"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

അയ്യന്‍കാളി; ഇന്ത്യയുടെ മഹാനായ പുത്രന്‍! - കുന്നുകുഴി എസ് മണി
മഹാനായ അയ്യന്‍കാളിയുടെ നിര്യാണത്തോടെ കീഴാള ജനതയുടെ ഒരു മഹായുഗമാണ് പൊലിഞ്ഞുപോയത്. ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത, ചരിത്രം പുനഃസൃഷ്ടി നടത്താത്ത ഒരു വലിയ മനുഷ്യന്റെ നഷ്ടമാണ് സംഭവിച്ചത്. അയിത്ത ജനജാതികള്‍ക്ക് വര്‍ഷങ്ങള്‍ ഏറെ കടന്നിട്ടും ആ നഷ്ടം ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല. അയ്യന്‍കാളി നമ്മെപ്പിരിഞ്ഞു പോയെങ്കിലും അദ്ദേഹത്തിന്റെ ഒരു സ്മാരകം തലസ്ഥാനനഗ രിയില്‍ ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി തീര്‍ന്നിരുന്നു.

ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയുടെ കാലത്തും, കെ.പി.എം.എസിന്റെ കാലത്തും ഈ ആവശ്യം നിറവേറ്റപ്പെടാന്‍ ആരും തയ്യാറായി മുന്നോട്ടു വന്നില്ല. കാരണം അവകാശങ്ങളും ആനുകൂല്യങ്ങളും എന്തുവിലകൊടുത്തും അയ്യന്‍കാളി നേടിതന്നല്ലോ. ഇനിയെന്തിനാ അയ്യന്‍കാളിയെന്ന ചിന്താഗതിയാണ് അയ്യന്‍കാളിയെന്ന മഹാനുഭവന്‍ ജനിച്ചു വളര്‍ന്ന പുലയ സമുദായത്തിനുണ്ടായിരുന്നത്. ഇതവരുടെ രക്തത്തില്‍ അലിഞ്ഞു പോയിരുന്ന ഒരു തരം വൃത്തികെട്ട-നന്ദിയില്ലായ്മയുടെ വികാരമാണ്. നിലവിലുള്ള തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാരക പ്രതിമ പോലും ഉണ്ടാക്കാനും, സ്ഥാപിക്കാനും മെനക്കെട്ടത് പുലയ സമുദായക്കാരനല്ല. പക്ഷെ പട്ടികജാതിക്കാര നാണ്. ഇത്രയും നന്ദിയും നശോം കെട്ട ഒരു ജനത ലോകചരിത്ര ത്തില്‍ ഏതെങ്കിലും ഭൂപ്രദേശത്തുണ്ടോ എന്ന കാര്യം സംശയമാണ്.

ടി.ടി.കേശവന്‍ ശാസ്ത്രികള്‍ മുന്‍കൈയെടുത്തതുകൊണ്ടാണ് വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ ശവകുടീരത്തില്‍ സ്മാരകമായി ചിത്രകൂടം സ്ഥാപിക്കാനായത്. എന്നിട്ടും പില്‍ക്കാലത്ത് അയ്യന്‍കാളിയുടെ ബദ്ധശത്രുവെന്നാണ് ടി.ടി.കേശവന്‍ശാസ്ത്രികളെ ചില ചരിത്ര രചിതാക്കള്‍ വിശേഷിപ്പിച്ചുകൊണ്ട് ചരിത്രമെഴുതി ക്കളഞ്ഞത്. മരണാസനനായിക്കിടന്ന അയ്യന്‍കാളിയുടെ കിടയ്ക്കരുകില്‍ ഒരു സ്വന്തം മകനെപ്പോലെ മരുമകനായ കേശവന്‍ ശാസ്ത്രികള്‍ ഊണും ഉറക്കവും ഇളച്ചുണ്ടായിരുന്നു. വെങ്ങാനൂര്‍ സ്‌കൂളിനു സമീപം അയ്യന്‍കാളിയുടെ ഭൗതിക ശരീരം അടക്കം ചെയ്യുന്നതിനു പോലും സ്വന്തക്കാരാണെങ്കില്‍ പോലും പുലയര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും റോഡരുകില്‍ മറവു ചെയ്യാതിരിക്കാന്‍ പോലീസിനെപ്പോലും വിളിച്ചു വരുത്തുകയുണ്ടായെങ്കിലും ദിവാന്‍ തുടങ്ങി ഉന്നതങ്ങളില്‍ ഇടപെട്ട് കേശവന്‍ ശാസ്ത്രികള്‍ അമ്മാവനെ അവിടെ തന്നെ നല്ലടക്കം ചെയ്തു. നിലവിലുണ്ടായിരുന്ന ചിത്രകൂടം പോലും പില്‍ക്കാലത്ത് ചില ചരിത്രവിരോധികള്‍ ഇടിച്ചു നിരത്തി മറ്റെന്തോ പണിതുയര്‍ത്തി. പക്ഷെ ഇന്നും ജനങ്ങള്‍ ചിത്രകൂടമായി തന്നെ കണക്കാക്കുന്നു. കൂടാതെ ചരിത്രത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ട നെയ്ത്തുശാലയും സാധുജനപരിപാലന സംഘത്തിന്റെ ആഫീസുകളും ഈ നരാധമന്മാര്‍ ഇടിച്ചു നിരത്തി. ഇനി അവശേഷിക്കുന്നത് ഒരു നൂറ്റാണ്ടിനുമുമ്പ് മഹാനായ അയ്യന്‍കാളി സ്വന്തം കൈയ്യാല്‍ സ്ഥാപിച്ച പുതുവല്‍ വിളാകം യു.പി.സ്‌കൂള്‍ മാത്രമാണ്. അതില്‍ ആരും കൈവയ്ക്കാത്തത് ചരിത്രത്തിന്റെ ഭാഗ്യമായി.

ചിത്രകൂടം നിര്‍മ്മിച്ചതിനുശേഷം വെങ്ങാനൂര്‍ പുത്തന്‍കാനത്ത് ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ശാഖയുടെ ശ്രമഫലമായി അയ്യന്‍കാളി സ്മാരകമായി ഒരു അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. പിന്നീട് സ്മാരക നിര്‍മ്മാണത്തിനായി ആരും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ഇതിനിടെ കേരള ഹിന്ദുമിഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന രണ്ട് വ്യത്യസ്തയോഗങ്ങളില്‍ അയ്യന്‍കാളിയുടെ പ്രതിമസ്ഥാപനവുമായി ഓരോ കമ്മറ്റികള്‍ രൂപീകരിച്ചു. പക്ഷെ ഒന്നും പിന്നീട് സംഭവിച്ചില്ല. കമ്മറ്റികള്‍ തെരഞ്ഞെടുത്തു പോയതിനപ്പുറം ഒന്നും നടന്നുമില്ല.

സാധുജനപരിപാലന സംഘം വഴിയും, ശ്രീമൂലം പ്രഭാസഭവഴി യും, അല്ലാതെയും അയിത്തജാതികളുടെ അവകാശങ്ങളും അവശതകളും പരിഹരിക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മഹാനായ അയ്യന്‍കാളിയുടെ, കേരളത്തിലെ നവോത്ഥാനത്തിന്റെ നടുനായകന് അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ ഒരുസ്മാരകം ഉണ്ടാകാത്തതില്‍ സമുദായത്തിലെ ചരിത്രബോധവാന്മാര്‍ക്കിടയില്‍ ഉത്ക്കണ്ഠയുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് 1977-ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയും, ഹരിജനക്ഷേമ മന്ത്രി കെ.കെ.ബാലകൃഷ്ണനും, കെ. പി.മാധവന്‍ എക്‌സ് എം.പി.യും ചേര്‍ന്ന് ഒരു ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ അവിചാരി തമായിട്ടായിരുന്നു അയ്യന്‍കാളിയുടെ ഒരു പ്രതിമ തിരുവനന്ത പുരത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. അതെത്തുടര്‍ന്ന് 1977 ഡിസംബര്‍ 25ന് തിരുവനന്തപുരം ഹിന്ദുമതഗ്രന്ഥശാലാഹാളില്‍ പട്ടികജാതി ഉദ്യോഗസ്ഥന്മാരുടെയും മറ്റും ഒരു സമ്മേളനം കെ.കെ.ബാലകൃഷ്ണന്‍ മുന്‍കൈയെടുത്തു വിളിച്ചുചേര്‍ത്തു. യോഗത്തില്‍ കെ.കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ എസ്.വരദരാജന്‍ നായര്‍, കെ.ആര്‍.ഇലങ്കത്ത്, ആര്‍.പരമേശ്വരന്‍പിള്ള, കെ.വി.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതെതുടര്‍ന്ന് സമുദായാചാര്യന്‍ അയ്യന്‍കാളിയുടെ ഒരു പൂര്‍ണകായ വെങ്കലപ്രതിമ തിരുവനന്തപുരത്ത് വെള്ളയമ്പലം സ്‌ക്വയറില്‍ സ്ഥാപിക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയും പ്രതിമാസ്ഥാ പനത്തിനായി കെ.കെ.ബാലകൃഷ്ണന്‍ രക്ഷാധികാരിയും, കെ.പി.മാധവന്‍ കണ്‍വീനറുമായി 'ശ്രീ അയ്യന്‍കാളി പ്രതിമാനിര്‍മ്മാണ കമ്മറ്റി' ഒരു നിവേദനം ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ സ്‌ക്വയര്‍ അനുവദിക്കാന്‍ തയ്യാറായെങ്കിലും നിരവധി സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരിനുമേലുണ്ടായി. അത് അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി അയ്യന്‍കാളിയുടെ 130-ാമത് ജന്മദിനത്തില്‍ പങ്കെടുത്തു കൊണ്ട് വെള്ളയമ്പലത്തു വച്ചുതന്നെ ഇങ്ങനെ പറഞ്ഞു: 'അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് വെള്ളയമ്പലത്ത് സ്ഥലം നല്‍കാതിരിക്കാന്‍ പല സമ്മര്‍ദ്ദങ്ങളു മുണ്ടായി. എന്റെ സ്വന്തം നിലയില്‍ സ്ഥലം അനുവദിക്കാനു ള്ളതീരുമാനം എടുത്തപ്പോള്‍ ഭൂമികുലുക്കം തന്നെ ഉണ്ടായി. അയ്യന്‍കാളിയുടെ പ്രതിമ കവടിയാര്‍ രാജകൊട്ടാരത്തിനഭി മുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തു തന്നെ ഒരു ബിഷപ്പ് പാലസുമുണ്ട്. പ്രമുഖര്‍ താമസിക്കുന്ന പി.ടി.പി.നഗര്‍ ജവഹര്‍നഗര്‍ തുടങ്ങിയ അനേകം ഹൗസിംഗ് കോളനികളില്‍ നിന്നുവരുന്നവര്‍ ഈ പ്രതിമക്കുവലം വച്ചു വേണം നഗരത്തില്‍ പ്രവേശിക്കുവാന്‍. പ്രതിമസ്ഥാപിച്ചതില്‍ പിന്നെ മഹാരാജാവും കുടുംബവും വെള്ളയമ്പലം വഴിയാത്ര ചെയ്തിട്ടില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു. അവിടെ പ്രതിമസ്ഥാപിച്ചപ്പോള്‍ ഭൂമി കുലുക്കമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല' 1. പ്രതിമ മദ്രാസില്‍ നിന്നും കൊണ്ടുവരുമ്പോള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ ഇപ്രകാരം പറഞ്ഞു: 'പ്രതിമസ്ഥാപിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പാണുള്ളത്. എന്നാല്‍ കേരളത്തില്‍ ആരുടെയെങ്കിലും പ്രതിമസ്ഥാപിക്കുന്നുവെങ്കില്‍ അത് അയ്യന്‍കാളിയുടെ പ്രതിമയാവണം എന്ന ശക്തമായ അഭിപ്രായം എനിക്കുണ്ട്. വെള്ളയമ്പലത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചുകൂടി അദ്ദേഹം തുടര്‍ന്നു: വെള്ളയമ്പലം സ്‌ക്വയറിന്റെ പ്രാധാന്യം നിങ്ങള്‍ക്കറിയാമോ? തിരുവനന്തപുരത്തിന്റെ കണ്ണായ സ്ഥലമാണത്. അവിടെ ആരുടെ പ്രതിമയാണ് ആദ്യം സ്ഥാപിക്കാനൊരുങ്ങിയതെന്നോ? സ്വദേശാഭിമാനിരാമകൃഷ്ണ പിള്ളയുടേത്. ആ പ്രതിമ അവിടെ സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ആ ഉദ്യമം അന്ന് നിലവിലിരുന്ന മന്ത്രിസഭയുടെ പതനത്തിനു തന്നെ കളമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു' 2

ഒടുവില്‍ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കാന്‍ എ.കെ.ആന്റ ണി മന്ത്രിസഭ വെള്ളയമ്പലം സ്‌ക്വയര്‍ അനുവദിച്ചു. എന്നാല്‍ മന്ത്രിസഭ നിലവിലില്ലാതായതു കാരണം ഉത്തരവു പുറപ്പെടു വിക്കാന്‍ സാധിച്ചില്ല. പക്ഷെ പ്രശ്‌നങ്ങള്‍ നിരവധിയുണ്ടായി. ഈ ഘട്ടത്തില്‍ അയ്യന്‍കാളിയുടെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കു ന്നതിനെക്കുറിച്ച് പ്രതിമാനിര്‍മ്മാണക്കമ്മറ്റി ഗൗരവമായി ആലോചിച്ചു. അങ്ങിനെ കക്ഷിഭേദങ്ങള്‍ക്കും ജാതിമതവിഭാഗീയ ചിന്തകള്‍ക്കും അതീതമായി പട്ടികജാതിക്കാ രുടെ എല്ലാവിധ പുരോഗതിയും ലക്ഷ്യമിട്ട് 'ശ്രീ അയ്യന്‍കാളി ട്രസ്റ്റ്' രൂപീകരിച്ചു. കെ.കെ.ബാലകൃഷ്ണന്‍, കെ.പി.മാധവന്‍, പി.കെ.ചാത്തന്‍മാസ്റ്റര്‍, പി.ശശിധരന്‍, ഡി.ചെല്ലപ്പന്‍ വൈദ്യര്‍ എന്നിവര്‍ സ്ഥാപകരായും കെ.കെ.ബാലകൃഷ്ണന്‍, കെ.പി.മാധവന്‍, പി.ശശിധരന്‍, പി.കെ.ചാത്തന്‍മാസ്റ്റര്‍, കെ.രാഘവന്‍ എന്നിവര്‍ പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും കെ.കുഞ്ഞമ്പു, ഡോ.സി.ഗംഗാധരന്‍, ഡി.ചെല്ലപ്പന്‍ വൈദ്യര്‍, ജി.സോമന്‍, കെ.തങ്കമ്മ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും 'ശ്രീ അയ്യന്‍കാളി സ്മാരക ട്രസ്റ്റ്' 1979 ഫെബ്രുവരി 8-ന് രജിസ്റ്റര്‍ ചെയ്തു. ട്രസ്റ്റ് നിലവില്‍ വന്നുവെങ്കിലും വെള്ളയമ്പലം സ്‌ക്വയര്‍ അയ്യന്‍കാളി സ്‌ക്വയര്‍ എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍ ഹരിജനക്ഷേമമന്ത്രി ദാമോദരന്‍ കാളാശ്ശേരി മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരെകണ്ട് സംസാരിച്ചതിനെത്തുടര്‍ന്ന് 1979 ജൂണ്‍ 12ന് സര്‍ക്കാര്‍ ഉത്തരവുമൂലം വെള്ളയമ്പലം സ്‌ക്വയറിന്റെ പേര് ശ്രീ അയ്യന്‍കാളി സ്‌ക്വയര്‍ എന്ന് മാറ്റുകയുംഅയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കാന്‍ ട്രസ്റ്റിന് അനുമതി നല്‍കുകയും ചെയ്തു. ജൂബാ രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സിറ്റി കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിറ്റിന്റെ തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള കെട്ടിടത്തില്‍ അയ്യന്‍കാളി സ്മാരക ട്രസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. 1979 ജൂലൈ 15ന് കെ.കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മന്ത്രി ദാമോദരന്‍ കാളാശ്ശേരി ട്രസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടത്തി. കുട്ടനാട്ട് രാമകൃഷ്ണപിള്ള, ജൂബാരാമ കൃഷ്ണ പിള്ള തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചെയ്തു. 1979 ആഗസ്റ്റ് 12ന് കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ വച്ച് കെ.കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഗവര്‍ണര്‍ ജോതി ചെങ്കിടചെല്ലം നിര്‍വ്വഹിച്ചു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായര്‍ ഫണ്ടുപിരിവിന്റെ ഉദ്ഘാടനവും നടത്തുകയുണ്ടായി.

കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നതിന്റെ സൂചനയായി അയ്യന്‍കാളിയുടെ പ്രതിമനിര്‍മ്മിക്കുന്നതിനായി മദ്രാസിലുണ്ടായി രുന്ന പ്രസിദ്ധ ശില്പി എസ്രാഡേവിഡിനെ ഏര്‍പ്പാടു ചെയ്തു. ഇതിനിടെ പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തിക സഹായത്തിനായി മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരെ കണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി പ്രതിമ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഒരുലക്ഷം രൂപ അനുവദിച്ചു. പ്രതിമ സ്ഥാപിക്കുന്ന തിനു മുന്നോടിയായിട്ടുള്ള പീഠത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം 1980 ആഗസ്റ്റ് 18ന് കേരള ഗവര്‍ണര്‍ ജ്യോതി ചെങ്കിടചെല്ലം നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന ഗംഭീര യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി എന്‍.കെ.കൃഷ്ണന്‍, കെ.ആര്‍.ഇലങ്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്ന് മേയറായിരുന്ന എം.പി.പത്മനാഭന്‍ സംഭാവന കൂപ്പന്‍ വില്പന ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിമയുടെയും സ്‌ക്വയറിന്റെയും സംരക്ഷണ ചുമതല കോര്‍പറേഷന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മേയറുടെ നിര്‍ദ്ദേശം ട്രസ്റ്റ് അംഗീകരിക്കുകയും 1980 നവംബര്‍ 10ന് പ്രതിമ അനാവരണ ത്തിനുശേഷം സംരക്ഷണചുമതല തിരുവനന്തപുരം കോര്‍പ്പറേഷന് കൈമാറുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റന്മാരായിരുന്ന എബ്രഹാംലിങ്കന്റെയും, ഐസന്‍ ഹോവറുടെയും, കെന്നഡിയുടെയുമൊക്കെ പ്രതിമകള്‍നി ര്‍മ്മിച്ച് പ്രശസ്തനായിരുന്ന എബ്രാഡേവിഡ് ഇതിനകം തന്നെ മദിരാശിയില്‍ അയ്യന്‍കാളിയുടെ പ്രതിമ നിര്‍മ്മാണം പൂര്‍ത്തീക രിച്ചിരുന്നു. ക്രൈസ്തവമതം സ്വീകരിച്ചിരുന്ന ശില്പി എസ്രാ ഡേവിഡ് അയ്യന്‍കാളിയുടെ തന്നെ അടുത്ത ബന്ധുകൂടി ആയിരുന്ന വിവരം പിന്നീടാണ് അറിവായത്. രക്തബന്ധമുള്ള ആളുതന്നെയായിരുന്നു അയ്യന്‍കാളിയുടെ മനോഹരവും ജീവസുറ്റതുമായ പ്രതിമ നിര്‍മ്മിച്ചതെന്നത് ശ്രദ്ധേയമാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച അയ്യന്‍കാളിയുടെ പ്രതിമ 1980 ഒക്‌ടോബര്‍ 26ന് മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് മലയാള സിനിമയിലെ എക്കാലത്തേയും എവര്‍വണ്‍ ഹീറോ ആയ പ്രസിദ്ധ നടന്‍ പ്രേംനസീറിന്റെ നേതൃത്വത്തില്‍ മലയാളി സമാജം, ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍, കേരള ആര്‍ട്‌സ് സെന്റര്‍, കേരള ചലച്ചിത്രപരിഷത്ത് എന്നിവ ചേര്‍ന്ന് സമുജ്ജലമായ ഒരു സ്വീകരണം നല്‍കി. സ്വീകരണയോഗത്തില്‍ ജസ്റ്റിസ് പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംബന്ധിച്ച് ആശംസപ്രസംഗം നടത്തിയ നടന്‍ പ്രേംനസീര്‍ ഇങ്ങനെ പ്രതികരിച്ചു: ''ഭാരതത്തിന്റെ - ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ അജയ്യനായ, ധീരനായ യോദ്ധാവാണ് അയ്യന്‍കാളി. ജീവിതകാലത്ത് അദ്ദേഹത്തെ ചങ്ങല കൊണ്ട് ബന്ധിക്കാന്‍ പലരും ശ്രമിച്ചു. ആ ചങ്ങലകളെല്ലാം പൊട്ടിക്കാനുള്ള കരുത്തും ധീരതയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ പ്രകടമായ തെളിവാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പല പ്രാവശ്യം ചങ്ങലകള്‍ പൊട്ടിപ്പോയത്. ഒരു ശക്തിക്കും ബന്ധിക്കാനാവാത്ത അജയ്യശക്തി യായിരുന്നു ശ്രീ അയ്യന്‍കാളി. അവശ സമുദായക്കാരുടെയെല്ലാം നേതാവാണ് അയ്യന്‍കാളിയെന്നും, ഇന്നു നാം അനുഭവിക്കുന്ന സമത്വത്തിനു കാരണം അയ്യന്‍കാളിയെപ്പോലുള്ള സേനാനികളാ ണെന്നും ഉള്ള വസ്തുത നാം ഒരിക്കലും വിസ്മരിച്ചു കൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യന്‍കാളിയുടെ ജീവിതം ഒരു ഡോക്കുമെന്ററിയായി ചിത്രീകരിക്കണമെന്ന് ചലച്ചിത്ര പരിഷത്ത് പ്രസിഡന്റുകൂടിയായ നസീര്‍ പറഞ്ഞു.'' 3 കൂടാതെ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി.മാധവന്‍, കെ.കുഞ്ഞമ്പു എം.പി.എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സൗജന്യമായി വിട്ടുകൊടുത്ത ബസ് ബോഡിയില്‍ പ്രതിമഫിറ്റ് ചെയ്ത് അലങ്കരിച്ച് സ്വീകരണ സ്ഥലത്തു കൊണ്ടുവന്ന അയ്യന്‍കാളി പ്രതിമയില്‍ മേക്കപ്പ് ചെയ്തുനിന്ന പ്രേംനസീര്‍ പ്രതിമയോളം വലുപ്പമുള്ള റോസാപുഷ്പങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച മനോഹരമായ കൂറ്റന്‍ പുഷ്പഹാരം ആദ്യമായി അണിയിച്ചു. അതിനുശേഷം ഹാരാര്‍പ്പണങ്ങളുടെ ബഹളമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കുശേഷം മദിരാശിയില്‍ നിന്നും പ്രതിമ തിരുവനന്തപുര ത്തേയ്ക്കു പുറപ്പെട്ടു.

1980 ഒക്‌ടോബര്‍ 28ന് കേരളത്തിന്റെ അതിര്‍ത്തിയായ വാളയാറില്‍ വച്ച് ജനങ്ങള്‍ അയ്യന്‍കാളി പ്രതിമയ്ക്ക് ഗംഭീരമായ സ്വീകരണം നല്‍കി. ഇവിടെ വച്ച് ഡോ.സി.ഗം ഗാധരന്‍, ജി.സോമന്‍, ചെല്ലപ്പന്‍ വൈദ്യര്‍, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി കെ.ചന്ദ്രശേഖര ശാസ്ത്രി എക്‌സ്. എം.എല്‍.എ എന്നിവരും അവിടെ എത്തിച്ചേര്‍ന്നു. അവിടെനിന്നും അനൗര്‍സര്‍മാരുടെ ജീപ്പ്, അതിനുപുറകെ ഗായകസംഘത്തിന്റെ വാന്‍, അതിനു തൊട്ട് പ്രതിമാവാഹനം, പ്രതിമാവാഹനത്തിനു തൊട്ടുപിന്നാലെ അനേകം കാറുകളുടെ അകമ്പടിയോടെ ഘോഷയാത്രയായി പ്രതിമ യാത്രതുടര്‍ന്നു. കല്ലട ശശി രചിച്ച 'പാഞ്ചജന്യം അജയ്യനായ അയ്യന്‍കാളി' 'അതുല്യ വിപ്ലവകാരി-അയ്യന്‍കാളി!' എന്ന ഗാനങ്ങള്‍ പ്രതിമയുടെ ജൈത്രയാത്രയ്ക്ക് ആവേശം പകര്‍ന്നിരുന്നു. ''ഇന്നുമീ കുരുക്ഷേത്ര വര്‍ണ്ണസംഗ രഭൂവില്‍ നിന്നുയിര്‍കൊള്ളും പാഞ്ചജന്യമാണയ്യങ്കാളി....' ആവേശോജ്ജ്വലമായ ഗാനത്തിന്റെ ശ്രവണ മാധുരിയില്‍ പ്രതിമാവാഹനം ഗമിച്ചുകൊണ്ടിരുന്നു. പാലക്കാട് ജില്ലയിലുടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പ്രതിമാവാഹനം വൈകുന്നേരത്തോടെ പൂരത്തിന്റെ നാടായ തൃശൂരിലെത്തി. ഗംഭീരമായ സ്വീകരണമാണ് സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനത്ത് ലഭിച്ചത്. പിറ്റേന്ന് ചാലക്കുടി, കൊരട്ടിവഴി എറണാകുളം ജില്ലയിലെത്തി. ഇവിടെയും അതി ഭയങ്കര സ്വീകരണങ്ങളാണ് അയ്യന്‍കാളി പ്രതിമയ്ക്ക് വഴിനീളെ ലഭിച്ചത്. കലൂര്‍ മാതൃഭൂമി ഓഫീസിനുമുന്നില്‍വച്ച് പത്രാധിപന്മാരും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. പനമ്പള്ളി നഗര്‍, വൈറ്റില, തൃപ്പുണിത്തുറ എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. തുടര്‍ന്ന് കോട്ടയത്തിന്റെ വിവിധഭാഗങ്ങളിലും പ്രസിദ്ധമായ വൈക്കം ക്ഷേത്രനടയിലും അയ്യന്‍കാളി പ്രതിമയ്ക്ക് വീരോചിതമായ സ്വീകരണം ലഭിച്ചു. കടുത്തുരുത്തിയില്‍ വച്ച് കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ഹഡ് വീര്‍ ആദരപൂര്‍വ്വം അയ്യന്‍കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി 'ആന്‍ എക്‌സലന്റ് സ്റ്റാച്യു' എന്നു പറഞ്ഞ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.ബാലകൃഷ്ണന് ഹസ്തദാനം നല്‍കി. ചങ്ങനാശേരിയില്‍ എത്തിയ പ്രതിമയ്ക്ക്എസ്.ബി കോളേജ് ജംഗ്ഷനില്‍ സ്വീകരണംനടക്കു ന്നതിനിടയില്‍ ഏതോ വികൃതി പിള്ളേര്‍ കല്ലേറ് നടത്തിയത് നേതാക്കന്മാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം ഒരു വന്‍സംഘര്‍ഷം ഒഴിവായി. ഇവിടെ വച്ച് എന്‍.എസ്.എസിന്റെ ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തുകയുണ്ടായി. മന്നത്തു പത്മനാഭന്റെ സഹോദരനും അയ്യന്‍കാളിയുടെ സഹപ്രവര്‍ത്ത കനുമായ മന്നത്തു നാരായണന്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും പ്രതിമയെ ആ വന്ദ്യവയോധികന്‍ കെട്ടിപ്പുണരു കയും ചെയ്തത് പലരുടെയും കണ്ണുകളെ ഈറനണിയിച്ചു.

കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളുടെ നാടായ ആലപ്പുഴയിലെത്തിയ അയ്യന്‍കാളിയുടെ പ്രതിമയെ മൂവായിരത്തി ഒന്ന് ബാലികമാരുടെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. ആലപ്പുഴയില്‍ അയ്യന്‍കാളി പല പ്രാവശ്യം സന്ദര്‍ശനം നടത്തിയിരുന്നതാണ്. തിരുവല്ല, പുല്ലാട്, പൊയ്കയില്‍ യോഹന്നാന്റെ ജന്മംകൊണ്ട് പവിത്രമായ ഇരവിപേരൂര്‍, ആറന്മുള, ചെങ്ങന്നൂര്‍, കൊല്ലക്കടവ്, ചുനക്കര എന്നിവിടങ്ങലില്‍ ഭയങ്കര സ്വീകരണങ്ങളായിരുന്നു. ഇരവിപേരൂരില്‍ പൊയ്കയില്‍ യോഹന്നാന്റെ സഹധര്‍മ്മിണി (പി.ആര്‍.ഡി.എഡ്-രക്ഷാധികാരി) ജ്ഞാനമ്മയും ആറാട്ടുപുഴയില്‍ മുന്‍മന്ത്രി ദാമോദരന്‍ കാളാശ്ശേരിയും ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് മാവേലിക്കര വഴി കായംകുളത്തെത്തി. അവിടെ നിന്നും കൊല്ലം-പെരിനാട്ടിലേയ്ക്കുള്ള യാത്രയില്‍ കൊട്ടാരക്കര ജംഗ്ഷനില്‍വച്ച് ചെമ്പന്‍കുഞ്ഞായും, വേലുത്തമ്പിദളവയായും സിനിമയില്‍ നിറഞ്ഞുനിന്ന മലയാളത്തിന്റെ പ്രശസ്തനടന്‍ കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഒരു പൂമാല കേട്ടുവാങ്ങി മലയാളത്തിന്റെ പൊന്നോമന പുത്രനായ അയ്യന്‍കാളിയുടെ പ്രതിമയില്‍ ചാര്‍ത്തിയത് അവിടെകൂടിയവരെ കോള്‍മയില്‍ കൊള്ളിച്ചു. ഒടുവില്‍ അയ്യന്‍കാളി വീരേതിഹാസം രചിച്ച പെരിനാട്ടിന്റെ മണ്ണിലെത്തി. കല്ലമാല സമരത്തിന് വേദിയായ പൊരിനാട്ടില്‍വച്ച് ആബാലവൃദ്ധം കീഴാള ജനങ്ങള്‍ ആനന്ദനൃത്തം ചെയ്താണ് ആ വീരകേസരിയുടെ പ്രതിമയെ സ്വീകരിച്ചത്. അവിടെ നിന്നും യാത്ര തിരിച്ച പ്രതിമാവാഹനം കൊല്ലം, പോളയത്തോട്, കൊട്ടിയം, ചാത്തന്നൂര്‍ വഴി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു പിറന്ന മണ്ണിന്റെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍. പാരിപ്പള്ളിയില്‍ വച്ച് തിരുവനന്തപുരം ജില്ലക്കാര്‍ പ്രതിമ ഏറ്റുവാങ്ങി. ആറ്റിങ്ങല്‍, കോരാണി, മംഗലാപുരം, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലും സ്വീകരണം കഴിഞ്ഞു. കഴക്കൂട്ടംഅയിത്തജാതിക്കാര്‍ക്കുവേണ്ടി അയ്യന്‍കാളി പടപൊരുതിയ നാടായിരുന്നു. കാര്യവട്ടം, ശ്രീകാര്യം, ഉള്ളൂര്‍ വരെ എത്തിയപ്പോള്‍ പൂമാലയുമായി കാത്തുനിന്ന പ്രതിപക്ഷ നേതാവ് ലീഡര്‍ കെ.കരുണാകരന്‍ മഹാനായ അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഹരിജനങ്ങള്‍ക്കായി ഏത് അര്‍ദ്ധരാത്രിയിലും തന്റെ വീടിന്റെ വാതയാനങ്ങള്‍ തുറന്നിട്ടിരുന്ന കെ.കരുണാകരന്റെ ഹാരാര്‍പ്പണം ശ്രദ്ധേയമായി.

കേശവദാസപുരത്ത് വച്ച് ഭാര്‍ഗവിതങ്കപ്പന്‍ എം.എല്‍.എ, ഡോക്ടര്‍ബാബു വിജയനാഥ് തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പട്ടത്തുവച്ച് മാര്‍ ബനഡിക്ട് ഗ്രിഗോറിയസ് തിരുമേനി ഹാരാര്‍പ്പണം നടത്തി. കവടിയാര്‍ കൊട്ടാരത്തിനു മുന്നില്‍ അരലക്ഷത്തോളം വരുന്ന ജനങ്ങള്‍ സ്വീകരണം നല്‍കിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ഒരാള്‍പോലും എത്താതിരുന്നത് ചരിത്രത്തില്‍ എന്നും ക്വോറിയിടുന്ന കറുത്ത സംഭവമായി മാറി. വഴയില, കരകുളം, പഴകുറ്റി, പൂവച്ചല്‍ വഴി കാട്ടാക്കടയെത്തിയപ്പോള്‍ മന്ത്രി എന്‍.കെ.കൃഷ്ണന്‍ പങ്കെടുത്ത പൊതുസമ്മേളനം സ്വീകരണം നല്‍കി. പ്രതിമയും സംഘവും കണ്ടളയിലെത്തുമ്പോള്‍ മറ്റൊരു ചരിത്ര നിമിഷം കുറിക്കാതെ പോകുന്നത് ശരിയല്ല. 1915-ലെ ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശന ലഹളയാണ് കണ്ടള ലഹളയെന്നും പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഈ ലഹള പടര്‍ന്നുപിടിച്ചാണ് നെയ്യാറ്റിന്‍കര താലൂക്കിലാകമാനം തൊണ്ണൂറാം മാണ്ട് ലഹളയായി മാറിയത്. പൂജാരി അയ്യന്റെ മകള്‍ പഞ്ചമി എന്ന ബാലികയേയും കൊണ്ട് അയ്യന്‍കാളിയും സംഘവും ഊരുട്ടമ്പലം സ്‌കൂളില്‍ വിദ്യാലയ പ്രവേശന ഉത്തരവിനെ തുടര്‍ന്നെത്തി. കണ്ടല വച്ചുതന്നെ സവര്‍ണ പരിശകള്‍ ലഹള തുടങ്ങിയെങ്കിലും അയ്യന്‍കാളി പഞ്ചമിയെ നിര്‍ബന്ധപൂര്‍വ്വം ബഞ്ചില്‍ കൊണ്ടിരുത്തുക തന്നെ ചെയ്തു. മറ്റെല്ലാ ജാതികുട്ടികളും ക്ലാസ്സില്‍ നിന്നും ഓടിപ്പോയി. അന്നുരാത്രി തന്നെ സവര്‍ണമാടമ്പിമാര്‍ സ്‌കൂള്‍ ചുട്ടുചാമ്പലാ ക്കിയെങ്കിലും പഞ്ചമി ഇരുന്ന ബഞ്ചുമാത്രം വെന്തില്ല. ആ ബഞ്ചാണ് ഇന്നും സ്‌കൂളില്‍ സൂക്ഷിച്ചിരിക്കുന്ന തെന്ന് പഞ്ചമിയുടെ അയല്‍ക്കാരി തങ്കമ്മയെന്ന നായര്‍ സ്ത്രീ ഏതാനും വര്‍ഷം മുന്‍പ് വെളിപ്പെടുത്തുക യുണ്ടായി. ഇതെത്തുടര്‍ന്നാണ് അയ്യന്‍കാളിയുടെ തലകൊയ്തു കൊണ്ടുവരുന്നവന് 1000 രൂപ പാരിതോഷികവും ജീവനോടെ കൊണ്ടുവരുന്നവന് 5000 രൂപയും സവര്‍ണ തമ്പ്രാക്കള്‍ ഇനാം പ്രഖ്യാപിച്ചത്. ഇവിടെ അതിഗംഭീരമായ വടക്കന്‍ കളരിപ്പയറ്റോടും തെക്കന്‍ കളരിപ്പയറ്റോടുമാണ് അയ്യന്‍കാളി പ്രതിമയെ വരവേറ്റത്. മണ്ണടിക്കോണം, തൊഴുക്കല്‍, വഴുതൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണങ്ങള്‍ക്കുശേഷം നെയ്യാറ്റിന്‍കരയെത്തി. തുടര്‍ന്ന് അയ്യന്‍കാളിയുടെ ജന്മദേശമായ മുക്കോല-പെരുങ്കാറ്റുവിളയില്‍ സമൂഹസദ്യയോടെയാണ് തങ്ങളുടെ മഹാനായ ജനനായകനെ വരവേറ്റത്.

ചപ്പാത്ത്, പുളിങ്കുടി, ചൊവ്വര എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം നവംബര്‍ 5ന് വൈകുന്നേരം 3.15നാണ് അയ്യന്‍കാളിയുടെ ജനനം കൊണ്ട് സംപൂജ്യമായ മുക്കോലയെ ത്തിയത്. ആ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും ജാതി-മതഭേദമന്യേ അയ്യന്‍കാളി പ്രതിമയ്ക്ക് സ്വീകരണം നല്‍കാന്‍ മുക്കോല ജംഗ്ഷനിലെത്തിയിരുന്നു. ഒരു മനുഷ്യ മഹാസമുദ്രം തന്നെ ആയിരുന്നു അവിടെ. മുക്കോല ജംഗ്ഷനു അല്പം വടക്കുമാറിയാണ് ചരിത്രത്തിലെ പെരുങ്കാറ്റുവിള. അവിടെ നൂറ്റി പത്തൊന്‍പതു വര്‍ഷം മുന്‍പ് അയ്യന്റെയും മാലയുടെയും സീമന്ത പുത്രനായിട്ടാണ് അയ്യന്‍കാളി ജനിച്ചു വീണത്. അന്നാരും അയ്യന്‍കാളി കേരള ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കരുതീട്ടുണ്ടാവില്ല. എന്നാല്‍ മറ്റൊരു അപ്രിയ സത്യം കൂടിപ്പറയട്ടെ. അയ്യനും, മലയ്ക്കും ആദ്യ പുത്രനായി പിറന്നത് കരുത്തുടിയന്‍ കാളി എന്നൊരു മകനായിരുന്നുവെന്നും അയാള്‍ വളര്‍ന്ന് പ്രായമായപ്പോള്‍ ഒരു ആശാരിസ്ത്രീയെ ഭാര്യയായി സ്വീകരിച്ചുവെന്നും അതോടെ എന്നന്നേയ്ക്കുമായി വീട്ടില്‍ നിന്നും പുറത്താക്കിയെന്നും അയ്യന്‍കാളിയെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ നെയ്യാറ്റിന്‍കരയ്ക്കും കാരക്കോണത്തിനും ഇടയ്ക്കുവച്ച് ചിലരില്‍ നിന്നും കേട്ടറിവുണ്ട്. അത് എത്ര കണ്ട് വിശ്വാസയോഗ്യമാണെന്ന് പറയാന്‍ കഴിയില്ല. പാലിയോട്ട് അപ്പിയമ്മയെന്നൊരു വൃദ്ധ ജീവിച്ചിരിപ്പുണ്ട്. ഏതാണ്ട് 96 കഴിഞ്ഞ അവരുടെ വീട്ടിലെത്തിയപ്പോഴും ഇതേവാര്‍ത്ത കേട്ടിരുന്നു. എന്തായാലും അയ്യന്‍-മാല ദമ്പതിമാരുടെ ആദ്യപുത്രന്‍ അയ്യന്‍കാളിയെന്നാണ് ചരിത്രത്തിലുള്ളത്.

മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അയ്യന്‍കാളിയെ ഇങ്ങനെ നിര്‍വ്വചിച്ചതായി കേട്ടിട്ടുണ്ട്. അയ്യന്‍-ശിവന്‍, കാളി-ശക്തി. അപ്പോള്‍ അയ്യന്‍കാളിയെന്നത് ശിവശക്തിയെന്നാണ്. യഥാര്‍ത്ഥത്തില്‍ അതായിരുന്നില്ലെ അയ്യന്‍കാളിയെന്ന മഹാന്‍. 110 വയസ്സുവരെ ജീവിച്ചു മരിച്ച അയ്യനും, 112 വയസ്സുവരെ ജീവിച്ചു മരിച്ച മാലയും, അവരുടെ മക്കളായ ചാത്തന്‍, ഗോപാലന്‍, കണ്ണ, പി.ഐ വേലുക്കുട്ടി (അയ്യന്‍കാളിയുടെ അനുജനായ വേലുക്കുട്ടിയുടെ ഇന്‍ഷ്യല്‍ പി.ഐ എന്നു വന്നത് ദുരൂഹമാണ്), ചാത്ത എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നതും പെരുങ്കാറ്റുവിളയിലാണ്. പെരുങ്കാറ്റു വിളയില്‍ അയ്യന്‍കാളി ജനിച്ച വീട് ഇന്നവിടെയില്ല. ആ സ്ഥാനത്ത് അയ്യന്‍കാളിയുടെ സഹോദരി പുത്രിയുടെ വീടാണ് കാണുന്നത്. അയ്യന്‍കാളിയും ഭാര്യ മഞ്ചാംകുഴി ചെല്ലമ്മയും ദീര്‍ഘകാലം വീടുവച്ച് പാര്‍ത്തിരുന്നത് തെക്കേവിളയിലാണ്. തെക്കേവിളയിലും അയ്യന്‍കാളിയുടെ വീടില്ല. വീട്ടിനുമുന്നിലെ കിണര്‍ ഇപ്പോഴും അവിടെ കാണാം. വീടിരുന്ന ഭാഗം മുഴുവന്‍ കാടുകയറികി ടക്കുന്നു. അവിടെ മറ്റ് രണ്ട് വീടുകള്‍ കൂടി ഉണ്ടായിരുന്നതായി അയ്യന്‍കാളിയുടെ ബന്ധുവായ സി.വിശ്വനാഥന്‍ (തൊട്ടടുത്തു താമസം) പറയുകയുണ്ടായി. അവിടെയും ഒരു അപ്രിയ വിവരം പറയാതെ വയ്യ. അയ്യന്‍കാളിയുടെ കാലശേഷം അയ്യന്‍കാളിയുടെ വീടും മറ്റ് രണ്ട് വീടുകളും അനുജന്‍ വേലുക്കുട്ടി തീവച്ചതായി അന്വേഷണത്തില്‍ കേട്ടു. അയ്യന്‍കാളി സ്ഥാപിച്ച പുതുവല്‍ വിളാകം സ്‌കൂള്‍ മകള്‍ തങ്കമ്മയ്ക്ക് കൊടുത്തതിലുള്ള അരിശമാണ് വേലുക്കുട്ടിയെ പ്രകോപിതനാക്കിയതും വീടു തീവയ്ക്കാന്‍ പ്രേരിപ്പിച്ചതുമെന്ന് പറയപ്പെടുന്നു. അതോടെ വേലുക്കുട്ടി കൊച്ചിയിലേയ്ക്കു സ്ഥലം വിട്ടു പോവുകയായി രുന്നത്രെ. ഈ അപ്രിയ സത്യങ്ങള്‍ രേഖപ്പെടുത്തരുതെന്നാണ് ചിലര്‍ പറഞ്ഞതെങ്കിലും ചരിത്രമെഴുതുമ്പോള്‍ സത്യം മൂടിവെയ്ക്കാന്‍ പാടില്ലന്നാണ് പഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇവിടെ രേഖപ്പെടുത്താന്‍ മുതിര്‍ന്നത്. തെക്കേവിളയിലെ അയ്യന്‍കാളിയുടെ വീടിരുന്നതിന്റെ മുന്‍വശത്തായി നാലു സെന്റില്‍ അയ്യന്‍കാളിയുടെ ഭാര്യ ചെല്ലമ്മ, മക്കളായ പൊന്നു, ചെല്ലപ്പന്‍, കൊച്ചുകുഞ്ഞ്, മകള്‍ തങ്കമ്മ, പൊന്നുവിന്റെ മകന്‍ വെങ്ങാനൂര്‍ സുരേന്ദ്രന്‍ എന്നിവരുടെ അന്ത്യ വിശ്രമ സ്ഥലവും കാണാവുന്നതാണ്. അയ്യന്‍കാളിയുടെ ജന്മഭൂമിയില്‍ അവിടത്തെ പൗരാവലി ഗംഭീരമായ , തിളക്കമാര്‍ന്ന സ്വീകരണമാണ് അയ്യന്‍കാളി പ്രതിമയ്ക്ക് നല്‍കിയത്. അയ്യന്‍കാളിയുടെ ബന്ധുക്കളും ഇവിടെവച്ച് ഹാരാര്‍പ്പണം നടത്തുകയുണ്ടായി. അയ്യന്‍കാളിയുടെ സഹോദരങ്ങളില്‍ അന്ന് ജീവിച്ചിരുന്ന ഒരേ ഒരു സഹോദരി 90 കഴിഞ്ഞ ശ്രീമതി കുഞ്ഞി നിറമിഴികളോടെ മൂത്ത സഹോദരനായ അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി 'എന്റെ അണ്ണാ' എന്ന് വിളിച്ച് പ്രതിമയില്‍ ചുംബിച്ചത് അവിടെ കൂടി നിന്നവരെ കോരിത്തരിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തു. പിന്നീട് പ്രതിമാവാഹനത്തിന് ബാലരാമപുരം പള്ളിച്ചല്‍ എന്നിവിട ങ്ങളിലും വീരോചിത സ്വീകരണങ്ങള്‍ നല്‍കി. വെടിവച്ചാന്‍ കോവില്‍, പുന്നമൂട്, കേളേശ്വരം, പെങ്ങിമ്മല വഴി വെങ്ങാന്നൂര്‍ ചാവടി നടയിലെത്തുമ്പോള്‍ തങ്ങളുടെ വീരനായകന് കതിനാ വെടികളോടെ ആയിരുന്നു സ്വീകരണം നല്‍കിയത്. അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന ചിത്രകൂടത്തിന് മുന്നിലെത്തി. രാത്രി 9 മണിക്ക് എത്തിയ പ്രതിമയില്‍ പിറ്റേദിസം പുലര്‍ച്ച വരെ സ്വീകരണം നീണ്ടുനിന്നു. അവിടെ വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിത്രകൂടത്തില്‍ നിന്നും പ്രതിമ ഘോഷയാത്ര പുറപ്പെട്ടു. കല്ലുവെട്ടാന്‍കുഴി, വിഴിഞ്ഞം, പുല്ലൂര്‍കോണം, കോവളം വഴി വെള്ളാര്‍, വാഴമുട്ടം, പാച്ചല്ലൂര്‍, തിരുവല്ലം, അമ്പലത്തറ വഴി തലസ്ഥാനത്തേയ്ക്കു തിരിച്ചു. കടന്നു പോന്ന എല്ലാ ഭാഗത്തും അതിഗംഭീരമായ സ്വീകരണങ്ങളാണ് നല്‍കപ്പെട്ടത്.

മണക്കാട്, അട്ടക്കുളങ്ങര, കോട്ടയ്ക്കകം ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പ്രതിമയ്കു മുന്നില്‍നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും, അശ്വാരൂഢരായ പോലീസ് സേനയുടെയും അകമ്പടിയോടെ പോലീസ് ബാന്റ് മേളത്തോടെ വന്‍പിച്ച ജനാവലിയുടെ അകമ്പടിയോടെ കിഴക്കേക്കോട്ടയില്‍ എത്തിയപ്പോള്‍ അയ്യന്‍കാളിയുടെ അന്ന് ജീവിച്ചിരുന്ന ഇളയമകന്‍ കെ.ശിവതാണുപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് അച്ഛന്റെ പ്രതിമയില്‍ കെട്ടിപ്പിടിക്കുകയും ചെയ്തത് കാണികളില്‍ വല്ലാത്ത ഒരുവസ്ഥ സൃഷ്ടിച്ചു. അവിടെവച്ച് മറ്റ് പല പ്രഗത്ഭരും ഹാരാര്‍പ്പണം നടത്തി. പഴവങ്ങാടി, തമ്പാനൂര്‍, ഓവര്‍ ബ്രിഡ്ജ്, പുത്തന്‍ചന്ത, പുളിമൂട് വഴി പ്രതിമാഘോ ഷയാത്ര സ്റ്റാച്യു ജംഗ്ഷനിലെത്തിയപ്പോള്‍ വന്ദ്യവയോധികനായ ഡോ.ജി.ഒ.പാല്‍, കെ.പി.എം.എസ്.പ്രവര്‍ത്തകര്‍, ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ കുന്നുകുഴി 263-ാം നമ്പര്‍ ശാഖ സെക്രട്ടറി കുന്നുകുഴി മണി തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി. പ്രതിമ സ്ഥാപനത്തിനുശേഷമാണ് കുന്നുകുഴി ശാഖ കെ.പി.എം.എസിനു വിട്ടു കൊടുത്തത്. യൂണിവേഴ്‌സ് സിറ്റി കോളേജ് ജംഗ്ഷനില്‍ വച്ച് ബാര്‍ട്ടണ്‍ഹില്‍ കോളനി പൗരാവലിക്കു വേണ്ടി ഹാരാര്‍പ്പണം നടത്തി. പാളയം വഴി മ്യൂസിയം ജംഗ്ഷനിലെത്തിയ പ്രതിമയെ വെള്ളയമ്പലം സ്‌ക്വയര്‍ വരെ ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സംഘടിപ്പിച്ച പട്ടികജാതി ബാലികമാരുടെ താലപ്പൊലിയുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് വരവേറ്റത്. വാളയാര്‍ മുതല്‍ വെള്ളയമ്പലം സ്‌ക്വയര്‍ വരെലക്ഷോപിലക്ഷം ജനങ്ങളാണ് അയ്യന്‍കാളി പ്രതിമയ്ക്ക് സ്വീകരണം നല്‍കാന്‍ എത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്. കേരളത്തില്‍ മറ്റൊരു പ്രതിമയ്ക്കും ലഭിക്കാത്ത സമുജ്വല സ്വീകരണവും വരവേല്പുമാണ് മഹാനായ അയ്യന്‍കാളിയുടെ പ്രതിമയ്ക്ക് ലഭിച്ചത്. 1980 നവംബര്‍ 6ന് രാത്രി 10 മണിക്ക് പ്രതിമ വെള്ളയമ്പലം സ്‌ക്വയറിലെത്തി. രണ്ടുമൂന്നു ദിവസം കൊണ്ടു തന്നെ പ്രതിമ പീഠത്തില്‍ ഉറപ്പിച്ചു. 1980 നവംബര്‍ 10-ാം തീയതി വൈകുന്നേരം 6.30ന് വെള്ളയമ്പലം സ്‌ക്വയറില്‍ ചേര്‍ന്ന വന്‍പിച്ച പൊതു സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ പ്രിയദര്‍ശിനിയുമായ ശ്രീമതി ഇന്ദിരാഗാന്ധി കേരളം കണ്ട എന്നത്തേയും സമുന്നത നവോത്ഥാന നായകന്‍ ശ്രീ അയ്യന്‍കാളിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഒരു ജനമഹാസമുദ്രമായി മാറി വെള്ളയമ്പലവും പരിസരവും അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ലീഡര്‍ കെ.കരുണാകരന്‍, എ.കെ.ആന്റണി, പി.കെ.വാസുദേവന്‍നായര്‍, എം.കെ.കൃഷ്ണന്‍, മേയര്‍ എം.പി.പത്മനാഭന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കേരള ഗവര്‍ണര്‍ ജോതിവെങ്കിട ചെല്ലം,ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.ബാലകൃഷ്ണന്‍, കെ.പി.മാധവന്‍, പി.കെ.ചാത്തന്‍മാസ്റ്റര്‍, പ്രതമാ നിര്‍മ്മാണ ശില്പി എസ്രാഡേവിഡ് എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ വച്ച് ശില്പി എസ്രാഡേവിഡിന് ഇന്ദിരാഗാന്ധി സമ്മാനം നല്‍കി ആദരിച്ചു.

പ്രതിമ അനാവരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞു: അധഃസ്ഥിതരുടെ ആവേശ പ്രസ്ഥാനമായ ശ്രീ അയ്യന്‍കാളി സമൂഹസമത്വത്തിന്റെ ഉള്‍പ്രേരണയുടെ സമുജ്വലപ്രതീകമാണ്. സ്വ ജീവിതം സമൂഹ നന്മയ്ക്കായി ഉഴിഞ്ഞുവെച്ച ഇന്ത്യയുടെ മഹാനായ പുത്രനാണ് ശ്രീ അയ്യന്‍കാളി! കേരളത്തിനകത്ത് ഒതുക്കി നിറുത്താനാവാത്ത വിധം അദ്ദേഹം സര്‍വ്വ ശ്രേഷ്ഠനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പെന്ന പോലെ ഇന്നും പ്രസക്തിയുണ്ട്.'' 4 എങ്ങും കരഘോഷം മുഴങ്ങിനിന്നു. അതെ ഇന്ദിരാ പ്രിയദര്‍ശിനി വിശേഷിപ്പിച്ചതുപോലെ അയ്യന്‍കാളി ഇന്ത്യയുടെ മഹാനായ പുത്രന്‍ തന്നെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടുകണ്ട പ്രതിഭാശാലിയായ പുത്രന്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരി ക്കുമ്പോള്‍ ചെയ്ത ആദ്യത്തേയും അവസാനത്തേയുമായ പ്രതിമാ അനാവരണമായിരുന്നുഅയ്യന്‍കാളിയുടേത്.

കെ.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നിട്ടിറങ്ങിയതു കൊണ്ടാണ് അയ്യന്‍കാളി പ്രതിമ ഇന്ന് വെള്ളയമ്പലം സ്‌ക്വയറില്‍ തലയുയര്‍ത്തി നില്ക്കുന്നത്. പ്രതിമാ നിര്‍മ്മാണ സ്ഥാപനം കഴിഞ്ഞതോടെ സംഘടിച്ച് ശക്തരായി നിലകൊണ്ടിരുന്ന സമുദായ നേതാക്കന്മാരെല്ലാം അവരവരുടെ പാടു നോക്കി പോയി. അയ്യന്‍കാളിയുടെ പേരില്‍ രൂപീകൃതമായിരുന്ന ട്രസ്റ്റ് നാഥനില്ലാക്കളരിയായി. കെ.കെ.ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിര്യാണത്തോടെ അയ്യന്‍കാളി ട്രസ്റ്റ് ഫലത്തില്‍ ഇല്ലാതാവുകയും ട്രസ്റ്റ് ഓഫീസ് ഒഴിയുകയും ചെയ്തു. നിലവില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. അയിത്ത ജാതിക്കാരെ അതില്‍ നിന്നും മോചിപ്പിക്കുകയും വിദ്യാഭ്യാസവും അഭ്യുന്നതിയും കൈവരിക്കാന്‍ ഒരു നൂറ്റാണ്ടിനുമുന്‍പ് സവര്‍ണ മേധാവിത്വത്തോട് പൊരുതിക്കയറിയ ആ മഹാനുഭവന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വെള്ളയമ്പലം അയ്യന്‍കാളി സ്‌ക്വയര്‍ ചില ഛിദ്രശക്തികള്‍ റോഡു വികസനത്തിന്റെ പേരില്‍ വെട്ടിപ്പൊളിച്ച് ചെറുതാക്കാന്‍ ശ്രമിച്ചുവരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. വേണ്ടിവന്നാല്‍ അദ്ദേഹത്തിന്റെ പ്രതിമയും സ്‌ക്വയറും സംരക്ഷിക്കാന്‍ ആ ജനത രക്തം ചിന്താനും തയ്യാറാകുമെന്ന കാര്യം ഓര്‍ക്കുക. ചില സവര്‍ണ-കുത്തക മാധ്യമങ്ങളും അയ്യന്‍കാളി സ്‌ക്വയര്‍ വെട്ടിപ്പൊളിക്കാന്‍ കൂട്ടുനില്ക്കുന്ന കാര്യം പറയാതെ വയ്യ. അയ്യന്‍കാളി പ്രതിമയ്‌ക്കോ സ്‌ക്വയറിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഇവിടം രണഭൂമിയായി മാറുമെന്നത് തര്‍ക്കമില്ലാത്തതാണ്.

സഹായഗ്രന്ഥങ്ങള്‍/കുറിപ്പുകള്‍/റിപ്പോര്‍ട്ടുകള്‍

1. 'അയ്യന്‍കാളി പ്രതിമ സംരക്ഷിക്കണം' ദര്‍ശന ജ്യോതി-മാസിക, 1992 ഒക്‌ടോബര്‍ 15, പേജ് 9.
2. വെള്ളയമ്പലത്തിന്റെ പ്രാധാന്യം-സി.അച്യുതമേനോന്‍, ശ്രീ അയ്യന്‍കാളി സ്മരണിക, 1982, പേജ്. 84
3. എ.കൃഷ്ണന്‍ വെങ്ങാനൂര്‍ നല്‍കിയ അയ്യന്‍കാളി പ്രതിമ സ്വീകരണത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരണങ്ങളില്‍ നിന്നും.
4. പ്രതിമാ സ്ഥാപന ദിനമായ 1980 നവംബര്‍ 10 ന് കുന്നുകുഴി എസ്.മണി തയ്യാറാക്കിയ പത്ര റിപ്പോര്‍ട്ടില്‍ നിന്നും.