‍ മഹാസഭയായി പ്രവര്‍ത്തനം തുടര്‍ന്നു. പ്രസിഡന്റ് എന്‍.പി.കുട്ടിയും, ജനറല്‍ സെക്രട്ടറി ടി.എ.ഭാസ്‌ക്കരനുമായിരുന്നു. അധികകാലം ഈ സംഘടനയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. കെ.പി.എം.എസ്.പുലയരുടെ ഏറ്റവും വലിയ സംഘടനയായി നിലകൊള്ളുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

സഹായഗ്രന്ഥങ്ങള്‍/റിപ്പോര്‍ട്ടുകള്‍/സൂചനകള്‍

1. 1836-ലെ തിരുവിതാംകൂറിലെ എന്യൂമറേഷന്‍ രേഖ
2. 1942 മെയില്‍ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്ട്രാര്‍ ചെയ്ത ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയെ സംബന്ധിച്ച് രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച രേഖയിലുള്ള പേരു വിവരങ്ങള്‍
3. പുലയര്‍-ചേരമര്‍ വിവാദത്തില്‍ ഏര്‍പ്പെടുകയും ശക്തമായി പുലയര്‍ക്കുവേണ്ടി വാദിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന തിരുവല്ല പി.കെ.ചോതി (റിട്ട.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍) തന്റെ മരണശേഷം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്ന ഡയറിക്കുറിപ്പുകളില്‍ നിന്നുള്ള സുപ്രധാന വിവരങ്ങള്‍. ഈ ചരിത്ര സത്യം ഇന്നോളം അജ്ഞാതവും ഇന്നത്തെ തലമുറയ്ക്ക് അറിഞ്ഞുകൂടാത്തതുമാണ്. കെ.പി.എം.എസ് പ്രസിദ്ധീകണമായ 'നയലപ' ത്തില്‍ 2005 ജൂണ്‍ 14, 15 ലക്കത്തില്‍ 'കേരളത്തിലെ പുലയര്‍ എങ്ങിനെ ചേരമരായി' എന്ന പേരില്‍ ഈ ഡയറിക്കുറിപ്പുകള്‍ ലേഖനങ്ങളായി കുന്നുകുഴി മണി പ്രസിദ്ധീകരിച്ചിരുന്നു.
4. 'പുലയരെ മാത്രം സംഘടിപ്പിച്ചു' എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ഭൂഷണ്‍' ദ്വൈവാരികയില്‍ 1968 മെയ് 10ന് വന്ന കുന്നുകുഴി എസ്.മണിയുടെ കത്ത്.