"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കല്ലട ശശി: ദലിത് സാഹിത്യത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം


സാഹിത്യത്തില്‍ വയലാര്‍ രാമവര്‍മക്കും ഒഎന്‍വി കുറുപ്പിനും കലാരംഗത്ത് വി. സാംബശിവനും സമശീര്‍ഷനാണ് കല്ലട ശശി. കവി - കലാകാരന്‍, തൊഴിലാളിവര്‍ഗ സംഘടനാപ്രവര്‍ത്തകന്‍, സമുദായോദ്ധാരകന്‍, ഉദ്യോഗസ്ഥപ്രമുഖന്‍ എന്നീ മേഖലകളി ലെല്ലാം 'കഴിവ്' കൊണ്ട് മികച്ചുനിന്ന കല്ലട ശശി കേരളീയ സാമൂഹ്യ ചരിത്രത്തിലും സമകാലിക സാഹചര്യങ്ങളിലും പരാമൃഷ്ടരെപ്പോലെ അനുസ്മരിക്കപ്പെടുന്നില്ല. കല്ലട ശശിയുടെ സാമൂഹ്യ പദവി നിര്‍ണയിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശേഷികളല്ല പരിഗണിക്കപ്പെടുന്നത്, മറിച്ച് ഹീനജാതിയിലുള്ള അദ്ദേഹത്തിന്റെ പിറവിയാണ്. ശേഷികളാണ് പരിഗണിക്ക പ്പെട്ടതെങ്കില്‍ കവിയായ് പിറവികൊള്ളുന്ന 24 ആം വയസില്‍ തന്നെ മികച്ച കവിത കുറിച്ച ശശിക്ക് സാഹിത്യ ചരിത്രത്തി ലെന്നല്ല സാമൂഹിക ചരിത്രത്തിലും മികച്ച ഇടം തന്നെ ലഭ്യമാകുമായിരുന്നു. കീഴ്ജാതിയിലുള്ള പിറവി അദ്ദേഹം ചെയ്ത കുറ്റവും കൂടിയാണെന്ന് സാമൂഹിക ചരിത്രത്തിലു ടനീളവും സമീപകാലത്തും നമ്മള്‍ തിരിച്ചറിയുന്നു. 2016 ജനുവരി 16 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കടുത്ത ജാതിപീഢയേറ്റ് ആത്മഹത്യക്ക് വിധേയനായ രോഹിത് വെമുല എന്ന മാലാ സമുദായത്തില്‍ പെട്ട ദലിത് ഗവേഷണവിദ്യാര്‍ത്ഥി, 'എന്റെ ജന്മം തന്നെയാണ് ഞാന്‍ ചെയ്ത കുറ്റവും' എന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത് ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതാണ്. മികച്ച ഒരു കവിക്ക് 'ഉന്നതകുലജാതര്‍' എന്ന് അഹങ്കരിക്കുന്ന മറ്റ് കവികളുടെ ഇടയില്‍ ഇടംകിട്ടാതെ പോയതിനു പിന്നിലും പതിയിരുന്നു പ്രവര്‍ത്തിക്കുന്നത് ഹീനജാതിയിലുള്ള പിറവി എന്ന ഹിംസയാണ്.

കഴിവുകൊണ്ട് മികച്ചു നിന്നാലും പിറവി താണജാതിയിലാ ണെങ്കില്‍ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ ഒരാളുടെ പദവി സ്ഥാനപ്പെടുത്തുന്നത് കഴിവുകെട്ടവരുടെ ഇടയിലാണ് എന്നതാണ് ഇക്കാര്യത്തില്‍ നിലനിന്നുകാണുന്ന ഏറ്റവും വിചിത്രമായ വസ്തുത. ഈ പദവി നിര്‍ണയിക്കുന്നതിനുള്ള അധികാരം ഉന്നതകുലജാതരെന്ന് അഹങ്കരിക്കുന്നവരില്‍ മാത്രം നിക്ഷിപ്ത മായിരിക്കുന്നു എന്നത് അതിലെ ഏറ്റവും നൃശംസ്യമായ ഘടകവുമാണ്. വസ്തുതാപരമായ ഇത്തരം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടുവേണം കല്ലട ശശിയെ പോലെയുള്ളവരുടെ അനുസ്മരണക്കുറിപ്പ് ആംരംഭിക്കേണ്ടത്.

കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ ദലിത് സാഹിത്യകാരന്മാരെ കുറിച്ചുള്ള അധ്യായത്തില്‍ കല്ലട ശശിക്ക് സമുന്നത സ്ഥാനം ന്‌ലകി ആദരിക്കുന്നുണ്ട്. കവി എന്ന നിലക്ക് കല്ലട ശശിയുടെ മികവ് വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചെറു പ്രായം പരിഗണിക്കണമെന്ന് കവിയൂര്‍ മുരളി എടുത്തു പറയുന്നു. ഡോ. ജോര്‍ജ് കെ അലക്‌സും ഡോ. എലിസബത്ത് ജോണും ചേര്‍ന്നെഴുതിയ ദലിത് സാഹിത്യകാരന്മാ രെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തിലും കല്ലട ശശിയെ കുറിച്ച് എഴുതിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ കിഴക്കേ കല്ലടയില്‍ പൊയ്കയില്‍ വീട്ടില്‍ കേശവന്റേയും വെളുത്തകുഞ്ഞിന്റേയും മൂത്തമകനായി 1932 ജനുവരി 13 ന് തേവലക്കരയില്‍ ജനിച്ച കെ ശശിധരനാണ് കല്ലട ശശിയായി അറിയപ്പെട്ടത്.

സ്വദേശത്തും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയത്തു പഠിക്കുന്ന കാലത്ത് ഹാസസാഹിത്യത്തിലെ ഇതിഹാസമായി മാറിയ വേളൂര്‍ കൃഷ്ണന്‍കുട്ടി സതീര്‍ത്ഥ്യനാ യിരുന്നു. കൊല്ലം എസ് എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1947 ല്‍ കൊല്ലത്തുനിന്നും ആരംഭിച്ച 'ജനയുഗം'വാരികയില്‍ ശശി എഴുതിയ തുണ്ടുകവിതകള്‍ പ്രസിദ്ധീകരിച്ചുവന്നു. ജനയുഗം പിന്നീട് സിപിഐയുടെ മുഖപത്രമായും ദിനപത്രമായും പ്രസിദ്ധീകരണം തുടര്‍ന്നു. ശശി എഴുതുന്ന കാലത്ത് തന്നെ വയലാര്‍ രാമവര്‍മ, ഒഎന്‍വി കുറുപ്പ്, വി. സാംബശിവന്‍, പുതുശ്ശേരി രാമചന്ദ്രന്‍, കാമ്പിശ്ശേരി കരുണാകരന്‍, തോപ്പില്‍ ഭാസി, പോറ്റിസാര്‍, കെ ജി പിള്ള എന്നിവരുമായി സമ്പര്‍ക്കം സ്ഥാപിച്ചു. വയലാറും കല്ലടയും ഒഎന്‍വിയും ഒരേ നിലവാരത്തില്‍ എഴുതുന്നവരായി വിലയിരുത്തപ്പെട്ടു. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മകള്‍' എന്ന ആത്മകഥയില്‍ ഇക്കാര്യം പ്രസ്താവിക്കുമ്പോള്‍ കല്ലട ശശിയെ അനുസ്മരിച്ചി ട്ടുണ്ട്. കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'കൗമുദി' വാരികയിലും ശശിയുടെ കവിതകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്.

കവി എന്ന നിലയില്‍ 'കഴിവ്' തെളിയിച്ചെങ്കിലും ശശി പരീക്ഷയില്‍ തോറ്റു. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഉപയോഗപ്പെടുത്തി ടെക്‌സ്റ്റൈല്‍ ടെക്‌നോളജി പഠിക്കാന്‍ തിരുവനന്തപുരത്തെത്തി. തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നതിനാല്‍ ആ കോഴ്‌സും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 1956 ല്‍ നെടുമങ്ങാട്ട് ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ആ വര്‍ഷം തന്നെ ആദ്യകൃതിയായ 'ഇന്ത്യയുടെ മകള്‍' പ്രസിദ്ധീകരിച്ചു.

'ഇന്ത്യയുടെ മകള്‍'ക്ക് അവതാരിക എഴുതിയത് തിരുനല്ലൂര്‍ കരുണാകരനാണ്. 'കരിയുന്ന താമരകളുടേയും ചിറകറ്റ പൈങ്കിളികളുടേയും ഈ ഗായകന് വിജയമാശംസിച്ചുകൊണ്ട്' അഭിമാനത്തോടുകൂടിയാണ് തിരുനല്ലൂര്‍ കരുണാകരന്‍ അവതാരിക എഴുതി അവസാനിപ്പിക്കുന്നത്. പില്ക്കാലത്ത് കഥാപ്രസംഗ ചക്രവര്‍ത്തിയായി അറിയപ്പെട്ട ശശിയുടെ സുഹൃത്ത് വി. സാംബശിവന്‍ ആദ്യം പറയുന്ന കഥ 'ഇന്ത്യയുടെ മകള്‍' ആണ്. കല്ലട ശശിക്ക് ഇന്ത്യയുടെ മകള്‍ പ്രസിദ്ധീകരി ക്കുന്ന കാലത്ത് 24 വയസ് മാത്രമേ പ്രായമായിരുന്നുള്ളൂ. ഇതേക്കുറിച്ച്, 'ഇത്ര ചെറുപ്പത്തിലേ കവിയെന്ന അംഗീകാരം കൈപ്പിടിയിലൊതുക്കിയ ഒരു ദലിതന്‍ - പണ്ഡിറ്റ് കറുപ്പനെ ഒഴിവാക്കിയാല്‍ - കേരളത്തിലില്ല' എന്ന് കവിയൂര്‍ മുരളി പരാമര്‍ശിക്കുന്നു. ഈ കൃതിയുടെ രണ്ടാം പതിപ്പ് 1990 ല്‍ കോട്ടയത്തെ നാഷനല്‍ ബുക്‌സ്റ്റാള്‍ പ്രസിദ്ധീകരിച്ചു. അതിന് മുന്‍കൈ എടുത്തത് പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിരുന്ന വി കെ നാരായണനാണ്.

രണ്ടാമത്തെ കവിതാസമാഹാര കൃതിയാണ് 'മഴക്കാറുകള്‍'. ഇതില്‍ ഉള്‍പ്പെട്ട 'ഓട്ടുവിളക്ക്' പഞ്ചാബി ഭാഷയിലേക്ക് മൊഴിമാറ്റം കൊള്ളുകയും പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുകയുമുണ്ടായി. 

നെടുമങ്ങാട്ടെ സ്‌കൂളില്‍ അധികനാള്‍ ജോലിചെയ്യേണ്ടിവന്നില്ല. 1957 ല്‍ ജില്ലാ പബ്ലിസിറ്റി ഓഫീസര്‍ തസ്തികകളിലൊന്നില്‍ ശശിക്ക് നിയമനം ലഭിച്ചു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലനിന്ന കാലത്താണ് ഈ നിയമനം. ആ മന്ത്രിസഭ നിലംപൊത്തിയശേഷം പിന്നീടു വന്ന മന്ത്രിസഭ ജില്ലാ പബ്ലിസിറ്റി ഓഫീസര്‍ തസ്തികകള്‍ നിര്‍ത്തലാക്കി. ജോലി നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് പൂനയിലെ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ സാമൂഹ്യശാസ്ത്രം ഡിപ്ലോമ പഠിക്കുന്നതിനായി ശശി നിയോഗിക്കപ്പെട്ടത്. ആ പഠനകാലം ഇന്ത്യയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊ രുക്കി. തിരിച്ചെത്തിയപ്പോള്‍ പഴയ ജോലിയില്‍ത്തന്നെ നിയമിതനായി. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുണ്ടായിരുന്ന ചീഫ് പബ്ലിസിറ്റി ആഫീസര്‍ എന്ന തസ്തിക പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്നപ്പോള്‍, ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശീലനം കഴിഞ്ഞുവന്ന ശശിക്ക് മുന്‍ഗണന ലഭിച്ചു. അങ്ങനെ കേരളം മുഴുവന്‍ അധികാരപരി ധിയുള്ള ചീഫ് പബ്ലിസിറ്റി ഓഫീസറായിത്തീര്‍ന്നു കല്ലടശശി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പട്ടികജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം കൊടുക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടി നടപ്പില്‍ വരുത്തിയത് ഇക്കാലത്താണ്. പട്ടികജാതി വിഭാഗങ്ങളുടെ ജീവിതം ചലച്ചിത്രമാക്കണമെന്ന നിര്‍ദ്ദേശം സമര്‍ര്‍പ്പിച്ച് അംഗീകാരം നേടുകയും അതിന്റെ സാങ്കേതിക ഉപദേഷ്ടാവായി ശശി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഉയര്‍ന്ന ഉദ്യോഗത്തിലെത്തുന്നതിന് മുമ്പാണ് 'അയ്യന്‍കാളി' എന്ന ലഘുകാവ്യം രചിക്കുന്നത്. 1965 നവംബര്‍ 11 ന് അയ്യന്‍കാളി യുടെ അര്‍ദ്ധകായ പ്രതിമ വെങ്ങാനൂരില്‍ അനാച്ഛാദനം ചെയ്ത ചടങ്ങിലാണ് ഈ കവിത ആദ്യമായി അവതരിപ്പിച്ചത്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമെടുത്താണ് ഈ കവിത എഴുതി പൂര്‍ത്തീകരിച്ചത്.

1983 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 'മര്‍ദ്ദിതരുടെ യുദ്ധകാണ്ഡം' ഒരു വഴിത്തിരിവിന്റെ കവിതാസമാഹാരമാണ്. ഇടതുപക്ഷരാഷ്ട്രീയ ത്തിന്റെ വഞ്ചനാപരമായ നീക്കത്തെ എതിര്‍ക്കുന്ന കവിതാസമാഹാരമാണ് ഇത്. 1983 ലാണ് പ്രസിദ്ധീകരിക്കുന്ന തെങ്കിലും അതിനും 9 വര്‍ഷം മുമ്പ് 1974 ഫെബ്രുവരിയില്‍ ഈ കവിത എഴുതി പൂര്‍ത്തീകരിച്ചിരുന്നു. കല്ലട ശശിയുടെ അവസാനമിറങ്ങിയ കവിതാ സമാഹാരവും ഇതുതന്നെയാണ്. 'ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളിയുടെ പ്രബന്ധങ്ങള്‍' എന്ന ചെറുപുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് ചീഫ് പബ്ലിസിറ്റി ഓഫീസറായിരിക്കുമ്പോഴാണ്.

മൂന്ന് സിനിമകള്‍ക്കു വേണ്ടി കല്ലട ശശി ഗാനരചന നിര്‍വഹി ച്ചിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നു, ഈ വഴിമാത്രം, ഈ ജന്മം നിനക്കുവേണ്ടി എന്നിവയാണ് അവ. 'ആനന്ദമലരുകള്‍ വിരിഞ്ഞാലും നൊമ്പരം... കൊഴിഞ്ഞാലും നൊമ്പരം...' എന്ന ഗാനം ഹിറ്റായി!

വെള്ളയമ്പലത്തുള്ള അയ്യന്‍കാളി പ്രതിമ രൂപകല്പന ചെയ്യുന്നതിന് ശില്പിയായ എസ്ര ഡേവിഡ് കല്ലട ശശിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിരുന്നു. പ്രതിമാ സ്ഥാപനത്തോടൊപ്പം പ്രസിദ്ധീകരിച്ച സ്മരണികയുടെ കമ്മിറ്റിയിലും ശശി അംഗമായിരുന്നു. പ്രതിമയുമായി മദ്രാസില്‍ നിന്നും പുറപ്പെട്ട വാഹന ജാഥയിലെ ഗായകസംഘം ആലപിച്ച മുഴുവന്‍ ഗാനങ്ങളും കല്ലട ശശി രചിച്ചവയായിരുന്നു.

റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന ലില്ലിയമ്മയാണ് കല്ലട ശശിയുടെ ജീവിതപങ്കാളി. 1962 ലാണ് ഇവരുടെ വിവാഹം. ഇവര്‍ക്ക് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും പിറന്നു. പെണ്‍മക്കള്‍ ഡോക്ടര്‍മാരാണ്. രണ്ട് ആണ്‍മക്കള്‍ എഞ്ചിനീയര്‍ മാരും ഒരാള്‍ സിനിമാരംഗവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തി ക്കുന്നു. ലില്ലിക്കുട്ടിയമ്മ ഡെപ്യൂട്ടി തഹസീല്‍ദാരായി സര്‍വീസില്‍ നിന്നും പിരിഞ്ഞു. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള 'ധന്യ' എന്ന വീട്ടിലാണ് കുടുംബം ചാമസിച്ചിരുന്നത്. 1996 ഒക്ടോബര്‍ 14 ന് കല്ലട ശശി അന്തരിച്ചു.

-------------------------------------------------------------------
അവലംബം;
*'ദലിത് സാഹിത്യം' - കവിയൂര്‍ മുരളി, കറന്റ് ബുക്‌സ്, കോട്ടയം.
*Reinventing Identity; An Anthology of Dalit Writers Kerala - Dr. George K Alex, Elizabeth John.
*കല്ലടശശിയുടെ ജീവിതപങ്കാളി ലില്ലിയമ്മയും മരുമകന്‍ കെ എം രാജുവും പറഞ്ഞുതന്ന വിവരങ്ങള്‍.
*സീനിയര്‍ പത്രപ്രവര്‍ത്തകനായ കുന്നുകുഴി എസ് മണി പറഞ്ഞുതന്ന വിവരങ്ങള്‍.(അദ്ദേഹം കല്ലട ശശിയുടെ വീട്ടില്‍ കൂടെ വന്ന് സഹായിക്കുകയും ചെയ്തു)