"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

നീലപ്പട്ടം എന്ന പ്രതീകവും നഷ്ടപ്പെട്ട പ്രതീക്ഷകളും.ഇരുമ്പുമറകളുടെ നിയന്ത്രണങ്ങളില്‍ നിന്ന് കഷ്ടിച്ച് പുറത്തുകടക്കുന്ന ചൈനീസ് സിനിമകള്‍ ലോകോത്തര മേളകളായ കാനില്‍ നിന്നും വെനീസില്‍ നിന്നും ബെര്‍ലിനില്‍ നിന്നുമൊക്കെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കുമ്പോള്‍ അതിലിടം കിട്ടാതെ പോകുന്ന ഇതര സനിമകളുടെ സംവിധായകര്‍ക്ക് അസൂയയേക്കാളേറെ അത്ഭുതമാണ് ഉളവാകുന്നത്. ക്ലാസിക് ചലച്ചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യം ചൈനക്കുണ്ടെന്ന് മനസിലാക്കുന്നത് അതിന്റെ പിന്‍തുടര്‍ച്ചയായി ഒന്നര ദശാബ്ദങ്ങള്‍ക്കു മുമ്പുമുതല്‍ എത്തിത്തുടങ്ങിയ സിനിമകളിലെ മികവുകള്‍ പരിഗണിക്കുമ്പോള്‍ മാത്രമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിലനില്പിന് പരിക്കേല്പിക്കാത്ത ഒരു രീതിശാസ്ത്രത്തെ അവലംബിച്ച് രൂപപ്പെടുത്തുന്ന സിനിമകള്‍ക്ക് വിദേശമേളകളിലേക്ക് പോകാന്‍ അനുമതി ലഭിക്കുക എളുപ്പമാണ്. കടുത്ത വിമര്‍ശനങ്ങള്‍ ഉല്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് രാഷ്ട്രീയ നേതൃത്വത്തിന് അലോസരമുണ്ടാക്കാത്ത മുന്‍ രീതിശാസ്ത്രത്തിലേക്ക് വഴക്കിയെടുക്കുന്ന സിനിമകള്‍ പങ്കെടുപ്പിക്കുന്നതിനുള്ള വഴികള്‍ ഇപ്രകാരം തുറന്നു കിട്ടുന്നുമുണ്ട്. ഈ രണ്ടുതരം സിനിമകളും ചൈനീസ് ജനജീവിതത്തിന്റെയോ സംസ്‌കാരത്തിന്റെയോ അടയാളങ്ങളല്ല. മറിച്ച്, അവിടത്തെ നാട്ടുനടപ്പും രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ ജനങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകളും എത്രമാത്രം ഭീകരമാണെന്ന് കണ്ടു മനസിലാക്കാന്‍ കഴിയുന്ന സിനിമകളും അവിടെ ഉണ്ടാകുന്നുണ്ട്. അതിലൊന്നാണ് 1993 ല്‍ ടിയാന്‍ ഷുവാങ്ഷുവാങ് സംവിധാനം ചെയ്ത് 'ദി ബ്ലൂ കൈറ്റ്'

1966 - 1976 കാലഘട്ടത്തില്‍ ചൈനയില്‍ ചെയര്‍മാന്‍ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തില്‍ നടന്ന സാസംസ്‌കാരിക വിപ്ലവത്തിനു മുമ്പ് 'തിരുത്തല്‍ പ്രസ്ഥാന'ത്തിന്റെ കാലം മുതല്‍ നടപ്പാക്കിയിരുന്ന നെറികെട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരാശ്രരായ ഒരു ജനത അനുഭവിക്കേണ്ടി വന്ന ദുരന്ത ഫലങ്ങളെ ആസ്പദമാക്കുന്ന 'ദി ബ്ലൂ കൈറ്റി'ന് പക്ഷെ ചൈനയില്‍ പ്രദര്‍ശനാനുമതി ലഭിച്ചില്ല. സംവിധായകന്‍ ടിയാന്‍ ഷുവാങ്ഷുവാങിനെ മേലില്‍ ചൈനയില്‍ വെച്ച് സിനിമകളൊന്നും പിടിക്കരുതെന്ന് അധികാരികള്‍ വിലക്കുകയും ചെയ്തു. ഹോങ് കോങിലെ ലോങ് വിക് ഫിലിം കമ്പനിയുടേയും ചൈനയിലെ ബെയ്ജിങ് ഫിലിം സ്റ്റുഡിയോയുടേയും സംയുക്ത സംരംഭമായ ബ്ലൂ കൈറ്റിന്റെ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ള, നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടിസ്സിമോ ഫിലിം സെയിലില്‍ നിന്ന് വീഡിയോ പകര്‍പ്പവകാശം നേടിയെടുത്ത അമേരിക്കയിലെ കീനോ ഫിലിംസിലൂടെ ഈ സിനിമ കാണുവാന്‍ ചൈനക്ക് പുറത്തുള്ളവര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. ചൈനക്ക് അനഭിമതമായിട്ടുള്ള ഒരു സിനിമ അമേരിക്കക്ക് സ്വീകാര്യമാകുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ രാഷ്ട്രീയ നിഗൂഢതയുടെ രാജ്യാന്തര ഐക്യമാണ്.

സംവിധായകനായ ടിയാന്‍ ഷുവാങ്ഷുവാങിന്റെ ചെറുപ്പകാലത്ത് സാംസ്‌കാരിക വിപ്ലവത്തിലവസാനിക്കുന്ന ഇതര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളുടെ നേര്‍പകര്‍പ്പു നേടി രൂപപ്പെടുന്നതാണ് ബ്ലൂ കൈറ്റിലെ ദൃശ്യപരവും ആഖ്യാനപരവുമായ സങ്കലനങ്ങള്‍. ബെയ്ജിങ്ങിലെ സാധാരണക്കാര്‍ തിങ്ങുന്ന ബഹുനില പാര്‍പ്പിട സമുച്ചയമാണ് ആഖ്യാനത്തിന് ആധാരമാകുന്ന ഭൗമിക പരിസരം. പ്രത്യക്ഷത്തിലില്ലാത്ത ഒരു ചെറുപ്പക്കാരന്റെ പശ്ചാത്തല വിവരണത്തോടെ സിനിമയാരംഭിക്കുന്നു. തിരുത്തല്‍ പ്രസ്ഥാനം പുരോഗതികൊള്ളുന്ന 1953 ല്‍ ഈ തെരുവില്‍ വെച്ച് ഒരു വിവാഹം അനാര്‍ഭാടപൂര്‍വം നടക്കുകയാണ്. വരന്‍ ലൈബ്രറേറിയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സത്യവിശ്വാസി യുമായ ലിങ് ഷാവോലോങ്. വധു അധ്യാപികയായ ചെന്‍ ഷുജുവാന്‍. അപ്പോള്‍ റേഡിയോവിലൂടെ ഒരു അറിയിപ്പു വരുന്നു - ജോസഫ് സ്റ്റാലിന്‍ മരിച്ചു. 'ആരാണ് ഈ ജോസഫ് സ്റ്റാലിന്‍?' ആരോ ചോദിക്കുന്നു. നിഷ്‌കളങ്കതയും പരസ്പരാശ്രിത ത്വവും ക്രമസഹിതമായ വ്യവഹാരങ്ങളുടെ ഭാഗമായതിനാല്‍ വിപ്ലവ പ്രത്യയശാസ്ത്രത്തേയും അതിന്റെ ചരിത്രത്തേയും സംബന്ധിച്ച് അത്രമാത്രം അജ്ഞരായ ഒരു ജനസമൂഹമായിരുന്നു അവിടെ പാര്‍ത്തിരുന്നത്. ഷാവോലോഭ് - ഷുജുവാന്‍ ദമ്പതികള്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം പിറന്ന കുട്ടിയാണ് ടിയേറ്റു.

ശിശുവായ ടിയേറ്റുവിന്റെ ഓര്‍മ്മകളില്‍, കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമുള്ള വീട്ടില്‍ അച്ഛന്‍ ഷാവോലോങിനോടും അമ്മ ഷുജുവാനോടും അമ്മാവനോടും അമ്മാവന്റെ കാമുകിയോടു മൊപ്പം സന്തോഷത്തോടെ കഴിഞ്ഞ നാളുകളാണ് ആദ്യം. പട്ടം പറത്തിക്കളിക്കുന്ന ശീലക്കാരനായിരുന്നു ടിയേറ്റു. തന്റെ പ്രിയപ്പെട്ട നീലപ്പട്ടം മരത്തിലുടക്കി കീറിപ്പോയതു കൊണ്ട് പുതിയതൊന്ന് വാങ്ങിത്തരാമെന്ന് അച്ഛന്‍ ഏറ്റതാണ്. പ്രതിവിപ്ലവകാരി യെന്നു സംശയിച്ച് അച്ഛനെ പാര്‍ട്ടിക്കാര്‍ പിടിച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞതിനാല്‍ അത് നടന്നില്ല. ടിയേറ്റുവിനെ നന്നായി വളര്‍ത്തുന്നതിനായി അമ്മ ഷുജുവാന്‍ കുടുംബ സുഹൃത്തും പട്ടാള ഉദ്യോഗസ്ഥനുമായ ലീ ഗുവോ ഡോങിനെ വിവാഹം ചെയ്തു. പുതുവത്സരാ ഘോഷത്തിനിടെ കൂട്ടുകാരോടൊത് കളിക്കുമ്പോള്‍ പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീ തെറിച്ച് ടിയേറ്റുവിന്റെ കടലാസു റാന്തല്‍ കത്തിപ്പോയി. ഷിജുവാനെ പോലെ ടിയേറ്റുവിനെ അളവറ്റ് സ്‌നേഹിച്ചിരുന്ന ഗുവോ ഡോങും പുതിയതൊന്ന് വാങ്ങിത്തരാമെന്ന് ഏറ്റിരുന്നെങ്കിലും അപ്പോള്‍ തന്നെ അയാള്‍, കരള്‍ രോഗ ബാധയോറ്റ് കുഴഞ്ഞു വീണ് മരിച്ചതിനാല്‍ ആ പ്രതീക്ഷയും അസ്തമിച്ചു.

ഷുജുവാന്‍ വീണ്ടും വിവാഹം കഴിച്ചു. ഇത്തവണ ഒരു മുതിര്‍ന്ന പാര്‍ട്ടി കാര്യസ്ഥനെ. അയാള്‍ വളരെ പരുക്കനായാണ് ടിയേറ്റുവിനോട് പെരുമാറിയിരുന്നത്.സാംസ്‌കാരിക വിപ്ലവത്തിന്റെ പാരമ്യത്തില്‍ അയാളും മരണമടഞ്ഞു. പ്രതിപിപ്ലവകാരി എന്ന കുറ്റം ചുമത്തി പാര്‍ട്ടി അധികാരികള്‍ ഷുജുവാനെ അടിച്ചവശയാക്കി ബലമായി വാഹനത്തില്‍ കയറ്റി 'പുനര്‍വിദ്യാഭ്യാസ' കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എതിര്‍ക്കാന്‍ ചെന്ന ബാലനായ ടിയേറ്റുവിനെ അടിച്ചു വീഴ്ത്തി റോഡിലിട്ടു. കണ്ണു തുറന്നു നോക്കുന്ന ടിയേറ്റു കാണുന്നത്, മരത്തിലുടക്കി കീറിപ്പറിഞ്ഞ തന്റെ പ്രിയപ്പെട്ട നീല പട്ടത്തെയാണ്.

സാംസ്‌കാരിക വിപ്ലവകാലത്തെ ചൈനീസ് യാഥാര്‍ത്ഥ്യങ്ങളെ അതീവ കരവഴക്കത്തോടെ പ്രതീകവല്‍ക്കരിച്ചാണ് ദി ബ്ലൂ കൈറ്റില്‍ കാഴ്ചകള്‍ നിരത്തിയിരിക്കുന്നത്. മഹത്തായ ഒരു സാമൂഹ്യ വ്യവസ്ഥയെ പിന്‍തുണച്ചു വെന്ന് പുറത്തുള്ളവര്‍ വിശ്വസിക്കുന്ന, സാംസ്‌കാരിക വിപ്ലവത്തിന്റെ മറവില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുമാണ് പ്രതീകങ്ങള്‍ പരുവപ്പെടുത്തി യിരിക്കുന്നത്. കഥാപാത്രങ്ങളും സംഭവങ്ങളും കേവലമായ കല്പനകള്‍ മാത്രമല്ല. 1966 മുതല്‍ 76 വരെയുള്ള സാസ്‌കാരിക പിപ്ലവത്തില്‍ അവസാനിക്കുന്ന തുടര്‍പ്രക്രിയക്ക് മുമ്പ് 'തിരുത്തല്‍ പ്രസ്ഥാന' ത്തിന്റേയും (Rectification Movement) 'ഉല്‍പ്പാദന വര്‍ദ്ധന' വിന്റേയും (Great Leap Forward) രണ്ട് ഘട്ടങ്ങള്‍കൂടിയുണ്ട്. ഈ മൂന്നുഘട്ടങ്ങളുടേയും ദുരന്തഫലങ്ങളുടെ പ്രതീകങ്ങളാണ് ഷുജുവാന്റെ ഓരോ ഭര്‍ത്താക്കന്മാരും.

തിരുത്തല്‍പ്രസ്ഥാന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ഭര്‍ത്താവായ ഷാവോ ലോങ് വാര്‍ട്ടി വിശ്വാസിയും മാവോ സേ തൂങ്ങിന്റെ ആരാധകനുമായിരുന്നിട്ടുകൂടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അകാരണമായി ആരോപിച്ചാണ് തൊഴില്‍ ശിക്ഷാശാലയിലേക്ക് കൊണ്ടുപോയി കൊന്നത്. പാര്‍ട്ടിയുടെ തെറ്റായ പോക്കില്‍ നിസ്സഹായനാകുന്ന ഷാവോ ലോങ് മകനുകൊടുക്കുന്ന പ്രതീക്ഷകളെയാണ് നിലപ്പട്ടം പ്രതീകവത്ക രിക്കുന്നത്. പുതിയ പ്രതീക്ഷകള്‍ മകന് നല്‍കാന്‍ കഴിയുന്നതിന് മുമ്പ് അയാള്‍ കൊല്ലപ്പെട്ടു. കടലാസു റാന്തല്‍ പുതിയതൊന്ന് വാങ്ങിത്തരാമെന്ന് ടിയേറ്റുവിന് വാക്കുകൊടുക്കുന്ന ഗുവോ ഡോങും ഈ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്. ഇയാള്‍ രണ്ടാം ഘട്ടമായ, ഉത്പാദനവര്‍ധനവ് ഉണ്ടാക്കുന്നതിനായി നടപ്പാക്കുന്ന അശാസ്ത്രീയ നടപടികളില്‍ നിന്ന് ദുരന്തമനുഭവിക്കുന്ന ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അമിതമായി അധ്വാനിച്ച ഇയാള്‍ അനാവശ്യമായി ആരോഗ്യം നശിക്കപ്പെട്ട അവസ്ഥയില്‍ കുമിഞ്ഞുകൂടിയ ഭക്ഷ്യോത്പന്നങ്ങളുടെ നടുവില്‍ വീണ്ടും പണിയെടുത്തുകൊണ്ട് നില്ക്കവെയാണ് വീണ് കൊല്ലപ്പെടുന്നത്. മൂന്നാം അച്ഛനായ പാര്‍ട്ടി കാര്യസ്ഥനാകട്ടെ യാതൊരു പ്രതീക്ഷയും ടിയേറ്റുവിന് നല്കുന്നില്ല. സാംസ്‌കാരിക വിപ്ലവത്തിന്റെ ഇരയായ ഇദ്ദേഹം ദുരന്തമേറ്റുവാങ്ങുന്നത് തന്നില്‍ന്നെയുണ്ടായിരുന്ന പ്രവൃത്തിദോഷത്തിന്റെ ഫലമായാണ്. പണയംവെക്കപ്പെട്ട തലച്ചോറുള്ളവനും ചിരവിശ്വാസങ്ങളുടെ തടവുകാരായവര്‍ക്കും സാര്‍വലൗകികമായി സംഭവിക്കുന്ന ദുരന്തത്തിന്റെ ഇരയാണ് താനെന്ന് ഈ കഥാപാത്രവും ഓര്‍മപ്പെടുത്തുന്നു. 

ശിശുവായ ടിയേറ്റുവിനെ യി ടിയാനാണ് അവതരിപ്പിക്കുന്നത്. ബാലനായ ടിയേറ്റുവിനെ സാങ് വെന്‍യാവോയും മുതിരുമ്പോള്‍ ചെന്‍ സിയാവോമാനും അവതരിപ്പിക്കുന്നു. എന്നാല്‍ എടുത്തു പറയേണ്ടത് ഷുജുവാനെ അവതരിപ്പിച്ച ലു ലിവിങ് എന്ന നടിയുടെ അസാമാന്യ അഭിനയമികവിനെയാണ്. വിപ്ലവങ്ങളുടെ കാലത്ത് ഒരു ചൈനക്കാരി അധ്യാപിക / വീട്ടമ്മ അനുഭവിച്ച ദുരന്തങ്ങള്‍ എന്തായിരുന്നുവെന്ന് പറഞ്ഞറിയാക്കാതെ, അതിഭാവുകത്വമില്ലാത്ത സാത്വികഭാവവും അനാര്‍ഭാടമായ ശരീരഭാഷയും അവര്‍ സമര്‍ത്ഥമായി വിനിയോഗിച്ചിട്ടുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ച ഹോഉ യോങ് ശരാശരിയില്‍ നിന്ന് മുമ്പോട്ടോ പുറകോട്ടോ സഞ്ചരിക്കുന്നില്ല. വല്ല പരീക്ഷണത്തിനും മുതിരുന്നുവെങ്കില്‍ ആഖ്യാനഗതി തികച്ചും അയാഥാര്‍ത്ഥവ ത്കരിക്കപ്പെട്ട ഒരു മേഖലയിലേക്ക് നീങ്ങിയാല്‍ ഉണ്ടാകാവുന്ന അപകടം മുന്‍ൂട്ടിത്തന്നെ എല്ലാ ശില്പികളും ഉള്‍ക്കൊണ്ടിരുന്നു. 

പ്രതീകങ്ങള്‍ക്ക് സമാന്തരമായി പീഢനങ്ങളുടെ നേര്‍കാഴ്ചകള്‍ നിരന്തരം ഒരുക്കിയിട്ടുണ്ട് ഈ സിനിമയില്‍. വില്ലന്റെ സാന്നിധ്യമോ ബോംബു പൊട്ടിക്കുന്നതിന്റെ ശബ്ദസങ്കലനമോ കൂടാതെയാണ് ഈ കാഴ്ചവെപ്പുകള്‍ എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിവിരുദ്ധയെന്നു സംശയിക്കുന്ന മറ്റൊരു അധ്യാപികയെ, പുനര്‍ വിദ്യാകേന്ദ്രത്തിലേക്ക് പിടിച്ചുകൊണ്ടു പോകുന്നതിനായി വണ്ടിയില്‍ പിടിച്ചു കയറ്റപ്പെട്ടപ്പോള്‍ അവരുടെ തലമുടി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചു മാറ്റുന്നുണ്ട്. ചീത്തയായ ഞങ്ങളുടെ പ്രിന്‍സിപ്പാളിനെ ശിക്ഷിച്ചുവെന്നാണ് ഇതേപ്പറ്റി ടിയേറ്റു അമ്മയോട് വന്നു പറയുന്നത്. സമരം എന്നാല്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കലാണ് എന്ന അവബോധം കുട്ടികളിലേക്ക് പകരുന്ന പാര്‍ട്ടിവിദ്യാസ പരിപാടിയെ ടിയാന്‍ ഷുവാങ്ഷുവാങ് ചോദ്യം ചെയ്യുന്നു. അകാല്പനികമായ ഈ സംഭവങ്ങളുടെ സങ്കലനം വഴി ടിയാന്‍ ഷുവാങ്ഷുവാങ് പാര്‍ട്ടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അധികാരികള്‍ ഇപ്പോള്‍ കുറ്റാരോപണം നടത്തിയിരിക്കുന്നു. ഷുജുവാനെ പട്ടാളക്കാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞുപിടിച്ചു മര്‍ദ്ദിക്കുന്ന രംഗം, സ്തീപീഢനങ്ങള്‍ക്കു പിന്നിലെ പുരുഷനിര്‍മിതിയെ എടുത്തുകാട്ടി പീഢനവിമുക്തവും സമത്വസുന്ദരവുമായ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലെ വാഗ്ദത്ത ഭൂമിയിലേക്ക് സ്ത്രീകളെ ഒന്നടങ്കം ക്ഷണിക്കുന്ന കപടജനാധിപത്യ വാദികളായ മഹിളാ പ്രവര്‍ത്തകര്‍ക്കുള്ള ദൃശ്യചികിത്സയാകുന്നുണ്ട്.

ചൈനീസ് ഭരണാധികാരികള്‍ക്ക് അനഭിമതനായ ഏക ധിഷണാശാലിയല്ല ടിയാന്‍ ഷുവാങ്ഷുവാങ്. ബ്ലൂ കൈറ്റ് നിര്‍മിച്ച അതേവര്‍ഷം ചെന്‍ കയ്ഗ് 'ഫെയര്‍വെല്‍ മൈ കോണ്‍ക്യൂബാ'നും, തൊട്ടടുത്ത വര്‍ഷം 1984 ല്‍ ഷാങ് യി മൂ 'ടു ലിവ്' ഉം എടുത്തുകൊണ്ട് അധികാരികളെ അലോസരപ്പെടുത്തുകയുണ്ടായി. കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഫെയര്‍വെല്‍ ടു മൈ കോണ്‍ക്യൂ ബാന്‍ ജീന്‍ കാമ്പയിന്റെ 'ദി പിയാനോ'യുമായി ആ വര്‍ഷത്തെ ഗോള്‍ഡന്‍ പാം അവാര്‍ഡ് പങ്കിടുകയുമുണ്ടായി. ഈ സിനിമയും വെനീസിലും മറ്റും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ടു ലിവ് ഉം നിയന്ത്രണങ്ങളോടെ ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചു.

ടിയാന്‍ ഷുവാങ്ഷുവാങും ചെന്‍ കെയ്ഗും ഷാങ് യി മൂവും ചൈനയിലെ സിനിമാ സംവിധായകരുടെ അഞ്ചാം തലമുറയിലെ അതിശക്തരായ പ്രതിനിധാനങ്ങളാണ്. ബെയ്ജിങ് ഫിലിം അക്കാദമിയില്‍ നിന്ന് ചലച്ചിത്ര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ ബാച്ചില്‍ പെട്ടവരാണ് ആ പേരില്‍ അറിയപ്പെ ടുന്നത്. സഹപാഠികളായിരുന്ന മൂവരും 1982 ലാണ് ബിരുദം നേടി പുറത്തുവന്നത്. അഞ്ചാം തലമുറയില്‍ പെട്ട സംവിധായകര്‍ ചൈനീസ് സിനിമയില്‍ ചടഞ്ഞുകൂടിക്കിടന്നിരുന്ന, പ്ലോട്ടിനും മെലോഡ്രാമക്കുമുള്ള അമിതപ്രാധാന്യത്തെ എടുത്തുമാറ്റുകയും നോവലുകളോടും മറ്റും അമിതമായി ഉണ്ടായിരുന്ന അധീശത്വത്തെ കുറക്കുകയും ചെയ്തു. തന്നെയുമല്ല, ഹോളിവുഡ് സിനിമകളുടെ ആഖ്യാന മാതൃകകളുടെ ആശ്രിതത്വത്തില്‍ കഴിഞ്ഞിരുന്ന ചൈനീസ് സിനിമയെ അതില്‍ നിന്ന് വിടുവിക്കുകയും തികച്ചും ദേശികമായ ഒരു ചിത്രണ സങ്കേതത്തിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കാന്‍ നേതൃത്വം നല്കിയതും അഞ്ചാം തലമുറയില്‍ പെട്ടവരുടെ സംഭാവനകളാണ്.

ബെയ്ജിങിലെ സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ 1952 ലാണ് ടിയാന്‍ ഷുവാങ്ഷുവാങ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്നദ്ധ സേവകനായിരുന്ന അച്ഛന്‍ ടിയാന്‍ ഫാങ് ആയിരുന്നു ബെയ്ജിങ് ഫിലിം സ്റ്റുഡിയോയുടെ ആദ്യത്തെ മേധാവി. ഇപ്പോള്‍ രോഗിയായിക്കഴിയുന്ന അദ്ദേഹം സാംസ്‌കാരിക വിപ്ലവത്തിനു മുമ്പ് മികച്ച ഒരു നടനായിരുന്നു. അതുപോലെ കമ്മ്യൂണിസ്റ്റ് സേവികയും നടിയുമായിരുന്ന അമ്മ യു ലാന്‍ ഇപ്പോഴും ബെയ്ജിങിലെ ചില്‍ഡ്രന്‍സ് ഫിലിം സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്നുണ്ട്. ടിയാന്‍ ഷുവാങ്ഷു വാങ് ന് 14 വയസുള്ളപ്പോള്‍ ആരംഭിച്ച സാംസ്‌കാരിക വിപ്ലവത്തില്‍പ്പെട്ട് 'പുനര്‍വിദ്യാസ കേന്ദ്ര'ത്തിലേക്ക് മാറ്റപ്പെട്ടു. വിപ്ലാവാനന്തം, ഛായാഗ്രഹണത്തില്‍ താത്പര്യമുണ്ടായിരുന്ന ടിയാന്‍ ഷുവാങ്ഷുവാങിന് പ്രായം കടന്നു പോയതിനാല്‍ ഫിലിം അക്കാദമിയില്‍ ചേര്‍ന്നു പഠിക്കുവാന്‍ നിയമതടസമുണ്ടായിരുന്നു. അതുകൊണ്ട് ഛായാഗ്രഹണത്തിനും പകരം സംവിധാനം പഠിക്കുവാന്‍ നിര്‍ബന്ധിതനായി. (ഈ പ്രശ്‌നം ഷാങ് യി മൂവിനേയും ബാധിച്ചിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് പിന്നീട് പ്രവേശനാനുമതി ലഭിക്കുന്നത്. ഛായാഗ്രഹണമാണ് പഠിച്ചത്). 

ടിയാന്‍ ഷുവാങ്ഷുവാങ്‌ന്റെ ആദ്യ സിനിമ 1984 ല്‍ എടുത്ത 'സെപ്തംബര്‍' ആണ്. പിന്നീട് മംഗോളിയന്‍ അധികൃതരുടെ ക്ഷണപ്രകാരം ഇന്നര്‍ മംഗോളിയന്‍ ഫിലിം സ്റ്റുഡിയോവില്‍ വെച്ച് നിര്‍മിച്ച 'ഓണ്‍ ദി ഹണ്ടിംങ് ഗ്രൗണ്ട്' (1985) മംഗോളിയന്‍ ആസ്വാദകരുടെ എതിര്‍പ്പിനും വഴിവെച്ചു. ടിബറ്റിലെ മതാത്മീയതയും മാനവികതയും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കി പിന്നീടെടുത്ത ഹോഴ്‌സ് തീഫ് (1986) ചൈനീസ് അധികാരികളുടെ എതിര്‍പ്പിനും ഇരയായി. ജപ്പാനീസ് അധിനിവേശകാലത്ത് അവരുടെ ക്രൂരതകളില്‍ നിന്നും രക്ഷപെട്ട് പലായനം ചെയ്ത തെക്കുകിഴക്കന്‍ ചൈനയിലെ നാടോടികളുടെ കഥപറയുന്ന 'ഫോക് ആര്‍ട്ടിസ്റ്റ്' 1987 ലും, സംഗീതപ്രധാനമായ 'റോക്ക് ആന്റ് റോള്‍' 1988 ലും പുറത്തിറങ്ങി. 1990 ല്‍ എടുത്ത 'ഇല്ലീഗല്‍ ലൈവ്‌സ്' 'സ്‌പെഷല്‍ സര്‍ജറി റൂം' എന്നീ രണ്ട് സിനിമകള്‍ ഇപ്പോഴും പെട്ടിക്കകത്താണ്. 1991 'ലീ ലിയാന്‍ യിങും' 'ദി ഇംപീരിയല്‍ യൂനുഖ്'ഉം പുറത്തിറങ്ങി. ഈ സിനിമ ആ വര്‍ഷത്തെ ബെര്‍ലിന്‍ ഫെസ്റ്റിവെലില്‍ പ്രത്യേക പരാമര്‍ശം നേടി. തുടര്‍ന്ന് 1993 ലാണ് ബ്ലൂ കൈറ്റ് പുറത്തിറക്കിയത്. ഈ സിനിമ കാനില്‍ പ്രദര്‍ശിച്ചപ്പോള്‍ ചൈനയിലെ മികച്ച സംവിധായകരിലൊരാളായി ടിയാന്‍ ന് പരിഗണനയും ലഭിച്ചു. ചൈനീസ് പ്രതിനിധികളുടെ കടുത്ത എതിര്‍പ്പുണ്ടായിരുന്നിട്ടും ടോക്യോ ഫിലിം ഫെസ്റ്റിവെലില്‍ ആ വര്‍ഷം ബ്ലൂ കൈറ്റ് ഗ്രാന്റ് പ്രൈസ് നേടുകയുമുണ്ടായി.

രാഷ്ട്രീയകാരണങ്ങള്‍ പറഞ്ഞ് ചൈനീസ് അധികാരികള്‍ ബ്ലൂ കൈറ്റിന്റെ ആദ്യ കയ്യെഴുത്തു പ്രതി വെട്ടിച്ചുരുക്കി. അതിനെ ആസ്പദമാക്കി 1992 ല്‍ത്തന്നെ ചിത്രം പൂര്‍ത്തീകരിച്ചുവെങ്കിലും അനന്തരജോലികള്‍ക്കായി മുന്‍ നിശ്ചയപ്രകാരം അത് ജപ്പാനിലേക്ക് കൊണ്ടുപോകുന്നതിനും അനുമതി ലഭിച്ചില്ല. ഫോര്‍ട്ടിസ്സിമോ ഫിലിം സെയില്‍സ് ഇതിന്റെ വിതരണാവകാശം വാങ്ങിയെടുത്തശേഷം അവരാണ് ഷുവാങ്ഷുവാങിന്റെ അസാന്നിധ്യത്തില്‍ നിര്‍മാണ രേഖകള്‍ പരിശോധിക്കാതെ അനന്തര ജോലികള്‍ പൂര്‍ത്തിയാക്കിയത്. മരണാനന്തരം മാത്രം പരക്കെ അംഗീകാരം ലഭിച്ച വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ ഗതിതന്നെ തന്റെ സിനിമകള്‍ക്ക് വന്നാല്‍ പോലും താന്‍ പടംപിടിക്കുന്നത് നിര്‍ത്താന്‍ പോകുന്നില്ലെന്ന് ഷുവാങ്ഷുവാങ് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. വിലക്കേര്‍പ്പെടുത്തിയിട്ടും 2002 ല്‍ 'സ്പിങ് ടൈം ഇന്‍ എ സ്‌മോള്‍ ടൗണ്‍' എന്ന ഒരു ചലച്ചിത്രം ടിയാന്‍ ഷുവാങ്ഷുവാങ് എടുക്കുകയുണ്ടായി. എതിര്‍പ്പുകള്‍ നീങ്ങിയോ അതോ നിയന്ത്രഞങ്ങള്‍ക്ക് വഴങ്ങിയോ എന്നതും അറിവില്ല, 1998 ല്‍ 'റുവാന്‍ സോങ്' എന്നൊരു ചിത്രം എടുത്തതായും രേഖകളില്‍ കാണുന്നു.

ധിഷണാശാലിയായൊരു ചലച്ചിത്രകാരന്‍ മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാരിക്കുമെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ടിയാന്‍ ഷുവാങ്ഷുവാങ്. 1989 ല്‍ രാഷ്ട്രീയത്തട വുകാരെ പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് 33 സ്വതന്ത്ര ചിന്താഗതിക്കാരൊപ്പിട്ട ഒരു തുറന്ന കത്ത് ചൈനീസ് ഗവ ണ്മെന്റിന് നല്കുകയുണ്ടായി. അതിലുള്‍പ്പെട്ട ഒരേയൊരു ചലച്ചിത്രകാരനായിരുന്നു ടിയാന്‍ ഷുവാങ്ഷുവാങ്.