"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

കാര്‍ത്തികേയന്‍ പടിയത്ത്: വിസ്മൃതിയില്‍ ഒരു വിമോചക നാടകപ്രവര്‍ത്തകന്‍ഒരര്‍ത്ഥത്തില്‍ കാര്‍ത്തികേയന്‍ പടിയത്ത് ദലിത് വിമോചക പ്രവര്‍ത്തകനാണെന്ന് പറയാനാവില്ല. ദലിതര്‍ കഴിവുകളില്ലാ ത്തവരാണ്, അവരോടുള്ള സഹതാപം കൊണ്ട് നല്‍കപ്പെടുന്ന ഔദാര്യമാണ് 'സംവരണം' എന്ന് അതിനെ അവമതിക്കപ്പെടു ന്നകാലത്ത് 'കഴിവ്'കൊണ്ട് ഉത്തുംഗശൃഗത്തിലെത്തിയ ഈ ദലിതന്‍ 'എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ്' എന്ന അംബേഡ്കര്‍ നിരീക്ഷണത്തിന് അടിവരയിടുകയാണ് തന്റെ കലാ - സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതകാലമത്രയും ചെയ്തത്. നാടക രചനയും രംഗാവതരണവുമാണ് കാര്‍ത്തികേ യന്‍ പടിയത്ത് 'കഴിവ്' തെളിയിക്കാന്‍ തെരഞ്ഞെടുത്ത മേഖല. എഴുപതുകളിലേയും എണ്‍പതുകളിലേയും അമേച്വര്‍ നാടകസമിതിക്കാര്‍ സല്‌പ്പേരെടുത്തതിനും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിനതും കാര്‍ത്തികേയന്‍ പടിയത്തിന്റെ നാടകങ്ങള്‍ക്കുള്ള സ്ഥാനം വിപുലമാണ്. സാഹിത്യശാഖയില്‍ നാടകരചനയില്‍ മികവു പുലര്‍ത്തിയ കാര്‍ത്തികേയന്‍ പടിയത്ത് ആ രംഗത്തെ ലെജണ്ടായും വിശേഷിപ്പിക്കപ്പെട്ടു.

പ്രാദേശിക സമിതികളെ ഉന്നം വെച്ച് കാര്‍ത്തികേയന്‍ എഴുതിയ നാടകങ്ങളില്‍ ഏറെയും ഏകാങ്കങ്ങളായിരുന്നു. സമുച്ചയം (1980 വിതരണം; നാഷനല്‍ ബുക്സ്റ്റാള്‍), ആറ് ഏകാംഗങ്ങള്‍, തരംഗം (1990 - ജനതാ ബുക്‌സറ്റാള്‍), തുയിലുണര്‍ത്തിന്റെ ശ്രുതികള്‍ (1986 - പ്രഭാത് ബുക്ഹൗസ്), വിഷാദയോഗം (1985 - വിതരണം; നാഷനല്‍ ബുക്‌സറ്റാള്‍) എന്നിവ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ഇതില്‍ വിഷാദയോഗവും തുയുലുണര്‍ത്തിയ ശ്രുതികളും ബഹുരങ്ക നാടകങ്ങളാണ്. പരിണാമം എന്നൊരു ഏകാങ്കനാടക സമാഹാരം ലഭ്യമായെങ്കിലും അതിന്റെ പിന്‍ പേജുകള്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുച്ചയം എന്ന ആദ്യകൃതിയിലെ ആദ്യ നാടകമാണ് 'ശവംതീനികള്‍'. 1974 ലാണ് കാര്‍ത്തികേയന്‍ പടിയത്ത് ഈ നാടകമെഴുതുന്നത്. 2000 ല്‍ പ്രഭാത് ബുക്ഹൗസ് സമുച്ചയം എന്ന നാടകസമാഹാരം 'ശവംതീനികള്‍' എന്ന പേരില്‍ പുനഃപ്രസിദ്ധീകരിച്ചു.

ശവംതീനികള്‍ എന്ന നാടകമാണ് കാര്‍ത്തികേയന്‍ പടിയത്തിന് പെരുമ നേടിക്കൊടുത്തത്. അതോടൊപ്പം വിവാദവും. ഈ നാടകം 1992 ല്‍ ഷാര്‍ജയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് അവിടത്തെ ഗവണ്മെന്റ് 10 കലാകാരന്മാരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ശിക്ഷ പിന്നീട് 6 വര്‍ഷം കഠിനതടവും 500 ദിര്‍ഹം പിഴയും നാടുകടത്തലുമാക്കി. ഈ വിധി നാടകകൃത്തിനും ബാധകമാക്കിയിരുന്നു. 1974 ല്‍ എഴുതിയ നാടകത്തിന്റെ രംഗാവതരണം 18 വര്‍ഷത്തിന് ശേഷം വിവാദമായി! എഴുതിയ ആദ്യനാടകം വര്‍ഷങ്ങള്‍ക്കു ശേഷം വിവാദമാകുന്ന ആദ്യത്തെ എഴുത്തുകാരനായിരിക്കാം കാര്‍ത്തികേയന്‍ എന്നത് അവിടെ നില്കട്ടെ.

'ശവംതീനികള്‍' 1975 ലെ കോഴിക്കോട് സര്‍വകലാശാലയുടെ നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. അതേവര്‍ഷം തന്നെ ആര്‍ട്ട്‌സ് കേരള നടത്തിയ മത്സരത്തിലും എറണാകുളത്തെ കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി നടത്തിയ മത്സരത്തിലും നാടകം ഒന്നാം സമ്മാനം നേടുകയുണ്ടായി. 1979 ല്‍ എസ്എന്‍ ഡിപി യോഗം വജ്‌റജൂബിലിയോടനുബന്ധിച്ച് നടത്തിയ മത്സരത്തിലും ശവംതീനികള്‍ ട്രോഫി നേടുകയുണ്ടായി. സമുച്ചയം ശാന്തിപര്‍വം എന്നീ നാടകങ്ങളും ഇതേരീതിയില്‍ വിജയമാഘോ ഷിച്ചവയാണ്. കോഴിക്കോട് റീജിയനല്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കൊലചെയ്യപ്പെട്ട പി രാജന്‍ പൊലീസിന്റെ പിടിയിലാകുന്നത് ശംവംതീനികള്‍ അവതരിപ്പിച്ച് മടങ്ങിവരവേയാണ്. 

അടിയന്ത്രാവസ്ഥയെ പ്രതിരോധിക്കാന്‍ ധിഷണാശാലിയായ ഒരു നാടകകൃത്ത് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്ളടങ്ങുന്നതാ യിരുന്നില്ല ശംവംതീനികള്‍. സംഘടിത മതങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളിലും വന്നുഭിവിച്ചിട്ടുള്ള ധാര്‍മികച്യുതിയെ വിശകലനവിധേയമാക്കുക എന്ന ചുമതല മാത്രമേ ശംവംതീനികള്‍ നിര്‍വഹിക്കുന്നുള്ളൂ. രംഗമധ്യത്തില്‍ ശവപ്പെട്ടിയുമായിരിക്കുന്ന വൃദ്ധന്‍. ക്രിസ്ത്യാനി കടന്നു വരുമ്പോള്‍ ക്രിസ്തുവിനെ ശവപ്പെട്ടിയില്‍ കാണുന്നു. മുസ്ലീം കടന്നുവരുമ്പോള്‍ നബിയെ ശവപ്പെട്ടിയില്‍ കാണുന്നു. മാര്‍ക്‌സിസ്റ്റുകാരന്‍ കടന്നുവരുമ്പോള്‍ ശവപ്പെട്ടിയില്‍ കാറല്‍ മാര്‍ക്‌സിനെ കാണുന്നു. മൂവരും താന്താങ്ങളുടെ ഈശ്വരനെ / നേതൃത്വത്തെ ഭക്ഷിച്ചു തീര്‍ക്കുന്നു. നന്മകള്‍ വിതക്കേണ്ട മത / പ്രസ്ഥാനങ്ങളെ അതുകൊണ്ടുനടത്തുന്നവര്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു! ഈ ധാര്‍മിക അധപതനത്തില്‍ തനിക്കുള്ള രോഷം നാടകകൃത്ത് പങ്കുവെക്കുന്നുണ്ട്. 

ഷാര്‍ജയില്‍ നാടകം വിവാദമായതിന് പിന്നിലെ ദുരന്തം ആശയവിനിമയത്തില്‍ വന്ന തകരാറാണ്. മലയാളി സമൂഹ ത്തിന്റെ ക്ഷണപ്രകാരമാണല്ലോ നാടകസംഘം ഷാര്‍ജയില്‍ എത്തുന്നത്. കാണികളുടെ കൂട്ടത്തില്‍ യുഎഇ കാരായ മുസ്ലീങ്ങളുമുണ്ടായിരുന്നു. ഭാഷയറിയാതെ നാടകം കണ്ടുകൊ ണ്ടിരുന്ന അവര്‍ക്ക് മലയാളികള്‍, മുസ്ലീം കടന്നുവന്ന രംഗം വിശദീകരിച്ചു കൊടുത്തത്,' നബിയെ പഹയന്‍ എന്നു വിളിക്കുന്നു, നബിയെ ഭക്ഷിക്കുന്നു' എന്നൊക്കെയായിരുന്നു. ഇങ്ങനെ വിശദീകരണം കൊടുത്തവര്‍ അതിലെ അപകടം മനസിലാക്കിയിരുന്നില്ല. എന്നാല്‍ ഷാര്‍ജ അധികാരികള്‍ അതിനെ പോസിറ്റീവായല്ല സ്വീകരിച്ചത്. മുസ്ലീം മതനിയമങ്ങളുള്ള ഒരു രാജ്യത്ത് സംഭവിക്കാറുള്ളതെന്തോ അതു മാത്രമേ ഇക്കാര്യത്തില്‍ അവിടെയും തുടര്‍ന്നു നടന്നുള്ളൂ. നാടകകൃത്തായ കാര്‍ത്തികേയന്‍ പടിയത്ത് നാടകസംഘത്തോടൊപ്പം ഷാര്‍ജയില്‍ ഉണ്ടായിരുന്നില്ല. താന്‍ ചോദിച്ചറിഞ്ഞ വിവരങ്ങളത്രയും, യുക്തിവാദിയായ ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'തേരാളി' മാസികയില്‍ ഇത് സംബന്ധിച്ച് ഒരു ലേഖകന് കൊടുത്ത അഭിമുഖത്തില്‍ കാര്‍ത്തികേയന്‍ പടിയത്ത് തുറന്നു പറഞ്ഞിരുന്നു. 

അങ്ങനെ ഇന്ത്യയുടെ രാഷ്ട്രീയ കാലവസ്ഥകളേയോ സംഘടിത മതങ്ങളേയോ വിമര്‍ശനവിധേയമാക്കാത്ത ഒരു നാടകം അതേ കാരണങ്ങള്‍ ആരോപിച്ചു തന്നെ വിവാദമാക്കിത്തീര്‍ത്തു. ഷാര്‍ജയിലെ അവതരണം വിവാദമായപ്പോള്‍ അത് സംബന്ധിച്ച് കേരളത്തിലെ അച്ചടിമാധ്യമങ്ങളിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. മലയാളം ഇന്ത്യാ ടുഡേയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട എം ടി വാസുദേവന്‍ നായര്‍ 'കര്‍ശന മതനിയന്ത്രണങ്ങള്‍ ഉള്ള ഇത്തരം നാടുകളില്‍ മുമ്പും ഇതുപോലെ കലാരൂപങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ആ വിലക്കുകളെ വകവെക്കാതെ നാടകമവതരിപ്പിക്കാന്‍ പോയവരോട് എനിക്ക് യാതൊരു സഹതാപവുമില്ല' എന്ന് അഭിപ്രായപ്പെട്ടു. 'ആവിഷ്‌കാര സ്വാതന്ത്ര്യമൊക്കെ അവിടെ കിടക്കട്ടെ, തത്കാലം നമുക്കവരെ രക്ഷിക്കാന്‍ നോക്കാം' എന്നുപറഞ്ഞാണ് ഒഎന്‍വി കുറുപ്പ് ചര്‍ച്ചയില്‍ ഇടപെട്ടത്.

സിപിഐയുടെ പോഷകസംഘടനയായ യുവകലാസാഹിതിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പത്തുവര്‍ഷക്കാലത്തോളം കാര്‍ത്തികേയന്‍ പടിയത്ത് പ്രവര്‍ത്തിച്ചു. പ്രഭാത് ബുക്ക് ഹൗസ് എന്ന സന്തം പ്രസിദ്ധീകരണ സ്ഥാപനമുള്ള സിപിഐ ആകട്ടെ, എഴുതിയ കാലത്തുതന്നെ ലെജണ്ടായി മാറിയ 'ശവംതീനികള്‍' പ്രസിദ്ധീകരിക്കാന്‍ തയാറായില്ല! പട്ടികജാതി - വര്‍ഗ സാഹിത്യകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം വാങ്ങി കാര്‍ത്തികേയന്‍ സ്വന്തം നിലക്കാണ് ശവംതീനികള്‍ (1980 ല്‍ 'സമുച്ചയം' ) പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ 1986 ല്‍ 'തുയുലുണര്‍ത്തിന്റെ ശ്രുതികള്‍' പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിക്കാന്‍ തയാറായി! മാര്‍ക്‌സിസ്റ്റുകളെ വിമര്‍ശിച്ചതു കൊണ്ടാകാം ഒരുപക്ഷെ, സമുച്ചയം (ശവംതീനികള്‍) അവര്‍ പ്രസിദ്ധീകരിക്കാതിരുന്നത്. എന്നാല്‍ 2000 ല്‍ ശംവംതീനികള്‍ എന്ന പേരില്‍ പ്രഭാത് ബുക്ക് ഹൗസില്‍ നിന്നുതന്നെ സമുച്ചയം പുനഃപ്രസിദ്ധീകരിച്ചു! ശവംതീനികള്‍ക്കു വന്ന പ്രസിദ്ധിമൂല മുണ്ടായ കച്ചവടസാധ്യത ഈയവസരത്തില്‍ അവര്‍ മുതലാക്കി. 'ശവംതീനികള്‍' ഉള്‍പ്പെട്ട ആദ്യ കതിക്ക് 'സമുച്ചയം' എന്നാണല്ലോ പേര്!

ശവംതീനികള്‍ക്ക് അവതാരിക എഴുതിയത് പ്രൊഫ. എം കെ സാനുവാണ്. അവതാരികയുടെ അവസാനം ഇങ്ങനെ കുറിച്ചുകാണുന്നു 'ശ്രീ കാര്‍ത്തികേയന്‍ പടിയത്ത് നവാഗതനാ ണെന്ന കാര്യം ഓര്‍ക്കാതെയല്ല ഇത്രയും ഞാന്‍ എഴുതിയത്. നവാഗതനെന്ന നിലക്ക് അദ്ദേഹത്തിന്റെ രചനകളില്‍ അപാകതയുടെ നിഴലുകള്‍ അവിടവിടെയായി പതിഞ്ഞിട്ടുണ്ട്. അത് സ്വാഭാവികവുമാണ്.' അവതാരികയുടെ താഴെ തിയതി 6.6.1976 എന്ന് കുറിച്ചിട്ടുണ്ട്. അവതാരികയുടെ ആദ്യ ഖണ്ടികയുമായി അതിന്റെ കാലഗണനക്ക് പൊരുത്തക്കേടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതാകട്ടെ 2000 ലും! 1980 ല്‍ ഇറങ്ങിയ 'സമുച്ചയ'ത്തില്‍ ഇങ്ങനെ ഒരു അവതാരികയില്ല. 1.12.1979 എന്ന തിയതിവെച്ച് കാര്‍ത്തികേയന്‍ പടിയത്ത് നല്കുന്ന ഒരു ആമുഖക്കുറിപ്പു മാത്രമേ അതിലുള്ളൂ. 2000 ല്‍ ആദ്യമിറങ്ങുന്ന ശവംതീനികള്‍ക്ക് 1976 എന്ന തിയതിവെച്ചുള്ള അവതാരിക ഒരു പിശകുപറ്റിയതാകാം. സമുച്ചയം എന്ന പേരില്‍ പുസ്തകം പുറത്തുവന്നതാകട്ടെ 1980 ലും! പ്രൊഫ. എം കെ സാനുവിന്റേതുതന്നെയാണ് അവതാരിക എന്ന് കരുതിയാലും 'നവാഗതന്‍' എന്ന് കാര്‍ത്തികേയന്‍ പടിയത്തിനെ പരിചയ പ്പെടുത്തി യതില്‍ അഭംഗിയുണ്ട്.

നാടക അഭിനയത്തിലും തത്പരനായിരുന്ന കാര്‍ത്തികേയന്‍ പടിയത്ത് ടെലി ഫിലിമുകളിലും ഏതാനും സിനിമകളിലും ചെറിയ റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പത്രം, വാഴുന്നോര്‍, ലേലം എന്നിവയാണ് കാര്‍ത്തികേയന്‍ പടിയത്ത് അഭിനയിച്ച സിനിമകള്‍. ചെറിയ റോളുകളില്‍ അഭിനയിച്ചു എന്നതിനേക്കാളുപരി, ഈ സിനിമകളിലൊക്കെയും ദലിത് സ്വത്വ ധ്വംസനത്തിനായി അതിവിദഗ്ധമായി പ്രയോഗിക്കപ്പെടുക യായിരുന്നു എന്നു വിലയിരുത്തുന്നതാണ് ശരി. പത്രം എന്നസിനിമയിലെ പത്രപ്രവര്‍ത്തകന്റെ റോള്‍ അതാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്നും അക്കാലത്തിറങ്ങി യിരുന്ന 'ഫ്രീലാന്റ്‌സ്' പത്രത്തിന്റെ ഉടമയായിരുന്ന തിരുവല്ലം ഭാസിയെ ധ്വംസിക്കുന്നതിനാണ് 'ഭാസ്‌കരന്‍' എന്ന പത്രപ്രവര്‍ത്ത കനായി കാര്‍ത്തികേയന്‍ പടിയത്ത് ഈ സിനിമയില്‍ പ്രയോഗിക്കപ്പെട്ടത്. വ്യാജമദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് മദ്യവ്യവസായിയായിരുന്ന മണിച്ചന്‍ എന്നയാള്‍ പൊലീസ് പിടിയിലായതിനെ കുറിച്ച് തിരുവല്ലം ഭാസി ഫ്രീലാന്റ്‌സില്‍ എഴുതുകയുണ്ടായി. അതേത്തുടര്‍ന്ന് ഫ്രീലാന്റ്‌സ് പത്രം ആക്രമണത്തിന് വിധേയമായി. അങ്ങനെ തിരുവല്ലം ഭാസിയും മാധ്യമ ശ്രദ്ധാ കേന്ദ്രമായി. ദലിതരെ ധ്വംസിക്കാന്‍ ദലിതരെത്തന്നെ ഉപയോഗപ്പെടുത്തുക എന്ന സവര്‍ണപക്ഷ നിഗൂഢ തന്ത്രം ഈ സിനിമയിലൂടെയും പ്രാവര്‍ത്തികമാക്കി.

ഗിരിജ 

1995 ല്‍ ചെറായിയിലെ പടിയത്ത് വീട്ടിലാണ് കാര്‍ത്തികേയന്‍ ജനിച്ചത്. മാധവനും ചീരുവുമാണ് അച്ഛനമ്മമാര്‍. സ്‌കൂള്‍ വിദ്യാഭ്യാസം ചെറായിയിലുള്ള വിവിധ സ്‌കൂളുകളിലായി നടന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബി എ ബിരുദമെടുത്തു. എടപ്പള്ളി സ്വദേശി ഗിരിജയാണ് കാര്‍ത്തികേയന്റെ ജീവിതപങ്കാളി. ഏക മകന്‍ കിരണ്‍ സ്വകാര്യ ടെലഫോണ്‍ കമ്പനിയില്‍ ജോലിചെയ്യുന്നു.

മരണംവരെ നാടക - കലാരംഗത്ത് മുഴുകിത്തന്നെ കാര്‍ത്തികേയന്‍ ജീവിച്ചു. മറ്റ് ജോലികള്‍ക്കൊന്നും പോവുകയുണ്ടായില്ല. ചെറുകഥകള്‍ കുറേയെണ്ണം ആനുകാലിക ങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക മാനേജിങ് കമ്മിറ്റിയിലും അംഗമായിരുന്നു. നാടക - സാഹിത്യ രംഗത്ത് എക്കാലവും പ്രചോദനമായിരുന്ന തന്റെ സഹോദരന്‍ പി എം സുകുമാരനാണ് കാര്‍ത്തികേയന്‍ തന്റെ എല്ലാ കൃതികളും സമര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി. അച്യുത മോനോനോടും കാര്‍ത്തികേയന് വളരെയേറെ ബഹുമാനമുണ്ടായിരുന്നു. 2007 ല്‍ അസുഖത്തെ തുടര്‍ന്ന് കാര്‍ത്തികേയന്‍ പടിയത്ത് അന്തരിച്ചു.

നാടക - കാലാ സാഹിത്യ രംഗത്ത് കനപ്പെട്ട സംഭാവനകള്‍ നല്കുകയും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി നില്ക്കുകയും ചെയ്ത കാര്‍ത്തികേയന്‍ പടിയത്തിന് ഇന്നും സ്വന്തം നാട്ടില്‍ ഒരു സ്മാരകമില്ല. അനുസ്മരണദിനങ്ങളും ആചരിക്കാറില്ല. 

ഈ കുറിപ്പിനു വേണ്ട വിവരങ്ങള്‍ അത്രയും തന്നത് കാര്‍ത്തികേയന്‍ പടിയത്തിന്റെ ജീവിതപങ്കാളി ഗിരിജയാണ്. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രതികളും ഏല്പ്പിക്കുകയു ണ്ടായി.